നിറപറയും നിലവിളക്കും വെച്ച്, അരിയെറിഞ്ഞു ദീപം വണങ്ങി, പൂമാതൈപൊന്നമ്മയുടെ കഥ പാടിയാലോ,
പൂവിനു മണമുണ്ടാവും; ഏക്കംകൊരയും വീക്കവും മാറും; മാരനില്ലാ മങ്കയ്ക്ക് മാരനുണ്ടാവും; സന്തതിയറ്റ തറവാട്ടില്‍ സന്തതിയുണ്ടാവും.
പൂമാതൈപൊന്നമ്മയുടെ പാട്ടുകേട്ടാലോ, കേള്‍വിക്കാരുടെ കണ്ണുനിറഞ്ഞൊഴുകും; കണ്ണുനീരൊഴുകി മാറത്തുവീണാലത് ചോരത്തുള്ളികളാവും; കരിങ്കല്‍പാറപോലും അലിഞ്ഞുപോകും.
ഒരു സാധാരണ പുലുവത്തിപ്പെണ്ണായിരുന്നു പൂമാത. അവള്‍ ദൈവമായി. കടലുംകരനാട്ടിന്റെ പൊന്നമ്മയായി. ആ കഥയാണ് പറയാന്‍ പോകുന്നത്-
പൂമാതയെന്ന പുലുവത്തിപ്പെണ്ണിനെ കൊല്ലാക്കൊല ചെയ്തത് പുലുവക്കുടിക്കാരുതന്നെ. ചെയ്യിച്ചതോ, കടലുംകര നാടുവാണ നാടുവാഴി പൊന്‍പുഴയ്ക്കക്കരെ കടലുംകരനാട്.
മകരം പിറന്ന് മാവായ മാവെല്ലാം പൂത്തകാലം. പൂക്കൈതപൂത്തു മണം പരക്കുന്നു. മരക്കൊമ്പത്ത് ഇണപ്രാവുകള്‍ കളിപറഞ്ഞിരിക്കുന്നു. പുള്ളിച്ചിപ്പിടക്കോഴിയോട് പൂവാലന്‍കോഴി ലോഹ്യംകൂടുന്നു. അരിത്തുമ്പക്കണ്ടത്തില്‍ ചേരകള്‍ രണ്ടെണ്ണം ഇണചേര്‍ന്നും ആടിയും നില്‍ക്കുന്നു. പഞ്ചാരത്തേനൊത്ത ചക്കിയോട് ചങ്കരന്‍ തഞ്ചത്തില്‍ കൊഞ്ചിക്കുഴയുന്നു.
നേരമൊട്ടന്തിമോന്തിരാച്ചെന്നനേരത്ത് കടലുംകര നാടുവാഴി അമൃതേത്തിനിരിക്കുന്നു. പൂവനിലവെച്ച് കുട്ടിത്തേയിക്കെട്ടിലമ്മ തുമ്പപ്പൂപോലുള്ള ചോറും പൊന്‍പോലെ നാലു കറികളും തൊട്ടുകൂട്ടാന്‍ ഇഞ്ചിക്കറിയും കടുമാങ്ങയും കടിച്ചുകൂട്ടാന്‍ വറുത്തുപ്പേരിയും വിളമ്പുന്നു. അത്താഴമുണ്ട്, കയ്യും വായും സുഖംവരുത്തി, കെട്ടിലമ്മ ചുരുട്ടിക്കൊടുത്ത വെറ്റിലവാങ്ങിമുറുക്കിക്കൊണ്ട് നാടുവാഴി മട്ടുപ്പാവില്‍ ഉലാത്തുന്നു.
പുഞ്ചപ്പാടത്തിനോരത്താണ് പുലുവരുടെ മാടങ്ങള്‍. തൊട്ടുതൊട്ട് ഇരുപത്തിയൊന്നോളം മാടങ്ങള്‍. പുഞ്ചക്കണ്ടങ്ങള്‍ ഉഴുതുമറിച്ചും വിത്തെറിഞ്ഞും ഞാറു പറിച്ചുനട്ടും കളപറിച്ചും കൊയ്തും മെതിച്ചും പുലുവക്കുടികള്‍ പുലര്‍ന്നുപോന്നു.
പുലുവത്തിപ്പെണ്ണായ പൂമാതയോ, മാടത്തിലൊറ്റയ്ക്കു കഴിഞ്ഞുകൂടി. അവളുടെ അമ്മയും അപ്പനും മരിച്ചുപോയിരുന്നു. അന്ന്, ഉരിയോളം അരികൊണ്ടു കഞ്ഞിവെച്ച്, കണ്ണിപ്പരലും പുഴയ്ക്കലെ ഞെണ്ടുംകൊണ്ടു കറിവെച്ച് പൂമാത അത്താഴം കഴിച്ചു. കാക്കവിളക്കു കൊളുത്തിവെച്ച്, മുണ്ടോലപ്പായവിരിച്ച്, അവള്‍ പൂതത്താന്‍പാട്ടും നാഗത്താന്‍പാട്ടും പാടി.
ചോലപ്പനങ്കിളി കൂവുംപോലെ മനോഹരമായിരുന്നു അവളുടെ പാട്ട്. പാട്ടിന്റെ ഓളങ്ങള്‍ നാട്ടില്‍ ഒഴുകിനടന്നു. പാട്ട് നാടുവാഴിയുടെ മണിമാളികയുടെ മട്ടുപ്പാവോളം ഒഴുകിച്ചെന്നു. ചോലപ്പനങ്കിളി കൂവുംപോലെ മനംമയക്കുന്ന പാട്ടുകേട്ട് നാടുവാഴി കാര്യക്കാരനെ വിളിച്ചു.
”ആരാണ് ചിണ്ടാ പാട്ടുപാടുന്നത്. എവിടുന്നാണോ പാട്ടുകേള്‍ക്കുന്നത്?” ”പുഞ്ചപ്പാടത്തെ പുലുവക്കുടിയില്‍നിന്നാണേ തിരുമേനി. പുലുവത്തിപ്പെണ്ണ് പൂമാത പൂതത്താന്‍പാട്ടു പാടുകയാണേ””
എന്തുനല്ല ശബ്ദം!
