Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

പര്‍ദ്ദയിട്ടെത്തുന്ന ജിഹാദ്

പ്രൊഫ.എന്‍.എ.ഹമീദ്

Print Edition: 4 March 2022

രാജ്യത്തു വലിയൊരു കോളിളക്കം സൃഷ്ടിക്കാമെന്ന വ്യാമോഹത്തോടെ ചിലര്‍ ഹിജാബ് വിവാദം ഏറ്റെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാട് എന്തെന്ന് പരിശോധിക്കുന്നതില്‍ വളരെയേറെ സാംഗത്യമുണ്ടെന്നു തോന്നുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍ അടിസ്ഥാനപരമായി ഇസ്ലാമില്‍ രണ്ടു വിഭാഗം സ്ത്രീകളുണ്ട്. അവര്‍ക്കു രണ്ടു വ്യത്യസ്ത തരം വസ്ത്രധാരണമാണ് ഇസ്ലാം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. സ്വതന്ത്ര സ്ത്രീകള്‍ മുഖവും കൈപ്പടവും ഒഴികെ മുഴുവന്‍ ശരീരവും മറക്കണം; എന്നാല്‍ അടിമ സ്ത്രീകള്‍ കാല്‍മുട്ടിനും പൊക്കിളിനും ഇടയിലുള്ള ശരീര ഭാഗങ്ങള്‍ മാത്രം മറച്ചാല്‍ മതി. (അപ്പോള്‍ അടിമസ്ത്രീയുടെ മറ്റു ശരീരഭാഗങ്ങള്‍ കണ്ടാല്‍ പുരുഷന്മാര്‍ക്ക് സ്വതന്ത്ര സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ കാണുമ്പോഴത്തെ പോലെ ഭോഗേച്ഛ ഉണ്ടാവില്ലെന്നാണോ?). ഈ നിയമത്തിനു കൂടുതല്‍ വിശ്വാസ്യത നല്‍കുന്നതിനായി, രണ്ടാം ഖലീഫയായിരുന്ന ഹസ്രത്ത് ഉമറിന്റെ ഒരു നടപടി ഉദ്ധരിച്ചു കാണുന്നു. ഒരു അടിമ സ്ത്രീ, സ്വതന്ത്ര സ്ത്രീകളുടെ വസ്ത്രമായ ഹിജാബ് ധരിച്ചതായി കണ്ട അദ്ദേഹം അവളോട് അത് അഴിച്ചു മാറ്റാന്‍ കല്പിക്കുകയുണ്ടായി. പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ്, അല്‍ ഖുര്‍തുബി, പ്രഗത്ഭ ഇസ്ലാമിക നിയമജ്ഞനായിരുന്ന ഇബ്‌നു തൈമിയ്യ എന്നിവര്‍ കൂടുതല്‍ വ്യക്തമാക്കിയ ഈ നിയമം ഫത്ഹുല്‍ മുഈന്‍ പോലുള്ള കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.

ലൗ ഹിജാബ്
ഇക്കഴിഞ്ഞ ഡിസംബറില്‍, കര്‍ണാടക സ്റ്റേറ്റില്‍ ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ എട്ട് പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചു വരികയും പെട്ടെന്നുണ്ടായ ഈ മാറ്റം അംഗീകരിക്കാന്‍ കഴിയാതെ കോളേജ് അധികൃതര്‍ അവര്‍ക്കു ക്യാമ്പസിലേക്കു പ്രവേശനം നിഷേധിക്കുകയും ചെയ്തു. കോളേജില്‍ ഹിജാബിനെതിരെ പ്രഖ്യാപിത നിയമമില്ലെന്ന് അടുത്തിടെയാണ് തങ്ങള്‍ കണ്ടെത്തിയതെന്ന് വാദിച്ചുകൊണ്ട് പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിച്ചു. കോളേജില്‍ പുരുഷ അധ്യാപകരുള്ളതിനാല്‍ ഹിജാബ് ധരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് സംസ്ഥാനത്തു കുന്ദാപുരയിലെ മറ്റൊരു കോളേജിലും വിദ്യാര്‍ത്ഥിനികള്‍ ഇതേ രീതിയില്‍ ക്യാംപസില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയുണ്ടായി. ഇത്തരം ചേഷ്ടകള്‍ മതബോധമുള്ള കുറച്ചു വിദ്യാര്‍ത്ഥിനികളുടെ നിഷ്‌കളങ്ക പ്രവര്‍ത്തനമായി കാണാന്‍ പ്രയാസമുണ്ട്. അവ പിന്നില്‍ നിന്ന് ചരട് വലിക്കുന്ന ചില തീവ്രവാദ സംഘടനകളുടെ ആസൂത്രിത പരിപാടികളാവാനേ തരമുള്ളൂ; പ്രത്യേകിച്ചും ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന സ്ഥിതിക്ക്. പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ശക്തമായ പ്രതിഷേധം നടക്കുകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ അന്തരീക്ഷം ‘ഐ ലൗ ഹിജാബ് കാമ്പെയ്ന്‍’ തരംഗത്താല്‍ കലുഷിതമായിരിക്കുന്നു. തീവ്രവാദികള്‍ പ്രശ്‌നം ഏറ്റെടുത്തു രാജ്യത്തുടനീളം കലാപത്തിന് കോപ്പു കൂട്ടുകയാണ്.

മുസ്ലിം സ്ത്രീവേഷം
മുസ്ലിം സ്ത്രീകള്‍ എങ്ങിനെ ശരീരം മറയ്ക്കണം, ഏതെല്ലാം ഭാഗങ്ങള്‍ മറയ്ക്കണം എന്നൊക്കെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. കര്‍ണാടകയിലെ ഹിജാബ് വിവാദം കത്തി നില്‍ക്കുമ്പോഴിതാ ഈ വിഷയത്തില്‍ ഒരു കശ്മീരി മുസ്ലിം വിദ്യാര്‍ത്ഥിനി പ്രതികരിച്ചതു കാണുക. ”ഒരു നല്ല മുസ്ലിം ആവാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധമായി ഹിജാബ് ധരിക്കേണ്ട കാര്യമില്ല” എന്നാണ് ആരുസ പര്‍വേസ് പറയുന്നത്. പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥിനി കൂടിയാണ് ആരുസ. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി ഇത് സംബന്ധിച്ചു ഇടപെടുന്നതു കാണുക! സാധാരണ മുസ്ലിം സ്ത്രീകളുടെയല്ലാ, തീവ്രവാദി ബന്ധമുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കാന്‍ അവര്‍ വ്യഗ്രത കാട്ടുന്നു. ബിക്കിനിയോ ഹിജാബോ, എന്ത് ധരിക്കണമെന്നത് സ്ത്രീയുടെ അവകാശമാണെന്ന് പറയുന്ന അവര്‍ ശരിക്കും എന്താണുദ്ദേശിക്കുന്നത്? വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികളെ ബിക്കിനി ധരിച്ചു വരാന്‍ അനുവദിക്കാമെന്നോ? ബിക്കിനി ധരിച്ചവരുടെ കൂടെ വരുന്ന ഹിജാബ് ധരിച്ചവര്‍ പെണ്‍കുട്ടികള്‍ തന്നെയാണെന്ന് ഉറപ്പു വരുത്താനും കഴിയുമെന്നാണോ?

