സ്വാതന്ത്ര്യപ്രാപ്തിയുടെ എഴുപത്തഞ്ചാം വാര്‍ഷികമാഘോഷിക്കുന്ന ഭാരതം ലോകത്തിലെ തന്നെ പ്രഥമ ശക്തിയാകാനുള്ള കുതിപ്പിലാണ്. അധിനിവേശ ശക്തികളില്‍ നിന്നും രാഷ്ട്രീയ സ്വാതന്ത്ര്യം പൊരുതി നേടിയെങ്കിലും സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥ ചിന്തനം നാം തുടങ്ങിയിട്ട് അധികകാലമായില്ല. അതിനു കാരണം അധിനിവേശ ശക്തികള്‍ അവശേഷിപ്പിച്ചു പോയ ചിന്തകള്‍ നമ്മുടെ ഭരണാധികാരിമാരെ സ്വാധീനിച്ചിരുന്നു എന്നതാണ്. ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക രംഗങ്ങളില്‍ സ്വന്തം കാലില്‍ നില്‍ക്കുന്നതിനു പകരം സമ്പന്ന രാഷ്ട്രങ്ങളുടെ ഔദാര്യത്തിനു പിന്നാലെ മുടന്തി നടക്കുന്ന ഒരു ഭാരതത്തെയായിരുന്നു അടുത്ത കാലം വരെ കണ്ടിരുന്നത്. അവികസിതമോ, വികസ്വരമോ ആയ രാഷ്ട്രങ്ങളുടെ പട്ടികയിലായിരുന്നു ഒരു കാലത്ത് ഭാരതത്തിന്റെ സ്ഥാനം. സ്വാവലംബനം എന്നത് നമുക്ക് ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. ദേശീയ വിദ്യാഭ്യാസം എന്നത് ഒരാശയം എന്നതില്‍ നിന്ന് പ്രായോഗികതയിലേക്ക് വന്നത് പോലുംനരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ അഞ്ച് യുദ്ധങ്ങളിലേക്ക് ഭാരതത്തെ അയല്‍രാജ്യങ്ങള്‍ വലിച്ചിഴയ്ക്കുകയുണ്ടായി. ഒന്നൊഴികെ എല്ലാ യുദ്ധങ്ങളിലും ഭാരതം വിജയിച്ചെങ്കിലും നാം കടുത്ത ആയുധ പന്തയത്തില്‍ പങ്കാളിയാകാന്‍ നിര്‍ബന്ധിതരായി. ദേശീയ ബജറ്റിന്റെ നല്ലൊരു പങ്ക് രാഷ്ട്ര സുരക്ഷയ്ക്കുള്ള ആയുധങ്ങള്‍ വാങ്ങിക്കൂട്ടുവാന്‍ വേണ്ടി ചിലവഴിക്കേണ്ടി വന്നു. വന്‍ ശക്തി രാഷ്ട്രങ്ങള്‍ അവരുടെ ആയുധവില്‍പ്പനയ്ക്ക് കളമൊരുക്കാനായി ഈ മേഖലയില്‍ സ്ഥിരം അസ്വസ്ഥതകള്‍ സൃഷ്ടിക്കുവാനും ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് പാകിസ്ഥാനെ ആയുധമണിയിച്ച് മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ അമേരിക്ക ഒരു കാലത്ത് കാര്യമായി പരിശ്രമിച്ചിരുന്നു. വന്‍ ശക്തികളെ സംബന്ധിച്ച് അവരുടെ ആയുധപ്പുരയിലെ പല കാലഹരണപ്പെട്ട ആയുധങ്ങളും വിറ്റ് കാശാക്കേണ്ടത് അവരുടെ സാമ്പത്തിക പുരോഗതിയ്ക്ക് ആവശ്യമായിരുന്നു. ഭാരതം ആയുധങ്ങള്‍ക്കായി ഏറെ ആശ്രയിച്ചിരുന്നത് സോവിയറ്റ് റഷ്യയെ ആയിരുന്നു. ആയുധ കമ്പോളമെന്നത് ഓരോ രാജ്യത്തെയും രാഷ്ട്രീയ നേതാക്കന്‍മാര്‍ക്ക് അനധികൃതമായി പണമുണ്ടാക്കാനുള്ള ഒരു കുറുക്കുവഴി കൂടിയായിരുന്നു. ഭാരതത്തില്‍ കോണ്‍ഗ്രസ് ഭരിച്ചു കൊണ്ടിരുന്നപ്പോഴുണ്ടായ ആയുധ കുംഭകോണങ്ങളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ബോഫോഴ്‌സ് പീരങ്കി അഴിമതി ആരും മറക്കാനിടയില്ല. എന്തായാലും ആയുധകമ്പോളം ഒരു രാജ്യത്തിന്റെ മൂലധനം ചോര്‍ത്തുന്നതില്‍ വലിയൊരു പങ്കുവഹിച്ചിരുന്നു. ലോകത്തിലെ ആയുധ ഇടപാടിന്റെ പത്തു ശതമാനം നടന്നിരുന്നത് ഭാരതത്തിന്റെ കണക്കിലായിരുന്നു. 