മാര്‍ക്‌സിസത്തിന്റേയും കമ്മ്യൂണിസത്തിന്റേയും അടിസ്ഥാനശില പാകിയ മാര്‍ക്‌സിന്റെ ‘മൂലധനം’ സകല വിപ്ലവപ്രഭൃതികളുടേയും വിശുദ്ധ ഗ്രന്ഥമാണല്ലൊ. ഭരണകൂടങ്ങളും അധികാരഭീകരതയും നിയമവലകളും തനിയെ ഇല്ലാതാകുന്ന ഭരണരഹിതമായ സാമൂഹ്യക്രമം രൂപപ്പെടുന്ന ഒരു സ്വര്‍ഗ്ഗകാലത്തെക്കുറിച്ചാണല്ലൊ മൂലധനം പ്രവചിച്ചത്. ഹായ്… എത്ര സുന്ദരമായ ഒരു ലോകമായിരിക്കും അത്. അങ്ങനെയൊരു മനോഹര സുന്ദര സുരഭില പറുദീസയെ സ്വപ്‌നം കണ്ട് ആയതിനായി പടപൊരുതി ലോകത്തില്‍ എത്രയോ പേര്‍ ഇതിനകം രക്തസാക്ഷികളായി. രക്തസാക്ഷികളുടെ ആ ധീരപഥങ്ങളിലൂടെ ഭയരഹിതരായി നീങ്ങുന്ന; തങ്ങളുടെ ജീവവായുവാണ് മാര്‍ക്‌സിസമെന്ന് ഓരോ ശ്വാസത്തിലും ഉരുവിടുന്നവരാണല്ലോ നമ്മുടെ ഇടതുപക്ഷവാദികള്‍. പ്രത്യയശാസ്ത്രപരമായി നിയമങ്ങളെ ലഘൂകരിക്കുകയും ഇല്ലാതാക്കുകയും ചെയ്യാന്‍ ബാദ്ധ്യതയുള്ള ഇടതുപക്ഷ – മാര്‍ക്‌സിസ്റ്റ് – കമ്മ്യൂണിസ്റ്റുകള്‍ അധികാരം കിട്ടിക്കഴിയുമ്പോള്‍ പ്രത്യയശാസ്ത്ര പ്രവചനങ്ങളെല്ലാം നിരാകരിക്കുന്നു. ലോകത്ത് ഇന്നേവരെ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടവും ജനങ്ങളെ നിയമങ്ങളില്‍ നിന്നു സ്വതന്ത്രരാക്കിയിട്ടില്ലെന്നു മാത്രമല്ല കൂടുതല്‍ കാടന്‍ നിയമങ്ങളിലൂടെ ജനകീയ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുകയാണു ചെയ്തിട്ടുള്ളത്.
കേരളത്തിലെ മാര്‍ക്‌സിയന്‍ കമ്മ്യൂണിസ്റ്റുകാരുടെ വാഗ്ദത്തഭൂമിയായ മനോഹര ചൈനയില്‍ ഏറ്റവുമൊടുവില്‍ സംഭവിച്ചതെന്താണ്. ഭരണാധികാരിയെ വീണ്ടും രാജാവാക്കി മാറ്റുന്ന നിയമനിര്‍മ്മാണത്തിന്റെ വാര്‍ത്തയാണ് ലോകം കേട്ടത്. ഏറ്റവും പുതിയ നിയമത്തിലൂടെ ചൈനയിലെ ഭരണാധികാരി ആജീവനാന്ത ഏകാധിപതിയായി. അങ്ങനെയൊരു നിയമം കേരളത്തിലും നിര്‍മ്മിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ഇപ്പോള്‍ അധികാരം കൈയ്യാളുന്ന മൂലധനസിദ്ധാന്തികള്‍ മന:പായസം ഉണ്ണുന്നുണ്ടായിരിക്കാം. എന്നാല്‍ അതിനുള്ള വിദൂരസാധ്യത പോലും സ്വതന്ത്രഭാരതത്തില്‍ ഇല്ലെന്ന തിരിച്ചറിവും ഈ അഭിനവ വിപ്ലവകാരികള്‍ക്കുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ അധികാരമുള്ള ഒരേയൊരു സംസ്ഥാനത്തെ-കേരളത്തിലെ-ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ക്കൂടുതല്‍ ഉത്തരവുകളും നിയമങ്ങളും നടപ്പിലാക്കി സായൂജ്യമടയുന്നത്. നമ്മുടെ സംസ്ഥാനത്ത് വലതുസര്‍ക്കാരുകളേക്കാള്‍ കൂടുതല്‍ മാരകനിയമങ്ങള്‍ സൃഷ്ടിച്ച് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളത് ഇടതുസര്‍ക്കാരുകളാണെന്ന് ചരിത്രം പരിശോധിച്ചാല്‍ നമുക്ക് ബോദ്ധ്യമാകും. അത്തരം ചില കാര്യങ്ങളുടെ വിലയിരുത്തലാണ് ഇവിടെ ഈ ലേഖകന്റെ ലക്ഷ്യം.
ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വരക്ഷാ ദൗത്യം ഏറ്റെടുത്ത് ഭൂമിയിലവതരിച്ച മിശിഹാമാരാണ് തങ്ങളെന്ന് സ്വയം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നവരാണല്ലൊ നമ്മുടെ അഭിനവ ഇടതുപക്ഷവാദികള്‍. അവരുടെ അധരവ്യായാമങ്ങളെപ്പോഴും തൊഴിലാളിവര്‍ഗ്ഗ മോചന പ്രക്ഷോഭം ഉരുവിട്ടുകൊണ്ടിരിക്കുന്നു. സ്വതന്ത്രബുദ്ധിയുള്ളവര്‍ ചില വസ്തുതകള്‍ പരിശോധിച്ചാല്‍ ഇക്കൂട്ടരുടെ തൊഴിലാളി ദ്രോഹ കുതന്ത്രങ്ങള്‍ തിരിച്ചറിയാനാകും.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ചില സംസ്ഥാനങ്ങളില്‍ അവര്‍ അധികാരം കൈയ്യാളിയപ്പോഴും കേന്ദ്രഭരണത്തെ പിന്തുണച്ചു അധികാരം നിയന്ത്രിച്ചപ്പോഴും ഇവരുടെ തൊഴിലാളി പ്രേമമനോഭാവം എന്തായിരുന്നുവെന്ന് അധികം ചിന്തിക്കാതെ തന്നെ സുവ്യക്തമാണ്. മൂന്നു പതിറ്റാണ്ടിലധികം ഭരണം കൈയാളിയ ബംഗാളിന്റേയും ത്രിപുരയുടേയും മണ്ണില്‍ ഇപ്പോള്‍ സ്വന്തം കൊടി ഉയര്‍ത്താന്‍ പോലും കഴിയാതെ തങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന് യാതൊരു നാണവുമില്ലാതെ വലിയവായില്‍ നിലവിളിക്കുകയാണ് ഇക്കൂട്ടര്‍. ഈ നിലവിളികള്‍ കേള്‍ക്കുമ്പോളാണ് അവിടെയൊക്കെ ഇവര്‍ക്ക് അധികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അണികളോ സാമൂഹ്യപിന്തുണയോ ഉണ്ടായിരുന്നില്ലെന്ന് പൊതുസമൂഹം മനസ്സിലാക്കുന്നത്. ഇവരുടെ തത്ത്വശാസ്ത്രങ്ങളൊന്നും അവിടത്തെ ജനപക്ഷത്തിന്റെ ചിന്തകളെ അല്‍പം പോലും സ്വാധീനിച്ചിരുന്നില്ലെന്നും ബോദ്ധ്യമാകുന്നു.
ഇടതുപക്ഷ കമ്മ്യൂണിസ്റ്റു ചിന്തകള്‍ ശിഥിലീകരിക്കപ്പെടുന്നിടത്തൊക്കെ; ഇവരുടെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ മത-വര്‍ഗ്ഗീയ-തീവ്രവാദ പ്രസ്ഥാനങ്ങള്‍ വളരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഇടതുപക്ഷ സൈദ്ധാന്തികര്‍ക്ക് ഇതുവരെ ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ അപചയങ്ങളുടെ മൂലകാരണം കണ്ടെത്തുവാന്‍ ഇപ്പോള്‍ ഇവരുടെ പങ്കാളിത്ത ഭരണമുള്ള കേരളസര്‍ക്കാരിന്റെ നയങ്ങളേയും ചെയ്തികളേയും വെറുതേയൊന്നു വിലയിരുത്തിയാല്‍ മതിയാകും.
ഇടതുപക്ഷമെന്നാല്‍ അദ്ധ്വാനിക്കുന്ന തൊഴിലാളിവര്‍ഗ്ഗപക്ഷമാണെന്ന തെറ്റിദ്ധാരണ തൊഴിലാളികള്‍ക്കിടയിലും പൊതുസമൂഹത്തിലും വളര്‍ത്തിയെടുക്കുന്നതില്‍ അസാമാന്യ സാമര്‍ത്ഥ്യം എല്ലാകാലത്തും ഇടതുപക്ഷം അഥവാ കമ്മ്യൂണിസ്റ്റു ഭരണകൂടങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ ഭൂപരിഷ്‌കരണം മുതല്‍ നാളിതുവരെയുള്ള കൊട്ടിഘോഷിക്കപ്പെട്ട സാമൂഹ്യപരിഷ്‌കരണ പ്രഖ്യാപനങ്ങളുടെയെല്ലാം ആത്യന്തിക ഗുണഭോക്താക്കള്‍ കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗമോ അടിസ്ഥാനവര്‍ഗ്ഗമോ ആയിരുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ കേരളത്തിലെ ഭൂരഹിതരില്‍ മഹാഭൂരിപക്ഷവും ഇപ്പോഴും ആദിവാസികളും ദളിതരും ആകുമായിരുന്നില്ലല്ലൊ.
തലചായ്ക്കാന്‍ സ്വന്തമായൊരു കൂരപണിയാന്‍ ഒരുതുണ്ടു ഭൂമിക്കുവേണ്ടി ആദിവാസികളും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടുന്ന അടിസ്ഥാനവര്‍ഗ്ഗം ഇപ്പോഴും ഭരണസംവിധാനങ്ങളുടെ പടിവാതിലുകള്‍ തുറക്കുന്നതും കാത്ത് വരിനില്‍ക്കേണ്ട ഗതികേടിലാണ്. ഭൂപരിഷ്‌കരണ നിയമം എന്ന ഒറ്റ നിയമം കൊണ്ടു തന്നെ കേരളത്തിന്റെ അന്നവും കുടിവെള്ളവും മുട്ടിക്കാന്‍ സാധിച്ചുവെന്നു പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാവില്ല. കൃഷിയെ ഒരു സംരംഭമായി കാണാതെ രൂപപ്പെടുത്തിയ വികല നിയമമായിരുന്നു അത്. കേരളത്തിലെ കൃഷിഭൂമികള്‍ തുണ്ടുതുണ്ടായി വിഭജിക്കപ്പെടുവാനും പിന്നീടവയെല്ലാം പരിവര്‍ത്തനം ചെയ്യപ്പെടാനും, അങ്ങനെ കാര്‍ഷികമേഖല തന്നെ നാശോന്മുഖമാകാനും ഭൂപരിഷ്‌കരണ നിയമമാണ് കളമൊരുക്കിയത്. ഈ നിയമത്തിലെ 15-ാം വകുപ്പു നടപ്പിലാക്കുന്നതിനു മുമ്പ് 75-ാം വകുപ്പു നടപ്പിലാക്കിയതിന്റെ സൂത്രം ഇവരോടൊപ്പമുണ്ടായിരുന്ന, ഒടുവില്‍ ഇവരാല്‍ വഞ്ചിക്കപ്പെട്ടു പുറത്തുപോയ കേരളത്തിന്റെ വിപ്ലവ സ്ത്രീശബ്ദം ഏറ്റുപറഞ്ഞിട്ടുണ്ട്. 