അഭിപ്രായങ്ങളും നിലപാടുകളും
ഹിജാബ് വിവാദത്തില്‍ ഇങ്ങ് കേരളത്തില്‍ തിരുവനന്തപുരത്തുള്ള പാളയം ഇമാം സുഹൈബ് മൗലവി വരെ വികാര പ്രകടനവുമായി രംഗത്തു വന്നു. ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് കടുത്ത അനീതിയും വിവേചനവുമാണ്, ഇത്തരം നടപടികളിലൂടെ ഒരു സമുദായത്തിന്റ വികാരം വൃണപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് പറഞ്ഞ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഹിജാബിനും പര്‍ദ്ദക്കുമെതിരേയുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ ശ്രമം നടത്തണമെന്ന് മുസ്ലിം സ്ത്രീകളോട് ആഹ്വാനം ചെയ്തിരിക്കുന്നു. ഹിജാബ് അന്തസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമത്രെ!

ഹിജാബ് വിഷയത്തില്‍ കേരള ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്ത മാക്കിയിരുന്നു. മുസ്ലിം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിനെതിരായിരുന്നു എന്നാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്. ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഗൂഢാലോചനയുണ്ട്. അതേസമയം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നും ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി. ഖുര്‍ആനും ഹദീസും വേണ്ടവിധം മനസിലാക്കാതെയാണ് വിമര്‍ശനമെന്ന് ഗവര്‍ണര്‍ ‘ട്വന്റിഫോര്‍’ ചാനലിനോട് പറഞ്ഞു. കര്‍ണാടകയിലെ കോളേജില്‍ തക്ബീര്‍ വിളിച്ച് പ്രകോപനം സൃഷ്ടിച്ചത് പെണ്‍കുട്ടിയാണ്. മുഖ്യധാരയില്‍ നിന്ന് പെണ്‍കുട്ടികളെ തടയാനാണ് ഹിജാബ് വിവാദം ഉയര്‍ത്തുന്നതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ മുസ്ലീംലീഗ് രംഗത്തെത്തി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ”ഔചിത്യമില്ലായ്മയാണ് ഗവര്‍ണര്‍ കാണിക്കുന്നത്” എന്ന് പറഞ്ഞു.

ഹിജാബ് ധാരണം ഇസ്ലാമിലെ നിര്‍ബന്ധിത മതാചാരത്തില്‍ പെട്ടതല്ലെന്നു കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ കോടതിയില്‍ തുടരുന്നതിനിടെ അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവാദ്ഗിയാണ് സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ നിലവിലെ നിയമ വ്യവസ്ഥകള്‍ പ്രകാരം ഹിജാബ് ധാരണം അവകാശമാണെന്ന് സര്‍ക്കാര്‍ കരുതുന്നില്ലെന്നും ഹിജാബ് നിരോധനം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ന്റെ ലംഘനമല്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

ഇതിനിടെ ഹിജാബ് നിരോധനത്തില്‍ ഭരണഘടനാ ചട്ടക്കൂടില്‍ നിന്ന് നിയമവ്യവസ്ഥ അംഗീകരിച്ചുള്ള പരിഹാരം കാണുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര കാര്യങ്ങളില്‍ ഗൂഢോദ്ദേശ്യ ത്തോടെയുള്ള ഇടപെടലുകള്‍ അംഗീകരിക്കില്ല. കര്‍ണ്ണാടകയിലെ ചില വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജനാധിപത്യ രീതിയില്‍ ഇത്തരം വിഷയങ്ങള്‍ പരിഗണിക്കാനും പരിഹരിക്കാനും രാജ്യത്ത് സംവിധാനങ്ങളുണ്ട്.