”പുഞ്ചപ്പാടം വിളഞ്ഞുകിടക്കുകയല്ലേ ചിണ്ടാ. കൊയ്ത്തു തുടങ്ങേണ്ടെ. പാട്ടുപാടുന്ന ഈ പുലുവപ്പെണ്ണും കൊയ്ത്തിനിറങ്ങില്ലെ?” ”
”അവളും കൊയ്യാനുണ്ടാവും തിരുമേനി”””എടോ, നീ നാളെപ്പുലര്‍ച്ചേ പുലുവക്കുടികളില്‍ ചെല്ലണം. ഏലന്‍തലപ്പുലവനോട് മറ്റന്നാള്‍ കൊയ്ത്തിനിറങ്ങാന്‍ പറയണം. പുഞ്ചപ്പാടം വിളഞ്ഞുകിടക്കുന്നു. കൊയ്തും കറ്റകെട്ടിയും നില്‍ക്കുംനേരത്ത് പൂമാതയെക്കൊണ്ട് കൊയ്ത്തുപാട്ടു പാടിക്കണം”. കാര്യക്കാരന്‍ പുഞ്ചനടയ്ക്കല്‍ ചെന്നു. നാളെക്കാലത്ത് പുഞ്ചക്കൊയ്ത്തു തുടങ്ങണമെന്നറിയിച്ചു. കൊയ്യുമ്പോഴും കറ്റകെട്ടുമ്പോഴും പൂമാതെയെക്കൊണ്ട് കൊയ്ത്തുപാട്ടു പാടിക്കണം. കൊയ്ത്തു കാണാനും പൂമാതെയുടെ കൊയ്ത്തുപാട്ടു കേള്‍ക്കാനും തമ്പുരാന്‍ പുഞ്ചവരമ്പത്തെഴുന്നള്ളി നില്‍പ്പുണ്ടാവും.
പിറ്റേന്നു പുല്ലപുലര്‍ന്ന നേരം പുലുവപ്പെണ്ണുങ്ങള്‍ ആറ്റിലിറങ്ങിക്കുളിച്ചുകേറി. പൂമാത, വളഞ്ഞു കൊടികെട്ടിയ പൂമുടി ചിക്കി വിടര്‍ത്തി, തെറുത്തുകെട്ടിവെച്ചു. പൊഞ്ചേനത്തണ്ടൊത്ത കൈക്ക് വെള്ളിവളയിട്ടു. മാറത്ത് പൂത്താലിക്കല്ലുമാല ചാര്‍ത്തി. നിറമുള്ള മുണ്ടുടുത്തു. കറ്റക്കൊട്ടയും കറ്റക്കയറും ഒക്കത്തരിവാളുമായി മറ്റു പുലുവപ്പെണ്ണുങ്ങളോടൊപ്പം പുഞ്ചക്കൊയ്ത്തിനിറങ്ങി.
ഏലന്‍തലപ്പുലവന്‍ കതിരുപറിച്ച് കണിവെച്ചു. പുലുവന്മാരും പുലുവത്തിപ്പെണ്ണുങ്ങളും കതിരുതൊട്ടാചാരം ചെയ്ത് കൊയ്ത്തു തുടങ്ങി. പൂമാത കൊയ്ത്തുപാട്ടു പാടി. നീട്ടിക്കുറുക്കിയും ചേലൊപ്പിച്ചും പാടുന്ന അവളുടെ പാട്ടുകേട്ടാല്‍, പുഞ്ചക്കതിരിനും പൂക്കൈതയ്ക്കും പറക്കുംപറവയ്ക്കും കേള്‍ക്കുന്നോര്‍ക്കൊക്കെയും കൊതിതോന്നിപ്പോകും.
പുഞ്ചക്കൊയ്ത്തു കാണാനും പുലുവപ്പെണ്ണിന്റെ കൊയ്ത്തുപാട്ടു കേള്‍ക്കാനും നാടുവാഴിത്തമ്പുരാന്‍ വരമ്പത്തെഴുന്നള്ളിനിന്നു. പാട്ടു മാത്രമല്ലാ, പൂമാതെയുടെ മേനിയഴകും തമ്പുരാനെ മോഹിപ്പിച്ചു.
അന്തിമോന്തിരാച്ചെന്ന നേരത്ത് നാടുവാഴി ചിണ്ടനെ അടുത്തുവിളിച്ചു.
”എടോ, കൈതോലക്കണ്ടത്തില്‍ കൊയ്ത്തുപാട്ടു പാടുന്ന പുലുവത്തിപ്പെണ്ണിനെ മറക്കാനാവുന്നില്ലല്ലോ. കണ്ണിലുറക്കം വരുന്നില്ലല്ലോ. നേരമേതും കളയാതെ നീ പുഞ്ചനടയ്ക്കലെ പുലുവത്തിപ്പെണ്ണിന്റെ മാടത്തില്‍ചെന്ന് വാതിലുമുട്ടിവിളിക്കണം. എന്നിട്ട്,
കാല്‍നട എഴുന്നള്ളിവന്നോണ്ടാല് മാടം മണിത്തഴുതൂരുമോ എന്നും,
തെളിഞ്ഞൊന്നുരിയാടുമോ തക്കരിക്കുമോ എന്നും,
വെളുക്കച്ചിരിച്ചൊപ്പരം പോരുമോ എന്നും,
തേനായ്‌നിറഞ്ഞൊപ്പരം കൂടുമോ എന്നും,
കൊതിയന്റെ മാമാതം മാറ്റുമോ എന്നും ചോദിക്കണം അവളോട്.” ”
അന്നേരംതന്നെ കാര്യക്കാരന്‍ പുഞ്ചനടയ്ക്കലെ പൂമാതയുടെ മാടത്തില്‍ ചെന്നു. വാതിലില്‍ മുട്ടിവിളിച്ചു. പൂമാത ഞെട്ടിയുണര്‍ന്നു.
”കുരുനട്ടപ്പാതിരയ്ക്ക്, ആണും തൂണൂല്യാത്ത മാടത്തില്, ആരാണോ വാതിലില്‍ മുട്ടിവിളിക്കണത് ? ””
”ഞാനാണ് പൂമാതെ. നാടുവാഴിത്തമ്പുരാന്റെ കാര്യക്കാരന്‍ കടലുംകരച്ചിണ്ടന്‍”””ഈ നേരല്യാത്ത നേരത്ത് എന്തേ തമ്പ്രാ അടിയന്റെ മാടത്തില്‍ വന്നത്?” ”
”നാടുവാഴിത്തമ്പുരാന്‍ കല്‍പ്പിച്ചയച്ചതാണല്ലോ പെണ്ണേ. കൈതക്കണ്ടത്തില്‍ നിന്നെക്കണ്ട്, നിന്റെ തൊരംപാട്ടുകേട്ട്, തമ്പുരാന്ന് ഉറക്കമില്ലാതായല്ലോ പെണ്ണേ. തമ്പുരാന്‍ രാത്രിനേരം കാല്‍നടഎഴുന്നള്ളിവന്നോണ്ടാല്, നീ പെണ്ണേ, മാടം മണിത്തഴുതൂര്വോ, തെളിഞ്ഞൊന്നുരിയാട്വോ, തക്കരിക്ക്വോ, വെളുക്കെച്ചിരിച്ചൊപ്പരം ചേര്വോ, തേനായ് നിറഞൊപ്പരം കൂട്വോ, കൊതിയന്റെ മാമാതം മാറ്റ്വോ എന്നു ചോദിക്കാന്‍ എന്നെ കല്‍പ്പിച്ചയച്ചതാണ്.””
