രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കറുമ്പിയെ വീട്ടിലുള്ള എല്ലാവരും മറന്നു. എന്നാല്‍ കളപ്പുരയില്‍ കയറുമ്പോള്‍ കാളക്കുട്ടനെ കണ്ണന് ഓര്‍മ്മവരും.
രാവിലെ കണ്ണന്‍ ഉണര്‍ന്നത് ആരുടെയോ സംസാരം കേട്ടുകൊണ്ടാണ്. കണ്ണുതിരുമി മുറ്റത്തേയ്ക്കുവന്നപ്പോള്‍ കണി കണ്ടത് വല്യമ്മാമയുടെ കാര്യസ്ഥനെയാണ്. കറുമ്പിയുടെ കാര്യമാണ് അയാള്‍ അച്ഛനോട് സംസാരിക്കുന്നത്.
”പശുവിനെ രണ്ടുമൂന്നു ദിവസമായിട്ടും കറക്കാന്‍ കഴിഞ്ഞിട്ടില്ല. വല്ലാത്തൊരു മൂശ്ശേട്ട. ഇന്നലെ കാരണോര് കറക്കാന്‍ നോക്കി തൊഴികിട്ടി. കൈക്ക് പൊട്ടലുണ്ടോന്ന് സംശയമുണ്ട്. കുരുക്കളെ കാണിച്ച് കയ്യ് കെട്ടി വീട്ടിലിരിക്ക്യാ. നീ ചെന്ന് ഒന്നു കറന്നുകൊടുക്കാന്‍ പറഞ്ഞു.” വേലുക്കുട്ടി പറഞ്ഞു.
”അതിന് വേറെ ആരെയെങ്കിലും നോക്കിയാ മതി. ഗോവിന്ദേട്ടനെ കിട്ടില്ല. കണ്ണില്‍ ചോരയില്ലാത്ത… ഞാനൊന്നും പറേന്നില്ല…
അമ്മാവനാണുപോലും..”
അമ്മ മനസ്സില്‍ നിറഞ്ഞുകിടന്ന ദേഷ്യം അതേ രൂപത്തിലാണ് പ്രകടിപ്പിച്ചത്.
”ഭാനൂ…” അച്ഛന്‍ നീട്ടിവിളിച്ചു. ആ വിളിയില്‍ അമ്മാവനോടുള്ള ദേഷ്യംകൂടി ഉണ്ടെന്ന് കണ്ണനുതോന്നി.
അമ്മ അടുക്കളയിലേക്കു കയറിപ്പോയി. വേലുക്കുട്ടി ഒന്നും പറയാതെ മുറ്റത്തുതന്നെ നിന്നു. അയാളോട് കണ്ണനും ദേഷ്യം തോന്നി.
”അതിന്റെ കാല് കെട്ടിയിട്ട് കറക്കാന്‍ അമ്മാവനോടു പറഞ്ഞാമതി. വീടുമാറിയാല്‍ ചില പശുക്കള് കറക്കാന്‍ സമ്മതിക്കില്ല.” അച്ഛന്‍ പറഞ്ഞു.
”അപ്പോ നീ വരില്ലെന്നു പറയാമല്ലോ?” വേലുക്കുട്ടി ചോദിച്ചു.
”ഇല്ല.” അടുക്കളയില്‍നിന്ന് പുറത്തേക്കുവന്ന് അമ്മ പറഞ്ഞു.
അച്ഛന്‍ ഒന്നും പറയാതെ നിന്നപ്പോള്‍ കാര്യസ്ഥന്‍ ഒന്നും പറയാതെ ഇറങ്ങിപ്പോയി. അമ്മ ദേഷ്യപ്പെട്ട് സംസാരിക്കുമ്പോള്‍ അച്ഛന്‍ അപ്പോള്‍ അമ്മയോട് സംസാരിക്കില്ല. അമ്മയുടെ ദേഷ്യം അടങ്ങിക്കഴിയുമ്പോള്‍ അതേക്കുറിച്ച് പറഞ്ഞ് അമ്മയെ അച്ഛന്‍ തന്നെ ആശ്വസിപ്പിക്കുന്നത് കണ്ണന്‍ കണ്ടിട്ടുണ്ട്.
സരസ്വതിചേച്ചി ഗോപിയേട്ടനോട് വഴക്കടിച്ചിട്ട് വീട്ടില്‍ വന്നിരുന്നു കരയുന്നത് കണ്ണന്‍ കണ്ടിട്ടുണ്ട്. ”ദേഷ്യത്തെ ദേഷ്യംകൊണ്ടല്ല നേരിടേണ്ടത്. വാക്കുകള്‍കൊണ്ട് പോരടിക്കുന്നത് ആയുധം കൊണ്ട് പോരടിക്കുന്നതിനേക്കാള്‍ അപകടമാണ്.” അച്ഛന്‍ ഒരിക്കല്‍ സരസ്വതിചേച്ചിയോട് പറയുന്നത് കണ്ണന്‍ കേട്ടിട്ടുണ്ട്.
രാമായണവും ഭാഗവതവും നന്നായി മനസ്സിലാക്കി എല്ലാദിവസവും അത് വായിക്കുന്നതു കൊണ്ടാണ് അച്ഛന് ദേഷ്യത്തെ നിയന്ത്രിക്കാന്‍ കഴിയുന്നതെന്ന് സരസ്വതിചേച്ചി അമ്മയോട് പറയുന്നതും കണ്ണന്‍ കേട്ടിട്ടുണ്ട്.
