മാര്‍ച്ച് 12-അയ്യാവൈകുണ്ഠസ്വാമി ജയന്തി
സമുദായ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ഗുരുക്കന്മാര്‍ ചിന്തിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുമ്പോള്‍ അസ്വസ്ഥമാകുന്ന സമൂഹമനസ്സ് ഒരു ദുരവസ്ഥ തന്നെയാണ്. സാമൂഹ്യ പരിഷ്‌കരണത്തിനും നവോത്ഥാനത്തിനുംവേണ്ടി ഇറങ്ങിത്തിരിച്ച് വിജയം വരിച്ചിട്ടുള്ള മഹാത്മാക്കളുടെ ശരിയായ ദര്‍ശനം മനസ്സിലാക്കാത്തവരാണ് വികലവാദഗതിക്കാരും ആക്ഷേപകരും എന്നതാണ് സത്യം. ഏതൊരു മഹത്തായ സങ്കല്പത്തെയാണോ ഉള്ളു കൊണ്ടറിഞ്ഞത്, അതിന്റെ ബഹിര്‍സ്ഫുരണ ചേഷ്ടകളെ അറിയാതെ നമ്മുടെ ആളാക്കിമാറ്റല്‍ നയത്തിലൂടെ ആചാര്യന്മാരെ പല കെട്ടുപാടുകളില്‍ നിര്‍ത്തി പ്രചരിപ്പിക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നു. ഗുരുക്കന്മാര്‍ നമ്മോട് കാട്ടിയ അഹേതുകമായ കാരുണ്യത്തിന് ആസ്പദം തിരഞ്ഞാല്‍ തന്നെ നമ്മെയറിഞ്ഞതിനു തുല്യമാകും. അപ്പോള്‍ ഗുരു സങ്കല്പം ഒരു സാമൂഹിക സിദ്ധാന്തത്തിലും ഒതുങ്ങുന്നതല്ലെന്നു മനസ്സിലാകും. സമ്മര്‍ദ്ദഫലമായി ഗുരുക്കന്മാന്മാരെപ്പറ്റിയുള്ള ഇടുങ്ങിയ ധാരണകള്‍, ചിന്തകള്‍ ഇവയ്ക്ക് വെളിയില്‍ കടന്നു പഠിക്കുമ്പോഴെ ശരിയായ ആചാര്യമഹിമ വെളിപ്പെടൂ. അല്ലെങ്കില്‍ ആരെയെങ്കിലും സന്തോഷിപ്പിക്കുവാനോ, പാടിയത് വീണ്ടും ഒരേ വഴിക്കു തന്നെ പാടിയുറപ്പിക്കുവാനോ ആകും പുതു നീരീക്ഷണങ്ങളുടെയും വിധി. ഈ പ്രതിസന്ധികള്‍ തരണം ചെയ്‌തെങ്കിലേ അയ്യാവൈകുണ്ഠസ്വാമികളുടെ ജ്ഞാന കര്‍മ്മ ചരിതങ്ങളിലെ കനപ്പെട്ടതുകള്‍ കണ്ടെടുക്കാന്‍ സാധിക്കൂ. സന്ന്യാസിയായ ഒരു മഹാത്മാവിന്റെ / സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ / ആദ്യ നവോത്ഥാന നായകന്റെ മനസ്സങ്കല്പത്തെ പ്രാധാന്യത്തോടെ നോക്കിക്കണ്ടാണ് അറിവുള്ളതിനെ വീണ്ടും പറയാന്‍ ശ്രമിച്ചിരിക്കുന്നത്.
ആത്മദര്‍ശനത്തില്‍ അധിഷ്ഠിതമായ നവോത്ഥാനം
1809ല്‍ തെക്കന്‍ തിരുവിതാംകൂറിലെ അഗസ്തീശ്വരം താലൂക്കില്‍ ഉള്‍പ്പെടുന്ന ശാസ്താംകോവില്‍ വിളായിലെ ഒരു സാധാരണ ചാന്നാന്‍ കുടുംബത്തിലാണ് സ്വാമിയുടെ ജനനം. മുത്തുക്കുട്ടി എന്നപേരില്‍ ജനിച്ച ബാലന്‍ അയ്യാ വൈകുണ്ഠ മഹാത്മാവായി തീര്‍ന്നതിനു പിന്നില്‍ കേവലമായ ഒരു ചരിത്രം മാത്രമല്ല ഉള്ളത്. മുടിചൂടാ പെരുമാള്‍ എന്ന് മാതാപിതാക്കളായ പൊന്നുമാടനും വെയിലാളും ഇട്ട പേര് വിളിക്കാന്‍ സമ്മതിക്കാത്ത ദുഷിച്ച ലോകത്തെ അറിവിലൂടെ ഉണര്‍ത്തി നാമരൂപാദികള്‍ക്കതീതമായസത്യത്തെ കാട്ടിക്കൊടുത്ത മഹാത്മാവാണ് സ്വാമികള്‍. സത്യാന്വേഷണത്തിനു വിഘാതമായി നില്‍ക്കുന്ന സാമൂഹിക വ്യവസ്ഥകളുടെ പൊള്ളത്തരങ്ങളെ തകര്‍ത്തതിലൂടെയായിരുന്നു സ്വാമികള്‍ ആദ്ധ്യാത്മമണ്ഡലത്തില്‍ പരിശോഭിതനായത്. ശരീരോപാധി സ്വീകരിച്ച ഏതൊരു ജീവനും ആത്മസാധനയ്ക്ക് അര്‍ഹതയുണ്ടെന്ന ധര്‍മ്മശാസ്ത്രം സ്വാമികള്‍ പ്രമാണമാക്കി. തടസ്സവാദങ്ങള്‍ക്കുള്ള മറുപടി വാക്‌ധോരണികളല്ലായിരുന്നു. ശരിയായ ലക്ഷ്യത്തിലേക്ക് നയിക്കുന്ന ശീലവൃത്തിയെ സമൂഹത്തിന് സ്വാമികള്‍ കാട്ടിക്കൊടുത്തു. സ്വാമികള്‍ താമസിച്ചിരുന്ന വീട്ടില്‍ സ്വയം ഈശ്വരവിഗ്രഹം സ്ഥാപിച്ച് ഉപാസന നടത്തിക്കൊണ്ടാണ് ആരാധനാ സ്വാതന്ത്ര്യത്തിനായുള്ള യജ്ഞത്തിന് നാന്ദി കുറിച്ചത്. പുരുഷാര്‍ത്ഥങ്ങള്‍ മേല്‍ജാതിക്കുമാത്രം പ്രാപ്യമായ ഒന്നല്ലയെന്നും സകലജനവും അതര്‍ഹിക്കുന്നുണ്ടെന്നു സ്ഥാപിക്കുകയും സാധ്യമായതിനെ അറിയുവാന്‍ തടയപ്പെടലുകള്‍ വേണ്ടെന്നു വിലക്കിയുമുള്ള (ആത്മ ബോധത്തോടെയുള്ള) സ്വാമികളുടെ പ്രവൃത്തികള്‍ അനവധി മനുഷ്യരെ നിര്‍ഭയരായി ഈശ്വര ചിന്തയിലേക്ക് ഉന്നമിപ്പിച്ചു. ഏതു ജാതിയില്‍പെട്ടവര്‍ക്കും സന്ന്യാസം സ്വീകരിക്കാമെന്നു പ്രഖ്യാപിച്ചുകൊണ്ട് ‘തുവൈയല്‍പന്തി’ എന്ന പ്രസ്ഥാനം അയ്യാവൈകുണ്ഠര്‍ സ്ഥാപിച്ചത് മേല്‍ പ്രസ്താവിച്ചതിന് നിദര്‍ശനമാണ്. ദുര്‍ദേവതാപൂജ, മൃഗബലി തുടങ്ങിയവയില്‍ മാത്രമായി അഭിരമിച്ചിരുന്ന ഒരു സമൂഹത്തെ മുക്തിപ്രധാനമായ ദേവതാരാധനയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അതുവരെ കീഴാളന് വേറെ മൂര്‍ത്തികള്‍, മേലാളന് വേറെയെന്നുള്ള ചേരിതിരിവിനെ വൈകുണ്ഠസ്വാമികള്‍ ഉല്ലംഘിച്ചു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേല്‍ അതുവരെ പടര്‍ന്നു കയറിയ അസമത്വത്തിന്റെ അന്ധകാരവള്ളികള്‍സ്വാമികള്‍ അറുത്തുമാറ്റി. ഇതെല്ലാം ജീവനെ ജീര്‍ണ്ണതകളില്‍ നിന്ന് ഉദ്ധരിക്കുന്നതിനുള്ള നവമുന്നേറ്റങ്ങളായിരുന്നു. സ്വാഭാവികമായും സമൂഹത്തിലെ നല്ലൊരു ശതമാനം മനുഷ്യര്‍ സ്വാമികള്‍ക്ക് എതിരായി മാറി. അതേ തുടര്‍ന്നുണ്ടായ ആക്രമണങ്ങളേയും വധശ്രമങ്ങളേയും സ്വാമികള്‍ അതിജീവിച്ചു. ഒരു തത്ത്വാധിഷ്ഠിതമായ ദര്‍ശനത്തിന്റെ ബോധ്യത്തില്‍ സവിശേഷ വ്യക്തിയായി മുത്തുക്കുട്ടി രൂപപ്പെട്ടതോടെ കാലങ്ങളായി ഉറച്ചുപോയ ചട്ടങ്ങളെ തിരുത്തിക്കുറിക്കാനായി. ആത്മവിഷയത്തിലുള്ള സമൂഹ മനസ്സിന്റെ ധാരണകളെ ഉദ്ധരിക്കുകവഴി സമുദായത്തിലും സമൂഹത്തിലും നവോത്ഥാനം കൊണ്ടുവരികയാണുണ്ടായത്. ദക്ഷിണഭാരതത്തില്‍ നവോത്ഥാനപ്രവര്‍ത്തനത്തിന്റെ പ്രാരംഭം മറ്റു പല ആചാര്യന്മാരില്‍ നിന്നാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ ഉണ്ടായ വിജയകരമായ പരിഷ്‌കരണങ്ങള്‍ വൈകുണ്ഠസ്വാമികളുടെ പരിശ്രമഫലമാണ്.
ഏകത്വഭാവം ആചാര്യബുദ്ധിയാണ്. അതില്‍ നിന്നാണ് ജീവനോടുള്ള കാരുണ്യം ഉറവയെടുക്കുന്നത്. നവോത്ഥാനവും അതിന് ഹേതുവായ ആശയവും സത്യദര്‍ശനത്തിലധിഷ്ഠിതമായിരിക്കും. അല്ലാതെ കാലങ്ങളായുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുളള ജൈവപരമായ വെറും പ്രതിരോധമോ പ്രതികരണമോ അല്ല. അയ്യാവൈകുണ്ഠസ്വാമിയുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ ഒന്നൊന്നായി അറിയുമ്പോള്‍ മേല്‍പ്പറഞ്ഞതിനുള്ള പ്രമാണം സിദ്ധമാകും.
ജ്ഞാനത്തിന്റെ ക്രിയാത്മക പ്രസരണം
അറിവില്ലായ്മ രണ്ടു പ്രകാരത്തില്‍ മനുഷ്യനെ ബാധിക്കുന്നു. ഒന്ന് പരമമായ സത്യത്തെപ്പറ്റിയുള്ള അജ്ഞാനം. അത് ശാശ്വതമായ ലക്ഷ്യത്തിന് വിഘാതമാണ്. ഗുരുവായി വിരാജിച്ച് സദുപദേശത്തിലൂടെ അദ്ദേഹം ശിഷ്യരുടെയും ശ്രദ്ധാലുക്കളുടെയും അജ്ഞാനത്തെ മാറ്റുന്നു. മറ്റൊരു അറിവില്ലായ്മ പ്രകടമാകുന്നത് വ്യവഹാരത്തിലൂടെയാണ്. ശരിയായ ബുദ്ധിയും ആശയവും വീക്ഷണവും മനുഷ്യന്‍ എന്ന നിലയ്ക്ക് ആവശ്യമാണ്. അല്ലാത്ത പക്ഷം ദുഷിച്ച പരിത:സ്ഥിതി വ്യക്തിയെ ഗ്രസിച്ചുകൊണ്ടിരിക്കും. ജാതിവ്യവസ്ഥ, സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം, അസമത്വം, അടിമപ്പണി, ജന്തുബലി, ദുര്‍ദേവതാരാധന, രാഷ്ട്രീയവും ബൗദ്ധികവുമായ ചൂഷണം തുടങ്ങിയവയെല്ലാം മനുഷ്യ സംസ്‌കാരത്തെ അധഃപതിപ്പിക്കുന്നു. ക്രമേണ ഇത്തരം ദുര്‍വ്യവസ്ഥയില്‍ ജീവിക്കുന്ന വ്യക്തിയും വിഷയ ചിന്തകള്‍ കൊണ്ട് മലിനപ്പെടാം. അതിനാല്‍ അറിവില്ലായ്മ ഏതുരൂപം പ്രാപിച്ചാലും അതിനെതിരെ ശക്തമായ പോരാട്ടം നടത്തുവാന്‍ വൈകുണ്ഠസ്വാമികള്‍ സദാ സന്നദ്ധനായിരുന്നു. സ്വാമികളുടെ ശ്രദ്ധ ഏറെയും സാധാരണ ജനത്തെ ഉദ്‌ബോധിപ്പിക്കുന്നതിനും ഉപദേശിക്കുന്നതിനുമായിരുന്നു. അസമത്വത്തില്‍ നിന്നുണ്ടാകുന്ന വലിയ ശതമാനം പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി 1836 – ല്‍ ശുചീന്ദ്രത്ത് ‘സമത്വസമാജം’ എന്ന സംഘടന സ്ഥാപിച്ചത് എല്ലാ മനുഷ്യരും സമന്മാരാണ് എന്ന ആശയത്തിനു ശക്തി പകര്‍ന്നു. ഓരോരുത്തരിലും ദൈവം വിളങ്ങുന്നു എന്ന സമഭാവനയാണ് വൈകുണ്ഠസ്വാമികള്‍ക്കുണ്ടായിരുന്നത്. കേരളത്തിലെ ആദ്യകാല സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് സ്വാമികളുടെ ഈ സമാജം അസ്തിവാരം പണിതു നല്‍കി.