”നാടുവാഴിത്തമ്പ്രാനോട് ചെന്നുപറഞ്ഞോളി, ആണും തൂണൂല്യാത്ത ഏനിന്റെ മാടത്തില് കാല്‍നട എഴുന്നള്ളിപ്പോരേണ്ടാ, പുലുവപ്പെണ്ണോട് കൊതിവന്നാല്, പുലുവ ക്കുടിക്കാരറിഞ്ഞാലും കോലോത്തറിഞ്ഞാലും കുറ്റമുണ്ട്.”
”അതൊന്നും കാര്യമാക്കേണ്ട പൂമാതേ. വലിയോരുടെ ഇഷ്ടത്തിനൊത്ത് ആടിത്തെളിഞ്ഞോ പെണ്ണേ. പൊന്നുംപൂവു വിരിയുമ്പോള്‍ അടര്‍ത്തിക്കളയല്ലേ!
കതിരോനാണേ, മലതൈവത്താണേ, അതിനു കൊതിക്കേണ്ടെന്ന് പറഞ്ഞേക്കിന്‍ തമ്പ്രാനോട്.” ”വിളഞ്ഞുകിടക്കുന്ന ഈ പുഞ്ചയാണേ സത്യം, ഏനതിനൊരുക്കല്ല തമ്പ്രാ””കാര്യക്കാരന്‍ കോലോത്തുചെന്ന് പൂമാത പറഞ്ഞവണ്ണം തമ്പുരാനെ അറിയിച്ചു.
”നാം നേരിട്ടു കണ്ടു ചോദിച്ചാല്‍ പെണ്ണിന്റെ മനം തെളിയുമോ കാര്യക്കാരാ?” ”
”അടിയനറിഞ്ഞൂടാ തിരുമേനി””
നാളുകള്‍ കഴിഞ്ഞുപോകേ ഒരു നട്ടുച്ചക്ക്, കൈതക്കാട്ടില്‍ പൂമാത കൈതോലമുറിച്ച് കെട്ടാക്കിനില്‍ക്കുംനേരത്ത്, ഇഴയുന്ന ഉറുമ്പും അറിയാതെ നാടുവാഴിത്തമ്പുരാന്‍ കൈതക്കാട്ടില്‍ ചെന്നു. പൂമാതയെ കണ്‍നിറയെ കണ്ടു.
പൂമാതയ്‌ക്കോ, അടിക്കും മുടിക്കും വിറവന്നു. മാറത്തൊരന്താളത്തീപാഞ്ഞു. ഓലക്കെട്ട് കയ്യില്‍നിന്നു താഴെവീണു. ഇരയെക്കണ്ട പുള്ളിപ്പുലികണക്ക് തമ്പുരാന്‍ അവളെ നോക്കിനിന്നു. ഉലകിനുടയോനായ തൈവത്തിനെ പൂമാത ഉള്ളാലേ വിളിച്ചു.
”എന്റെ പൂമാതേ, ഈ തീവെയിലത്ത് എന്തിനാണ് നീ ഓല മുറിക്കുന്നത്.” ” നിന്നെ ചുടുവെയിലത്ത് കാണുന്നേരം നമ്മുടെ നെഞ്ചു കത്തുന്നല്ലോ.” ”ഈ തണലത്തു വന്നിരിക്ക് പെണ്ണേ.””
”കൈതോല മുറിപ്പതും വട്ടിയും മുറവും കുട്ടയും പായും മെടയുന്നതും എങ്ങടെ തൊരമല്ലേ തമ്പ്രാ. തീവെയിലും മഞ്ഞും മഴയും തഴക്കമല്ലേ തമ്പ്രാ.”
”നിന്നോടൊരു പട്ടാങ്ങം ചോദിച്ചാല്, അനുകൂലം പറയാമോ പെണ്ണേ?” ”പട്ടാങ്ങം കേക്കാതെ അനുകൂലം ചൊല്ലിക്കൂടല്ലോ തമ്പ്രാ.”””എന്റൊപ്പരം പോരാന്‍ മനമുണ്ടോ പെണ്ണേ?” ”
”പുലുവപ്പെണ്ണോട് കൊതിവന്നാല് കുറ്റം പലതുണ്ടേ തമ്പ്രാ.””പുലുവക്കുടിക്കാരറി ഞ്ഞാല് മാനക്കേടാവും. കോലോത്തറിഞ്ഞാലോ കുറ്റമുണ്ടല്ലോ തമ്പ്രാ.” ”മാനക്കേടായാലും കൊണക്കേടായാലും നാം പൊറുത്തുകൊള്ളാം പെണ്ണേ.” ”
”എത്താത്ത പൂവോട് മനം വന്നാല് ചൂടിത്തെളിയാവോ തമ്പ്രാ?” ””എത്താത്ത പൂവല്ലല്ലോ. കയ്യെത്തിച്ചാല്‍ ഇറുത്തെടുക്കാലോ, മണപ്പിക്കാലോ. അന്ന് കൈതക്കണ്ടത്തില്‍ നിന്നെ കണ്ടിട്ട്, മനം മയക്കുന്ന പാട്ടുകേട്ടിട്ട്, കണ്ണിലൊറക്കി ല്ലല്ലോ.””
”കുട്ടിത്തേയിഅക്കമ്മത്തമ്പ്രാട്ട്യോട് എതമൊത്തു കൂടാലോ തമ്പ്രാ.””
”എതമൊത്താലും പെണ്ണേ കൂറൊക്കണ്ടേ. പായാരം പറയാതെ നമ്മോടു കൂറുകാണിക്ക് പെണ്ണേ.””
”കൂറുള്ള പുലുവന്‍ വരുംകാലത്ത് ഏന്‍ കൂറുകാട്ടിക്കോളാം തമ്പ്രാ.””
”നിന്റെ വളഞ്ഞുംകൊടികെട്ടിയ പൂമുടിക്ക് മുടിപ്പൊന്നു ചൂടിക്കാം. പൊഞ്ചേനത്തണ്ടൊത്ത കൈക്ക് പൊന്‍വള ഇട്ടുതരാം. ഏഴരപ്പുതുക്കണ്ടം പുഞ്ചക്കണ്ടം നിന്റെ പേര്‍ക്കെഴുതിത്തരാം. ഏഴരപ്പൊന്നിന്റെ പതക്കവും ഇളക്കത്താലിയും കെട്ടിത്തരാം. പഴയനെല്ല് ആയിരംനാഴി അളന്നെടുപ്പിച്ച് കുത്തിച്ചേറി മാടത്തിലെത്തിക്കാം. അനുവാദം ചൊല്ലെന്റെ പൂമാതേ. നിന്റെ മനമെന്തേ പാറക്കല്ലോ!” ”കുന്നോളം പൊന്‍പണം തന്നാലും ഏന്‍ മയങ്ങൂല്ല തമ്പ്രാ.”
