സബ്‌സിഡി നല്‍കിയും, കടം എഴുതിത്തള്ളിയും, പലിശരഹിത വായ്പകള്‍ പ്രഖ്യാപിച്ചും, പാക്കേജുകളുടെ പിന്‍ബലത്തോടെയും, എന്നും ദരിദ്രരായിത്തന്നെ നിലനിര്‍ത്തേണ്ട ഒരു വിഭാഗമാണ് ഭാരതത്തിലെ കര്‍ഷകര്‍ എന്നുള്ള പരമ്പരാഗത വിശ്വാസത്തെ പൊളിച്ചെഴുതുവാന്‍ സമയമതിക്രമിച്ചിരിക്കുന്നു. എന്നാല്‍ സബ്‌സിഡി നിര്‍ത്തലാക്കണം എന്നുള്ള ആവശ്യമല്ല ഇവിടെ ഉന്നയിക്കുന്നത്.
ലോക വാണിജ്യ സംഘടന, (ഡബ്ല്യുടിഒ) 2001 ല്‍ ദോഹയില്‍ സമ്മേളിച്ചപ്പോള്‍ മുന്നോട്ടുവെച്ച ദോഹ ഡെവലപ്‌മെന്റ് അജണ്ടയില്‍, അവികസിതവും വികസ്വരവുമായ രാജ്യങ്ങളെ സബ്‌സിഡിയുടെ പേരില്‍ ശ്വാസംമുട്ടിച്ചു കൊല്ലാന്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ തയ്യാറെടുത്തപ്പോള്‍ അതിനെതിരെ പ്രതികരിച്ചത് ഭാരതമാണ്. അന്ന് ഭാരതം ഉയര്‍ത്തിയ പ്രതിരോധത്തില്‍ 162-ല്‍ 100 രാജ്യങ്ങളുടെ പിന്തുണ നേടുവാന്‍ നമുക്ക് സാധിച്ചു. അന്ന് അടല്‍ ബിഹാരി വാജ്‌പേയ് ഈ ആവശ്യമുയര്‍ത്തി രംഗത്ത് ഇറങ്ങുമ്പോള്‍ ഭാരതത്തെ പിന്തുണയ്ക്കാന്‍ 17 രാജ്യങ്ങള്‍ മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് ഭാരതത്തിന്റെ ആഗോള ദൗത്യം വിജയിപ്പിക്കുവാന്‍ 100 രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ നമുക്ക് സാധിച്ചു. ഭക്ഷ്യസുരക്ഷ, ജീവന ഉപാധിയുടെ സുരക്ഷ, ഗ്രാമീണ വികസനം എന്നിവയെ മുന്‍നിര്‍ത്തി സ്‌പെഷ്യല്‍ സെയ്ഫ് ഗാര്‍ഡ് മെക്കാനിസം (എസ്.എസ്.എം) സ്ഥാപിച്ചെടുക്കുന്നതില്‍ വാജ്‌പേയ്‌യുടെ ബിജെപി ഗവണ്‍മെന്റാണ് അന്ന് ലോകത്തിന് നേതൃത്വം കൊടുത്തത്.
ഇന്ന് പിയൂഷ് ഗോയല്‍
ഇന്ന് ആഗോള മത്സ്യബന്ധന മേഖലയില്‍ സമ്പദ് രാഷ്ട്രങ്ങള്‍ നല്‍കുന്ന അമിതമായ സബ്‌സിഡി മൂലം അവികസിത വികസ്വര രാഷ്ട്രങ്ങളിലെ മത്സ്യബന്ധന തൊഴിലാളികള്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വരുന്നുണ്ട് എന്ന് ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ശക്തമായി വാദിച്ചു. പല അവികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവാന്മാരല്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ മേഖലയില്‍ ലോകത്തെ ദരിദ്ര രാജ്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ബാധ്യതയും ചുമതലയും ഇന്ന് ഭാരതത്തിനാണ് ഉള്ളത്.
കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധനവും, ശാസ്ത്രസാങ്കേതിക വിദ്യകളുടെ പിന്തുണയും, മാത്രമല്ല ഭാരത ചരിത്രത്തില്‍ ആദ്യമായി കാര്‍ഷിക യൂണിവേഴ്‌സിറ്റികളുടെയും കോളേജുകളുടെയും സിലബസുകള്‍ തന്നെ കേന്ദ്രം പൊളിച്ചെഴുതാന്‍ പോകുകയാണ്. കാര്‍ഷിക സഹകരണ സ്ഥാപനങ്ങള്‍ മുഴുവന്‍ അടിയന്തരമായി ഡിജിറ്റലൈസ് ചെയ്യുകയും കമ്പ്യൂട്ടറൈസ് ചെയ്യുകയും അഖിലേന്ത്യാതലത്തില്‍ ഒറ്റ നെറ്റ്‌വര്‍ക്കിന് കീഴില്‍ കൊണ്ടുവരികയും ചെയ്യാനുള്ള നീക്കം കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട ഗതിമാറ്റത്തെ ആണ് സൂചിപ്പിക്കുന്നത്.
താങ്ങു വിലക്ക് പിന്തുണ
ധാന്യ സംഭരണത്തിന് 2.73 ലക്ഷം കോടി രൂപയുടെ വിഹിതം പ്രഖ്യാപിച്ചത്, താങ്ങുവില കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടില്ല എന്നുള്ളതിന് വ്യക്തമായ തെളിവാണ്.
ഇക്കാര്യത്തില്‍ കേരളത്തിലെ കേരകര്‍ഷകരില്‍ നിന്ന് ഉയര്‍ന്ന താങ്ങുവില നല്‍കി കൊപ്ര സംഭരിക്കാനുള്ള നിര്‍ദ്ദേശവുമുണ്ട്. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ എന്നിവ വഴിയാണ് ഈ സംഭരണം നടക്കുക. സംഭരണ ഏജന്‍സികള്‍ക്ക് ഒരു ശതമാനം കമ്മീഷന്‍ നല്‍കാനും, ക്വിന്റല്‍ ഒന്നിന് 30 രൂപ കൈകാര്യം ചിലവ് കൊടുക്കുവാനും, ഗോഡൗണിലേക്ക് ചരക്ക് എത്തിക്കാനുള്ള ചിലവ് വഹിക്കുവാനും, കേന്ദ്രം തയ്യാറായി എന്നുമാത്രമല്ല സംഭരണം നടന്ന് മൂന്ന് ദിവസത്തിനകം കര്‍ഷകന്റെ അക്കൗണ്ടില്‍ പണം എത്തിക്കുകയും ചെയ്യും. ഭക്ഷ്യ എണ്ണയ്ക്കു വേണ്ടി വിദേശരാജ്യങ്ങളെ ഇപ്പോഴും ആശ്രയിക്കുന്ന അടിമത്തം അവസാനിപ്പിക്കുക എന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ ഇത്തവണത്തെ ലക്ഷ്യമാണ്. ഇതിനായി എണ്ണക്കുരുക്കളുടെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികളിലേക്ക് കേന്ദ്രം കടന്നിരിക്കുന്നു.
കാര്‍ഷികരംഗം ആധുനികമാക്കുന്നു
പാശ്ചാത്യ രാജ്യങ്ങളും പൗരസ്ത്യ രാജ്യങ്ങളും എന്ന വ്യത്യാസമില്ലാതെ ലോകമെമ്പാടും കാര്‍ഷിക രംഗത്ത് ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളും ആധുനിക യന്ത്ര സംവിധാനങ്ങളും ഉപയോഗിച്ച് മുന്നേറുമ്പോള്‍ ഭാരതം മാത്രം ഇന്നും പരമ്പരാഗത കൃഷിരീതി അവലംബിക്കുന്നത് രാജ്യപുരോഗതിക്ക് വിഘാതം സൃഷ്ടിക്കും.
ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ വേണ്ടിയാണ് പിപിപി മോഡല്‍ സ്ഥാപനങ്ങളിലൂടെ ആധുനിക സാങ്കേതികവിദ്യകളും യന്ത്രങ്ങളും കര്‍ഷകരിലേക്ക് കൈമാറുന്നത്. ഉയര്‍ന്ന വിലയുള്ള കാര്‍ഷിക ഉപകരണങ്ങള്‍ നബാര്‍ഡ് പോലുള്ള കാര്‍ഷിക സ്ഥാപനങ്ങള്‍ വഴി കര്‍ഷകര്‍ക്ക് വാടകയ്ക്ക് കിട്ടും. എന്നു മാത്രമല്ല ഇത്തരം ഉപകരണങ്ങള്‍ സ്വന്തമായി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനായുള്ള പ്രത്യേക വായ്പയും നല്‍കും. ഈ വായ്പകള്‍ക്ക് 35 ശതമാനം മുതല്‍ 90 ശതമാനം വരെ സബ്‌സിഡിയും ഉണ്ടാവും.
