ഒരുദിവസം ഉച്ചയ്ക്കാണ് കാര്യസ്ഥനായ വേലുക്കുട്ടിയെ കൂട്ടി വല്യമ്മാമ വീട്ടില്‍ വന്നത്. അമ്മ പറഞ്ഞ കാര്യം കണ്ണന് ഓര്‍മ്മവന്നു. സത്യത്തിനു വിരുദ്ധമായി ഒന്നും പ്രവര്‍ത്തിക്കുന്ന ആളല്ല അച്ഛന്‍.
”പശു പ്രസവിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും അക്കാര്യം നീ എന്നോടു പറഞ്ഞില്ലല്ലോ ഗോവിന്ദാ. കാര്യങ്ങളൊക്കെ നിനക്കറിയാമല്ലോ.” മുറ്റത്തുനിന്നുകൊണ്ട് വല്യമ്മാമ പറഞ്ഞു.
അച്ഛന്‍ ഒന്നും പറയാതെ നിന്നപ്പോള്‍ വല്യമ്മാമയും വേലുക്കുട്ടിയും തൊഴുത്തിനടുത്തേക്കു നടന്നു.
”മോരുവെള്ളം കുടിക്കാം.”
അമ്മ വലിയ ഓട്ടുഗ്ലാസ്സില്‍ മോരും വെള്ളവുമായി വന്ന് വല്യമ്മാമയെ ക്ഷണിച്ചു.
അച്ഛന്‍ രൂക്ഷമായി അമ്മയെ നോക്കി. കറുമ്പിയെ കൊണ്ടുപോകാനാണ് അവര്‍ വന്നതെന്ന് മനസ്സിലാക്കാതെയാണ് അമ്മ അവരെ സല്‍ക്കരിക്കുന്നതെന്ന് അച്ഛന് മനസ്സിലായി. അച്ഛന്‍ കളപ്പുരയിലേയ്ക്ക് കയറി കുതിര്‍ത്ത പിണ്ണാക്കും അരച്ചെടുത്ത പരുത്തിക്കുരുവും വലിയ ചരുവത്തില്‍ കറുമ്പിക്ക് കൊടുക്കാന്‍ കൊണ്ടു വച്ചതിലേയ്ക്കു നോക്കി.
”കഴിഞ്ഞ കറവയില്‍ കിട്ടിയതിനേക്കാള്‍ പാല് ഇപ്പോ കിട്ടുന്നില്ലേ ഗോവിന്ദാ.. ?” മോരുംവെള്ളം വാങ്ങി ക്കുടിച്ചുകൊണ്ട് വല്യമ്മാമ
ചോദിച്ചു.
അച്ഛന്‍ ഒന്നും പറഞ്ഞില്ല. പശുവിനെ അപ്പോള്‍ത്തന്നെ കൊണ്ടു പോകുമെന്ന് ആരും കരുതിയില്ല.
”നെല്ലിന് കളപറിക്കാന്‍ ആറേഴ് പെണ്ണുങ്ങളുണ്ട്. വേഗം പോകണം. നീ തന്നെ അതിന്റെ കയര്‍ അഴിച്ച് വേലുക്കുട്ടിയുടെ കയ്യിലോട്ടു കൊടുത്താമതി.”അമ്മാവന്‍ പറഞ്ഞു.
കാര്യസ്ഥനെ പരുഷമായാണ് കണ്ണന്‍ നോക്കിയത്. പിണ്ണാക്കും പരുത്തിക്കുരുവും കാടിവെള്ളവും എല്ലാംകൂടി കൈകൊണ്ട് നന്നായി ഇളക്കി കറുമ്പിക്ക് കൊടുക്കുമ്പോള്‍ അച്ഛന്റെ കണ്ണു നിറഞ്ഞത് കണ്ണന്‍ കണ്ടു. കണ്ണനും അച്ഛന്റെ അടുത്തുതന്നെ നിന്നു.
കാടിവെള്ളത്തില്‍ പൊങ്ങിക്കിടന്ന പരുത്തിക്കുരുവിന്റെ തോട് കയ്യില്‍ കോരിയെടുത്ത് കൈവെള്ളയില്‍ വച്ചാണ് കൊടുത്തത്. ഇനി ഇവള്‍ക്ക് തീറ്റ കൊടുക്കാന്‍ കഴിയില്ലല്ലോ എന്നാലോചിച്ചാവും അച്ഛന്‍ സങ്കട പ്പെടുന്നതെന്ന് അവന്‍ ഊഹിച്ചു.
”പരുത്തിക്കുരു നന്നായി അരയ്ക്കാതെ കൊടുക്കരുത്,
ദഹിക്കില്ല.” അച്ഛന്‍ കയ്യില്‍ കോരിയെടുത്ത് പരുത്തിക്കുരു കൊടുത്തപ്പോള്‍ കാര്യസ്ഥന്‍ വേലുക്കുട്ടി പറഞ്ഞു.
അച്ഛന്‍ അത് കേട്ടതായി നടിച്ചില്ല. കാടിവെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ കറുമ്പിയുടെ നെറ്റിയില്‍ അച്ഛന്‍ പതുക്കെ തലോടി. കണ്ണനെപ്പോലെയാണ് കറുമ്പിയേയും അച്ഛന്‍ സ്‌നേഹിച്ചതെന്ന് അവനറിയാം.
