ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍, മതഭീകരവാദം തൊട്ട് ഏതു ഹീനകൃത്യത്തിന്റെ പേരിലും, തീവ്രവാദികളെ, നിയമം ശിക്ഷിക്കുകയോ, സൈന്യം വധിക്കുകയൊ ചെയ്താല്‍, ആ സാമൂഹ്യ ദ്രോഹികളെ, സാംസ്‌കാരിക നായകന്മാര്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ പലരും സര്‍ദാര്‍ ഭഗത്‌സിംഗുമായി താരതമ്യം ചെയ്യുന്നത് കണ്ടു വിഷമിച്ചിട്ടുണ്ട്. ഭാരതസ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ ജീവിതം ഹോമിച്ച ഒരു മഹാപുരുഷനെ ഇത്തരത്തില്‍ ഇകഴ്ത്തിക്കാണിക്കുന്നത് വേദനാജനകമാണ്. ഈ മാനവവിരുദ്ധ ആശയങ്ങള്‍ക്ക് വെള്ളപൂശാനുള്ള മൂടുപടമാണോ ഭഗത് സിംഗിന്റെ ജീവിതം?
രാഷ്ട്രത്തിന്റെ അകത്തും പുറത്തുമുള്ള വിഘടനവാദ സംഘടനകള്‍, കമ്മ്യൂണിസ്റ്റ് തീവ്രവാദ സംഘടനകള്‍ തുടങ്ങി ഖാലിസ്ഥാന്‍ തീവ്രവാദസംഘടനകള്‍ വരെ ഇന്ന് ഭഗത് സിംഗിന്റെ പേരും ചിത്രവും ഉപയോഗിക്കുന്നുണ്ട്, എന്നു മാത്രമല്ല സങ്കുചിത മതതീവ്രവാദത്തിനുവേണ്ടി യുദ്ധം ചെയ്ത മത ഭീകരവാദികളെ സര്‍ദാര്‍ ഭഗത് സിംഗുമായി താരതമ്യം ചെയ്യുന്നുമുണ്ട്. ചില സ്ഥാപിത താല്‍പര്യക്കാരായ ചരിത്രകാരന്മാര്‍ ഇതിനുവേണ്ട പരിശ്രമങ്ങള്‍ സംഘടിതമായി നടത്തുന്നുണ്ട്.അതിലെ സത്യാവസ്ഥ അറിയാനായി നമ്മള്‍ മുന്‍വിധികള്‍ കൂടാതെ ഭഗത്‌സിംഗിനെ വായിക്കുക തന്നെ വേണം.
നിലവില്‍ പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ബംഗാ ഗ്രാമത്തില്‍ സര്‍ദാര്‍ കിഷന്‍ സിംഹന്റെയും വിദ്യാവതിയുടെയും പുത്രനായി 1907 സപ്തംബര്‍ 28 നാണ് സര്‍ദാര്‍ ഭഗത്‌സിംഗ് ജനിക്കുന്നത് (സപ്തംബര്‍ 27 ആണ് ജന്മദിനം എന്നും ഒരു വാദമുണ്ട്). സ്വാതന്ത്ര്യ പോരാട്ടം നടത്തിയിരുന്ന ഒരു കുടുംബത്തിലാണ് ഭഗത്‌സിംഗ് പിറക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് കിഷന്‍ സിംഗ്, സഹോദരന്‍ അജിത് സിംഗ്, ഇളയ സഹോദരന്‍ സ്വരണ്‍ സിംഗ് എന്നിവരെല്ലാം തന്നെ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. മുഗള്‍ അധിനിവേശത്തിനെതിരെ നിരന്തരം യുദ്ധം ചെയ്ത് സ്വതന്ത്ര സിഖ് രാഷ്ട്രം സ്ഥാപിച്ച പഞ്ചാബ് കേസരി മഹാരാജ് രഞ്ജിത് സിംഹന്റെ സേനയില്‍ ജോലി ചെയ്തിരുന്നവരായിരുന്നു ഭഗത്‌സിംഗിന്റെ പൂര്‍വ്വികര്‍.
എന്നാല്‍ രഞ്ജിത് സിംഹന് ശേഷം വന്ന ചില സിഖ് ഭരണാധികാരികള്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി സന്ധി ചെയ്തതിന്റെ ഫലമായി ഭഗത്‌സിംഗിന്റെ കുടുംബം ആര്യസമാജവുമായി അടുത്തു. ആര്യസമാജം നടത്തിയിരുന്ന സ്‌കൂളിലാണ് ഭഗത്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയത്. ചെറുപ്രായത്തില്‍ തന്നെ ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി സങ്കല്പം ചെയ്തിരുന്ന ഒരു മനസ്സായിരുന്നു ഭഗത്‌സിംഗിന്റേത്.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ആ ചെറു മനസ്സിനെ വളരെയധികം വേദനിപ്പിച്ചു. നിസ്സഹകരണ പ്രസ്ഥാനം കോണ്‍ഗ്രസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് ഭഗത്‌സിംഗും കൂട്ടാളികളും വിപ്ലവ മാര്‍ഗത്തിലേക്ക് തിരിഞ്ഞു. സജീന്ദ്രനാഥ് സന്യാലിന്റെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ രൂപീകരിച്ചത് ഈ സമയത്താണ്. ഭാരത വിപ്ലവപോരാട്ടത്തിന്റെ രണ്ടാം പാദമായിരുന്നു ഈ കാലയളവില്‍ നടന്നിരുന്നത്.
