കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉക്രൈയിന്‍ ലക്ഷ്യമാക്കി റഷ്യ നടത്തിയ സൈനിക വിന്യാസം തുറന്ന യുദ്ധത്തിലേക്ക് കടന്നിട്ട് ഏറെനാള്‍ പിന്നിടുകയാണ്. ഉക്രൈയിനിന്റെ നിരവധി നഗരങ്ങള്‍ ഇതിനോടകം തന്നെ റഷ്യയുടെ നിയന്ത്രണത്തില്‍ ആയിക്കഴിഞ്ഞു. ഇതെഴുതുമ്പോഴും തലസ്ഥാനമായ കിവ് നഗരം തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കാന്‍ റഷ്യക്ക് കഴിഞ്ഞിട്ടില്ല. കിവ് പിടിച്ചെടുത്താല്‍ ഉക്രൈയിന്‍ യുദ്ധത്തില്‍ പരാജയപ്പെട്ടു എന്ന് ചുരുക്കം. അതുകൊണ്ട് എന്ത് വിലകൊടുത്തും കിവ് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉക്രൈയിനും. റഷ്യ പ്രതീക്ഷിച്ചതിനെക്കാള്‍ വലിയൊരു പ്രതിരോധമാണ് തലസ്ഥാനത്തിനായി ഉക്രൈയിന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് വേദി ഒരുങ്ങി എങ്കിലും കാര്യമായ ഫലപ്രാപ്തി ഉണ്ടായില്ല.
സംഘര്‍ഷ കാരണം
ശീത യുദ്ധത്തെ തുടര്‍ന്ന് 1991 ല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലമാവുകയും 15 പുതിയ രാജ്യങ്ങള്‍ നിലവില്‍ വരുകയും ചെയ്തു. തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനായി ഈ രാജ്യങ്ങളില്‍ ചിലത് നാറ്റോ സഖ്യത്തില്‍ ചേര്‍ന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങള്‍ക്കു നാറ്റോയില്‍ അംഗത്വം നല്‍കില്ലെന്നുള്ള റഷ്യക്ക് നല്‍കിയ ഉറപ്പിന്റെ നഗ്‌നമായ ലംഘനമാണ് നാറ്റോ നടത്തിയത്. 1991 നു ശേഷം സോവിയറ്റ് ചേരിയുടെ ഭാഗമായിരുന്ന 10 രാജ്യങ്ങള്‍ക്കു നാറ്റോ അംഗത്വം നല്‍കി. ഉക്രൈയിന്‍ സ്വതന്ത്രമായതു മുതല്‍ റഷ്യയുമായും പടിഞ്ഞാറന്‍ രാജ്യങ്ങളുമായും നല്ല ബന്ധമായിരുന്നു നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ റഷ്യ ഉക്രൈയിനിന്റെ മേല്‍ പിടിമുറുക്കുന്നതില്‍ ഉക്രൈയിന്‍ ജനത അസ്വസ്ഥരായിരുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള വാണിജ്യ കരാറില്‍ നിന്ന് ഉ ക്രൈയിന്‍ പിന്മാറുന്നതായി റഷ്യന്‍ അനുകൂല നിലപാട് സ്വീ കരിച്ചിരുന്ന പ്രസിഡന്റ്‌വിക്തൊര്‍ യാനുകോവിച്ചു പ്രഖ്യാപിച്ചു, അതിനു കാരണം റഷ്യയുടെ സമ്മര്‍ദ്ദമാണെന്നു കൂടി അദ്ദേഹം പറയുകയുണ്ടായി. തുടര്‍ന്ന് റഷ്യന്‍ വിരോധികളായ ഉക്രൈയിനികള്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങുകയും യാനുകൊവിച്ചിന് രാജിവച്ച് പുറത്തു