കേരളം മതതീവ്രവാദികളുടെ പിടിയിലമര്‍ന്നിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ അടുത്തകാലത്ത് നടന്ന ക്രൂരമായ കൊലപാതകങ്ങള്‍. 2021 ഫെബ്രുവരി 24-നാണ് ആലപ്പുഴ വയലാറില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ നന്ദു കൃഷ്ണ (22) കൊല്ലപ്പെട്ടത്. 2021 ഒക്‌ടോബര്‍ 31ന് ചാവക്കാട് ബിജുവിനെ (21) ക്രൂരമായി കൊല ചെയ്തു. 2021 നവംബര്‍ 15ന് ആര്‍.എസ്.എസ്. പ്ര വര്‍ത്തകന്‍ സഞ്ജിത്തിനെ (27) ഭാര്യയുടെ മുന്നില്‍ വച്ച് തീവ്രവാദികള്‍ അറുകൊല ചെയ്തു. 2021 ഡിസംബര്‍ 20 നാണ് ആലപ്പുഴയില്‍ ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ (45) സ്വന്തം അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച് ക്രൂരമായി കൊല ചെയ്തത്. ഈ നാലു യുവാക്കളും ഇസ്ലാമിക ഭീകരവാദത്തിന്റെ ഇരകളാണ്. ഈ നാലു കൊലപാതകങ്ങളും നടന്നത് ഒരേ തരത്തിലാണ്. പരസ്യമായാണ് കൊലചെയ്യപ്പെട്ടത്. മാത്രമല്ല ഒന്നൊഴികെ മൂന്നും പകല്‍ സമയത്ത് കുടുംബങ്ങളുടെയോ സുഹൃത്തുക്കളുടെയോ മുന്നില്‍ വച്ചാണ് കൊല ചെ യ്തത്. പെട്ടെന്ന് ഉണ്ടായ ഒരു രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലല്ല ഈ ഭീകരകൊലപാതകങ്ങള്‍ നടന്നത്. കൃത്യമായ ആസൂത്രണവും ഭീകരത സൃഷ്ടിക്കാനുള്ള ശ്രമവും നടന്നു. സാധാരണ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉണ്ടാകുന്ന കൊലപാതകങ്ങള്‍ കണ്ണൂരില്‍ സുപരിചിതമാണ്. എന്നാല്‍ ആ തരത്തില്‍ രാഷ്ട്രീയ വ്യാ ഖ്യാനം നടത്താന്‍ ഈ ഭീകരാക്രമണങ്ങള്‍ക്ക് കഴിയില്ല. അതുകൊണ്ട് തന്നെ ഈ ആക്രമണങ്ങളെ ഇസ്ലാമിക ഭീകരവാദത്തിന്റെ ഭാഗമായിവേണം കണക്കാക്കേണ്ടത്. ഇത്തരം ഭീകരാക്രമണങ്ങള്‍ രാഷ്ട്രീയം മറന്ന് ചര്‍ച്ച ചെയ്യപ്പെടണം. ഇസ്ലാമിന്റെ പേര് പറഞ്ഞ് തീവ്രവാദത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയാന്‍ സമാധാനകാംക്ഷികളായ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സമൂഹവും മുന്നില്‍ വരണം. ഇത് രാജ്യത്തിനെതിരായ ഭീകരപ്രവര്‍ത്തനമായിവേണം കരുതേണ്ടത്. രാഷ്ട്രീയവിയോജിപ്പുകള്‍ മാറ്റിവച്ച് മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികള്‍ ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി മുന്നില്‍ വരേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ കേരളം എങ്ങനെയാണ് തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി മാറിയത് എന്ന് പരിശോധിക്കേണ്ടതുണ്ട്.
കേരളം മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം
കേരളം തീവ്രവാദത്തിന്റെ താവളമായത് കഴിഞ്ഞ മുപ്പതു വര്‍ഷം കേരളം ഭരിച്ച ഇടതു-വലതു മുന്നണികളുടെ പ്രീണനവും വോട്ടുബാങ്ക് രാഷ്ട്രീയവും നിസ്സംഗതയുംകൊണ്ടാണ്. 1921-ലെ മാപ്പിള കലാപത്തിനുശേഷം കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഒന്നും കാര്യമായി നടന്നിട്ടില്ല. സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അങ്ങാടിപ്പുറത്ത് നടന്ന രാമസിംഹന്റെയും കുടുംബത്തിന്റെയും അറുകൊലയാണ് അതിന് ഒരു അപവാദമായത്. പില്‍ക്കാലത്ത് 1990കളില്‍ അബ്ദുള്‍നാസര്‍ മദനിയുടെ നേതൃത്വത്തില്‍ നടന്ന വര്‍ഗ്ഗീയ പ്രചരണം ഹിന്ദു-മുസ്ലിം മനസ്സുകളില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് പില്‍ക്കാലത്ത് ബംഗളൂരിലെ സ്‌ഫോടനങ്ങളിലും പ്രതിയായി മദനി ജയിലിലടയ്ക്കപ്പെട്ടു. പൊതുവേ മുസ്ലിം സമൂഹം തീവ്രവാദത്തെ സ്വീകരിക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് മദനിയുടെ രാഷ്ട്രീയം മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ശക്തമാകാതെ പോയത്. ഈ സ്‌പേയ്‌സിലാണ് എന്‍ഡിഎഫ് – എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് കടന്നുവരുന്നത്. തൊടുപുഴയിലെ കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിമാറ്റിയ ഭീകരാക്രമണമാണ് ഇസ്ലാമിക ഭീകരവാദത്തെ കേരളത്തില്‍ ചര്‍ച്ചാവിഷയമാക്കിയത്. മാറാട് കൂട്ടക്കൊല ഒരു ഒറ്റപ്പെട്ട സംഭവമെന്ന് കരുതിയിരുന്നപ്പോഴാണ് കേരളം ആഗോള ഭീകരവാദത്തിന്റെ റിക്രൂട്ട്‌മെന്റ് സെന്റര്‍ എന്ന് കൂടേ വെളിച്ചത്തുവരുന്നത്. നൂറിലധികം മലയാളികളാണ് ഐ.എസ്സില്‍ ചേര്‍ന്ന് സിറിയയിലേയ്ക്കും അഫ്ഗാനിസ്ഥാനിലേയ്ക്കും റിക്രൂട്ട് ചെയ്യപ്പെട്ടത്. കാശ്മീര്‍ അതിര്‍ത്തിയില്‍ 2008 ഒക്‌ടോബര്‍ 20-ന് മലയാളി തീവ്രവാദികള്‍ പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനുശേഷം മാത്രമാണ് കേരളത്തിലെ ഭരണകൂടം കേരളം ഭീകരവാദികള്‍ താവളമാക്കുന്നു എന്ന് അംഗീകരിക്കുന്നത്. നിരവധി ഭീകരവാദ പരിശീലന ക്യാമ്പുകള്‍ നടത്തുന്നതും തിരിച്ചറിഞ്ഞത് മറ്റു സംസ്ഥാനങ്ങളില്‍ മലയാളി ഭീകരര്‍ അറസ്റ്റു ചെയ്യപ്പെട്ടതിനുശേഷം മാത്രമാണ്. സംസ്ഥാന പോലീസും ഇന്റലിജന്‍സ് സംവിധാനവും പരാജയപ്പെട്ടതാണ് പതിറ്റാണ്ടുകള്‍ ഭീകരവാദികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും റിക്രൂട്ട്‌മെന്റ് നടത്താനും, തെക്കനേഷ്യയിലെ ഏറ്റവും കൂടുതല്‍ ഐ.എസ്.ഐ.എസ്. റിക്രൂട്ടുമെന്റ് പ്രദേശമായി കേരളം മാറാനും ഇടവന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ ചര്‍ച്ചകള്‍ ഇതു സംബന്ധിച്ച് ആവശ്യമായിവരുന്നു. കേരളം മാറിമാറി ഭരിച്ച കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് മുന്നണികളുടെ നയങ്ങളാണ് കേരളത്തെ ആഗോള ഭീകരവാദത്തിന്റെ കേന്ദ്രമാക്കി മാറ്റിയത്.