ആദ്യകാലത്ത് ഭഗത്‌സിംഗ് എഴുതിയിരുന്ന കത്തുകളില്‍ അദ്ദേഹം ‘ഓം’ എന്നും ‘നാരായണ സ്വാമിക്ക് പ്രണാമം’ എന്നും, ‘സത് ശ്രീ അകാല്‍’ എന്നും അഭിസംബോധന ചെയ്തിരുന്നു. കോളേജ് വിദ്യാഭ്യാസ കാലത്താണ് അദ്ദേഹം വിപ്ലവകാരികളുമായി കണ്ടുമുട്ടുന്നത്. ആ കാര്യം പിതാവിനെ എഴുതി അറിയിക്കുന്ന കത്തില്‍ തന്റെ യജ്ഞോപവീത സമയത്ത് തന്നെ പിതാവ് രാഷ്ട്രത്തിനായി സമര്‍പ്പിച്ചിരുന്ന കാര്യം പിതാവിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതോടൊപ്പം ബ്രിട്ടീഷുകാര്‍ നാടുകടത്തിയ തന്റെ ചെറിയച്ഛന്‍ അജിത്ത് സിംഹന്‍ തന്റെ പ്രേരണയാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. ഈ കാലത്താണ് വീര സാവര്‍ക്കര്‍ രാഷ്ട്രീയ ഗുരുവായി കണ്ടിരുന്ന ഇറ്റാലിയന്‍ ദേശീയവാദിയായ മസീനിയുടെയും മറ്റും രാഷ്ട്രീയ ദര്‍ശനങ്ങള്‍ ഭഗത്‌സിംഗ് പഠിക്കുന്നത്.
ഭഗത്‌സിംഗിന്റെ ലഘുജീവചരിത്രം എല്ലാവര്‍ക്കും സുപരിചിതമായത് കൊണ്ട് ആ വിഷയത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ പോകാതെ, എങ്ങനെയാണ് ഭഗത്‌സിംഗ് ദേശീയത തന്റെ പ്രവൃത്തികളില്‍ പ്രതിഫലിപ്പിച്ചിരുന്നത് എന്ന് നോക്കാം.
വിപ്ലവ സംഘടനകളില്‍ ഭാഗമായ സമയത്ത് അദ്ദേഹം ബാലഗംഗാധരതിലകന്റെ ഭഗവത്ഗീതാ രഹസ്യവും നെപ്പോളിയന്റെ ജീവചരിത്രവും വായിക്കുന്നുണ്ട്്. വളരെ പരന്ന വായനയുണ്ടായിരുന്ന ഭഗത്‌സിംഗ് റഷ്യന്‍ എഴുത്തുകാരെ വായിച്ചിരുന്നതുകൊണ്ട് അദ്ദേഹം കമ്മ്യൂണിസ്റ്റ് ആകും എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിലും തീവ്രമായി വലതുപക്ഷ ദേശീയ വാദികളെയും ഭഗത്‌സിംഗ് വായിച്ചിരുന്നു എന്നാണ് അവരോട് പറയുവാനുള്ളത്.
തന്റെ ആദ്യകാല ലേഖനങ്ങളില്‍ തന്നെ ഭഗത്‌സിംഗ് ഭാരതീയമായ പൈതൃകത്തോടുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിരുന്നു. ഉദാഹരണത്തിന് ‘പഞ്ചാബ് കി ഭാഷ ഔര്‍ ലിപി കി സമസ്യ’. (The problem of language and script of Punjab) എന്ന 1923-ല്‍ എഴുതിയ അദ്ദേഹത്തിന്റെ ലേഖനത്തില്‍, ഭാരതീയ ഭാഷാ ശാഖയോടുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യത്തെ അദ്ദേഹം വരച്ചുകാട്ടുന്നു. ഇസ്ലാമിക അധിനിവേശ ശക്തികള്‍ക്ക് എതിരെ ചെറുത്തുനിന്ന സിഖ് ഗുരുപരമ്പരയെയും സാധാരണക്കാര്‍ക്ക് ഇടയില്‍ അവര്‍ ഉണ്ടാക്കിയ സ്വാധീനവും ഭഗത്‌സിംഗ് ആ ലേഖനത്തില്‍ പങ്കു വയ്ക്കുന്നു. മരിച്ചാലും നിന്റെ ധര്‍മ്മം കൈവിടരുത് എന്ന സന്ദേശം ജീവിതവ്രതമാക്കിയ ഗുരു തേജ് ബഹാദൂറിനെയും വാള്‍തലപ്പിലേക്ക് ചണ്ഡിദേവിയെ ആവാഹിച്ച് രണഭൂമിയില്‍ അടരാടിയ ഗുരുഗോവിന്ദ സിംഹനേയും, മുഗള്‍ സാമ്രാജ്യത്വത്തിന് എതിരെ നിരന്തരമായി പടനയിച്ച ബാബാ ബന്ദാസിംഹനേയും, സിഖ് സമൂഹത്തെ വിജയത്തിലേക്ക് നയിച്ച രഞ്ജിത് സിംഹനേയും ഭാരതീയ തത്വചിന്തക്ക് ബംഗാളില്‍ പുതിയ അടിത്തറ പാകിയ സ്വാമി വിവേകാനന്ദനേയും, പഞ്ചാബില്‍ ആ ദൗത്യമേറ്റെടുത്ത സ്വാമി