തിരുവനന്തപുരം: മഹാകവി അക്കിത്തത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ‘ദേവായനത്തിലെ ഇതിഹാസം അക്കിത്തം ഓര്‍മിക്കപ്പെടുമ്പോള്‍’ എന്ന പേരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത ഗായകന്‍ കാവാലം ശ്രീകുമാര്‍ അക്കിത്തം അനുസ്മരണപ്രഭാഷണം നടത്തി. മാനവികതയെ ഉയര്‍ത്തിപ്പിടിച്ച കവിയായിരുന്നു അക്കിത്തമെന്ന് അദ്ദേഹം പറഞ്ഞു. അക്കിത്തവും തന്റെ പിതാവ് കാവാലം നാരായണപ്പണിക്കരും തങ്ങളുടെ കാവ്യജീവിതത്തിന് പൂര്‍ണതയേകിയത് ഭാഗവതത്തിന്റെ തര്‍ജ്ജമ നിര്‍വഹിച്ചുകൊണ്ടാണ്. ഭാഗവതവും രാമായണവും ആലപിക്കാനായത് തനിക്ക് ഭാഷയോടുള്ള അടുപ്പം വര്‍ധിക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. അയഥാര്‍ഥമായ സ്വപ്‌നങ്ങള്‍ പകര്‍ന്നുനല്‍കിക്കൊണ്ട് വഞ്ചിക്കപ്പെട്ട ഒരു സമൂഹത്തിനു മുന്‍പില്‍ യാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിച്ച കവിയാണ് അക്കിത്തമെന്ന് കവി കല്ലറ അജയന്‍ അനുസ്മരിച്ചു.
ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയസമിതി പ്രസിഡന്റ് ഡോ. ലക്ഷ്മി വിജയന്‍ വി.ടി. അധ്യക്ഷയായി. വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്മി ദാസ്, കീര്‍ത്തി വിജയരാഘവന്‍ എന്നിവര്‍ അക്കിത്തത്തിന്റെ കവിതകള്‍ അവതരിപ്പിച്ചു. പ്രൊഫ. വി.ടി.രമ, വിചാരകേന്ദ്രം സ്ഥാനീയ സമിതി ഭാരവാഹികളായ വി.രഞ്ജി ത്ത് കുമാര്‍, വിഷ്ണു സുരേഷ് എന്നിവര്‍ സംസാരിച്ചു.