കേരളം ഭീകരവാദികളുടെ ഈറ്റില്ലമായത് പ്രധാനമായും ഇടതുമുന്നണി നയിച്ച സര്‍ക്കാരിന്റെ നയങ്ങള്‍ കൊണ്ടാണ്. വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ച മദനിയെയും പി.ഡി.പിയെയും മുഖ്യധാരാരാഷ്ട്രീയത്തിലേയ്ക്ക് ആകര്‍ഷിച്ചത് സി.പി.എമ്മാണ്. അച്യുതാനന്ദനെപ്പോലുള്ളവര്‍ എതിര്‍ത്തിട്ടും മദനി സി.പി.എമ്മിന് സ്വീകാര്യനായി. അതിന്റെ നേട്ടം മുസ്‌ലിംലീഗ് ശക്തമല്ലാത്ത ജില്ലകളില്‍ ഇടതുപക്ഷത്തിനു നല്‍കി. ഇതിനിടയില്‍ മദനി വീണ്ടും ജയിലിലായതു മുതലാണ് ഇടതുപക്ഷം പോപ്പുലര്‍ ഫ്രണ്ടിലേയ്ക്ക് തിരിയുന്നത്. വളരെ ബോധപൂര്‍വ്വം ആര്‍.എസ്.എസ്സിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും ഒരുപോലെ ഒരു നാണയത്തിന്റെ ഇരുവശങ്ങളായാണ് അവതരിപ്പിക്കുന്നത്. സി.പി.എമ്മിന്റെ പ്രവര്‍ത്തകര്‍ തീവ്രവാദികളുടെ ഇരയായിട്ടും മുസ്ലിംലീഗിന് ബദലായി ജമാഅത്തെ ഇസ്ലാമിയെയും വെല്‍ഫയര്‍ പാര്‍ട്ടിയെയും എസ്.ഡി.പി.ഐയെയും ഇടതുപാളയത്തില്‍ കൊണ്ടുവരാന്‍ സി.പി.എമ്മിനുകഴിഞ്ഞു. സേവനത്തിന്റെ പ്രതീകങ്ങളായ ആര്‍.എസ്.എസ്സിനെയും തീവ്രവാദിയായി ചിത്രീകരിച്ചാണ് സി.പി.എം മുസ്ലിം സമുദായത്തിനുമുന്നില്‍ പ്രചരണം നടത്തുന്നത്. മാത്രമല്ല ഇസ്ലാമിക തീവ്രവാദത്തെ പരസ്യമായി അപലപിച്ചാല്‍ മുസ്ലിം വോട്ടുകള്‍ നഷ്ടമാകും എന്ന ഭയം മൂലമാണ് ഇസ്ലാമികതീവ്രവാദികളോടൊപ്പം ഹിന്ദുത്വരാഷ്ട്രീയത്തെയും ഉപമിക്കുന്നത്. ഒരു ഭരണകൂടത്തെ നയിക്കുന്ന പാര്‍ട്ടി എത്ര ഉത്തരവാദിത്തരാഹിത്യത്തോടെയാണ് രാജ്യം നേരിടുന്ന, ലോകം നേരിടുന്ന മഹാവിപത്തിനെ സാമാന്യവല്‍ക്കരിക്കുന്നത് എന്നത് ജനങ്ങള്‍ തിരിച്ചറിയണം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തീവ്രവാദ ഇസ്ലാമിന്റെ ശക്തി കേന്ദ്രങ്ങളില്‍ സി.പി.എം നയിക്കുന്ന മുന്നണിയാണ് വന്‍വിജയം നേടിയത്. മാത്രമല്ല ഹിന്ദുക്കളെയും മുസ്ലിങ്ങളെയും വിഭജിക്കുന്നതിനുള്ള വെടിമരുന്ന് ഇട്ടത് ഇടതുപക്ഷ പ്രചരണ തന്ത്രമാണ്. ഇടതുപക്ഷത്തിന്റെ ഹിന്ദുത്വവിരുദ്ധ പ്രചരണമാണ് ഇസ്ലാമിക തീവ്രവാദികളും ഏറ്റെടുക്കുന്നത്.
സംഘപരിവാറിനെതിരായ വ്യാജ പ്രചരണം
ഇസ്ലാമിക തീവ്രവാദത്തിന് കേരളത്തില്‍ മാന്യത ലഭിച്ചത് സി.പി.എമ്മിന്റെ രാഷ്ട്രീയ ശൈലികൊണ്ടാണ്. കേരളത്തില്‍ ഒരു എം.എല്‍.എ പോലും ഇല്ലാത്ത ബി.ജെ.പിയെയും സംഘപരിവാറിനെയും ഏറ്റവും വലിയ വിപത്തായും മുസ്ലിംസമൂഹത്തിന്റെ ഉന്മൂലനമാണ് ആര്‍.എസ്.എസ്. അജണ്ട എന്നും പ്രചരിപ്പിക്കപ്പെട്ടു. ഇടതുപക്ഷ ശക്തി കേന്ദ്രങ്ങളില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തനം വ്യാപിച്ചതോടെയാണ് അവര്‍ ഹിന്ദുത്വരാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കാന്‍ ആരംഭിക്കുന്നത്. ഹിന്ദുക്കളില്‍ സവര്‍ണ്ണ- അവര്‍ണ്ണ വേര്‍തിരിവ് വര്‍ദ്ധിപ്പിച്ച് സംഘപരിവാര്‍ സവര്‍ണ്ണന്റെ പ്രസ്ഥാനമാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയും ഒപ്പം മുസ്ലിങ്ങളുടെ ഇടയില്‍ സി.പി.എം ആണ് അവരുടെ സംരക്ഷകര്‍ എന്നും സി.പി. എമ്മിനോടൊപ്പം നിന്നില്ലെങ്കില്‍ സംഘപരിവാര്‍ മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യും എന്നുമുള്ള ദ്വിമുഖശൈലി വിജയകരമായി സി.പി.എം പ്രചരണത്തിലൂടെ നടപ്പാക്കി. 1967-ല്‍ മുസ്ലിംലീഗിനെ ആദ്യമായി ഒരു സംസ്ഥാനത്ത് ഭരണത്തില്‍ കൊണ്ടുവന്നത് സി.പി.എമ്മായിരുന്നു. മുസ്ലിം സമൂഹത്തെ പ്രീണിപ്പിക്കാനാണ് ധൃതിപിടിച്ച് മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്ത് 1969-ല്‍ മലപ്പുറം ജില്ല രൂപീകരിക്കുന്നത്. പില്‍ക്കാലത്ത് മുസ്ലിംലീഗ് കോണ്‍ഗ്രസ് പക്ഷത്ത് നിലയുറപ്പിച്ചതോടെ മുസ്ലിങ്ങളിലെ ചെറുഗ്രുപ്പുകളെയും, പില്‍ക്കാലത്ത് തീവ്രവാദ വിഭാഗങ്ങളെയും നേരിട്ടും അല്ലാതെയും കൂടെ നിര്‍ത്തി. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും സി.പി.എം. തകര്‍ന്നടിഞ്ഞിട്ടും കേരളത്തില്‍ സി.പി.എം. തളരാതെ നിലകൊള്ളുന്നത് മുസ്ലിം സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ലഭിച്ചതുകൊണ്ടാണ്.