2009 – 10 കാലയളവില്‍ 13,411.91 കോടി രൂപയുടെ ആയുധങ്ങളാണ് ഭാരതം വാങ്ങിയത്. എന്നാല്‍ 2011-12 കാലമായപ്പോഴേയ്ക്കും 24,193.83 കോടി രൂപയായി നമ്മുടെ പ്രതിരോധ ബജറ്റ് ഉയര്‍ന്നു. ആയുധങ്ങളുടെ നിര്‍മ്മാണ കാര്യത്തില്‍ ഭാരതം 70% പരാശ്രയത്വത്തിലായിരുന്നു.
എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ദേശീയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അഴിമതിയുടെ കൂത്തരങ്ങായിരുന്ന പ്രതിരോധ ആയുധ ഇടപാടുകളെ അടിമുടി ഉടച്ചുവാര്‍ക്കുവാനും ഭാരതത്തിന്റെ പ്രതിരോധ ഗവേഷണ കേന്ദ്രത്തിന് (ഡി.ആര്‍.ഡി.ഒ) പ്രാമുഖ്യം കൊടുക്കുവാനും തുടങ്ങി. നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ നമുക്കു വേണ്ട ആയുധങ്ങള്‍ സ്വന്തമായി വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ആയുധ ഇറക്കുമതിയെ ഒരു പരിധി വരെ നിയന്ത്രിക്കാനും ആയുധകമ്പോളത്തില്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്താനും കഴിഞ്ഞു. 2016-20 കാലമായപ്പോഴേയ്ക്കും ഭാരതത്തിന്റെ ആയുധ ഇറക്കുമതിയില്‍ 33% കുറവുണ്ടാക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ അമേരിക്കയില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ 46% ഉം റഷ്യയില്‍ നിന്നുള്ളതില്‍ 49% ഉം കുറവു വരുത്താനായി. പ്രതിരോധരംഗത്ത് ആത്മനിര്‍ഭര ഭാരതം എന്ന ആശയത്തിന്റെ പ്രായോഗിക രൂപമായി 101 തരം ആയുധങ്ങളും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കുകയാണെന്നും 2024 മുതല്‍ ഇവയെല്ലാം ഭാരതത്തില്‍ നിര്‍മ്മിച്ചു തുടങ്ങുന്നതാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടുത്തിടെ പ്രഖ്യാപിക്കുകയുണ്ടായി. പ്രതിരോധരംഗത്ത് ഉണ്ടാകുന്ന ഈ മൂലധനം ഉപയോഗിച്ച് 7000 ഇടത്തരം ചെറുകിട വ്യവസായങ്ങള്‍ നാട്ടില്‍ തുടങ്ങാനാകും. തദ്ദേശീയമായി നിര്‍മ്മിച്ച 106 ബേസിക് ട്രെയ്‌നര്‍ എയര്‍ക്രാഫ്റ്റുകള്‍ ഉള്‍പ്പെടെ 87.22 കോടിയുടെ ആയുധങ്ങള്‍ ഭാരത സേന വാങ്ങുമ്പോള്‍ വലിയൊരു മൂലധനചോര്‍ച്ചയ്ക്കാണ് പരിഹാരമാകുന്നത്. മാത്രമല്ല വിദേശ ആയുധങ്ങള്‍ ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുവാനുള്ള കരാറുകളില്‍ ഭാരതം എത്തിച്ചേരുന്നതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനും കഴിയുന്നു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് റഷ്യയുടെ എ.കെ.203 റൈഫിള്‍ യു.പി. യിലെ അമേഠിയില്‍ ഉണ്ടാക്കാന്‍ എടുത്ത തീരുമാനം.
