മരിച്ച് ആറുമാസം കഴിഞ്ഞ് ഒരു രാത്രി സ്വപ്‌നത്തില്‍ അച്ഛന്‍ എന്നോട് ചോദിച്ചു. ”ആ താക്കോലെവിടെ?” ഏതു താക്കോലെന്നന്വേഷിക്കാതെ ഞാന്‍ ഉറക്കപ്പിച്ചില്‍ എഴുന്നേറ്റ് താക്കോല്‍ തിരയാനാരംഭിച്ചു. പണ്ടേ ഞാന്‍ അങ്ങനെയാണ്. അച്ഛനെന്തുപറഞ്ഞാലും എതിരഭിപ്രായമില്ല. ഏത്.. എന്തിന് എന്നൊന്നും ചോദിക്കാറില്ല. ഇറങ്ങിപ്പുറപ്പെടുകയാണ് ചെയ്യാറ്.
ഗോഡ്ഫാദര്‍ സിനിമയിലെ അഞ്ഞൂറാന്‍ മുതലാളിയെപ്പോലെ കര്‍ക്കശക്കാരനായിരുന്നു അച്ഛന്‍.
കിണറ്റില്‍ ഒരു പട്ടി വീണു എന്ന് അച്ഛന്‍ പറഞ്ഞാല്‍ കിണറ്റിലേക്ക് അങ്ങ് ഇറങ്ങുകയാണ് പതിവ്. പിന്നെ പാതിവഴിക്കെത്തി തൊടിയില്‍ അള്ളിപ്പിടിച്ചിരുന്ന് തനിക്ക് കിണറ്റിലേക്കിറങ്ങാന്‍ വശമില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കും.
കുട്ടിക്കാലത്തേ രൂപപ്പെട്ട ഈ സ്വഭാവം വലുതായതിനുശേഷവും പൂര്‍ണ്ണമായും മാറിയിട്ടില്ല. ഞങ്ങളെ അത്രത്തോളം അച്ചടക്കത്തിലാണ് വളര്‍ത്തിയത് എന്ന് പറയാം.
ചൂരല്‍കഷായത്തിന്റെ കയ്പ് ഇരു തുടകളിലും, ഓര്‍മ്മകളില്‍ തിണര്‍ത്തു നില്‍ക്കുന്നു. തെറ്റുകളിലേക്ക് ഒന്ന് പാളിനോക്കുമ്പോള്‍ ഇപ്പോഴും ഭയമുണ്ട് അടി വീഴുന്നതോര്‍ത്ത്.
ആശുപത്രി കിടക്കയില്‍ മരണത്തിലേക്കുള്ള വഴിയില്‍ അവശനായി കിടക്കുമ്പോഴും ആ ആജ്ഞാശക്തി അസ്തമിച്ചിരുന്നില്ല. ഒരുനോക്കില്‍ എല്ലാവരേയും അനുസരിപ്പിക്കുന്ന, ഒരു ശബ്ദത്തില്‍ എല്ലാ തെറ്റുകളില്‍ നിന്നും പിന്‍തിരിപ്പിക്കുന്ന അച്ഛന്‍ എന്നും ഒരു നന്മമരമായിരുന്നു. എനിക്കെന്തോ എന്റെ മക്കളോട് അങ്ങനെയൊന്നും ആകാന്‍ കഴിഞ്ഞിട്ടില്ല.
ഞാന്‍ വീണ്ടും കട്ടിലില്‍ കയറിക്കിടന്ന് ഉറക്കത്തിലേക്ക് വഴുതിത്തുടങ്ങിയതാണ്. അപ്പോഴേക്കും സ്വപ്‌നത്തില്‍ അച്ഛന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ”ഞാനൊരു കാര്യം പറഞ്ഞിട്ട് നീ അന്വേഷിച്ചില്ല അല്ലേ?” ”അതെന്തിന്റെ താക്കോലാണെന്ന് പറഞ്ഞില്ല… അതാ അച്ഛാ….” ഞാന്‍ വിക്കി വിക്കി അത്രയും പറഞ്ഞൊപ്പിച്ചു. അച്ഛന്റെ കണ്ണുകള്‍ ദീപ്തമായി.. അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു.