കേരളത്തില്‍ പര്‍ദ്ദാ വ്യാപനം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥ് ഇന്ത്യാ ടുഡേക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രകടിപ്പിച്ച ”ഒരു മുസ്ലിം സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കാറില്ല” എന്ന പരാമര്‍ശം വളരെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലത്തെ തീവ്ര പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് കേരളത്തില്‍ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ പര്‍ദ്ദ ധാരണം വ്യാപകമായത്. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി മതക്കച്ചവടക്കാര്‍ക്കെല്ലാം അതില്‍ പങ്കുണ്ട്. പല സംഘടനകളും തങ്ങള്‍ നാട്ടില്‍ പര്‍ദ്ദ പ്രചരിപിച്ചതിന്റെ റിപ്പോര്‍ട്ട് ആനുകാലികമായി വിദേശ ഫണ്ടിംഗ് ഏജന്‍സികള്‍ക്ക് സമര്‍പ്പിച്ച് പ്രതിഫലം കൈപ്പറ്റുകയായിരുന്നു. ഖുര്‍ആന്‍, ഹദീസ്, ഉലമാക്കളുടെ സമവായം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വസ്ത്രമാണ് ഹിജാബ് എന്നും അത് സ്വര്‍ഗ്ഗത്തിലെ വസ്ത്രമാണെന്നുമൊക്കെ പ്രസംഗിച്ച്, അത് ധരിക്കാത്തവര്‍ കാഫിറുകളും വേശ്യകളുമൊക്കെ ആണെന്ന് സൂചിപ്പിച്ചു പാവപ്പെട്ട സ്ത്രീകളെ പ്രലോഭിപ്പിക്കുകയായിരുന്നു. അങ്ങിനെയാണ് തെക്കേ ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍, പര്‍ദ്ദ മുസ്ലിം സ്ത്രീകളുടെ വേഷമായിത്തീര്‍ന്നത്. ആദ്യമാദ്യം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നോ രണ്ടോ വിദ്യാര്‍ത്ഥിനികള്‍ മാത്രമായിരുന്നു പര്‍ദ്ദയില്‍ പൊതിഞ്ഞവരായി പ്രത്യക്ഷപ്പെട്ടിരുന്നത്. അവര്‍ രക്ഷിതാക്കളുടെ കടുത്ത നിര്‍ബന്ധം കാരണം വളരെ വിഷമിച്ചും നാണിച്ചും ആ വേഷമിട്ടു, സഹപാഠികളുടെയും അധ്യാപകരുടെയും പരിഹാസ പാത്രങ്ങളായി മാറി. ക്ലാസില്‍ അല്ലെങ്കില്‍ ക്യാമ്പസില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായി ആഭാസകരമായ വസ്ത്രം ധരിക്കേണ്ടി വന്ന ഇത്തരം വിദ്യാര്‍ത്ഥിനികള്‍ ക്രമേണ മനോരോഗികളും മന്ദബുദ്ധികളുമായിത്തീര്‍ന്നു. നിഷ്‌കളങ്കരായ മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ മതതീവ്രതയുടെ ഇരകള്‍ കുറച്ചൊന്നുമല്ല ഉള്ളത്. പഠനത്തിലും ജീവിതത്തിലും നിരാശ ബാധിച്ചവര്‍ പഠനം നിര്‍ത്തുകയും ആത്മഹത്യക്കൊരുങ്ങുകയുമൊക്കെ ചെയ്ത സംഭവങ്ങള്‍ വിരളമല്ല. എന്നാലിപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. പര്‍ദ്ദയും ഹിജാബുമൊക്കെ മുസ്ലിം സ്ത്രീകളുടെ അന്തസ്സുറ്റ സാധാരണ വേഷങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ന് അത് ധരിക്കാത്തവരുടെ എണ്ണം വിരലിലെണ്ണാവുന്നതു മാത്രം. അവര്‍ നാണിച്ചു തല കുനിച്ചു നടക്കേണ്ട അവസ്ഥയായി. ‘ഐ ലൗവ് ഹിജാബ്’ മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങാനും അഭിമാനപൂര്‍വം പ്ലക്കാര്‍ഡ് പിടിക്കാനും വേണ്ടത്ര വനിതകളുണ്ട്. എന്നിരുന്നാലും ഒരു നഗ്‌ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു. ധനസമ്പാദനമോ, സമൂഹത്തില്‍ നേതൃത്വമോ സ്വാധീനശക്തിയോ നേടിയെടുക്കുക, വിവാഹ മാര്‍ക്കറ്റില്‍ പിന്തള്ളപ്പെടാതിരിക്കുക, അല്ലെങ്കില്‍ മൗലവിമാരോടോ മതക്കച്ചവടക്കാരോടോ ഉള്ള ഭയം, അതുമല്ലെങ്കില്‍ നരകത്തില്‍ പോവേണ്ടി വരുമെന്ന കൊടും ഭീതി ഇവയൊക്കെയാണ് സ്ത്രീകളെ പര്‍ദ്ദക്കുള്ളില്‍ അടങ്ങി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. പലരും മെല്ലെ മെല്ലെ ഇസ്ലാം ദീനിന്റെ രക്തസാക്ഷികളായിത്തീരുന്നു. വിവാഹ പരസ്യങ്ങള്‍ മിക്കതും ”ദീനിയായ വധുവിനെ ആവശ്യമുണ്ട്” എന്നായതിനാല്‍ വിവാഹ അന്വേഷണ സമയത്തു പഠന കാലത്തെ വസ്ത്രധാരണത്തെ പറ്റി ആരായാന്‍ ഇടവരികയും പര്‍ദ്ദ ധാരിണി ആയിരുന്നില്ലെങ്കില്‍ അന്വേഷണം തിരസ്‌കരിക്കപ്പെടാന്‍ ഏറെ സാധ്യതയുണ്ടായിരുന്നു. ഇങ്ങനെയെല്ലാമായിരുന്നു കേരളത്തില്‍ പര്‍ദ്ദാ വ്യാപനത്തിന്റെ തുടക്കമെന്ന് നമ്മുടെ മുല്ലമാര്‍ ഓര്‍ക്കേണ്ടതാണ്. ഇപ്പോള്‍ അവര്‍ക്കു വസ്ത്രധാരണ രംഗത്തു ആധിപത്യവും അധികാരവുമായിക്കഴിഞ്ഞു.

അപ്പോള്‍ ”ഒരു മുസ്ലിം സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കാറില്ല” എന്ന അഭിപ്രായം അപ്രസക്തമായില്ലേ എന്ന് ചോദിച്ചേക്കാം. ഇല്ല; ഈ ആഭാസകരമായ വസ്ത്രം ധരിക്കാന്‍ യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീയും ആത്മാര്‍ഥമായി ഇഷ്ടപ്പെടുന്നില്ല. പിന്നെ, ‘ഐ ലവ് ഹിജാബ്’ മുദ്രാവാക്യമോ? അത് മുത്തലാഖ് അല്ലാഹുവിന്റെ കല്പനയാണെന്നും ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു തോന്നുമ്പോള്‍ ഞങ്ങളെ മുത്തലാഖ് ചെയ്തു പിരിച്ചയക്കുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമാണെന്നും പ്രസംഗിക്കുന്ന ഇസ്ലാമിക ഫെമിനിസ്റ്റുകളെ പോലെയും, ബഹുഭാര്യന്മാരായ ഭര്‍ത്താക്കളെയാണ് ഞങ്ങള്‍ക്കിഷ്ടം, കാരണം, അത്തരം ഒരു ഭര്‍ത്താവിന്റെ ഭാര്യയായിരിക്കുകയെന്നത് സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ള എളുപ്പമാര്‍ഗമാണെന്നും ഉല്‍ഘോഷിക്കുന്ന ‘അത്യന്താധുനിക’ മഹിളകളെ ഓര്‍മിപ്പിക്കുന്ന ഒരു വിഭാഗമാണ് അത്. ഇപ്പോള്‍ ആകെ മുങ്ങിയാല്‍ കുളിരില്ല എന്ന അവസ്ഥയായി. ഞങ്ങള്‍ക്ക് ഈ വേഷമാണിഷ്ടം എന്ന് സ്ത്രീകള്‍ തന്നെ പറയുന്ന നിലയായി. മസ്തിഷ്‌കപ്രക്ഷാളനത്തിന്റെ രീതി അങ്ങ നെയാണ്. എന്നിരുന്നാലും ഓരോ പര്‍ദ്ദ ധാരിണിയും തന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ ആ വേഷത്തെ വെറുക്കുന്നു; സാധാരണ രീതിയില്‍ വസ്ത്രം ധരിച്ചു പൊട്ടു തൊട്ടു കണ്ണെഴുതി പുറത്തിറങ്ങാന്‍ ധൈര്യമുള്ള മുസ്ലിം പെണ്‍കുട്ടികളോട് ഇത്തരക്കാര്‍ക്ക് എന്തെന്നില്ലാത്ത അസൂയയാണ്. പിന്നെ, വാല്‍ നഷ്ടപ്പെട്ട കുറുക്കനെ പോലെ, പ്രഖ്യാപനങ്ങളും ഭീഷണികളും ഐ ലൗവ് പര്‍ദ്ദ ക്യാംപെയ്‌നും വസ്ത്ര സ്വാതന്ത്ര്യ മുദ്രാവാക്യങ്ങളും എല്ലാം കാപട്യവും മുല്ലമാരോടുള്ള ഭയവും കാരണം മാത്രം.