പോകേണ്ടി വരുകയും ചെയ്തു. തൊട്ട് പിന്നാലെ 2014 ല്‍ കിഴക്കന്‍ ഉക്രൈയിനിലെ ക്രൈമിയ ഉപദ്വീപ് റഷ്യ പിടിച്ചെടുത്തു. ഈ സംഭവത്തിന്‌ശേഷം കിഴക്കന്‍ ഉക്രൈയിനിലെ ഡോണക് സ്‌കിലും ലുഹാന്‍സ്‌കിലും വിഘടനവാദം ശക്തി പ്രാപിക്കുകയും അവര്‍ക്കു വേണ്ട ആയുധ-സാമ്പത്തിക പിന്തുണ റഷ്യ നിര്‍ബാധം തുടരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഉക്രൈയിന്‍ നാറ്റോയോടും പടിഞ്ഞാറന്‍ രാജ്യങ്ങളോടും കൂടുതല്‍ അടുക്കാന്‍ നിര്‍ബന്ധിതമായി. നാറ്റോ സഖ്യത്തില്‍ ഉക്രൈയിന്‍ അംഗമാകുന്ന പക്ഷം അത് റഷ്യക്ക് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി ചെറുതൊന്നുമല്ല. അതായത് 1949 ല്‍ സോവിയറ്റ് യൂണിയനെ വളയാന്‍ അമേരിക്ക നേതൃത്വം നല്‍കിയ സൈനിക സഖ്യം റഷ്യയുടെ പടിവാതില്‍ക്കല്‍ എത്തിയെന്നു ചുരുക്കം. നാറ്റോ തങ്ങള്‍ക്കു നല്‍കിയ ഉറപ്പ് പാലിക്കണമെന്നതാണ് പുടിന്റെ ആവശ്യം. എന്നാല്‍ നാറ്റോയും അമേരിക്കയും ഇതിന് തയ്യാറല്ലതാനും.
യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധവും
റഷ്യയുമായി ഒരു സംഘര്‍ഷം യൂറോപ്യന്‍ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ല. യൂറോപ്പിന്റെ പ്രകൃതി വാതക, ഇന്ധന ഇറക്കുമതിയുടെ മൂന്നില്‍ ഒന്നും റഷ്യയില്‍ നിന്നാണ്. പ്രതിദിനം 23 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് എത്തുന്നത്. ഇതിന് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ അത് യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കും. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു ഒരു പരിധിക്കപ്പുറം റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ഇക്കാരണത്താല്‍ പരിമിതികള്‍ ഉണ്ട്. റഷ്യയില്‍ നിന്ന് നേരിട്ട് ബാള്‍ട്ടിക് കടല്‍ വഴി ജര്‍മ്മനിയിലേക്ക് വാതകം എത്തിക്കാനുള്ള നോര്‍ഡ് സ്ട്രീം 2 പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നിലവിലുള്ളതിന്റെ ഇരട്ടിയിലധികം വാതകം പ്രതിദിനം ജര്‍മനിയിലേക്ക് എത്തിക്കാന്‍ സാധിക്കും. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഈ പദ്ധതി അമേരിക്കയുടെ സമ്മര്‍ദ്ദത്താല്‍ താത്കാലികമായി ജര്‍മ്മനി മരവിപ്പിച്ചു. റഷ്യ യൂറോപ്പിനുമേല്‍ പിടിമുറുക്കുന്നതിനെ സംശയ ദൃഷ്ടിയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്.