ഉപദേശത്തെക്കാള്‍ സ്വാമികള്‍ പ്രായോഗികമായ കര്‍മ്മ പദ്ധതികള്‍ക്ക് ഏറെ മുന്‍തൂക്കം നല്‍കി. വിശുദ്ധമായ ജീവിതം നയിക്കുന്നതിനായി രൂപപ്പെടുത്തിയ തുവൈയല്‍ കൂട്ടായ്മ, സ്വാമിത്തോപ്പിലെ വൈകുണ്ഠ ക്ഷേത്രത്തിനു സമീപം സ്വാമികളുടെ നേതൃത്വത്തില്‍ എല്ലാ ജനത്തിനുമായി കുഴിച്ച മുന്തിരിക്കിണര്‍, മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സ്ഥാപിച്ച സമത്വസമാജം, ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ എല്ലാ ജാതിക്കാരെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിക്കുന്ന ‘സമപന്തിഭോജനം’ – ഇതെല്ലാം സ്വാമികളുടെ ക്രിയാത്മകമായ ലക്ഷ്യമാര്‍ഗ്ഗങ്ങളായിരുന്നു. ജാതിപരമായ വേര്‍തിരിവുകള്‍, പാര്‍ശ്വവല്‍ക്കരണങ്ങള്‍ എന്നിവ അരങ്ങേറുകയും അയിത്തം ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥ നിലനില്‍ക്കുന്ന കാലത്താണ് സ്വാമികളുടെ ഇത്തരം ശക്തമായ ഇടപെടലുകള്‍ ഉണ്ടാവുന്നത്.
സാമൂഹ്യപരിഷ്‌കരണം അറിവിലൂടെ എന്നത് പ്രായോഗികമായി വൈകുണ്ഠസ്വാമികള്‍ കാട്ടിതന്നു. വിശുദ്ധമായ ജീവിതത്തെ കെട്ടിപ്പടുക്കുവാന്‍ ശരിയായ ദിശാബോധം വേണം. തുവൈയല്‍ കൂട്ടായ്മ വേര്‍തിരിയുന്ന മനുഷ്യമനസ്സുകളെ കൂട്ടിയിണക്കുന്നുണ്ട്. പൊതുവിടങ്ങളില്‍ അധഃകൃതനായി മുദ്രകുത്തപ്പെട്ടവന് പൊതു കിണറുകളില്‍ സ്പര്‍ശിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. അത്തരമൊരവസരത്തിലാണ് സാധാരണക്കാരെ പങ്കെടുപ്പിച്ച് കിണറുകുഴി ആരംഭിക്കുന്നത്. വികല ധാരണകള്‍ മലിനപ്പെടുത്തിയ വിചാരങ്ങളെയെല്ലാം കുഴിവെട്ടി മൂടാന്‍ ആ മുന്തിരിക്കിണറിന് സാധിച്ചു. കിണറുപണിയുന്നവന്‍ വെള്ളം കണ്ടെടുത്തു കഴിഞ്ഞാല്‍ അവന്‍ തീണ്ടാപ്പാടകലെയാകുന്നെന്ന വൈരുദ്ധ്യമാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്. ദാഹിക്കുന്നവനും വിശക്കുന്നവനുമാണ് ജലത്തിനും ഭക്ഷണത്തിനുമുള്ള യഥാര്‍ത്ഥ അവകാശി. അത് മറന്ന് മനുഷ്യന്‍ മനുഷ്യനെ വെറുക്കുന്ന പ്രാകൃതവീക്ഷണങ്ങള്‍ക്ക് സ്വാമികള്‍ ആഞ്ഞു പ്രഹരമേല്‍പ്പിച്ചു. എല്ലാ മനുഷ്യര്‍ക്കും ഏകത്വപൂര്‍ണവും സമഭാവനാ സംപുഷ്ടവുമായ സഹവര്‍ത്തിത്വം ഉറപ്പുവരുത്തുന്നതിനായുള്ള സമത്വ സമാജത്തിന് ദൂരവ്യാപക ഫലങ്ങളെ നേടിക്കൊടുക്കാന്‍ സാധിച്ചു. മനുഷ്യരെ ഏകാശ്രയ ബോധ്യത്തില്‍ ഒന്നാക്കി നിര്‍ത്താന്‍ സമത്വസമാജത്തിലൂടെ സ്വാമികള്‍ക്ക് ഒരുപരിധിയെങ്കിലും സാധിച്ചു. ഒറ്റത്തിരിവില്‍ നിന്ന് പറ്റത്തിലേക്കുള്ള വ്യക്തിയുടെ പുരോഗതിയെ സമത്വസിദ്ധാന്തങ്ങള്‍ പിന്‍താങ്ങി. സമപന്തീഭോജനമാണ് സ്വാമിയുടെ വിലപിടിപ്പുള്ള മറ്റൊരു നവോത്ഥാന സംഭാവന. അടിക്കണക്കിനപ്പുറത്തേക്ക് ഭ്രഷ്ടു കല്‍പ്പിച്ച്, അയിത്തത്തിന് അതിര്‍ത്തി വരച്ച ജീര്‍ണ്ണതകള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും സ്വാമികള്‍ ഒരു തണലില്‍ അണിനിരത്തി ഭോജനവേദിയില്‍ വര്‍ഗ്ഗീകരിക്കലില്ലാതെ മനുഷ്യന് ഇടം നേടി കൊടുക്കുന്ന സമഭാവനാ സങ്കല്പത്തിലാണ് സ്വാമികള്‍ സമൂഹത്തിനെ ബോധിപ്പിക്കാനുള്ള ഈശ്വരന് നിറം പകര്‍ന്നത്.
ബിംബവല്‍ക്കരണത്തിലെ അറിവുരൂപങ്ങള്‍
‘നിഴല്‍ താങ്കല്‍’ എന്ന പേരില്‍ സ്വാമികള്‍ അനേകം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. പതികങ്ങള്‍ എന്നുകൂടി അറിയപ്പെടുന്ന ആരാധനാ കേന്ദ്രങ്ങള്‍ ഇടനിലക്കാരില്ലാത്ത ഈശ്വരസേവയുടെ സ്വതന്ത്ര സങ്കേതങ്ങളായി തീര്‍ന്നു. ദ്രാവിഡം മുതലുള്ള കുലദേവതാരാധന, നാട്ടകങ്ങളിലെ പതികങ്ങളിലെ പൂജാക്രമങ്ങള്‍ തുടങ്ങിയവയുടെ സ്വാംശീകരണം ക്ഷേത്ര പ്രതിഷ്ഠകളില്‍ നിന്നറിയാം. കടന്നുകയറാന്‍ പറ്റാത്തയിടങ്ങളെ സാധാരണ മനുഷ്യന്റെ ജീവിത ചുറ്റുപാടില്‍ സൃഷ്ടിച്ചുകൊണ്ട് സാംസ്‌കാരികമായ പുതുധാരകള്‍ക്ക് സ്വാമികള്‍ വഴിതുറന്നു കൊടുത്തു. അവിടെയാണ് കണ്ണാടി ബിംബപ്രതിഷ്ഠയും ദീപ പ്രതിഷ്ഠയും ചര്‍ച്ചാര്‍ഹമാകുന്നത്. തന്നെ തന്നെയറിയുക എന്നതാണ് ആദ്ധ്യാത്മികത എന്നു മനസ്സിലാക്കുമ്പോഴും പുറത്തുള്ള അന്വേഷണത്തിലാണ് മനുഷ്യന്റെ ശ്രദ്ധ. പൂര്‍ണ്ണമായും കണ്ണാടിയില്‍ കാണുന്ന തന്റെ പ്രതിബിംബത്തിലേക്ക് നോക്കി തന്റെ യഥാര്‍ത്ഥ സ്വരൂപം അന്വേഷിക്കാനുള്ള ജിജ്ഞാസയാണ് കണ്ണാടി ദര്‍ശനം കൊണ്ട് ഉണ്ടാവേണ്ടത്. ജീവന്റെ സത്യസ്വരൂപം നിത്യവും പ്രതിബിംബഭൂതങ്ങള്‍ അനിത്യമെന്ന വിവേകവും ദര്‍പ്പണദൃശ്യത്തിലൂടെ സിദ്ധിക്കണം. വിശേഷാല്‍ ഗ്രഹിപ്പിക്കുന്ന, സൂക്ഷ്മചിന്തയ്ക്ക് ബീജാങ്കുരം നടത്തുന്ന കണ്ണാടിബിംബ പ്രതിഷ്ഠ തികച്ചും സിദ്ധാന്തപരമാണ്. അതുപോലെ തന്നെ ദീപപ്രതിഷ്ഠയും ആത്മീയതയിലേക്ക് വെളിച്ചം നല്‍കുന്ന പ്രതീകമാണ്. ദിവ് ശബ്ദത്തിന് പ്രകാശം എന്നാണ് ധാത്വാര്‍ത്ഥം. ലക്ഷ്യാര്‍ത്ഥത്തില്‍ പ്രകാശം അറിവു തന്നെയാണ്. അറിവാകുന്ന ഈശ്വരനെയാണ് ദീപത്തിലൂടെ അറിയേണ്ടത്. സത്യ സാധനയിലേക്ക് മനുഷ്യബുദ്ധിയെ ഏകീകരിക്കുവാന്‍ സ്വാമികള്‍ നടത്തിയ ജ്ഞാന പ്രചരണങ്ങള്‍ ഏറെ മാഹാത്മ്യമുള്ളതാണ്. അദ്ദേഹത്തിന്റെ മഹാസങ്കല്പത്തെ ആശ്രയിച്ചവര്‍ക്ക് അക്ഷയനിധികളായിരുന്നു അരുള്‍ ബോധനങ്ങളും പതികങ്ങളും എല്ലാം.
