പുരാണകഥകളുടെ പിറകില്‍ മറഞ്ഞിരിക്കുന്ന ഒരു രഹസ്യം ഉണ്ടായിരിക്കും. ഇതറിയാതെ കഥകളെ വ്യാഖ്യാനിക്കുമ്പോള്‍ അബദ്ധങ്ങള്‍ വന്നുചേരും. നമ്മെ നിലനിര്‍ത്തുന്ന ശക്തിവിശേഷത്തെ ശിവന്‍ എന്നു വിളിക്കുന്നു. ശിവം നഷ്ടപ്പെടുന്നതോടെ ഒരാള്‍ ശവമായി മാറുന്നു. ശിവനോട് ചേര്‍ന്നു നില്‍ക്കുന്ന ശക്തിവിശേഷത്തെ പാര്‍വ്വതി എന്ന് വിളിക്കുന്നു. ഇവരുടെ പുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും ഭക്തര്‍ക്ക് സുപരിചിതരാണ്. ശിവന് ഒരു പുത്രന്‍ കൂടിയുണ്ട്. അതാണ് ശാസ്താവ്. ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നിവ അറിവിന്റെ അടിസ്ഥാന ശിലകളാണ്. ഇതില്‍ ഭക്തിയെ പ്രതിനിധീകരിക്കുന്നത് ഗണപതിയാണ്. സുബ്രഹ്മണ്യനാകട്ടെ ജ്ഞാനത്തെ ധ്വനിപ്പിക്കുന്നു. ശാസ്താവ് വൈരാഗ്യത്തിന്റെ പ്രതീകമാണ്.
ഒരു കുടുംബകഥയില്‍ പരമമായ അറിവിനെയെല്ലാം ഒളിപ്പിച്ചുവെച്ചിരിക്കുന്നു. ശിവനെക്കുറിച്ച് എഴുതിയാല്‍ തീരാത്തവിധം കഥകളുണ്ട്. ഓരോ കഥയ്ക്കകത്തും മറഞ്ഞിരിക്കുന്ന ആശയങ്ങളുണ്ട്. അവയെക്കുറിച്ച് ഗുരുവില്‍ നിന്നും പഠിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാരാണ്. ഏതുദുഃഖത്തില്‍ നിന്നും മോചനം ഉണ്ടാക്കുന്ന ഒരു ശക്തിവിശേഷം നമ്മുടെ മസ്തിഷ്‌കത്തിലുണ്ട്. അവിടെ പരമമായ ആനന്ദം കുടികൊള്ളുന്നു. ഈ ശക്തിയെ ശിവപുത്രിയായി നാം ആരാധിക്കുന്നു. ആ ശിവപുത്രിയാണ് അശോകസുന്ദരി. ഇതൊക്കെ നമ്മുടെ ശരീരത്തിനകത്ത് നടക്കുന്ന കാര്യങ്ങളാണ്. ശോകമില്ലാത്ത അവസ്ഥയാണ് അശോകസുന്ദരിയുടേത്. അത് നമ്മെ ദുഃഖങ്ങള്‍ ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇതെക്കുറിച്ച് അറിയാത്തവരിലും ഈ ഘടകങ്ങളെല്ലാം ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഓര്‍മ്മിക്കുക. ഭക്തിജ്ഞാനവൈരാഗ്യങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ടുവേണം നാം കഥകള്‍ വായിക്കേണ്ടത്. ഒളിഞ്ഞിരിക്കുന്ന പൊരുളിനെ മറൈ പൊരുള്‍ എന്ന് നാം വിളിക്കുന്നു.
Comments