യോഗിവര്യനായ ചട്ടമ്പിസ്വാമികള്‍ ജീവന്‍ മുക്തനായിട്ട് ഒരു നൂറ്റാണ്ടു തികയുന്ന ഈ കാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തേയും സമഗ്രസംഭാവനകളേയും അധികരിച്ച് ഇരുനൂറോളം മനീഷികളുടെ പഠനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ബൃഹദ് ഗ്രന്ഥം തയ്യാറാക്കിയിരിക്കുകയാണ് പ്രമുഖ എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.എ.എം. ഉണ്ണികൃഷ്ണന്‍. അദ്ദേഹവുമായി സാഹിത്യ നിരൂപകന്‍ കല്ലറ അജയന്‍ നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്തഭാഗം.
ഒരു സിദ്ധന്‍ എന്ന നിലയ്ക്ക് ഈശ്വരീയമായ പല കഴിവുകളും പ്രാപ്തമാക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരു മഹാവ്യക്തിയാണ് ചട്ടമ്പിസ്വാമികള്‍ എന്ന് അടുത്തിടപഴകിയിട്ടുള്ളവര്‍ പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, സാധാരണ നമ്മള്‍ ചട്ടമ്പിസ്വാമികളെക്കുറിച്ച് പറയുമ്പോള്‍ സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ പൊരുള്‍ പറഞ്ഞു കൊടുത്ത മഹാത്മാവ് എന്ന് പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പട്ടിസദ്യയെ കുറിച്ചും സഹജീവികളോടുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചും ഒരുപാട് കഥകളും അനുഭവസാക്ഷ്യങ്ങളും ഉണ്ട്. അത്തരം കാര്യങ്ങളെകുറിച്ച് വിശദീകരിച്ചാല്‍ നന്നായിരുന്നു?
♠ ചട്ടമ്പിസ്വാമികളെ സിദ്ധന്‍ എന്ന വിധത്തിലാണ് കൂടുതലാളുകളും പരാമര്‍ശിച്ചു കണ്ടിട്ടുള്ളത്. സിദ്ധന്‍ എന്നുപറയുമ്പോള്‍ അത്ഭുതകൃത്യങ്ങള്‍ നിറവേറ്റുന്ന ആള്‍, ഇതാണല്ലോ സാധാരണ മനുഷ്യര്‍ക്ക് വേണ്ടത്. അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്താല്‍ അസാമാന്യനായി, ദിവ്യനായി എന്നൊക്കെയാണ് സാമാന്യജനങ്ങള്‍ വിചാരിക്കുന്നത്. സിദ്ധികള്‍ എന്നത് അധ്യാത്മ സാധനയില്‍, ആത്മീയ പുരോഗതിയില്‍ ഇടക്കാലത്ത് കൈവരുന്ന ചില വിഭൂതികള്‍ ആണ്. അത് ആത്മീയ പുരോഗതിയെ, പ്രയാണത്തെ തടസ്സപ്പെടുത്താനോ വ്യതിചലിപ്പിക്കാനോ വേണ്ടി ആയിരിക്കും വല്ലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ട് യഥാര്‍ത്ഥ മുമുക്ഷു ആ സിദ്ധികള്‍ എന്ന ആകര്‍ഷണ വിഭവങ്ങളെ അവഗണിച്ചുകൊണ്ട് മുന്നേറുകയേ പതിവുള്ളൂ. ഇതാണ് വേദാന്ത ശാസ്ത്രത്തിന്റെ നിലപാട്. തമിഴ്-ശൈവ സിദ്ധാന്ത ഗ്രന്ഥത്തില്‍, ‘ഒഴുവിലൊടുക്ക’ത്തില്‍ അതിനെക്കുറിച്ച് പറയുന്നത്, സിദ്ധികള്‍ പാദ അണി പോലെ അഥവാ പാദരക്ഷ പോലെ മാത്രം കരുതിയാല്‍ മതിയെന്നാണ്. പാദരക്ഷയല്ലല്ലോ നമ്മുടെ ലക്ഷ്യം. പാദങ്ങള്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള കരണം അഥവാ ഉപകരണം മാത്രം.
പൂര്‍ണ്ണത പ്രാപിച്ചു കഴിയുമ്പോള്‍ ആ ആത്മാവിന് അന്യവും അസാധ്യവും ആയിട്ട് ഒന്നും തന്നെ ഉണ്ടാവുകയില്ല. അപ്പോള്‍ ഐശ്വര സിദ്ധികള്‍, ഈശ്വരീയമായ വിഭൂതികള്‍, അഷ്ടസിദ്ധികള്‍ ഒക്കെ സ്വാഭാവികമായും ഉണ്ടാകും. ചട്ടമ്പിസ്വാമികളുടെ കാര്യത്തില്‍ അത് വളരെ വളരെ ഉണ്ടായിരുന്നു. അദ്ദേഹം പല പ്രാവശ്യം അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്തതായിട്ടൊക്കെ പലരും രേഖപ്പെടുത്തിയിരിക്കുന്നു. പക്ഷെ സിദ്ധികള്‍ പ്രദര്‍ശിപ്പിക്കരുത് എന്നതാണ് സ്വാമികള്‍ എന്നും മാനിച്ച നിലപാട്. അങ്ങനെ സിദ്ധികള്‍ പ്രകടിപ്പിച്ചാല്‍ അവനവന്‍ ആര്‍ജ്ജിച്ചിരിക്കുന്ന ശക്തിക്ക് വാട്ടം അല്ലെങ്കില്‍ കോട്ടം തട്ടും എന്നുള്ളതാണ്. ഇത് വ്യക്തമാക്കാന്‍ വേണ്ടി അദ്ദേഹം ഒരു പ്രവൃത്തി ചെയ്ത് കാണിച്ചു കൊടുത്തു. അവര്‍ ഒരു മരത്തിന്റെ ചുവട്ടില്‍ കൂടിയിരുന്നു സംസാരിക്കുകയായിരുന്നു. ആ മരത്തില്‍ പറ്റി പടര്‍ന്നു കിടന്ന ഒരു വള്ളിയെ സ്വാമികള്‍ ഒന്ന് വലിച്ചു താഴ്ത്തി. അല്പംകഴിഞ്ഞപ്പോള്‍ ആ വള്ളിയുടെ ഇലകളും മറ്റും വാടിപ്പോയി. ഇതാണ് സിദ്ധി പ്രകടനം കൊണ്ടുണ്ടാകുന്ന അപകര്‍ഷം അഥവാ അപകടം. ഇത് ഒഴിവാക്കണം എന്ന് പറഞ്ഞു. ആ ഉപദേശം സാധകനെ സംബന്ധിച്ച്, ഉപാസകനെ സംബന്ധിച്ച് ബ്രഹ്മജിജ്ഞാസുവിന് സാധകമായ ഉപദേശമാണ്.