അയ്യാവഴിയിലൂടെയുള്ള ധര്‍മ്മസ്ഥാപനം
1833 മാര്‍ച്ച് 2-ാം തീയതി തിരുച്ചെന്തൂരിലെ കടല്‍ത്തീരത്തുവെച്ച് അന്തര്‍ഗതനായ അദ്ദേഹം മൂന്നു ദിവസങ്ങള്‍ക്കുശേഷം തിരിച്ചുവന്നത് ജനങ്ങള്‍ക്കിടയിലേക്ക് ഒരവതാരസമാനമായാണ്. അന്നുതൊട്ടുള്ള പതിനെട്ടു വര്‍ഷക്കാലം വൈകുണ്ഠരുടെ ലോകസംഗ്രഹപ്രവൃത്തി, തടസ്സങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് നടന്നു. മുത്തുക്കുട്ടി എന്ന ചാന്നാന്‍ യുവാവ് വൈകുണ്ഠര്‍ എന്ന ആധ്യാത്മികഗുരുവായി എല്ലാ സാമാന്യ ജനങ്ങള്‍ക്കും വിശിഷ്യാ കീഴ്ജാതിക്കാരുടെ ഇടയിലും ബോധവത്കരണവും ഉപദേശങ്ങളും നല്‍കിപ്പോന്നു. ജനങ്ങള്‍ അദ്ദേഹത്തെ ഭക്തിയാദരവോടെ അയ്യാ വൈകുണ്ഠര്‍ എന്നു വിളിച്ചുപോന്നു. ‘നിഴല്‍ താങ്കല്‍’ എന്ന പേരിലറിയപ്പെട്ട ക്ഷേത്രങ്ങള്‍ സ്വാമികള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. അയ്യാവഴി എന്ന ഏകസത്യാവബോധ പരമ്പരയ്ക്ക് വൈകുണ്ഠസ്വാമി രൂപം നല്‍കിയതോടെ കേരളത്തിന്റെ തെക്കേയറ്റത്ത് ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിന് ഒരു നവ സമ്പ്രദായമാണ് ഉദയം ചെയ്തത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി രൂപം പ്രാപിച്ച ഏകദൈവാധിഷ്ഠിതമായ മതവിഭാഗമാണ് അയ്യാവഴി (അച്ഛന്റെ അഥവാ ദൈവത്തിന്റെ വഴി). താമരക്കുളം ഗ്രാമത്തില്‍ കോനാര്‍(യാദവ) സമുദായ പ്രമാണിയായിരുന്ന പൂവാണ്ടര്‍ എന്ന ഭൂവുടമ വൈകുണ്ഠസ്വാമിക്ക് ആശ്രമം സ്ഥാപിക്കാന്‍ സ്ഥലം ദാനമായി നല്‍കി.അവിടെ അധിവസിച്ചുകൊണ്ട് അദ്ദേഹം ‘അയ്യാവഴി’ എന്ന പുതിയ മതം സ്ഥാപിച്ചു. തന്നെ സമീപിച്ച ജനങ്ങളുടെ രോഗശമനത്തിന് ചികിത്സയും ഉപദേശങ്ങളും നല്‍കിക്കൊണ്ട് അദ്ദേഹം സ്ഥാപിച്ച ധര്‍മ്മപഥമാണ് ‘അയ്യാവഴി’. കേരളത്തിലും തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലുള്ള ജനങ്ങളില്‍ ഏറെയും അയ്യാവഴിയെ വിശ്വസിച്ചു പോന്നു. ഹിന്ദുമതത്തില്‍ നിന്ന് ഭിന്നമായ മതസ്വരൂപം അയ്യാവഴിയിലുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു കണ്ടിട്ടുണ്ട്. എന്നാലതു ശരിയല്ല. അനേകം വ്യത്യസ്തങ്ങളായ സാധനകളും സങ്കല്പങ്ങളും ഉള്ളടങ്ങിയിട്ടുള്ള മഹാ സംസ്‌കാരത്തില്‍ അന്തര്‍ഹിതമായ കാര്യങ്ങള്‍ തന്നെയാണ് അയ്യാവഴിയുടെയും പരമപ്രമാണം. അയ്യാവഴിയുടെ ആദ്യ കാല വളര്‍ച്ച പത്തൊന്‍പതാം നൂറ്റാണ്ടിലെ ക്രൈസ്തവ സഭകളുടെ റിപ്പോര്‍ട്ടുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. അയ്യാവഴിയുടെ മുഖ്യഗ്രന്ഥങ്ങള്‍ അകിലതിരട്ടു അമ്മാനൈയും, അരുള്‍ നൂലുമാണ്. ഈ മതത്തിന്റെ ചിഹ്നം ആയിരത്തി എട്ട് ഇതളുകളുള്ള താമരയും ദീപവുമാണ്. അയ്യാവഴിയുടെ ക്ഷേത്രങ്ങള്‍ പതികള്‍ എന്നു അറിയപ്പെടുന്നു. പതികള്‍ അഞ്ചു തിരിവില്‍ അറിയപ്പെടുന്നു.1, സ്വാമിത്തോപ്പു പതി 2, മുട്ട പതി 3, അമ്പല പതി, 4, താമരക്കുളം പതി, 5, പൂപതി എന്നിവയാണ് അഞ്ചുപതികള്‍. ഇതുകൂടാതെ വകപ്പതി, അവതാരപ്പതി എന്ന സ്ഥലങ്ങള്‍ അഖിലത്തിരട്ടു അമ്മനൈയില്‍ പതി എന്ന സ്ഥാനം കൊടുത്തിട്ടില്ലങ്കിലും അയ്യാവഴിക്കുള്ള പുണ്യസ്ഥലങ്ങളായി അറിയപ്പെടുന്നു. പഞ്ചഭൂത തത്ത്വങ്ങളെ പ്രകാശിപ്പിക്കുന്നതാണ് ഓരോ പതിനാമവും. ഓരോ പതികവും തത്ത്വപ്രധാനമായ സൂക്ഷ്മതലത്തെ വെളിവാക്കുന്നതാണ്.
