ബംഗളൂരു: ഭാരതത്തിന്റേത് അതുല്യമായ സ്വാതന്ത്ര്യസമരചരിത്രമാണന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. 2021 ഒക്‌ടോബര്‍ 28,29,30 തിയ്യതികളില്‍ കര്‍ണാടകയിലെ ധാര്‍വാഡില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡലിന്റെ സമാപനദിവസം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറയെ പല നൂതന ആശയങ്ങളും മനസ്സിലാക്കുന്നതോടൊപ്പം ഭാരതത്തിന്റെ ചരിത്രം, പാരമ്പര്യം, മൂല്യങ്ങള്‍ എന്നിവയും ഓര്‍മ്മിപ്പിക്കേണ്ടത് ആവശ്യമാണ്. ഭാരതത്തിന്റെ പല സ്വാതന്ത്ര്യ സമര പോരാളികളുടെയും ചരിത്രം പലര്‍ക്കും അറിയില്ല. വ്യക്തിപരമായ നേട്ടങ്ങള്‍ക്കും ചില സംഘടനകളുടെ കുപ്രചാരണത്തിനായും ദേശസ്‌നേഹികളെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുന്ന ഒരു പ്രവണത വളര്‍ന്നുവരുന്നുണ്ട്. ഇത്തരക്കാര്‍ക്ക് യഥാര്‍ത്ഥ ചരിത്രം മനസ്സിലാക്കി കൊടുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യാ നയം പരിഷ്‌കരിക്കണമെന്നും അത് എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാക്കണമെന്നും ആര്‍.എസ്. എസ് നേരത്തേ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഭക്ഷ്യസ്രോതസ്സുകളേക്കാള്‍ കൂടുതല്‍ ജനസംഖ്യയുണ്ടായാല്‍ ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവും. ചില സംസ്ഥാനങ്ങള്‍ ജനസംഖ്യാ നയം നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തുടനീളം ഇത് നടപ്പിലാക്കിയാലേ പ്രയോജനമുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025 ല്‍ സംഘം നൂറാം വര്‍ഷത്തിലെത്തുമ്പോള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രവര്‍ത്തനമെത്തുമെന്ന് സര്‍കാര്യവാഹ് പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലും കുറഞ്ഞത് ഒരു സംഘ പ്രവര്‍ത്തകനെങ്കിലും ഉണ്ടാകണമെന്നതാണ് ലക്ഷ്യം. ആര്‍.എസ്.എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.