സ്വാമികള്‍ 27-ാമത്തെ വയസ്സില്‍ തന്നെ പൂര്‍ണ സാക്ഷാത്കാരം, ജീവന്മുക്തി, വിദേഹ മുക്തി കൈവന്ന ആളാണ്. പിന്നീടദ്ദേഹം ശരീരത്തെ കൊണ്ടുനടന്നു എന്നേയുള്ളൂ. ആടും പിണം എന്ന മട്ടില്‍ ആ ശരീരത്തെ അദ്ദേഹം അത് വീഴുന്നതുവരെ കൊണ്ടുനടന്നു. അതിനിടയില്‍ പല കാര്യങ്ങളും അദ്ദേഹത്തിന് ചെയ്യേണ്ടി വന്നു. അത് സിദ്ധികളായിട്ട് നമ്മള്‍ അറിയുന്നു. ശരീരം മൂഴുവന്‍ ഉറുമ്പ് വന്ന് പൊതിയുന്നത്, വസ്ത്രം കടിച്ച് നശിപ്പിക്കുന്ന എലികളെ വിളിച്ചുവരുത്തി ശാസിച്ച് അവയ്ക്ക് ഭക്ഷണം കൊടുത്തു സന്തോഷിപ്പിച്ച് തിരിച്ചയക്കുന്നത്, തവളയും ചേരയും പാമ്പും ഒക്കെത്തന്നെ തന്റെ കട്ടിലിനടിയില്‍ സമാധാനത്തോടെ ദീര്‍ഘനേരം കഴിയുന്നത്, മനുഷ്യനെ തിന്നാന്‍ പ്രാപ്തിയുള്ള നായാട്ടു പട്ടിയെപ്പോലുള്ള വളര്‍ത്തുനായയെ വിളിച്ച് ശാന്തനാക്കുന്നത്, ഗര്‍ഭിണിയായ പശുവിനെ ഭക്ഷിക്കാന്‍ ആയുന്ന കടുവയെ പിന്തിരിപ്പിക്കുന്നത്, വീട്ടില്‍ വളര്‍ത്തുന്ന ആടുമാടുകളെ തിന്നാന്‍ പതിവായി രാത്രിയില്‍ വന്നുകൊണ്ടിരുന്ന പുലിയെ നെടുമങ്ങാട് ഭാഗത്ത് വച്ച് മടക്കി അയക്കുന്നത്, മൂര്‍ഖന്‍ പാമ്പിന് എല്ലാദിവസവും കരുനാഗപ്പള്ളിയില്‍ തോട്ടുവക്കത്ത് കാല്‍ കൊണ്ടുവച്ചു കൊടുക്കുകയും ആ പാമ്പ് കാലില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയും നക്കി തുടയ്ക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെ ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ ഉണ്ട്.
മറ്റൊന്നാണ് വിവേകാനന്ദസ്വാമികള്‍ക്ക് ചിന്‍മുദ്രയുടെ പൊരുള്‍ പകര്‍ന്നുകൊടുത്ത സംഭവം. അത് 1892 ല്‍ എറണാകുളത്തുവച്ച് സംഭവിച്ചതാണ്. സ്വാമികള്‍ ചന്തു ലാലാ എന്ന പോലീസ് സൂപ്രണ്ടിന്റെ ഭവനത്തില്‍ വിശ്രമിക്കുകയായിരുന്നു. രാമയ്യര്‍ എന്നുപറയുന്ന ഉന്നതനായ ഒരു സിവില്‍ ഓഫീസര്‍ അദ്ദേഹത്തിന്റെ ആരാധകനായിട്ട് ഉണ്ടായിരുന്നു. ആ സമയത്താണ് എറണാകുളം ബോട്ട്‌ജെട്ടിയില്‍ നിന്ന് എത്തിയ യുവ യോഗിയായ വിവേകാനന്ദ സ്വാമികള്‍ അടുത്ത വീട്ടില്‍ തങ്ങുന്നത്. വിവേകാനന്ദ സ്വാമികളോട് പറഞ്ഞു, ഇങ്ങനെ ഒരു മഹാസിദ്ധന്‍, മഹായോഗി അടുത്ത വീട്ടിലുണ്ട്, കാണുന്നത് നന്നായിരിക്കും. പക്ഷേ വിവേകാനന്ദസ്വാമികള്‍ അത് വേണ്ടത്ര പരിഗണിച്ചില്ല. അദ്ദേഹം ഹിമാലയം മുതല്‍ കന്യാകുമാരി വരെ ഗുരു ഉപദേശമനുസരിച്ച് പരിക്രമണം നടത്തുകയാണ്. അതിനിടയില്‍ അദ്ദേഹം കണ്ടുമുട്ടിയ സന്ന്യാസിമാരോടെല്ലാം ചോദിച്ച ഒരു ചോദ്യമുണ്ട്. ചിന്‍മുദ്രയുടെ രഹസ്യമെന്ത് എന്നത്. അദ്ദേഹം പ്രതീക്ഷിച്ച, ആഗ്രഹിച്ച സമാധാനം അഥവാ ഉത്തരം ഒരാളില്‍നിന്നും ഒരു കാഷായ വേഷധാരിയില്‍ നിന്നും കിട്ടിയില്ല. അതുകൊണ്ട് ഈ കാഷായമൊക്കെ ചുറ്റി ഉദര നിമിത്തം നടക്കുന്ന പലരേയും അദ്ദേഹത്തിന് മാനിക്കാന്‍ തോന്നിയിരുന്നില്ല. അതുപോലെ ഒരാള്‍ ആയിരിക്കും എന്ന് കരുതി അദ്ദേഹം ആ നിര്‍ദ്ദേശത്തെ വേണ്ടത്ര മാനിച്ചില്ല, പരിഗണിച്ചില്ല. പക്ഷേ ഇതേ വിവരം ചട്ടമ്പിസ്വാമിയെ അറിയിച്ചപ്പോള്‍ അദ്ദേഹം ഉത്സാഹഭരിതനായി പറഞ്ഞത് നമുക്ക് അങ്ങോട്ട് പോയി കാണാമല്ലോ എന്നാണ്.
ചട്ടമ്പിസ്വാമികള്‍ വിവേകാനന്ദ സ്വാമിയെ കാണാന്‍ അങ്ങോട്ട് ചെല്ലുകയായിരുന്നു. ചട്ടമ്പിസ്വാമികള്‍ക്ക് വിവേകാനന്ദസ്വാമികളേക്കാള്‍ കൃത്യം 10 വയസ്സ് കൂടുതലുണ്ട്. 1853-ല്‍ ചട്ടമ്പി സ്വാമികളുടെ ജനനം. 1863-ല്‍ ആണ് വിവേകാനന്ദസ്വാമികള്‍ പിറന്നത്. പത്ത് വയസ്സ് മൂത്ത ആളാണ്. അതൊന്നും ചട്ടമ്പിസ്വാമികള്‍ക്ക് തടസ്സമായില്ല. അദ്ദേഹം വിവേകാനന്ദന്‍ ഇരിക്കുന്ന വീട്ടിലേക്ക് ചെല്ലുന്നു. ദൂരെ വച്ച് തന്നെ വിവേകാനന്ദ സ്വാമിയുടെ കണ്ണില്‍പ്പെട്ടു ചട്ടമ്പിസ്വാമികളുടെ ആഗമനം. അദ്ദേഹത്തിന്റെ വേഷം ഒറ്റ വെള്ളമുണ്ടായിരുന്നു. മറ്റൊരു വെള്ളമുണ്ട് പുതപ്പായി, മേല്‍വസ്ത്രമായിട്ട് പുതച്ചിട്ടുണ്ടായിരുന്നു. പിന്നെ ഒന്നുമില്ല. പാദരക്ഷയില്ല, ഊന്നുവടിയില്ല, സന്യാസ മുദ്രകള്‍ യാതൊന്നും തന്നെയില്ല. കണ്ടാല്‍ ഒരു നാട്ടുമ്പുറത്തുകാരന്‍ കാരണവര്‍, ഒരു കുടുംബനാഥന്‍ – അതിനപ്പുറം ഒന്നും തോന്നുകയില്ല ആര്‍ക്കും. പെരുമാറ്റവും അങ്ങനെ തന്നെയാണ്. ഒരു വീട്ടില്‍ ചെന്നാല്‍ മുതിര്‍ന്നവരോട് അവര്‍ക്ക് സുഹൃത്തായിട്ട്, സ്ത്രീ ജനങ്ങളോട് അവര്‍ക്ക് ആരോഗ്യത്തിനും ശുചിത്വത്തിനും പാചകത്തിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്ന അമ്മാവനായിട്ട്, കാരണവനായിട്ട് അല്ലെങ്കില്‍ ഗുരുവിന്റെ സ്ഥാനത്ത്, കൊച്ചുകുട്ടികള്‍ക്ക് കളിക്കൂട്ടുകാരന്‍ ആയിട്ട് അങ്ങനെ എല്ലാവര്‍ക്കും എപ്പോഴും അഭിവന്ദ്യനായിട്ട് അവര്‍ക്ക് എല്ലാം കൃത്യമായ ഹൃദയബന്ധം, ഊഷ്മളമായ ആത്മബന്ധം പകര്‍ന്നുകൊടുക്കുന്ന ആളായിട്ടാണ് സ്വാമിയുടെ ജീവിതം.
