ശനിയാഴ്ചകള്‍ കാക്കകളുടെ ദിവസമാണ്. ശനിദോഷപരിഹാരത്തിന് എള്ളു ചേര്‍ത്ത ചോറ് കാക്കകള്‍ക്കു നല്‍കുന്ന പതിവുണ്ട്. ഇങ്ങനെ ഏഴരക്കൊല്ലം കാക്കയ്ക്കു ചോറു നല്‍കിയ ഒരു കാലമുണ്ടായിരുന്നു.
എനിക്ക് ആറു വയസ്സും അഞ്ചു മാസവും തികയുമ്പോള്‍ ഏഴര ശനിദോഷം ആരംഭിക്കുമെന്ന് കൃഷ്ണന്‍കണിയാര്‍ എന്റെ ജാതകം നോക്കിയ സമയത്ത് പറയുകയുണ്ടായി. ചെറിയ കുട്ടിയായതുകൊണ്ട് ശനി അങ്ങനെയൊന്നും ഉപദ്രവിക്കില്ലെന്നും കണിയാര്‍ സമാധാനിപ്പിച്ചു.എങ്കിലും ശനി പ്രീതിക്കായി എല്ലാ ശനിയാഴ്ചയും കറുത്ത വസ്ത്രം ധരിക്കാനും പ്രഭാതത്തില്‍ കാക്കയ്ക്ക് എള്ളു ചേര്‍ത്ത ചോറു നല്‍കാനും നിര്‍ദേശിച്ചു.
ശനീശ്വരന്റെ വാഹനമാണ് കാക്കയെന്ന് അമ്മ പറയുകയുണ്ടായി. കാക്കയെ സന്തോഷിപ്പിച്ചാല്‍ ശനീശ്വരനും സന്തോഷിക്കും.
അങ്ങനെ ആറര വയസ്സു മുതല്‍ ശനിയാഴ്ചകളില്‍ എന്റെ കൈ കൊണ്ട് കാക്കയ്ക്കു ചോറു നല്‍കിത്തുടങ്ങി. കാലത്ത് കുളിച്ചു വന്ന് വാഴയിലച്ചീന്തില്‍ എള്ളു ചേര്‍ത്ത ചോറ് എച്ചില്‍ കുഴിക്കു സമീപം കൊണ്ടുവയ്ക്കും.
ആദ്യമൊക്കെ കാക്ക പേടിച്ചു പേടിച്ചാണ് വന്ന് ചോറുകൊത്തിയത്. പരിസരനിരീക്ഷണം നടത്തി ചതിയൊന്നുമില്ലെന്ന് ഉറപ്പു വരുത്തിയിട്ടേ കാക്ക ചോറിനടുത്തു ചെല്ലുകയുള്ളൂ.
മൂന്നാലു ശനിയാഴ്ചകള്‍ കഴിഞ്ഞപ്പോള്‍ കാക്കയുടെ പേടി മാറി.
ശനിയാഴ്ച ദിവസം ധരിക്കാനായി അച്ഛന്‍ കറുത്ത നിറമുള്ള രണ്ടു ഷര്‍ട്ടുകള്‍ വാങ്ങിച്ചു തന്നിരുന്നു. മുട്ട, ഇറച്ചി, മീന്‍ ഇതൊന്നും ശനിയാഴ്ചകളില്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. ആറേഴു മാസം കഴിഞ്ഞപ്പോള്‍ കാക്കയും ഞാനും തമ്മില്‍ ചെറിയ സൗഹൃദത്തിലായി. മറ്റു ദിവസങ്ങളിലും കാക്ക എച്ചില്‍ കുഴിക്കരികില്‍ വന്നിരുന്ന് കരയും. എന്തെങ്കിലും കിട്ടാതെ കാക്ക കരച്ചില്‍ നിര്‍ത്തില്ല. ദോശയോ, ഇഡ്ഡലിയോ, പഴഞ്ചോറോ എന്തെങ്കിലുമൊന്ന് അമ്മ എന്റെ കൈയില്‍ തന്നു വിടും.
‘ശനിയന്‍ കാക്ക’ എന്നാണ് സൗകര്യത്തിനു വേണ്ടി ഞാനിട്ടിരുന്ന പേര്.
അത് തൊടിയിലെ പുളിമരത്തില്‍ കൂടുവച്ച് താമസവും തുടങ്ങി. ഏഴരക്കൊല്ലം ആഹാരം ഉറപ്പാണല്ലോ. ഓരോ ദിവസം കഴിയുന്തോറും ഞാനും കാക്കയും തമ്മിലുള്ള അടുപ്പം കൂടിക്കൂടി വന്നു. അമ്മയില്ലാത്തപ്പോള്‍ കാക്ക അടുക്കളയില്‍ വരെ വരാന്‍ തുടങ്ങി.
വീട്ടില്‍ എന്തുണ്ടാക്കിയാലും ഒരു പങ്ക് കാക്കയ്ക്കും നല്‍കും. പത്താം ക്ലാസ്സു കഴിയുന്നതുവരെ (ഏഴരക്കൊല്ലം) ഈ പതിവു തുടര്‍ന്നു. അപ്പോഴേയ്ക്കും അമ്മയ്ക്ക് ഏഴര ശനി തുടങ്ങി. കാക്കയൂട്ട് ഒരു തുടര്‍ക്കഥയായി.