പര്‍ദ്ദ ഇസ്‌ലാമിക വേഷമോ?
പര്‍ദ്ദ ഒരു ഇസ്‌ലാമിക വേഷമായി കരുതപ്പെടുന്നുണ്ടെങ്കിലും സ്ത്രീകള്‍ ശരീരം മുഴുവന്‍ മറക്കുന്നതും അവരെ അകറ്റി നിര്‍ത്തുന്നതും ഇസ്ലാമിന് മുമ്പ് മധ്യപൂര്‍വ ദേശത്തു ഡ്രൂസ്, ക്രിസ്ത്യന്‍, ജൂത സമൂഹങ്ങള്‍ക്കിടയിലുള്ള വിവിധ ഗ്രൂപ്പുകളില്‍ പ്രചാരത്തിലുണ്ടായിരുന്നു. മുസ്‌ലിങ്ങള്‍ ധരിക്കുന്ന പര്‍ദ്ദ ഓരോ രാജ്യത്തും സമൂഹത്തിലും വ്യത്യസ്തമാണ്. ഖുര്‍ആനില്‍ പര്‍ദ്ദക്ക് അറബിയില്‍ ശരിയായ പദം ഹിജാബ് എന്നല്ല, ‘ഖിമാര്‍’ എന്നാണ്. യഥാര്‍ത്ഥത്തില്‍ ഇസ്ലാമില്‍ സ്ത്രീകള്‍ക്കുള്ള ഡ്രസ് കോഡ് എന്താണ്?

മുസ്ലിം സ്ത്രീകളുടെ പര്‍ദ്ദയും ഡ്രസ് കോഡും എപ്പോഴും ഒരു സംവാദത്തിന് വിധേയമാവുന്ന വിഷയങ്ങളാണ്. പര്‍ദ്ദ ഓരോ രാജ്യത്തും സമൂഹത്തിലും വ്യത്യസ്തമാണ്. ഇന്ന് പല മുസ്ലീം സ്ത്രീകളും തല മറയ്ക്കാന്‍ ഉപയോഗിക്കുന്ന വസ്ത്രമാണ് ഹിജാബ്. ‘ഹിജാബ്’ എന്ന അറബി പദത്തിന്റെ അര്‍ത്ഥം തടസ്സം അല്ലെങ്കില്‍ മൂടുപടം എന്നാണ്. മറ്റ് അര്‍ത്ഥങ്ങളില്‍ സ്‌ക്രീന്‍, കവര്‍, മാന്റില്‍, കര്‍ട്ടന്‍, പാര്‍ട്ടീഷന്‍, ഡിവിഷന്‍, ഡിവൈഡര്‍, ബാരിയര്‍ എന്നിവ ഉള്‍പ്പെടുന്നു. ഖുര്‍ആനില്‍ ഹിജാബ് എന്ന വാക്ക് ഏഴു സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. അവിടങ്ങളില്‍ ഒന്നും തന്നെ ‘ഹിജാബ്’ എന്ന വാക്ക് സ്ത്രീകളുടെ ശിരോവസ്ത്രത്തെ അര്‍ത്ഥമാക്കുന്നില്ല.

ചരിത്ര പശ്ചാത്തലം:
പല മുസ്ലീങ്ങളും ‘ഹിജാബിനെ’ ഇസ്ലാമിക വസ്ത്രധാരണരീതി ആയി പരിഗണിക്കുന്നുണ്ടെങ്കിലും, ‘ഹിജാബ്’ എന്ന ആശയത്തിന് ഇസ്ലാമുമായോ ഖുര്‍ആനുമായോ യാതൊരു ബന്ധവുമില്ലെന്ന വസ്തുത അവര്‍ വിസ്മരിക്കുകയാണ്.

സത്യത്തില്‍, ഹദീസിലൂടെ ഇസ്‌ലാമിനെ മലീമസമാക്കിയ പല നവീകരണങ്ങളെയും പോലെ ഹദീസ് ഗ്രന്ഥങ്ങളില്‍ നുഴഞ്ഞുകയറിയ ഒരു പഴയ ജൂത പാരമ്പര്യമാണ് ‘ഹിജാബ്’. യഹൂദ സ്ത്രീയുടെ ശിരോവസ്ത്രം റബ്ബിമാരും മതനേതാക്കളും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് യഹൂദ പാരമ്പര്യങ്ങളില്‍ പഠിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും അറിയാം. മതവിശ്വാസികളായ ജൂത സ്ത്രീകള്‍ ഇപ്പോഴും മിക്ക സമയത്തും തല മറയ്ക്കുന്നു, പ്രത്യേകിച്ച് സിനഗോഗുകളില്‍, വിവാഹങ്ങളിലും മതപരമായ ആഘോഷങ്ങളിലും. ഈ യഹൂദ പാരമ്പര്യം മതപരമല്ല, സാംസ്‌കാരികമാണ്. യഹൂദര്‍ക്ക് മുമ്പുള്ള നാഗരികതകളിലെ സ്ത്രീകള്‍ ഹിജാബ് ധരിക്കുകയും അത് യഹൂദ സംസ്‌കാരത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ആയിരുന്നു. ചില ക്രിസ്ത്യന്‍ സ്ത്രീകള്‍ പല മതപരമായ ചടങ്ങുകളിലും തല മറയ്ക്കുന്നു; കന്യാസ്ത്രീകള്‍ എല്ലായ്‌പ്പോഴും തല മറയ്ക്കുന്നു. മുസ്ലീം പണ്ഡിതന്മാര്‍ ‘ഹിജാബ്’ മുസ്ലീം വസ്ത്രധാരണ രീതിയായി അവകാശപ്പെടുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തല മറയ്ക്കുന്ന പാരമ്പര്യം ലോകത്ത് നിലനിന്നിരുന്നു. പരമ്പരാഗത അറബികള്‍, എല്ലാ മതങ്ങളിലെയും, ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ‘ഹിജാബ്’ ധരിച്ചിരുന്നത് ഇസ്ലാം കൊണ്ടല്ല, പാരമ്പര്യം കൊണ്ടാണ്. ഉദാഹരണത്തിന് സൗദി അറേബ്യയില്‍, എല്ലാ പുരുഷന്മാരും തല മറയ്ക്കുന്നത് ഇസ്ലാം കാരണമല്ല, പാരമ്പര്യം കൊണ്ടാണ്.