ഡ്രോണുകള്‍ പറക്കും പാടങ്ങള്‍ വരുന്നു
ആളില്ലാത്ത വിദൂര നിയന്ത്രിത ചെറുവിമാനങ്ങള്‍ ആണ് ഡ്രോണുകള്‍. വിളവ് തിട്ടപ്പെടുത്താനും കീടനാശിനി എവിടെയൊക്കെ എത്രമാത്രം അളവില്‍ തളിക്കണമെന്നും വളം ആവശ്യമുള്ളിടത്ത് മാത്രം കൃത്യമായ അളവില്‍ വളം വിതറാനും ഭൂമിയുടെ അതിര്‍ത്തിയും വിസ്തീര്‍ണ്ണവും രേഖകളും കൃത്യമാക്കുവാനും ഉള്ള ആധുനിക സാങ്കേതിക വിദ്യയാണ് കാര്‍ഷിക ഡ്രോണുകള്‍ വഴി യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നത്.
നദീ സംയോജനവും നദീ സംരക്ഷണവും
രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് വലിയ നദികളെ തമ്മില്‍ സംയോജിപ്പിക്കുകയും ചെറു നദികളുടെ ജലധാര സംരക്ഷിക്കുകയും ചെയ്യുക എന്നുള്ള തീരുമാനം വിശാലമായ ജലലഭ്യതയിലൂടെ ലക്ഷക്കണക്കിന് ഹെക്ടര്‍ സ്ഥലത്ത് കൂടുതല്‍ കൃഷി സാധ്യമാക്കുക എന്ന ലക്ഷ്യമാണ് മുന്നില്‍ വച്ചിരിക്കുന്നത്.
കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍, കര്‍ഷകരെ സംരംഭകരാക്കണം
ഐടി മേഖലയില്‍ തുടക്കം കുറിക്കുകയും ബിസിനസ് മേഖലയില്‍ വിജയം വരിക്കുകയും ചെയ്ത സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് ഏറെ അനുയോജ്യമാണ് എന്ന് കണ്ടെത്തിയ കേന്ദ്ര ഗവണ്‍മെന്റ് എടുത്ത വിപ്ലവകരമായ മറ്റൊരു തീരുമാനമാണ് കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍. ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പണം നല്‍കാന്‍ പ്രത്യേകമായ ഫണ്ട് നബാര്‍ഡിന് അനുവദിച്ചു നല്‍കിയിട്ടുണ്ട്. ലോകത്ത് ഏറ്റവുമേറെ ഭക്ഷ്യ വൈവിധ്യം ഉള്ള രാജ്യം ഭാരതമാണ്. കാലാവസ്ഥ, മണ്ണ്, ഭൂപ്രകൃതി എന്നിവയാല്‍ ഈ വൈവിധ്യം കൂടുതല്‍ വിപുലീകരിക്കാനും നമുക്ക് സാധിക്കും. മൂല്യവര്‍ദ്ധിത ഭക്ഷ്യവസ്തുക്കള്‍ക്ക് ലോക മാര്‍ക്കറ്റില്‍ വലിയ സ്ഥാനമാണ് ഉള്ളത്. മനുഷ്യന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഭക്ഷ്യവസ്തുക്കള്‍ ആവശ്യമായതിനാല്‍ അതിനുള്ള ഡിമാന്‍ഡ് വര്‍ദ്ധിക്കുക മാത്രമേ ഉള്ളൂ. എന്നാല്‍ ലോകം മുഴുവന്‍ മനുഷ്യവിഭവശേഷി കയറ്റുമതി ചെയ്യാന്‍ കഴിയുന്ന ഭാരതത്തിന് ലോകം മുഴുവന്‍ ഭക്ഷ്യവിഭവങ്ങളും കയറ്റുമതി ചെയ്യാന്‍ കഴിയുമെന്ന് നാം ഇനി എന്നാണ് തിരിച്ചറിയുക? കര്‍ഷകര്‍ സംരംഭകര്‍ ആവണം എന്നുള്ളതാണ് പ്രധാനമന്ത്രിയുടെ ഉദാത്തമായ ലക്ഷ്യം. അതിനായി പതിനായിരം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, ഓര്‍ഗനൈസേഷനുകള്‍ എന്നിവയാണ് അദ്ദേഹം വിഭാവനം ചെയ്തിരിക്കുന്നത്. അതിനായി കഴിഞ്ഞ ബജറ്റില്‍ തന്നെ ഒരു ലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കര്‍ഷകനെ എന്നും അസംസ്‌കൃത ഭക്ഷ്യ വസ്തുക്കള്‍ മാത്രം ഉല്പാദിപ്പിക്കുന്ന യുഗത്തില്‍നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ലോക