മുസ്ലിംലീഗിനെ ഇടതുപാളയത്തില്‍ കൊണ്ടുവരാന്‍ ഒരു കാലത്ത് വലിയ ശ്രമങ്ങള്‍ ഉണ്ടായി. അച്യുതാനന്ദന്‍ വിഭാഗവും സി.പി.ഐയും ശക്തമായ നിലപാടെടുത്തതുകൊണ്ടാണ് ലീഗിന് ഇടതു മുന്നണിയില്‍ സ്ഥാനം ലഭിക്കാതെ പോയത്. ഈ പശ്ചാത്തലത്തിലാണ് സി.പി.എം മുസ്ലിം ഗ്രൂപ്പുകളെയും തീവ്രവാദികളെയും പി.ഡി.പി, എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, വെല്‍ഫയര്‍ പാര്‍ട്ടി, ഐ.എന്‍.എല്‍ തുടങ്ങിയ കക്ഷികളെയും ലീഗ് നേതൃത്വതിനെതിരായി നില്‍ക്കുന്ന ചില റിബലുകളെയും കൂടെ ചേര്‍ത്ത് 2016ലും 2021ലും നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയത്. കേരളത്തില്‍ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രങ്ങള്‍ക്കു പുറത്താണ് ആദ്യകാലത്ത് സി.പി.എമ്മിന് മുസ്ലിം പിന്തുണ ലഭിച്ചത്. 2021-ല്‍ മലപ്പുറത്തും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞു. സി.പി.എമ്മിന്റെ ഈ വിജയം ഫലത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിന്റെ തകര്‍ച്ചയാണ്. ഇസ്ലാമിക തീവ്രവാദികള്‍ ഇടതു-വലതു മുന്നണികളിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്ന സാഹചര്യം ഉണ്ടായി. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ നടത്തിയ പ്രചരണത്തിന്റെ ഫലമായാണ് രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷസ്ഥാനം നഷ്ടമായത്. മുല്ലപ്പള്ളി രാമചന്ദ്രനും വഴിമാറേണ്ടിവന്നത് ഇസ്ലാമിക ഗ്രൂപ്പുകളുടെ പ്രചരണം കൊണ്ടാണ്. സി.പി.എമ്മിന്റെ വക്താക്കളും യുവനേതാക്കളും മുസ്ലിം നാമധാരികളെ കൊണ്ടു നിറഞ്ഞു. സി.പി.എം മുസ്ലിം സമൂഹത്തില്‍ വിശേഷിച്ച് തീവ്രനിലപാടുള്ളവരില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ചത് ആര്‍.എസ്.എസ്സിനെതിരായും ഹിന്ദുത്വത്തിനെതിരായുമുള്ള പ്രചരണത്തിലൂടെയാണ്. തീവ്ര ഇസ്ലാമികഗ്രൂപ്പുകളും സ്വാഭാവികമായും മുസ്ലിംലീഗും കോണ്‍ഗ്രസ്സും സംഘപരിവാറിനെ മുഖ്യശത്രുവാക്കി. പക്ഷെ പരിവാറിനെതിരെ കൂടുതല്‍ പ്രചരണം നടത്തിയ സി.പി.എം മുസ്ലിം യുവത്വത്തിന് കൂടുതല്‍ സ്വീകാര്യമായി. മുസ്ലിം ശക്തികേന്ദ്രങ്ങളിലെ സി.പി.എമ്മിന്റെ വലിയ വോട്ടു വര്‍ദ്ധനവ് ഈ അടവുനയത്തിന്റെ വിജയമാണ്. മുസ്ലിം യുവാക്കളില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ സംഘടനകള്‍ക്ക് കഴിഞ്ഞു.
സി.പി.എമ്മിന്റെ അടവു നയമാണ് മുസ്ലിം തീവ്രവാദത്തിന് മാന്യത ലഭ്യമാക്കിയത്. ഇസ്രയേല്‍ – പലസ്തീന്‍ വിഷയം, സദ്ദാംഹുസൈന്റെ മരണം, 370-ാം വകുപ്പ് റദ്ദാക്കിയ നടപടി, പൗരത്വനിയമം, പെണ്‍കുട്ടികളുടെ വിവാഹപ്രയം 21 ആക്കാനുള്ള നടപടി ഇവയിലൊക്കെ തീവ്ര ഇസ്ലാമിക സംഘടനകളോടൊപ്പം ചേര്‍ന്നാണ് സി.പി.എമ്മും സമരത്തിനിറങ്ങിയത്. ദേശീയതലത്തില്‍ വിശേഷിച്ച് ബംഗാള്‍, ത്രിപുര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സി.പി.എമ്മിനു ഈ നിലപാടുകള്‍ ഗുണം ചെയ്തില്ല എങ്കിലും കേരളത്തില്‍ അത് പാര്‍ട്ടിയ്ക്ക് വലിയ കരുത്തായി. സി.പി.എം കേരളത്തില്‍ മാത്രമായി ശക്തിപ്രാപിപ്പിക്കുന്നതും വോട്ടര്‍മാരില്‍ 27 ശതമാനം വരുന്ന മുസ്ലിം വോട്ടില്‍ ഒരു വിഭാഗത്തെ മതാന്ധതയില്‍ തളച്ച് പിന്തുണ നേടാന്‍ കഴിയുന്നതുകൊണ്ടാണ്. മുസ്ലിംലീഗിന് സംഘപരിവാറിനെതിരെ മൃദുസമീപനമാണ് എന്നു പറഞ്ഞാണ് യഥാര്‍ത്ഥ മുസ്ലിം സംരക്ഷരായി സി.പി.എം പ്രചരണം നടത്തുന്നത്. ഇടതുസംഘടനകളുടെ നേതൃത്വത്തില്‍ മുസ്ലിം പങ്കാളിത്തം കൂടിയതോടെ ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലും സ്വതന്ത്രന്മാരെ നിര്‍ത്തി വിജയം വരിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ സി.പി.എം. വളര്‍ച്ചയ്ക്കുള്ള മൂലധനം സംഘപരിവാറിനെതിരായ പ്രചണ്ഡമായ പ്രചരണവും ആ പ്രചാരണത്തിന് മുസ്ലിം സമുദായത്തിലുണ്ടായ സ്വീകാര്യതയുമാണ്. വലിയൊരു വിഭാഗം മുസ്ലിം-യുവാക്കളില്‍ ബി.ജെ.പിയ്ക്ക് എതിരായും, ഹിന്ദുപ്രസ്ഥാനങ്ങള്‍ക്കെതിരായും വികാരം വര്‍ദ്ധിക്കാന്‍ കാരണമായത് സി.പി.എമ്മിന്റെ അടവുനയം കൊണ്ടാണ്.