”എന്തുതന്നാല്‍ മയങ്ങും നീ പെണ്ണേ ?” ”
”ഒന്നിലും മയങ്ങൂല്ല തമ്പ്രാ. തന്റേച്ചപ്പോയിനേ തമ്പ്രാ. കൊന്നാലും വേണ്ടില്ലാ, തിന്നാലും വേണ്ടില്ലാ, ഏനിന്റെ മെയ് തൊടറ്.””
നാടുവാഴി കണ്ണുരുട്ടി മിഴിച്ചു. അണപ്പല്ലിറുമ്മി.
”പകരം തരുന്നുണ്ട് പെണ്ണേ. നിന്നെ കൊല്ലാതെ കൊല്ലും നാം””
”കൊല്ലുമ്പം കണ്ടോളാം””
”തീയിലുരുക്കും നിന്നെ””
”ഏന്‍ മഞ്ഞത്ത് പറന്നോളാം””
”നീയെന്തറിയുന്നു പൂമാതേ””
”ഏനറിഞ്ഞോളാം തമ്പ്രാ””
”വക്കാണം വേണ്ട പെണ്ണേ””
”തന്ത്രംകളി വേണ്ട തമ്പ്രാ.””
തമ്പുരാന്‍ ചവിട്ടിക്കുതിച്ച് കോലോത്തേക്കു മടങ്ങിപ്പോയി.
പൂമാതയോ, കെട്ടിവെച്ച കൈതോലക്കെട്ടെടുക്കാതെ കൈതോലക്കാട്ടില്‍നിന്ന് കയറിപ്പോന്നു. മാടത്തില്‍വന്ന് മുണ്ടോലപ്പായ നിവര്‍ത്തിയിട്ടു. കമിഴ്ന്നുകിടന്നു കരഞ്ഞു.
കാര്യക്കാരന്‍ പറഞ്ഞിട്ടോ എന്തോ, പുലുവക്കുടിക്കാര് അവളെ കൊയ്യാനോ കറ്റമെതിക്കാനോ കൂട്ടിയില്ല. ജമ്മപ്പതവും കൊടുത്തില്ല. കുട്ടയും മുറവും മെടഞ്ഞും പായനെയ്തും, താളും തവരയും തോട്ടിലെ കണ്ണിപ്പരലും ഞെണ്ടും തിന്നും, പച്ചവെള്ളം കുടിച്ചും പൂമാത നാളുകള്‍ തള്ളിനീക്കി. ആരോടും അല്ലലു പറയാറില്ല,
മകരം വന്നു. തീകത്തുന്ന വേനക്കാലം വന്നു. വേനലുപോയി മഴക്കാലം വന്നു. മഴപോയി മഞ്ഞും വെയിലും വന്നു. കൈതോലത്തോടും അത്താണിത്തോടും വറ്റി. നീരറ്റ് പുഞ്ചപ്പാടം കരിഞ്ഞുണങ്ങി. കുടിക്കാനും കുളിക്കാനും വെള്ളമില്ലാതായി. തിന്നാന്‍ പച്ചപ്പുല്ലില്ലാതെ പൈക്കള്‍ക്ക് പാലു കുറഞ്ഞു. ചെന്തെങ്ങിളന്നീര് വാടിവീണു. വെയിലിന് ചൂടേറിവന്നു.
നാട്ടാര് എരിപൊരിക്കൊള്ളുന്ന ആ കാലത്ത്, കിഴക്കന്‍ മലയിറങ്ങിവന്ന കാലിക്കാര്‍ കാലികളെ തെളിച്ച്, താണവയലിലെ പുല്ലും ആറ്റിലെ ഓരുപെരങ്ങിയ ചെളിയും നോക്കി, കരുമലക്കുന്നു വലത്തുവെച്ച്, കടലുംകര നാട്ടിലെത്തി. പുഞ്ചപ്പാടത്തെ നെല്‍ക്കുറ്റികളില്‍ നാമ്പുനീട്ടിയ പച്ചകണ്ടു. വരമ്പുകളില്‍പൊടിച്ച പച്ചപ്പു കണ്ടു. ആറ്റിലെ ഓരുപെരങ്ങിയ ചെളികണ്ടു.
പുലുവമാടങ്ങള്‍ക്കു മുമ്പിലെ പുഞ്ചക്കണ്ടത്തില്‍ അവര്‍ കുറ്റിയടിച്ച് കാലികളെ തളച്ചു. പുലുവപ്പെണ്ണുങ്ങള്‍ അവര്‍ക്ക് കുട്ടയും മുറവും കൈതോലപ്പായയും വിറ്റു. പകരം കാലിക്കാര്‍ അവര്‍ക്ക് പാലും തൈരും നല്‍കി. പുലുവക്കുടിക്കാരും കാലിക്കാരും കളിതമാശ പറഞ്ഞ് കൂടിക്കഴിഞ്ഞു. മറ്റുള്ള പുലുവപ്പെണ്ണുങ്ങളോടെന്നപോലെ പൂമാതയോടും അവര്‍ കളിതമാശ പറഞ്ഞു.
പുഞ്ചക്കണ്ടങ്ങളിലെ നെല്‍ക്കുറ്റികളില്‍ മുളച്ചുവന്ന നാമ്പുകളും വരമ്പത്തെ പച്ചപ്പും തീര്‍ന്നു. ആറ്റിലെ ഓരുപെരങ്ങിയ ചെളിയും വറ്റി. കിഴക്കന്‍മലയിറങ്ങിവന്നവര്‍ കാലികളെത്തെളിച്ച്, പുഴകടന്ന്, വന്നവഴിയേ പോയി.
പുഞ്ചനടയ്ക്കല്‍ താവളമടിച്ച കാലിക്കാര്‍ പുഴകടന്നു മടങ്ങിപ്പോയെന്നു കേള്‍ക്കേ, നാടുവാഴി കാര്യക്കാരനെ വിളിച്ചു.
”എടോ ചിണ്ടാ, കിഴക്കന്‍മലയിറങ്ങിവന്ന കാലിക്കാര് പുഞ്ചനടയ്ക്കല്‍ താവളമടിച്ചുകൂടിയെന്നും പൂമാതയോട് കളിതമാശ പറയാറുണ്ടെന്നും അവളുടെ മാടത്തില്‍ കാലിക്കാരിലാരോ അന്തിയുറങ്ങാറുണ്ടെന്നും പലരും പറഞ്ഞ് നാമും കേട്ടിരിക്കുന്നു. നീ പുഞ്ചനടയ്ക്കല്‍ പോയി, നിജസ്ഥിതി അറിഞ്ഞുവരണം.”