അങ്ങനെ ഒരാള്‍ തന്റെ അടുത്തേക്ക് വരുന്നു എന്ന് കണ്ടപ്പോള്‍ യോഗിയായ, മഹാഋഷിയായ വിവേകാനന്ദസ്വാമികള്‍ക്ക് ആളെ തിരിച്ചറിയാന്‍ പറ്റി. ആ സന്യാസത്തിന്റെ, തപശ്ചര്യയുടെ അതിഥ്യ ഗതയില്‍ വിരാജിക്കുന്ന മഹാപുരുഷന്റെ ആഗമനം ഉളവാക്കിയ തരംഗ വീചികള്‍ വിവേകാനന്ദസ്വാമികള്‍ക്ക് അനുഭവപ്പെട്ടു. അദ്ദേഹം എഴുന്നേറ്റ് അങ്ങോട്ട് ചെന്ന് സ്വാഗതം ചെയ്തു. സന്ന്യാസ മര്യാദയില്‍ പരസ്പരം ഉപചാരം നടത്തി. അവര്‍ ഒരുമിച്ചിരുന്നു, പിന്നീട് ആ വീടിന്റെ പറമ്പിലൂടെ ചുറ്റി നടന്നു. അതിനിടയിലാണ് വിവേകാനന്ദ സ്വാമികള്‍ പതിവ് ചോദ്യം ചട്ടമ്പിസ്വാമിയുടെ മുന്നില്‍ ചോദിച്ചത്. ചോദ്യം സംസ്‌കൃതത്തില്‍ ആയിരുന്നു. ‘കീ ദൃശി ചിന്‍മുദ്ര?’ സംസ്‌കൃതമാണ് രണ്ടു പേര്‍ക്കും അറിയാവുന്ന പൊതുഭാഷ. അതിന് ചട്ടമ്പിസ്വാമികള്‍ കൊടുത്ത സമാധാനം, ആദ്യത്തെ വിശദീകരണം കേട്ടപ്പോള്‍ വിവേകാനന്ദ സ്വാമി പറഞ്ഞു, ഇത് എനിക്കറിയാം, പക്ഷേ ഇത് എങ്ങനെ അനുഭവപ്പെടും എന്നാണ് അറിയേണ്ടത്. അത് അപ്രകാശിതമായ പ്രമാണ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് ഇപ്രകാരം അനുഭവപ്പെടുമെന്ന് പ്രയോഗത്തിലൂടെ അനുഭവപ്പെടുത്തിക്കൊടുത്തു.
ആ അനുഭവം വിവേകാനന്ദ സ്വാമികളുടെ ശരീരത്തിലും അന്തരംഗത്തിലും ഉളവാക്കിയ ഊര്‍ജ്ജ പ്രകമ്പനം, അത് അത്യസാധാരണമായിരുന്നു. തന്റെ ഗുരുനാഥനായ ശ്രീരാമകൃഷ്ണദേവന്റെ വിരല്‍സ്പര്‍ശം ഏറ്റപ്പോള്‍ അനുഭവവേദ്യമായ അതേ തപ:ശക്തിയുടെ ഊര്‍ജ്ജപ്രവാഹം പിന്നീട് അദ്ദേഹത്തിന് അനുഭവപ്പെട്ടത് ചട്ടമ്പിസ്വാമികളുടെ വിരല്‍സ്പര്‍ശത്തിലൂടെയായിരുന്നു. അതുകൊണ്ട് അദ്ദേഹം പറയുകയുണ്ടായി, കേരളത്തില്‍ ഒരു പരിണിതപ്രജ്ഞനെ കണ്ടു എന്ന്. പിന്നീട് അദ്ദേഹം അതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഭാരതത്തിനകത്തും പുറത്തുമുള്ള എന്റെ എത്രയോ പരിക്രമണങ്ങളില്‍, പര്യടനങ്ങളില്‍ ഞാന്‍ അത്യസാധാരണനായ ഒരേയൊരു സന്യാസിവര്യനെ മാത്രമേ കണ്ടിട്ടുള്ളൂ, അതാണ് ചട്ടമ്പിസ്വാമികള്‍ എന്നാണ്. അങ്ങനെ വിവേകാനന്ദസ്വാമികളെ പോലും സമാധാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസ ശമിപ്പിക്കാനുള്ള ജ്ഞാന നില കൈവരിച്ചിരുന്ന ആളാണ് ചട്ടമ്പിസ്വാമികള്‍. അദ്ദേഹം ഒരു സിദ്ധിയും മന:പൂര്‍വും പ്രകടിപ്പിച്ചിട്ടില്ല. മറിച്ച് എന്തെങ്കിലും പ്രകടമായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം അദ്ദേഹം പരിപൂര്‍ണ്ണനായിരുന്നു എന്നതാണ്.
ചട്ടമ്പിസ്വാമികളെ കുറിച്ച് ഓര്‍ക്കുമ്പോഴും പറയേണ്ടിവരുമ്പോഴുമെല്ലാം എന്റെ മനസ്സില്‍ പെട്ടെന്നുണ്ടാകുന്ന വിശേഷണങ്ങള്‍ അറിവിന്റെ അവതാരവും പരിപൂര്‍ണതയുടെ പര്യായവും എന്നാണ്. നന്നേ ചെറുപ്പത്തില്‍ കൈവരിച്ച നിലയാണ് ഇത്. എത്രയോ പൂര്‍വ ജന്മങ്ങളിലൂടെ ആര്‍ജ്ജിച്ച ജ്ഞാനത്തിന്റെ സ്ഫൂര്‍ത്തി 27-ാം വയസ്സില്‍ വടിവീശ്വരത്തില്‍ വച്ച് സംഭവിച്ചതാണ്. അതാണ് അദ്ദേഹത്തിന്റെ വൈശിഷ്ട്യം, അദ്ദേഹത്തിന്റെ അത്യസാധാരണത്വം. അതോടുകൂടി അദ്ദേഹവും പ്രപഞ്ചവും പ്രപഞ്ച ആത്മാവും അഭിന്നമായിത്തീര്‍ന്നു. പരമാത്മാവ് തന്നെയായിട്ട് അദ്ദേഹം പരിണമിക്കുകയായിരുന്നു. പ്രപഞ്ചത്തിന്റെ മനസ്സുമായിട്ട് അദ്ദേഹത്തിന്റെ മനസ്സ് വിലയിക്കുകയായിരുന്നു. പ്രപഞ്ച മാനസത്തോട് അദ്ദേഹത്തിന്റെ ഐക്യം സംഭവിക്കുകയായിരുന്നു. പ്രകൃതിയും പുരുഷനും സംയോഗം ചെയ്യുന്നതു പോലുള്ള ഒരു പരിപൂര്‍ണ്ണ അനുഭവമാണ് പിന്നീട് ജീവിതത്തിലുടനീളം അദ്ദേഹത്തിനുണ്ടായത്. അതുകൊണ്ടാണ് അദ്ദേഹത്തെ ശ്രീനാരായണഗുരു ‘ലീലയാകാലമധികം നീ ത്വാന്തേ’ എന്നു വിശേഷിപ്പിക്കുന്നത്. പിന്നീടുള്ള ജീവിതം ലീലാലോലുപനായിട്ട് ശ്രീകൃഷ്ണ പരമാത്മാവിനെപ്പോലെ ആയിരുന്നു. അപ്പോള്‍ പ്രപഞ്ചവും താനും അഭിന്നമല്ല എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയുള്ള വെളിപാടുകള്‍ അദ്ദേഹത്തില്‍നിന്ന് നമുക്ക് കിട്ടുകയും ചെയ്തിട്ടുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞിട്ടുണ്ട്, മനസ്സിനും മനസ്സിനും ഇടയില്‍ ശൂന്യാന്തരീക്ഷം ഇല്ല. പ്രപഞ്ചമാകെ ഒറ്റ മനസ്സാണ്. ഇതൊക്കെ നമ്മള്‍ ആര്‍ഷ വാണികളായിട്ട് കേട്ടിട്ടുണ്ട്. പക്ഷേ, മലയാളികള്‍ക്ക് അനുഭവപ്പെടുന്നത് ആദ്യമായിട്ടായിരിക്കും. അത് എന്തിന് അദ്ദേഹത്തിനു പറയേണ്ടിവന്നു എന്ന് ചോദിച്ചാല്‍, നേരത്തെ പറഞ്ഞ മട്ടിലുള്ള അനുഭവങ്ങള്‍, അത്ഭുതപ്രവൃത്തികള്‍ – കടുവയെ മെരുക്കുന്നു, സര്‍പ്പത്തെ മെരുക്കുന്നു, എലിയെ വിളിച്ചുവരുത്തുന്നു, ഉറുമ്പിനോട് സംവദിക്കുന്നു, ഭാഷണം നടത്തുന്നു എന്നൊക്കെയുള്ള അത്ഭുതകര്‍മ്മങ്ങള്‍ കണ്ടിട്ടുണ്ടായ ചോദ്യങ്ങള്‍ക്ക് നല്‍കിയ സമാധാനമാണ്, മനസ്സിനും മനസ്സിനും ഇടയില്‍ ശൂന്യാന്തരീക്ഷമില്ല, പ്രപഞ്ചമാകെ ഒറ്റ മനസ്സാണ് എന്ന്. എന്നുവച്ചാല്‍ ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ പറയുന്ന അഖണ്ഡ സച്ചിദാനന്ദ ബോധം.