ഈശ്വരദര്‍ശനത്തിനും ആത്മീയ പഠനത്തിനുമായി ബഹുവിഭാഗം മനുഷ്യര്‍ അയ്യാ വഴിയില്‍ ഭേദബുദ്ധിയില്ലാതെ ഒരുമിച്ചു ചേര്‍ന്നു. വൈകുണ്ഠ സ്വാമികളുടെ (സ്വയംവിശേഷണമായ) അവതാര കാലത്തിനു ശേഷം, വൈകുണ്ഠരുടെ പഠനങ്ങളുടേയും രചനകളുടേയും അടിസ്ഥാനത്തില്‍ അയ്യാവഴി പ്രചരിപ്പിക്കപ്പട്ടു. അയ്യാ വൈകുണ്ഠരുടെ അഞ്ചു ശിഷ്യന്മാരും (ശീശര്‍) അവരുടെ പിന്‍ഗാമികളും അയ്യായുടെ ആശയങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രചരിപ്പിച്ചു. പഞ്ചപാണ്ഡവ നാമങ്ങളില്‍ പ്രസിദ്ധരായ അഞ്ചുശിഷ്യര്‍ ധര്‍മ്മമാര്‍ഗ്ഗങ്ങള്‍ ഉപദേശിച്ചും പ്രചരിപ്പിച്ചും അയ്യാവഴിയെ ഉദ്ഗതിക്കുള്ള മാര്‍ഗ്ഗമാക്കി. ആത്മദര്‍ശനം കൊണ്ടല്ലാതെ ഭിന്നിച്ചു നില്‍ക്കുന്നവരെയും ചിന്തിക്കുന്നവരെയും ഒന്നിപ്പിക്കാന്‍ കഴിയില്ലെന്ന് അയ്യാവഴിയുടെ പുരോഗതി വിളിച്ചറിയിച്ചു. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ ഭാഗങ്ങളിലേക്ക് അയ്യാവഴി സമ്പ്രദായം പ്രചാരം നേടി. സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ക്ക് അടിപ്പെട്ടവരെ, ചൂഷണത്തിന് വിധേയരാകുന്നവരെ വിശ്വാസത്തിന്റെയും അറിവിന്റെയും പാതയിലേക്ക് കൈപിടിച്ചു നടത്തുവാന്‍ അയ്യാവഴിക്കു സാധിച്ചു. മറ്റെല്ലാ വ്യവഹാരങ്ങളില്‍ നിന്നും ആത്മാന്വേഷികള്‍ അകന്നുമാറണമെന്ന വാദങ്ങളോടുള്ള കലഹമായിരുന്നു സ്വാമികളുടെ ഓരോ ഇടപെടലും. രാഷ്ട്രം, സമൂഹം, ജീവിതം എന്നിവ മികച്ച നിലവാരത്തില്‍ നില്‍ക്കുമ്പോള്‍ മാത്രമേ വ്യക്തികളില്‍ ഐക്യവും സമത്വവും അറിയാനുളള ആഗ്രഹവും സാഹചര്യവും ഉണ്ടാകുകയുള്ളു. അതിനാല്‍ ഭരണ വീഴ്ചകള്‍, സാമൂഹികമായ പുഴുക്കുത്തുകള്‍ എന്നിവയ്‌ക്കെതിരെ സ്വാമികള്‍ മനുഷ്യതത്ത്വം സമര്‍ത്ഥിച്ചു തന്നെ പ്രതിരോധങ്ങള്‍ തീര്‍ത്തു. ഉണരേണ്ട ആത്മീയബോധം മൗനത്തിലേക്കല്ല. എതിര്‍പ്പറിയിക്കേണ്ടയിടത്ത് അത് പറയാനും പ്രതികരിക്കാനുമുള്ള ആര്‍ജവം കൂടി മനുഷ്യന്‍ സമ്പാദിക്കേണ്ടതുണ്ട്. മനുഷ്യരാശിക്ക് ഭൗതികവും അഭൗതികവുമായ സമ്പന്നതകള്‍ ഒരുക്കിക്കൊടുത്ത വൈകുണ്ഠസ്വാമികളുടെ പ്രവൃത്തിയും നിവൃത്തിയും നവോത്ഥാനത്തിന്റെ സംഹിതകളാണ്.
അയ്യാവഴിയുടെ വേദശാസ്ത്രം അകിലതിരട്ടു അമ്മാനൈയും, അരുള്‍ നൂലുമാണ്. 1833-51 കാലത്ത് രചിച്ചതായി കരുതുന്ന രണ്ടു കൃതികളാണ് ഇവ. സ്വാമികളുടെ അഞ്ചു ശിഷ്യന്മാരില്‍ പ്രമുഖനായിരുന്ന സഹദേവനാണ് അകിലതിരട്ടു അമ്മാനൈയ എന്ന കൃതി താളിയോലയിലാക്കിയത്. ചരിത്ര സംഭവങ്ങള്‍, സ്വാമികളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍, തത്ത്വദര്‍ശനം എന്നിവ ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭൂമി ഉണ്ടായത് മുതല്‍ നടന്നതും, ഇപ്പോള്‍ നടക്കുന്നതും ഇനി നടക്കാന്‍ പോകുന്നതുമായ ത്രികാല സംഭവങ്ങളെ ഭഗവാന്‍ ശ്രീനാരായണന്‍ ലക്ഷ്മി ദേവിയോട് പറഞ്ഞുകൊടുക്കുന്നത് സ്വമിത്തോപ്പില്‍ വെച്ച് ഹരി ഗോപാലന്‍ ശീശര്‍ പ്രവചനമായ് കേട്ട് എഴുതി രൂപം കൊടുത്തതാണ് അഖിലത്തിരട്ട് അമ്മാനൈ എന്ന് വിശ്വസിക്കപ്പെടുന്നു.
അരുള്‍നൂലില്‍ ‘യുഗപ്പഠിപ്പ്’ എന്ന ഭാഗം ലോകപഠന പ്രദാനമാണ്. വാഴപ്പഠിപ്പില്‍ ജീവിത പഠനമാണ് ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. ഈ രണ്ടു ഭാഗവും വ്യഷ്ടിയും സമഷ്ടിയുമാണ് ചര്‍ച്ചചെയ്യുന്നത്. ‘ഉച്ചിപ്പഠിപ്പ്’ എന്ന ഭാഗത്ത് ഉയര്‍ന്ന പഠനം അഥവാ സാരവത്തായ ഉന്നത കാര്യങ്ങളെ പ്രതിപാദിക്കുന്നു. ‘ചാട്ടു നീട്ടോലൈ’ ജീവന്റെ നശ്വരത, ഭൗതികതയുടെ ജഡരൂപം എന്നിവയോടു സംബന്ധമായി നശിക്കുന്ന ശ്വാസ ചിന്തയിലൂടെ അനിത്യത്തെ അറിയിച്ചു തരുന്നു. ‘ശിവകാണ്ഡ അധികാരപത്ര’ത്തില്‍ ശിവതത്ത്വം തെളിച്ചു തരുന്നു. ശൈവസിദ്ധാന്തത്തിന്റെ പരമ പ്രമാണമായ ശിവതത്ത്വ പ്രകരണം ജ്ഞാനദീക്ഷാപരമാണ്. ‘നടുതീര്‍വൈ ഉലാ’ എന്ന ശാസ്ത്ര വിശദീകരണത്തില്‍ കര്‍മ്മഫലങ്ങളോടു ബന്ധപ്പെടുത്താവുന്ന ന്യായവിധികള്‍ നിര്‍ണ്ണയിക്കുന്നു., ‘തിങ്കള്‍ പദ’ത്തില്‍ ചന്ദ്രലയമാണ് മുഖ്യം. ‘ഭദ്രം’ സുരക്ഷിതത്വത്തെപ്പറ്റിയുള്ള സമഗ്ര വിശകലനമാണ്. പഞ്ചദേവര്‍ ഉത്പത്തിയില്‍ അയ്യാവഴിയുടെ സമ്പ്രദായ രൂപവും ആചാര്യ മുദ്രിതമായ ശ്രീ മുഖവും വ്യക്തമാക്കുന്നു. ‘തിരുമണവാഴ്ത്ത്’ എന്നത് വിവാഹസ്തുതികളാണ്. ഇത്തരം വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാണ് ഗ്രന്ഥഘടന. ആത്മനിഷ്ഠക്കും ജീവിതാചാരത്തിനും ഈ കൃതി പ്രാധാന്യം നല്‍കുന്നു.