മാര്‍ക്കറ്റില്‍ എത്തിക്കുന്ന പദവിയിലേക്ക് ഉയര്‍ത്തുകയാണ് വേണ്ടത്. കൃഷിയിടത്തില്‍ നിന്നു തന്നെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്തു ആഗോള മാര്‍ക്കറ്റിലേക്ക് എത്തിക്കുവാന്‍ കഴിയുംവിധം ഇന്ന് നമുക്ക് സാങ്കേതികവിദ്യകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. യുദ്ധവിമാനങ്ങളും ടാങ്കുകളും മിസൈലുകളും വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ ഭാരതത്തിന് സാധിക്കുമെങ്കില്‍, കാര്‍ഷികരംഗത്ത് എന്തുകൊണ്ട് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിദേശത്തേക്ക് അയച്ചു കൂടാ എന്ന് നാം ചിന്തിക്കണം.
ലോജിസ്റ്റിക്‌സ് വികസനം
ഭാരതത്തില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങളില്‍ 40 ശതമാനം മുതല്‍ 60 ശതമാനം വരെ വഴിയില്‍ കെട്ടിക്കിടന്ന് കേടാവുകയോ വില നഷ്ടപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണ് ഇന്ന് ഉള്ളത്. ഇത് ഒഴിവാക്കാന്‍ വളരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് ചരക്കുകള്‍ എത്തിക്കേണ്ടതുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും വളരെ പെട്ടെന്ന് കേടാവുന്ന പഴം, പച്ചക്കറി, പാല്‍, മുട്ട, മത്സ്യം, ഇറച്ചി എന്നിങ്ങനെ ഉള്ളവയാണ്. എന്നാല്‍ ശീതീകരിച്ച ആധുനിക സംവിധാനങ്ങളോടു കൂടിയ ചരക്ക് ഗതാഗത സൗകര്യങ്ങള്‍ വികസിക്കാത്ത ഒരു രാജ്യമായിരുന്നു ഭാരതം. ഈ രംഗത്ത് മാറ്റങ്ങള്‍ വരാത്തിടത്തോളം കാലം കര്‍ഷകന് അവന്റെ അധ്വാനഫലം നഷ്ടപ്പെട്ടു കൊണ്ടിരിക്കും. ഇത് പരിഹരിക്കാനാണ് ലോജിസ്റ്റിക്‌സ് രംഗത്ത് വലിയ മുതല്‍മുടക്കിനു കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാവുന്നത്.
റബ്ബര്‍ ഇറക്കുമതി നിയന്ത്രണം
കാര്‍ഷികമേഖലയില്‍ നിന്ന് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന നിര്‍മ്മാണ വസ്തുക്കളുടെ നികുതി കൂട്ടിയിട്ടുണ്ട്. ഇതുകാരണം ഭാരതത്തിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധനവും ലഭിക്കും. ഉദാഹരണമായി റബ്ബറിന്റെ കാര്യമെടുക്കാം. ആവശ്യത്തിനുള്ള റബ്ബര്‍ ഉല്‍പാദനം ഇല്ലാത്ത രാജ്യമാണ് ഭാരതം. എന്നിരിക്കിലും വിദേശത്തുനിന്ന് റബ്ബറിന്റെ അസംസ്‌കൃത വസ്തുക്കള്‍ ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ റബ്ബര്‍ വിലയെ അത് ദോഷകരമായി ബാധിക്കാറുണ്ട്. എന്നാല്‍ അവയ്ക്ക് നികുതി കൂട്ടിയത് മൂലം റബ്ബര്‍ ഇറക്കുമതി കുറയുകയും ആഭ്യന്തര വിപണിയില്‍ റബര്‍ വില ഉയരുകയും ചെയ്യും. ഇതുമാത്രമല്ല പ്രതിരോധത്തിനും മറ്റു മേഖലയ്ക്കും റബ്ബര്‍ ഉപയോഗം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും റബ്ബര്‍ വില വര്‍ദ്ധിക്കുകയും ചെയ്യും.