എന്തുകൊണ്ടാണ് സാധാരണ സമയത്തിന് മുമ്പ് കാടിവെള്ളം തന്നത് എന്നറിയാതെയാണ് അവള്‍ അത് കുടിച്ചത്. അവിടെ കണ്ട അപരിചിതരെ കറുമ്പി ഇടയ്ക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
”ഇനത്തിലുള്ള പശുക്കുട്ടിയെ കിട്ടിയത് നിന്റെ ഭാഗ്യം, അല്ലേ വേലുക്കുട്ടീ…? ആറുമാസം കഴിഞ്ഞാ അതിനെ ചവിട്ടിക്കാം. അതു നിനക്കുള്ളതാ..” താനെന്തോ ഔദാര്യം ചെയ്തിരിക്കുന്നു എന്ന മട്ടില്‍ തൊഴുത്തില്‍ നില്‍ക്കുന്ന നന്ദിനിയെ നോക്കി വല്യമ്മാമ പറഞ്ഞു.
കറുമ്പി പാത്രം നക്കിത്തുടച്ചു. കൂടുതലൊന്നും സംസാരിക്കാതെ അച്ഛന്‍ പശുവിനെ തൊഴുത്തില്‍ നിന്നഴിച്ച് കയറ് കാര്യസ്ഥന്റെ കയ്യിലേക്കു കൊടുത്തു.
”കറവയ്ക്കു മെടയൊന്നുമില്ലല്ലോ ഗോവിന്ദാ..?” വല്യമ്മാമ ചോദിച്ചു.
അതിന് മറുപടി പറയാതെ അച്ഛന്‍ രൂക്ഷമായിട്ടാണ് വല്യമ്മാമയെ നോക്കിയത്. അമ്മ വരാന്തയില്‍നിന്ന് ഒരു നാടകം പോലെയാണ് എല്ലാം കണ്ടത്. അച്ഛന്റെ കണ്ണു നിറഞ്ഞതു കണ്ടപ്പോള്‍ അമ്മയും കരയുന്നത് കണ്ടു. ചേച്ചി അമ്മയുടെ തോളത്തു ചാരി ദുഃഖത്തോടെ നില്ക്കുന്നതു കണ്ടപ്പോള്‍ കണ്ണനു സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. കാളക്കുട്ടി ഒന്നുമറിയാതെ അമ്മയുടെ പിന്നാലെ തുള്ളിച്ചാടി നടന്നു. കുറച്ചു ദിവസമായി തന്നോടൊപ്പം കളിക്കുന്ന ആ കാളക്കുട്ടന്‍ ഇനി തന്നോടൊപ്പം കളിക്കാനുണ്ടാകില്ലെന്ന് ഓര്‍ത്തപ്പോള്‍ അവന് സങ്കടം അടക്കാന്‍ കഴിഞ്ഞില്ല.
”വല്യമ്മാമാ….. കറുമ്പിയെ കൊണ്ടുപോവല്ലേ…” കണ്ണന്‍ ഉച്ചത്തില്‍ സങ്കടത്തോടെ വിളിച്ചുകൊണ്ട് പറഞ്ഞു.
അതാരും പ്രതീക്ഷിക്കാത്തതായിരുന്നു. എല്ലാവരും കണ്ണനെയാണ് നോക്കിയത്. അച്ഛന്‍ കണ്ണനെ വന്ന് കെട്ടിപ്പിടിച്ചു. അച്ഛന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. അമ്മാവന്‍ കാണിച്ച നെറികേടാവും അച്ഛനെ കൂടുതല്‍ വേദനിപ്പിച്ചത്.
”കൊണ്ടു പോയ്‌ക്കോട്ടെ മോനേ.. അച്ഛന്‍ നല്ലൊരു പശുവിനെ ചന്തയില്‍നിന്ന് വാങ്ങും.” സങ്കടത്തോടെ അച്ഛന്‍ പറഞ്ഞു.
കണ്ണന്‍ ഏങ്ങിയേങ്ങിക്കരഞ്ഞു. അമ്മയും കണ്ണനെ വന്നു കെട്ടിപ്പിടിച്ച് കരഞ്ഞു. കറുമ്പി പോകാന്‍ കൂട്ടാക്കാതെ മുറ്റത്തുനിന്ന് അച്ഛനെ നോക്കി കറങ്ങിയും തിരിഞ്ഞും നിന്നു. മിണ്ടാപ്രാണിയാണെങ്കിലും അതും ചിലതൊക്കെ മനസ്സിലാക്കുന്നുണ്ടെന്ന് കണ്ണനുതോന്നി. അച്ഛന്‍ കാര്യസ്ഥന്റെ കയ്യില്‍നിന്ന് കയറുവാങ്ങി.
”അവളുടെ മൂക്കുകയര്‍ വല്ലാതെ മുറുകിയിട്ടുണ്ട്..” കറുമ്പിയുടെ മൂക്കുകയര്‍ അയച്ചിട്ടുകൊണ്ട് അച്ഛന്‍ പറഞ്ഞു. കറുമ്പിയുടെ ദേഹത്ത് അച്ഛന്‍ പതുക്കെയൊന്നു തട്ടിയതും അവള്‍ മനസ്സില്ലാ മനസ്സോടെ നടന്നപ്പോള്‍ അച്ഛന്‍ കയര്‍ കാര്യസ്ഥന്റെ കയ്യില്‍ കൊടുത്തു.
(തുടരും)