”എന്റെ ട്രങ്കിന്റെ താക്കോല്‍….അതെവിടെ?” സ്വപ്‌നം കട്ട്‌ചെയ്ത് ചാടിയെഴുന്നേറ്റ് ഞാന്‍ വീടിനു പുറത്തുള്ള ചായ്പിലേക്കോടി. ആക്രി സാധനങ്ങളെല്ലാം വാരിക്കൂട്ടിയിട്ടിരിക്കുന്നതിന്റെയിടയില്‍ അച്ഛന്റെ ട്രങ്കും ഉണ്ടെന്ന കാര്യം എനിക്കറിയാമായിരുന്നു.
ഒരുകാലത്ത് ഞങ്ങളൊക്കെ ഒന്നുതുറന്നുകാണാന്‍ ആഗ്രഹിച്ചിരുന്ന അത്ഭുതവസ്തുവായ ട്രങ്ക്….
അച്ഛന്റെ പണപ്പെട്ടിയും വിലപ്പെട്ടതെല്ലാം സൂക്ഷിക്കുന്നതുമായ നിധിപേടകം…..
അന്നൊക്കെ രാത്രി ഞങ്ങള്‍ ആവശ്യങ്ങളുടെ നീണ്ടനിരയുമായി അച്ഛനുമുന്നിലെത്തും. പെന്‍സില്‍, പേന, ബുക്ക്….
അമ്മയ്ക്ക് വീട്ടുസാധനങ്ങള്‍… അങ്ങനെ പലതും. അച്ഛന്‍ രാത്രി ഒരു ഒന്‍പതുമണിയോടെ അത്താഴമെല്ലാം കഴിച്ച് ട്രങ്കിനു മുമ്പില്‍ തറയില്‍ ഇരിക്കും. താക്കോല്‍ കുറച്ചുനേരം കയ്യിലിട്ട് ഓമനിച്ച് കിലുക്കും. പിന്നെ സാവധാനം ട്രങ്ക് തുറന്ന് ഒരു ഡയറിയും, ചോക്ക്‌ലേറ്റ് വരുന്ന പഴയൊരു പെട്ടിയും എടുത്തുപുറത്തുവയ്ക്കും. ഡയറിയില്‍ വരവുചെലവ് കണക്കും ഏതാനും നോട്ടുകളും. ചോക്‌ലേറ്റ്‌പെട്ടിയില്‍ ചില്ലറകളുമാവും ഉണ്ടാവുക.
ഞങ്ങള്‍ ആവശ്യങ്ങള്‍ അവതരിപ്പിച്ചു തുടങ്ങും. പേന വാങ്ങാന്‍ രണ്ടുരൂപ വേണ്ടല്ലോ… ഒരു രൂപയുടെ പേന ഉപയോഗിച്ചാമതി.
നോട്ടുബുക്ക് നാലെണ്ണം വേണ്ട… ഒരു ബുക്കില്‍ തന്നെ രണ്ടു വിഷയങ്ങള്‍ അപ്പുറവും ഇപ്പുറവും എഴുതാം. തുടങ്ങി പിശുക്കത്തരം അച്ഛന്‍ പുറത്തെടുക്കും. അപ്പോള്‍ അമ്മ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാനെത്തും.
” എന്തായീ പറയുന്നത്… നാല് വിഷയങ്ങള്‍ എഴുതാന്‍ നാല് ബുക്കുതന്നെ വേണ്ടേ….”
അച്ഛന്‍ മനസ്സില്ലാ മനസ്സോടെ അതിനു വഴങ്ങി പൈസ എടുത്തുതരും. ഈ ബുദ്ധിമുട്ടുകള്‍ കാരണം അല്പം മുതിര്‍ന്നതിനുശേഷം അമ്മവഴിമാത്രമേ ഞാന്‍ അച്ഛനോട് പൈസ ആവശ്യപ്പെട്ടിരുന്നുള്ളൂ.