മനുഷ്യരുടെ ദു:ഖം ഇല്ലായ്മ ചെയ്യാനുള്ള മാര്‍ഗ്ഗമാണ് ‘യുഗപ്പഠിപ്പി’ല്‍ വിവരിക്കുന്നത്. ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ഗുണഗണങ്ങള്‍ ‘വാഴപ്പഠിപ്പി’ല്‍ പ്രതിപാദിക്കുന്നു. ആത്മീയതയുടെ ഉത്തുംഗശൃംഗമായ ശിവജ്യോതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോകുന്നതാണ് ‘ഉച്ചിപ്പഠിപ്പ്’. ഭൗതികത്തെക്കാള്‍ ആത്മീയ തത്ത്വത്തിനുള്ള പ്രാധാന്യമാണ് ‘ചാട്ടുനീട്ടോലൈയി’ലെ വിഷയം. ‘ശിവനേ അയ്യാ!’ എന്നവസാനിക്കുന്ന 215 ഈരടികളും മറ്റ് ഒന്‍പതു ഈരടികളും ഈ അധ്യായത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ ഭാഗത്താണ് ആത്മകഥാപരമായ കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
അരുള്‍നൂലിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം ‘നടുതീര്‍വൈ ഉലാ’ ആണെന്നു പറയാം. കലിയുഗത്തിന്റെ ഓരോ കാലഘട്ടത്തിലും ഓരോ മനുഷ്യന്റെയും ദേഹവിയോഗകാലത്തും ന്യായവിധി നടക്കുന്നതെങ്ങനെ എന്ന ശിഷ്യന്മാരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ഭാഗം. വഴിയാംവണ്ണമുള്ള അഭ്യാസത്തിലൂടെ പ്രാണന്‍ ഉദ്ധരിച്ച് ചന്ദ്രമണ്ഡലത്തില്‍ ലയം പ്രാപിക്കുന്നതിനെയാണ് വൈകുണ്ഠസ്വാമികള്‍ ‘തിങ്കള്‍ പദ’ത്തില്‍ വെളിപ്പെടുത്തുന്നത്. മനുഷ്യരാശിക്ക് മംഗളം ഭവിക്കാനുള്ള സന്ദേശമാണ് ‘ഭദ്ര’ത്തിലുള്ളത്. പഞ്ചഭൂതങ്ങളില്‍ ഓരോന്നിനെയും ഓരോ ദേവനായി കല്പിച്ച് അവയുടെ പ്രവര്‍ത്തനത്തെ ശരീരവുമായി ബന്ധിപ്പിച്ചു വിവരിക്കുന്നു ‘പഞ്ചദേവര്‍ ഉത്പത്തി’യില്‍. പുരുഷനെയും സ്ത്രീയെയും യോജിപ്പിക്കുന്ന കര്‍മമായ ‘തിരുമണ’ത്തെ ഭൗതിക തലത്തില്‍ നിന്ന് ആത്മീയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ‘തിരുമണവാഴ്ത്ത്’ എന്ന അധ്യായത്തില്‍ കവി ചെയ്തിരിക്കുന്നത്. അയ്യാവഴിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അറിവിന് വലിയ പ്രാധാന്യം നല്‍കിയ പരമ്പരയാണെന്നത് ബോധ്യമാകും. അയ്യാവഴിയിലെ ശാസ്ത്ര ഗ്രന്ഥവിചാരത്തിലൂടെ ഏതൊരാള്‍ക്കും ഭാരതത്തിലെ ഏതു വിജ്ഞാന ഖനിയിലേക്കും നടന്നടുക്കാമെന്നത് വസ്തുതയാണ്.
അവകാശങ്ങളുടെയും കടമകളുടെയും ഉദ്‌ബോധനം
രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും അധാര്‍മ്മിക ഭരണം ചോദ്യം ചെയ്യാന്‍ ജനത്തിനുള്ള അവകാശം ദേശത്തിന്റെ സുസ്ഥിരതയ്ക്ക് ആവശ്യമാണെന്ന് സ്വാമികള്‍ക്ക് നിശ്ചയമുണ്ടായിരുന്നു. മണ്ണിന്റെ മക്കളാണ് യഥാര്‍ത്ഥ ഭൂവുടമകള്‍. രാജാവ് പരിപാലകനാണ്. ഇത്തരത്തിലുള്ള ദ്രാവിഡ സംസ്‌കാരവാദത്തെ പിന്‍പറ്റുന്ന തരത്തിലായിരുന്നു രാജാക്കന്മാര്‍ക്കെതിരെയുള്ള സ്വാമികളുടെ ഗര്‍ജനം. ‘ഞാന്‍’എന്നു സ്വവാചി സര്‍വ്വനാമം ഉറക്കെ ഉച്ചരിക്കാനോ, തലയുയര്‍ത്തി നടക്കാനോ അനുവദിക്കാത്ത കാലത്താണ് സ്വാതിതിരുനാള്‍ ഭരണത്തെ വിമര്‍ശിക്കുവാന്‍ അദ്ദേഹം ധൈര്യം കാട്ടുന്നത്. സ്വാതിതിരുനാളിന്റെ ഭരണത്തെ അനന്തപുരത്തെ കറുത്ത നീചന്റെ ഭരണമെന്നും ബ്രിട്ടീഷ് ഭരണത്തെ വെണ്‍ നീചന്റെ ഭരണമെന്നും സ്വാമികള്‍ വിമര്‍ശിക്കയുണ്ടായി. രാജഭരണത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരെ നിരന്തരം സമരം നടത്തിയ വൈകുണ്ഠസ്വാമികളെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നൂറ്റിപ്പത്തു ദിവസത്തെ തടവിനു ശിക്ഷിച്ചു.
