ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രചാരകനും ബിഎംഎസ് സ്ഥാപകനുമായിരുന്ന ദത്തോപന്ത് ഠേംഗ്ഡിജിയുടെ തത്വചിന്തകളും ആദര്‍ശങ്ങളും രാഷ്ട്രോന്മുഖമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെയേറെ പ്രേരണാദായകമായിരുന്നുവെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ സുരേഷ് ജോഷി. ഠേംഗ്ഡിജിയുടെ 101-ാമത് ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെളിമയുള്ള ചിന്തകളായിരുന്നു അദ്ദേഹത്തിന്റേത്. സംഘടന പ്രവര്‍ത്തകര്‍ക്കു വേണ്ടിയും പ്രവര്‍ത്തകര്‍ രാഷ്ട്രത്തിനു വേണ്ടിയും പ്രവര്‍ത്തിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. തൊഴിലാളി മേഖലയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചെങ്കിലും ബന്ദുകളെയും പണിമുടക്കുകളെയും പൂര്‍ണ്ണമായും അദ്ദേഹം പിന്തുണച്ചിരുന്നില്ല. രാഷ്ട്രത്തിനു വേണ്ടി തൊഴിലാളികള്‍ ഒരു കുടുംബത്തെപ്പോലെ പ്രവര്‍ത്തിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നതെന്നും സുരേഷ് ജോഷി പറഞ്ഞു.
അടല്‍ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഠേംഗ്ഡിജിയുടെ പുസ്തകങ്ങള്‍ ആഴത്തില്‍ വായിച്ചു തുടങ്ങിയതെന്ന് സ്റ്റാമ്പ് പ്രകാശനം ചെയ്തു കൊണ്ട് കേന്ദ്ര വാര്‍ത്താ വിനിമയ, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഏതെങ്കിലും സര്‍വ്വകലാശാലയില്‍ പഠിച്ചതിലൂടെ രൂപപ്പെട്ടതല്ല അദ്ദേഹത്തിന്റെ ചിന്തകള്‍. പ്രായോഗിക ജീവിതം എന്ന സര്‍വ്വകലാശാലയില്‍ നിന്നാണ് അദ്ദേഹം അവ പഠിച്ചതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഠേംഗ്ഡിജി ഇന്നും നമ്മുടെ മധ്യത്തിലുണ്ടെന്ന് ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്‍മയ് ജെ.പാണ്ഡ്യ പറഞ്ഞു. ബിഎംഎസും ഭാരതീയ കിസാന്‍ സംഘും സ്വദേശി ജാഗരണ്‍ മഞ്ചുമടക്കമുള്ള നിരവധി സംഘടനകള്‍ അദ്ദേഹമാണ് കെട്ടിപ്പടുത്തത്. അദ്ദേഹത്തിന്റെ കൃതികള്‍ എന്നും നമുക്ക് മാര്‍ഗദര്‍ശകങ്ങളാണെന്ന് പാണ്ഡ്യ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, ബിഎംഎസ് ദല്‍ഹി ഘടകം അധ്യക്ഷന്‍ അനീഷ് മിശ്ര, ജനറല്‍ സെക്രട്ടറി ഡോ. ദീപേന്ദ്ര ചഹര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.