സംഘപ്രസ്ഥാനങ്ങളെ താലിബാനോടുപമിച്ച് ഭീകരവാദത്തിനെതിരായി പ്രചരണം നടത്തുന്ന സി.പി.എം എന്തുകൊണ്ട് കേരള ഭരണം ഉണ്ടായിട്ടും സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ യുഎപിഎ പ്രകാരം നടപടി എടുക്കുന്നില്ല? സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തുള്ള ഒരു കൊലപാതകക്കേസും സി.ബി.ഐ. അന്വേഷിക്കണം എന്ന് നാളിതുവരെ സി.പി.എം ആവശ്യപ്പെട്ടിട്ടില്ല. 2014-നുമുമ്പ് വാജ്‌പേയി ഭരിച്ച കാലഘട്ടം ഒഴിച്ചു നിര്‍ത്തിയാല്‍ ബി.ജെ.പി. കേന്ദ്രഭരണത്തില്‍ ഉണ്ടായിരുന്നില്ല. സി.പി.എം കേന്ദ്ര യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന കാലഘട്ടത്തിനും ആര്‍.എസ്.എസ്. നേതൃത്വത്തിനെതിരെ യാതൊരു നടപടിയും എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ അതേസമയം കേരളത്തിലെ 27 ശതമാനം വരുന്ന മുസ്ലിം സമൂഹത്തെ ആര്‍.എസ്.എസ്. ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് അവര്‍ പ്രചരണം നടത്തുകയുമാണ്. ഈ അടവുനയത്തിലെ ചതിയും വഞ്ചനയും മുസ്ലിം സമൂഹം ഇനിയെങ്കിലും തിരിച്ചറിയണം. കേരളത്തില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു പാര്‍ട്ടി, നിയമസഭയില്‍ ഒരു പ്രതിനിധിപോലുമില്ലാത്ത പാര്‍ട്ടിയെ ഭീകരമായി അവതരിപ്പിക്കുന്നതിന്റെ തന്ത്രം മുസ്ലിം സമൂഹം തിരിച്ചറിഞ്ഞാല്‍ സി.പി.എമ്മിന്റെ വോട്ടു ബാങ്ക് തകരും. അതുണ്ടാകാതിരിക്കാനാണ് ഇസ്ലാമിക തീവ്രവാദ വിഭാഗങ്ങളെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്തുന്നത്.
ലഹരിപൂക്കുന്ന കേരളം
മയക്കുമരുന്നും മദ്യവും നിയമവാഴ്ച്ചയുടെ തകര്‍ച്ചയുമാണ് യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് നയിക്കുന്നത്. രാജ്യത്തിന്റെ കേവലം രണ്ടേമുക്കാല്‍ ശതമാനം മാത്രം ജനങ്ങള്‍ താമസിക്കുന്ന കേരളത്തിലാണ് രാജ്യത്തെ മദ്യ ഉപഭോഗത്തിന്റെ പതിനെട്ടു ശതമാനവും നടക്കുന്നത്. അനൗദ്യോഗിക കണക്കുകള്‍ ഇതിലും ഏറെ വലുതാണ്. മയക്കുമരുന്നിന്റെ ഹബ്ബായി കേരളം മാറിക്കഴിഞ്ഞു. സിനിമാമേഖലയും മയക്കുമരുന്നും തമ്മിലുള്ള ബന്ധം ഈയിടെ പുറത്തു വന്നതാണ്. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും, പ്രണയനൈരാശ്യകൊലകളും അരക്ഷിതാവസ്ഥയും, ക്രിമിനല്‍-മാഫിയ-രാഷ്ട്രീയ കൂട്ടുകെട്ടുമൊക്കെ മദ്യ-മയക്കുമരുന്നു വ്യാപനവും വ്യാപാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. മിടുക്കരായ വിദ്യാര്‍ത്ഥികളൊക്കെ കേരളത്തിനു പുറത്തേയ്ക്ക് ഒഴുകുന്ന സാഹചര്യമാണിന്നുള്ളത്. കലാലയങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ച് ‘രാഷ്ട്രീയ നഴ്‌സറി’ യാക്കിയതോടെ നിലവാരം തകര്‍ന്നതുകാരണം ഇടത്തരം രക്ഷിതാക്കളും ഉയര്‍ന്ന വിഭാഗങ്ങളും തങ്ങളുടെ കുട്ടികളെ മറ്റു സംസ്ഥാനങ്ങളില്‍ അയയ്ക്കുന്ന സാഹചര്യം ഉണ്ടായി. അതുപോലെ മിടുക്കരായ മലയാളികളൊക്കെ കേരളത്തിനുപുറത്തും വിദേശരാജ്യങ്ങളിലുമാണ് ജോലി തേടിപോകുന്നത്. ഒരു സംസ്ഥാനത്തിന്റെ മിടുക്കരായ യുവാക്കളും നൈപുണ്യമുള്ളവരും കര്‍മ്മകുശലരുമായ ജനത സംസ്ഥാനം വിട്ട് പോകുകയും അലസരും രാഷ്ട്രീയാതിപ്രസരം സാധിച്ചവരും മദ്യാസക്തരും അഴിമതിക്കാരും പ്രമുഖ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഈ പശ്ചാത്തലത്തിലാണ് സമൂഹത്തില്‍ ഭീതിപരത്തി തീവ്രവാദസംഘടനകള്‍ നല്ലവേരോട്ടം ഉണ്ടാക്കിയത്. സംസ്ഥാനത്ത് വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തി മതാടിസ്ഥാനത്തില്‍ വിഭജനം നടത്തുകയാണ് ആഗോള ഭീകരവാദികളുടെ ലക്ഷ്യം. കേരളത്തിലെ കലാലയങ്ങളില്‍ അവരുടെ ആശയങ്ങള്‍ കൂടുതല്‍ സ്വീകാര്യത നേടിയത് അതുകൊണ്ടാണ്. കേരളത്തില്‍ നിന്നും ഐ.എസ്സിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടന്നത് സാങ്കേതിക വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും മറ്റ് പ്രൊഫഷണല്‍ പഠനം നടത്തുന്നവരില്‍ നിന്നുമാണ് എന്നത് ഞെട്ടിക്കുന്നതാണ്. ‘കേന്ദ്രത്തില്‍ സംഘപരിവാര്‍ ഭരണമാണെന്നും, മുസ്ലിങ്ങള്‍ അരക്ഷിതരാണ്’ എന്നുമാണ് ഇസ്ലാമിക തീവ്രവാദികള്‍ പ്രചരിപ്പിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഈ തരത്തിലുള്ള പ്രചരണവും കേരളത്തില്‍ പെട്ടെന്ന് മുസ്ലിം ന്യൂനപക്ഷത്തിന് ഇറങ്ങി ചെല്ലാന്‍ തീവ്രവാദസംഘടനകള്‍ക്ക് കഴിയുന്നു. രാഷ്ട്രീയവല്‍ക്കരിച്ച പോലീസ് സംവിധാനം നോക്കുകുത്തിയായതോടെ സോഷ്യല്‍ മീഡിയയിലൂടെ വന്‍പ്രചരണമാണ് രാജ്യവിരുദ്ധ തീവ്രവാദ ആശയങ്ങള്‍ക്ക് ലഭിച്ചത്. ഭാരതത്തിന്റെ സംയുക്ത സേനാധിപന്‍ കൊല്ലപ്പെട്ടപ്പോള്‍ ആഹ്ലാദം പങ്കിട്ട യുവാക്കളും സാംസ്‌കാരിക പ്രതിഭകളും കേരളത്തില്‍ മാത്രമാണുണ്ടായത്.
