കേസരി വാരികയില്‍ ഈ വര്‍ഷം ജനുവരി 7 ന്റെ ലക്കം മുതല്‍ പ്രസിദ്ധീകരിച്ചുവരുന്ന മുരളി പാറപ്പുറത്തിന്റെ ‘വിമോചനം കാത്ത് മഹാകാശിയും’ എന്ന ലേഖന പരമ്പര ഞാന്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. ലേഖനത്തിലെ വിവരണങ്ങള്‍ തീര്‍ത്തും ആധികാരികമാണ്. ആധികാരിക വിവരങ്ങള്‍ സ്വരൂപിക്കുവാന്‍ ലേഖകന്‍ വളരെയധികം ശ്രമം നടത്തിയിട്ടുണ്ടെന്നത് തീര്‍ച്ച. മുരളിക്ക് എന്റെ മനസ്സു നിറഞ്ഞ പ്രണാമം. ലേഖന പരമ്പര വായിക്കുന്തോറും, കാശിവിശ്വനാഥ ക്ഷേത്രത്തിലെ ശ്രീപരമേശ്വര ലിംഗത്തെ 1983 ല്‍ നേരിട്ടു ചെന്ന് തൊഴുത ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ ഓടിയെത്താന്‍ തുടങ്ങി. എന്റെ ആ ഓര്‍മ്മകളെ ‘കേസരി’ വായനക്കാരുമായി പങ്കുവയ്ക്കട്ടെ.
ഇന്നത്തെ കൊച്ചി മഹാനഗരത്തില്‍ ഉള്‍പ്പെടുന്ന, പണ്ട് കൊച്ചി എന്നറിയപ്പെട്ടിരുന്ന മട്ടാഞ്ചേരിയിലാണ് 1944 ല്‍ ഞാന്‍ ജനിച്ചത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും, ബിരുദ ലഭ്യതക്കുശേഷം ഒരു ബാങ്കില്‍ എനിക്കു സേവന ജോലി ലഭിച്ചതും എന്റെ വാസം മട്ടാഞ്ചേരിയിലായ കാലത്തായിരുന്നു. എന്റെ അച്ഛന്‍ (വാസുദേവപ്രഭു), അമ്മ (ദേവകി), ഭാര്യ(പദ്മിനി), രണ്ടു പെണ്‍മക്കള്‍ (ദീപ, പ്രിയ) എന്നിവര്‍ ഒന്നിച്ചു താമസിച്ചുവരവെ, 1983 ജൂണ്‍ മാസത്തിലെ ഒരു ഞായറാഴ്ചയാണ് എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ ഒരാഗ്രഹം എന്നോടു പറഞ്ഞത്. എന്റെ അമ്മയും ഭാര്യയും അടുത്തിരുപ്പുണ്ടായിരുന്നു.
”എടാ മോനെ, കാശിയില്‍ ചെന്ന് ശിവലിംഗത്തെ തൊഴണമെന്നത് വര്‍ഷങ്ങളായുള്ള എന്റെ ആഗ്രഹമാണ്. പണ ദൗര്‍ലഭ്യത്താല്‍ എന്റെ ആഗ്രഹത്തെ മൂടിവച്ചിരിക്കുകയായിരുന്നു. നമ്മള്‍ ആറുപേരും ഒന്നിച്ച് ആദ്യം രാമേശ്വരത്ത് ചെന്ന് അവിടെ ശ്രീരാമചന്ദ്രന്‍ പ്രതിഷ്ഠിച്ച ശിവലിംഗത്തെ തൊഴുതശേഷം, പിന്നെ കാശിയിലേക്ക് ചെന്ന് കാശിവിശ്വനാഥ ക്ഷേത്ര പ്രതിഷ്ഠയായ ശിവലിംഗത്തെ തൊഴണമെന്നാണ് എന്റെ ആഗ്രഹം.” ഇടയ്ക്കു കയറി അച്ഛനോടു ഞാന്‍ ചോദിച്ചു, ”രാമേശ്വരത്ത്, നമ്മുടെ കാശി യാത്രയ്ക്കിടെ എന്തിനു പോകണമച്ഛാ.” അച്ഛന്‍ നല്‍കുവാന്‍ പോകുന്ന മറുപടിക്കായി ഞാനും അമ്മയും അക്ഷമരായി ഇരുന്നു. അച്ഛന്‍ പറഞ്ഞു. ”എടാ, രാമേശ്വരത്തെ ശിവക്ഷേത്രം സമുദ്രതീരത്തു ചേര്‍ന്നുള്ളതെന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. രാമേശ്വര ക്ഷേത്രത്തിലെ ശിവലിംഗത്തെ നമ്മള്‍ തൊഴുതശേഷം, സമുദ്രതീരത്തെ മണല്‍ ഒരു പാത്രത്തിലാക്കി, ആ പാത്രം ഭദ്രമായി സൂക്ഷിക്കണം. കാശിയിലെത്തിയ ശേഷം, ഗംഗാ സ്‌നാനം നടത്തുമ്പോള്‍ കാശി വിശ്വനാഥനെ മനസ്സില്‍ ധ്യാനിക്കണം. തുടര്‍ന്ന്, പാത്രത്തില്‍ സൂക്ഷിച്ചുവച്ച മണല്‍ ഗംഗാജലത്തില്‍ ചേര്‍ക്കണം. അതിനുശേഷം ഒരു കലശകുംഭത്തില്‍ ഗംഗാജലം സംഭരിച്ച് നമ്മുടെ കൂടെ സൂക്ഷിച്ചുവെക്കണം. നമ്മള്‍ നാട്ടിലേക്ക് കാശി വിശ്വനാഥദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ കലശ കുംഭത്തിലെ ഗംഗാജലം നമ്മുടെ പൂജാമുറിയില്‍ ഭദ്രമായി വയ്ക്കണം. പിന്നെ സമയവും സൗകര്യവുമനുസരിച്ച് ഈ ഗംഗാജലം രാമേശ്വരത്തു ചെന്ന് സമുദ്രത്തില്‍ ഒഴുക്കണം. തനിക്കു സംശയമുണ്ടാകാം. ഈ കാര്യങ്ങളൊക്കെ ഞാന്‍ എങ്ങനെ അറിഞ്ഞുവെന്ന്. എന്റെ കൊച്ചുനാളില്‍ നമ്മുടെ ക്ഷേത്രപരിസരത്തുവച്ച് നമ്മുടെ അന്നത്തെ മഠാധിപതിയുടെ അനുഗ്രഹ പ്രഭാഷണത്തിലൂടെയാണ് ഞാനിത് അറിഞ്ഞത്. ഭാരതത്തിന്റെ ദക്ഷിണ-ഉത്തര ഭാഗങ്ങളെ ഒന്നിപ്പിക്കുന്ന ഒരു മഹത് രീതിയാണിതെന്നാണ് സ്വാമികള്‍ പറഞ്ഞത്.
അച്ഛന്റെ വിവരണം കേട്ടപ്പോള്‍ നമ്മള്‍ ക്ഷേത്രയാത്രകള്‍ നടത്തണമെന്ന് എന്റെ അമ്മയും ഭാര്യയും എന്നോട് സ്‌നേഹത്തോടെ പറഞ്ഞു. ഞാന്‍ സേവനം ചെയ്തിരുന്ന ബാങ്കുകളടക്കം എല്ലാ ബാങ്കുകളിലും ബാങ്ക് ജോലിക്കാര്‍ക്ക്, ലീവ് ഫെയര്‍ കണ്‍സെഷന്‍ (എല്‍.എഫ്.സി) എന്ന സ്‌കീമിലൂടെ മൂന്നു വര്‍ഷത്തിലൊരിക്കല്‍ യാത്ര നടത്താമായിരുന്നു. കുടുംബത്തിലെ എല്ലാവര്‍ക്കും യാത്രാ (തീവണ്ടി, വിമാനം, ടാക്‌സി, മോട്ടോര്‍കാര്‍ എന്നിവയിലൂടെ) ചെലവ് ബാങ്ക് തിരിച്ചുനല്‍കുന്നതാണെന്നുള്ളതും ഞാന്‍ ഓര്‍ത്തു. കൂടാതെ ഒരു മാസത്തെ എന്റെ പ്രിവിലെജ്ഡ് ലീവ് ഞാന്‍ ബാങ്കിനു സറണ്ടര്‍ ചെയ്താല്‍ ആ സമയത്തെ ഒരു മാസ ശമ്പളത്തിനു സമമായ തുക ബാങ്ക് എനിക്ക് നല്‍കുമെന്നും ഞാന്‍ ഓര്‍ത്തു. ഈ വിവരം ഞാന്‍ അച്ഛനെയും അമ്മയെയും ഭാര്യയെയും അറിയിച്ചപ്പോള്‍ അമ്മ എന്നെ കെട്ടിപ്പിടിച്ച് കവിളില്‍ നല്‍കിയ ചുംബനത്തെ ഞാന്‍ ഇന്നുമോര്‍ക്കുന്നു.
1983 ആഗസ്റ്റ് ആദ്യവാരം ഞങ്ങള്‍ ശിവദര്‍ശനയാത്രയാരംഭിച്ചു. തീവണ്ടി വഴി രാമേശ്വരത്ത് ഞങ്ങള്‍ ചെന്നു. ആറുപേരും സമുദ്രതീരത്തുചെന്ന് മണല്‍ ശേഖരിച്ചു. അതിനുശേഷം ചെന്നൈ വഴി തീവണ്ടി മുഖേന ഞങ്ങള്‍ കാശിയിലെത്തി. കാശിവിശ്വനാഥ ശിവലിംഗദര്‍ശനത്തിനുശേഷം ഞാന്‍ ഗംഗാനദീതടത്തിലെത്തി. ഗംഗാദേവിയെ മനസ്സില്‍ ധ്യാനിച്ചശേഷം, രാമേശ്വരത്തുനിന്നും കൊണ്ടുവന്ന മണല്‍ നദിയിലൊഴുക്കിയശേഷം നദിയില്‍ നിന്നും കലശകുംഭത്തില്‍ ജലം ശേഖരിച്ച് അച്ഛന്‍ എന്നെ ഏല്‍പ്പിച്ചു. പൂര്‍ണ സംതൃപ്തിയോടെ, ഭാരതത്തെ ഒന്നായി കണ്ട സംതൃപ്തിയോടെ ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങി. ഒരു വര്‍ഷത്തിനുശേഷം ഞാനൊറ്റയ്ക്ക് രാമേശ്വരത്തു ചെന്ന് ഗംഗാജലം സമുദ്രത്തില്‍ ലയിപ്പിച്ചു.
1994ല്‍ എന്റെ അച്ഛനും, 1999 ല്‍ അമ്മയും സ്വര്‍ഗ്ഗം പൂകി. വിവാഹത്തിനുശേഷം എന്റെ പെണ്‍മക്കളും ഞങ്ങളില്‍ നിന്നു താമസം മാറ്റി. മുരളി പാറപ്പുറത്തിന്റെ ലേഖന പരമ്പരയാണ് എന്നെ പഴയ സത്ഓര്‍മ്മയില്‍ എത്തിച്ചത്. ഇത് പ്രസിദ്ധീകരിക്കുന്ന ‘കേസരി’ക്ക് അഭിനന്ദനങ്ങള്‍.