ഉത്തരാഫ്രിക്കയില്‍ ടുവാരെഗ് (Tuareg) എന്ന ഒരു ഗോത്രമുണ്ട്. അവരില്‍ മുസ്ലിം പുരുഷന്മാരാണ് ‘ഹിജാബ്’ ധരിക്കുന്നത്, സ്ത്രീകള്‍ ധരിക്കുന്നില്ല. അവരുടെ പാരമ്പര്യ രീതി അതാണ്. അതില്‍ മതവിധി ഇല്ല. ‘ഹിജാബ്’ ധരിക്കുന്നത് ഭക്തിയും ധര്‍മ്മബോധവുമുള്ള മുസ്ലിം സ്ത്രീയുടെ അടയാളമാണെങ്കില്‍, മദര്‍ തെരേസ അതില്‍ ആദ്യമായി എണ്ണപ്പെടുമായിരുന്നു.

ചുരുക്കത്തില്‍, ‘ഹിജാബ്’ ഒരു പരമ്പരാഗത വസ്ത്രമാണ്, ഇസ്ലാമുമായോ മറ്റേതെങ്കിലും മതവുമായോ അതിന് യാതൊരു ബന്ധവുമില്ല. ലോകത്തിന്റെ ചില മേഖലകളില്‍ പുരുഷന്മാര്‍ ‘ഹിജാബ്’ ധരിക്കുമ്പോള്‍ മറ്റുള്ളവയില്‍ സ്ത്രീകളാണത് ധരിക്കുന്നത്. മതത്തെ പാരമ്പര്യവുമായി കൂട്ടിക്കലര്‍ത്തുന്നത് ശരിയല്ല. സൗദി അറേബ്യയില്‍ പോലും ഇസ്ലാമിക നിയമങ്ങള്‍ക്കല്ല പലപ്പോഴും പ്രസക്തിയുള്ളത് എന്ന് ഇവിടുത്തെ പണ്ഡിതന്മാര്‍ ഓര്‍ക്കേണ്ടതുണ്ട്. അവിടെ പാരമ്പര്യ ഗോത്രനിയമങ്ങളാണ് പലപ്പോഴും അനുവര്‍ത്തിക്കപ്പെടുന്നത്.

ഖുര്‍ആനിലെ ‘ഖിമാര്‍’ എന്ന വാക്ക്:
ഖുര്‍ആനില്‍ 24:31-ല്‍ ‘ഖിമാര്‍’ എന്ന വാക്ക് കാണാം. മുസ്ലിം സ്ത്രീകള്‍ക്കുള്ള ഡ്രസ് കോഡിന്റെ ആദ്യ അടിസ്ഥാന നിയമം 7:26 ലും ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്.

സ്ത്രീകളുടെ വസ്ത്രധാരണ നിയമത്തിന്റെ രണ്ടാമത്തെ നിയമം 24:31 ലും കാണാം.
(സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ സൗന്ദര്യത്തില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുകയും ചെയ്യുക, അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്മാര്‍, അവരുടെ ഭര്‍തൃപുത്രന്മാര്‍, അവരുടെ സഹോദരന്മാര്‍ , അവരുടെ സഹോദര പുത്രന്മാര്‍, അവരുടെ സഹോദരീ പുത്രന്മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ സൗന്ദര്യം അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.)

‘ഖിമാര്‍’ എന്ന അറബി വാക്കിന്റെ അര്‍ത്ഥം മക്കന (ബഹുവചനം, ഖുമുര്‍ – മക്കനകള്‍) എന്ന് കൊടുത്തരിക്കുന്നതു കാണാം. മൂടുപടം, കര്‍ട്ടന്‍, ഡ്രസ് എന്നിങ്ങനെ ഏത് കവറിനെയും ‘ഖിമാര്‍’ എന്ന് വിളിക്കാം. രണ്ട് വാക്കുകളും അര്‍ത്ഥമാക്കുന്നത്: അത് ഉള്‍ക്കൊള്ളുന്നു. ‘ഖിമാര്‍’ ഒരു ജനല്‍, ശരീരം, ഒരു മേശ തുടങ്ങിയവയെ മൂടുന്നു, ‘ഖിമാര്‍’ എന്നത് മനസ്സിനെ മൂടുന്നു. പരമ്പരാഗത വിവര്‍ത്തകര്‍, വ്യക്തമായും ഹദീസും സംസ്‌കാരവും സ്വാധീനിച്ചു, 24:31 ലെ ‘ഖിമാര്‍’ എന്നതിന് ഒരു അര്‍ത്ഥമേ ഉള്ളൂ, അതാണ് തല മറയെന്നും അവകാശപ്പെടുന്നു. അങ്ങനെ, മുടി മറയ്ക്കാന്‍ 24:31 കല്‍പ്പിക്കുന്നു എന്ന് അവര്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുന്നു!

24:31-ല്‍ ദൈവം സ്ത്രീകളോട് അവരുടെ പിളര്‍പ്പ് മറയ്ക്കാന്‍ അവരുടെ ‘ഖിമാര്‍’ (കവര്‍/വസ്ത്രം) ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. വസ്ത്രം, കോട്ട്, ഷാള്‍, ഷര്‍ട്ട്, ബ്ലൗസ്, സ്‌കാര്‍ഫ് തുടങ്ങിയവ ഉപയോഗിച്ച് നെഞ്ച് മറയ്ക്കാം.