മയക്കുമരുന്നു കച്ചവടവും കള്ളക്കടത്തും (സ്വര്‍ണ്ണ) സംയുക്തമായാണ് നീങ്ങുന്നത്. എല്ലാദിവസവും ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉണ്ടായിട്ടും സമൂഹത്തില്‍ അതൊരു ചര്‍ച്ചാവിഷയമാകാത്തത് ഭൂരിപക്ഷസമൂഹം മദ്യത്തിലും ആലസ്യത്തിലും കഴിയുന്നതുകൊണ്ടാണ്. ഹിന്ദു സമൂഹത്തെ സംബന്ധിച്ച് ഒരു കുടുംബത്തിലുണ്ടാകുന്ന ലൗജിഹാദ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അത് സാധിക്കുന്നവരുടെ കുടുംബപ്രശ്‌നം മാത്രമായി ചുരുങ്ങുന്നു. ഹിന്ദു സമൂഹം – ഇതൊന്നും സീരിയസായി എടുക്കുന്നുമില്ല. ഗുരുതരമായ വിഷയങ്ങള്‍ പോലും ഹിന്ദുസമൂഹം വിശേഷിച്ച് സമുദായ സംഘടനകള്‍ ചര്‍ച്ചാ വിഷയമാക്കുന്നില്ല. മതതീവ്രവാദികള്‍ രംഗം കയ്യടക്കുന്നത് അതുകൊണ്ടാണ്. ഭീകരവാദികള്‍ ലക്ഷ്യമാക്കുന്നത് അസംഘടിതരും ജാതിഭേദങ്ങളില്‍ അഭിരമിക്കുന്നവരും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരിലും ഭീതിസൃഷ്ടിച്ച് അവരെ സ്വയം ഒതുങ്ങാന്‍ നിര്‍ബ്ബന്ധിതമാക്കുകയുമാണ്. ഹിന്ദു സമൂഹത്തില്‍ ഈ അരക്ഷിതബോധം സംഘടനയിലേയ്‌ക്കോ ഐക്യത്തിലേയ്‌ക്കോ അല്ല, മറിച്ച് അവനവന്റെ വീടുകളില്‍ ഒതുങ്ങാനാണ് അവനെ പ്രേരിപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നും ജാതിബോധവും അവന്റെ സിരകളില്‍ അധൈര്യം മാത്രമാണ് ജനിപ്പിക്കുന്നത്. മഹാകവി കുമാരനാശാന്‍ വര്‍ണ്ണിച്ച ‘ദുരവസ്ഥ’ ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും തുടരുന്നു.
ഒഴുകുന്ന കള്ളപ്പണം
സംസ്ഥാനത്തെ തീവ്രവാദ സംഘടനകള്‍ മതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ വമ്പിച്ച ധനസഹായമാണ് വിദേശത്തുനിന്നും ഒഴുകി എത്തുന്നത്. വ്യാപാര-വ്യവസായ-സിനിമാ-മാധ്യമമേഖലകളിലും ഈ അനധികൃത പണം എത്തുന്നു. സം സ്ഥാനത്തെ മാധ്യമങ്ങളെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെയും നിശ്ശബ്ദരാക്കുന്നത് ഈ ഗള്‍ഫ് പണമാണ്. ഭീകരാക്രമണങ്ങളും കൊലകളും പ്രാദേശിക ഹിന്ദു-മുസ്ലിം പ്രശ്‌നമാക്കി മാറ്റി പ്രചരിപ്പിക്കും. വര്‍ഗ്ഗീയ നിറം നല്‍കി തീവ്രവാദത്തെ ചര്‍ച്ചാവിഷയമാക്കാതിരിക്കാന്‍ പ്രത്യേകശ്രദ്ധയുണ്ടാവും. മുസ്ലിം സമൂഹത്തിലുണ്ടായ അരക്ഷിതവസ്ഥ സംഘപരിവാറിന്റെ ശാക്തീകരണം കൊണ്ടാണ് എന്നതാണ് സാം സ്‌കാരിക നായകന്മാര്‍ സ്വീകരിക്കുന്ന നയം. കേരളത്തിലെ സാംസ്‌കാരികനായകന്മാരെ ഗള്‍ഫ് കള്ളപ്പണം കൊണ്ട് വിലയ്‌ക്കെടുക്കാന്‍ കഴിയും. സാം സ്‌കാരികപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം, സേവനപ്രവര്‍ത്തനങ്ങള്‍, ആംബുലന്‍സ് സര്‍വ്വീസ് തുടങ്ങി വിവിധ മുഖങ്ങളാണ് ആഗോള തീവ്രവാദത്തിന് കേരളത്തിലുള്ളത്. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് തീവ്രവാദത്തിനെതിരെ ശബ്ദം ഉയര്‍ത്താന്‍ കഴിയില്ല. മുകളില്‍ സൂചിപ്പിച്ചതുപോലെ സാം സ്‌കാരിക നായകന്മാര്‍ സംഘപരിവാറിനെ കൂടെ ബന്ധപ്പെടുത്തി മുസ്ലിം തീവ്രവാദത്തെ അപലപിക്കുന്ന ശൈലിയുമുണ്ട്. താലിബാന്‍ വിഷയത്തില്‍ പോലും ആര്‍.എസ്.എസ്സിനെ കൂടെചേര്‍ന്നാണ് ചര്‍ച്ചകള്‍ നടന്നത്. ചുരുക്കത്തില്‍ മതത്തിനുവേണ്ടി ഒഴുകുന്ന കള്ളപ്പണം തടയാതെ കേരളത്തിലെ ആഗോള തീവ്രവാദത്തെ ചെറുക്കാന്‍ കഴിയില്ല. സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് ഒഴുകുന്ന പണം സാമൂഹിക സേവനത്തിന്റെ മറവിലായിരിക്കും. സൂക്ഷ്മമായ നിരീക്ഷണവും കരുതലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ വളരെ ഗുരുതരമായ അവസ്ഥയില്‍ കേരളം മാറും. തൊഴിലുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ അറബിരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മതവിഷയങ്ങളില്‍ ആ രാജ്യങ്ങളില്‍ നിന്ന് ഒഴുകുന്ന പണം കാര്യമായി ചര്‍ച്ചാവിഷയമാകാറില്ല. തീവ്രവാദസംഘടനകള്‍ വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് വിദേശപണം നേടുന്നത്. ഈ പണത്തിന്റെ ഒഴുക്ക് തടയാതെ കേരളത്തിലെ മതതീവ്രവാദത്തെ ചെറുക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ-മാധ്യമ മേഖലയിലേയ്ക്ക് ഒഴുകുന്ന ഗള്‍ഫ് പണവും സൂക്ഷ്മനീരിക്ഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. എടുത്തുപറയേണ്ട വസ്തുത കുഴല്‍പ്പണം അല്ലാതെ നേരായ രീതിയില്‍ തന്നെ സാമൂഹിക-വിദ്യാഭ്യാസ-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പണം വിദേശത്തുനിന്നും സ്വീകരിക്കാന്‍ വ്യവസ്ഥയുണ്ട്. തീവ്രവാദസംഘടനകള്‍ ഈ മേഖലയിലൂടെ വന്‍സാമ്പത്തിക ശക്തി കേരളത്തില്‍ ആര്‍ജ്ജിക്കുന്നു.