സബ്‌സിഡികളും സംസ്ഥാന സര്‍ക്കാരും
കാര്‍ഷിക രംഗത്തെ വലിയ ആക്ഷേപമാണ് വളത്തിനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും സബ്‌സിഡി വര്‍ദ്ധിക്കുന്നില്ല എന്നുള്ളത്. ഭാരതത്തില്‍ ഇന്നും നിലനില്‍ക്കുന്ന മണ്ഡി സിസ്റ്റവും സംസ്‌കാരവും സബ്‌സിഡികള്‍ കര്‍ഷകനില്‍ എത്തുന്നത് തടയുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ കേന്ദ്രം നടത്തിയ നിയമ നിര്‍മ്മാണമാണ് നിര്‍ഭാഗ്യവശാല്‍ പിന്‍വലിക്കേണ്ടി വന്നത്. അതിന്റെ ഫലമായി കാര്‍ഷിക സബ്‌സിഡിയും വളം സബ്‌സിഡിയും മണ്ഡി മുതലാളിമാര്‍ കൈപ്പറ്റുകയാണ് ചെയ്യുന്നത്. മണ്ഡികള്‍ കുറവുള്ള കേരളത്തില്‍ ആവട്ടെ വളം വിതരണത്തില്‍ അശാസ്ത്രീയത നിലനിര്‍ത്തി വന്‍കൊള്ളയാണ് നടത്തുന്നത്. വിരലടയാളം പതിച്ചതിനു ശേഷം മാത്രം വളം വില്‍ക്കണം എന്നുള്ള കേന്ദ്ര നിയമം കേരളത്തില്‍ കാറ്റില്‍പറത്തിയിരിക്കുകയാണ് എന്ന് നമുക്കറിയാമല്ലോ. ഇതുവഴി വളം സബ്‌സിഡി തല്‍പരകക്ഷികള്‍ തട്ടിയെടുക്കുകയാണ്. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ഉപയോഗിച്ച വളത്തിന്റെ കണക്ക് കേന്ദ്ര ഗവണ്‍മെന്റിന് നല്‍കിയിട്ടില്ല. കേരളത്തിലെ കാര്‍ഷിക സബ്‌സിഡി വിതരണവും കാര്യക്ഷമമായി നടത്താന്‍ സംസ്ഥാന കൃഷിവകുപ്പിന് താല്‍പര്യമില്ല. കര്‍ഷകരോട് പ്രതിപത്തി ഇല്ലാത്ത ഇത്തരം സംസ്ഥാന ഗവണ്‍മെന്റുകള്‍ കേന്ദ്രത്തോട് സഹകരിക്കാത്തതുകാരണമാണ് കൃത്യമായ അളവില്‍ സബ്‌സിഡി വിതരണം നടത്താന്‍ കഴിയാതെ വരുന്നതും, സംസ്ഥാനം സബ്‌സിഡിയുടെ കണക്കുകള്‍ പൂഴ്ത്തി വയ്ക്കുന്നതിനാല്‍ ആവശ്യത്തിന് സബ്‌സിഡി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കാതെ വരുന്നതും.
