Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

മതം വിട്ട് ധര്‍മ്മത്തിലേക്ക്……!

അഭിമുഖം-രാമസിംഹന്‍/സായന്ത് അമ്പലത്തില്‍

Print Edition: 21 January 2022

പ്രമുഖ ചലച്ചിത്ര സംവിധായകനും ആക്ടിവിസ്റ്റുമായ അലി അക്ബര്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു ധര്‍മ്മത്തിലേക്ക് കടന്നുവന്ന് രാമസിംഹനായത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടെ ഭാര്യ ലൂസിയാമ്മയും ഹിന്ദു ധര്‍മ്മം സ്വീകരിച്ച് ഗൗരിയായി മാറി. തന്റെയും ഭാര്യയുടെയും മനംമാറ്റത്തിന്റെ കാരണം കേസരി ലേഖകനുമായി പങ്കുവെക്കുകയാണ് ഇവിടെ…

ഒരു ദേശീയമുസ്‌ലിം ആയിരുന്ന താങ്കള്‍ ഇസ്ലാംമതം പൂര്‍ണമായി ഉപേക്ഷിച്ച് സനാതനധര്‍മ്മം സ്വീകരിച്ചിരിക്കുകയാണല്ലോ. എന്താണ് ഇപ്പോള്‍ ഇങ്ങനെയൊരു മാറ്റത്തിനുള്ള കാരണം.
♠മതം ഒരു ചട്ടക്കൂടാണ്. ആ ചട്ടക്കൂടില്‍ നിന്നു കൊണ്ട് തന്നെ എന്റെ മതത്തിലുള്ളവരെ തിരുത്താന്‍ ഒരുപാട് പരിശ്രമങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. മതം അങ്ങനെ പെട്ടെന്ന് ഉപേക്ഷിക്കാന്‍ പറ്റുന്ന ഒരു കാര്യമല്ല. കാരണം അതൊരു കുലം കൂടിയാണ്. ഓരോരുത്തരും ഓരോ കുലത്തിലാണ് ജനിക്കുന്നത്. അതുകൊണ്ട് ആ കുലത്തില്‍ തന്നെ നിലനില്‍ക്കണമെന്നാണ് സനാതനധര്‍മ്മം അനുശാസിക്കുന്നത്. ഞാന്‍ ഗീത പഠിച്ചപ്പോള്‍ ആദ്യം കേട്ടതും ഏറ്റവും അത്ഭുതം തോന്നിയതുമായ ഒരു കാര്യം ഒരു വ്യക്തിയോട് അയാള്‍ എന്താണോ അതായി തന്നെ നിലകൊള്ളണമെന്നുള്ള കൃഷ്ണന്റെ ഉപദേശമാണ്. സനാതനധര്‍മ്മത്തില്‍ മതമോ മതത്തിന്റെ അതിരുകളോ ഒന്നുമില്ല. ഞാന്‍ മനസ്സുകൊണ്ട് സനാതന ധര്‍മ്മത്തില്‍ തന്നെയായിരുന്നു. പക്ഷേ മതം ഉപേക്ഷിക്കുക എന്നത് മറ്റൊരു പ്രക്രിയയായിരുന്നു. എനിക്ക് എന്റെ മതം ഉപേക്ഷിക്കേണ്ടി വന്നതാണ്. കാരണം മതത്തിന്റെ ഉള്ളില്‍ നില്‍ക്കുമ്പോള്‍ ആ മതത്തിന്റെ ചെയ്തികള്‍ക്ക്, അല്ലെങ്കില്‍ ആ മതം സമൂഹത്തില്‍ ഉണ്ടാക്കുന്ന ദുഷ്‌ചെയ്തികള്‍ക്ക് ഞാനും കൂടി പങ്കാളിത്തം വഹിക്കേണ്ടി വരും. എന്റെ അതേ ചിന്താഗതിയുള്ള അല്ലെങ്കില്‍ മതത്തിന്റെ ഇപ്പോഴത്തെ നിലപാടുകളോട് എതിര്‍പ്പുള്ള ഒരുപാട് മുസ്ലിങ്ങള്‍ ഉണ്ടാവാം. പക്ഷേ അവര്‍ക്ക് കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്നില്ല. അങ്ങനെ പറഞ്ഞാല്‍ അവര്‍ മതത്തിന്റെ ചട്ടക്കൂടുകളില്‍ ഒറ്റപ്പെട്ടു പോയേക്കാം. അവര്‍ക്ക് തിക്താനുഭവങ്ങളും ഉണ്ടാകും. അതുകൊണ്ടാണ് പലരും കാര്യങ്ങള്‍ തുറന്നു പറയാതിരിക്കുന്നത്. പക്ഷേ അങ്ങനെ കാര്യങ്ങള്‍ തുറന്നു പറയാതിരുന്നാല്‍ മതവും സമൂഹവും കൂടുതല്‍ മലീമസമായിക്കൊണ്ടിരിക്കും. അതുകൊണ്ട് ചില തുറന്നു പറച്ചിലുകള്‍ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ആരെങ്കിലും ഒരു വഴി കാണിക്കാന്‍ തയ്യാറായാല്‍ പലരും ആ വഴിയിലേക്ക് കടന്നുവരും. രാമസിംഹന്‍ പണ്ട് വഴി കാണിച്ചിരുന്നു.

ആ വഴി അന്നുതന്നെ അടഞ്ഞുപോയി. ആധുനിക കാലഘട്ടത്തില്‍ വീണ്ടും ആ വഴി തുറക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഞാന്‍ ഇസ്ലാം ഉപേക്ഷിച്ച് സനാതന ധര്‍മ്മം സ്വീകരിച്ചത്. സനാതനധര്‍മ്മമെന്നത് മതത്തിന് അപ്പുറമായ രാഷ്ട്രബോധം കൂടിയാണ്. രാഷ്ട്രബോധത്തെ മുറുകെപ്പിടിക്കാന്‍ മതങ്ങള്‍ തയ്യാറാവണം. രാഷ്ട്രമാണ് പരമപ്രധാനമെന്ന വസ്തുത മതങ്ങള്‍ അംഗീകരിക്കണം. അതിന് സാധ്യമാകുന്ന വിധത്തില്‍ മതങ്ങളുടെ കാഴ്ചപ്പാടുകള്‍ മാറണം. അങ്ങനെ മാറുന്നില്ലെങ്കില്‍ ആ മതത്തെ ഉപേക്ഷിക്കണം. അതുകൊണ്ട് ഞാന്‍ മതത്തെ ഉപേക്ഷിക്കുന്നു. മാറാന്‍ കഴിയാത്ത ഒരു സാഹചര്യം മതത്തിന് ഉണ്ടെങ്കില്‍ ആ മതത്തെ ഉപേക്ഷിച്ച് രാഷ്ട്രത്തോടൊപ്പം നില്‍ക്കുക എന്നതാണ് അഭികാമ്യം. ആ കര്‍ത്തവ്യമാണ് ഇപ്പോള്‍ ഞാന്‍ നിര്‍വഹിച്ചിരിക്കുന്നത്.