ബോധത്തില്‍ ആണല്ലോ പ്രപഞ്ചം നിലനില്‍ക്കുന്നത്. ബോധം – അഖണ്ഡമായ ബോധം – ആ ബോധമാണ് ബ്രഹ്മം. അതിലാണ് ബാക്കി എല്ലാം ഉണ്ടായി നിലനിന്ന് മറയുന്നത്. അപ്പോള്‍ സകലതിനും ഉണ്ടാകുന്നതിനും നിലനില്‍ക്കുന്നതിനും ലയിക്കുന്നതിനും ആധാരമായിരിക്കുന്ന ആദ്യന്ത വിഹീനമായ, അനശ്വരമായ, സനാതനമായ അഥവാ ആനന്ദ സ്വരൂപമായ ആ ബോധം, അതിന്റെ അഖണ്ഡതയെ കുറിച്ച്, പൂര്‍ണ്ണതയെ കുറിച്ച്, തന്റെ അനുഭവത്തെക്കുറിച്ചാണ് അതില്‍ നിന്നും അനുഭവപ്പെടുന്ന ആനന്ദാനുഭൂതിയാണ് സ്വാമികള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഈ ആനന്ദത്തിലായിരുന്നതുകൊണ്ട് അദ്ദേഹത്തിന് ഇല്ലായ്മകള്‍, വല്ലായ്മകള്‍ ഒന്നും അനുഭവപ്പെട്ടിട്ടില്ല. കുട്ടിക്കാലത്ത് കടുത്ത ദാരിദ്ര്യം ആയിരുന്നല്ലോ. വല്ലപ്പോഴുമാണ് വയറുനിറച്ച് ഉണ്ണാന്‍ കിട്ടുന്നത്. പിന്നീടും അങ്ങനെതന്നെയാണ്. അമ്മയുടെ മരണത്തോടെ വീട് ഉപേക്ഷിച്ച് ലോകം തന്നെ വീടായി കരുതി കഴിഞ്ഞപ്പോള്‍ ചെല്ലുന്നിടത്തുനിന്ന് എന്താണോ കിട്ടുന്നത് അത് കഴിക്കുക. കഴിക്കുന്നതിനെ സംബന്ധിച്ച് അദ്ദേഹത്തിന് പ്രത്യേക നിബന്ധനകള്‍ ഉണ്ട്. അതായത് മത്സ്യം, മാംസം, മദ്യം – മൂന്നും ഉപയോഗിക്കാത്ത ഭവനത്തില്‍ നിന്ന് മാത്രമേ ഭക്ഷണം കഴിക്കൂ. അത് കുടിലാണെങ്കിലും ചാളയാണെങ്കിലും ചെറ്റയാണെങ്കിലും കൊട്ടാരം ആണെങ്കിലും ഒരേ മനോഭാവത്തോടു കൂടി അദ്ദേഹം സ്വീകരിക്കും. അങ്ങനെയുള്ള ഭക്ഷണം വല്ലപ്പോഴുമാണ് കിട്ടുന്നത്. അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളത്, പഴയ മുറത്തിന് ചാണകവും പഴയ വയറിനു ചോറും വല്ലപ്പോഴും മതി അടഞ്ഞു കൊള്ളും. അല്ലാതെ പരിഭവിക്കുകയോ പരാതി പറയുകയോ ക്ഷീണിക്കുകയോ ക്ലേശിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. എന്താണ് കാരണം? ഈ പരിപൂര്‍ണ്ണതയുടെ ആനന്ദ ഭാവത്തിലാണ് സദാ അദ്ദേഹത്തിന്റെ സംസ്ഥിതി.
അദ്ദേഹം കാണിച്ചതും ചെയ്തതും പറഞ്ഞതും ഒക്കെ നമ്മളെപ്പോലുള്ള സാധാരണക്കാരന് അവിശ്വസനീയവും അത്ഭുതവുമാണ്. സ്വാമിജിയെ സംബന്ധിച്ചിടത്തോളം അത് തികച്ചും സാധാരണം. ജീവിച്ചിരിക്കെ തന്നെ അദ്ദേഹം ബ്രഹ്മമായി മാറിയിരുന്നു. അത് മനസ്സിലാക്കാന്‍ പലര്‍ക്കും സാധിച്ചില്ലെന്നേയുള്ളൂ. സ്വാമികളുടെ മഹാസമാധിയെ സംബന്ധിച്ച് അദ്ദേഹം നല്‍കിയ സൂചന പോലും കേട്ടവര്‍ക്ക് പൂര്‍ണമായിട്ട് മനസ്സിലാക്കാന്‍ സാധിച്ചോ എന്ന് സംശയമാണ്. അദ്ദേഹം തിരുവനന്തപുരത്തു നിന്ന് എല്ലാവരോടും യാത്ര പറഞ്ഞു കരുനാഗപ്പള്ളി വഴി പന്മനയില്‍ കുമ്പളത്തിന്റെ ആതിഥ്യത്തില്‍ അവസാനമായി തങ്ങാനായിട്ട് പോവുകയായിരുന്നു. അപ്പോള്‍ തിരുവനന്തപുരത്തുള്ള ഒട്ടേറെ ആളുകള്‍ പറഞ്ഞു, തിരിച്ചു വരണം, തിരിച്ചുവരണം തിരുവനന്തപുരത്ത് ഉണ്ടാകണം. ജീവിതവും സമാധിയും ഒക്കെ ഇവിടെ ആകണം എന്ന്. പലരും അപേക്ഷിച്ചു. അപ്പോള്‍ സ്വാമികള്‍ പറഞ്ഞു, മേടം 23 ആകട്ടെ. തീര്‍ച്ചയായും തെക്കോട്ട് തന്നെ വന്നേക്കാം എന്ന്. ആ മേടമാസം 23-ാം തീയതി കൊല്ലവര്‍ഷം 1099, അതായത് പൊതുവര്‍ഷം 1924, ആ പറഞ്ഞ തീയതിയിലായിരുന്നു അദ്ദേഹത്തിന്റെ സമാധി. ഇത് അദ്ദേഹം ശ്രീനാരായണഗുരു ഉള്‍പ്പെടെ ഉള്ളവരോട് നേരത്തെ പറഞ്ഞുകൊടുത്തിരുന്ന കാര്യമാണ്. ഇടവ സൂര്യനെ ഞാന്‍ കാണുകയില്ല, 99 ലെ ഇടവസൂര്യനെ ഞാന്‍ കാണുകയില്ല എന്ന് സ്വാമികള്‍ വ്യക്തമായിട്ട് പറഞ്ഞിരുന്നു. അതാണ് 23 ആകട്ടെ എന്ന് പറഞ്ഞത്.
