തൊഴിലുറപ്പ് പദ്ധതിയിലൂടെ രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ പ്രാഥമിക കാല്‍വെയ്പ്പാണ് നടന്നു വരുന്നത്. പാവപ്പെട്ടവര്‍ക്ക് ഇതിലൂടെ കുറഞ്ഞപക്ഷം 150 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുവാന്‍ കഴിയുമെന്നത് ചെറിയ കാര്യമൊന്നുമല്ല. നിലവിലെ കണക്കുപ്രകാരം രാജ്യത്ത് ആകെ ഏതാണ്ട് 20 കോടിയില്‍ പരം തൊഴിലാളികള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ടത്രെ! കേരളത്തില്‍ 18.35ലക്ഷം കുടുംബങ്ങളില്‍ നിന്നും 21.28 ലക്ഷത്തില്‍പരം തൊഴിലാളികള്‍ പണികള്‍ ചെയ്തുവരികയാണ്. ആകെ തൊഴിലാളികള്‍ പണികള്‍ 20.26 ശതമാനം പട്ടികജാതിക്കാരും 16.62 ശതമാനം പട്ടികവര്‍ഗ്ഗക്കാരുമാണെന്ന് പറയപ്പെടുന്നു. ഈ തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗമാണ് തൊഴിലുറപ്പുപദ്ധതി. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയെ പഞ്ചായത്ത് രാജ് നഗരപാലികാ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ കാര്യക്ഷമമായവിധത്തില്‍ മുന്നോട്ടുകൊണ്ടുപോയി രാജ്യം പുരോഗതിക്കായി മാറ്റപ്പെടേണ്ടതാണ്.നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മുന്നണിഭരണസമ്പ്രദായത്തില്‍ അനുവദിക്കപ്പെടുന്ന തുകയുടെ സിംഹഭാഗവും ലാപ്‌സാക്കിക്കളയുകയാണ്.
സ്വാതന്ത്രപ്രാപ്തിക്ക് മുമ്പുമുതല്‍ നമ്മുടെ നേതാക്കന്മാര്‍ ചിന്തിച്ചുറപ്പിച്ചിരുന്ന ഒന്നാണ് അധികാരവികേന്ദ്രീകരണമെന്നത്. 1992 ഡിസംബര്‍ 22-23 തീയതികളില്‍ പാര്‍ലമെന്റ് വിശ്രമരഹിതമായി ചര്‍ച്ച ചെയ്തു നഗരപാലികബില്‍ പാസ്സാക്കി. 1993 ഏപ്രില്‍ 24ന് നിയമം ഭാരതമാകെ നിലവില്‍ വരികയായിരുന്നു. 2004നാണ്. പഞ്ചായത്തീരാജ് മന്ത്രാലയം നിലവില്‍ വന്നത്. അങ്ങനെ മണിശങ്കര്‍ അയ്യര്‍ ആദ്യത്തെ പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായി. തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് അധികാരം വികേന്ദ്രീകരിച്ച് നല്‍കുകയുണ്ടായി 14-ാം ധനകാര്യകമ്മീഷന്‍ വഴി വന്‍ തുകകള്‍ പഞ്ചായത്തുകള്‍ക്കു നല്‍കിത്തുടങ്ങി. കേരളത്തില്‍ 1994 ഏപ്രില്‍ 23-24 തീയതികളില്‍ നിയമസഭ ഈ ബില്‍ പാസ്സാക്കിയിരുന്നു.1995 ഒക്‌ടോബര്‍ 2ന് ഉദ്യോഗസ്ഥ പുനര്‍നിര്‍ ണ്ണയം നടത്തി 430 കോടി ഉപാധിരഹിതമായി അനുവദിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഇടതുപക്ഷസര്‍ക്കാര്‍ ജനകീയാസൂത്രണപദ്ധതിയെന്നപേരില്‍ കേരളത്തില്‍ നടപ്പിലാക്കിയ പല പല പദ്ധതികളുടെയും കഥകള്‍ ചരിത്രത്തിലുണ്ട്. ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍ക്ക് ചട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ 2018 ലും കഴിഞ്ഞിരുന്നില്ല എന്നത് അത്ഭുതമായിരിക്കുന്നു. ഓരോ സാമ്പത്തിക വര്‍ഷത്തിലും അനുവദിക്കപ്പെടുന്ന കോടികള്‍ എന്തുകൊണ്ട് ചെലവഴിക്കപ്പെടുന്നില്ല? 2013 ല്‍ 4000കോടി ജനകീയ ആസൂത്രണപദ്ധതികള്‍ക്ക് അനുവദിക്കുകയുണ്ടായി. കേന്ദ്രസര്‍ക്കാര്‍ വിഹിതമായി 2207 കോടി വേറെയും ലഭിച്ചിരുന്നു. സാമ്പത്തിക വര്‍ഷം തുടങ്ങി ആദ്യത്തെ 4മാസം പിന്നിടുമ്പോഴും അനുവദിച്ച തുകയില്‍ ഒരു രൂപാപോലും ചെലവുചെയ്യുവാന്‍ സാധിച്ചിരുന്നില്ല. ജൂലായ് മാസം വരെയാകുമ്പോഴും 1370 കോടിയുടെ ചെലവ്മാത്രമാണ് നടന്നിരുന്നത് 2013-ല്‍ വെറും 118കോടിമാത്രം ചെലവുചെയ്തു!