75-ാം വകുപ്പു പ്രകാരം ഭൂരഹിതരായിരുന്നവരെല്ലാം ഭൂവുടമ പദവിയിലേക്ക് മാറ്റപ്പെട്ടു. തന്മൂലം പിന്നീട് 15-ാം വകുപ്പു നടപ്പിലാക്കിയപ്പോള്‍ ഭൂരഹിതര്‍ എന്ന ആനുകൂല്യം യഥാര്‍ത്ഥ തൊഴിലാളിവര്‍ഗ്ഗത്തിന് നഷ്ടപ്പെടുകയും അന്നത്തെ കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂവുടമകള്‍ക്കും ഇടയിലെ കങ്കാണിമാരായിരുന്ന പ്രമാണിമാര്‍ കൃഷിഭൂമിയുടെ ഉടമകളായി മാറുകയും ചെയ്തു. മിച്ചഭൂമിയെന്ന പേരില്‍ പിടിച്ചെടുത്ത് വിതരണം ചെയ്ത തുണ്ടുഭൂമികളില്‍ കൃഷി മാത്രം ചെയ്തു ജീവിക്കാനാകാതെ തൊഴിലാളിവര്‍ഗ്ഗം അവയെല്ലാം തരിശിട്ടു. ആ ഭൂമികളെല്ലാം പിന്നീട് ഭൂമാഫിയകളും ഖനനമാഫിയകളും ചുളുവിലയ്ക്ക് തട്ടിയെടുത്തു. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയേയും പാരിസ്ഥിതിക സന്തുലനത്തേയും തകര്‍ത്തുകളഞ്ഞതിന്റെ ഉത്തരവാദിത്തമാണ് ഈ നിയമം നടപ്പിലാക്കിയവര്‍ യഥാര്‍ത്ഥത്തില്‍ ഏറ്റെടുക്കേണ്ടത്. മതഭേദമോ വര്‍ഗ്ഗീയതയോ ഇല്ലെന്നു അനുനിമിഷം അവകാശപ്പെടുന്ന ഇക്കൂട്ടര്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്നു വന്‍തോട്ടങ്ങളെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് നാളിതുവരെ കൃത്യമായി ഉത്തരം നല്‍കിയിട്ടില്ല. ഏറ്റവും വലിയ തൊഴിലാളി ചൂഷണം നടന്നിരുന്ന-ഇപ്പോഴും അതു തുടരുന്നു എന്നതിന്റെ തെളിവായിരുന്നുവല്ലോ മൂന്നാറിലെ പെണ്‍പോരാട്ടം-തോട്ടം മേഖലയിലെ മുതലാളിപക്ഷത്തിന്റെ മതം നോക്കിയാല്‍ വിദേശമിഷണറിമാരും മതമേലദ്ധ്യക്ഷന്മാരും ന്യൂനപക്ഷ പ്രമാണിമാരുമൊക്കെയാണ് തോട്ടം മുതലാളിമാരിലെ ഭൂരിപക്ഷമെന്നു മനസ്സിലാക്കാം. ഇടതുപക്ഷത്തിന്റെ തൊഴിലാളിപ്രേമത്തിന്റേയും മുതലാളി പ്രീണനത്തിന്റേയും നേര്‍സാക്ഷ്യങ്ങള്‍ ഇതിലൂടെ വ്യക്തമാകും.
ചുവന്ന പരവതാനി വിരിച്ച് കോളഭീകരനെ ഇന്ത്യയിലേയ്ക്ക് ആനയിച്ചുകൊണ്ടുവന്ന ആദ്യ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ഇടതുപക്ഷ ഭരണകൂടമായിരുന്നു. പ്ലാച്ചിമടയിലേയും പരിസരങ്ങളിലേയും ആദിവാസികള്‍ ഉള്‍പ്പെടുന്ന ഗ്രാമീണ ജനതയുടെ ജീവസ്രോതസ്സുകളായ പ്രകൃതിവിഭവങ്ങളെ കൊള്ളയടിക്കുന്നതിനും മലയാളമണ്ണില്‍ വിഷക്കോള വ്യാപിക്കുവാനും വേരുറപ്പിക്കുവാനും അവസരമൊരുക്കിയത് ഈ ചുവപ്പന്‍ വിപ്ലവകാരികളുടെ രസികനായ മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോഴായിരുന്നു. ബഹുരാഷ്ട്ര-കമ്പോള ഭീകരനായ കോളക്കമ്പനിയുടെ വരവോടുകൂടി അതുവരെ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന നൂറുകണക്കിന് പ്രാദേശിക ശീതളപാനീയ നിര്‍മ്മാണക്കമ്പനികള്‍ അടച്ചുപൂട്ടുകയും അവരുടെ അന്നം മുട്ടുകയും ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. യുവജനങ്ങള്‍ക്ക് തൊഴിലിനുവേണ്ടി എന്ന പേരിലാണ് ഇത്തരം കമ്പനികളെ ക്ഷണിച്ചുകൊണ്ടുവന്നത്. കമ്പനിക്കെതിരെ ഉയര്‍ന്ന ജനകീയ സമരത്തെ ആദ്യകാലത്ത് ഇവര്‍ എതിര്‍ത്തതും തല്ലിയൊതുക്കാന്‍ ശ്രമിച്ചതും യുവജനസംഘടനകളുടെ പേരിലാണ്. ഇപ്പോഴത്തെ അവസ്ഥയെന്താണ്. കോളക്കമ്പനിയുടെ വരവോടുകൂടി തൊഴില്‍ നഷ്ടമായ ആയിരങ്ങളില്‍ ഒരാള്‍ക്കുപോലും തൊഴില്‍ നല്‍കുവാന്‍ ഈ കോളക്കമ്പനിക്കായില്ലെന്നു മാത്രമല്ല, കമ്പനി അടച്ചുപൂട്ടി വര്‍ഷങ്ങളായിട്ടും വിഷക്കോളക്കച്ചവടം പലമടങ്ങായി അവര്‍ നടത്തിക്കൊണ്ടുമിരിക്കുന്നു.