അവകാശ സംരക്ഷണത്തിനായി സ്വാമികള്‍ സമത്വസമാജം സ്ഥാപിച്ചു കൊണ്ട് 1836 മുതലെ അധികാര ദുഷ്പ്രഭുത്വങ്ങളോട് സന്ധിയില്ലാ സമരം ചെയ്തുവന്നിരുന്നു. ഓരോ ഘട്ടത്തിലും പുതിയ പുതിയ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കുമനുസരിച്ച് ഓരോ പ്രസ്ഥാനങ്ങള്‍ ആരംഭിച്ചു. സ്വാമികളുടെ ജയില്‍വാസകാലത്താണ് തൈക്കാട് അയ്യാഗുരുവുമായി പരിചയപ്പെടാന്‍ ഇടയാകുന്നത്. അക്കാലത്ത് അയ്യാവ് തൈക്കാട് റസിഡന്‍സി ബംഗ്ലാവിലെ ഉദ്യോഗസ്ഥനായിരുന്നു. ശൈവപാരമ്പര്യം പ്രകാരം വിദ്യകള്‍ അഭ്യസിച്ച അയ്യാഗുരു ശിവരാജയോഗി കൂടിയായിരുന്നു. രണ്ടു മഹാത്മാക്കളുടെ കൂടിക്കാഴ്ചയില്‍ ഇരുവരും പങ്കുവച്ച മഹത്തരമായ ചിന്താധാരയ്ക്ക് പുതിയ സരണി പ്രവാഹങ്ങളുണ്ടായത് കാലത്തിന്റെ സാക്ഷിപത്രത്തില്‍ ലിഖിതമാണ്. കേരളത്തിന്റെ നവോത്ഥാന ശക്തിയാര്‍ന്ന ദീപശിഖയുടെ കൈമാറ്റം ഈ സമാഗമത്തിലൂടെ സാധ്യമായെന്നത് നിരാക്ഷേപമായ സത്യമാണ്. അയ്യാവിന്റെ ഇടപെടല്‍ സ്വാമികളുടെ ജയില്‍ മോചനത്തിനു സഹായകമായി.
യഥാര്‍ത്ഥത്തില്‍ രാജാവിനെതിരെ പറഞ്ഞ വാക്കുകളേക്കാള്‍ അദ്ദേഹത്തിന്റെ അവകാശ പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയില്‍ ആദ്യമായി തൊഴിലാളി സമരം നടത്തിയ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു വൈകുണ്ഠസ്വാമികള്‍. ആ തൊഴിലാളി സമരത്തിന്റെ മുദ്രാവാക്യമായിരുന്നു ‘വേല ചെയ്താല്‍ കൂലി കിട്ടണം’ എന്നുള്ളത്. ഊഴിയം വേലയ്ക്കായിരുന്നു സ്വാമികള്‍ കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. അക്കാലത്ത് തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ഒരു സമ്പ്രദായമാണ് ഊഴിയം വേല. സമൂഹത്തിന്റെയും രാജ്യത്തിന്റെയും പൊതുനന്മയെക്കരുതി സൗജന്യ നിരക്കില്‍ ചെയ്യുന്ന ജോലിയാണിത്. ഇതിലെ അസമത്വമായ അനീതികള്‍ക്കെതിരെയാണ് കൂലി പ്രശ്‌നം ഉന്നയിച്ചത്. മേലാള വിഭാഗത്തിലുള്ളവര്‍ക്ക് ഈ നിര്‍ബന്ധിതമായ സൗജന്യ വേലയില്ല. താഴെക്കിടയില്‍ക്കിടക്കുന്ന ദാരിദ്ര്യം അനുഭവിക്കുന്നവരായിരുന്നു മിക്കവാറും ദിവസങ്ങളില്‍ ഊഴിയം വേലയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നത്. പട്ടിണിയും ദുരിതവും തളര്‍ത്തിയ മനുഷ്യ സമൂഹത്തെ അറിഞ്ഞിട്ടാണ് തൊഴിലാളികള്‍ക്കായി സ്വാമികള്‍ കൂലി സമരം നടത്തിയത്. സ്വാമികളുടെ വാക്കിന്റെയും ജ്ഞാനദാനത്തിന്റെയും ശക്തിയില്‍ ജനങ്ങള്‍ പറ്റമായി സംഘടിച്ചു. ഒറ്റപ്പെട്ടപ്പോള്‍ നേരിട്ട ദുഃഖങ്ങളേയും പീഡനങ്ങളേയും അവര്‍ സംഘമായി ചേര്‍ന്നതോടെ മറവിയിലേക്ക് ഉപേക്ഷിച്ചു. സ്വാമികളുടെ പിന്നിലുള്ള ജനശക്തി ഭരണാധികാരികളെ പരിഭ്രാന്തരാക്കി. ജയിലില്‍ പാര്‍പ്പിക്കല്‍, കടുവാക്കുട്ടിലടയ്ക്കല്‍ തുടങ്ങി പല മര്‍ദ്ദനങ്ങളിലും തളരാത്ത സ്വാമികളെ തിരുവിതാംകൂര്‍ രാജാവ് ഒരു കരാറില്‍ നിര്‍ബന്ധിതമായി ഒപ്പുവയ്പ്പിച്ചു. സ്വസമുദായ അംഗങ്ങളില്‍പ്പെട്ടവരോടല്ലാതെ മറ്റാരോടും ഉപദേശങ്ങള്‍ പാടില്ലെന്നായിരുന്നു അതിലെ താക്കീത്. എല്ലാ മനുഷ്യരെയും ഒന്നുപോലെ കാണുന്ന സ്വാമികള്‍ അധികം വൈകാതെ തന്നെ കരാര്‍ അതിലംഘിച്ചു. സ്വാമികളില്‍ തെളിഞ്ഞു നില്‍ക്കുന്ന ഈ ധര്‍മ്മപോരാട്ടം ഏകമായ സത്യപ്രചരണത്തിന്റെ ഭാഗമായിരുന്നു.
ചാന്നാര്‍ ലഹളയ്ക്ക് പ്രേരകശക്തി ആവശ്യമായ ഘട്ടത്തില്‍ സ്വാമികള്‍ രക്ഷാധികാരമേറ്റെടുത്തു. ഈ സമരത്തിലെ സ്വാമിയുടെ പങ്ക് രേഖപ്പെടുത്തിയപ്പോഴെല്ലാം വിമര്‍ശകര്‍ സ്വാമിയുടെ ജനനവര്‍ഷം അവലംബിച്ച് അതിനെയെല്ലാം എതിര്‍ത്തു. ലഹള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സ്വാമികള്‍ ബാലനാണെന്നും ലഹള അവസാനിച്ചത് അദ്ദേഹത്തിന്റെ സമാധിശേഷമായിരുന്നെന്നുമാണ് വിമര്‍ശകരുടെ വാദം. അതൊക്കെ ശരിയാകാം, പക്ഷേ തന്നെ അശ്രയിച്ചു നില്‍ക്കുന്ന ഒരു സമൂഹത്തിന്റെ നിരന്തര പോരാട്ടത്തിനോപ്പം ചേരാനുള്ള ആര്‍ജ്ജവം സ്വാമികളില്‍ സഹജമായിരുന്നു. ഇതു പോലുള്ള അനേക വിഷയങ്ങളില്‍ സമത്വത്തിനു വേണ്ടി വാദിച്ച സ്വാമികള്‍ ചാന്നാര്‍ ലഹളയില്‍ നിന്ന് ഭിന്നനായി നില്‍ക്കുമോ? സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സ്വാമികള്‍ ചാന്നാര്‍ ലഹളയുടെ വീര്യത്തിന് കെടാവിളക്കായി എന്നതില്‍ തര്‍ക്കത്തിനുവഴിയില്ല. മേല്‍മുണ്ട് സമരം, മാറുമറയ്ക്കല്‍ സമരം എന്നീ പേരുകളിലും ചാന്നാര്‍ ലഹള അറിയപ്പെടുന്നു. ഉത്രം തിരുനാളിന്റെ കാലത്താണ് ചാന്നാര്‍ ലഹള നടന്നത്. നാടാര്‍ സ്ത്രീകളാണ് ചാന്നാര്‍ ലഹള നടത്തിയത്. 1822ലാണ് ചാന്നാര്‍ ലഹള ആരംഭിച്ചത്, 1859 ജൂലായ് 26ന് അവസാനിച്ചു.