മേടം 23-ന് വൈകിട്ട് ഒരു മൂന്നുമണിയായപ്പോള്‍ സിപിപിഎസ് സ്മാരക വായനശാലയില്‍ അദ്ദേഹം ഒരു കയറ്റു കട്ടിലില്‍ കിടക്കുകയായിരുന്നു. എപ്പോഴും സഹായി ആയിട്ടുള്ള പത്മനാഭപ്പണിക്കരെ ‘പണിക്കരേ’ എന്ന് വിളിച്ചു. എഴുന്നേറ്റിരിക്കണം എന്ന് ആവശ്യപ്പെട്ടു. അപ്പൊ 70 വയസ്സ് കഴിഞ്ഞു. ആരോഗ്യമൊക്കെ കുറഞ്ഞിരിക്കുന്നു. ക്ഷീണമുണ്ട്, ശാരീരികമായിട്ടുള്ള പീഢകള്‍ ഉണ്ട്, രോഗങ്ങളൊക്കെയുണ്ട്. പലപ്പോഴും അദ്ദേഹത്തിന് രോഗം വന്നിട്ടുണ്ട്. മുന്‍പൊരിക്കല്‍ കലൂര് വെച്ച് അദ്ദേഹം ചികിത്സാ വിധേയനായിട്ടുണ്ട്. അദ്ദേഹത്തിന് കുട്ടിക്കാലത്ത് ചൊറി, ചിരങ്ങ് എന്നൊക്കെ പറയുന്ന ത്വക് രോഗങ്ങള്‍ ഉണ്ടായിരുന്നു. ശാരീരിക ക്ലേശങ്ങള്‍ മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്ന പ്രയാസങ്ങളൊക്കെ ആ ശരീരത്തിലും ഉണ്ടായിരുന്നു. എഴുപത്തിയൊന്നാമത്തെ വയസ്സില്‍ സമാധിയുടെ സമയത്തും ക്ഷീണമുണ്ടായിരുന്നു. ദിവ്യത്വം, അത്ഭുതകൃത്യമൊന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ ലൗകിക ജീവിതത്തില്‍. അവര്‍ താങ്ങി ഇരുത്തി. എഴുന്നേറ്റിരുന്നു. പിന്നീട് സ്വാമി നേരിട്ട് ഇരുകാലും ബന്ധിച്ച് പത്മാസനസ്ഥനായി. കൈരണ്ടും അടിയിലേക്ക് പിണച്ചു വെച്ചു കൊണ്ട് അരമണിക്കൂറോളം സമയം അദ്ദേഹം ഊര്‍ദ്ധ്വദൃഷ്ടി ആയിട്ട് ഒരു ബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ പതുക്കെ അടഞ്ഞു. അരമണിക്കൂര്‍ സമയം കൊണ്ട് ശാന്തനായി സ്വസ്ഥനായി ബ്രഹ്മ വിലീനനാവുകയാണ് ഉണ്ടായത്.
അദ്ദേഹം നേരത്തെ പറഞ്ഞ, പ്രവചിച്ച ആ സമാധി അതിന്റെ ലക്ഷണങ്ങളും മറ്റും കണ്ടിട്ടാണ് അറിവുള്ളവര്‍ പറയുന്നത് ഇത് സവിശേഷമായിട്ടുള്ള സമാധിയാണ്. അസംപ്രജ്ഞാതസമാധി അഥവാ നിര്‍ബീജ സമാധിയാണ് ഇത്. എന്നു വച്ചാല്‍ പിന്നീട് വാസനയുടെ കണികപോലും അവശേഷിക്കാത്തതുകൊണ്ട് ഒരു ഭാവി സഞ്ചാരത്തിനും മറ്റൊരു ജന്മം എടുക്കുന്നതിനും എന്തെങ്കിലും ഒരു നിമിഷത്തേക്ക് വേണ്ടിയിട്ട് പോലും ഇനി ഒരു ജന്മം എടുക്കേണ്ട രീതിയില്‍ വേരറ്റുപോകുന്ന, സകല വാസനകളെയും വേരറുത്തുകളഞ്ഞു കൊണ്ടുള്ള നിര്‍ഗമനമാണ് അദ്ദേഹത്തിന്റെ ആത്മാവ് ആ ശരീര പഞ്ജരത്തില്‍ നിന്ന് കൈവരിച്ചത്. അപ്പോള്‍ അദ്ദേഹം പ്രപഞ്ചത്തിന്റെ ആത്മസത്തയില്‍ ലയിക്കുകയാണ് ഉണ്ടായത്. സ്വാഭാവികമായിട്ട് ഒരു ബഹളവുമില്ലാതെ ഒരു അസ്വാസ്ഥ്യവും അസ്വാഭാവികതയും ഇല്ലാത്ത വിധത്തില്‍ ആയിരുന്നു അദ്ദേഹം ഈ ലോകം വിട്ടുപോയത്. ഇങ്ങനെയുള്ള ഒരു മനുഷ്യന്‍ നമ്മുടെ അറിവില്‍ രേഖപ്പെടുത്തിയ ചരിത്രത്തില്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല.
ശങ്കരാചാര്യസ്വാമികളുടെ സര്‍വ്വജ്ഞപീഠാരോഹണത്തെ കുറിച്ചൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ അതിനൊന്നും രേഖകളില്ല. ഉള്ള രേഖകളില്‍ പോലും അഭിപ്രായൈക്യമില്ല. സ്വാമികളുടെ കാര്യം കണ്ടവര്‍ അതിനുശേഷം ആ ശരീരം സമാധി പൂണ്ടിരിക്കുന്നതിന്റെ ഫോട്ടോ അതും നമ്മുടെ മുന്നിലുണ്ട്. സമാധിക്കു പത്ത് നാല്പതു ദിവസം മുന്‍പ് എടുത്ത ഫോട്ടോയും നമ്മുടെ മുന്നില്‍ ഉണ്ട്. ചട്ടമ്പിസ്വാമികള്‍ നടുക്കും ശ്രീനാരായണഗുരുദേവന്‍ വലത്തും തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ ഇടത്തും ഇരുന്നുകൊണ്ടുള്ള ഒരു ഫോട്ടോയും ഉണ്ട്. വളരെ കുറച്ചു ഫോട്ടോ മാത്രമേ സ്വാമിയുടേതും എടുത്തിട്ടുള്ളൂ. ഇത് പ്രത്യക്ഷമായി കിട്ടിയ ഒരു അനുഭവമാണ്. വേദം മുതല്‍ ഉള്ള നമ്മുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന സമാധിയുടെ പ്രകടമായ അനുഭവമാക്കി തരുന്നതിന് സ്വാമികളുടെ ആത്മാവ് പ്രപഞ്ചാത്മാവുമായി ലയിക്കുന്ന സംഭവത്തിന് സാധിച്ചു. ജനിച്ച് സാധാരണയായി ജീവിച്ച് അത്യസാധാരണമായ കര്‍മ്മങ്ങള്‍ അവശേഷിപ്പിച്ച് കടന്നുപോയ മഹാത്മാവാണ് ചട്ടമ്പിസ്വാമികള്‍. അദ്ദേഹത്തിന് ഒരു അവകാശവാദവും ഇല്ല. അദ്ദേഹം ആചാര്യനാകണം എന്ന് ആവശ്യപ്പെട്ടവരോട് ദാസനായിരിക്കുകയേയുള്ളൂ എന്ന് വെളിപ്പെടുത്തി.