പ്രതിരോധ മേഖലയില്‍ ഉത്തരവാദിത്തപൂര്‍ണ്ണമായ കയറ്റുമതി എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ന് ഭാരതം നീങ്ങിക്കൊണ്ടിരിക്കുന്നത്. റഷ്യയുമായി ചേര്‍ന്ന് ഭാരതം വികസിപ്പിച്ച ശബ്ദാതിവേഗ മിസൈലായ ബ്രഹ്‌മോസ് വാങ്ങുവാന്‍ ഫിലിപ്പിന്‍സ് 2770 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടിരിക്കുകയാണ്. ശബ്ദത്തെക്കാള്‍ മൂന്നു മടങ്ങ് വേഗമുള്ള ലോകത്തിലെ തന്നെ ആദ്യത്തെ ക്രൂസ് മിസൈലാണ് ബ്രഹ്‌മോസ്. ഇത് ഭാരതം ചൈനീസ് അതിര്‍ത്തികളില്‍ വിന്യസിച്ചു കഴിഞ്ഞിട്ടുണ്ട്. ഫിലിപ്പീന്‍സ് ഇന്ന് ചൈനയില്‍ നിന്നും ഭീഷണി നേരിടുന്ന ഒരു രാജ്യം കൂടിയാണ്. ദക്ഷിണ ചൈനാക്കടലിലെ ഹൈഡ്രോകാര്‍ബണിന്റെ വലിയ നിക്ഷേപം സ്വന്തമാക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിപ്പീന്‍സ് ബ്രഹ്‌മോസ് വാങ്ങുന്നത്. ഫലത്തില്‍ ചൈനയെ നാം നമ്മുടെ മിസൈല്‍ കൊണ്ട് വളയുക എന്നൊരു തന്ത്രം കൂടി ഈ കച്ചവടത്തിനു പിന്നിലുണ്ട്. ചൈനയില്‍ നിന്നും ഭീഷണി നേരിടുന്ന വിയറ്റ്‌നാമുമായി ബ്രഹ്‌മോസ് വില്‍ക്കുന്നതിന്റെ കരാര്‍ ഏതാണ്ട് അന്തിമഘട്ടത്തിലാണ്. തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും ബ്രഹ്‌മോസ് മിസൈല്‍ വാങ്ങാന്‍ താത്പര്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുകയാണ്. ഇതുകൂടാതെ ഉപരിതല വ്യോമമിസൈലായ ആകാശ്, അസ്ത്ര, ടാങ്ക് വേധ മിസൈലുകള്‍, റഡാറുകള്‍, തുടങ്ങിയ ആയുധങ്ങളും വാങ്ങാനായി താത്പര്യം പ്രകടിപ്പിച്ചു കൊണ്ട് ഏതാണ്ട് 85 രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. 2025നു മുമ്പായി 35000 കോടി രൂപയുടെ കച്ചവടമാണ് ഭാരതം ആയുധ കയറ്റുമതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. വന്‍ശക്തി രാജ്യങ്ങളുടെ ഒപ്പം ആയുധവ്യാപാരത്തില്‍ പങ്കാളിയാകാനുള്ള ഭാരതത്തിന്റെ പരിശ്രമം ആത്മനിര്‍ഭരഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പ്പാണ്.