കേരളത്തിലെവിടെയും ഇവരുടെ കോളക്കമ്പനി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഓണംകേറാമൂലകളില്‍ പോലും വന്‍ പരസ്യതന്ത്രങ്ങളോടെ ജനങ്ങളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി കോളക്കച്ചവടം പൊടിപൊടിക്കുന്നുമുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും വലിയ വൈരുദ്ധ്യം, ആദ്യഘട്ടത്തില്‍ ജനകീയസമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ചവരാണ് പിന്നീടൊരു ഉളുപ്പുമില്ലാതെ സമരവിജയത്തിന്റെ നേതൃത്വം അവകാശപ്പെട്ട് വേഷം കെട്ടുന്നത്. കോളക്കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുവാന്‍ കേരളനിയമസഭ ഏകകണ്ഠമായി നിര്‍മ്മിച്ച നിയമത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നാലുവര്‍ഷത്തോളം മരവിപ്പിച്ചപ്പോഴും പിന്നീടുവന്ന കേന്ദ്രസര്‍ക്കാര്‍ നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി നിയമം തിരിച്ചയച്ചപ്പോഴും ഇടതുപക്ഷത്തിന്റെ മൗനം നമുക്കൊരുപാട് ഉത്തരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കോളക്കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പുതിയ നിയമം നിര്‍മ്മിക്കുമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വാഗ്ദാനം. ”നാം മുന്നോട്ട്” എന്ന് പുരമുകളില്‍ നിന്നു വിളിച്ചു കൂവുന്നവര്‍ ഇതുവരെ കോളക്കമ്പനിക്കെതിരെ എത്രദൂരം മുന്നോട്ടു പോയിയെന്ന് തുറന്നു പറയണം.
അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് 1 ന് (2018ല്‍) മലയാളത്തില്‍ അച്ചടിച്ച എല്ലാ വര്‍ത്തമാനപത്രങ്ങളുടേയും മറ്റു വാര്‍ത്താമാധ്യമങ്ങളുടേയും പ്രധാനവാര്‍ത്ത എന്തായിരുന്നുവെന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?ബൂര്‍ഷ്വാ-വര്‍ഗ്ഗീയ-സാമ്രാജ്യത്വ – വിപ്ലവ-ജനപക്ഷ മാധ്യമങ്ങളെല്ലാം പൊതുസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ച പ്രധാന വര്‍ത്തമാനം കേരളത്തിലെ പണിയെടുത്ത് കഷ്ടപ്പെടുന്ന ചുമട്ടുതൊഴിലാളിവര്‍ഗ്ഗത്തെ അപമാനിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവായിരുന്നു. ലോക തൊഴിലാളി ദിനത്തില്‍ നോക്കുകൂലി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ പിണറായി സര്‍ക്കാരിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്തായിരുന്നു. അല്‍പദിവസം മുമ്പോ ശേഷമോ ആ ഉത്തരവിറക്കാമായിരുന്നു. എന്തിനാണ് തൊഴിലാളികള്‍ക്ക് വൈകാരികബന്ധമുള്ള തൊഴിലാളിദിനം തന്നെ തെരഞ്ഞെടുത്തത്. സാമ്രാജ്യത്വ-സാമ്പത്തിക പ്രീണനനയങ്ങള്‍ നടപ്പിലാക്കുന്നതില്‍ തങ്ങളാണ് മുമ്പിലെന്ന് ആരെയോ ബോദ്ധ്യപ്പെടുത്തുകയല്ലേ ഈ വര്‍ഗ്ഗവഞ്ചനയുടെ ലക്ഷ്യം. നോക്കുകൂലി നിരോധിച്ചുവെന്ന് പറയുമ്പോള്‍ മുമ്പ് അതുണ്ടായിരുന്നുവെന്ന് സമ്മതിക്കുകയും കാലാകാലങ്ങളായി മുതലാളിത്തം പറഞ്ഞുകൊണ്ടിരുന്ന ഒരു സംഗതി സത്യമായിരുന്നുവെന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയുമായിരുന്നു ആ ഉത്തരവിലൂടെ സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിച്ചത്.