രാമതീര്‍ത്ഥയേയും, ഭാരതീയ സംസ്‌കൃതിയെ കുറിച്ച് കാവ്യങ്ങള്‍ രചിച്ച കവി നസ്രുല്‍ ഇസ്‌ലാമിനെയും, ഭഗത്‌സിംഗ് അഭിമാന പുരസ്സരം വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു. എന്നാല്‍ അതേസമയം തന്നെ ഭാരതീയ ഭാഷകളെ നശിപ്പിച്ചു കൊണ്ട് ഉറുദു, അറബിക് അധിനിവേശം തദ്ദേശീയ ഭാഷകളില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ചില സങ്കുചിത മനസ്ഥരുടെ കുടിലതയെ അദ്ദേഹം കണക്കറ്റ് വിമര്‍ശിക്കുന്നു. ലാലാ ഹര്‍ദയാലിന്റെ “How can nation survive’ എന്ന കൃതി ഉറുദുവിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ നചികേതസ് (കഠോപനിഷത്തിലെ) എന്നത് ‘നീച്ചി കുത്തിയ’ (താഴ്ന്ന പട്ടി) എന്നതായി തര്‍ജ്ജമ ചെയ്ത ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് ഉറുദു ലിപിയുടെ പ്രശ്‌നമാണ്. ഒരുപടി കൂടി കടന്ന് പഞ്ചാബില്‍ ഉറുദു പ്രചരിപ്പിച്ച് പഞ്ചാബിനെ ഭാരതത്തില്‍ നിന്ന് അടര്‍ത്തിമാറ്റുവാനുള്ള ശ്രമമാണോ ഇത് എന്നും ഭഗത് സിംഗ് ചോദിക്കുന്നു. (24 വര്‍ഷങ്ങള്‍ക്കു ശേഷം ഭഗത്‌സിംഗിന്റെ ഈ സന്ദേഹം യാഥാര്‍ഥ്യമായി, പഞ്ചാബില്‍ അദ്ദേഹം ജനിച്ച ഗ്രാമം ഭാരതത്തില്‍ നിന്നും അടര്‍ത്തി മാറ്റി പാകിസ്ഥാനിലേക്ക് ചേര്‍ക്കപ്പെട്ടു.)
തുര്‍ക്കിയിലെ ഖിലാഫത്തിനെ പറ്റിയുള്ള തന്റെ കാഴ്ച്ചപ്പാടും ഭഗത്‌സിംഗ് ഈ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1921 ലെ ഖിലാഫത്ത് പ്രക്ഷോഭത്തിനും തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ ലഹളകള്‍ക്കും രണ്ട് വര്‍ഷത്തിന് ശേഷം ഭാരതത്തിലെ പ്രമുഖ നേതാക്കള്‍ തുര്‍ക്കിയിലെ ഇസ്ലാമിക ഖിലാഫത്ത് പുനഃസ്ഥാപിക്കണം എന്ന ആവശ്യം മുന്നില്‍ വെച്ചുകൊണ്ട് യാഥാസ്ഥിതികരെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭഗത് സിംഗ് സംശയലേശമന്യേ തന്റെ പിന്തുണ നേര്‍വിപരീതമായി കമാല്‍ പാഷക്ക് നല്‍കുന്നു. ഭാരതീയരായ നമ്മുടെ മുസ്ലിം സഹോദരങ്ങള്‍ കമാല്‍ പാഷയെ മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. (ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം തുര്‍ക്കി വിഭജിക്കപ്പെട്ടപ്പോള്‍ ഖിലാഫത്തിന് പകരം സ്ഥാനമേറ്റ് യാഥാസ്ഥിതിക നിയമങ്ങള്‍ പരിഷ്‌കരിച്ച കമാല്‍ പാഷയുടെ ജീവിതം സുപ്രസിദ്ധമാണല്ലോ.)
ദേശീയബിംബങ്ങളെ സംബന്ധിച്ച് സുവ്യക്തമായ കാഴ്ചപ്പാടാണ് ഭഗത് സിംഗിന് ഉണ്ടായിരുന്നത്. അതിന് വേണ്ട തെളിവുകള്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ നിന്ന് തന്നെ നമുക്ക് ലഭ്യമാണ്.
1924 നവംബര്‍ 15-ന് ‘വിശ്വപ്രേമ്’ എന്ന തന്റെ ലേഖന സമാഹാരത്തില്‍ ഭഗത്‌സിംഗ് ഭാരതീയമായ തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നുണ്ട്. ഭഗവദ്ഗീതയും വസുധൈവ കുടുംബകവും മസീനിയും ഭഗത്‌സിംഗ് വായനക്കാര്‍ക്ക് മുന്‍പില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു.