രാമസിംഹന്റെ ഗൃഹത്തില്‍ നടന്ന പരാവര്‍ത്തന ചടങ്ങ്

നിരവധി ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുകയും അതിന് തയ്യാറല്ലാത്തവരെ ക്രൂരമായി കൊന്നുതള്ളുകയും ചെയ്ത 1921 ലെ മാപ്പിള കലാപത്തിന്റെ നൂറാം വര്‍ഷത്തില്‍ തന്നെ ഇങ്ങനെയൊരു തീരുമാനമെടുത്തതിലൂടെ താങ്കള്‍ നല്‍കാനുദ്ദേശിക്കുന്ന സന്ദേശമെന്താണ്.
♠ഒരുപക്ഷേ എന്റെ ഈ മാറ്റത്തിന് ചരിത്രപരമായ ഒരു കാരണം 1921 കൂടിയാവാം. കഴിഞ്ഞ ഒരു വര്‍ഷമായി മാപ്പിള കലാപത്തിന്റെ ചരിത്രം പുനരാഖ്യാനം ചെയ്യാന്‍ വേണ്ടിയുള്ള ഒരു സിനിമയുടെ പണിപ്പുരയിലാണ്. അതിന്റെ ഭാഗമായി ഞാന്‍ 1921ല്‍ മുഴുകിയിരിക്കുകയാണ്. അതിന്റെ ചരിത്രം പഠിച്ചുവന്നപ്പോള്‍ 1921 ലെ സാഹചര്യങ്ങള്‍ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്. മലബാറിലെ മാപ്പിള ലഹളകള്‍ക്ക് 1921 ന് പുറകില്‍ ഒരു അമ്പത് വര്‍ഷത്തെ തന്നെ ചരിത്രമുണ്ട്. ഈ കാലയളവില്‍ ഒറ്റപ്പെട്ട ലഹളകള്‍ നടന്നിരുന്നു. ഇതിനെ വേണമെങ്കില്‍ ജിഹാദ് എന്നു വിളിക്കാം. ജിഹാദ് എന്ന് ഉദ്ദേശിച്ചത് മതം വളര്‍ത്താന്‍ വേണ്ടിയുള്ള കൊലപാതകത്തെയാണ്. മതത്തിന്റെ ശക്തി തെളിയിക്കാന്‍ വേണ്ടി ഒരുകൂട്ടര്‍ വാളും പരിചയുമായി ഇറങ്ങി അന്യമതസ്ഥരെ ദ്രോഹിക്കുക, അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുക ഇതൊക്കെയാണ് 1921 ന്റെ നേര്‍ചിത്രം. അന്ന് കലാപം നടത്താന്‍ ഉപയോഗിച്ച വാളുകളും കത്തികളും ഒരു ദിവസം കൊണ്ടുണ്ടായതല്ല. അതിന് പിന്നില്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടന്നിട്ടുണ്ട്. ഹിന്ദുക്കളെ കൊല്ലാന്‍ വേണ്ടി ആയുധങ്ങള്‍ ശേഖരിക്കുകയും, വാളുകള്‍ ഉണ്ടാക്കുകയും ഒക്കെ ചെയ്തിരുന്നു. ലഹള തുടങ്ങിയപ്പോള്‍ ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ കൈക്കലാക്കുക എന്നതായിരുന്നു. സമാനമായ തയ്യാറെടുപ്പുകള്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ആലപ്പുഴയിലും പാലക്കാടും തൃശ്ശൂരിലും പോപ്പുലര്‍ ഫ്രണ്ട് കൊലപാതകങ്ങള്‍ നടത്തി.

ഇതിലൊക്കെ ധാരാളം സമാനതകളുണ്ട്. അവരുടെ കയ്യില്‍ ആയുധങ്ങളുണ്ട്. കഴിഞ്ഞ ദിവസം ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫ്രിഡ്ജില്‍ വാളുകളും ആയുധങ്ങളും ഒളിപ്പിച്ചു വെച്ചത് പിടികൂടിയിട്ടുണ്ട്. അവര്‍ ആയുധങ്ങള്‍ സംഭരിക്കുകയാണ്. അതിന് മതത്തിന്റെ പരിവേഷമുണ്ട്. മതത്തിന്റേതായ നിഗൂഢതകളും ഒരുപാടുണ്ട്. മതപരിവര്‍ത്തന കേന്ദ്രങ്ങളുണ്ട്. ഇന്നു വരെ പോലീസിന് കടന്നു കയറാന്‍ പറ്റാത്ത കേന്ദ്രങ്ങള്‍ മതത്തിന്റെ പേരില്‍ അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പുറകിലുള്ള സാമ്പത്തിക ശാസ്ത്രം കൂടി നമ്മള്‍ നോക്കണം. ഇത്തരം ആളുകള്‍ക്ക് പണം എവിടെ നിന്ന് വരുന്നു. മലബാര്‍ മാത്രം എടുത്താല്‍ മുജാഹിദ് പ്രസ്ഥാനങ്ങള്‍ക്കും സലഫി പ്രസ്ഥാനങ്ങള്‍ക്കും ഇങ്ങനെ വളരാനുള്ള പണം എവിടെ നിന്നാണ് വരുന്നത്. കോഴിക്കോടിന്റെ നഗരഹൃദയത്തിലുള്ള മിക്കവാറും കെട്ടിടങ്ങളും അവരുടെ കൈവശമാണ്. 1921 ലേതുപോലെ പണം സ്വരൂപിക്കുക, ആയുധം സ്വരൂപിക്കുക, എന്നിട്ട് ആക്രമിക്കുക ഈ രീതിയാണ് മതഭീകരവാദികള്‍ ഇപ്പോഴും പിന്തുടരുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രങ്ങള്‍ ഉണ്ടാക്കുക. അവിടെ സംഘടിച്ച് നില്‍ക്കുക. അവിടെ നിന്ന് ഇതര മതസ്ഥരെ പുറത്തേക്ക് ചാടിക്കുക. സിറിയയിലും അഫ്ഗാനിസ്ഥാനിലും ഒക്കെ സംഭവിച്ചത് ഇതുതന്നെയാണ്. കേരളത്തില്‍ അതിനുള്ള ശക്തി, ധനം, ആയുധം, രാഷ്ട്രീയ സ്വാധീനം ഇതൊക്കെ അവര്‍ ആര്‍ജ്ജിച്ചു കഴിഞ്ഞു. ഒരു വലിയ ബോംബിന്റെ മുകളിലാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. 1921 ന്റെ അതേ അവസ്ഥയിലാണ് ഇന്ന് കേരളം നില്‍ക്കുന്നത് എന്ന് ഞാന്‍ നിസ്സംശയം പറയും.