കാര്യക്കാരന്‍ പുഞ്ചനടയ്ക്കല്‍ പോയി. പുലുവക്കുടികളില്‍ കയറി, വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. കിഴക്കന്‍മലയിറങ്ങിവന്ന കാലിക്കാര്‍ക്ക് വട്ടിയും മുറവും കൊട്ടയും കൈതോലപ്പായയും വില്‍ക്കാറുണ്ടെന്നും, പകരം പാലും തൈരുംവാങ്ങാറുണ്ടെന്നും, കാലിക്കാരുമായി കളിതമാശ പറയാറുണ്ടെന്നും, എന്നാലോ, കാലിക്കാര്‍ പുലുവമാടങ്ങളില്‍ കാലുകുത്താറില്ലെന്നും പുലുവക്കുടിക്കാര്‍ സത്യംചെയ്തു പറഞ്ഞു.
പുലുവക്കുടികളില്‍നിന്നറിഞ്ഞ കാര്യങ്ങള്‍ കാര്യക്കാരന്‍ ചിണ്ടന്‍ തമ്പുരാനോടുണര്‍ത്തിച്ചു.
”കൈതക്കുടി ആയിത്തിരപ്പുലുവത്തിയോട് കോലോത്തോളം വന്ന് നമ്മെ മുഖം കാണിക്കാന്‍ പറ. ആരുമാരുമറിയാതെവേണം അവള്‍ കോലോത്തു വരാന്‍.”
കാര്യക്കാരന്‍ ഒരിക്കല്‍കൂടി പുഞ്ചനടയ്ക്കല്‍ പോയി. ആയിത്തിരയെ കണ്ടു.
”കോലോത്തുവന്ന് തമ്പുരാനെ മുഖം കാണിക്കണം. ആരാരുമറിയരുത്. തമ്പുരാന്റെ കല്‍പ്പനയാണ്.”
ഒരുത്തരുടേയും കണ്ണില്‍പെടാതെ ആയിത്തിര കോലോത്തു വന്ന് തമ്പുരാനെ മുഖം കാണിച്ചു.
”ഒത്തോരു പൂളം പറഞ്ഞാല്‍, ആയിത്തിരെ, നിനക്ക് വയറുനിറയെ ചോറുതരാം. മതിരക്കറിയും തരാം.””
”എന്തൊരു പൂളമാണോ തമ്പ്രാനേ ഏന്‍ പറയേണ്ടത്. ആരോടാണോ പറയേണ്ടത്?” ”
കിഴക്കന്‍മലയിറങ്ങിവന്ന കാലിക്കാര് പൂമാതയോട് കളിതമാശ പറയാറുണ്ടെന്നും കൂട്ടത്തിലൊരുത്തന്‍ അവളുടെ മാടത്തില്‍ അന്തിയുറങ്ങാറുണ്ടെന്നും പെണ്ണിന് മാച്ചിത്തം പറ്റിയിട്ടുണ്ടെന്നും നീ കണ്ണാലെ കണ്ടിട്ടുണ്ടെന്നും പറഞ്ഞുണ്ടാക്കണം.”
”ഇല്ലാത്ത മാച്ചിത്തം പറഞ്ഞോണ്ടാല് തൈവം പൊറുക്കൂല്ല തമ്പ്രാ. തിരുമേനി ഇളമേനിയായി വാണകാലത്ത് നേരുവിട്ടും നെറിഞായംവിട്ടും ഏന്റെ ഒപ്പരം കൂടീട്ടില്ലെ. ഏന്‍ അപരാധം ചെയ്തിക്കില്ലെ. പൂമാത മാച്ചിത്തം കാട്ടി എന്നും ഏനത് കണ്ണാലെ കണ്ടു എന്നും ഏനെങ്ങനെ കുറ്റം പറഞ്ഞുണ്ടാക്കും! തമ്പ്രാന്‍ ഓളെ ഒറ്റക്കുകണ്ടോ, ഒപ്പരം കെടക്കാന്‍ വിളിച്ചോ? ആരിക്കും വഴങ്ങാത്ത പെണ്ണാണോള് തമ്പ്രാ.””
”അതൊക്കെ ഇരിക്കട്ടെ പെണ്ണേ”” എന്നു പറഞ്ഞ് തമ്പുരാന്‍ തോളില്‍ കിടക്കുന്ന നേര്യത് അവള്‍ക്കു കൊടുത്തു.
”നാം പറയുന്നവണ്ണം പൂളം പറഞ്ഞാല്‍, നിനക്ക് കഴുത്തിലിടാന്‍ ഏഴരപ്പൊന്നിന്റെ മാല തരുന്നുണ്ട്.”
പൊന്നെന്നു കേള്‍ക്കേ പുലുവത്തിപ്പെണ്ണ് മലക്കം മറിഞ്ഞു.
”ഒത്തോരു പൂളം പറഞ്ഞോളാം തമ്പ്രാ.””
ഇരുപത്തൊന്നു കുടിക്കാരോടും ഏലന്‍തലപ്പുലുവനോടും ആയിത്തിര രഹസ്യം പറഞ്ഞു:
കെഴക്കന്‍ മലേന്നു വന്ന കാലിക്കാരന്‍ പൂമാതോടൊപ്പരം ഓള്‍ടെ മാടത്തില് അന്തിഒറങ്ങീട്ടുണ്ട്. ഓള്‍ക്ക് മാച്ചിത്തം പറ്റീട്ടുണ്ട്. ഓള് മാനംമര്യാദ തെറ്റിച്ചിട്ടുണ്ട്. കാലിക്കാരന്‍ ഓള്‍ടെ മാടത്തില് അന്തിയൊറങ്ങണത് ഏന്‍ കണ്ണാലെ കണ്ടിട്ടുണ്ട്.
തീപ്പറ്റി പഞ്ഞിപറക്കുംപോലെ പൂമാതയുടെ അപരാധകഥ നാട്ടിലാകെപ്പരന്നു.
പൂമാതയ്ക്ക് മാച്ചിത്തം പറ്റിയല്ലോ എന്ന് പുലുവക്കുടിക്കാര്‍ വേവലാതിപ്പെട്ടു. പുലുവപ്പെണ്ണിന് അപരാധദോഷം പറ്റിയാല്‍ പരിഹാരമെന്ത്? തലപ്പുലുവനായ ഏലന്‍ മേലും കീഴും നോക്കി.
നാടുവാഴിത്തമ്പുരാനോടു ചോദിക്കാം. തമ്പുരാന്‍ കല്‍പ്പിക്കുന്നതെന്തായാലും അതുപോലെച്ചെയ്യാമെന്ന് പുലുവക്കുടിക്കാര്‍ നിശ്ചയിച്ചു.
ഏലപ്പുലുവനും മറ്റു പുലുവന്മാരും കോലോത്തുചെന്ന് തമ്പുരാനെ മുഖം കാണിച്ചു.