സാവര്‍ക്കറെ ആദ്യമായി, ‘വീര സാവര്‍ക്കര്‍’ എന്ന് അഭിസംബോധന ചെയ്യുന്നത് ‘ചിത്രഗുപ്ത’ 1926ല്‍ എഴുതിയ ‘ലൈഫ് ഓഫ് ബാരിസ്റ്റര്‍ സാവര്‍ക്കര്‍’ എന്ന കൃതിയിലാണ് എന്നും, ഈ ‘ചിത്രഗുപ്ത’ സാവര്‍ക്കര്‍ തന്നെയാണ് എന്നും, സ്വയം വീരന്‍ എന്ന് വിളിച്ചിരുന്ന ഒരു അല്പനാണ് അദ്ദേഹം എന്നും ചിത്രീകരിക്കാന്‍ ചില കമ്മ്യൂണിസ്റ്റ് കുബുദ്ധികള്‍ ഈ അടുത്തകാലത്ത് ഒരു ശ്രമം നടത്തിയിരുന്നു. അവരെ കുറ്റം പറയാന്‍ സാധിക്കില്ല. കാരണം കള്ളപ്പേരില്‍ സ്വന്തം അപദാനങ്ങള്‍ പാര്‍ട്ടി പത്രത്തില്‍ എഴുതി വിട്ടിരുന്ന നേതാക്കള്‍ ആണല്ലോ അവരുടെ ആദര്‍ശപുരുഷന്മാര്‍. ഇനി ആ ആരോപണത്തിലേക്ക് കടന്നാല്‍, 1986ല്‍ പുറത്തിറങ്ങിയ ‘ലൈഫ് ഓഫ് ബാരിസ്റ്റര്‍ സാവര്‍ക്കറുടെ’ രണ്ടാം പതിപ്പിന്റെ ആമുഖത്തില്‍, ഇത് എഴുതിയ ചിത്രഗുപ്തന്‍ ആരാണ് എന്നത് ഇന്നും അജ്ഞാതമാണ് എന്നും, അത് ഒരുപക്ഷേ സ്വയം സാവര്‍ക്കര്‍ തന്നെയാവാം എന്നൊരു അഭിപ്രായം പ്രസാധകര്‍ നടത്തുന്നുണ്ട്. പ്രസാധകന്റെ ഭാവനയില്‍ നിന്ന് ‘ഒരുപക്ഷെ സാവര്‍ക്കര്‍ സ്വയം ആവാം’ എന്നത് അടര്‍ത്തി മാറ്റിയാണ് ഈ കുപ്രചരണം വിരോധികള്‍ നടത്തുന്നത്. വളരെ രസകരമായ ഒരു കാര്യമെന്താണ് എന്ന് വെച്ചാല്‍ 170 പേജുകള്‍ ഉള്ള ‘ലൈഫ് ഓഫ് ബാരിസ്റ്റര്‍ സാവര്‍ക്കര്‍’ എന്ന കൃതിയില്‍ ഒരിടത്ത് പോലും ‘വീര്‍ സാവര്‍ക്കര്‍’ എന്ന പ്രയോഗമില്ല എന്നതാണ്. വാസ്തവത്തില്‍ സാവര്‍ക്കര്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിക്കൊണ്ട് ‘1857-ലെ സ്വാതന്ത്ര്യ സമരം’ പോലെ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്, അദ്ദേഹത്തിന് ഒരൊറ്റ തൂലികാ നാമമേ ഉണ്ടായിരുന്നുള്ളൂ. അത് ‘മറാത്തി’ എന്നായിരുന്നു. അദ്ദേഹത്തിന് സ്വയം ‘ചിത്രഗുപ്ത’ എന്ന കള്ളപ്പേരില്‍ വീര സാവര്‍ക്കര്‍ എന്ന് സ്വയം വിളിക്കേണ്ട കാര്യമില്ല, കാരണം 1926 ല്‍ ‘ലൈഫ് ഓഫ് ബാരിസ്റ്റര്‍ സാവര്‍ക്കര്‍’ വരുന്നതിന് മുന്‍പ് തന്നെ വീര സാവര്‍ക്കര്‍ എന്ന പേര് ഭാരതത്തില്‍ സുപ്രസിദ്ധമായിരുന്നു. അതിനുള്ള ശക്തമായ തെളിവാണ്, ‘ലൈഫ് ഓഫ് ബാരിസ്റ്റര്‍ സാവര്‍ക്കര്‍’ എന്ന 1926ല്‍ പുറത്തിറങ്ങിയ പുസ്തകത്തിനും രണ്ടു വര്‍ഷം മുന്‍പ് 1924 ല്‍ വിനായക് ദാമോദര്‍ സാവര്‍ക്കറെ വീര സാവര്‍ക്കര്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഭഗത്‌സിംഗ് എഴുതിയ ‘വിശ്വപ്രേമ്’ എന്ന ലേഖനം.
ആ കാലഘട്ടങ്ങളില്‍ ബല്‍വന്ത്, രഞ്ജിത്ത്, വിദ്രോഹി എന്നീ തൂലികാനാമങ്ങളിലാണ് ഭഗത്‌സിംഗ് ലേഖനങ്ങള്‍ എഴുതിയിരുന്നത്. സൈമണ്‍ കമ്മീഷന് എതിരെ ലാലാജിയുടെ നേതൃത്വത്തില്‍ സമരം ഉയര്‍ന്നിരുന്ന സമയമായിരുന്നു അത്. ലാലാജി, ഭായി പരമാനന്ദ് തുടങ്ങിയ ഹിന്ദുമഹാസഭാ നേതാക്കള്‍ ഭഗത്‌സിംഗിന് ഏറെ പ്രിയപ്പെട്ടവരായിരുന്നു. ഭായി പരമാനന്ദിന്റെ സഹോദരന്‍ ഭായി ബാലാമുകുന്ദനെ ബ്രിട്ടീഷ് സര്‍ക്കാര്‍ തൂക്കി കൊല്ലുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ പത്‌നി വീരാംഗനയായ പത്‌നി രാം രാഖി അദ്ദേഹത്തെ തൂക്കിലേറ്റിയ ദിവസം നിരാഹാരം കിടന്ന് വീരമൃത്യു വരിച്ചു. ഇവരുടെ ലഘുജീവചരിത്രം ഭഗത്‌സിംഗ് ‘കീര്‍ത്തി’ എന്ന മാസികയില്‍ എഴുതിയിട്ടുണ്ട്.
