തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ (ടി.എല്‍.പി) എന്ന ഉറുദു പദത്തിന്റെ അര്‍ത്ഥം ഞാനാണ് ഇപ്പോഴത്തെ പാകിസ്ഥാന്‍ എന്നാണ്. ഇതിനെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് പാകിസ്ഥാനിലെ ഈ വലതുപക്ഷ ഇസ്ലാമിക തീവ്രവാദ രാഷ്ട്രീയപാര്‍ട്ടിയുടെ വളര്‍ച്ചയും. ജയിലില്‍ കഴിയുന്ന ഈ പാര്‍ട്ടിയുടെ മേധാവി സാദ് ഹുസൈന്‍ റിസ്‌വിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ടി.എല്‍.പി. രാജ്യവ്യാപകമായി അക്രമാസക്തമായ പ്രതിഷേധം ഉയര്‍ത്തിവരുന്നത് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിക്കുകയാണ്. 2015 ആഗസ്റ്റില്‍ ഇതേ ഹുസൈന്‍ റിസ്‌വിയാണ് ടി.എല്‍.പി. എന്ന പാര്‍ട്ടി സ്ഥാപിച്ചത്. 2018 ലെ പാകിസ്ഥാന്‍ പൊതു തിരഞ്ഞെടുപ്പില്‍ അഞ്ചാമത്തെ വലിയ കക്ഷിയായി ഇത് മാറി. പക്ഷെ ദേശീയ അസംബ്ലിയിലും പഞ്ചാബ് അസംബ്ലിയിലും ഒരു സീറ്റും നേടാനായില്ല. എന്നിരുന്നാലും സിന്ധ് നിയമസഭയില്‍ 3 സീറ്റുകള്‍ നേടുന്നതില്‍ വിജയിച്ചു. പ്രത്യയശാസ്ത്രത്തിന്റെ കാതല്‍ പ്രവാചകന്റെ ബഹുമാന സംരക്ഷണവും പാകിസ്ഥാന്റെ വിവാദ മതനിന്ദ നിയമങ്ങളുടെ ശക്തമായ പ്രതിരോധവുമാണ്. പാകിസ്ഥാനില്‍, ഇസ്‌ലാമിനെയോ മുഹമ്മദ് നബിയെയോ അപമാനിച്ചതായി കരുതപ്പെടുന്ന ആര്‍ക്കും മതനിന്ദ നിയമപ്രകാരം വധശിക്ഷ ലഭിക്കും. മതനിന്ദ നിയമത്തിന് വേണ്ടത്ര ശക്തിപോരെന്നും ടിഎല്‍പി വാദിക്കുന്നു.
ഇപ്പോള്‍ ഭരിക്കുന്ന പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ മതകാര്യങ്ങളിലെ തീവ്രത വളരെ കുറവാണെന്നും അത് കൂടുതല്‍ ശക്തമാക്കണമെന്നുമാണ് രാജ്യത്തിനകത്തെ അമേരിക്ക, ഫ്രാന്‍സ് മുതലായ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ അടച്ചു പൂട്ടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 2020 ഒക്‌ടോബറില്‍, മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ ക്ലാസില്‍ പ്രദര്‍ശിപ്പിച്ച ഫ്രഞ്ച് സ്‌കൂള്‍ അധ്യാപകനായ സാമുവല്‍ പാറ്റിയെ ഒരു ഇസ്‌ലാമിക മതഭ്രാന്തന്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയുണ്ടായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇസ്ലാമിസ്റ്റുകളെ വിമര്‍ശിക്കുകയും മതേതരത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തപ്പോള്‍ ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചും അവര്‍ മത തീവ്രവാദം ഉയര്‍ത്തി. രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മാക്രോണിന്റെ അഭിപ്രായത്തെ അപലപിക്കേണ്ടി വന്നു.
വിവാദ കാര്‍ട്ടൂണ്‍ വിഷയത്തില്‍ ഫ്രഞ്ച് സ്ഥാനപതിയെ പുറത്താക്കണമന്നാവശ്യപ്പെട്ട് അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിന് 2021 ഏപ്രില്‍ മുതല്‍ തടവില്‍ കഴിയുകയാണ് റിസ്‌വി.
ഒക്ടോബര്‍ 29 വെള്ളിയാഴ്ച മുതല്‍ ലാഹോറിനു സമീപം തമ്പടിച്ച പതിനായിരക്കണക്കിനു പ്രതിഷേധക്കാര്‍ ഇമ്രാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രണ്ടും കല്‍പിച്ചു ഇറങ്ങിയിരിക്കയാണ്. ഒരാഴ്ചയ്ക്കിടെ സംഘര്‍ഷത്തില്‍ 8 പൊലീസുകാര്‍ ഉള്‍പ്പെടെ 19 പേരാണു പാകിസ്ഥാനില്‍ കൊല്ലപ്പെട്ടത്.
ഏതായാലും നിരോധിത രാഷ്ട്രീയപ്പാര്‍ട്ടിയായ തെഹരീക്ക് ലബ്ബായിക് പാകിസ്ഥാന്റെ (ടി.എല്‍.പി.) 350 പ്രവര്‍ത്തകരെ വിട്ടയച്ചതായി പാക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അറിയിച്ചതോടെ സംഘര്‍ഷത്തിന് താത്കാലിക വിരാമം ആയിട്ടുണ്ട്. ഇസ്‌ലാമാബാദിലേക്ക് ലോങ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന ടി.എല്‍.പി.യുടെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെയാണ് നടപടി. ഈ രാഷ്ട്രീയപാര്‍ട്ടിയെ പാകിസ്ഥാന്‍ ഗവണ്‍മെന്റ് നിരോധിച്ചിട്ടുകൂടി ആയിരങ്ങളാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ഇവര്‍ മുഴക്കുന്ന മുദ്രാവാക്യങ്ങളാകട്ടെ മുഴുവന്‍ തീവ്ര ഇസ്ലാമികപരവും. ഒരു പക്ഷെ പാകിസ്ഥാനിലെ താലിബാന്‍ ആയി ടി.എല്‍.പി. യെ വിശേഷിപ്പിച്ചാലും തെറ്റില്ല. ഇവരുടെ നേതാവ് ഹുസൈന്‍ റിസ്‌വി ലാഹോറില്‍ ജയിലിലായിട്ടു പോലും ആ പാര്‍ട്ടിയുടെ കീഴില്‍ വലിയൊരു ജനസഞ്ചയം തെരുവില്‍ ഇറങ്ങുന്നത് അയല്‍ രാജ്യങ്ങള്‍ക്കും അത്ര ശുഭകരമല്ല.
പാകിസ്ഥാന്‍ പിന്തുണയോടുകൂടി തീവ്രവാദ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയപ്പോള്‍ ആദ്യം അതിനെ അഭിനന്ദിക്കുകയും സ്വാഗതം അരുളുകയും ചെയ്തത് ഇമ്രാന്‍ സര്‍ക്കാരാണ്. പുതിയ ഭരണം അധികാരത്തില്‍ വന്നപ്പോള്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ കാബൂളില്‍ എത്തി പല നിര്‍ദ്ദേശങ്ങളും കൊടുത്തു. ചുരുക്കിപ്പറഞ്ഞാല്‍ പാകിസ്ഥാന്‍ വിസ്മയം കൊണ്ടു!
ഇന്ന് പാകിസ്ഥാനിലെ സ്ഥിതി നോക്കിയാല്‍ ചരിത്രം ദുരന്തമായി ആവര്‍ത്തിക്കുന്നതിന്റെ തുടക്കമെന്നാണ് നിഗമനം. ടി.എല്‍.പി അവഗണിക്കാന്‍ ആവാത്ത ശക്തി ആയി മാറിയെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ തന്നെ പറയുന്നു. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി പറയുന്നത്, കാര്യങ്ങള്‍ കയ്യില്‍ നിന്നും വിട്ടുപോയിക്കൊണ്ടിരിക്കുന്നു എന്നാണ്. ഇദ്ദേഹമായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ജയിച്ചപ്പോള്‍ ‘പാകിസ്ഥാന്റെ വിജയം ലോകത്തിലെ മുസ്ലീങ്ങളുടെ വിജയമാണ്’ എന്ന് പറഞ്ഞത്. ടി.എല്‍.പി ഭക്തനാണ് പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രി പോലും.
ഒരു രാജ്യവും മതതീവ്രവാദികളുടെ കയ്യിലേക്ക് പോകുന്നതിനെ അനുകൂലിക്കാന്‍ പരിഷ്‌കൃത സമൂഹത്തിന് ആവില്ല. കാരണം എല്ലാ തീവ്രവാദികള്‍ക്കും ഒരേ സ്വഭാവമാണ്. മനുഷ്യത്വ വിരുദ്ധത അവരുടെ മുഖമുദ്രയാണ്. പാകിസ്ഥാന്‍ എന്ന രാഷ്ട്രത്തേക്കാളും വലിയ ഘടകമാണ് പാകിസ്ഥാന്‍ സൈന്യം. അവര്‍ ടി.എല്‍.പി യെ അനുകൂലിച്ചാല്‍ കാര്യങ്ങള്‍ മാറിമറിയും. ആര്‍മി അതിനു സമ്മതിക്കുമോ ഇല്ലയോ എന്നതാണ് സന്ദേഹം. ചുരുക്കി പറഞ്ഞാല്‍ പുതിയൊരു താലിബാന്‍ പാകിസ്ഥാനിലും ഉദയം കൊണ്ടിരിക്കുന്നു. ഇമ്രാന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. ടി.എല്‍.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം കൊക്കാണ്. ഇമ്രാന്റെ പ്രധാനമന്ത്രി തൊപ്പി കൊക്ക് തട്ടിത്തെറിപ്പിക്കുന്ന കാലം വിദൂരമല്ലെന്നാണ് പാകിസ്ഥാന്‍ നിരീക്ഷകര്‍ പറയുന്നത്.
യുവാക്കളും യാഥാസ്ഥിതികരും അനുദിനം ഇതിലേക്ക് അണിനിരക്കുന്നു. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ആത്മരക്ഷയ്ക്കായി നാടുവിട്ടു ദുബായില്‍ അഭയം പ്രാപിച്ചതുപോലെ ഇമ്രാനും കൂട്ടരും ഓടേണ്ടിവരുമോ… എന്നതാണ് കാത്തിരുന്നു കാണേണ്ടത്.