കെഴക്കന്‍മലയിറങ്ങിവന്ന കാലിക്കാരന്‍ പൂമാതപ്പെണ്ണിന്റെ മാടത്തില് ഓളോടു കൂടിക്കഴിഞ്ഞൂ തമ്പ്രാ. ഓള്‍ക്ക് മാച്ചിത്തം പറ്റിയല്ലോ തമ്പ്രാ. ഞാളെന്താണ് വേണ്ടത് ? കല്‍പ്പിച്ചാലും തമ്പ്രാ.””
”കണ്ണാലെക്കണ്ടോരുണ്ടോ പുലുവമ്മാരേ?” ”
”ഉവ്വ് തമ്പ്രാ. പുലുവത്തി ആയിത്തിര കണ്ണാലെക്കണ്ടതാണേ.””
”മാടത്തിന് മാച്ചിത്തം വന്നതിനാലേ, മാടത്തിന് തീവെക്കണം. പുലുവത്തിപ്പെണ്ണിന് മാച്ചിത്തം പറ്റി. അതിനാലേ, പെണ്ണിനെ ഒറ്റച്ചൊറമുണ്ടുടുപ്പിച്ച്, ചാണകക്കലവും കുറ്റിച്ചൂലും പെണ്ണിന്റെ ഇരുകയ്യും കൂട്ടിപ്പിടിപ്പിക്കണം. കഴുത്തില്‍ കമ്പയത്തോലു തൂക്കണം. ഓളെ കഴുതപ്പുറത്തിരുത്തി, ഓള്‍ടെ മാച്ചിത്തത്തിന്റെ കഥ തുടിയും തപ്പും കൊട്ടി നാട്ടാരെ കേള്‍പ്പിക്കണം. ശേഷം, ഓളെ മാടപ്പറമ്പിലെ മാവോടു ചേര്‍ത്തുനിര്‍ത്തി, ചങ്ങലകൊണ്ടു പൂട്ടണം. മുക്കണ്ണന്‍പന്തം കത്തിച്ച് ഓള്‍ടെ തലയും മുലയും കരിക്കണം. വെള്ളിയാഴ്ച നേരം പുലരുംനേരത്ത് പരിഹാരകര്‍മ്മങ്ങള്‍ തുടങ്ങിക്കൊള്ളിന്‍. പൂമാതപ്പെണ്ണിന്റെ അപരാധദോഷം മാറിപ്പോകട്ടെ. അന്നേദിവസം ആദിത്യന്‍ തലയ്ക്കുമുളിലെത്തുന്നേരം നാമും മാടപ്പറമ്പിലെഴുന്നള്ളുന്നതാണ്.”
”അരുളിച്ചെയ്ത കര്‍മ്മങ്ങള്‍ ഞാള് ചെയ്‌തോളാം തമ്പ്രാ”” എന്നേറ്റുപറഞ്ഞ് പുലുവക്കുടിക്കാര്‍ മടങ്ങിപ്പോന്നു.
പുലുവക്കുടിക്കാര്‍ പൂമാതയുടെ മാടത്തിന്നിറയത്ത് കമ്പയത്തോലു തൂക്കി. ചാണകക്കലവും കുറ്റിച്ചൂലും മാടത്തിന്റെ മുറ്റത്തുവെച്ചു. ചാണകക്കലത്തിനെ വലത്തുവെച്ച് പുലുവപ്പെണ്ണുങ്ങള്‍ പൂമാതയുടെ അപരാധദോഷത്തിന്റെ കഥ പാട്ടുണ്ടാക്കിപ്പാടി. പുലുവന്മാര്‍ തുടിയും തപ്പും കൊട്ടി.
പൂമാത തെഞ്ചത്തടിച്ചു കരഞ്ഞു.
”ഏനൊരു കമ്പയ ചെയ്തിട്ടില്ലേ. മാടത്താണേ, പുഞ്ചക്കണ്ടത്താണേ, മലയിലെ മലങ്കാരിതൈവത്താണേ, ഏനൊരു മാച്ചിത്തം കാണിച്ചിട്ടില്ലേ. കൊല്ലാന്‍ കൊതിയുണ്ടെങ്കില്‍ കൊന്നോളിന്‍. എന്നാലും അപരാധദോഷം ചൊല്ലരുതേ.””
പുലുവനൊരുത്തന്‍ പൂമാതയോടു പകരം പറഞ്ഞു:
”വെള്ളിയാഴ്ച നട്ടുച്ചനേരത്തോടെ നിന്റെ കൊഞ്ചിക്കളി മാമാതം മാറുന്നുണ്ട് പെണ്ണേ.””പുലുവന്മാര്‍ മാറി മാറി മാടത്തിനു കാവല്‍നിന്നു. അവളോ, മാടത്തിനുള്ളില്‍ വെറുംനിലത്ത് കരഞ്ഞുതളര്‍ന്നുകിടന്നു.
വെള്ളിയാഴ്ച പുല്ലപുലരും നേരത്ത് പുലുവപ്പെണ്ണുങ്ങള്‍ പൂമാതയുടെ മാടത്തില്‍ വന്നുകൂടി. അവളെ ഒറ്റച്ചൊറമുണ്ടുടുപ്പിച്ചു. കമ്പയത്തോല് മാടത്തിന്നിറയത്തിന്നൂരിയെടുത്ത് അവളുടെ കഴുത്തില്‍ തൂക്കി. ചാണകക്കലവും കുറ്റിച്ചൂലും പെണ്ണിന്റെ ഇരുകയ്യും കൂട്ടിപ്പിടിപ്പിച്ചു. കഴുതപ്പുറത്തു കയറ്റിയിരുത്തി. മാടത്തിനു തീയിട്ടു. മാടം കത്തിയമരുന്നതുകാണ്‍കേ പൂമാത അലമുറയിട്ടു.
പൂമാതയുടെ കമ്പക്കഥ പാടി, അവളെ കഴുതപ്പുറത്തിരുത്തി, തപ്പും തുടിയും കൊട്ടി, പുലുവന്മാര്‍ ഊരുവലംവെച്ചു. മാടപ്പറമ്പില്‍ തിരിച്ചുവന്ന് പൂമാതയെ കഴുതപ്പുറത്തുനിന്നിറക്കി. മാവോടു ചേര്‍ത്തുനിര്‍ത്തി. ചങ്ങലയില്‍ പൂട്ടി.
അന്നേരം കടലുംകര നാടുവാഴി, നായന്മാരുടെ അകമ്പടിയോടെ മാടപ്പറമ്പിലെഴുന്നള്ളിനിന്നു.