പുടിന്റെ ലക്ഷ്യം
1991 ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. ഈ പ്രസ്താവനയി ലൂടെ തന്നെ അദ്ദേഹത്തിന്റെ ലക്ഷ്യം എന്താണ് എന്ന് ഒളിഞ്ഞിരിക്കുന്നു. റഷ്യയെ സോവിയറ്റ് യൂണിയന്റെ പ്രതാപ കാലത്തിലേക്ക് തിരിച്ചുകൊണ്ട് പോകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ഉക്രൈയിനുമേല്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന സൈനിക നടപടി പ്രാധാന്യം അര്‍ഹിക്കുന്നതും ഈ സാഹചര്യത്തിലാണ്. ഉക്രൈയിനു ശേഷം അടുത്ത ഇര തങ്ങള്‍ ആകുമോ എന്ന ഭയം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ബാള്‍ട്ടിക് രാജ്യങ്ങളായ ലിത്വാനിയ, ലാറ്റ്‌വിയ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങള്‍ക്കുണ്ട്. ഈ രാജ്യങ്ങള്‍ എല്ലാം തന്നെ 2004 ല്‍ നാറ്റോയില്‍ അംഗമായി. നാറ്റോയുടെ ഭാഗമായി തുടരുന്നിടത്തോളം റഷ്യക്ക് ഈ രാജ്യങ്ങളെ പിടിച്ചെടുക്കാന്‍ കഴിയില്ല. നാറ്റോ സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യ ത്തെ മറ്റൊരു രാജ്യം ആക്രമിച്ചാല്‍ നാറ്റോ രാജ്യങ്ങള്‍ ഒരുമിച്ചു നിന്ന് ആ രാജ്യത്തിനെതിരെ പോരാടും. ഒരുപക്ഷെ റഷ്യ കിവ് പിടിച്ചെടുക്കുകയും പ്രസിഡന്റ് സെലന്‍സ്‌കിയെ തടവിലാക്കുകയും ചെയ്യുകയാണെങ്കില്‍ ഇദ്ദേഹത്തെ മുന്‍നിര്‍ത്തി റഷ്യ അമേരിക്കയോടും നാറ്റൊയോടും വിലപേശാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. അങ്ങനെയെങ്കില്‍ പുടിന്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങളില്‍ നാറ്റോ അംഗസംഖ്യ 1991 ലെ 16 എന്നതിലേക്കു ചുരുക്കണം, റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച കിഴക്കന്‍ ഉക്രൈയിനിലെ ഡോണ്‍ബാക്‌സ്, ലുഹാന്‌സ്‌ക് എന്നീ പ്രദേശങ്ങളെ അംഗീകരിക്കണം, റഷ്യയെ ലക്ഷ്യം വച്ച് സ്ഥാപിച്ചിരിക്കുന്ന മിസൈലുകള്‍ മാറ്റണം എന്നിവ ആകാം. ഈ നിര്‍ദ്ദേശങ്ങള്‍ അമേരിക്കയും നാറ്റോയും സ്വീകരിക്കാനുള്ള സാധ്യത കുറവാണ്. അഥവാ സ്വീകരിക്കുകയാണെങ്കില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ റഷ്യയുടെ അടുത്ത ലക്ഷ്യം ബാള്‍ട്ടിക് രാജ്യങ്ങളാകും. മറ്റൊന്ന് നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിച്ചു റഷ്യയുടെ ഇച്ഛയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന പാവ സര്‍ക്കാരിനെ അവരോധിക്കുകയാവും.
ഇന്ത്യയുടെ നിലപാട്
ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യയെയും അമേരിക്കയെയും പിണക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഐക്യ രാഷ്ട്രസഭയില്‍ റഷ്യക്കെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നു ഇന്ത്യ വിട്ടു നിന്നു. 2015 ല്‍ ഇരു രാജ്യങ്ങളും ഒപ്പിട്ട മിന്‍സ്‌ക് കരാര്‍ പ്രകാരം ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അതേസമയം റഷ്യക്ക് പരസ്യ പിന്തുണയുമായി ചൈന രംഗത്തെത്തി. തിരിച്ചു തായ്വാന്‍ വിഷയത്തില്‍ റഷ്യ ചൈനയേയും പിന്തുണയ്ക്കുമായിരിക്കും. ഈ സാഹചര്യം മുതലെടുത്തു കൊണ്ട് ചൈന തായ്‌വാനുമേല്‍ ബലപ്രയോഗം നടത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ചൈന റഷ്യയുമായി അടുക്കുന്നത് ഇന്ത്യക്ക് ശുഭകരമല്ല. യുദ്ധം ആരംഭിച്ച ദിവസം തന്നെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യയില്‍ എത്തി എന്നത് ഗൗരവകരമാണ്. പുതിയ സഖ്യങ്ങള്‍ രൂപം കൊള്ളുന്നത് അമേരിക്കയുമായും റഷ്യയുമായും ശക്തമായ ബന്ധം തുടരുന്ന ഇന്ത്യക്ക് വെല്ലുവിളിയായി മാറുകയാണ്.