ചായ്പ്പില്‍ പൊടിപിടിച്ചുകിടക്കുന്ന ട്രങ്ക് ഞാനൊരു വിധം തപ്പിപ്പിടിച്ചു. ഇതിനു മുമ്പ് അച്ഛന്‍ മരിച്ച് ഒരാഴ്ച കഴിഞ്ഞതിനുശേഷമാണ് ഞങ്ങളെല്ലാം ഒത്തുകൂടി അവസാനമായി ആ ട്രങ്ക് തുറന്നത്. അതിനുള്ള വിശേഷവസ്തുക്കളെക്കുറിച്ച് അറിയാന്‍ ഞങ്ങള്‍ ആകാംക്ഷാഭരിതരായി. എന്തെങ്കിലും അമൂല്യമായവ ട്രങ്കിലുണ്ടാവുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. എന്നെക്കാളും സഹോദരിക്കായിരുന്നു അത് തുറന്നുകാണാനുള്ള ആര്‍ത്തി. സ്വര്‍ണ്ണമോ നിധിയോ അതിനുള്ളില്‍ കാണുമെന്ന ഉറപ്പോടെ അവള്‍ ഇമചിമ്മാതെ നിന്നു.
ട്രങ്കു തുറന്നു.
പ്രതീക്ഷയോടെ എല്ലാവരും ഉറ്റുനോക്കുകയാണ്. ട്രങ്കില്‍ ഏറ്റവും മുകളിലായി ഓഫീസിലെ കുറേ പേപ്പറുകള്‍ അടുക്കിവച്ചിരുന്നു. പിന്നെ കുറേ പുസ്തകങ്ങള്‍, ഡയറി, ചില്ലറകള്‍ നിറഞ്ഞ ചോക്ക്‌ലേറ്റ്‌പെട്ടി, രണ്ട് ബാങ്ക് പാസ്സ്ബുക്കുകള്‍.
തുറന്നുനോക്കിയപ്പോള്‍ അവയില്‍ അയ്യായിരം രൂപയോളം മാത്രം ബാലന്‍സും. ഞങ്ങളൊക്കെ നിരാശരായി. ഞാന്‍ നോക്കിയതുപോരാതെ സഹോദരിയും അവളുടേതായ രീതിയില്‍ ട്രങ്കിലെ വസ്തുവകകളെല്ലാം വാരിവലിച്ചിട്ട് പരിശോധിച്ചു. വിലപ്പെട്ടതായി പ്രത്യേകിച്ചൊന്നും കണ്ടില്ല. അങ്ങനെയാണ് അച്ഛന്റെ വിലപ്പെട്ട വസ്തുവായ, ഞങ്ങളൊരുകാലത്ത് പ്രതീക്ഷയോടെ വീക്ഷിച്ചിരുന്ന ട്രങ്കിനെ ചായ്പ്പിലേക്ക് മാറ്റിയത്.
ഇപ്പാള്‍ അച്ഛന്‍ സ്വപ്‌നത്തിലൂടെയാണെങ്കിലും ട്രങ്കിന്റെ താക്കോല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത എന്തോ വസ്തുക്കള്‍ അതിനുള്ളിലുണ്ടെന്ന് എനിക്ക് തോന്നി. ട്രങ്കിനെ ഭവ്യതയോടെ ഞാനെടുത്ത് പൊടി തുടച്ച് എന്റെ മുറിയില്‍കൊണ്ടുപോയി ഭദ്രമായി വച്ചു.
ഭാര്യയെ ഉണര്‍ത്താതെ ടേബിള്‍ ലാമ്പ് ഓണ്‍ചെയ്ത് ട്രങ്കിലെ ബുക്കുകളും പേപ്പറുകളുമെല്ലാം ഒന്നുകൂടി പരിശോധിച്ചു.
”നിങ്ങള്‍ക്കെന്താ വട്ടുപിടിച്ചോ…? രാത്രി എന്തുനിധിയാ തിരയുന്നത്….’
ഭാര്യ ഉണര്‍ന്നുകഴിഞ്ഞു…. ഇനി രക്ഷയില്ല. അവര്‍ ഉറങ്ങുന്ന ഭാവത്തില്‍ കിടന്ന് എന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നിരിക്കണം. അവളങ്ങനെയാണ്. ഉറങ്ങിയാലും ഉണര്‍ന്നിരുന്നാലും എപ്പോഴും എന്റെ മേലൊരു കണ്ണുണ്ട്.