ചങ്ങലക്കെട്ടില്‍ നില്‍ക്കുന്ന പൂമാതയോട് തമ്പുരാന്‍ ചോദ്യം ചോദിച്ചു:
”നീ കുറ്റം ചെയ്തിനോ പെണ്ണേ?” ”ഉടയോനാണേ, ഏനിന്റെ മാടത്താണേ, പുഞ്ചക്കണ്ടത്താണേ, മലങ്കാരിതൈവത്താണേ, തൃക്കാലാണേ, അറിഞ്ഞോണ്ടൊരു മാച്ചിത്തം ഏന്‍ ചെയ്തിട്ടില്ലേ!” ”
ആയിത്തിരപ്പുലുവത്തി മുമ്പാക്കം വന്ന് തമ്പുരാനെ തൊഴുതുനിന്നു,
”നിനക്കെന്തെങ്കിലും പറയാനുണ്ടോ?””
പൂമാതയുടെ അപരാധദോഷങ്ങളൊന്നൊന്നായി ആയിത്തിര തമ്പുരാന്റെ മുമ്പാകെ ബോധിപ്പിച്ചു. ”ഏന്‍ കണ്ണോണ്ടു കണ്ടതാണ് തമ്പ്രാ” എന്ന് അവള്‍ സാക്ഷ്യം പറഞ്ഞു. ചങ്ങലക്കെട്ടില്‍ നിന്നുകൊണ്ട് പൂമാത ആയിത്തിരയോടു ചോദിച്ചു:
”നീയും ഒരു പെണ്ണല്ലേ ആയിത്തിരേ. ഇരുമ്പാണോ കല്ലാണോ നിന്റെ നെഞ്ചകത്ത്. ഏനെചതിച്ചതിന് എന്തു കിട്ടും നിനക്ക്?””
ആയിത്തിര പകരം പറഞ്ഞു:
”മിണ്ടാതെ നിക്കെടി മാച്ചിത്തക്കാരി. കൊലംകൊരട്ടി! ””
അപരാധം ചെയ്‌തോളാണ് പൂമാതയെന്ന് പുലുവക്കുടിക്കാര്‍ക്കും വന്നുകൂടിയ മാലോകര്‍ക്കും ബോധ്യപ്പെട്ടു.
നാടുവാഴിത്തമ്പുരാന്റെ അരുളപ്പാടുണ്ടായി:
”മുക്കണ്ണന്‍പന്തംകൊണ്ട് ഓള്‍ടെ തലയും മുലയും കരിക്ക. മേലാല്‍ ഈ തല കൊണ്ടും മുലകൊണ്ടും ഓള് മാച്ചിത്തം കാട്ടിക്കൂടാ.””
പുലുവന്മാര്‍ തപ്പും തുടിയും കൊട്ടി. ആറപ്പുകൂട്ടി. പന്തം കെട്ടിയുണ്ടാക്കി. പന്തത്തലപ്പ് നാനായുരിയാഴക്കെണ്ണയില്‍ മുക്കി. കത്തിച്ച പന്തംകൊണ്ട് പൂമാതയുടെ വളഞ്ഞുംകൊടികെട്ടിയ പൂമുടി കരിച്ചു. മുടികരിഞ്ഞ മണം മാടപ്പറമ്പില്‍ പരന്നു. പന്തം മുറിഞ്ഞുപൊലിയുവോളവും, ചോരതെറിക്കുന്ന മുല രണ്ടും കരിച്ചു. വെയിലത്ത് പൂമാലപ്പൂവുപോലെ, പൂവമ്പഴം ചുട്ടപേലെ, അവളുടെ പൂമുലകള്‍ കത്തിക്കരിഞ്ഞു. പൂമാതയുടെ നിലവിളി കണ്ടുനിന്നവരുടെ കരളലിയിച്ചു. അപരാധം ചെയ്‌തോളാണെങ്കിലും, ശിക്ഷ കടുത്തുപോയല്ലോ എന്ന് പുലുവക്കുടിക്കാരും മാലോകരെപ്പേരും സങ്കടപ്പെട്ടു.
കടലുംകര വാഴും നാടുവാഴി കരിങ്കല്ലുകണക്ക് കാഴ്ച കണ്ടുകൊണ്ടുനിന്നു.
ചങ്ങലക്കെട്ടഴിച്ചു. പൂമാത മണ്ണിലേക്ക് കമിഴ്ന്നടിച്ചുവീണു. തലകൊത്തിയ പാമ്പിനെപ്പോലെ അവള്‍ മണ്ണില്‍കിടന്നു പുളഞ്ഞു. തലയും നെഞ്ചുമിട്ടടിച്ചു. തോലടര്‍ന്നുപോയ മാറത്തുനിന്ന് കുടുകുടാ ചോരയൊഴുകിപ്പരന്നു. മാടപ്പറമ്പിലെ മണ്ണു ചുവന്നു.
ചോരകൊണ്ടുകുതിര്‍ന്ന മണ്ണില്‍ പൂമാത ആയാസപ്പെട്ട് കൊടുംകൈകുത്തി എണീറ്റിരുന്നു.
”ആയിത്തിരെ, കണ്ടുതെളിഞ്ഞോടി കൂത്താടിച്ചി. പേയായി വന്ന് നിന്നോട് ഏന്‍ പകരം ചോദിക്കുന്നുണ്ട്.”
പൂമാതയുടെ കത്തിക്കരിഞ്ഞ തലയും മുലയും കണ്ട് ആയിത്തിരയ്ക്ക് മനംമാറ്റം വന്നു. അവള്‍ നെഞ്ചത്തടിച്ചു നിലവിളിച്ച് നിലത്തുവീണുരുണ്ടു.
”ഈ തമ്പ്രാന്‍ ചൊല്ലിത്തന്നിട്ട് ഏനൊരു പൂളം പറഞ്ഞതാണേ പൂമാതേ. നീ ഒരു മാച്ചിത്തോം കാണിച്ചിട്ടില്ലേ. ഏനൊന്നും കണ്ടിട്ടില്ലേ!””
ആയിത്തിരയുടെ ഏറ്റുപറച്ചില്‍ കേട്ട് പുലുവക്കുടിക്കാരെപ്പേരും തലയ്ക്കു തല്ലി നിലവിളികൂട്ടി.
”മഹാപാപം ചെയ്തല്ലോ മലങ്കാരി തൈവങ്ങളേ.” ഏലന്‍പുലുവന്റെ കരച്ചില്‍ കിഴക്കന്‍മലയോളം കേട്ടു. ഏലന്‍ പൂമാതയെ കോരിയെടുത്ത് മടിയില്‍ കിടത്തി. പുലുവന്മാര്‍ അവളെ വീരാളിപ്പട്ടുകൊണ്ടു പുതപ്പിച്ചു. അരിശം മൂത്ത് പുലുവന്മാര്‍ ആയിത്തിരയെ പിടികൂടി കുത്തിച്ചതച്ചു. തലയ്ക്കടികൊണ്ട പട്ടിയെപ്പോലെ അവള്‍ നിലത്തുകിടന്ന് മോങ്ങി.
കല്ലുവിളക്കു കൊളുത്തിവെച്ച് പുലുവക്കുടിക്കാര്‍, ആണുങ്ങളും പെണ്ണുങ്ങളും, മലങ്കാരിതൈവത്തിനെ വിളിച്ചുകരഞ്ഞു.