അന്നു വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്നപ്പോള്‍ ചായപ്പീടികയിലെ നാരായണേട്ടന്റെ ഭാര്യ അമ്മയോട് അടക്കിയ ശബ്ദത്തില്‍ എന്തോ സംസാരിക്കുന്നത് കണ്ണന്‍ കണ്ടു. അവനെ കണ്ടതും അവര്‍ സംസാരം മതിയാക്കി.
”ഭാനുവേച്ചീ, രണ്ടുമൂന്നു തേങ്ങ ഉണ്ടാവുമോ? ദോശയ്ക്ക് ചട്ണി അരയ്ക്കാനാ. ഇളയ തേങ്ങ ഉണ്ടെങ്കില്‍ നന്നായിരുന്നു.” അവര്‍ അമ്മയോടു ചോദിച്ച് പെട്ടെന്ന് വിഷയം മാറ്റി. എങ്കിലും അവര്‍ സംസാരിച്ചത് കറുമ്പിയെ ക്കുറിച്ചാണെന്ന് അവന്‍ സംശയിച്ചു.
അത്യാവശ്യ സന്ദര്‍ഭത്തിലേ നാരായണേട്ടന്‍ തേങ്ങയ്ക്ക് വീട്ടിലേയ്ക്ക് ആളെ വിടൂ. നാളികേരം ഇട്ടത് ഇല്ലെങ്കില്‍ അച്ഛന്‍ അപ്പോള്‍ത്തന്നെ തെങ്ങില്‍കയറി ഇട്ടുകൊടുക്കും.
അമ്മ അപ്പോള്‍ത്തന്നെ രണ്ടുമൂന്നു നാളികേരം അവര്‍ക്കു പൊളിച്ചു കോടുത്തു. നാളി കേരത്തിന്റെ വില നിശ്ചയിക്കുന്നത് അച്ഛനാണ്. ഏതു തെങ്ങിലെ തേങ്ങയാണ് കൊടുത്തതെന്നു പറഞ്ഞാല്‍ തേങ്ങ കാണാതെ അച്ഛന്‍ അതിന്റെ വലിപ്പം മനസ്സിലാക്കി വില നിശ്ചയിക്കും.
വീട്ടുപറമ്പില്‍ നില്‍ക്കുന്ന മിക്ക തെങ്ങുകള്‍ക്കും പ്ലാവുകള്‍ക്കും മാവുകള്‍ക്കും ഓരോ പേരുണ്ട്. അച്ഛന്റെ അമ്മ വച്ചുപിടിപ്പിച്ചതാണ് പറമ്പിലെ മരങ്ങളെല്ലാം എന്ന് അച്ഛന്‍ പറഞ്ഞ് കണ്ണനറിയാം. വളഞ്ഞതെങ്ങ്, മണ്ടന്‍തെങ്ങ്, ചെന്തെങ്ങ്, കാളിത്തെങ്ങ്, മണ്ണാന്‍തെങ്ങ്, മൂലത്തെങ്ങ്, കൊടിത്തെങ്ങ് അങ്ങനെ ഓരോ പേരുകള്‍. അതുപോലെ എരിശ്ശേരിപ്ലാവ്, തേന്‍വരിക്ക, നടുവൊടിയന്‍, കാക്കാരിശ്ശി, കയ്പന്‍, അരവരിക്ക, ഉണ്ടപ്ലാവ്, നെടുമ്പന്‍, അമ്മച്ചിപ്ലാവ് അങ്ങനെ ഓരോ പേരുകള്‍ പ്ലാവിനുമുണ്ട്. ആരാണ് പ്ലാവുകള്‍ക്ക് പേരിട്ടതെന്ന് അവനറിയില്ല. മാവുകള്‍ക്ക് പേരിടുന്നത് സ്വാഭാവികമാണ്. കര്‍പ്പൂരമാവ്, കിളിച്ചുണ്ടന്‍ മാവ്, കരട്ടിമാവ്, മൈലാപ്പുമാവ്, കപ്പമാവ്, മൂവാണ്ടന്‍, പുളിച്ചിമാവ്, കോമാവ്, അങ്ങനെ അതിന്റെ രുചിക്കനുസരിച്ച് പേരുണ്ട്.
ഫലവൃക്ഷങ്ങള്‍ അച്ഛന് ഇഷ്ടമാണ്. അതുകൊണ്ട് തനിയെ കിളിര്‍ത്തതിനെപ്പോലും അച്ഛന്‍ സംരക്ഷിക്കും. പറമ്പില്‍ എല്ലാ വൃക്ഷങ്ങളും ഇടചേര്‍ന്ന് നിന്നിരുന്നു. എന്നാല്‍ കാട് പിടിക്കാതെ അതിനിടയ്ക്ക് കൃഷിചെയ്യാന്‍ പറ്റിയ വിധത്തിലുള്ള ഓരോരോ കൃഷിയും ചെയ്യും. ഒരിഞ്ചു ഭൂമിപോലും പാഴാക്കാതെയാണ് അച്ഛന്‍ കൃഷിചെയ്യുന്നത്.
(തുടരും)