ഞാന്‍ കണ്ട സ്വപ്‌നത്തെക്കുറിച്ച് അവളോട് വിശദീകരിക്കാനൊന്നും പോയില്ല.
വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു. മക്കളുടെ മുറികളില്‍ ഇപ്പോഴും വെളിച്ചം കാണുന്നുണ്ട്. കമ്പ്യൂട്ടറിലും മൊബൈല്‍ഫോണിലും എന്തെങ്കിലും തിരയുകയാവും.
പത്തര കഴിഞ്ഞാല്‍ ലൈറ്റ് ഓഫ്‌ചെയ്ത് ഉറങ്ങണമെന്ന് ഒരു നൂറുവട്ടം പറഞ്ഞിട്ടുള്ളതാ.
എത്ര പറഞ്ഞിട്ടെന്താ…
അനുസരിക്കേണ്ടേ…?
ഇപ്പോഴത്തെ കുട്ടികള്‍ക്ക് അച്ഛനെന്ന് പറഞ്ഞാല്‍ സുഹൃത്തിനെപ്പോലെയാ…
ഞാന്‍ കട്ടിലില്‍ കയറിക്കിടന്ന് പുതപ്പ് വലിച്ചു തലവഴിയേ മൂടി. ഭാര്യയുടെ സംശയങ്ങള്‍ക്കുള്ള പ്രതിരോധമെന്നോണം കൂര്‍ക്കം വലിക്കുന്നതുപോലെ അഭിനയിച്ചു. ഞാനുറങ്ങുകയാണെന്ന് അവള്‍ ധരിക്കട്ടെ.
പക്ഷെ എനിക്കുറക്കം വന്നില്ല.
അച്ഛനെന്തിനാവും സ്വപ്നത്തിലാണെങ്കിലും ആ ട്രങ്കിന്റെ താക്കോലന്വേഷിച്ചത്. നേരംവെളുക്കുവോളം ഞാനതുതന്നെയാണ് ചിന്തിച്ചത്.
രാവിലെ ഭാര്യയും മക്കളും വന്ന് ഒരത്ഭുത വസ്തുവിനെ കാണുന്നതുപോലെ ആ ട്രങ്കിനുചുറ്റും നോക്കിക്കൊണ്ട് നിന്നു. അവര്‍ ആ ട്രങ്കെടുത്ത് ദൂരെക്കളയുമെന്ന് കരുതി ഞാന്‍ സത്യാവസ്ഥ അവരോട് പറഞ്ഞു.
” ഓ പിന്നേ…. നിങ്ങളുടെ അച്ഛന്‍ അങ്ങ് പരലോകത്തുനിന്ന് ട്രങ്കിന്റെ താക്കോലന്വേഷിച്ച് വര്വല്ലേ… ഞാനതുവിശ്വസിച്ചു.”
ഭാര്യ ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു.
”ഈ പുരാവസ്തു പരലോകത്തുണ്ടാവില്ല അതാ അച്ഛാച്ചന്‍ അന്വേഷിച്ചത് വന്നത്.”
മക്കള്‍ അവള്‍ക്കൊപ്പം ചേര്‍ന്ന് എന്നെ സംശയത്തോടെ നോക്കി.
”ആശുപത്രിയില്‍ വല്ലതും പോകേണ്ട കാര്യമുണ്ടോ…?”
പത്താം ക്ലാസ്സുകാരനായ മൂത്ത പുത്രന്‍ ചോദിച്ചു.
ഇവറ്റകള്‍ക്ക് മറുപടിപറഞ്ഞ് എന്റെ സമയം വെയിസ്റ്റുചെയ്യുന്നില്ലെന്ന തീരുമാനത്തോടെ ഞാനാരംഗത്തുനിന്ന് പിന്‍വലിഞ്ഞ് ഓഫീസിലേക്ക് പോകാന്‍ തയ്യാറെടുത്തു.
ഓഫീസില്‍ പതിവു തിരക്കുകള്‍ക്കിടയില്‍ അച്ഛന്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടതും ട്രങ്കിന്റെ കാര്യവും ഇടയ്ക്കിടെ തികട്ടിവന്നു.
