കറുമ്പി പ്രസവിക്കാറായിട്ടും കറുമ്പിയെ കൊണ്ടുപോകാന്‍ വല്യമ്മാമ വന്നില്ല. കറുമ്പിയെ വല്യമ്മാമയ്ക്കു കൊടുക്കാന്‍ അമ്മ സമ്മതിക്കില്ലെന്ന് കണ്ണന്‍ വിശ്വസിച്ചു. അച്ഛന്റെ സത്യസന്ധതയുടെ മുന്നില്‍ അമ്മയുടെ പിടിവാശി ഏശില്ലെന്ന് കണ്ണന് അറിയാമായിരുന്നു. എങ്കിലും വല്യമ്മാമ വീട്ടില്‍ പിന്നീട് വരാത്തതുകൊണ്ട് ആ പ്രശ്‌നം അവസാനിച്ചെന്ന് കണ്ണന്‍ കരുതി.
ഒരു ദിവസം അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് കറുമ്പി അമറിക്കരഞ്ഞത്. അടുക്കളയില്‍, നിലത്ത് വട്ടത്തിലിരുന്ന് എല്ലാവരും ഒരുമിച്ചാണ് അത്താഴം കഴിക്കുന്നത്. കറുമ്പിയുടെ കരച്ചില്‍ കേട്ടതും അച്ഛന്‍
ചോറ് വേഗത്തിലുണ്ട് കൈ കഴുകി, ഉമ്മറത്ത് കത്തിച്ചുവച്ച റാന്തല്‍ വിളക്കുമെടുത്ത് തൊഴുത്തിലേക്കു നടന്നു. കണ്ണനും വേഗത്തില്‍ ചോറുണ്ട് അച്ഛന് പിന്നാലെ കളപ്പുര യിലേയ്ക്കു ചെന്നു. അച്ഛന്‍ തൊഴുത്തിലേയ്ക്കിറങ്ങി ചാണകം കൈക്കോട്ടു കൊണ്ട് വടിച്ച് പുറത്തേയ്ക്കിട്ട് തൊഴുത്ത് വൃത്തിയാക്കുമ്പോള്‍ കണ്ണന്‍ റാന്തല്‍വിളക്ക് പിടിച്ച് അച്ഛന് വെളിച്ചം കാണിച്ചുകൊടുത്തു.
”കറുമ്പി ഇന്നു പ്രസവിക്കുമോ അച്ഛാ..” കണ്ണന്‍ ചോദിച്ചു.
”പ്രസവിക്കുമെന്നാ തോന്നുന്നത്..” അച്ഛന്‍ പറഞ്ഞു.
അച്ഛന്‍ കിണറ്റിനടുത്തുപോയി കാലും കൈയ്യും കഴുകി വീണ്ടും കളപ്പുരയിലിലേക്ക് വന്നു. തിരി താഴ്ത്തി റാന്തല്‍ വിളക്ക് കളിയിന്റെ തിണ്ണയില്‍ത്തന്നെ വച്ചു. കറുമ്പി നന്ദിനിയെ പ്രസവിച്ചത് രാവിലെയാണ്. അതുകൊണ്ട് രാവിലെയാവും കറുമ്പി പ്രസവിക്കുന്നതെന്നു കരുതി ഉറക്കം വന്നപ്പോള്‍ അവന്‍ കിടക്കാന്‍ പോയി.
പിറ്റേദിവസം രാവിലെ കണ്ണന്‍ കളപ്പുരയിലേക്ക് കയറുമ്പോള്‍ അച്ഛന്‍ തൊഴുത്ത് വൃത്തിയാക്കുന്നതാണ് കണ്ടത്.
”കറുമ്പിയോടൊപ്പം നില്‍ക്കുന്ന ആളേ കണ്ടോ?” അച്ഛന്‍ ചോദിച്ചു.
”ങേ… എപ്പൊഴാ കറുമ്പി പെറ്റത്” അവന്‍ അതിശയത്തോടെ ചോദിച്ചു.
”പുലര്‍ച്ചയ്ക്ക്. കാളക്കുട്ടിയാ.” അച്ഛന്‍ പറഞ്ഞു.