അങ്ങ് സനാതനധര്‍മ്മത്തിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള പ്രധാന പ്രേരണ എന്താണ്.
♠ഞാനൊരു കലാകാരനാണ് എന്നതാണ് പ്രധാന കാരണം. കലയാണ് എന്നെ സനാതനധര്‍മ്മവുമായി അടുപ്പിച്ചത്. കുട്ടിക്കാലത്ത് ക്ഷേത്രങ്ങളെ വെറുത്താണ് ഞാന്‍ വളര്‍ന്നത്. കല്ലുകൊണ്ടുണ്ടാക്കിയ ബിംബത്തെ ആരെങ്കിലും ആരാധിക്കുമോ എന്നൊക്കെ അക്കാലത്ത് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ നാടക കലാകാരനായി മാറിയപ്പോള്‍ ക്ഷേത്രങ്ങളുമായി ബന്ധം വന്നു. നാടകം കളിക്കാന്‍ വേണ്ടി ക്ഷേത്രങ്ങളില്‍ പോകാന്‍ തുടങ്ങി. മുസ്ലിങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത സ്ഥലത്തും ഞാന്‍ നാടകം കളിച്ചിട്ടുണ്ട്. അവിടെ എന്റെ പേര് ബാബു മീനങ്ങാടി എന്നായിരുന്നു. എന്നാല്‍ ഞാന്‍ അലി അക്ബറാണെന്ന് ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. അവരെല്ലാം എന്നോട് വളരെ ഉദാരമായാണ് പെരുമാറിയത്. നാടകം കഴിഞ്ഞാല്‍ ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ കൊണ്ടുപോയി ഭക്ഷണം തരാറുണ്ട്. അങ്ങനെ ക്ഷേത്രവുമായി നല്ല അടുപ്പം വന്നു. ക്ഷേത്രങ്ങളെക്കുറിച്ചുള്ള എന്റെ ധാരണ പാടേ മാറി. അവിടെ ആര്‍ക്കും ആരോടും വിരോധമില്ല എന്ന് എനിക്ക് മനസ്സിലായി. എന്നെ ആകര്‍ഷിച്ച മറ്റൊരു കാര്യം സനാതനധര്‍മ്മത്തിന്റെ സഹിഷ്ണുതയാണ്. എന്റെ ഈശ്വരന്‍ മാത്രം ശരി എന്നാണ് ഞങ്ങളൊക്കെ ചെറുപ്പം മുതല്‍ പഠിച്ചു വന്നത്. അതേസമയം എല്ലാം ശരിയാണെന്നും എല്ലാ വഴികളും ഒന്നു തന്നെയാണെന്നും പറയുന്ന ഹിന്ദു സംസ്‌കാരം കുഞ്ഞിലേ എന്റെ മനസ്സില്‍ ഒരു ഇളക്കം ഉണ്ടാക്കിയിരുന്നു. പിന്നീട് ഞാന്‍ കമ്മ്യൂണിസ്റ്റുകാരനായി. അപ്പോള്‍ ഈശ്വരവിശ്വാസമൊന്നും ഉണ്ടായിരുന്നില്ല. അതുകഴിഞ്ഞ് ഈശ്വരവിശ്വാസം വന്നപ്പോള്‍ അപ്രതീക്ഷിതമായി ക്ഷേത്രങ്ങളിലേക്ക് പോകുന്നതിനോട് ഒരു ഇഷ്ടം തോന്നി. മൂകാംബികയില്‍ പോകാന്‍ തുടങ്ങി. തിരുവനന്തപുരത്ത് ആയിരുന്നപ്പോള്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒഴിച്ച് അതിന് ചുറ്റുമുള്ള മറ്റെല്ലാ ക്ഷേത്രങ്ങളിലും പോകും. ഇരുപത് വര്‍ഷത്തോളം അവിടെ ജീവിച്ചിട്ട് തിരിച്ചു പോരാന്‍ നേരത്ത് എനിക്ക് അവിടുത്തെ ശിവക്ഷേത്രത്തില്‍ പോവണമെന്ന് ഒരു മോഹമുണ്ടായി. കളവുപറഞ്ഞ് കയറാന്‍ എനിക്ക് ഇഷ്ടമല്ല. എങ്ങനെ സംഭവിച്ചു എന്നറിയില്ല. ഒരു ദിവസം രാവിലെ നാല് മണിക്ക് ഞാന്‍ എഴുന്നേറ്റ് കുളിച്ച് മുണ്ടൊക്കെ ഉടുത്ത് ശിവക്ഷേത്രത്തില്‍ പോയി. അവിടുത്തെ ഓഫീസില്‍ ചെന്ന് കാര്യങ്ങള്‍ പറഞ്ഞു. എനിക്ക് ഭഗവാനെ ഒന്ന് കാണണമെന്ന് പറഞ്ഞു. അതിനെന്താ വരൂ എന്നുപറഞ്ഞ് ഒരാള്‍ എന്നെ ശ്രീകോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രതിഷ്ഠയുടെ മുന്നില്‍ നിര്‍ത്തി അര്‍ച്ചന നടത്തി. ഈ സംഭവം കൂടി ആയപ്പോള്‍ എനിക്ക് ക്ഷേത്രങ്ങളോട് കൂടുതല്‍ ഇഷ്ടം തോന്നി.