മലയാള ഭാഷയെ അതിന്റെ ഗദ്യത്തെ എത്രമാത്രം ശക്തിയുള്ളതാണ് എന്ന് അദ്ദേഹത്തിന്റെ രചനകളിലൂടെ ബോധ്യപ്പെടുത്തി. മറ്റെല്ലാവരും പദ്യ രചനകളില്‍ ഏര്‍പ്പെട്ടപ്പോള്‍ സ്വാമികള്‍ ഗദ്യത്തെ കൈവരിച്ചു. അതിലൂടെയാണ് നിഷിപ്തതാല്പര്യക്കാര്‍ മതപരിവര്‍ത്തനം, അധിനിവേശത്തിന്റെ താത്പര്യങ്ങള്‍ ഒക്കെ മലയാളത്തിലേക്ക് കടത്തിവിട്ടു കൊണ്ടിരുന്നത്. അതേ ഗദ്യം കൊണ്ടാണ് അദ്ദേഹം അവയെ പ്രതിരോധിച്ചത്. എന്നുമാത്രമല്ല പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ നമുക്ക് കാണാന്‍ കഴിയുന്ന നമ്മുടെ ഗദ്യത്തിന്റെ, വൈജ്ഞാനിക ഗദ്യത്തിന്റെ ശക്തിചൈതന്യങ്ങള്‍ മുഴുവന്‍ സംഭരിച്ച് നവീകരിച്ച്, പുനരുജ്ജീവിപ്പിച്ച് പ്രയോഗിക്കുകയാണെങ്കില്‍ പാശ്ചാത്യാധുനികതയെ, ഇംഗ്ലീഷിന്റെ വൈഭവം കലര്‍ന്ന മലയാളഭാഷയെ പോലും പ്രതിരോധിക്കാന്‍ ആകും എന്ന് അദ്ദേഹം തെളിയിച്ചു. എന്നുവച്ചാല്‍ പാശ്ചാത്യമായ, കൊളോണിയല്‍ ആയ, അധിനിവേശ ഫലമായ ആധുനികതയെ കൊളോണിയല്‍ മോഡേണിറ്റിയെ അദ്ദേഹം കൗണ്ടര്‍ ചെയ്യുകയാണ്, പ്രതിരോധിക്കുകയാണ് ചെയ്തത്.
താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ ശ്രദ്ധയില്‍ വൈകിയാണെങ്കിലും പെട്ടിട്ടുളള സംഗതികളാണ്. ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചട്ടമ്പിസ്വാമികളുടെ ആദിഭാഷ ഓടിച്ച് വായിച്ചപ്പോള്‍, അതിന്റെ ഗൗരവം എനിക്ക് മനസ്സിലായില്ല. അദ്ദേഹം അതില്‍ പറയുന്നതുപോലെ ആദിദ്രാവിഡഭാഷയില്‍ നിന്നാണ് സംസ്‌കൃതം രൂപപ്പെട്ടത് എന്നുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം, വളരെ പ്രസക്തമല്ലാത്ത ഒരു നിരീക്ഷണമായിട്ടാണ് എനിക്ക് തോന്നിയത്. പിന്നീട് ഒരിക്കല്‍ക്കൂടി വായിച്ചു നോക്കിയപ്പോഴാണ് മനസ്സിലാക്കുന്നത് സൂക്ഷ്മമായ ഒരു പഠനം ആവശ്യപ്പെടുന്ന നിരീക്ഷണമാണ് അത് എന്ന്. പ്രകൃതിയുടെ ഒരു സ്വഭാവം ലളിതത്തില്‍നിന്നും സങ്കീര്‍ണ്ണത്തിലേക്കാണ്. സങ്കീര്‍ണ്ണത്തില്‍നിന്ന് ലളിതത്തിലേക്കല്ല. തമിഴില്‍ അക്ഷരമാലകളൊക്കെ കുറവാണ്. സംസ്‌കൃതത്തില്‍ അക്ഷരമാലകളൊക്കെ കൂടുതലുമാണ്. കുറച്ചു കൂടെ ഗഹനമാണ്. ഒരേ ക്രമമാണ്. അകാരാദിക്രമം തന്നെയാണ് രണ്ടിനകത്തുമുള്ളത്. അപ്പോള്‍ ചട്ടമ്പിസ്വാമികള്‍ പറയുന്ന കാര്യം കൂടുതല്‍ പഠനം അര്‍ഹിക്കുന്ന ഒരു കാര്യമാണ് എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലാകുന്നത്. ജ്ഞാനശാസ്ത്രപരമായ ഒരു വികസനം സത്യത്തില്‍ മലയാളത്തില്‍ ആരംഭിക്കുന്നത് ചട്ടമ്പിസ്വാമിയില്‍ നിന്നാണ്. മറ്റ് നിരവധി മേഖലകളില്‍ അദ്ദേഹം വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ആദിഭാഷയെക്കുറിച്ചുള്ള ചട്ടമ്പിസ്വാമികളുടെ ഈ നിഗമനങ്ങളെ മുന്‍നിര്‍ത്തി അതിനെകുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
♠ആദിഭാഷ എന്ന കൃതി നമ്മള്‍ മലയാളികള്‍ മനസ്സിലാക്കിയിട്ട് കുറച്ചു കാലമേ ആയുള്ളൂ. ചട്ടമ്പിസ്വാമികള്‍ ഈ പുസ്തകം എഴുതിയത് തമിഴിലാണ്. തമിഴില്‍ എഴുതിയ പ്രതി ഇതുവരെ വീണ്ടെടുക്കപ്പെട്ടിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.പക്ഷേ ആ പുസ്തകത്തെ തമിഴില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റി എടുത്തതാണ് ആദിഭാഷ. പന്നിശ്ശേരി നാണുപിള്ള ആണ് അതിനെ മൊഴി മാറ്റി എടുത്തത്. ഇപ്പോള്‍ അത് വീണ്ടും തമിഴിലേക്ക് ആക്കിയിട്ടുണ്ട്. ആദിമൊഴി എന്ന പേരില്‍ തമിഴില്‍ ഇപ്പോള്‍ ആ പുസ്തകം ലഭ്യമാണ്. ഇത് ചട്ടമ്പിസ്വാമികളുടെ ഭാഷാ ദര്‍ശനത്തിന്റെ മഹത്തായ ഒരു ഗവേഷണ ഫലമാണ്. ഒരര്‍ത്ഥത്തില്‍ അത് ഭാഷാ ഗവേഷണം എന്നതില്‍ ഒതുങ്ങുന്നില്ല. അതിനപ്പുറത്ത് മനുഷ്യ ജീവന്റെ ആവിര്‍ഭാവവും അതുമായി ബന്ധപ്പെട്ട് ഭാഷയുടെ ഉത്ഭവവും – ഇങ്ങനെ രണ്ടു പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഊന്നിനിന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ ഗവേഷണ മനസ്സ് പ്രകടമാകുന്നത്. അനുബന്ധമായിട്ട് അദ്ദേഹം സംസ്‌കൃതം ഉള്‍പ്പെടെയുള്ള ഭാഷകളുടെ കാലം, പ്രാധാന്യം, നിലവാരം തുടങ്ങിയ വിഷയങ്ങളിലേക്കും ചര്‍ച്ചയെ കൊണ്ടെത്തിക്കുന്നുണ്ട്.