സൈമണ്‍ കമ്മീഷന് എതിരെയുള്ള സമരത്തില്‍ പോലീസിന്റെ മര്‍ദ്ദനമേറ്റു ലാലാലജ്പത് റായിക്ക് ഗുരുതരമായ പരിക്കുപറ്റി. ലാലാജിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. വീര സാവര്‍ക്കര്‍ ലാലാജിയുടെ മരണത്തില്‍ അന്വേഷണമെന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ പ്രഹസനനാടകത്തിനെതിരെ വീട്ടുതടങ്കലില്‍ ഇരുന്നു ലേഖനമെഴുതി.
ക്രിസ്തുവിന്റെ വിചാരണ രംഗം ഉദ്ധരിച്ചുകൊണ്ട് വീര സാവര്‍ക്കര്‍ ക്രിസ്തുവിനു പകരം വിചാരണ ചെയ്യപ്പെട്ടത് ലാലാജി ആണെന്ന് പ്രസംഗിച്ചു. ഒരു പടി കൂടി കടന്ന് ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റെ വിധവ ബസന്തി ദേവി ലാലാജിയുടെ മരണത്തിന് പകരം ചോദിക്കാന്‍ ഭാരതാംബയ്ക്ക് ആണ്‍മക്കള്‍ ഇല്ലേ എന്ന് ചോദിച്ചു.
ഈ വെല്ലുവിളി ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക് അസോസിയേഷന്‍ ഏറ്റെടുത്തു. തുടര്‍ന്ന് ഭഗത്‌സിംഗും കൂട്ടാളികളും ചേര്‍ന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ സാന്‍ഡേഴ്‌സനെ വധിച്ചു. ഈ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഭഗത് സിംഗിന്റെ സഹപ്രവര്‍ത്തകനായിരുന്ന ശിവറാം രാജഗുരു വീര സാവര്‍ക്കറുടെ ജേഷ്ഠന്‍ ഗണേഷ് സാവര്‍ക്കറുടെ അനുയായിയായിരുന്നു. പൂനാ സ്വദേശിയായിരുന്ന അദ്ദേഹം അമരാവതിയില്‍ ഗണേഷ് സാവര്‍ക്കര്‍ നടത്തിയിരുന്ന ജിംനേഷ്യത്തില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു.ആ കാലയളവില്‍ അദ്ദേഹം നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തും താമസിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് പാര്‍ലമെന്റ് അക്രമത്തെ തുടര്‍ന്ന് ഭഗത്‌സിംഗിനെയും കൂട്ടാളികളെയും തൂക്കിലേറ്റാന്‍ വിധിച്ചതിനെ തുടര്‍ന്ന് 1931 ഫെബ്രുവരി 15 ന്, ഗാന്ധിജി ഏര്‍വിന്‍ പ്രഭുവിനെ കാണാന്‍ പോകുന്നതിന് തലേന്നാള്‍, ഗണേഷ് സാവര്‍ക്കര്‍ വാര്‍ധാ ആശ്രമത്തിലെത്തി ഗാന്ധിജിയെ നേരില്‍ കണ്ട് ഭഗത് സിംഗിന്റെയും കൂട്ടാളികളുടെയും വധശിക്ഷ റദ്ദ് ചെയ്യാനായി ബ്രിട്ടീഷ് സര്‍ക്കാരിനോട് അപേക്ഷിക്കാന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ പ്രതീക്ഷിച്ച മറുപടി ലഭിക്കാതെ അദ്ദേഹം മടങ്ങി. സാന്‍ഡേഴ്‌സണ്‍ വധത്തെ തുടര്‍ന്ന് ഭഗത് സിംഗിനെ ലാഹോറില്‍ നിന്നും രക്ഷിച്ചത് ദുര്‍ഗാബാബി എന്നറിയപ്പെടുന്ന വിപ്ലവകാരിയായിരുന്ന ഭഗവതി ചരണ് വൊഹ്‌റയുടെ പത്‌നി ദുര്‍ഗാദേവി വൊഹ്‌റയായിരുന്നു. ഭഗത്‌സിംഗിന്റെ ഭാര്യയായി അഭിനയിച്ചു കൊണ്ട് ദുര്‍ഗ്ഗാ ബാബി ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു, അങ്ങനെയാണ് അവര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്ത് കടന്നത്.
ദുര്‍ഗ്ഗാ ബാബി അവരുടെ എട്ടു വയസ്സുകാരന്‍ പുത്രന്‍ ഹരിയുമൊത്ത് ഗണേഷ് സാവര്‍ക്കറുടെ വീട്ടിലാണ് ഈ കേസിനെ തുടര്‍ന്ന് താമസിച്ചിരുന്നത്. അവര്‍ക്ക് സഹായിയായി നാരായണ്‍ സാവര്‍ക്കറുടെ പത്‌നി ശാന്തയും ഉണ്ടായിരുന്നു.