അങ്ങനെ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട് ഉള്ളപ്പോള്‍ ഞാന്‍ ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടു. ആ സമയത്ത് എ.കെ.ബി. നായര്‍ അവിടെ അടുത്ത് വെച്ച് ഗീത പഠിപ്പിക്കുന്നുണ്ടെന്ന് എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. അങ്ങനെ ഞാന്‍ ഗീത പഠിക്കാന്‍ തുടങ്ങി. അങ്ങനെ സംസ്‌കൃതവും ഗീതയും പഠിച്ചു. അദ്ദേഹം സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലി അതിന്റെ അര്‍ത്ഥം പറഞ്ഞുതരുമായിരുന്നു. ഗീത പഠിക്കുമ്പോഴും എനിക്കൊരു അന്യഥാബോധമുണ്ടായിരുന്നു. കാരണം ഞാനൊരു മുസ്‌ലിം അല്ലേ, ഗീത ഹിന്ദു ഗ്രന്ഥമല്ലേ. എന്നാല്‍ ആ ധാരണ ഗീത പഠിക്കാന്‍ തുടങ്ങി ഒന്നു രണ്ട് അധ്യായങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പൊളിഞ്ഞു. അതായത് അര്‍ജ്ജുന വിഷാദയോഗം കഴിഞ്ഞപ്പോള്‍. എന്റെ കുടുംബത്തിലും മറ്റു കുടുംബത്തിലും ഒക്കെ ഉണ്ടാകുന്ന ഒരവസ്ഥയാണ് അര്‍ജുനനും ഉണ്ടായത് എന്ന് എനിക്ക് തോന്നി. അധര്‍മ്മികളായ ബന്ധുജനങ്ങളുടെ മുന്നില്‍ ബന്ധുത്വം മറന്ന് തകര്‍ന്നു പോകുമ്പോള്‍ ധര്‍മ്മത്തിനുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള കൃഷ്ണന്റെ ആഹ്വാനം അര്‍ജുനനോട് മാത്രമല്ല നമ്മളോടെല്ലാമാണ്. അങ്ങനെ ഗീത പഠിക്കുമ്പോള്‍ അര്‍ജ്ജുനന്റെ സ്ഥാനത്തേക്ക് പതുക്കെ ഞാന്‍ കടന്നു വന്നു. ഒരു ഘട്ടത്തില്‍ അര്‍ജുനന്‍ ചോദിക്കുന്നുണ്ട് ‘അല്ലയോ കൃഷ്ണാ നീ പറയുന്ന അരൂപിയായ ഈശ്വരനെ ആരാധിക്കുന്നവര്‍ വളരെ കുറവാണ്. മറ്റു രൂപത്തില്‍ ആരാധന നടത്തുന്നവരാണ് കൂടുതല്‍. എന്താണ് നിന്റെ അഭിപ്രായം’ എന്ന്. അപ്പോള്‍ കൃഷ്ണന്‍ പറയുന്നത് ബോധതലത്തിനനുസരിച്ച് ആളുകള്‍ വഴി തിരഞ്ഞെടുക്കുന്നു എന്നാണ്. ചിലര്‍ കല്ലിനെ അല്ലെങ്കില്‍ മരത്തെ, സര്‍പ്പത്തെ ആരാധിക്കുന്നു. പക്ഷേ എല്ലാം കേള്‍ക്കേണ്ടത് ഞാനല്ലേ എന്ന് ഭഗവാന്‍ ചോദിക്കുന്നു. എല്ലാ നദികളും സമുദ്രത്തിലേക്കാണ് ചെന്നു ചേരുന്നത്. ഇതാണ് ഹിന്ദുത്വത്തിന്റെ പരമമായ ഒരു തലം. ഹിന്ദുത്വം ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഒരു സംസ്‌കാരമാണെന്ന് ഗീതാ പഠനത്തിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. അതിനുശേഷം അതിന്റെ ഒരു പ്രചാരകനായി ഞാന്‍ മാറിയിട്ടുണ്ട്. കഴിയുന്നത്ര ആളുകളെക്കൊണ്ട് ഗീത വായിപ്പിക്കാനും അതിന്റെ സന്ദേശം ലളിതമായി ആളുകളില്‍ എത്തിക്കാനും ഞാന്‍ ശ്രമിച്ചു. അങ്ങനെ ആളുകള്‍ എന്നെ പ്രഭാഷണത്തിന് വിളിക്കാന്‍ തുടങ്ങി. അപ്പോഴും ഞാനെന്റെ മതമൊന്നും ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. കാരണം ഗീത മതം ഉപേക്ഷിക്കാന്‍ പറയുന്നില്ല. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ മതം ഉപേക്ഷിക്കേണ്ടി വന്നു.