ഇതല്ലേ യഥാര്‍ത്ഥ തൊഴിലാളിദ്രോഹം. ഇതിലൂടെ അപമാനിതരായ യഥാര്‍ത്ഥ ചുമട്ടുതൊഴിലാളിവര്‍ഗ്ഗം ഇങ്ങനെയൊരു ഉത്തരവിറക്കിയവരോട് ക്ഷമിക്കുമെന്ന് കരുതാനാവില്ല. തൊഴിലാളികളുടെ ആ രോഷസാക്ഷ്യം കൂടിയായിരുന്നില്ലേ ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് ഫലം എന്നും നിരീക്ഷിക്കാം. ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ ചുമട്ടുതൊഴിലാളികളുടെ പേരുപറഞ്ഞ് നോക്കുകൂലി പോലെയുള്ള ചില അസ്വീകാര്യപ്രവൃത്തികള്‍ നടന്നിട്ടുണ്ടായിരിക്കാം. അത്തരം അസ്വീകാര്യപ്രവൃത്തികളുടെ പിതൃത്വം പണിയെടുക്കുന്ന തൊഴിലാളികളുടെ തലയില്‍ കെട്ടിവെയ്ക്കരുത്. എല്ലായിടത്തും തൊഴിലാളി നേതൃത്വം കൈയ്യാളുന്നവരാണ് നോക്കുകൂലി, തൊഴിലവകാശം തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കിയത്. എവിടേയും ചുമട്ടുതൊഴിലാളി സംഘടനകളുടെ നേതൃത്വം പണിയെടുക്കുന്നവരല്ല പുറത്തുള്ളവരാണ് കൈയാളുന്നത്. ഈ രാഷ്ട്രീയ കങ്കാണിമാരാണ് നോക്കുകൂലി പോലെയുള്ള അനാശാസ്യപ്രവണതകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്നത്. യൂണിയന്‍ ഓഫീസുകളുടെ ഉള്ളിലിരുന്നു തന്നെയാണ് ഈ നേതാക്കള്‍ ഇത്തരത്തിലുള്ള പിടിച്ചുപറികള്‍ നടത്തിയിരുന്നത്. തൊഴിലാളികളുടെ പേരിലുള്ള ഇത്തരം പണപ്പിരിവുകളുടെ സിംഹഭാഗവും അപഹരിച്ചിരുന്നതും ഇക്കൂട്ടര്‍ തന്നെയാണ്. ഇതിനെതിരെ തൊഴിലാളികള്‍ തന്നെ ശബ്ദമുയര്‍ത്താന്‍ തുടങ്ങുകയും പൊതുസമൂഹം കൂടുതല്‍ ജാഗ്രതയിലെത്തുകയും നീതിപീഠങ്ങള്‍ വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ ഇങ്ങനെയൊരു ഉത്തരവിലൂടെ മുഖം രക്ഷിക്കാന്‍ ശ്രമിച്ചത്.
ഏറ്റവും കുറഞ്ഞ കൂലി നിശ്ചയത്തിന്റെ പ്രഖ്യാപനമാണ് മറ്റൊരു തൊഴിലാളിദ്രോഹ ഉത്തരവ്. ഈ ഉത്തരവ് പ്രത്യക്ഷത്തില്‍ തൊഴിലാളിക്ഷേമം, ജനക്ഷേമം എന്നൊക്കെ തോന്നുമായിരിക്കാം. എന്നാല്‍ യാഥാര്‍ത്ഥ്യവും അനന്തരഫലങ്ങളും കുത്തകമുതലാളിത്തത്തിനു മാത്രം പ്രയോജനകരമായിരിക്കും. ഈ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുകയാണെങ്കില്‍ വരുംകാലങ്ങളില്‍ സാധാരണക്കാരായ കര്‍ഷകര്‍ക്കോ ചെറുകിടവ്യാപാരികള്‍ക്കോ ഗ്രാമീണ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ക്കോ മറ്റു സേവനദാതാക്കള്‍ക്കോ ഒരു സഹായിയെപ്പോലും നിയമിക്കാനാകാത്ത അവസ്ഥയുണ്ടാകും. കേരളത്തിലെ ഏറ്റവും കുറഞ്ഞ കൂലി പ്രതിദിനം 600 രൂപയാക്കുമെന്നാണ് ഒരു മന്ത്രിമഹാന്റെ ഏറ്റവുമൊടുവിലത്തെ പ്രഖ്യാപനം. കുറഞ്ഞ കൂലി നിയമത്തോടൊപ്പം മറ്റൊരു നിയമം കൂടി വന്നിട്ടുണ്ട്. തൊഴിലാളികള്‍ക്കുള്ള കൂലി തൊഴില്‍വകുപ്പിന്റെ അറിവോടെ തൊഴിലാളിയുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഉടമകള്‍ നല്‍കണം എന്നതാണ് ആ വ്യവസ്ഥ.
ഇതുകേട്ട് കോള്‍മയിര്‍കൊള്ളാന്‍ അല്‍പമെങ്കിലും ബുദ്ധിയുള്ളവര്‍ തയ്യാറാവുകയില്ല. നിര്‍മ്മാണമേഖലയിലൊഴികെ മറ്റൊരു മേഖലയിലും ഇത്ര വലിയ കൂലി നല്‍കാന്‍ യാതൊരു കാരണവശാലും ഭൂരിപക്ഷം പേര്‍ക്കും സാധിക്കുകയില്ല. വര്‍ത്തമാനകാല ജീവിതസാഹചര്യങ്ങളില്‍ തെരുവുകച്ചവടമായാലും പെട്ടിക്കടയായാലും ഒരാളുടെയെങ്കിലും സഹായമില്ലാതെ നടത്തിക്കൊണ്ടുപോകാന്‍ ആവുകയില്ല. ഒരു പെട്ടിക്കടയിലെ ശരാശരി വ്യാപാരം നഗരത്തിലാണെങ്കില്‍ 1200 രൂപയും ഗ്രാമങ്ങളിലാണെങ്കില്‍ 800 രൂപയില്‍ താഴെയുമാണ്. ഇതില്‍ നിന്നും സര്‍ക്കാര്‍ നിയമപ്രകാരം 600 രൂപ സഹായിക്കു നല്‍കുകയാണെങ്കില്‍ ഉടമയുടെ അവസ്ഥയെന്തായിരിക്കും. എത്ര ശതമാനം ലാഭം എടുത്താലാണ് വില്‍പനക്കാവശ്യമായ വസ്തുക്കള്‍ വാങ്ങാനാവുക. ഇനിയൊരു ചെറുകിട കച്ചവടക്കാരന്റെ സ്ഥിതി നോക്കാം. സ്റ്റേഷനറി, പലചരക്ക്, തുണി മേഖലകളില്‍ ഒരു ചെറുകിടസ്ഥാപനം നടത്തണമെങ്കില്‍ കുറഞ്ഞത് ഉടമയുള്‍പ്പെടെ നാലുപേരെങ്കിലും വേണ്ടിവരും. ഇത്തരം ചെറുകിട സ്ഥാപനങ്ങളിലെ ശരാശരി വിറ്റുവരവ് 4000 രൂപയില്‍ താഴെയാണ്. തൊഴിലാളിക്കുള്ള കൂലിയെങ്കിലും ഉടമയ്ക്കും നിശ്ചയിച്ചാല്‍ ആകെ വിറ്റുവരവില്‍ 2400 രൂപ കൂലിയിനത്തില്‍ ചിലവാകും. ഇതു വിറ്റുവരവിന്റെ അറുപത് ശതമാനമാണ്. 100 രൂപയ്ക്ക് വാങ്ങുന്ന വസ്തു 160 രൂപയ്ക്ക് വിറ്റാല്‍ കൂലിമാത്രം ലഭിക്കും. കെട്ടിടത്തിന്റെ വാടക, വൈദ്യുതി-വെള്ളം നിരക്കുകള്‍, ഫോണ്‍ ചിലവുകള്‍, ലൈസന്‍സ് ഫീസുകള്‍, മുതല്‍മുടക്കിന്റെ പലിശ അങ്ങനെയങ്ങനെ എല്ലാ ചിലവുകളും. എല്ലാറ്റിനുമുപരി വില്‍ക്കേണ്ട സാധനങ്ങള്‍ വാങ്ങേണ്ട പണവും മേല്‍പ്പറഞ്ഞ വിറ്റുവരവിലെ ശേഷിച്ച നാല്‍പതുശതമാനത്തില്‍ നിന്ന് കണ്ടെത്തണം. ഇതിനൊക്കെപ്പുറമെയാണ് ചരക്കു-സേവന നികുതിപോലെയുള്ള മാരണങ്ങളും ഉദ്യോഗസ്ഥ പീഡനങ്ങളും. ചുരുക്കത്തില്‍ ചെറുകിടവ്യാപാരികള്‍ വില്‍പനയ്ക്കായി സംഭരിക്കുന്ന സാമഗ്രികള്‍ മൂന്നിരട്ടി വിലയ്ക്കു വിറ്റാല്‍പ്പോലും വ്യാപാരം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കുകയില്ല. പരമാവധി ചില്ലറവില്‍പ്പനവില (ങഞജ) രേഖപ്പെടുത്തിക്കിട്ടുന്ന കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങളില്‍ ചില്ലറവ്യാപാരിയ്ക്ക് ലഭിക്കുന്നത് വളരെ തുച്ഛമായ പ്രതിഫലമാണ്. ഇപ്പോള്‍ത്തന്നെ നടുവൊടിഞ്ഞ ചില്ലറവ്യാപാരമേഖലയെ പൂര്‍ണ്ണമായി തകര്‍ക്കുവാനും സാമ്രാജ്യത്വ-സാമ്പത്തിക കുത്തകകള്‍ക്ക് ഈ മേഖല പിടിച്ചെടുക്കാനും ഇടതുപക്ഷത്തിന്റെ തൊഴിലാളിപ്രീണനനയം കാരണമാകും. കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് ചില്ലറവ്യാപാരമേഖലയെ അടിയറവെയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ എന്നുപറഞ്ഞ് വലിയവായില്‍ മുറവിളി കൂട്ടുന്ന ഇടതുപക്ഷമാണ് യഥാര്‍ത്ഥത്തില്‍ സാമ്രാജ്യത്വ-കമ്പോളശക്തികള്‍ക്ക് പരവതാനി വിരിക്കുന്നത്.
കുറഞ്ഞകൂലി ഉത്തരവിലൂടെ തൊഴിലാളികള്‍ക്കു സംഭവിക്കുന്ന നഷ്ടം വാക്കുകള്‍ക്കും അപ്പുറത്താണ്. ഭൂപരിഷ്‌കരണ നിയമത്തിലൂടെ കേരളത്തിലെ കൃഷിയേയും കര്‍ഷകത്തൊഴിലാളികളേയും ഉന്മൂലനം ചെയ്തവര്‍ കുറഞ്ഞകൂലി ഉത്തരവിലൂടെ മധ്യവര്‍ഗ്ഗ ഉപജീവനമാര്‍ഗ്ഗങ്ങളെ പൂര്‍ണ്ണമായി തകര്‍ക്കാനാണ് കോപ്പുകൂട്ടുന്നത്. തൊഴിലാളിയെ ചൂഷണം ചെയ്തിരുന്ന ഒരു വ്യവസ്ഥിതി ലോകത്തെല്ലായിടത്തും ഉണ്ടായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. ആഗോളതലത്തില്‍ തൊഴിലാളികള്‍ നേരിടുന്ന ഈ പ്രതിസന്ധിയ്ക്ക് ആത്യന്തികമായ പരിഹാരമാര്‍ഗ്ഗം ഇതുവരെ ആരും കണ്ടെത്തിയിട്ടുമില്ല. എന്നാല്‍ തൊഴിലാളികളില്‍ അന്ധമായ മുതലാളിത്തവിരോധം വളര്‍ത്തി സ്വന്തം തൊഴിലിനോടും തൊഴില്‍ദാതാവിനോടും യാതൊരു നീതിയും പുലര്‍ത്താത്ത മാനസികാവസ്ഥയിലേയ്ക്ക് ഭൂരിപക്ഷ തൊഴിലാളിവര്‍ഗ്ഗത്തേയും മാറ്റിയെടുക്കുന്നതില്‍ കേരളത്തിലെ ഇടതുപക്ഷം വിജയിച്ചിട്ടുണ്ടെന്നതും അവിതര്‍ക്കമാണ്. ഊഷ്മളവും ക്രിയാത്മകവുമായ ഒരു തൊഴിലാളി-തൊഴിലുടമ ബന്ധം വളര്‍ത്തിയെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ആയതിനുള്ള സകല സാധ്യതകളും