ദുര്‍ഗാബാബിയും പൃഥ്വിസിംഗ് ആസാദും സ്വാമി റാവുവും ചേര്‍ന്ന് 1930 ഒക്ടോബര്‍ 8 ന് മുന്‍ പഞ്ചാബ് ഗവര്‍ണറായിരുന്ന സര്‍ മാല്‍ക്കം ഹെയ്‌ലിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കി. എന്നാല്‍ അവിടുത്തെ കനത്ത സുരക്ഷയെ തുടര്‍ന്ന് അവര്‍ ലാമിങ്ടണ്‍ റോഡിലുള്ള പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു കൊണ്ട് കമ്മീഷണര്‍ പാട്രിക് കെല്ലിയെ വധിക്കാന്‍ തീരുമാനിച്ചു. ദുര്‍ഗാദേവിയുടെ വെടിയേറ്റ് സര്‍ജന്‍ ടെയ്‌ലര്‍ക്കും അദ്ദേഹത്തിന്റെ പത്‌നിക്കും ഗുരുതരമായി പരിക്കേറ്റു. ഈ കേസില്‍ അഭിനവ് ഭാരതത്തിന്റെ അര ഡസനോളം പ്രവര്‍ത്തകര്‍ അറസ്റ്റിലായെങ്കിലും ദുര്‍ഗാബാബിയേയും പുത്രന്‍ ഹരിയെയും പോലീസിന്റെ കൈകളില്‍ പെടാതെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുവാന്‍ ഗണേഷ് സാവര്‍ക്കറിന് കഴിഞ്ഞു. ഇതിന് ശേഷം ഗണേഷ് സാവര്‍ക്കര്‍ വാരാണസിയിലേക്ക് കടന്നു. അവിടെ വെച്ചു അദ്ദേഹം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് അസോസിയേഷന്‍ നേതാവ് ചന്ദ്രശേഖര്‍ ആസാദുമായി ഊഷ്മളമായ ബന്ധം സ്ഥാപിച്ചു.
ഈ കാലഘട്ടത്തില്‍ ഭഗത് സിംഗ് വിചാരണ നേരിടുകയായിരുന്നു. അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും കയ്യില്‍ നിന്നും സചീന്ദ്രനാഥിന്റെ ‘ബന്ധിജീവന്‍’, ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ‘ആനന്ദമഠം’, വീര സാവര്‍ക്കറുടെ ‘ശിപ്പാഹി വിദ്രോഹ്’ എന്നീ കൃതികള്‍ പിടിച്ചെടുത്തു.
ഭഗത് സിംഗിന്റെ ജയില്‍ ഡയറി പരിപൂര്‍ണ്ണമായും നമുക്ക് ലഭ്യമല്ല എന്നു മാത്രമല്ല അതില്‍ വൈദേശിക ഇടപെടല്‍ നടന്നിട്ടുണ്ടോ എന്ന് പല പ്രമുഖ ചരിത്രകാരന്മാരും സംശയിക്കുകയും ചെയ്യുന്നു. ഭഗത്‌സിംഗിന്റെ കണ്ടെടുക്കപ്പെട്ട ജയില്‍ ഡയറി നോട്ടുബുക്ക് നാന്നൂറ്റി നാല് പേജുണ്ട്. ഇതില്‍ 194 മുതല്‍ 272 വരെയുള്ള പേജുകള്‍ നമുക്ക് ലഭ്യമായിട്ടില്ല.
ഈ ജയില്‍ ഡയറിയില്‍ കാറല്‍ മാര്‍ക്‌സ്, ട്രോട്‌സ്‌കി, വാലന്റൈന്‍ ചിരോള്‍, പ്ലേറ്റോ, സോക്രട്ടീസ്, ദസ്തിയോസ്‌കി, ലാല ലജ്പത്‌റായി, ടാഗൂര്‍, സാവര്‍ക്കര്‍ തുടങ്ങി വിവിധ വ്യക്തികളുടെ കൃതികള്‍ ഭഗത് സിംഗ് ഉദ്ധരിക്കുന്നുണ്ട്. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ യോഗങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് വായിക്കാന്‍ നല്‍കിയിരുന്ന ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവ നികൊളൈ ബുക്കാറിനും, എവിജനി പ്രിയോബ്രാഷ്ന്‍സ്‌കിയും ചേര്‍ന്ന് എഴുതിയ ‘ദി എ ബി സി ഓഫ് കമ്മ്യൂണിസം’, ഡാനിയല്‍ ബ്രീന്‍ എഴുതിയ ‘മൈ ഫൈറ്റ് ഫോര്‍ ഐറിഷ് ഫ്രീഡം’, ചിത്രഗുപ്ത എഴുതിയ ‘ലൈഫ് ഓഫ് ബാരിസ്റ്റര്‍ സാവര്‍ക്കര്‍’ എന്നിവയായിരുന്നു എന്ന് ഭഗത്‌സിംഗിന്റെ സഹപ്രവര്‍ത്തകനായിരുന്ന ദുര്‍ഗാ ദാസ് ഖന്ന സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ലാഹോറിലെ ദ്വാരകദാസ് ലൈബ്രറിയില്‍ നിന്നും എടുത്ത ഈ കൃതികള്‍ പിന്നീട് ഭഗത് സിംഗിനെയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തപ്പോള്‍ അവരുടെ കൈയില്‍ നിന്നും കണ്ടെടുത്തു.ഇതില്‍ ഡാന്‍ ബ്രീനിന്റെ ഐറിഷ് വിപ്ലവ ചരിത്രവും, വീരസാവര്‍ക്കറുടെ നിരോധിക്കപ്പെട്ട ‘1857 ലെ സ്വാതന്ത്ര്യ സമര ചരിത്രവും’ ഹിന്ദിയിലേക്ക് തര്‍ജ്ജമ നടത്തിയത് ഭഗത്‌സിംഗ് ആണെന്നാണ് പ്രമുഖ ഇടത് ചരിത്രകാരനായ പ്രൊഫ.ചമന്‍ലാല്‍ പോലും പറയുന്നത്.
ഭഗത്‌സിംഗ് തന്റെ ജയില്‍ ഡയറിയില്‍ ആറു തവണയാണ് വീര സാവര്‍ക്കറുടെ ‘ഹിന്ദു പദപാദഷാഹി’ സ്വന്തം കൈപ്പടയില്‍ ഉദ്ധരിച്ചിട്ടുള്ളത്.
1. ‘വിജയത്തിനായി നേരിട്ടോ അല്ലാതെയോ കാരണമാകുമ്പോള്‍ മാത്രമാണ് ബലിദാനം അര്‍ത്ഥവത്താകുന്നത്.വിജയത്തിനായി അല്ലാതെയുള്ള ബലിദാനം ആത്മഹത്യാപരം മാത്രമാണ്. അതുകൊണ്ട് തന്നെ മറാത്താ യുദ്ധ തന്ത്രത്തില്‍ അതിനൊരു സ്ഥാനവുമില്ല’ :- ഹിന്ദു പദപാദഷാഹി പേജ് 256.
2. ‘മറാത്തകളോട് യുദ്ധം ചെയ്യുന്നത് കൊടുങ്കാറ്റിനോടും കടലലയോടും യുദ്ധം ചെയ്യുന്നത് പോലെയാണ്’ (പേജ് 254).
3. ‘ചരിത്രം നിര്‍മ്മിക്കാനാകാതെ അതെഴുതേണ്ടി വന്നതും വീര ഗാഥകള്‍ കഴിവും അവസരവും ഉപയോഗിച്ച് ജീവിതത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിന് പകരം പാടി നടക്കേണ്ടി വന്നതും ഇന്നിന്റെ ശാപമായി മാറിയിരിക്കുന്നു’ (പേജ് 245).
4. ‘രാഷ്ട്രീയ അടിമത്തം ഏത് നിമിഷവും തകര്‍ത്തെറിയാന്‍ സാധിക്കും എന്നാല്‍ സാംസ്‌കാരിക അധിനിവേശത്തിന്റെ ചങ്ങലകള്‍ തകര്‍ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്’ (പേജ് 242-43)
.
5. ‘സ്വാതന്ത്ര്യമില്ല! എന്നാല്‍ നിങ്ങളുടെ പുഞ്ചിരിക്ക് മുന്‍പില്‍ ഞങ്ങള്‍ വിധേയരാകില്ല. ഞങ്ങളെ ആക്രമിക്കാന്‍ വരുന്നവരോട് പോയി പറയുക, അവരുടെ അടിമച്ചങ്ങലകളില്‍ ഒരു നിമിഷം കിടക്കുന്നതിലും ഭേദം ബലിപ്പീഠത്തില്‍ രക്തമൊഴുക്കുന്നതാണ്’ (പേജ് 219). (വീര സാവര്‍ക്കര്‍ ഐറിഷ് സാഹിത്യകാരന്‍ തോമസ് മൂറെയെ ഉദ്ധരിച്ചിരിക്കുന്നു.)
6. ‘മതപരിവര്‍ത്തനത്തിനേക്കാള്‍ ഭേദം മരിക്കുകയാണ്’, അക്കാലത്ത് ഹിന്ദുക്കള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ആഹ്വാനം ഇതായിരുന്നു. പക്ഷെ രാമദാസ് എഴുന്നേറ്റു നിന്നുകൊണ്ട് ആക്രോശിച്ചു, ‘അല്ല അങ്ങനെയല്ല. മതം മാറുന്നതിനുപകരം മരിക്കുന്നത് നല്ലതാണ്, പക്ഷേ മരിക്കാതെ ഇരിക്കുകയും ക്രൂരമായി മത പരിവര്‍ത്തനം ചെയ്യാതെയിരിക്കുന്നതും അതിനേക്കാള്‍ മികച്ചതാണ്. മറിച്ച്, അക്രമാസക്തമായ ശക്തികളെ സ്വയം കൊല്ലുകയും നീതിയുടെ പേരില്‍ ജയിക്കാന്‍ കൊല്ലുന്നതിനിടെ മരിക്കുകയും ചെയ്യുക’ (പേജ് 141-161).

1930 ഏപ്രില്‍ 5 ന് വീര സാവര്‍ക്കര്‍ക്ക് ഇംഗ്ലണ്ടില്‍ അഭയം നല്‍കിയ, സാവര്‍ക്കറുടെ രാഷ്ട്രീയ ചിന്തകള്‍ രൂപീകരിക്കുന്നതിന് പ്രധാന പങ്കുവഹിച്ച ശ്യാംജി കൃഷ്ണ വര്‍മ്മ ജനീവയില്‍ വെച്ച് അന്തരിച്ചപ്പോള്‍ ജയിലിനുള്ളില്‍ നിന്ന് ഭഗത് സിംഗ് അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തുന്നുണ്ട്.
സ്വയം നാസ്തിക വാദത്തില്‍ അടിയുറച്ചു വിശ്വസിക്കുമ്പോഴും തികഞ്ഞ ഭാരതീയനായിരുന്ന അദ്ദേഹം തന്റെ സാംസ്‌കാരിക പൈതൃകത്തെ മറന്നിരുന്നില്ല. താനൊരു നാസ്തികവാദിയാണെന്ന് ലോകത്തോട് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ കുല്‍ബീര്‍ സിംഗിന് അയച്ച കത്തുകളില്‍ സത്ശ്രീ അകാല്‍ എന്ന സാമ്പ്രദായിക സിഖ് അഭിവാദനം നടത്തിയിരുന്നു.
എന്നാല്‍ ഇതേസമയം സിഖ് തീവ്രവാദത്തിനെതിരെ കഠോരമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുവാനും ഭഗത് സിംഗ് മറന്നില്ല. ഗുരുദ്വാരക്കുള്ളില്‍ ‘രാജ് കരേഗാ ഖാത്സാ’ (ഖാത്സയുടെ രാജ്യം സ്ഥാപിക്കും) എന്നു പറഞ്ഞു കൊണ്ട്,പിന്നീട് ഗുരുദ്വാരക്ക് പുറത്തുവന്ന് റിപ്പബ്ലിക്കിനെ കുറിച്ച് പറയുന്നതില്‍ എന്തര്‍ത്ഥമാണ് ഉള്ളതെന്ന് ഭഗത് സിംഗ് ചോദിച്ചു.
ഈ കാലയളവില്‍ ഭഗത് സിംഗ് ‘കീര്‍ത്തി’ എന്ന മാസികയില്‍ വിപ്ലവവുമായി ബന്ധപ്പെട്ട വിഷയങ്ങളും ധീരദേശാഭിമാനികളുടെ ലഘു ജീവചരിത്രങ്ങളും ഖണ്ഡശയായി പ്രസിദ്ധീകരിച്ചിരുന്നു. ‘ഭീകരതയുടെ യഥാര്‍ത്ഥ അര്‍ത്ഥം’ (The real meaning of terror) എന്ന വീര സാവര്‍ക്കര്‍ ‘ശ്രദ്ധാനന്ദ്’ എന്ന പേരില്‍ സ്വാമി ശ്രദ്ധാനന്ദയുടെ ഓര്‍മ്മക്കായി നടത്തിയിരുന്ന മാസികയില്‍ വന്ന ലേഖനം ഭഗത് സിംഗ് 1928 മേയ് മാസത്തില്‍ കീര്‍ത്തി എന്ന തന്റെ മാസികയില്‍ പുനഃപ്രസിദ്ധീകരിച്ചു. പിന്നീട് ഭഗത്‌സിംഗ് അറസ്റ്റിലായതിന് ശേഷം ഭഗത്‌സിംഗിനും കൂട്ടാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് “Armed but tyrannical” എന്ന ലേഖനവും സാവര്‍ക്കര്‍ എഴുതുകയുണ്ടായി. ഭഗത്‌സിംഗിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇതിന് സമാനമായൊരു ലേഖനം 1930 ജനുവരി 26 ന് ഭഗവതി ചരണ് വൊഹറയും എഴുതുകയുണ്ടായി. ഭഗത്‌സിംഗിനെ തൂക്കിലേറ്റിയ ദിവസം രത്‌നഗിരിയിലെ സാവര്‍ക്കറുടെ ഗൃഹത്തിന് മുകളില്‍ കാവിപതാകക്ക് ഒപ്പം കറുത്ത പതാകയും ഉയര്‍ത്തി. നിമിഷകവിയായിരുന്ന സാവര്‍ക്കര്‍ ഭഗത് സിംഗിനെ കുറിച്ച് ഒരു കവിതയും അപ്പോള്‍ എഴുതി തയ്യാറാക്കി, അത് രത്‌നഗിരിയില്‍ പലയിടത്തും ആലപിക്കപ്പെട്ടു.
‘ഹാ ഭഗത് സിംഗ്!,
നീ ഞങ്ങള്‍ക്കായി തൂക്കിലേറി.
ഹാ രാജ്ഗുരു!,
ദേശീയതക്ക് ബലിയായ വീരകുമാര
ജയ ജയ.
ഇന്നത്തെ ആര്‍ത്തനാദം നാളത്തെ വിജയഭേരിയാകും,
രാജകിരീടം തിരിച്ചു പോകും,
അതിന് മുമ്പ് നിങ്ങള്‍ മൃത്യുകിരീടം ചൂടിയിന്ന്.
ഞങ്ങള്‍ ആയുധമെടുക്കുന്നു
നിങ്ങളുടെ ഒപ്പം ഉള്ളവരെ പോലെ
ശത്രുവിനെ വധിക്കുന്നു.
ആരാണ് പാപി ?
നിങ്ങളുടെ ഉദ്ദേശശുദ്ധിയില്‍ സംശയം ഉള്ളവന്‍.
മുന്നോട്ട് ബലിദാനികളെ,
ഞങ്ങള്‍ ഒരു ശപഥത്തിനായി സാക്ഷ്യം നല്‍കുന്നു,
ആയുധമെടുത്ത വിസ്‌ഫോടകമായ സംഘര്‍ഷം,
ആ പാതയില്‍ നിങ്ങള്‍ക്ക് പിറകെ ഞങ്ങളുണ്ട്,
സംഘര്‍ഷവും സ്വാതന്ത്ര്യവും സുനിശ്ചിതം !
ഹാ ഭഗത് സിംഗ്!’
നാല് മാസങ്ങള്‍ക്ക് ശേഷം ‘ശ്രദ്ധാനന്ദ’മാസികയില്‍ സാവര്‍ക്കര്‍ ഭഗത് സിംഗിനെ കുറിച്ച് ഒരു ഒരു ലേഖനം എഴുതി. മുമ്പ് വിപ്ലവകാരികള്‍ക്ക് നല്‍കിയിരുന്ന ബൗദ്ധിക പിന്തുണയുടെ ബാക്കിപത്രമായിരുന്നു ഈ ലേഖനം. ഉദാഹരണത്തിന് 1930 ഫെബ്രുവരി 15ന് കാകോരി സംഭവത്തെ തുടര്‍ന്ന് വീരനായ അഷ്ഫാഖുള്ള ഖാനെ തൂക്കിലേറ്റിയപ്പോള്‍, ‘ജനതേച്ചാ പ്യാരാ അഷ്ഫാഖ്’ (ജനപ്രിയനായ അഷ്ഫാഖ്) എന്നൊരു ലേഖനവും അദ്ദേഹം എഴുതിയിരുന്നു.
(തുടരും)