ദേശീയവാദത്തിന്റെ മുഖ്യധാരയിലേക്ക് താങ്കള്‍ എങ്ങനെയാണ് എത്തിപ്പെട്ടത്.
♠അതും കലയുമായി ബന്ധപ്പെട്ടു തന്നെയാണ്. ദേശീയ ധാരയിലേക്ക് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതും നാടകങ്ങള്‍ തന്നെയാണ്. ഞാന്‍ രണ്ട് മൂന്ന് നാടകങ്ങള്‍ ചെയ്തിരുന്നു. ഒന്ന് മദ്രാസില്‍ കേരള കലകളെ മുഴുവന്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ളതായിരുന്നു. അതിനുവേണ്ടി നല്ല പഠനം തന്നെ നടത്തേണ്ടി വന്നു. അതു കഴിഞ്ഞ് ‘ചാണക്യന്‍’ ചെയ്തു. ചാണക്യന്റെ കാലഘട്ടം ചരിത്രത്തില്‍ നിന്ന് എടുത്ത് വായിച്ചപ്പോഴാണ് എനിക്ക് ഭാരതീയ സംസ്‌കാരത്തിന്റെ ശ്രേഷ്ഠത കൂടുതല്‍ ബോധ്യമായത്. അതുവരെ ‘അക്ബര്‍ ദ ഗ്രേറ്റ്’ എന്നും ‘അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്’ എന്നുമൊക്കെയായിരുന്നു ഞാന്‍ വിളിച്ചിരുന്നത്. ചരിത്രം വായിച്ചപ്പോള്‍ തോറ്റോടിയ അലക്‌സാണ്ടറെ ആണ് നമ്മള്‍ ഗ്രേറ്റ് എന്നു വിളിക്കുന്നതെന്ന് മനസ്സിലായി. നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ ചാണക്യനെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല. ചാണക്യന്റെ കേന്ദ്രമായിരുന്ന തക്ഷശില എത്ര വിപുലമായിരുന്നു എന്ന് എന്റെ പഠനത്തിലൂടെ എനിക്ക് മനസ്സിലായി. അവിടേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വന്നിരുന്നു. ഇതോടെ നമ്മുടെ സംസ്‌കാരം എത്ര ശ്രേഷ്ഠമാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. ഇന്നലെകളിലേക്കുള്ള യാത്രയാണ് എന്നെ ദേശീയധാരയോട് കൂടുതല്‍ അടുപ്പിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ മുസ്ലിംഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് സുകര്‍ണോയുടെ മകള്‍ സുക്മാവതിയും ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനായ വസീം റിസ്‌വിയും ഇസ്ലാംമതം ഉപേക്ഷിച്ച് സനാതനധര്‍മ്മത്തിലേക്ക് കടന്നുവന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. അതിന്റെ തുടര്‍ച്ചയായാണ് താങ്കളുടെ സനാതനധര്‍മ്മപ്രവേശനവും ഉണ്ടായിരിക്കുന്നത്. ഇസ്ലാമിന് ഇതൊരു വേലിയിറക്കത്തിന്റെ കാലമാണ് എന്ന് താങ്കള്‍ കരുതുന്നുണ്ടോ.
♠ഇന്ന് ധാരാളം പേര്‍ ഇസ്ലാംമതം ഉപേക്ഷിച്ച് പുറത്തു വരുന്നുണ്ട്. ഈ അടുത്ത കാലംവരെ ഇസ്ലാമിനെക്കുറിച്ച് ആര്‍ക്കും വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. മദ്രസയില്‍ പഠിച്ചിരുന്ന കുറച്ചു കാര്യങ്ങളല്ലാതെ എനിക്കും കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹദീസുകളൊക്കെ മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടതോടെ അവസ്ഥ മാറി. ഇതോടൊപ്പമാണ് എം.എം. അക്ബറിനെ പോലെയുള്ള ചില ഇസ്ലാമിക മതപ്രഭാഷകര്‍ മറ്റു മതങ്ങളെ മുഴുവന്‍ കുറ്റം പറഞ്ഞുകൊണ്ട് രംഗത്ത് വരാന്‍ തുടങ്ങിയത്. അതോടെ ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതര മതസ്ഥരും ശ്രമിച്ചു തുടങ്ങി. ക്രിസ്ത്യാനികളും യുക്തിവാദികളും ഒക്കെ ഇത്തരം പഠനത്തില്‍ മുഴുകി. അങ്ങനെ ഒട്ടും ശാസ്ത്രീയമല്ലാത്ത വിഭാഗമാണ് ഇസ്ലാം എന്നുള്ളത് ലോകം മുഴുവനും ഒരു പുതിയ അറിവായി പ്രവഹിച്ചു. ആരായിരുന്നു മുഹമ്മദ് എന്നും അദ്ദേഹത്തിന്റെ ചെയ്തികള്‍ എന്തൊക്കെയായിരുന്നു എന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ വന്നു. അങ്ങനെ പ്രവാചകന്റെ ഏറ്റവും മോശപ്പെട്ട ഒരു മുഖം ഈ മുസ്ലിങ്ങള്‍ തന്നെ പുറത്തേക്ക് എടുത്തിട്ടു. മതത്തിന്റെ ഉള്ളില്‍ നിന്ന് തന്നെ അതിന്റെ മോശപ്പെട്ട വശങ്ങള്‍ പുറത്തു വന്നു. ഒളിച്ചു വെച്ച ധാരാളം കാര്യങ്ങള്‍ വെളിച്ചത്തായി. മതം ഉപേക്ഷിക്കുന്നയാളെ കൊന്നുകളയാനാണ് എപ്പോഴും ഇസ്ലാം പറയുന്നത്. അതിനെ അനുകൂലിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യം ഇന്ത്യയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് രാമസിംഹനെ കൊന്നവര്‍ ശിക്ഷിക്കപ്പെടാതെ പോയത്. എന്നാല്‍ ഇന്ന് ആ സാഹചര്യം മാറി. കൊന്നാല്‍ ചോദിക്കാന്‍ ആളുകള്‍ ഉണ്ടെന്നു വന്നു. സമൂഹത്തില്‍ മൊത്തത്തില്‍ ഇങ്ങനെയൊരു അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. അസഹിഷ്ണുതയില്‍ ഊന്നിയ മതബോധം അംഗീകരിച്ചു കൊടുക്കില്ല എന്ന് ചിന്തിക്കുന്ന ഒരു പൊതുബോധം ഇന്ത്യയിലും ലോകത്തും പതുക്കെ ഉണ്ടായിട്ടുണ്ട്. പാരീസ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഇസ്ലാമൈസേഷനെതിരെ ഒരു മൂവ്‌മെന്റ് ഉണ്ടായിട്ടുണ്ട്. മറ്റൊന്ന് വഹാബിസം സൗദി അറേബ്യയില്‍ നിന്ന് പതുക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതാണ്. സൗദി രാജാക്കന്മാര്‍ തങ്ങളുടെ മക്കള്‍ക്ക് നല്ല വസ്ത്രങ്ങള്‍ കൊടുക്കുന്നു. സ്ത്രീകള്‍ പര്‍ദ്ദ ഉപേക്ഷിക്കുന്നു, സ്ത്രീകള്‍ പട്ടാളത്തില്‍ ചേരുന്നു. മതം ഉണ്ടായ ഇടത്തുതന്നെ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്നത് പ്രധാനമാണ്. മുന്‍പ് അവിടെ അഞ്ച് നേരം കടകള്‍ അടയ്‌ക്കേണ്ടിയിരുന്നു. ഇപ്പോള്‍ സൗദിയിലെ ലൈബ്രറിയില്‍ നിന്ന് തീവ്ര ചിന്താഗതിയുള്ള പുസ്തകങ്ങള്‍ ഭരണകൂടം തന്നെ എടുത്തു മാറ്റുകയാണ്. ഇതൊക്കെ ചിന്തിക്കുന്ന ആളുകളില്‍ ഒരു മാറ്റം പകര്‍ന്നിട്ടുണ്ട്. മതത്തിന്റെ അനീതികളെ ചോദ്യം ചെയ്താല്‍ ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാം. എന്നാലും പറയാനുള്ളത് ഉറക്കെ വിളിച്ചു പറയാം എന്ന ഒരു ചിന്ത ഇന്ന് വ്യാപകമായിട്ടുണ്ട്. ഇസ്ലാമിനെക്കുറിച്ച് കൃത്യമായി പഠിച്ചവരൊക്കെ ഇസ്ലാം ഉപേക്ഷിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.

സുക്മാവതി
വസീം റിസ്‌വി

രാമസിംഹന്‍ എന്ന പേര് തിരഞ്ഞെടുക്കാനുള്ള കാരണമെന്താണ്?
♠രാമസിംഹന്‍ എന്ന പേര് ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ ഇസ്ലാമിലെ തീവ്ര ചിന്താഗതിക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണ്. മായ്ച്ചുകളയാന്‍ ശ്രമിക്കുന്ന പേരുകള്‍ ഉറക്കെ വിളിച്ചു പറയുക എന്നത് ചരിത്രപരമായ ഒരു ദൗത്യമാണ്. ഞാന്‍ രാമസിംഹന്‍ എന്ന പേര് സ്വീകരിച്ചതോടെ ആരായിരുന്നു രാമസിംഹന്‍ എന്ന അന്വേഷണം വ്യാപകമായി. ഇതൊരു ചെറിയ കാര്യമല്ല. 1947-ല്‍ രാമസിംഹനെ ഇല്ലാതാക്കിയവര്‍ ഇപ്പോഴും നമ്മുടെ ചുറ്റുമുണ്ട്. അവര്‍ക്ക് മുന്നില്‍ രാമസിംഹന്‍ ഇല്ലാതായിട്ടില്ല എന്ന് വിളിച്ചു പറയാന്‍ എന്റെ ഈ തീരുമാനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ഒരു രാമസിംഹനെ ഇല്ലാതാക്കിയാല്‍ ആയിരം രാമസിംഹന്മാര്‍ ഉണ്ടായി വരും എന്ന സത്യം വൈകിയാണെങ്കിലും അംഗീകരിക്കപ്പെടും.