ആദിഭാഷ എന്ന പുസ്തകത്തില്‍ സ്വാമികള്‍ അവതരിപ്പിക്കുന്ന വീക്ഷണം ഇന്ന് ഭാഷാശാസ്ത്രം അംഗീകരിക്കുന്നതല്ല. ഭാഷാശാസ്ത്രം ശാസ്ത്രീയമായ ഗവേഷണങ്ങളിലൂടെ അതിന്റെ നിഗമനങ്ങള്‍ വ്യത്യസ്തമായ വിധത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും യാതൊരു അക്കാദമിക – പഠന പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിരുന്നിട്ടില്ലാത്ത, സര്‍വകലാശാലയിലെന്നല്ല കലാലയത്തിലും വിദ്യാലയത്തിലും തന്നെ പഠിച്ചിട്ടില്ലാത്ത, നടരാജ ഗുരുവിന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ‘തിരുവനന്തപുരത്തെ രാജവീഥികള്‍ മാത്രം കലാശാല ഗവേഷണത്തിന്റെ പരീക്ഷണശാലയാക്കി കുഞ്ഞന്‍പിള്ള ചട്ടമ്പി’. ആ ചട്ടമ്പിസ്വാമികള്‍ ഭാഷ എവിടെ ഉണ്ടായി, എന്തുകൊണ്ട് ഉണ്ടായി, എവിടെയായിരിക്കാം മനുഷ്യരാശിയുടെ ആദ്യസാന്നിധ്യം പ്രകടമായത് എന്നീ കാര്യങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കുമ്പോള്‍ അദ്ദേഹം നിരീക്ഷിക്കുന്നത് തമിഴ്‌നാടിനും സിലോണിനും നടുവില്‍ കടലില്‍ താണുപോയ ഒരു ദ്വീപ് – കുമരിക്കണ്ടം എന്ന പേരുള്ള ദ്വീപ് – അവിടെ ആയിരിക്കണം മനുഷ്യരാശിയുടെ ആവിര്‍ഭാവം ഉണ്ടായത് എന്നാണ്. അത് ഭൂമധ്യരേഖയും ആയിട്ടുള്ള സാമീപ്യം, അവിടത്തെ കാലാവസ്ഥയുടെ സ്വഭാവം ഇതൊക്കെ വച്ചുനോക്കുമ്പോള്‍ മനുഷ്യജീവന്‍ ആവിര്‍ഭവിക്കാന്‍ ഏറ്റവും അനുകൂലമായ ഒരു പ്രദേശം ആയിട്ടുതന്നെയാണ് ശാസ്ത്രം അതിനെ നിരീക്ഷിക്കുന്നത്. പക്ഷേ ഒരു കാലത്ത് ഒന്നായി കിടന്ന ഏഷ്യയും ആഫ്രിക്കയും എന്തോ കാരണം കൊണ്ട് വേര്‍പെട്ടതിനെ തുടര്‍ന്ന് ആ സ്ഥലം അങ്ങനെ അപ്രത്യക്ഷമായതും ആയി ബന്ധപ്പെട്ടൊക്കെ ചില നിഗമനങ്ങള്‍ വേറെയുണ്ട്. ഇപ്പോള്‍ ശാസ്ത്രം അംഗീകരിച്ചിട്ടുള്ളത് ആഫ്രിക്കയില്‍ ആ ഉഷ്ണമേഖലയിലായിരിക്കണം അല്ലെങ്കില്‍ ആണ് മനുഷ്യജീവന്‍ ആവിര്‍ഭവിച്ചത് എന്നാണ്. സ്വാഭാവികമായും അവിടങ്ങളില്‍ തന്നെ ഭാഷ മനുഷ്യന്റെ ഭാഷണ ശേഷിയും പ്രകടമായിരിക്കണം എന്നൊക്കെയാണ് ശാസ്ത്രം അംഗീകരിക്കുന്നത്.
പക്ഷേ ഈ വന്‍കര ഒന്നായി കിടന്നതും വേര്‍പെട്ടതും ആയിട്ടുള്ള കാരണങ്ങള്‍ കൂടി അന്വേഷിക്കുമ്പോള്‍ അതിനെക്കുറിച്ച് സ്വാമിയുടെ നിഗമനത്തിന്റെ സാധുതയെക്കുറിച്ച് നമുക്ക് വ്യക്തത വരും. സ്വാമി പറയുന്നത് ഈ കുമരിക്കണ്ടം എന്ന ദ്വീപില്‍ മനുഷ്യന്‍ ആദ്യമായി പ്രത്യക്ഷമാകുകയും അവിടെ ആണ് അവന്റെ മൊഴി കേട്ടു തുടങ്ങിയതും എന്നാണ്. മൊഴി എന്ന വാക്കാണ് സ്വാമി ഉപയോഗിക്കുന്നത്. ആ മൊഴിയെ അദ്ദേഹം തമിഴ് എന്ന് വ്യവഹരിക്കുമ്പോള്‍ ഇന്ന് തമിഴ്‌നാട്ടിലോ തമിഴര്‍ ഉള്ളിടത്തോ ഉപയോഗിക്കുന്ന തമിഴ് ഭാഷ എന്നല്ല വിവക്ഷിതം. ഇന്നത്തെ തമിഴിനും കന്നടത്തിനും തെലുങ്കിനും മലയാളത്തിനും മറ്റു ദ്രാവിഡഭാഷകള്‍ ആയി അറിയപ്പെടുന്നവയ്ക്കും എല്ലാം അമ്മയായ മൂല ദ്രാവിഡമെന്ന് ചില ചിന്തകന്മാര്‍ വിശേഷിപ്പിക്കുന്ന പൂര്‍വ്വ ദ്രാവിഡം എന്ന ഭാഷയെയാണ് അദ്ദേഹം തമിഴ് എന്ന വാക്ക് ഉപയോഗിച്ച് വ്യവഹരിക്കുന്നത്. അതാണ് ആദിഭാഷ. മനുഷ്യന്റെ ആദ്യത്തെ ഭാഷ എന്നാണ് അദ്ദേഹം നിഗമനത്തില്‍ എത്തിച്ചേരുന്നത്. ആ ഭാഷ മറ്റുപ്രദേശങ്ങളില്‍ മറ്റു ജനവിഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നതിനെ സംബന്ധിച്ച് അദ്ദേഹത്തിന് രണ്ട് സിദ്ധാന്തങ്ങള്‍ ആണ് ഇതുമായി ചേര്‍ത്തു പറയാനുള്ളത്. അതില്‍ ഒന്ന് ‘വീചീ തരംഗ ന്യായം’. രണ്ടാമത്തെത് ‘കദംബ മുകുള ന്യായം’. വീചി തരംഗ ന്യായം കടലില്‍ വെള്ളത്തില്‍ ഉണ്ടാകുന്ന ഒരു തിര അലച്ചു മുന്നേറുന്നു, പിന്നാലെ മറ്റൊരു തിര വരുന്നു, ഇങ്ങനെ ഒന്നിനു പിന്നാലെ മറ്റൊന്നായി എന്ന കണക്കിന് അനേകം തിരകള്‍ ഉണ്ടായി വ്യാപിക്കുന്നത് പോലെയാണ് ഭാഷ ഒരു സ്ഥാനത്തുനിന്ന് മറ്റു പലയിടത്തേക്കും പല മട്ടില്‍ പല പ്രകാരത്തില്‍ പല പേരില്‍ ആയിത്തീര്‍ന്നിരിക്കാവുന്നത് എന്ന് സ്വാമികള്‍ പറയും. അല്ലെങ്കില്‍ കദംബ മുകുള ന്യായം പോലെ. കദംബ വൃക്ഷത്തില്‍ അഥവാ കടമ്പ് വൃക്ഷത്തില്‍ ഒരേസമയത്ത് എല്ലാ ശിഖരത്തിലും മൊട്ടുകള്‍ പ്രത്യക്ഷപ്പെട്ട് പൂക്കള്‍ ഉണ്ടാകുന്നത് പോലെ ഒരേ സമയത്തു തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യന്‍ ഭാഷ എന്ന ആ സിദ്ധി വിശേഷത്തെ പ്രയോഗിച്ചു തുടങ്ങുന്നു എന്നതാണ്. ഇങ്ങനെ രണ്ട് സാധ്യതകളാണ് ഭാഷയുടെ വ്യാപനത്തെ, ആവിര്‍ഭാവത്തെ സംബന്ധിച്ച് അദ്ദേഹം അവതരിപ്പിക്കുന്നത്. അത് സ്വാമികളെ സംബന്ധിച്ചിടത്തോളം – സന്യാസി, അവധൂതന്‍, ലൗകികാതീതന്‍ എന്ന് കരുതുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം – അദ്ദേഹത്തിന്റെ ദര്‍ശനം അന്ന് വേണ്ടത്ര പരിഗണിക്കപ്പെട്ടിരുന്നില്ല.