കാളക്കുട്ടിയും പശുക്കുട്ടിയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ഒറ്റനോട്ടത്തില്‍ കണ്ണന് മനസ്സിലായില്ല. വീട്ടില്‍ പഴയതുപോലെ ഇനിയും പാലും തൈരും ഒക്കെ ഉണ്ടാവും എന്നോര്‍ത്ത് കണ്ണന്‍ സന്തോഷിച്ചു. അമ്മാവന്‍ മുമ്പെങ്ങോ പറഞ്ഞകാര്യം അച്ഛന്‍ മറന്നുവെന്നാണ് കണ്ണന് തോന്നിയത്.
”നല്ല ഒരു കാളക്കുട്ടനാ. അവന് പാല് കൊടുത്തു വളര്‍ത്തണം.” അച്ഛന്‍ പറഞ്ഞു.
”വല്യ സ്വപ്നം ഒന്നും കാണണ്ട..” തൊഴുത്ത് കഴുകാനായി ചെമ്പുകുടത്തില്‍ വെള്ളം കൊണ്ടുവരുമ്പോള്‍ അമ്മ പറഞ്ഞു.
വല്യമ്മാമ കറുമ്പിയെ കൊണ്ടു പോകുമെന്ന് ഭയന്നാണ്, അമ്മ അങ്ങനെ പറഞ്ഞതെന്ന് കണ്ണന്‍ ഊഹിച്ചു. മനസ്സില്‍ തോന്നിയ കാര്യം തെറ്റായാലും ശരിയായാലും അമ്മ അച്ഛനോടു പറയും. എല്ലാ കാര്യത്തിലും അവര്‍ പുലര്‍ത്തുന്ന പരസ്പര വിശ്വാസവും സ്‌നേഹവും സഹായവും കുടുംബത്തിലുള്ള വരും അസൂയയോടെയാണ് കാണുന്നതെന്ന് കണ്ണനറിയാം.
കാപ്പി കുടികഴിഞ്ഞ് കറുമ്പിയെ കുളിപ്പിക്കാനായി തൊഴുത്തില്‍നിന്ന് കിണറിനടുത്തുള്ള കവുങ്ങില്‍ അച്ഛന്‍ കെട്ടിയപ്പോള്‍ അമ്മ വലിയ ചെമ്പുചരുവത്തില്‍ കിണറ്റില്‍നിന്ന് വെള്ളം കോരി നിറച്ചു.
പ്രസവിച്ചതിനുശേഷം കറുമ്പിയെ വീട്ടിലെ പറമ്പില്‍നിന്നും പുറത്തുകൊണ്ടുപോയി തീറ്റാനോ, തോട്ടില്‍ കൊണ്ടുപോയി കുളിപ്പിക്കാനോ അമ്മ സമ്മതിച്ചില്ല. ആരെങ്കിലും കണ്ണുവയ്ക്കുമെന്നാണ് അമ്മ പറഞ്ഞത്.
രാവിലെ സ്‌കൂളില്‍ പോകുന്നതിനുമുമ്പ് കണ്ണന്‍ പശുക്കുട്ടിയുടെ കൂടെ കുറെ നേരം ചെലവഴിച്ചു. ദേഹത്ത് തൊടുമ്പോഴേയ്ക്കും അത് കുതറി ഓടി. നന്ദിനിയും അങ്ങനെ ആയിരുന്നുവെന്ന് അവന്‍ ഓര്‍ത്തു. കാളക്കുട്ടനായതുകൊണ്ട് വികൃതി കൂടുമെന്ന് അവന് തോന്നി. നന്ദിനി വളര്‍ന്നിട്ടും കറുമ്പിയെപ്പോലെ തലയാട്ടി ആരേയും പേടിപ്പിച്ചില്ല. ചേച്ചിക്കും നന്ദിനിയെ ഇഷ്ടമാണ്.
കാളക്കുട്ടനോട് കളിക്കാനൊന്നും ചേച്ചി താല്പര്യം കാണിച്ചില്ല. കണ്ണന്‍ കാളക്കുട്ടനോട് സംസാരിക്കുമ്പോള്‍ ചേച്ചി അത് കേട്ടു ചിരിച്ചു.
”നീ പറേന്നതെല്ലാം അതിന് നന്നായി മനസ്സിലാവുന്നുണ്ട് കണ്ണാ..”ചേച്ചി പരിഹസിച്ചാണ് പറഞ്ഞതെന്ന് കണ്ണന് മനസ്സിലായി. ചേച്ചി കേള്‍ക്കാതെ അവന്‍ കാളക്കുട്ടന്റെ ചെവിയില്‍ അടക്കംപറഞ്ഞു.
(തുടരും)
Comments