മൂല്യ വര്‍ദ്ധന
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ആയിരം വര്‍ഷം മുമ്പ് വിറ്റഴിക്കുന്ന അതേ രീതിയിലാണ് ഇന്നും നമ്മള്‍ വില്പന നടത്തിക്കൊണ്ടിരിക്കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധന വരുത്തി വില്‍ക്കുകയാണെങ്കില്‍ പലമടങ്ങ് വിലവര്‍ധന കര്‍ഷകന് ലഭിക്കും. രാസമുക്തമായ കൃഷിരീതിയിലൂടെ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിലയാണ് ലഭിക്കുന്നത്. എന്നാല്‍ കര്‍ഷകനെ ആ തരത്തില്‍ ഗൈഡ് ചെയ്യാന്‍ സംസ്ഥാനങ്ങള്‍ ഇനിയും തയ്യാറായിട്ടില്ല. ഉദാഹരണമാണ് കേരളത്തിലെ ഏലം. ഇപ്പോള്‍ ഏലത്തിന് കിലോയ്ക്ക് 1000 രൂപയ്ക്ക് താഴെ മാത്രമാണ് വില ലഭിക്കുന്നത്. എന്നാല്‍ രാസമുക്തമായ ഏലത്തിനു ഭാരതത്തിന്റെ ഉള്ളില്‍ തന്നെ 4000 മുതല്‍ 5000 രൂപ വരെ വില ഒരു കിലോയ്ക്ക് ലഭ്യമാണ്. ഏത്തക്കായക്ക് കിലോ 15 രൂപ മാത്രം കിട്ടുന്ന സമയത്തും ഏത്തക്കായ വറുത്താല്‍ അതിന് 60 രൂപ മുതല്‍ 100 രൂപ വരെ വിലയുണ്ട്. ഒരു കിലോ അരിക്ക് 35-40 രൂപ മാത്രം ലഭിക്കുമ്പോള്‍ അതേ അരി പൊടിച്ചു പാക്ക് ചെയ്താല്‍ 60 രൂപ മുതല്‍ 120 രൂപ വരെ വിലയ്ക്ക് വില്‍ക്കാന്‍ കഴിയുന്നു. അതായത് കര്‍ഷകന്‍ ഉല്‍പ്പാദിപ്പിക്കുന്നത് അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ്. എന്നാല്‍ അസംസ്‌കൃതമായ ഭക്ഷ്യവസ്തുക്കള്‍ വറുത്തോ പൊടിച്ചോ മിക്‌സ് ചെയ്തു പാക്ക് ചെയ്താല്‍ വലിയ വില ലഭിക്കും എന്നുള്ളതാണ് സത്യം. പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ അതാത് സീസണുകളില്‍ വന്‍തോതില്‍ ലഭിക്കുന്നുണ്ട്, എന്നാല്‍ ആ സമയത്ത് വില കുറവായിരിക്കുകയും ചെയ്യും. ഇത്തരം വസ്തുക്കള്‍ തണുപ്പിച്ച് ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കുകയും വില ഉയരുമ്പോള്‍ വില്‍ക്കുകയും ചെയ്യാനുള്ള കോള്‍ഡ്‌സ്റ്റോറേജ് സംവിധാനങ്ങള്‍ ഉണ്ടാക്കിയാല്‍ കര്‍ഷകര്‍ക്ക് അത് വലിയ അനുഗ്രഹം ആവും. മറ്റൊന്ന് ലോജിസ്റ്റിക് സൗകര്യങ്ങളാണ്. പഴം-പച്ചക്കറി, മത്സ്യം, മാംസം എന്നിവയ്‌ക്കെല്ലാം ഭാരതത്തില്‍ ആഭ്യന്തര മാര്‍ക്കറ്റ് ലഭ്യമാണ് എങ്കിലും വേണ്ടത്ര ലോജിസ്റ്റിക് സൗകര്യങ്ങളൊരുക്കാത്തതാണ് കര്‍ഷകര്‍ പട്ടിണിയില്‍ ആവാന്‍ കാരണം. അതായത് കേരളത്തില്‍ 10 രൂപ വില കിട്ടുന്ന ഒരു ചക്ക ദല്‍ഹിയില്‍ 1000 മുതല്‍ 10000 വരെ രൂപയ്ക്കാണ് വില്‍ക്കപ്പെടുന്നത്. എന്നാല്‍ ഇതിനുള്ള അന്തരീക്ഷം ഒരുക്കേണ്ടതും, പിന്തുണ നല്‍കേണ്ടതും സംസ്ഥാന കൃഷി വകുപ്പ് ആണ്. ഇത്തരം കാര്യങ്ങളില്‍ അതാത് സംസ്ഥാനങ്ങളിലെ കൃഷിവകുപ്പ് കേന്ദ്ര കൃഷി വകുപ്പുമായി നേരിട്ട് സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ കര്‍ഷകര്‍ക്ക് വന്‍തോതില്‍ മൂല്യവര്‍ധന കൊണ്ട് വലിയ പ്രതിഫലം ലഭിക്കും. നിര്‍ഭാഗ്യവശാല്‍ ഇടതു-വലതു രാഷ്ട്രീയ പാര്‍ട്ടികളുടെ കര്‍ഷക സംഘടനകളും, എന്‍ജിഒകളാല്‍ നിയന്ത്രിക്കപ്പെടുന്ന വിദേശ നിയന്ത്രിത കര്‍ഷക സംഘടനകളും ഇക്കാര്യത്തില്‍ യാതൊരു താത്പര്യവും പ്രകടിപ്പിക്കുന്നില്ല. കേരളത്തിന് പുറത്ത് കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ കൃഷിയിടങ്ങളില്‍ ആണ് പണി ചെയ്യുന്നത്. എന്നാല്‍ കേരളത്തിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ എ.സി മുറികളിലും ഫാനുകളുടെ ചുവട്ടിലും മാത്രം അടയിരിക്കുകയാണ്. സബ്‌സിഡികള്‍ എന്നുള്ളത് ഒരു കുട്ടിയെ കൈപിടിച്ച് നടത്തുന്നത് പോലെയുള്ള ഒരു സഹായമാണ്. എല്ലാകാലത്തും കൈപിടിച്ച് നടത്തിയാല്‍ കുട്ടി വളരുന്നില്ല എന്നാണ് അതിന്റെ അര്‍ത്ഥം. കാര്‍ഷികമേഖലയില്‍ ഇന്ന് നാം നല്‍കിക്കൊണ്ടിരിക്കുന്ന സബ്‌സിഡികളും സഹായങ്ങളും മറ്റു തരത്തിലുള്ള സാമ്പത്തിക പിന്തുണകളും എല്ലാകാലത്തും അതേപടി തുടരുവാന്‍ ഒരു ഗവണ്‍മെന്റിനും സാധിക്കുകയില്ല.
കാര്‍ഷിക പാഠ്യപദ്ധതി പരിഷ്‌കാരം
രാജ്യമെമ്പാടുമുള്ള നൂറുകണക്കിന് കാര്‍ഷിക കോളേജുകളിലൂടെയും, ആയിരക്കണക്കിന് കൃഷി ഓഫീസുകളിലൂടെയും ആധുനിക കാര്‍ഷിക രീതികള്‍ കര്‍ഷക ലക്ഷങ്ങളെ പരിചയപ്പെടുത്താവുന്നതാണ്. നാടന്‍ കൃഷി, ജൈവകൃഷി, ചെലവില്ലാ കൃഷി, ആധുനിക കൃഷി എന്നിവ കാര്‍ഷിക പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അത് പഠിച്ചിറങ്ങുന്നവര്‍ കര്‍ഷകരെ അവ പരിശീലിപ്പിക്കുകയും ചെയ്താല്‍ വളരെ വേഗം നമുക്ക് ഈ ലക്ഷ്യം നേടാന്‍ സാധിക്കും. ഇതിനായി സോഷ്യല്‍മീഡിയയും ഇലക്ട്രോണിക് മീഡിയയും ആധുനിക സാങ്കേതികവിദ്യകളും ഇന്ന് നമുക്ക് ഉപയോഗിക്കുകയും ചെയ്യാം. പഴം, പച്ചക്കറി ഉല്‍പാദന മേഖലയിലും വിളവെടുപ്പ് സാങ്കേതികവിദ്യയിലും കര്‍ഷകരെ പ്രബുദ്ധരാക്കുവാന്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെറു ധാന്യങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും അവയെ ബ്രാന്‍ഡ് ചെയ്തു ആഗോളവിപണിയില്‍ എത്തിക്കുകയും ചെയ്യുക എന്നുള്ളത് ഈ കാര്‍ഷിക ബജറ്റ് മുന്നോട്ടു വയ്ക്കുന്ന വലിയ പ്രത്യേകതയാണ്.