സര്‍ക്കാരുകള്‍ ഹിജാബ് നിരോധിക്കുന്നു
പതിനൊന്നു വര്‍ഷം മുമ്പാണ്, ഒരു അറബ് രാജ്യമായ സിറിയ യിലെ സര്‍വ്വകലാശാലകളില്‍ നിഖാബ് എന്നറിയപ്പെടുന്ന മുഖം മൂടുന്ന ഇസ്ലാമിക മൂടുപടം നിരോധിച്ചത്. രാജ്യത്തെ മതേതര സ്വത്വത്തിന് ഭീഷണി എന്നാണ് അതിന്നു കാരണമായി പറഞ്ഞത്. അവിടുത്തെ സര്‍ക്കാര്‍ സര്‍വ്വകലാശാലകള്‍ക്കും സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും ഈ നിരോധനം ബാധകമാണ്.

ഒരു മതേതര, സ്വേച്ഛാധിപത്യ ഭരണത്തില്‍ ഇങ്ങനെയൊരു നടപടി ശ്രദ്ധിക്കപ്പെടാതെ പോവരുത്. തീവ്ര യാഥാസ്ഥിതിക ഇസ്ലാമിന്റെ ഏറ്റവും പ്രകടമായ മുഖമുദ്രയാണ് നിഖാബ്. അത് ധരിക്കുന്ന സ്ത്രീകളെ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് തടയാന്‍ സിറിയന്‍ അധികൃതര്‍ എല്ലാ സര്‍വ്വകലാശാലകള്‍ക്കും നിര്‍ദ്ദേശം നല്‍കുകയുണ്ടായി.

സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളില്‍ നിഖാബ് ധരിച്ച നൂറുകണക്കിന് പ്രൈമറി സ്‌കൂള്‍ അധ്യാപകരെ ഒരു മാസം മുമ്പ് അഡ്മിനിസ്‌ട്രേറ്റീവ് ജോലികളിലേക്ക് മാറ്റിയതായും വാര്‍ത്തയുണ്ടായിരുന്നു. (Associated Press, Damascus. 20 July 2010)

ദമാസ്‌കസിലെ നിയമ പ്രൊഫസറും വനിതാവകാശ പ്രവര്‍ത്തകയുമായ കിന്‍ഡ അല്‍-ഷമ്മത് v- (Kindaal Shammat )- പ്രസ്തുത തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് അത് സിറിയയുടെ ലിബറലിസത്തിന് അനുസൃതമാണെന്നു പ്രഖ്യാപിക്കുകയുണ്ടായി.

മതേതര ചായ്‌വുള്ള അറബ് രാജ്യങ്ങളായ ജോര്‍ദാന്‍, ലെബനന്‍ എന്നിവിടങ്ങളില്‍ മൂടുപടം ധരിക്കുന്നത് വ്യാപകമായിട്ടുണ്ട്. മൂടുപടം മുഖംമൂടികളായി ധരിക്കുന്ന കൊള്ളക്കാരുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തതുകൊണ്ട് ജോര്‍ദാന്‍ ഗവണ്‍മെന്റ് അതിനെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

തുര്‍ക്കി അവിടുത്തെ സര്‍വ്വകലാശാലകളില്‍ മുസ്ലിം ശിരോവസ്ത്രം നിരോധിച്ചിരിക്കുന്നു. സ്‌കൂളുകളില്‍ അവ അനുവദിക്കാനുള്ള ശ്രമങ്ങള്‍ ആധുനിക തുര്‍ക്കിയുടെ മതേതര നിയമങ്ങള്‍ക്കെതിരാണെന്ന് നിരവധി വിമര്‍ശകര്‍ പറയുന്നു. ഫ്രാന്‍സ്, സ്‌പെയിന്‍, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് എന്നിവയുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ പര്‍ദ്ദ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം പരിഗണിക്കുന്നത്. ഫ്രാന്‍സില്‍ പാര്‍ലമെന്റിന്റെ അധോസഭ ബുര്‍ഖ മാതൃകയിലുള്ള ഇസ്ലാമിക മൂടുപടം ധരിക്കുന്നതിനുള്ള നിരോധനത്തിന് അംഗീകാരം നല്‍കി.ഇത്തരം നിരോധനങ്ങള്‍ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും എല്ലാ മുസ്ലിങ്ങളെയും കളങ്കപ്പെടുത്തുമെന്നും എതിരാളികള്‍ പറയുന്നു.

കൊസോവോ (Kosovo,2009 മുതല്‍), അസര്‍ബൈജാന്‍ (Azerbaijan 2010 മുതല്‍), ടുണീഷ്യ (Tunisia 1981 മുതല്‍), തുര്‍ക്കി (Turkey) എന്നിവയാണ് പൊതുവിദ്യാലയങ്ങളിലും സര്‍വകലാശാലകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും ബുര്‍ഖ നിരോധിച്ചിരിക്കുന്ന മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍. സിറിയയും ഈജിപ്തും സര്‍വകലാശാലകളില്‍ മുഖം മൂടുന്നത് നിരോധിച്ച രണ്ടു പ്രധാന ഇസ്ലാമിക രാജ്യങ്ങളാണ്.

ബുര്‍ക്ക നിരോധിച്ച മറ്റു രാജ്യങ്ങള്‍:-
സ്വിറ്റ്‌സര്‍ലന്‍ഡ്: മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന ബുര്‍ക്ക അല്ലെങ്കില്‍ നിഖാബ് ഉള്‍പ്പെടെ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിക്കുന്നതിനെ അനുകൂലിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രതിനിധി സഭ വോട്ട് ചെയ്തു.

ഫ്രാന്‍സ്: പൊതുസ്ഥലങ്ങളില്‍ ബുര്‍ക്ക ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്. അവിടെ പാര്‍ലമെന്റിന്റെ അധോസഭ പൊതുസ്ഥലത്ത് ഇസ്‌ലാമിക മൂടുപടം നിരോധിക്കുന്ന ബില്ലിന് അംഗീകാരം നല്‍കി.

ബെല്‍ജിയം: നിഖാബ് നിരോധിച്ച മറ്റൊരു യൂറോപ്യന്‍ രാജ്യമാണ് ബെല്‍ജിയം. പാര്‍ലമെന്റിന്റെ അധോസഭ പൊതുസ്ഥലങ്ങളില്‍ വ്യക്തികളെ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള വസ്ത്രങ്ങള്‍ നിരോധിക്കുന്ന ഒരു നിയമം പാസാക്കി.

നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്ക 2021 ഏപ്രില്‍ 29 മുതല്‍ ‘ദേശീയ സുരക്ഷാ ആശങ്കകള്‍ കാരണം’ പൊതു സ്ഥലങ്ങളില്‍ എല്ലാത്തരം മുഖംമൂടികളും നിരോധിക്കുന്ന ഏറ്റവും അവസാനത്തെ രാജ്യമാണിപ്പോള്‍. അവിടെ 2019-ല്‍ ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ചാവേര്‍ ബോംബാക്രമണത്തിനു ശേഷം ബുര്‍ഖ ധരിക്കുന്നത് താല്‍ക്കാലികമായി നിരോധിച്ചു. (ബോംബാക്രമണത്തില്‍ 260-ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.) ജര്‍മ്മനി 2020 ജൂലൈയില്‍, എല്ലാ സ്‌കൂളുകളിലും ബുര്‍ഖയും നിഖാബും നിരോധിച്ചു. പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ഈ നിയമം ബാധകമാക്കിയിട്ടുണ്ട്.

2009-ല്‍, ഈജിപ്തിലെ അന്നത്തെ പ്രമുഖ മുസ്ലീം പുരോഹിതന്‍ ഷെയ്ഖ് മുഹമ്മദ് സയ്യിദ് തന്താവി, സുന്നി ഇസ്‌ലാമിക പണ്ഡിതരുടെയും ഉന്നത പഠനത്തിന്റെയും കേന്ദ്രമായ അല്‍-അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനികളുടെ നിഖാബ് നിരോധിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. (മൂടുപടം നിരോധിക്കുന്നതിന് ഫ്രാന്‍സ് ഏര്‍പ്പെടുത്തിയേക്കാവുന്ന ഏത് നിയമവും ഫ്രഞ്ച് മുസ്ലീങ്ങള്‍ അനുസരിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം മറ്റ് മുസ്ലീം പണ്ഡിതന്മാരെ അസ്വസ്ഥരാക്കി.)

വനിതാ അക്കാദമിക് സ്റ്റാഫിനെ നിഖാബ് ധരിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള കെയ്‌റോ സര്‍വകലാശാലയുടെ മുന്‍ മേധാവി 2015-ല്‍ കൊണ്ടുവന്ന തീരുമാനത്തെ ഒരു ഉന്നത ഈജിപ്ഷ്യന്‍ കോടതി പിന്തുണച്ചു. വിധി അന്തിമമാണെന്നും അപ്പീലിന് വിധേയമാകില്ലെന്നും ‘അശ്ശര്‍ഖുല്‍ ഔസത്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യാമ്പസില്‍ മുഖം മറയ്ക്കുന്നത് വിലക്കിയ മുന്‍ തീരുമാനത്തിനെതിരെ കെയ്‌റോ സര്‍വ്വകലാശാലയിലെ നിഖാബ് ധാരിണികളായ എണ്‍പതു ഗവേഷകര്‍ സമര്‍പ്പിച്ച അപ്പീല്‍ അഡ്മിനിസ്‌ട്രേറ്റീവ് ജുഡീഷ്യറി കോടതി അടുത്തിടെ നിരസിച്ചതായി ഈജിപ്തിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ചില മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന നിഖാബ്, കണ്ണുകള്‍ ഒഴികെ മുഖം മുഴുവന്‍ മൂടുന്നു.

ഈജിപ്തിലെ സ്‌റ്റേറ്റ് കമ്മീഷണേഴ്‌സ് അതോറിറ്റി നിരോധന തീരുമാനം ശരിവെക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളും അധ്യാപക ജീവനക്കാരും തമ്മിലുള്ള വിദ്യാഭ്യാസ പ്രക്രിയയെയും ആശയവിനിമയത്തെയും നിഖാബ് ദോഷകരമായി ബാധിക്കുന്നു. അതനുസരിച്ച്, വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ഇടപഴകല്‍ തടസ്സപ്പെടുന്നു. ഈ അടിസ്ഥാനത്തിലാണ് നിഖാബ് നിരോധിച്ചത്.

ഇറാഖിലെ മൊസൂളില്‍
ഐസിസ് (Islamic State of Syria and Iraq) എന്ന ഇസ്ലാമിക ഭീകര സംഘടന മാരകമായ ആക്രമണം നടത്താന്‍ ബുര്‍ഖ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇറാഖി സൈന്യം അത് നിരോധിച്ചു. ഇറാഖി സേനയെ ലക്ഷ്യമിടാന്‍ ഐസിസ് പ്രധാനമായും ആശ്രയിക്കുന്നത് ‘ഒളിപ്പോരാളികളെയും ചാവേര്‍ ബോംബര്‍മാരെയുമാണ്’. ഈ ഇറാഖി നഗരത്തില്‍ നിന്ന് ഭീകരരെ തുരത്താന്‍ സര്‍ക്കാര്‍ സൈന്യം ശ്രമിക്കുന്നതിനാല്‍ അവിടുത്തെ നിവാസികള്‍ ശിരോവസ്ത്രമോ നിഖാബോ ധരിക്കാന്‍ പാടില്ല.

ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിഖാബ് നിരോധിക്കാനുള്ള പദ്ധതി വിവാദം സൃഷ്ടിക്കുകയുണ്ടായി. മുന്‍ ചീഫ് സെക്യൂരിറ്റി മന്ത്രി വിറാന്റോയ് (Wiranto) ക്കെതിരെ രണ്ട് തീവ്രവാദികള്‍ നടത്തിയ കത്തി ആക്രമണത്തെ തുടര്‍ന്നാണ് സുരക്ഷാ നടപടിയെന്ന നിലയില്‍ മതകാര്യ മന്ത്രി ഫച്‌റുല്‍ റാസി (Fachrul Razi) പദ്ധതി നിര്‍ദ്ദേശിച്ചത്. 2021 ഫെബ്രുവരി 05 ല്‍ ജക്കാര്‍ത്തയില്‍ നിന്നുള്ള ഒരു എ.എഫ്.പി റിപ്പോര്‍ട്ട് ഇങ്ങനെ പറയുന്നു: ഒരു ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ മൂടുപടം ധരിക്കാന്‍ നിര്‍ബന്ധിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് പെണ്‍കുട്ടികളെ ഇസ്ലാമിക ‘ഹിജാബ്’ ശിരോവസ്ത്രം – ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നു സര്‍ക്കാര്‍ ഉത്തരവിട്ടു; സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചു. തികഞ്ഞ മതേതര സ്വഭാവം പുലര്‍ത്തുന്ന ഈ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മുസ്ലിം ഇതര പെണ്‍കുട്ടികള്‍ വര്‍ഷങ്ങളായി ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിതരാണെന്ന് ആക്ഷേപിച്ചിരുന്ന ആക്ടിവിസ്റ്റുകള്‍ ഈ നീക്കത്തെ പ്രശംസിച്ചു. അറേബ്യന്‍ ഉപഭൂഖണ്ഡ രാജ്യങ്ങളിലെ സ്ത്രീകള്‍ ധരിക്കുന്ന നിഖാബ് എന്ന മുഖംമൂടിയെ മിക്ക ഇന്തോനേഷ്യക്കാരും വൈദേശിക വസ്ത്രമായും മതതീവ്രതയുടെ ലക്ഷണമായും മനസ്സിലാക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള ഇന്തോനേഷ്യയിലെ ജനങ്ങളാണ് ഈ ഉദ്ബുദ്ധത കാണിക്കുന്നതെന്നോര്‍ക്കണം. സൗദി അറേബ്യയില്‍ വീട്ടുജോലിക്കു പോവുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതും ദാറുല്‍ ഇസ്‌ലാം, ജമാഅത്തെ ഇസ്ലാമിയ തുടങ്ങിയ അറബ് ബന്ധമുള്ള തീവ്ര സംഘടനകളുടെ വളര്‍ച്ചയും ഇന്തോനേഷ്യന്‍ ജനതയെ അലോസരപ്പെടുത്തു ന്നുണ്ട്. ഈ രണ്ട് തീവ്രവാദ ഗ്രൂപ്പുകളും രാജ്യത്തെ മതേതരത്വത്തില്‍ നിന്ന് അകറ്റി ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കുന്നതിനുള്ള ദൗത്യം പങ്കിടുന്നു.