പതിവില്ലാതെ ഭാര്യ ഓഫീസിലേക്ക് നാലഞ്ചുപ്രാവശ്യം വിളിച്ച് ഞാനെങ്ങും പോയിട്ടില്ലെന്ന് ഉറപ്പുവരുത്തി.
വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അവള്‍ വാതില്‍ക്കല്‍ തന്നെയുണ്ടായിരുന്നു.
രണ്ടുപുത്രന്മാരും ചെവികളില്‍ ഇയര്‍ഫോണും ഫിറ്റ് ചെയ്ത് സിറ്റൗട്ടില്‍ ഉണ്ട്. ചായകുടി, കുളി, പത്രവായന, ടിവി കാണല്‍ എല്ലാം കഴിഞ്ഞ് നേരെ ഉറങ്ങാന്‍ പോയി. ഉറക്കത്തിന്റെ ആഴങ്ങളില്‍ വീണ്ടും അച്ഛനെ കണ്ടു.
ട്രങ്ക് പെട്ടി കണ്ടുകിട്ടിയ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം മൃദുവായി ചിരിച്ചു.
”എന്താ അച്ഛാ കാര്യം…”
ഞാന്‍ അന്വേഷിച്ചു.
അച്ഛന്‍ എന്നെ ട്രങ്കിനടുത്തേക്ക് ആനയിച്ചു. അനുസരണയുള്ള ഒരു കുട്ടിയായി ഞാന്‍ അച്ഛന്റെ കൂടെ ചെന്നു. പേപ്പറുകളും പുസ്തകങ്ങളും ശ്രദ്ധയോടെ വാരി നീക്കി അതിനിടയില്‍ വച്ചിരുന്ന ഒരു ചൂരല്‍വടി അദ്ദേഹം പുറത്തെടുത്തു. വളച്ച് അതിന്റെ ബലം നോക്കിയശേഷം എന്നെ ഏല്‍പ്പിച്ചു.
”ഇത് ഉപയോഗിക്കണം… എങ്കിലേ മക്കള്‍ നേരെയാവൂ”.
എന്ന ഉപദേശം നല്‍കി.
”അച്ഛാ എന്നെ കണ്‍ഫ്യൂഷനിലാക്കരുത്. ഇന്നത്തെ പിള്ളേരെ തല്ലിയാല്‍ അവര്‍ കോടതിയില്‍ കേസ് കൊടുക്കും. അതാ കാലം.. എനിക്കു പൊല്ലാപ്പ് പിടിക്കാന്‍ വയ്യ.” അച്ഛന്‍ ഒരു ഗോഡ്ഫാദറായി എന്നെ ആജ്ഞാശക്തിയോടെ നോക്കി.
”ഇന്നത്തെ തലമുറ ശരിയായ ദിശയിലല്ല പോകുന്നത്. ഒരു ചൂരല്‍വടി അത്യാവശ്യമാണ്. നീയിത് ഉപയോഗിക്കണം. എങ്കിലേ കുട്ടികള്‍ നന്നാവൂ.”
തലമുറകള്‍ തമ്മിലുള്ള അന്തരം അച്ഛനെ പറഞ്ഞുമനസ്സിലാക്കാന്‍ കഴിയാതെ ഞാന്‍ കുഴഞ്ഞു. അച്ഛനാകട്ടെ തന്റെ ഉറച്ച തീരുമാനം അവിടെ അവശേഷിപ്പിച്ച് അപ്രത്യക്ഷനായി.
ഞാന്‍ വാച്ചിലേക്ക് കണ്ണോടിച്ചപ്പോള്‍ സമയം പതിനൊന്ന് മണിയായിക്കഴിഞ്ഞിരുന്നു.
വാതില്‍ തുറന്ന് മക്കളുടെ മുറികളിലേക്ക് നോക്കി. പതിവില്ലാതെ അവിടെ ലൈറ്റുകള്‍ ഓഫാക്കിയിരിക്കുന്നതായി കണ്ടു.
ചൂരല്‍ വടി അലമാരയുടെ ഒരു കോണില്‍ വച്ച് ഞാനും ശാന്തമായി ഉറക്കത്തെ പ്രതീക്ഷിച്ചു കിടന്നു.