ഇസ്ലാംമതം ഉപേക്ഷിച്ച് സനാതനധര്‍മ്മം സ്വീകരിച്ച രാമസിംഹനും ഇസ്ലാമിലെ യാഥാസ്ഥിതിക ചിന്താഗതികളെ വിമര്‍ശിച്ച ചേകന്നൂര്‍ മൗലവിയും ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു. പ്രവാചക നിന്ദ നടത്തി എന്നാരോപിച്ചാണ് തൊടുപുഴയില്‍ ജോസഫ് മാഷിന്റെ കൈവെട്ടിയത്. ഇതെല്ലാം ഇസ്ലാമിക സമൂഹത്തിന്റെ ഭീകരമുഖമാണോ വെളിവാക്കുന്നത്.
♠ തീര്‍ച്ചയായും. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഒരു ശൈലി ഇസ്ലാമിന് പണ്ടു മുതലേ ഉണ്ട്. അത് തുടങ്ങിവെച്ചത് പ്രവാചകന്‍ മുഹമ്മദിന്റെ കാലത്താണ്. ഭയപ്പെടുത്തലും പ്രലോഭനവും ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളാണ്. സ്വര്‍ഗ്ഗവും നരകവുമെന്ന വിശ്വാസം പോലും ഇതിന്റെ ഭാഗമാണ്. സനാതനധര്‍മ്മ പ്രകാരം ബ്രഹ്‌മത്തില്‍ അല്ലെങ്കില്‍ ഈശ്വരനില്‍ ലയിക്കുക എന്നതാണ് സങ്കല്പം. അതാണ് മോക്ഷം. നമ്മുടെ എല്ലാ കര്‍ത്തവ്യങ്ങളും ചെയ്തു കഴിഞ്ഞ് കര്‍മ്മബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് ഈശ്വരനിലേക്ക് ലയിക്കുക. എന്നാല്‍ സ്വപ്‌നങ്ങളും ഭയവും അതായത് സ്വര്‍ഗ്ഗവും നരകവുമെന്ന ചിന്ത വിതറുന്നത് സങ്കുചിത മതത്തിന്റെ ലക്ഷണമാണ്. വിഡ്ഢികള്‍ക്ക് മുന്‍പിലേ ഇത് പറ്റുകയുള്ളൂ. ബോധമുള്ളവന്‍ ഇത് വിശ്വസിക്കുകയില്ല. അത്തരം മതങ്ങള്‍ക്ക് തോക്കുകൊണ്ടോ വാളുകൊണ്ടോ ഒക്കെ മാത്രമേ വളരാന്‍ സാധിക്കുകയുള്ളൂ.

ഇസ്ലാമിനകത്തുള്ള അനാചാരങ്ങള്‍ ആ മതം ഉപേക്ഷിക്കാനുള്ള കാരണമായിട്ടുണ്ടോ.
♠ ആധുനിക കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് വളര്‍ന്നതിനാല്‍ അനാചാരങ്ങള്‍ എന്നെ ബാധിച്ചിരുന്നില്ല. എന്റെ വീട്ടില്‍ ആരും പര്‍ദ്ദ ഉപയോഗിക്കാറുണ്ടായിരുന്നില്ല. ‘ശിര്‍ക്ക്’ എന്നു പറയുന്ന ഈ അനാചാരങ്ങള്‍ വ്യാപകമായി കടന്നുവന്നത് അടുത്ത കാലത്താണ്. ഭക്ഷണത്തില്‍ തുപ്പുന്നതൊക്കെ അതിന്റെ ഭാഗമാണ്. ഇസ്ലാമിനകത്തെ പ്രധാനപ്പെട്ട മറ്റൊരു അനാചാരമായിരുന്നു മുത്തലാഖ്. അത് നരേന്ദ്രമോദി അവസാനിപ്പിച്ചു. മറ്റൊന്നുള്ളത് സുന്നത്താണ്. അതിന് ഞാന്‍ പണ്ടുമുതലേ എതിരായിരുന്നു. വാസ്തവത്തില്‍ അത് ഇസ്ലാമില്‍ ഇല്ല. രണ്ടു വര്‍ഷം മുന്‍പ് ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. അങ്ങനെയാണെങ്കില്‍ എന്റെ അറിവോ സമ്മതമോ ഇല്ലാതെ സുന്നത്ത് കര്‍മ്മം നടത്തിയിട്ടുണ്ട് എന്നു സൂചിപ്പിച്ചുകൊണ്ട് അന്ന് അധികാരികള്‍ക്ക് ഞാനൊരു തുറന്ന കത്തെഴുതി. അതോടെ സര്‍ക്കാര്‍ രണ്ട് കേസും വിട്ട് ഓടി. എപ്പോഴും ഹിന്ദുക്കളുടെ അനാചാരങ്ങളെ ചൂണ്ടിക്കാണിക്കാനാണ് പലര്‍ക്കും താല്പര്യം. ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് പറഞ്ഞപ്പോള്‍ സുന്നികളുടെ പള്ളിയിലും സ്ത്രീകളെ കയറ്റണമെന്ന് ഞാന്‍ പറഞ്ഞു. മറ്റു മതങ്ങളില്‍ നടക്കുന്ന സമാന ആചാരങ്ങളെ കാണാതെ അനാചാരങ്ങളുടെ പേരില്‍ ഹിന്ദുക്കളെ അടിച്ചമര്‍ത്താനാണ് പലരും ശ്രമിക്കുന്നത്.

മതപരമായ പരിഷ്‌കരണത്തിനുള്ള സാധ്യതകള്‍ ഇസ്ലാമില്‍ എത്രത്തോളമുണ്ട്.
♠ഒട്ടുമില്ല. ഇസ്ലാമില്‍ മതപരമായ പരിഷ്‌കരണം നടക്കണമെങ്കില്‍ ഖുറാനിലെ പല വാക്യങ്ങളും തിരുത്തിയെഴുതേണ്ടി വരും. ക്രിസ്ത്യാനികളുടെ പഴയ നിയമം ഉണ്ടായതുപോലെ ഖുറാനില്‍ തിരുത്തലുകള്‍ വരണം. ഖുറാന്‍ എന്നത് പിന്നീട് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയ ഒന്നാണെന്ന് പലര്‍ക്കും അറിയില്ല. പ്രവാചകന്‍ മുഹമ്മദ് ലോകം വിട്ടുപോകുമ്പോള്‍ അങ്ങനെയൊരു ഗ്രന്ഥം ഉണ്ടായിരുന്നില്ല. മുഹമ്മദിന്റെ കാലശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ പലയിടത്തുനിന്നും വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഖുറാന്‍ ഉണ്ടാക്കിയത്. ഇതൊക്കെ അംഗീകരിക്കാന്‍ ഇസ്ലാമിക വിശ്വാസികള്‍ തയ്യാറാവുമോ. ഹിന്ദുക്കളില്‍ ഉള്ളതിനേക്കാള്‍ ജാതീയത ഇസ്ലാമിലുണ്ട്.