പുതിയ ഉത്തരവിലൂടെ ഇല്ലാതാവുകയും ചെയ്യും. മേല്‍പ്പറഞ്ഞ ചെറുകിടസ്ഥാപനങ്ങളില്‍ ഏറ്റവും കുറഞ്ഞത് രണ്ടു തൊഴിലാളികളെ വേണ്ടെന്നുവെച്ചാല്‍ കേരളത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം മൂന്നുലക്ഷത്തിലും അധികമായിരിക്കും. ഇതു തൊഴിലാളിയ്ക്ക് ഗുണകരമോ ദോഷകരമോ? അതുമാത്രമല്ല തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലൂടെ കൂലി നല്‍കുന്ന നിയമം കര്‍ശനമായി നടപ്പിലാക്കിയാല്‍ പ്രതിദിനം 600 രൂപ പ്രകാരം പ്രതിമാസ വരുമാനം 18,000 രൂപയായിരിക്കും. എല്ലാവരുടേയും വ്യക്തിഗതവിവരങ്ങളും സാമ്പത്തിക ഇടപാടുകളും ശേഖരിച്ചുവെച്ചിരിക്കുന്ന സംസ്ഥാന-കേന്ദ്ര ഭരണകൂട പരിശോധനയില്‍ ഒരു തൊഴിലാളിയുടെ വാര്‍ഷികവരുമാനം 2,16,000 രൂപയായിരിക്കും. ഒരു വീട്ടില്‍ രണ്ടുപേര്‍ തൊഴിലിനു പോകുന്നുണ്ടെങ്കില്‍ കുടുംബവാര്‍ഷിക വരുമാനം നിയമപ്രകാരം നാലുലക്ഷം രൂപയില്‍ കൂടുതലായിരിക്കും. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ പല സാമൂഹ്യക്ഷേമപദ്ധതികള്‍ക്കും തൊഴിലാളി കുടുംബങ്ങള്‍ അര്‍ഹരല്ലാതായി മാറും. ഗൃഹനിര്‍മ്മാണം അടക്കമുള്ള മേഖലകളില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടും. തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായങ്ങളും ലഭ്യമല്ലാതാകും. ഫലത്തില്‍ തൊഴിലാളിപ്രേമത്തിന്റെ മറവില്‍ നടപ്പിലാക്കുന്ന നിയമം ഏറ്റവും വലിയ തൊഴിലാളി ദ്രോഹമായി പരിണമിക്കും.
കേരളത്തില്‍ അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടി ഇടതുപക്ഷത്തിന് അത്ര സ്വീകാര്യനല്ലാത്ത നേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിയമസഭ നിര്‍മ്മിച്ച കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ ഇല്ലാതാക്കുന്ന ഭേദഗതി കൂടി ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നു. കേരളത്തില്‍ കണ്ണും നട്ടിരിക്കുന്ന വിദേശ കുത്തകകള്‍ ഉള്‍പ്പെടെയുള്ള ഭൂമാഫിയകളെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ് ഈ ഭേദഗതിയെന്ന് ആര്‍ക്കും മനസ്സിലാകും. ഒരുപക്ഷേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു തന്നെ ഇതുസംബന്ധമായ കരാര്‍ ഉറപ്പിച്ചിട്ടുണ്ടാകാം. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇടതുപക്ഷ അംഗങ്ങള്‍ക്ക് വിപ്പു നല്‍കിയാണ് ഈ നിയമം അംഗീകരിപ്പിച്ചത് എന്നതുകൂടി ഈയവസരത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്. ഈ നിയമത്തിന്റെ നിര്‍മ്മാണത്തിന് അന്നത്തെ സര്‍ക്കാരിനെ നിര്‍ബന്ധിച്ച ജനകീയ സമരങ്ങളില്‍ ഏറ്റവും ശക്തമായത് തശ്ശൂര്‍ ജില്ലയിലെ മുരിയാട് കോള്‍മേഖലയില്‍ നടന്ന കര്‍ഷകമുന്നേറ്റമായിരുന്നു. പാര്‍ട്ടി തള്ളിപ്പറഞ്ഞ സമരവേദിയിലെത്തിയാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ സമരപോരാളികളുമായി ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയത്. ഈ ലേഖകന്‍ നടത്തിയ നിരാഹാരമൗനകര്‍ഷകതപസ്സിന്റെ പരിസമാപ്തിയായിരുന്നു നിയമനിര്‍മ്മാണം. ഇപ്പോള്‍ ആ നിയമത്തെ ഞെക്കിക്കൊല്ലാനും; കേരളത്തില്‍ ഇടതുപക്ഷം തന്നെ ആണിയടിച്ചു പെട്ടിയിലാക്കിയ പാട്ടഭൂതത്തെ തുറന്നുവിടാനും; ഇപ്പോഴത്തെ നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. ഇക്കാര്യത്തില്‍ അധികാരം കൈയ്യാളുന്നവര്‍ പറയുന്ന ഒരു മേന്മയും പൊതുസമൂഹത്തിന് ബോദ്ധ്യപ്പെടുന്നതല്ല.