ഇതിനോടൊപ്പം മനസ്സിലാക്കുന്ന മറ്റൊന്ന്, സംസ്‌കൃത ഭാഷ ഈ മൂലദ്രാവിഡം, ആദി ദ്രാവിഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തമിഴിന്റെ ഒരു പ്രാകൃതമാണ് എന്നതാണ് സ്വാമി അവതരിപ്പിക്കുന്ന നിഗമനം. സംസ്‌കൃതം തമിഴിന്റെ തന്നെ ഒരു പ്രാകൃതമാണ്. അതുകൊണ്ടാണല്ലോ സംസ്‌കൃതത്തിന് പൂര്‍വ്വമായിട്ട് പ്രാകൃതം എന്ന് തന്നെ ഒരു ഭാഷയെ കുറിച്ച് നാം അറിയുന്നത്. പ്രാകൃതം സംസ്‌കരിക്കപ്പെട്ടിട്ടാണ് സംസ്‌കൃതം ആകുന്നത്. അത് സ്വാമി പറയുന്നതിന്റെ യുക്തി വളരെ വളരെ ശാസ്ത്രീയമായാണ്. അതായത് സാധാരണഗതിയില്‍ നമ്മള്‍ ഭാഷ ആദ്യം പഠിക്കുന്നു, രണ്ടാമത്, പിന്നാലെ മാത്രം അതിന്റെ വ്യാകരണം മനസ്സിലാക്കുന്നു. അപ്പോള്‍ ഭാഷ വശപ്പെടുത്തിയതിനുശേഷമാണ് ആ ഭാഷയുടെ വ്യാകരണ പഠനം സമാരംഭിക്കുന്നത്. പക്ഷേ സംസ്‌കൃതത്തിന്റെ കാര്യം അങ്ങനെയല്ല. സംസ്‌കൃതം പഠിച്ചു തുടങ്ങുന്നത് വ്യാകരണ ബോധനത്തോടു കൂടിയാണ്. വ്യാകരണം പഠിച്ചിട്ടാണ് സംസ്‌കൃതഭാഷയിലേക്ക് നാം ചെന്നെത്തുന്നത് എന്നതാണ്. അപ്പോള്‍ ഇത് സംസ്‌കൃത ഭാഷയുടെ നിര്‍മ്മിതിയെ സംബന്ധിച്ച്, പശ്ചാത് അവസ്ഥയെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ അതിദര്‍ശനമാണ്. അതുപോലെ തന്നെ ഒരു കുഞ്ഞ് വായ തുറക്കുമ്പോള്‍ ‘മ് മ’ പിന്നെ അതില്‍ അത്ഭുതം, ‘അമ്മ’ പിന്നെ ‘ഓ’ ഈ ലോകത്തെ കണ്ടുള്ള അത്ഭുതം. അങ്ങനെ പിന്നീട് അതിന്റെ സങ്കടം, വിലാപം, കരച്ചില്‍ അങ്ങനെയാണ് മൊഴി രൂപപ്പെട്ടത് എന്ന അഭിദര്‍ശനവുമൊക്കെ ആ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
ഞാന്‍ ആദ്യം സൂചിപ്പിച്ചല്ലോ, സ്വാമികള്‍ തമിഴില്‍ രചിച്ചു, പിന്നീടത് മലയാളത്തിലേക്ക് വന്നു. പക്ഷേ എത്രയോ കാലം അത് മലയാളികളുടെ മുന്നിലെത്താതെ മറഞ്ഞു കിടന്നു. അതുകൊണ്ട് അതിനെ ഭാഷാ ശാസ്ത്രജ്ഞന്മാരുടെയും വൈയാകരണന്‍മാരുടെയും തന്നെ വേണ്ടത്ര ശ്രദ്ധ നേടിയെടുക്കാന്‍ പറ്റാതെ പോയി. ചട്ടമ്പിസ്വാമികളേക്കാള്‍ കൃത്യം പത്ത് വയസ്സിളപ്പമുള്ള ആളാണ് എ.ആര്‍. രാജരാജവര്‍മ്മ. സ്വാമികളെ എ.ആര്‍. രാജരാജവര്‍മ്മ കണ്ടിട്ടുണ്ട്. അവര്‍ തമ്മില്‍ സംഭാഷണത്തിലേര്‍പ്പെട്ടിട്ടുമുണ്ട്. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, എ.ആര്‍. രാജരാജവര്‍മ്മ ഇവരൊക്കെ സ്വാമികളെ കണ്ടതിനെ കുറിച്ചുള്ള വിവരം നമുക്ക് ലഭ്യമാണ്. പക്ഷേ എന്തുകൊണ്ടോ കേരളപാണിനിയായ എ.ആര്‍. രാജരാജവര്‍മ്മ, മലയാളത്തിന്റെ ഇന്നും സ്വീകാര്യമായ വ്യാകരണഗ്രന്ഥം കേരളപാണിനീയം രചിച്ച എ.ആര്‍.രാജരാജവര്‍മ്മ വൈയാകരണനായ, ഭാഷാശാസ്ത്രജ്ഞനായ ആദിമൊഴിയുടെ കര്‍ത്താവായ ചട്ടമ്പിസ്വാമികളെ തിരിച്ചറിഞ്ഞിരുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആദിമൊഴി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു എങ്കില്‍ നിശ്ചയമായും അദ്ദേഹത്തിന് അതിനെ അവഗണിച്ചുകൊണ്ടോ, മറികടന്നുകൊണ്ടോ ഒരു ഭാഷാനയ രൂപവത്കരണത്തെ സംബന്ധിച്ച നിലപാടില്‍ എത്തിച്ചേരാന്‍ പറ്റുമായിരുന്നില്ല. ആ ദൗര്‍ഭാഗ്യം നമ്മുടെ ഭാഷാ പഠനത്തിന്, ഭാഷാശാസ്ത്ര പഠനത്തിന്, വ്യാകരണ പഠനത്തിന് ഒക്കെ ഉണ്ടാക്കിയ പരിമിതികള്‍ മറികടക്കുക എന്നത് കാലം ആവശ്യപ്പെടുന്ന ഒരു പ്രായശ്ചിത്തമാണ് എന്നും നമ്മള്‍ മനസ്സിലാക്കണം.
(തുടരും)