ഭീകരാക്രമണം സോഫ്റ്റ് ടാര്‍ഗറ്റില്‍
കേരളത്തില്‍ നടന്ന മത തീവ്രവാദ ആക്രമണങ്ങളുടെ പൊതു സ്വഭാവം നോക്കിയാല്‍ ഒന്നും തന്നെ പെട്ടെന്ന് ഉണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി നടന്നതല്ല എന്ന് കാണാം. മിക്ക കൊലപാതകങ്ങളും പകല്‍ സമയത്ത് കുടുംബങ്ങളുടെ മുന്നിലിട്ടാണ് നടത്തിയിരിക്കുന്നത്. മതതീവ്രവാദികള്‍ ഇരുട്ടിന്റെ മറവിലല്ല ആക്രമണം നടത്തുന്നത്. പാലക്കാടും ആലപ്പുഴയിലും ഒക്കെ നടന്ന കൊലകള്‍ പകല്‍ വെളിച്ചത്തില്‍ ഭാര്യയുടെയും മക്കളുടെയും അമ്മമാരുടെയും മുന്നിലിട്ടായിരുന്നു. തൊടുപുഴയിലെ പ്രൊഫസര്‍ ജോസഫ് സാര്‍ ആക്രമിക്കപ്പെട്ടതും പകലാണ്. ഈ ആക്രമണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല മറിച്ച് ഭീകരതസൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്. സ്ത്രീകളിലും കുട്ടികളിലും ഭീതി ജനിപ്പിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തങ്ങളുടെ കുടുംബത്തിലുള്ള ആണുങ്ങളെ നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം. മതതീവ്രവാദം സാധാരണ ഹിന്ദു കുടുംബങ്ങളില്‍ ഒരുതരം അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മത തീവ്രവാദികള്‍ ആഗോള ഭീകരവാദികളുടെ ശൈലിയില്‍ ”സോഫ്റ്റ് ടാര്‍ഗറ്റി”ലാണ് ആക്രമണം നടത്തുന്നത്. ഭീകരവാദപ്രസ്ഥാനങ്ങളെ മറ്റു പ്രസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമാക്കുന്നത് അവരുടെ ആക്രമണങ്ങളും ഇരകളും നിരപരാധികളും ജനസമ്മതിയുള്ള പൊതുപ്രവര്‍ത്തകരെ കേന്ദ്രീകരിച്ചായിരിക്കും എന്നതാണ്. മാറാട് മുതല്‍ ആലപ്പുഴയില്‍ നടന്ന ഭീകരകൊലപാതകം വരെയുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇതുവ്യക്തമാകും. കേരളത്തിലെ പോലീസിന്റെ പരാജയം സാധാരണ ജനങ്ങളില്‍ കൂടുതല്‍ ഭയം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്.
ഇടതുപക്ഷ ശക്തികേന്ദ്രങ്ങളിലാണ് ഇസ്ലാമിക തീവ്രവാദം വളരുന്നത്
കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ശക്തികേന്ദ്രങ്ങള്‍ മുസ്ലിങ്ങള്‍ മഹാഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയിലല്ല. മുസ്ലിങ്ങള്‍ താരതമ്യേന കുറവും എന്നാല്‍ ചില പോക്കറ്റുകളില്‍ മുസ്ലിം കേന്ദ്രീകരണവും ഉള്ള ജില്ലകളിലാണ് ഇസ്ലാമിക തീവ്രവാദശക്തികള്‍ പ്രബലമായിരിക്കുന്നത്. പിഡിപി – എന്‍ഡിഎഫ് – എസ്ഡിപിഐ – ശക്തി കേന്ദ്രങ്ങള്‍ പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. എടുത്തു പറയേണ്ട വസ്തുത ബി.ജെ.പിയ്ക്ക് താരതമ്യേന ഏറ്റവും ശക്തികുറഞ്ഞ മേഖലകളിലും സിപിഎമ്മിന് മേല്‍ക്കയ്യുള്ള മേഖലകളിലുമാണ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ പ്രബലമായിരിക്കുന്നത്. കേരളത്തില്‍ തീവ്രവാദ ക്യാമ്പുകള്‍ നടന്ന പ്രദേശങ്ങള്‍ പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയ്ക്ക് ഏറ്റവും വലിയ ശക്തിയുള്ള കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിന്നാണ് ഐ.എസ്സിലേയ്ക്ക് ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് നടന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് മലപ്പുറം ജില്ലയ്ക്ക് പുറത്തുള്ള മുസ്ലിം വോട്ടാണ് കൂടുതല്‍ സഹായകരമാകുന്നത്. മാര്‍ക്‌സിസ്റ്റ് ഇസ്ലാമിസ്റ്റ് അച്ചുതണ്ട് തിരഞ്ഞെടുപ്പില്‍ വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത് അതുകൊണ്ടാണ്. ഹിന്ദുസമൂഹം അസംഘടിതരായതിനാല്‍ ഹിന്ദുഭൂരിപക്ഷമണ്ഡലങ്ങളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ വന്‍ വിജയം വരിക്കുന്നു. ജാതികളായി തമ്മില്‍ കലഹിച്ചു നില്‍ക്കുന്ന ഹിന്ദുക്കളെയും അവരുടെ പ്രസ്ഥാനങ്ങളെയും ഇസ്ലാമിനെതിരായ രാഷ്ട്രീയ ശക്തിയായി സി.പി.എം. അവതരിപ്പിച്ച് ന്യൂനപക്ഷങ്ങളില്‍ അരക്ഷിതബോധം സൃഷ്ടിച്ചാണ് വോട്ട് കയ്യടക്കുന്നത്. ബി.ജെ.പി വളരെ ദുര്‍ബലമായ മണ്ഡലങ്ങളിലും മുസ്ലിം സമൂഹത്തിനിടയില്‍ ആര്‍.എസ്.എസ്. ഭീതിജനിപ്പിച്ച് രാഷ്ട്രീയാവിഷ്‌കാരം നേടുകയാണ് സി.പി.എം. ചെയ്യുന്നത്. അതിന്റെ ഫലമായി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിഡിപി-എസ്.ഡി.പി.ഐ-വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ വോട്ട് അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്കല്ല, ഇടതുപക്ഷത്തേയ്ക്കാണ് പോള്‍ ചെയ്തത്. ബൂത്ത് തലത്തിലുള്ള വോട്ടു പരിശോധിക്കുമ്പോള്‍ മുസ്ലിം വോട്ടിന്റെ ഇടതുപക്ഷത്തേയ്ക്കുള്ള ഗതിമാറ്റം പ്രകടമാകും. മുകളില്‍ പറഞ്ഞ തീവ്ര ഇസ്ലാമിക പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ നേടിയത്.
കണ്ണൂരിലെ കനകമലയില്‍ തീവ്രവാദികള്‍ കേന്ദ്രീകരിച്ചത് എന്‍ഐഎ അറസ്റ്റു ചെയ്തപ്പോഴാണ് പുറംലോകം അറിഞ്ഞത്. ഇടതുപക്ഷ ശക്തികേന്ദ്രത്തില്‍ ഇതെങ്ങനെ സംഭവിക്കുന്നു? പാര്‍ട്ടിഗ്രാമങ്ങള്‍ ഏറെയുള്ള കല്ല്യാശ്ശേരി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ തുടങ്ങിയ നിയമസഭ നിയോജകമണ്ഡലങ്ങളില്‍ ഇടതുപക്ഷം മാത്രമാണ് വിജയിക്കുന്നത്. പാര്‍ട്ടിഗ്രാമങ്ങളിലെ പാര്‍ട്ടി ഇന്റലിജന്‍സ് സംവിധാനം ഏറെ പ്രശസ്തമാണ്. പുറമേ നിന്ന് ആര്‍ക്കും അവിടെ കടന്നുകയറാനുമാകില്ല. എന്നാല്‍ ഈ പ്രദേശങ്ങളില്‍ നിന്നാണ് ഐ.എസ് റിക്രൂട്ടുമെന്റ് നടന്നത്. ഇത് സൂചിപ്പിക്കുന്നത് സംഘ പരിവാര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാതിരിക്കാന്‍ കഠിനശ്രമം നടത്തുന്ന പാര്‍ട്ടി ഇസ്ലാമിക തീവ്രവാദികളോട് മൃദുസമീപനം സ്വീകരിച്ചു എന്നതാണ്. കേരളപോലീസ് ഒരു ഐ.എസ് റിക്രൂട്ടുമെന്റ് പോലും തടഞ്ഞതായി ഇതുവരെ അവകാശപ്പെട്ടിട്ടുമില്ല. സിറിയയിലും അഫ്ഗാനിസ്ഥാനിലും കാശ്മീര്‍ അതിര്‍ത്തിയിലും മലയാളി തീവ്രവാദികള്‍ കൊല്ലപ്പെട്ടപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴുമാണ് കേരളത്തിലെ പോലീസ് കേരളത്തില്‍ തീവ്രവാദികള്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്നു എന്ന് തിരിച്ചറിയുന്നത്.