ലേഖകന്‍ രാമസിംഹനോടൊപ്പം

അലി അക്ബര്‍ ഇസ്ലാംമതം ഉപേക്ഷിച്ച് സനാതനധര്‍മ്മം സ്വീകരിച്ചു എന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ചോദ്യം ഇനി ഏത് ജാതിയിലാണ് അലി അക്ബര്‍ ചേരുക എന്നതാണ്. ഹിന്ദുക്കളെ വിമര്‍ശിക്കാനുള്ള ഒരു ആയുധമായി എപ്പോഴും ജാതി ഉപയോഗിക്കപ്പെടുന്നത് എന്തുകൊണ്ടാണ്.
♠ഹിന്ദുക്കള്‍ തന്നെയാണ് അതിന് ഉത്തരവാദികള്‍. അടിസ്ഥാനപരമായി സനാതനധര്‍മ്മത്തില്‍ ജാതിവ്യവസ്ഥയില്ല. കര്‍മ്മവ്യവസ്ഥയാണുള്ളത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വര്‍ണ്ണവ്യവസ്ഥ. അതിനെ പലരും ജാതിയെന്ന് തെറ്റിദ്ധരിക്കുകയാണ്. വിമര്‍ശിക്കുന്നവര്‍ക്ക് ഇതൊന്നുമറിയില്ല. ഇന്ന് ജാതിയെന്ന് ഉദ്ദേശിക്കുന്നത് കുലത്തെയാണ്. ഞാന്‍ ഗീത പഠിപ്പിക്കുമ്പോള്‍ ബ്രാഹ്‌മണനാണ്. സിനിമയെടുക്കുന്നത് സേവനമായതിനാല്‍ അപ്പോള്‍ ഞാന്‍ ശൂദ്രനാണ്. രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ പോയാല്‍ ഞാന്‍ ക്ഷത്രിയനാണ്. ചെയ്യുന്ന കര്‍മ്മത്തിനനുസരിച്ച് ഒരാള്‍ ബ്രാഹ്‌മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനുമൊക്കെയാവും. ഹിന്ദുക്കളില്‍ ജാതിയുണ്ട് എന്ന് പ്രചരിപ്പിക്കുന്ന ഇതരമതസ്ഥരുടെ ഉദ്ദേശ്യം മതപരിവര്‍ത്തനമല്ലാതെ മറ്റൊന്നുമല്ല. അതിനു പിന്നില്‍ ഹിന്ദുക്കള്‍ സംഘടിക്കുന്നതിനെ എതിര്‍ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ട്.

ഹിന്ദുക്കളില്‍ നിന്ന് ധാരാളം ആളുകളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ ലൗജിഹാദ് എന്ന നിലയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണല്ലോ. ഇതിനുള്ള പരിഹാരമെന്താണ്.
♠ഓരോ ഹിന്ദുവും സ്വധര്‍മ്മത്തെക്കുറിച്ച് മക്കളെ പഠിപ്പിക്കാന്‍ തയ്യാറാവുക എന്നതാണ് പരിഹാരം. അതോടൊപ്പം പറ്റുമെങ്കില്‍ ഹദീസുകളുടെ മലയാള പരിഭാഷ അവരെക്കൊണ്ട് വായിപ്പിക്കുകയും വേണം. ലൗ ജിഹാദിന് പിന്നില്‍ മറ്റൊരു ഘടകം കൂടിയുണ്ട്. വിലകൂടിയ വാഹനങ്ങളും വസ്ത്രങ്ങളുമായി കടന്നു വരുന്ന മുസ്‌ലിം ചെറുപ്പക്കാരെ കണ്ട് ചില പെണ്‍കുട്ടികളെങ്കിലും ഭ്രമിച്ചു പോകുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്. ഇത് മുതലെടുത്ത് പതുക്കെ അവരിലേക്ക് മതം ഇന്‍ജെക്ട് ചെയ്യുകയാണ്. നേരായ വഴിയിലൂടെ ഇത് നടക്കുന്നില്ലെങ്കില്‍ ലഹരിയിലൂടെ അതിന് ശ്രമിക്കും. ഭ്രമാത്മക ലോകത്തെക്കുറിച്ചുള്ള ശരിയായ ധാരണ നമ്മുടെ കുട്ടികള്‍ക്ക് നല്‍കണം. അതോടൊപ്പം ഒരു സമാജമെന്ന നിലയില്‍ സാമ്പത്തികമായി ഹിന്ദുക്കള്‍ മുന്നോട്ടു വരുകയും വേണം.

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തില്‍ ഹിന്ദുസമൂഹം വിവേചനം നേരിടുകയാണ് എന്ന് തോന്നുന്നുണ്ടോ.
സ്ഥതീര്‍ച്ചയായും ഉണ്ട്. കേരളത്തില്‍ ഹിന്ദുവിന് ഇന്ന് നിലനില്‍പ്പില്ലാത്ത അവസ്ഥയാണ്. ക്ഷേത്രങ്ങളും വിശ്വാസങ്ങളും ഒക്കെ അവന് കൈവിട്ടുപോയി. ക്ഷേത്രങ്ങളില്‍ ഹിന്ദുമതപാഠശാലകള്‍ തുടങ്ങുന്നതിനെ മാത്രം സര്‍ക്കാരും രാഷ്ട്രീയക്കാരും എതിര്‍ക്കുന്നത് നമ്മള്‍ കാണുന്നില്ലേ. ഹിന്ദുക്കളുടെ പണം വാങ്ങി എന്തും ചെയ്യാം. അതിനുവേണ്ടി വിശ്വാസമില്ലാത്ത ആളുകള്‍ക്ക് പോലും ക്ഷേത്രത്തില്‍ കയറാം. ശബരിമലയിലെത്തിയ ദേവസ്വം മന്ത്രി തീര്‍ത്ഥജലം വാങ്ങി സാനിറ്റൈസര്‍ പോലെ തുടച്ച് താഴെ കളഞ്ഞത് കേരളം കണ്ടതാണല്ലോ. ഇതരമതസ്ഥരുടെ വിശ്വാസവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു അവഹേളനം ഉണ്ടായതെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി. ക്ഷേത്രഭൂമികള്‍ക്ക് നേരെ വലിയ കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട്. ഇരുമുന്നണികളും മുസ്‌ലിം പ്രീണനത്തിന്റെ കാര്യത്തില്‍ പരസ്പരം മത്സരിക്കുകയുമാണ്.