സെന്റര്‍ ഫോര്‍ എക്‌സലന്‍സ് കേന്ദ്രങ്ങള്‍
കാര്‍ഷിക മേഖലയില്‍ മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ വളരെ വേഗത്തില്‍ നടപ്പാക്കി എടുക്കുവാന്‍ രാജ്യത്തെ അഞ്ച് സ്ഥലങ്ങളിലായി സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിനും 250 കോടി വീതം നല്‍കുകയും അവയിലൂടെ പുതിയ കോഴ്‌സുകളും പ്ലാനിങ്ങും നടത്തുകയും ചെയ്യുവാനാണ് ഈ ഫണ്ട് അനുവദിച്ചിരിക്കുന്നത്.
രാജ്യത്തെ ഭൂമിയുടെ ഉടമസ്ഥാവകാശവും വിശദാംശങ്ങളും കൃത്യമാക്കി സൂക്ഷിക്കാത്തതുകൊണ്ട് കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടി യൂണിറ്റ് ലാന്‍ഡ് നമ്പര്‍ ആധാര്‍ അധിഷ്ഠിതമായി ചെയ്യുവാനും അങ്ങനെ ആധാര്‍ അധിഷ്ഠിത യൂണിറ്റ് തണ്ടപ്പേര്‍ എല്ലാ ഭൂമിക്കും എത്തിക്കുവാനും കേന്ദ്രം നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിന് പ്രത്യേക പരിഗണന
ഏതു കേന്ദ്രബജറ്റ് പ്രഖ്യാപിച്ചാലും കേരളത്തെ അവഗണിക്കുന്നേ എന്നുള്ള വിലാപമാണ് കേരളത്തിലെ ഇടതു-വലതു മുന്നണികളും മാധ്യമങ്ങളും ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ കള്ളത്തരം പൊളിച്ചിരിക്കുകയാണ് ഇത്തവണത്തെ കേന്ദ്രബജറ്റ്.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ റവന്യൂ ഡെഫിഷ്യന്‍സി ഗ്രാന്‍ഡ് കൊടുത്തപ്പോള്‍ ഏറ്റവും കൂടുതല്‍ തുക (നാല്‍പ്പതിനായിരം കോടി) നല്‍കിയത് ബംഗാളിലാണ്. രണ്ടാമത് ഏറ്റവും കൂടുതല്‍ തുക (37000 കോടി) നല്‍കിയത് കേരളത്തിനാണ്. കേരളവും ബംഗാളും കേന്ദ്രത്തെ പിന്തുണയ്ക്കുന്ന കക്ഷികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ അല്ല. എങ്കില്‍ പോലും കേന്ദ്രം കാണിച്ച ഈ മഹാമനസ്‌കത കേരളം എന്തുകൊണ്ടാണ് മറച്ചുവയ്ക്കുന്നത്.
ഇതിനു പുറമേയാണ് കേരളത്തിലെ സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റിക്കും സ്‌പൈസസ് ബോര്‍ഡിനും കോഫി ബോര്‍ഡിനും റബ്ബര്‍ ബോര്‍ഡിനും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ കോടികള്‍ അനുവദിച്ചിരിക്കുന്നത്. അതായത് കേന്ദ്രം എത്ര വിപ്ലവകരമായ തീരുമാനങ്ങള്‍ എടുത്താലും, അതിനുള്ള പണം നല്‍കിയാലും, അത്തരം പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുകയില്ല എന്ന് ശാഠ്യം പിടിക്കുന്ന കേരള സര്‍ക്കാരാണ് കാര്‍ഷിക കേരളത്തെ കടത്തില്‍ മുക്കുന്നത് എന്ന് വ്യക്തം. എന്നാല്‍ കേരളത്തിലെ കര്‍ഷകര്‍ മാത്രം ഇത്തരത്തില്‍ കാലഘട്ടത്തിനു പിന്നില്‍ ആവേണ്ട കാര്യമുണ്ടോ എന്ന് കേരളം ചിന്തിക്കേണ്ടിയിരിക്കുന്നു.
(ലേഖകന്‍ കിസാന്‍ മോര്‍ച്ച അഖിലേന്ത്യാ ഉപാധ്യക്ഷനാണ്)