നിഗൂഢ ശക്തികള്‍ക്കു വേണ്ടി ത്വരിതഗതിയില്‍ അനാവശ്യ നിയമങ്ങള്‍ നിര്‍മ്മിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ സംസ്ഥാന ജനതയ്ക്ക് മുഴുവന്‍ ദ്രോഹം ചെയ്യുന്ന ചില നിയമങ്ങള്‍ കാലങ്ങള്‍ എത്ര കഴിഞ്ഞാലും മാറ്റത്തിന് വിധേയമാക്കുന്നില്ലെന്നതും പരിശോധിക്കേണ്ടതാണ്. 1902 ലെ ഭൂമി രജിസ്‌ട്രേഷന്‍ നിയമത്തില്‍ നൂറ്റാണ്ടു പിന്നിട്ടിട്ടും ഒരു മാറ്റവും വരുത്താത്തതും സന്നദ്ധസംഘടനാ അംഗീകാരത്തിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത നിയമങ്ങള്‍ ഉപയോഗിക്കുന്നതും; മത ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശമ്പളം സര്‍ക്കാര്‍ നല്‍കുകയും എന്നാല്‍ നിയമനാധികാരം പി.എസ്.സി.യ്ക്ക് നല്‍കാതിരിക്കുന്നതും തുടങ്ങി നിരവധി പഴയ നിയമങ്ങള്‍ ഇപ്പോഴും ആര്‍ക്കൊക്കെയോ വേണ്ടി നിലനിര്‍ത്തിയിരിക്കുന്നു. ഈ ഇനത്തില്‍ വളരെ പ്രാധാന്യത്തോടെ നിരീക്ഷിക്കേണ്ടതാണ് അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍. ഇതില്‍ ഏറ്റവും ഗൗരവമേറിയത് പറമ്പിക്കുളം-ആളിയാര്‍ നദീജല കരാറാണ്.
കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരുന്ന അച്യുതമേനോന്‍ 1958 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഒപ്പുവെച്ച ഈ കരാര്‍ 35 ടി.എം.സി. ഒഴുകിയിരുന്ന ഭാരതപ്പുഴയിലെ വെള്ളത്തെ 5 ടി.എം.സി.യിലേയ്ക്ക് ചുരുക്കുകയും ഭാരതപ്പുഴയുടേയും കൈവഴികളുടേയും സര്‍വ്വനാശത്തിന് കാരണമാവുകയും ചെയ്തു. ഈ കരാര്‍ 30 വര്‍ഷത്തിലൊരിക്കല്‍ പുനരവലോകനം ചെയ്യണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. ആദ്യത്തെ പുനരവലോകനം 1988 ല്‍ നടത്തേണ്ടതായിരുന്നു. അന്നത്തെ നായനാര്‍ സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. രണ്ടാമത്തെ പുനരവലോകനം 2018 ല്‍ നടത്തണമായിരുന്നു. ഇപ്പോഴത്തെ പിണറായി സര്‍ക്കാരും ഇക്കാര്യത്തില്‍ മന:പൂര്‍വ്വം അലംഭാവം കാണിച്ചു. കൂടാതെ തമിഴ്‌നാട് 32 കരാര്‍ ലംഘനങ്ങള്‍ നടത്തിയതായി കേരള നിയമസഭ ഏകകണ്ഠമായി റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെല്ലാം പുറമെ കാവേരി ട്രിബ്യൂണല്‍ വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയ ചില വ്യവസ്ഥകള്‍ അനുസരിച്ച് നിയമപ്രകാരം ഈ കരാര്‍ റദ്ദാക്കേണ്ടതാണ്. ആയതിനും നടപടികളില്ല.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ തകര്‍ന്നടിഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍ തമിഴ്‌നാട്ടില്‍ ചിലയിടങ്ങളില്‍ വിജയം നേടി. ഡി.എം.കെ.യും മുസ്ലീം ലീഗും ഉള്‍പ്പെട്ട ‘വിശുദ്ധ’ സഖ്യത്തിലെ പങ്കാളിത്തം മാത്രമല്ല ഈ വിജയത്തിന് ആധാരം. ഭാരതത്തില്‍ ഊര്‍ദ്ധശ്വാസം വലിക്കുന്ന സി.പി.എം.-സി.പി.ഐ. കക്ഷികള്‍ക്ക് ആശ്വാസമായ ആ 4 സീറ്റുകള്‍ കേരളത്തിലെ കര്‍ഷകരെ വഞ്ചിച്ചതിന് കിട്ടിയ പ്രതിഫലമാണ്. തമിഴ്‌നാട്ടില്‍ കമ്മ്യൂണിസ്റ്റ് കക്ഷികള്‍ക്ക് ഏറ്റവും വേരോട്ടമുള്ളത് പറമ്പിക്കുളം-ആളിയാര്‍ കരാറിന്റെ ഗുണഭോക്താക്കളുള്ള മേഖലകളിലാണ്. കോയമ്പത്തൂര്‍, മധുര, തിരുപ്പൂര്‍ മേഖലകളിലെ ഇവരുടെ വിജയം അതു വ്യക്തമാക്കുന്നു. കര്‍ഷകര്‍ വേനല്‍ക്കാലത്ത് നെല്ല്-വാഴ-പച്ചക്കറി കൃഷിക്ക് വെള്ളം ഉപയോഗിക്കരുതെന്ന് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പാലക്കാട് ജില്ലാ കളക്ടര്‍ മുഖേന ഉത്തരവ് പുറപ്പെടുവിച്ചതും ഈ സര്‍ക്കാരാണ് എന്നതും ഇവിടെ പ്രത്യേകം ഓര്‍മ്മിക്കണം.
എന്തായാലും ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ വലതുപക്ഷത്തേക്കാള്‍ മാരകനിയമങ്ങളും ഉത്തരവുകളും ചട്ടങ്ങളും നിര്‍മ്മിച്ച് പൊതുസമൂഹത്തെ കബളിപ്പിക്കുന്നതിന്റെ ജനകീയ പ്രതിഷേധമാണ് ബംഗാളിലും ത്രിപുരയിലും സംഭവിച്ചുകൊണ്ടിരുന്നത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ മറ്റൊരു ചരിത്രം കൂടി നമുക്കു പറയേണ്ടിവരും. ലോകത്ത് ആദ്യമായി തിരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് കേരളത്തിലായിരുന്നു എന്നും ആദ്യത്തെ കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രി സഖാവ് ഇ.എം.എസ്. ആയിരുന്നുവെന്നും രേഖപ്പെടുത്തിയ ചരിത്രത്തോടൊപ്പം അവസാനത്തെ കമ്മ്യൂണിസ്റ്റു സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും ചരിത്രവും കേരളത്തിനു തന്നെ പറയേണ്ടിവരും.