രാഷ്ട്രീയവല്‍ക്കരിച്ച പോലീസ് സംവിധാനം
രാജ്യത്തെ ഏറ്റവും കാര്യശേഷിയുള്ള പോലീസുകാരെ രാഷ്ട്രീയ ചങ്ങലയില്‍ ഇട്ട് നിര്‍വ്വീര്യമാക്കിയ സംസ്ഥാനമാണ് കേരളം. 1980 മുതല്‍ പോലീസില്‍ ഇടതുപക്ഷം പിടിമുറുക്കി തുടങ്ങി. പാര്‍ട്ടിയോടുള്ള വിധേയത്വമാണ് ക്രമസമാധനത്തിന്റെ ചാര്‍ജ് ലഭിക്കുന്നതിനുള്ള മാനദണ്ഡം. താല്പര്യമില്ലാത്ത നീതിമാന്മാരായ പോലീസ് ഓഫീസര്‍മാര്‍ ഹൗസിംഗ് ബോര്‍ഡിലും ട്രാന്‍സ്‌പോര്‍ട്ടിലും പരിശീലനവിഭാഗത്തിലും ട്രാഫിക്കിലും അവസാനം മറ്റു കോര്‍പ്പറേഷനുകളിലും നിയോഗിക്കും.
സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഓഫീസര്‍മാര്‍ റിട്ടയേര്‍ഡ് എസ്.പി.കെ. രാധാകൃഷ്ണനെപ്പോലെ പിഡീപ്പിക്കപ്പെടും. ഫസല്‍ വധകേസില്‍ സി.പി.എം താല്പര്യം മാനിക്കപ്പെടാതെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയത് പതിറ്റാണ്ടു കഴിഞ്ഞ് കോടതി ഇടപെട്ട് സി.ബി.ഐ അന്വേഷണം വന്നപ്പോഴാണ് സമൂഹം തിരിച്ചറിഞ്ഞത്. അതുവരെ കെ.രാധാകൃഷ്ണന്‍ ഐപിഎസ് സംശയത്തിന്റെ നിഴലില്‍ അച്ചടക്കനടപടി നേരിടുകയായിരുന്നു. കേരളത്തിന്റെ പൊതു മനഃസാക്ഷി ഇത്തരം ജീവിച്ചിരിക്കുന്ന രക്തസാക്ഷികളെ മാനിക്കാറില്ല. മുഖ്യധാരാമാധ്യമങ്ങളും ഇടതുപക്ഷത്തെ ഭയന്ന് ഇത്തരം വിഷയങ്ങളെ ചര്‍ച്ചാവിഷയമാക്കാറില്ല. ആത്മാഭിമാനമുള്ള പോലീസ് ഓഫീസര്‍മാര്‍ അവസരം ലഭിച്ചാല്‍ കേന്ദ്ര സര്‍വ്വീസില്‍ പോകാന്‍ ശ്രമിക്കും. കേരളത്തിലെ ജയിലുകള്‍ പോലും ഇടതു രാഷ്ട്രീയം നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളത്.
ഇസ്ലാമിക തീവ്രവാദത്തിനെതിരെ നാളിതുവരെ ശരിയായ അന്വേഷണം നടന്നിട്ടില്ല. നക്‌സല്‍ വേട്ടയ്ക്ക് കാര്യക്ഷമതകാണിക്കുന്ന ഇടതു സര്‍ക്കാര്‍ എന്തുകൊണ്ട് തീവ്രവാദറിക്രൂട്ടുമെന്റും, പരിശീലനവും തടയാന്‍ പ്രത്യേക നടപടി എടുക്കുന്നില്ല. മയക്കുമരുന്ന് മാഫിയയും തടസമില്ലാതെ നീങ്ങുന്നു. മത തീവ്രവാദത്തിനെതിരായ നടപടികള്‍ സംഘപരിവാറിന്റെ പ്രചരണത്തിന് സഹായകമാകും എന്ന നിലപാട് കൊണ്ടാണ് ഇടതുസര്‍ക്കാര്‍ തീവ്രവാദത്തെ മുഖ്യവിഷയമാക്കാത്തത്. താരതമ്യേന നക്‌സലൈറ്റുകള്‍ കേരളത്തില്‍ വലിയ പ്രശ്‌നം ഇന്ന് ഉണ്ടാക്കുന്നില്ല. കേരള പോലീസിന്റെ കാര്യക്ഷമത നക്‌സല്‍ വേട്ട, വാഹന പിടിത്തം, ശബരിമല സമരഭടന്മാര്‍ക്കെതിരായ കേസ്, ട്രാഫിക് നിയന്ത്രണം, ജലപീരങ്കി എന്നിവയില്‍ ഏറെ പ്രകടമാണ്. ആഗോള തീവ്രവാദം, സ്വര്‍ണ്ണകള്ളക്കടത്ത്, സാമൂഹ്യ മീഡിയയിലൂടെയുള്ള മത വിദ്വേഷപ്രചരണം, മയക്കുമരുന്ന് വേട്ട എന്നിവയില്‍ കേരള പോലീസ് പലപ്പോഴും കാഴ്ചക്കാരാകുന്നു. ഡിജിപി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ‘പുരാവസ്തു മേഖലയിലും, കരകൗശലമേഖലയിലും’ താല്പര്യം കാണിക്കുന്നത് അതുകൊണ്ടാണ്. ”ടിപ്പുസുല്‍ത്താന്റെ കസേര”യ്ക്ക് പുറകേ പോയത് ആധുനിക ”മാഫിയ സുല്‍ത്താ”ന്മാരെ തൊടാന്‍ കഴിയാത്തതുകൊണ്ടാണ്. രാഷ്ട്രീയ യജമാന്‍മാരെ പ്രീണിപ്പിക്കുന്ന പോലീസ് സംവിധാനം ക്രമസമാധാനരംഗത്ത് വന്‍ പരാജയമാകും. കേരളത്തില്‍ സ്ത്രീകളും കുട്ടികളും പിഡീപ്പിക്കപ്പെടുന്നതും തീവ്ര വര്‍ഗ്ഗീയ വിദ്വേഷം വളരുന്നതും, മയക്കുമരുന്ന് – മദ്യവ്യാപാരം കൊഴുക്കുന്നതും രാഷ്ട്രീയവല്‍ക്കരിച്ച പോലീസ് സംവിധാനം കൊണ്ടുമാത്രമാണ്. ക്രമസമാധനപാലനത്തിന് നിലകൊള്ളേണ്ട പോലീസ് സംവിധാനം ഇന്ന് ‘പച്ചയിലും’ ‘ചുവപ്പിലും’ അടിമപ്പെട്ടത് മത തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഏറെ സഹായകമായി.
തീവ്രവാദവും കള്ളകടത്തും മയക്കുമരുന്നു മാഫിയയും ചങ്ങാത്തത്തിലായതിനാല്‍ പോലീസിന്റെ നടപടികള്‍ പലപ്പോഴും ‘ഉറവിടത്തി’ ലേയ്ക്ക് കടക്കാതെ അത് കൈമാറ്റം നടത്തുന്ന ‘വാഹകരെ’ കേന്ദ്രീകരിച്ച് നീങ്ങുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണ്ണക്കള്ളക്കടത്തും മയക്കുമരുന്ന് കള്ളക്കടത്തും യഥേഷ്ടം നടക്കുന്നു. മതതീവ്രവാദികള്‍ക്ക് കേരളത്തിലെ പോലീസ് സംവിധാനം ഒരു ഭീഷണിയേ അല്ല.