കല്‍പ്രതിമപോലെ നില്‍ക്കുന്ന നാടുവാഴിയെ പൂമാത കത്തുംകണ്ണുകളോടെ നോക്കി.
”കത്തിയ ഈ തലകൊണ്ടും കരിഞ്ഞ മുലകൊണ്ടും കൂത്താടാന്‍ പോരുന്നോടാ ചോരക്കണ്ണാ. നിന്നേയും അമ്മപെറ്റതല്ലേ. നീയും അമ്മയുടെ മുലകുടിച്ചതല്ലേ.” പകരം പറയാന്‍ തോന്നാതെ നാടുവാഴി തലകുമ്പിട്ടുനിന്നു.
അവള്‍ ഏലനോടായിപ്പറഞ്ഞു:
”അപ്പനും അമ്മയും കൈനീട്ടി വിളിക്കുന്നുണ്ട്. മലങ്കാരി തൈവത്തിനെ ഏനിതാ കണ്ണാലെ കാണുന്നുണ്ട്.””
പൂമാത ഏലന്റെ മടിയില്‍നിന്നെണീറ്റ് വെന്ത ഉടലോടെപാഞ്ഞുപോയി. മാടപ്പറമ്പിനങ്ങേത്തലയ്ക്കലുള്ള ചതുരക്കിരട്ടില്‍ ചാടി. പുലുവക്കുടിക്കാര്‍ കിരട്ടിന്റെ ചുറ്റുംനിന്ന് നെഞ്ചത്തടിച്ചു നിലവിളികൂട്ടി.
നാടുവാഴി പിന്നീട് മാടപ്പറമ്പില്‍ നിന്നില്ല. വേഗത്തില്‍ നടന്നു. രക്ഷകരായി നായന്മാരും കൂടെപ്പോയി. തമ്പുരാന്‍ കോലോത്തുപടിയെത്തുംമുമ്പേ കോലകത്തിനു തീപിടിച്ചു. അഗ്നി ആളിപ്പടര്‍ന്ന് ആകാശത്തോളം ഉയരുന്ന കാഴ്ചകണ്ട് നാടുവാഴിത്തമ്പുരാന്‍ പടിക്കല്‍ത്തന്നെ നിന്നു.
പൂമാത തൈവമായി. പൂമാതൈപ്പൊന്നമ്മയെന്നു വിളികൊണ്ടു. ദുഷ്ടരെ ശിക്ഷിച്ചും ശിഷ്ടരെ രക്ഷിച്ചും അമ്മ തെളിഞ്ഞു വിളയാടി.
നിറയും പറവെച്ച് ദീപം വെച്ച് താലത്തില്‍ കണ്ണാടിച്ചെപ്പുംവെച്ച്
അരിനുരിച്ചും ദീപം കൈവണങ്ങി
പൂമാതൈപൊന്നമ്മപ്പാട്ട്വാട്യാല്
പൂവിനു മണമുണ്ടാം തേനുമുണ്ടാം
പൂമാതൈപ്പൊന്നമ്മപ്പാട്ട്വേട്ടാല്
ഏക്കംകൊരമാറും വീക്കം മാറും
പൂമാതൈപൊന്നമ്മപ്പാട്ട്വേട്ടാല്
മാരനില്ലാ മങ്കയ്ക്ക് മാരനുണ്ടാം
അറ്റതറവാട്ടില് പെണ്ണുണ്ടാവും
പൂമാതൈപൊന്നമ്മപ്പാട്ട്വേട്ടാല്
കണ്ണില് നെറയല്ലോ കണ്ണുനീര്
മാറത്തൊഴുകണത് ചോരത്തുള്ളി
പൂമാതൈപൊന്നമ്മപ്പാട്ട്വേട്ടാല്
വെങ്കത്തുപ്പാറയലിഞ്ഞുപോകും
പൂമാതൈപൊന്നമ്മേ എന്റെ തൈവേ
തെളിഞ്ഞുവിളയാടൂ ദൈവത്താളേ! ”————-
***********************************************************************************************************
കടത്തനാടന്‍ വാക്കുകളും ശൈലികളും
ഏക്കം കൊര — വലിവും ചുമയും
കയ്യും വായും സുഖംവരുത്തി — കയ്യും വായും വൃത്തിയാക്കി
ബന്തൂരം — ശബ്ദം
തൊരംപാട്ട് – തൊഴിലിനോടു ബന്ധപ്പെട്ട പാട്ട്
(ഇവിടെ കൊയ്ത്തുപാട്ട്)
വളഞ്ഞു കൊടികെട്ടിയ — ഭംഗിയുള്ള
പൊഞ്ചേനത്തണ്ടൊത്ത — പൊന്‍ചേനത്തണ്ടൊത്ത
തക്കരിക്കുക — സല്‍ക്കരിക്കുക
ഒപ്പരം — ഒപ്പം
മാമാതം — മോഹം
മെയ്‌തൊടറ് — മെയ് തൊടരുത്
കുരുനട്ടപ്പാതിരയ്ക്ക് — പാതിരനേരത്ത്
അടിക്കും മുടിക്കും – അടിമുതല്‍ മുടിവരെ
പട്ടാങ്ങം — കാര്യം
തന്റേച്ചപ്പോയിനേ തമ്പ്രാ– പാടുനോക്കിപ്പോണം തമ്പ്രാ
ജമ്മപ്പതം — കൊയ്ത്തിന് നെല്ലായിക്കിട്ടുന്ന വിഹിതം
താളും തവരയും — താളും തകരയും
കണ്ണിപ്പരല് — ചെറിയ മീന്‍
ഓരുപെരങ്ങിയ — ഉപ്പുരസമുള്ള
ഒറ്റച്ചൊറമുണ്ട് – മുഷിഞ്ഞ ഒറ്റമുണ്ട്
പുല്ല പുലരുന്നേരം — നേരം നന്നായി വെളുക്കുമ്പോള്‍
പൂളം പറയുക — നുണ പറയുക
മതിരക്കറി — മധുരക്കറി (പായസം)
മാച്ചിത്തം — വ്യഭിചാരക്കുറ്റം
അപരാധ ദോഷം — “ “ “
കമ്പയ — അപരാധം
കമ്പയത്തോല് — അപരാധം രേഖപ്പെടുത്തിയ തോല്
കൊലംകൊരട്ടി — കുലത്തിന് അപമാനം വരുത്തിയവള്‍
കൂത്താടിച്ചീ — കുലടേ
ചതുരക്കിരട്ട് — ചതുരക്കിണര്‍
അരി നുരിച്ച് — അരിയെറിഞ്ഞ്
പാട്ട്വാട്യാല് – പാട്ടുപാടിയാല്
പാട്ട്വേട്ടാല് — പാട്ടുകേട്ടാല്