തീവ്രവാദത്തിന്റെയും ഭീകരതയുടെയും ആയുധം
ഇസ്ലാമിക പാരമ്പര്യത്തിന്റെ ഭാഗമാണെന്നു പറയാമെങ്കിലും അതിന്റെ മൂലഗ്രന്ഥമായ ഖുര്‍ആനില്‍ ഹിജാബിനെ വ്യക്തമായി നിര്‍വചിച്ചിട്ടില്ല. അത് അടിസ്ഥാനപരമായി മതപരമല്ല. അതിന്റെ പിന്നില്‍ വിശ്വാസമോ, ഭക്തിയോ, സദാചാരബോധമോ ഇല്ല. പലപ്പോഴും വ്യക്തിപരവും സാംസ്‌കാരികവുമായ ആശയവും ആചാരവുമായി അത് നിലനില്‍ക്കുന്നു. ഹിജാബിന്റെ ആവിഷ്‌കാരം മുസ്ലീം ലോകത്തിനകത്തും പുറത്തും വ്യത്യസ്തമാണ്. ഖുര്‍ആനിലെ ചുരുക്കം ചില വാക്യങ്ങള്‍ വസ്ത്രധാരണത്തെ കുറിച്ചുള്ള പ്രസക്തമായ ചില ആശയങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട് എന്ന് മാത്രം. എന്തായാലും ഇപ്പോള്‍ ഹിജാബ് ഏറെ വിവാദപരമായ ഒരു വിഷയമാണ്. അത് ചില മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ ഒരു ആരാധനയാണ്. സംസാര സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും പോലെ സമൂഹം ഉറപ്പുനല്‍കുന്ന ഒരു അവകാശമാണ് എന്നൊക്കെ പറയാമെങ്കിലും അത് ഇന്ന് ഇസ്ലാമിക ഐഡന്റിറ്റിയുടെ ശക്തമായ സൂചകമായി മാറിയിരിക്കുന്നു. അതൊരു രാഷ്ട്രീയ ശക്തിയുടെയും മതമൗലികവാദത്തിന്റെയും അടയാളമായി ത്തീര്‍ന്നിരിക്കുന്നു. മുഖ്യധാരാ സമൂഹത്തില്‍ ചേരാന്‍ കുടിയേറ്റക്കാരും മതം മാറിയവരും വിസമ്മതിക്കുന്നതിന്റെ ശക്തമായ ലക്ഷണമായിക്കഴിഞ്ഞ ഹിജാബ് ചിലപ്പോള്‍ സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള ഒരു ഉപാധിയായും വര്‍ത്തിക്കുന്നു.

യഥാര്‍ത്ഥത്തില്‍, കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തു തഴച്ചു വളര്‍ന്നു പന്തലിച്ചു പൂവിട്ട തീവ്ര ഇസ്ലാമിസത്തിന്റെ ഒരു ആയുധവും തന്ത്രവുമാണ് ഇന്ന് നമ്മുടെ മുമ്പിലുള്ള ഹിജാബ്. സദാ പ്രവര്‍ത്തന നിരതമായ ഒരു പ്രസ്ഥാനം മാത്രമേ സജീവമായി നിലനിന്നു വളരുകയുള്ളൂ. അങ്ങിനെ തീവ്ര ഇസ്ലാമിനെ കൂടുതല്‍ കൂടുതല്‍ സുശക്തമാക്കണമെങ്കില്‍ നിരന്തരം പ്രവര്‍ത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കേണ്ടതുണ്ട്. ആവശ്യത്തിന് ജനശ്രദ്ധയും പബ്ലിസിറ്റിയും ഒക്കെ വേണം. അതിനു ഇടയ്ക്കിടെ ഓരോ പ്രശ്‌നങ്ങള്‍ ജനമധ്യത്തില്‍ എടുത്തിടണം. ആവേശത്തോടെയും വാശിയോടെയും സമര രംഗത്തിറങ്ങാന്‍ ആളുകള്‍ വേണം; പ്രത്യേകിച്ച് സ്ത്രീജനങ്ങള്‍. പൊതുജനശ്രദ്ധയും പിന്തുണയും സഹതാപവും പിടിച്ചു പറ്റാന്‍ കഴിയണം. അതിനൊക്കെ പറ്റിയ ഏറ്റവും ഫലപ്രദമായ ആയുധങ്ങളില്‍ ഒന്നാണ് ഹിജാബ്. അതില്‍ കൊടും ഭീകരതയുടെ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നത് കാണാന്‍ കഴിയുന്നില്ലെങ്കില്‍ നാം അശ്രദ്ധരാണെന്ന് സ്വയം സമ്മതിക്കേണ്ടി വരും. ഹിജാബിനെ ഫലപ്രദമായി നിയന്ത്രിക്കാനും നിരോധിക്കാനും കഴിഞ്ഞില്ലെങ്കില്‍ നാം അശക്തരാണെന്ന് സ്വയം മനസ്സിലാക്കി ദുഃഖിക്കുകയല്ലാതെ മറ്റെന്തു മാര്‍ഗ്ഗം?

 

Share20TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies