ഉത്തരപ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ ഒക്‌ടോബര്‍ 3ന് ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഉപയോഗിക്കുന്ന കോണ്‍ഗ്രസ്സിന്റെയും മറ്റു പ്രതിപക്ഷകക്ഷികളുടെയും ശ്രമം നമ്മുടെ രാജ്യം ഇന്നെത്തി നില്‍ക്കുന്ന ആപല്‍ക്കരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തിനുപകരം രാഷ്ട്രവിരുദ്ധശക്തികളെ കൂട്ടുപിടിച്ചുകൊണ്ട് ചില രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളെയും കോടതികളെയും മാനിക്കാത്തതും സമാധാനപരമായ ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നതുമാണ്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിന്റെ ഒടുവില്‍ ലഖിംപൂരില്‍ നടന്നത്. സംഘര്‍ഷത്തിനു പിന്നിലുണ്ടായ ഗൂഢാലോചനകളുടെ കാര്യത്തില്‍ മൗനം നടിക്കുന്ന രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും സംഭവത്തിന്റെ പേരില്‍ ഉത്തരപ്രദേശ് സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. എട്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിയമാനുസൃതമായ എല്ലാ നടപടികളും യുപി സര്‍ക്കാര്‍ സ്വീകരിച്ചിട്ടും അതിനൊന്നും വേണ്ട വിലകല്പിക്കാതെ സംഘര്‍ഷത്തെ ആളിക്കത്തിക്കുന്ന ഒരു സമീപനമാണ് ഇക്കൂട്ടര്‍ കൈക്കൊണ്ടത്. ഇതിനു പിന്നില്‍ നാലു മാസത്തിനകം വരാനിരിക്കുന്ന ഉത്തരപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാഗ്യപരീക്ഷണം നടത്താനുള്ള ശ്രമമാണെന്ന് നിഷ്പക്ഷ നിരീക്ഷകര്‍ ഇതിനകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ലഖിംപൂര്‍ ഖേരി ജില്ലയിലെ ബന്‍ബീര്‍പൂര്‍ഗ്രാമത്തില്‍ യുപി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുക്കുന്ന ചടങ്ങ് ഉപരോധിക്കുമെന്ന കര്‍ഷക സംഘടനകളുടെ പ്രഖ്യാപനമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പാര്‍ലമെന്റ് അംഗീകരിച്ച കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നത് പത്തോ പതിനഞ്ചോ പേരാണെന്നും അവരെ നിയന്ത്രിക്കാന്‍ കഴിയുമെന്നും ഈയിടെ അജയ്മിശ്ര പ്രസംഗിച്ചിരുന്നു. ഖാലിസ്ഥാന്‍ വാദികളായ തീവ്രവാദികളുമായി ബന്ധമുള്ള കോണ്‍ഗ്രസ് ഉപരോധസമരത്തിന് അവരെ ഇറക്കിയതായും പറയപ്പെടുന്നു. വാളുകളും തോക്കുകളുമടക്കം വഹിച്ചുകൊണ്ടാണത്രെ ‘കര്‍ഷകര്‍’ സമരത്തിനെത്തിയത്. ഉപമുഖ്യമന്ത്രി വരാനിരുന്ന ഹെലിപ്പാഡില്‍ രാവിലെ തന്നെ സമരക്കാര്‍ തമ്പടിച്ചിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാന്‍ ബി.ജെ.പി. പ്രവര്‍ത്തകരും എത്തിയിരുന്നു. പക്ഷെ സംഘര്‍ഷം ഒഴിവാക്കാന്‍ അദ്ദേഹം യാത്ര റോഡ് മാര്‍ഗ്ഗമാക്കി. സമ്മേളനം കഴിഞ്ഞു ഉപമുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മടങ്ങുമ്പോള്‍ ടികുനിയ പട്ടണത്തില്‍ ഒരു സംഘം മാരകായുധങ്ങളുമായി വാഹനവ്യൂഹത്തിനുനേരെ ആക്രമണമഴിച്ചുവിടാന്‍ ശ്രമിച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ മകന്റെ കാര്‍ കര്‍ഷകരുടെ ഇടയിലേക്കു ഇടച്ചുകയറി നാലുപേര്‍ കൊല്ലപ്പെട്ടതായാണ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇതു സംബന്ധിച്ച സത്യങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. മാത്രമല്ല കര്‍ഷകരെ കൊന്നു എന്നാരോപിക്കുന്നവര്‍, അവര്‍ വാഹനം കത്തിച്ച് ഡ്രൈവറടക്കം നാലു പേരെ കൊന്നതില്‍ യാതൊരു തെറ്റും കാണുന്നുമില്ല.
സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചെയ്തത്. ലഖിംപൂരില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും കര്‍ഷകരുടെ സംഘടനകളുമായി അവരുടെ നേതാവ് ടിക്കായത്ത് മുഖേന ആറുവട്ടം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് 45 ലക്ഷം രൂപയും ഒരു അവകാശിക്ക് ജോലിയും വാഗ്ദാനം ചെയ്തു. റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിയുടെ മകനടക്കം ഇരുപത് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതെല്ലാം ചെയ്തത് സംഭവം നടന്ന് ഒരാഴ്ചക്കകമാണ്. എന്നാല്‍ ഈ സമയം മുഴുവന്‍ ചില മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ ചെളിവാരിയെറിയാനാണ് ശ്രമിച്ചത്. കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ്സിനുവേണ്ടി മുതലക്കണ്ണീരൊഴുക്കിയ കപടഗാന്ധിമാരും നടത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ദളിത യുവാവ് കൊല്ലപ്പെട്ടപ്പോള്‍ തിരിഞ്ഞുനോക്കാത്തവരാണ് യുപിയില്‍ പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി മായാവതി തന്നെ ആരോപിക്കുകയുണ്ടായി.
വിവാദ കൃഷിനിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്റ്റേ ചെയ്തിട്ടും കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ രാജ്യത്ത് എവിടെയും വില്‍ക്കാന്‍ അനുമതി ലഭിക്കുന്നതും ഇടനിലക്കാരെ ഒഴിവാക്കാന്‍ സഹായിക്കുന്നതുമാണ് പുതിയ നിയമങ്ങളെന്നതിനാല്‍ ഭൂരിഭാഗം കര്‍ഷകരും ഈ നിയമങ്ങളെ സ്വാഗതം ചെയ്തിട്ടുമുണ്ട്. എന്നിട്ടും സമരരംഗത്തുള്ള ചില സംഘടനകള്‍ക്ക് അവയുടേതായ നിക്ഷിപ്ത താല്പര്യങ്ങളാണുള്ളത്. റിപ്പബ്ലിക്ക് ദിനത്തില്‍ തലസ്ഥാന നഗരിയില്‍ അക്രമമഴിച്ചുവിട്ടതും ഇതേ ശക്തികളാണ്.
നേപ്പാള്‍ അതിര്‍ത്തിയിലുള്ള ലഖിംപൂരിലെ രണ്ട് ലോകസഭാ മണ്ഡലങ്ങളെയും 2014 മുതല്‍ ബി.ജെ.പിയാണ് പ്രതിനിധീകരിക്കുന്നത്. കേന്ദ്രമന്ത്രി അജയ്മിശ്രയാണ് ഇവിടത്തെ ഒരു എം.പി. 80 ശതമാനവും കര്‍ഷകര്‍ താമസിക്കുന്ന ഈ ജില്ലയില്‍ അദ്ദേഹത്തിന് വലിയ ജനപിന്തുണയാണുള്ളത്. 2014ല്‍ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ച അദ്ദേഹം 2019ല്‍ രണ്ടുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഈ മേഖലയിലെ 36 നിയമസഭാ മണ്ഡലങ്ങളില്‍ 32 ഇടത്തും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ജയിച്ചത്. കോണ്‍ഗ്രസ്സിന്റെ എം.പിയായിരുന്ന ജിതേന്ദ്രപ്രസാദ് ബി.ജെ.പി. യില്‍ ചേര്‍ന്നതോടെ ഇവിടെ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി. ഖാലിസ്ഥാന്‍ വാദികളുടെ സഹായത്തോടെ കര്‍ഷകരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തിരിച്ചുവിടാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിക്കുന്നത് ഈ വസ്തുതകളാണ്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് തിരഞ്ഞെടുപ്പ് നയതന്ത്ര വിദഗ്ദ്ധനായി അറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്റ് നിയമിച്ച പഞ്ചാബ് പി.സി.സി. അദ്ധ്യക്ഷന്‍ പാകിസ്ഥാന്‍ ബന്ധമുള്ളയാളാണെന്നും അത് രാഷ്ട്രസുരക്ഷക്ക് വലിയ ഭീഷണിയാണെന്നും പറഞ്ഞത് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗാണ്. ഇതിനിടെ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന യുപി, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. തന്നെ അധികാരത്തില്‍ വരുമെന്നും പഞ്ചാബില്‍ തൂക്കുസഭ വരുമെന്നുമുള്ള എബിപി-സിവോട്ടര്‍ സര്‍വെയും പുറത്തു വന്നിരിക്കുകയാണ്. യുപിയില്‍ ബിജെപിക്കു 4.17% വോട്ടും 241 മുതല്‍ 249 വരെ സീറ്റും ലഭിക്കുമെന്നാണ് സര്‍വ്വെ പറയുന്നത്. ഇതാണ് കോണ്‍ഗ്രസ്സിനെ വിറളിപിടിപ്പിക്കുന്നത്. ദീര്‍ഘകാലം യുപി ഭരിച്ച കോണ്‍ഗ്രസ്സിന് 3നും 7നും ഇടയില്‍ സീറ്റാണ് സര്‍വെ പ്രവചിക്കുന്നത്. എന്തുവിലകൊടുത്തു. നിലമെച്ചപ്പെടുത്താനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമമാണ് ലഖിംപൂര്‍ സംഭവത്തിന്റെ പിന്നിലും തെളിഞ്ഞു കാണുന്നത്.