മേല്‍ജാതിക്കാരുടെ മാത്രം അവകാശമായിരുന്ന തലപ്പാവ് ധരിക്കാന്‍ വൈകുണ്ഠസ്വാമികള്‍ ജനങ്ങളെ ഉപദേശിച്ചു. കൂടാതെ ശുചീന്ദ്ര ക്ഷേത്രത്തിലെ തേര് സവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം വലിച്ചു കൊണ്ടിരുന്ന കാലത്ത് സ്വാമികള്‍ അവര്‍ണ്ണരെന്ന് മുദ്രകുത്തിയവരെയെല്ലാം പങ്കെടുപ്പിച്ച് തേര് വലിപ്പിച്ചു. ക്ഷേത്ര പ്രവേശന സമരങ്ങള്‍ക്കുമുമ്പ് അതിന്റെയെല്ലാം പ്രാരംഭ സമരമായി ഇതിനെ കണക്കാക്കാം. അവര്‍ണ്ണരില്‍ തന്നെ കണ്ടുവരുന്ന ഉയര്‍ന്ന താഴ്ന്നവര്‍ വിചാരം കെടുത്താന്‍ സ്വാമികളുടെ നേതൃത്വത്തില്‍ നടന്ന സമ പന്തിഭോജനത്തിന് കഴിഞ്ഞു. പൊതു കിണറില്‍ നിന്ന് വെള്ളം കുടിക്കാനുള്ള അവകാശം : അന്യായമായ നികുതി പിരിവിനെതിരെയുള്ള മുന്നേറ്റങ്ങള്‍ എന്നിവയെല്ലാം സമൂഹത്തെയും രാഷ്ട്രത്തെയും ശരിയായ ദിശയിലേക്ക് ചലിപ്പിക്കുവാന്‍ ഉതകുന്നതാണ്. അരക്ഷിതാവസ്ഥയില്‍ നിന്ന് ദേശത്തിന്റെ സമത്വസമ്പൂര്‍ണ്ണതയ്ക്കായുള്ള ലക്ഷ്യത്തിലേക്കാണ് സ്വാമികള്‍ തന്റെ അറിവിനെയും പ്രവൃത്തിയെയും സമന്വയിപ്പിച്ചത്. അവകാശങ്ങള്‍ പോലെ കടമകളെയും എല്ലാവരും നിവൃത്തിക്കുവാന്‍ ശ്രമിക്കണമെന്ന സ്വാമികളുടെ ആഹ്വാനം ശ്രദ്ധേയമാണ്. ഒരു രാജ്യതന്ത്രജ്ഞനേയും സന്ന്യാസിയേയും സാമൂഹ്യ പരിഷ്‌കര്‍ത്താവിനേയും ഒരുപോലെ ഒരാളില്‍ കാണാമെങ്കില്‍ അദ്ദേഹത്തിന്റെ നാമം അയ്യാവൈകുണ്ഠസ്വാമികള്‍ എന്നായിരിക്കും തീര്‍ച്ച.
സമത്വത്തിലൂടെയുള്ള ഈശ്വരദര്‍ശനം
ഓരോ മനുഷ്യനിലും ഈശ്വരന്‍ വസിക്കുന്നു. അന്തരാത്മ ഭാവത്തിലുള്ള ആ സത്യത്തെ സാക്ഷാത്കരിക്കുമ്പോള്‍ ഏകമായ സത്തയിലധിഷ്ഠിതമായ ഭിന്ന ശരീരരൂപങ്ങള്‍ മാത്രമാണെന്നറിയും. ഈ അറിവില്‍ എല്ലാവരും തുല്യരാണെന്ന ബോധം സദാ ബുദ്ധിയില്‍ മറയാതെ നില്‍ക്കും. അത് പ്രാവര്‍ത്തികമാക്കുമ്പോള്‍ സമത്വം സാക്ഷാത്കരിക്കപ്പെടുന്നു. അവിടെയാണ് സ്വാമികളുടെ ഏകദര്‍ശനവാക്യം ചേര്‍ത്തു വച്ച് വായിക്കേണ്ടത്. ‘ഒരു ലോകം, ഒരു യുഗം, ഒരു ഭാഷ, ഒരു ദൈവം, ഒരു ജാതി, ഒരു മതം, ഒരു സമുദായം, ഒരു ഭരണകൂടം’ എന്ന ആപ്തവാക്യം വൈകുണ്ഠസ്വാമികള്‍ ലോകത്തിന് നല്‍കിയ അതുല്യമായ സംഭാവനയാണ്. അതിന്റെ വിദൂരഭൂമിയിലാണ് നാമിപ്പഴും ജീവിക്കുന്നതെങ്കിലും അത് കേവലമൊരു സ്വപ്‌നവാക്യമല്ല. ഒരു മാതൃകാ ലോകത്തിന്റെ ലക്ഷണവാക്യമാണത്. മനുഷ്യന്‍ മനസ്സിലാക്കേണ്ട ദര്‍ശനമാണ്. പക്ഷേ സംഘടിതരില്‍ ഉടലെടുക്കുന്ന സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ അവരെ അവരുടേതായ ഒരു ദൈവവും മതവും നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെയൊരു കാലത്ത് അയ്യാവഴിയില്‍ നടന്നില്ലെങ്കിലും അയ്യാ വൈകുണ്ഠ വഴി എന്തായിരുന്നെന്ന് അറിയുന്നത് നല്ലതായിരിക്കും.
സഹായഗ്രന്ഥസൂചി
1. പ്രൊഫ. ഡാര്‍വിന്‍ ജെ, നാടുണര്‍ത്തിയ നാടാര്‍ പോരാട്ടങ്ങള്‍, കോഴിക്കോട്, ചിന്ത പബ്ലിക്കേഷന്‍, 2008.
2. ഫിലിപ്പ് എം. പ്രസാദ്, അയ്യാവൈകുണ്ഠസ്വാമി (ലേഖനം), കോട്ടയം, മാതൃഭൂമി ആഴ്ചപതിപ്പ്, 2001 സെപ്തംബര്‍ (പുറം 9-15).
3. വേലായുധന്‍ പണിക്കശ്ശേരി; അണയാത്ത ദീപങ്ങള്‍; തൈക്കാട്ട് അയ്യാസ്വാമികള്‍, കോട്ടയം, കറന്റ് ബുക്ക്‌സ്, 2013.
4. നീറമണ്‍കര വാസുദേവന്‍, അയ്യാ വൈകുണ്ഠസ്വാമികള്‍, വേദസരസ്വതി മാസിക, മെയ് 12-2013, പുറം 5-11.
5. ഡോ. ശങ്കരപിള്ള. കാനം, തൈക്കാട്ട് അയ്യാസ്വാമികളും കേരള നവോത്ഥാനവും – പുതുവായനകള്‍ (എഡിറ്റേര്‍ ഡ്: ഡോ. അജയശേഖര്‍ ഡോ. എന്‍. ആര്‍. ചന്ദ്രന്‍) തിരുവനന്തപുരം, യ്വെന്‍ പബ്ലിക്കേഷന്‍സ്, 2017.