ഇന്റലിജന്‍സ് സംവിധാനം പാടേതകര്‍ന്നു
കേരളത്തിലെ ഇന്റലിജന്‍സ് സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടതുകൊണ്ടാണ് ആഗോളതീവ്രവാദപ്രസ്ഥാനങ്ങള്‍ വിവിധ നാമത്തില്‍ രാഷ്ട്രീയ-സാമൂഹിക-മത, വിദ്യാഭ്യാസ മേഖലകളില്‍ പിടിമുറുക്കിയത്. ഒന്നുകില്‍ ഇന്റലിജന്‍സ് വിവരം ശേഖരിക്കുന്നതില്‍ പരാജയപ്പെടുന്നു അല്ലെങ്കില്‍ ശേഖരിക്കുന്നവിവരം നടപടി എടുക്കാതെ പൂഴ്ത്തിവയ്ക്കുന്നു. നമ്മുടെ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തുന്ന വര്‍ഗ്ഗീയവിദ്വേഷം തിരിച്ചറിയാന്‍ കഴിയുന്നില്ല. മാഫിയ-തീവ്രവാദ കൂട്ടുകെട്ട് നിര്‍ബ്ബാദം തുടരുന്നു. ഇന്റലിജന്‍സ് ശക്തമായിരുന്നെങ്കില്‍ കേരളത്തില്‍ നിന്നും ആഗോള ഇസ്ലാമിക ഭീകരവാദപ്രസ്ഥാനങ്ങളിലേയ്ക്ക് റിക്രൂട്ടുമെന്റ് നടക്കുമായിരുന്നില്ല. മുകളില്‍ സൂചിപ്പിച്ചതുപോലെ കേരളത്തില്‍ ഭീകരവാദ ക്യാമ്പുകളും പരിശീലനങ്ങളും നടന്നു എന്നറിയുന്നത് മറ്റു സംസ്ഥാനങ്ങളില്‍ പിടിക്കപ്പെടുന്ന തീവ്രവാദികളില്‍ നിന്നാണ്. കേരളത്തിലെ മതതീവ്രവാദപ്രസ്ഥാനങ്ങള്‍ക്കും കള്ളക്കടത്തു-മയക്കുമരുന്ന് മാഫിയയ്ക്കും യാതൊരു ഭയവും ഇല്ലാത്ത ഒരു പോലീസ് ഇന്റലിജന്‍സ് സംവിധാനമാണ് കേരളത്തില്‍ ഉള്ളത്.
മതതീവ്രവാദം-കേന്ദ്ര ഏജന്‍സികളെ അന്വേഷണത്തിന് നിയോഗിക്കണം
കേരളത്തിലെ പോലീസും ഇന്റലിജന്‍സ് സംവിധാനവും മതതീവ്രവാദത്തെയും അവരുടെ ഫണ്ടിംഗ് ഉറവിടത്തെയും കണ്ടെത്താന്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ശക്തമായി ഇടപെടേണ്ട അവസ്ഥയുണ്ട്. ഒരു ഭീകരാക്രമണം ഉണ്ടാകുമ്പോള്‍ അതില്‍ പങ്കെടുത്ത സാധാരണപ്രവര്‍ത്തകരാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. അതിന്റെ ഗൂഡാലോചനയും സാമ്പത്തിക പിന്തുണയും അന്വേഷിക്കപ്പെടുന്നില്ല. നാളിതുവരെ നടന്ന ഭീകരക്യാമ്പുകള്‍, കൊലപാതകങ്ങള്‍ മതവിദ്വേഷം പരത്തുന്ന പ്രചരണം തുടങ്ങിയ വിഷയങ്ങളിലൊന്നും അത് നടത്തിയ യഥാര്‍ത്ഥ പ്രതികളെ വരെ അറസ്റ്റു ചെയ്തിട്ടില്ല. അതില്‍ പങ്കെടുത്തവരെ പിടിക്കുന്നുണ്ടാവും. അല്ലെങ്കില്‍ കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തില്‍ നടക്കുന്നതുപോലെ സംഘടന തന്നെ ചില പ്രതികളെ പോലീസിന് സറണ്ടര്‍ ചെയ്യും.
കേരളത്തിലെ മത തീവ്രവാദകേസുകളിലും കൊല നടത്തുന്നവര്‍ മാത്രം പിടിക്കപ്പെടുകയും അത് ആസൂത്രണം ചെയ്തവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ചര്‍ച്ച ചെയ്യേണ്ടത്. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ വ്യവസ്ഥയില്‍ മതഭീകരവാദത്തെ തടയാന്‍ കേരളത്തിലെ പോലീസ് സംവിധാനത്തിന് കഴിയില്ല. മാത്രമല്ല അതിന്റെ വേരുകള്‍ ആഗോള ഇസ്ലാമിക തീവ്രവാദ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നൂറിലധികം മലയാളികള്‍ ഐ.എസ്സിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ട സാഹചര്യവും ശക്തികളും ഇനിയും പുറത്തു വന്നിട്ടില്ല. അതുകൊണ്ടുതന്നെ കേന്ദ്ര ഏജന്‍സികള്‍ക്കേ ഇതു തടയാനാവൂ. മതതീവ്രവാദത്തിന്റെ ആസൂത്രണം, ഫണ്ടിംഗ്, അന്താരാഷ്ട്രബന്ധങ്ങള്‍, സ്ലീപ്പിംഗ് സെല്ലുകള്‍, ചൈനാ-പാകിസ്ഥാന്‍ അച്ചുതണ്ട് ഒരുക്കുന്ന പിന്തുണ, ഇവയൊക്കെ ദേശീയ അന്വേഷണ എജന്‍സികള്‍ വേണം പുറത്തുകൊണ്ടുവരേണ്ടത്. ജമ്മുകാശ്മീരില്‍ ഇപ്പോള്‍ നടക്കുന്നതുപോലെയുള്ള നിരീക്ഷണ സംവിധാനം കേരളത്തില്‍ ഉണ്ടാവണം. തെക്കനേഷ്യയിലെ മതതീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായി കേരളം മാറാന്‍ കഴിയില്ല. ദശലക്ഷക്കണക്കിന് മലയാളികള്‍ പുറം രാജ്യങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന സാഹചര്യത്തില്‍ കേരളം തീവ്രവാദത്തിന്റെ നാടായി അറിയപ്പെടുന്നത് അവര്‍ക്കും ഗുണം ചെയ്യില്ല. ഒപ്പം പൊതു സമൂഹവും മതതീവ്രവാദ ആക്രമണങ്ങളെ കേവലം രാഷ്ട്രീയ പാര്‍ട്ടികളുടെ ശൈലിയെ ശക്തമായി നിലനിര്‍ത്തേണ്ടതുണ്ട്. ബഹുഭൂരിപക്ഷം വരുന്ന സമാധാനകാംക്ഷികളായ മുസ്ലിം സമൂഹവും മതത്തെ ദുര്‍വ്യാഖ്യാനം നടത്തി ഭീകരര്‍ ഉപയോഗിക്കുന്നത് തിരിച്ചറിഞ്ഞ് അവരെ ഒറ്റപ്പെടുത്തണം.
ഹിന്ദു-മുസ്ലിം വിഭാഗങ്ങളെ തമ്മില്‍ അകറ്റി അവിശ്വാസം വളര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികളെയും ദേശസ്‌നേഹികളായ മലയാളികള്‍ തിരിച്ചറിയണം.