ചെലവ് ഇനങ്ങള്‍
1. ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ചത് 532 കോടി രൂപ
2. ജില്ലാപഞ്ചായത്തിന് അനുവദിച്ചത് 33 കോടി രൂപ
3. നഗരസഭകള്‍ക്ക് അനുവദിച്ചത് 408 കോടി രൂപ
4.കോര്‍പ്പറേഷനുകള്‍ക്ക് അനുവദിച്ചത് 318 കോടി രൂപ
2017/18 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച തുക 5500 കോടിയായിരുന്നു. ഇതില്‍ കേവലം 639 കോടിരൂപ മാത്രമേ ചെലവുചെയ്തിട്ടുള്ളൂ, അതായത് വെറും 11.63ശതമാനം. ധനകാര്യ ചീഫ്‌സെക്രട്ടറി ഈ സ്ഥിതിഗതികള്‍ സര്‍ക്കാരിനെ യഥാസമയം അറിയിക്കുന്നുമുണ്ട്. ത്രിതല പഞ്ചായത്തുവഴി സമഗ്രവികസനം ലക്ഷ്യം വച്ചുകൊണ്ടാണല്ലോ ബില്‍ പാസ്സാക്കിയിട്ടുള്ളത്.
2018/19ലെ സാമ്പത്തിക വര്‍ഷത്തില്‍ 7000കോടി അനുവദിച്ചിരിക്കുന്നതിന്റെ വിവരങ്ങളും അറിവായിട്ടുണ്ട്.
1.ഗ്രാമപഞ്ചായത്തുകള്‍ക്ക് 3406.89കോടി
2.ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 891.32കോടി
3.ജില്ലാപഞ്ചായത്തുകള്‍ക്ക് 1013.03കോടി
4.കോര്‍പ്പറേഷനുകള്‍ക്ക് 797.45കോടി
7000കോടി വികസന ഫണ്ടില്‍നിന്നും ചെലവിടുന്നതിനുള്ള വിവരങ്ങളും അറിവായിട്ടുള്ളതാണ്.
1.മെയിന്റനെന്‍സ് സഹായം 2343.88കോടി
2.പൊതുആവശ്യത്തിന് 1426.71കോടി
3.പട്ടികജാതി ഘടകപദ്ധതികള്‍ക്ക് 1289.26 കോടി
4.പട്ടികവര്‍ഗ്ഗഉപസമതികള്‍ക്ക് 191.60കോടി
5.തൊഴിലുറപ്പുപദ്ധതിക്കു 2100.00കോടി
6.ശുചിത്വമിഷന്‍ കേന്ദ്രസഹായം 85.കോടി
2018/19 സാമ്പത്തിക വര്‍ഷം ആരംഭിച്ച ശേഷം മാസങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു! പദ്ധതികള്‍ നിരവധി ഒന്നിനുപിന്നാലെ മറ്റൊന്നായി വരികയാണ്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പായി അനുവദിച്ചിരിക്കുന്ന തുകകള്‍ എത്രകണ്ട് ചെലവാക്കുവാന്‍ കഴിയുന്നുവെന്നതാണ് ചിന്തിക്കേണ്ടത്. ഓരോ സാമ്പത്തികവര്‍ഷത്തിലും വിവിധ മേഖലകളില്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന പാവം മനുഷ്യര്‍ സാമ്പത്തിക വര്‍ഷം അവസാനിച്ചതിനാല്‍ പണം വിനിയോഗിക്കുവാന്‍ കഴിയുന്നില്ലെന്ന വാര്‍ത്തകേട്ട് അമ്പരക്കുകയാണ്. ആരുടെ കുറ്റം കൊണ്ടാണ് ഇതൊക്കെ ഈ വിധം തകര്‍ന്നുപോകുന്നത്? അതാണ് പാവപ്പെട്ടവര്‍ മുഖാമുഖം നോക്കി പിറുപിറുക്കുന്നത്.
കേരളത്തില്‍ ഭരണം നടത്തുന്ന ഇടതുപക്ഷസര്‍ക്കാര്‍ ഓണത്തിന് ഉത്സവബത്തയെന്ന നിലയില്‍ മിക്കവാറും എല്ലാ മേഖലകളിലേയും തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. ഒരു വിഭാഗത്തിന് ഉത്സവബത്ത നല്‍കുകയില്ലെന്നു പറയുന്നത് ക്രൂരതയാണ്.100 പ്രവൃത്തി ദിവസങ്ങളില്‍ പണിചെയ്തവര്‍ക്ക് ഉത്സവബത്ത നല്‍കുമ്പോള്‍ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥര്‍ ഉത്സാഹപൂര്‍വ്വം ഈ രംഗത്ത് പ്രവര്‍ത്തിച്ച് 100ദിവസത്തെ തൊഴിലുകള്‍ ചെയ്യുവാനുള്ള ഭൗതിക സാഹചര്യം ഉണ്ടായിരുന്നുവോ എന്നുള്ളതും ചിന്തിക്കേണ്ടുന്ന കാര്യമാണ്. ഓണം സംതൃപ്തിയുടെ സമവായമാണ്. അവിടെ എല്ലാവരും ഒന്നുപോലെയെന്നു പാടുമ്പോള്‍ ഒരു വിഭാഗം തൊഴിലാളികള്‍ നിരാശരായി ദു:ഖിക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കേണ്ടതാണ്.