സിനിമാ മേഖലയില്‍ ഹിന്ദു വിരുദ്ധമായ ധാരാളം പ്രവണതകള്‍ നടന്നു കൊണ്ടിരിക്കുകയാണല്ലോ. വാരിയംകുന്നനെക്കുറിച്ച് സിനിമ എടുക്കുമെന്ന പ്രഖ്യാപനം ഇതിന്റെ ഭാഗമായിരുന്നല്ലോ. മലയാള സിനിമയില്‍ മതഭീകരവാദത്തിന്റെ സ്വാധീനം എത്രത്തോളമാണ്.
♠ 2014 മുതല്‍ ഈ ശ്രമം ഉണ്ടായിട്ടുണ്ട്. അതുവരെ മുജാഹിദുകളൊക്കെ സിനിമയ്ക്ക് തന്നെ എതിരായിരുന്നു. എന്നാല്‍ ലഹരിയും സിനിമയും മതപരിവര്‍ത്തനത്തിനും മതബോധനത്തിനുമുള്ള ഉപകരണങ്ങളാക്കി മാറ്റാം എന്ന് സുന്നികളുള്‍പ്പെടെ എല്ലാ വിഭാഗങ്ങളും ചിന്തിച്ചത് 2014 ന് ശേഷമാണ്. അതിന്റെ ഭാഗമായിട്ടാണ് ‘മുസ്‌ലിം സിനിമ’ എന്ന കാഴ്ചപ്പാട് ഉണ്ടായത്. സിനിമയുടെ കഥയും ടെക്‌നീഷ്യന്മാരും ഒക്കെ മുസ്ലിങ്ങള്‍ ആയിരിക്കുന്ന തരത്തിലുള്ള മുസ്‌ലിം സിനിമകള്‍ മലയാളത്തില്‍ ഇപ്പോള്‍ ധാരാളം ഇറങ്ങുന്നുണ്ട്. സിനിമയുടെ നിര്‍മ്മാണ ചെലവ് ഒരു കോടിയില്‍ നിന്ന് നൂറ് കോടിയിലേക്ക് വന്നു കഴിഞ്ഞു. സിനിമയിലേക്ക് മതം ശക്തമായ ഒരു ഘടകമായി കടന്നു വരുകയാണ്. ഹിന്ദു പ്രമേയങ്ങളുള്ള സിനിമകള്‍ മലയാളത്തില്‍ കുറഞ്ഞു വരുന്നത് ബോധപൂര്‍വ്വമായ ഗൂഢാലോചനകളുടെ ഫലമാണ്.

താങ്കള്‍ സംവിധാനം നിര്‍വ്വഹിക്കുന്ന മാപ്പിള കലാപത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ അനാവരണം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാണം നടന്നു വരികയാണല്ലോ. അതേക്കുറിച്ച്.
♠ അതിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ആ സിനിമയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഇപ്പോള്‍ ഒന്നര വര്‍ഷത്തോളമായി. അമ്പത് ദിവസത്തോളമാണ് ഷൂട്ടിംഗ് നടന്നത്. ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പലസ്ഥലത്തും ഷൂട്ട് ചെയ്യാന്‍ പോലും പോലീസുകാര്‍ സമ്മതിച്ചില്ല. എവിടെ പെര്‍മിഷന്‍ ചോദിച്ചാലും തരില്ല. അങ്ങനെ സിനിമയെ തടസ്സപ്പെടുത്താന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ ഇത് മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ട് വീടിന്റെ സമീപത്ത് ഒരു ഷെഡ് കെട്ടി അതില്‍ തന്നെ സിനിമയുടെ സെറ്റ് ഇട്ടിരുന്നു. ഇത്തരത്തില്‍ കൃത്യമായി പ്ലാന്‍ ചെയ്തതുകൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കാനായത്. അതിനെ തകര്‍ക്കാന്‍ പലരും ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. എനിക്ക് വരുന്ന ഫണ്ട് തടയാന്‍ പോലും ശ്രമിച്ചു. എന്നാല്‍ സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ പണം തന്നത് അമ്മമാരും സ്ത്രീകളുമാണ്. വിദേശത്ത് നിന്ന് ധാരാളം പേര്‍ പണം തന്നിട്ടുണ്ട്. പിന്നെ 1921 ല്‍ കലാപത്തിന്റെ ഇരകളായി മലബാറില്‍ നിന്ന് പലായനം ചെയ്തുപോയ ധാരാളം കുടുംബങ്ങളുണ്ട്. അവരും പണം തന്നിട്ടുണ്ട്. മാപ്പിള കലാപത്തിന്റെ യഥാര്‍ത്ഥ ചരിത്രത്തെ സത്യസന്ധമായി തന്നെ സിനിമയില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. 1921 ന്റെ ഉപകഥകള്‍ ധാരാളമുണ്ട്. ആ ചരിത്രം ഒരു സിനിമയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 1921 ചര്‍ച്ച ചെയ്യപ്പെട്ടു. മുഴുവന്‍ ചരിത്രവും ആളുകള്‍ അറിഞ്ഞു. സിനിമയിലൂടെ ഞാന്‍ തുടങ്ങിവെച്ച ദൗത്യം സമൂഹം ഏറ്റെടുത്തുകഴിഞ്ഞു.

നിലവില്‍ താങ്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ഉണ്ടോ.
♠ ഭീഷണികള്‍ ധാരാളം ഉണ്ട്. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാവുന്ന ഒരു അവസ്ഥയില്‍ തന്നെയാണ് വളരെക്കാലമായി ഞാന്‍ ഉള്ളത്. മുസല്‍മാനായി ജനിച്ചു, ഇനി ഹിന്ദുവായി മരിക്കാനാണ് ആഗ്രഹം. ഈ രാമസിംഹന്‍ മരിച്ചാല്‍ രാമനാമം ഉറക്കെ ചൊല്ലി എന്നെ സംസ്‌കരിക്കണം. അപ്പോഴേ ഒരായിരം രാമസിംഹന്മാര്‍ ഇനിയും വരികയുള്ളൂ. ഒരുപാട് കാലം അടിമയായി നിന്ന് മരിക്കുന്നതിനേക്കാള്‍ നല്ലത് എതിര്‍ത്തു നിന്ന് ധീരമായി ഭാരത സംസ്‌കാരത്തിനുവേണ്ടി മരണം വരിക്കുന്നതാണ്.

 

Tags: ഇസ്ലാംഅലി അക്ബര്‍രാമസിംഹന്‍
Share12TweetSendShare

Related Posts

ഭാരതമാതാവിനെ ഭയക്കുന്നവര്‍

അമ്മനാടിനെ തള്ളിപ്പറയുന്ന കമ്മ്യൂണിസം

അമ്മഭാരതത്തിന്റെ അമരത്വം

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies