‘കേരളത്തില്‍ ഇനിയൊരു നൂറുകൊല്ലത്തേക്ക് പ്രളയത്തെ ഭയപ്പെടേണ്ടതില്ല എന്ന് ഉത്തരവാദിത്തമുള്ളവര്‍ പ്രസ്താവിക്കുന്നതു കേട്ടു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്താണ് യാഥാര്‍ത്ഥ്യം? കാലാവസ്ഥാവ്യതിയാനം, ജനസംഖ്യാ വര്‍ദ്ധന, അശാസ്ത്രീയമായ ഭൂ വിനിയോഗം ഈ മൂന്ന് ഘടകങ്ങളും ചേര്‍ന്നു സൃഷ്ടിക്കുന്ന, അഭൂതപൂര്‍വ്വമായ, ഗുരുതരമായ ഒരു പ്രതിഭാസമാണ് മഹാപ്രളയം. അതിനെക്കുറിച്ചു വിവേകത്തോടെ, ശാസ്ത്രീയമായി ചിന്തിക്കാന്‍ വൈകി.’ ബംഗളൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഭാഗമായ ഭൗമശാസ്ത്ര കേന്ദ്രത്തിലെ പ്രൊഫസര്‍ കുശലാ രാജേന്ദ്രന്‍ ഏതാനും ദിവസം മുമ്പു നടത്തിയ ഒരു നിരീക്ഷണമാണ് മുകളില്‍ കൊടുത്തത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും നടന്ന മഹാ പ്രളയങ്ങളിലെ ഏറ്റവും വിനാശകരമായ ഭാഗമായ ഉരുള്‍പൊട്ടലുകളുടെ നിദാനത്തെപ്പറ്റി വിശദീകരിക്കുകയായിരുന്നു ആ ശാസ്ത്രജ്ഞ. അസാധാരണമായ പെരുമഴകളുടെ അനിവാര്യമായ ഭാഗമായിരിക്കുന്നു കേരളത്തില്‍ ഈ പ്രതിഭാസം. അതോടൊപ്പം മേഘവിസ്‌ഫോടനം (cloud burst) എന്ന ഭയാനകമായ മറ്റൊരു സവിശേഷത കൂടി നമ്മുടെ പ്രളയ ദുരന്തങ്ങളുടെ ഒരു കാരണമായി മാറിയിരിക്കുന്നു. (ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു ഭൗമശാസ്ത്രജ്ഞന്മാര്‍ അനുസ്മരിപ്പിക്കുന്നു) ഒരു മണിക്കൂറില്‍ 10 സെന്റിമീറ്റര്‍ മഴ ഒരു പ്രദേശത്തു പെയ്തിറങ്ങുന്നതാണ് മേഘവിസ്‌ഫോടനം. മുഖ്യമായും ഉരുള്‍പൊട്ടലുകളില്‍പ്പെട്ട് കണ്മുമ്പില്‍ ജീവനോടെ കുഴിച്ചിടപ്പെട്ട ഭാഗ്യഹീനരുള്‍പ്പെടെ ഇക്കഴിഞ്ഞ ദുരന്തത്തില്‍ 100 പേര്‍ മൃതിയടഞ്ഞു. 19,000 ഹെക്ടര്‍ സ്ഥലത്തെ വിള നഷ്ടപ്പെട്ടു. മുന്നൂറോളം വീടുകള്‍ ശാശ്വതമായും മൂവായിരത്തോളം വീടുകള്‍ താല്‍ക്കാലികമായും നശിച്ചു. രണ്ടരലക്ഷം ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയംതേടി. ഇതിനകം തന്നെ സംസ്ഥാനത്തിനു വന്നുകൂടിയ നഷ്ടം 900 കോടി രൂപയോടടുക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിന്റെ അതി ഭീകരമായ ഓര്‍മ്മകള്‍ ഇനിയും ജനഹൃദയങ്ങളില്‍ നിന്നും മാഞ്ഞിട്ടില്ല. തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചിട്ടേയുള്ളൂ. അതിന്റെ വമ്പിച്ച ചെലവ് എങ്ങനെ വഹിക്കുമെന്നോര്‍ത്ത് നാം ഇരുട്ടില്‍ തപ്പിക്കൊണ്ടിരിക്കുമ്പോഴാണ് നിയതിയുടെ അതിരൂക്ഷമായ ശിക്ഷയെന്നോണം കൃത്യം ഒരുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മറ്റൊരു ദുരന്തം കേരളത്തെ തകര്‍ത്തെറിഞ്ഞിരിക്കുന്നത്.
അതിന്റെ വ്യാപ്തി കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തോളമില്ലെങ്കിലും അതിന്റെ ആഘാതം നമ്മുടെ പുനര്‍നിര്‍മ്മാണയജ്ഞത്തെ ഏറെ പുറകോട്ടുകൊണ്ടുപോയിരിക്കുന്നു. മറ്റൊരു സര്‍റിയലിസ്റ്റിക്ക് ദുസ്വപ്‌നം നമ്മെ വേട്ടയാടുന്നു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയ ദുരിതത്തിന്റെ ‘നിദാന’ത്തെക്കുറിച്ച് കുറെയധികം വാദപ്രതിവാദങ്ങളുണ്ടായെങ്കിലും, അതിന്റെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച് ഇന്ന് ആര്‍ക്കും സംശയമില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പ്രകൃതിക്കെതിരെ ദശാബ്ദങ്ങളായി നടന്നുവരുന്ന നിരന്തരമായ, വിവേകശൂന്യമായ, സ്വാര്‍ത്ഥമാത്ര പ്രേരിതമായ, അത്യന്തം വിനാശകരമായ കടന്നാക്രമണത്തിന്റെ അനിവാര്യമായ ദുരന്തഫലം തന്നെയാണ് കേരളം കഴിഞ്ഞകൊല്ലവും ഇക്കൊല്ലവും അനുഭവിച്ചത്. ദൈവനീതിക്കു ദാക്ഷിണ്യമില്ല. നമ്മുടെ ആസുരമായ ‘വികസനസങ്കല്പം’ ആകെ തിരുത്തിയേപറ്റൂ. കുന്നിന്‍ ചരിവുകളിലുള്‍പ്പെടെ മണ്ണിടിഞ്ഞു നീങ്ങി ഭൂമിയില്‍ വിള്ളലുണ്ടാക്കുന്ന പ്രതിഭാസമാണ് വയനാട്ടിലും മലപ്പുറത്തും ഇടുക്കിയിലും കണ്ടത്. ഭൂമി പന്ത്രണ്ടടി താഴ്ചയിലേക്ക് അമര്‍ന്നുപോയതും കുന്നിന്‍ചരിവുകള്‍ പാടങ്ങളിലേക്കു നിരങ്ങിയിറങ്ങിയതും വയലുകള്‍ ഉയര്‍ന്നുവന്നതും കിണറുകള്‍ തൂര്‍ന്നതുമൊക്കെ ഒരു ‘ഹൊറര്‍’ ചിത്രത്തിലെന്നപോലെ കണ്ടു ജനം പകച്ചുനിന്നു.
പരിസ്ഥിതിലോല മേഖലകളിലെ അശാസ്ത്രീയമായ, വിവേകരഹിതമായ ഭൂവിനിയോഗമാണ് ദുരന്തത്തിന്റെ തീവ്രത കൂട്ടിയതെന്നറിയാന്‍ ജൂഡീഷ്യല്‍ അന്വേഷണം വേണ്ട. ഭൂമി അതിന്റെ പൂര്‍വ്വസ്ഥിതി വീണ്ടെടുക്കാനുള്ള വാശിയും വീറുമാണ് കാണിച്ചതെന്ന് ഭൗമശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ചതുപ്പുകള്‍ നിരത്തി കെട്ടിയുയര്‍ത്തിയ മണിമാളികകള്‍ തകര്‍ന്നുവീണു. ആര്‍ത്തലച്ചെത്തിയ പെരുവെള്ളത്തെ ഉള്‍ക്കൊള്ളാന്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും കുളങ്ങളുമൊന്നും ഉണ്ടായില്ല. പണ്ട് എത്ര വലിയ മഴ പെയ്താലും പാടത്തെ വെള്ളപ്പൊക്കത്തില്‍ അത് ഒതുങ്ങുമായിരുന്നു. പുഴകള്‍ കരകവിഞ്ഞ് എത്തുന്നതും പാടങ്ങളിലായിരുന്നു. അനന്തവിസ്തൃതങ്ങളായ പാടങ്ങള്‍ നിറഞ്ഞാല്‍ മാത്രമേ പെരുവെള്ളം കരയിലേക്കു കയറുമായിരുന്നുള്ളൂ. ഇന്ന് ഇതൊക്കെ ഒരു ഓര്‍മ്മയായി മാറി. നീര്‍ത്തടങ്ങളും നിലങ്ങളും ഉച്ഛൃംഖലമായി നികത്തപ്പെട്ടു. ഈ നൃശംസതയ്ക്കു നിയമം വഴങ്ങാതെ വന്നപ്പോള്‍ നിയമം ഭേദഗതി ചെയ്ത് അതിനെ വരു തിയിലാക്കി. പാടങ്ങള്‍ കാടുപിടിച്ചു കരയ്ക്കു തുല്യമായി. ജലസംഭരണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിരുന്ന കുളങ്ങളുടെ സ്ഥിതിയും ഇതുതന്നെ. ചുരുക്കിപ്പറഞ്ഞാല്‍ പെരുവെള്ളപ്പാച്ചില്‍ ഉള്‍ക്കൊള്ളാന്‍ ഇന്നു നമുക്ക് വഴികളൊന്നുമില്ല. പ്രളയം കഴിഞ്ഞാലോ? ഒരു പകല്‍ തെളിഞ്ഞു നിന്നാല്‍ മതി, വന്നവെള്ളമെല്ലാം ഒഴുകിത്തീരും. ഇടതടവില്ലാതെ ആര്‍ത്തിയെടുത്തു മണലൂറ്റിയ കുഴികളിലേക്കു പുഴ ഒതുങ്ങും. വീണ്ടും കടുത്ത ഉഷ്ണവും വരള്‍ച്ചയും. ‘മഴ അനുഗ്രഹമാണ്. അതു നാളേക്കുള്ള കുടിനീരും കുളിരുമാണ്. കൈകാര്യം ചെയ്യുന്നതിലെ പിഴവാണ് അതിന്റെ ഭാവം മാറാന്‍ കാരണം’. പരിസ്ഥിതി വിദഗ്ദ്ധരുടെ സാരവത്തായ ഈ ഉപദേശം ആര്‍ക്കു വേണം, ആര്‍ത്തി മുഴുത്ത ഈ സമൂഹത്തില്‍? (വേമ്പനാട്ടു കായല്‍ 36,000 ഹെക്ടറില്‍ നിന്നു വെറും 15,000 ഹെക്ടറിലേക്കു ചുരുങ്ങിയിരിക്കുന്നു – പണക്കൊതിയുടെ ഇരയായി ശാസ്താംകോട്ട കായലിന്റെയും അഷ്ടമുടിക്കായലിന്റെയും എന്തിന്, കൊച്ചു വെള്ളായണിക്കായലിന്റെയും അവസ്ഥ ഭിന്നമല്ല. പണക്കൊതി പെരുകി റിസോര്‍ട്ടുകള്‍ പണിതുകൂട്ടിയ ബുദ്ധിമാന്‍മാര്‍ക്ക് വേണോ ഈ അറിവ് വല്ലതും?)
ഭൂവിനിയോഗത്തെക്കുറിച്ചുള്ള നമ്മുടെ ചിരന്തനമായ ധാരണകളും സങ്കല്പങ്ങളും ഉപേക്ഷിക്കാതെ വയ്യ. അതീവ ലോലമേഖലകളില്‍ ഇനിയൊരു റോഡുവെട്ടാന്‍ പോലും കൃത്യമായ ആഘാതപഠനം നടത്തിയേ പറ്റൂ – പിന്നെയല്ലേ റിസോര്‍ട്ടുകളും വാട്ടര്‍ തീം പാര്‍ക്കുകളും? കേരളത്തെ സുസ്ഥിരമാക്കി പുനര്‍നിര്‍മ്മിക്കുന്നതിന് ഇന്നു സാര്‍വ്വത്രികമായി കാണുന്ന വിവേകശൂന്യതയ്ക്കു കടിഞ്ഞാണിടാതെ നിവൃത്തിയില്ല. പാറമടകള്‍ ധാരാളം വേണം, മണലൂറ്റിയെടുത്തു കായലുകളുടെ ആഴം കൂട്ടണം, പരിസ്ഥിതിനിയമങ്ങളില്‍ കൂടുതല്‍ ഉദാരമായ ഇളവുകള്‍ വേണം – ഇതൊക്കെയല്ലേ, ശൂന്യപ്രായമായ ഖജനാവില്‍ നിന്നു കാല്‍ക്കോടി രൂപ ചെലവഴിച്ച് കഴിഞ്ഞ വര്‍ഷം നടത്തിയ ഏകദിന നിയമസഭാസമ്മേളനത്തില്‍ കേട്ട വായ്ത്താരികള്‍? കണ്ടാലും കൊണ്ടാലും പഠിക്കാത്ത അവസ്ഥയിലെത്തിയോ നമ്മുടെ ജനപ്രതിനിധികള്‍? ഇനിയൊരു മഹാപ്രളയമുണ്ടായല്‍ കേരളവും കേരളജനതയും അവശേഷിക്കുമോ? നിരന്തരമായ പരിസ്ഥിതി ധ്വംസനത്തിന്റെ അനിവാര്യമായ പരിണതഫലമാണ് കേരളം അനുഭവിക്കുന്നതെന്ന്, എന്നേ ഇതൊക്കെ ചൂണ്ടിക്കാണിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫ. മാധവ് ഗാഡ്ഗില്‍ വിനീതനായി ഓര്‍മ്മിപ്പിക്കുമ്പോള്‍, അദ്ദേഹത്തെ ‘ദുരന്തഭൂമിയിലെ ശവംതീനിക്കഴുകന്‍’ എന്നു നമ്മുടെ മുന്‍ പാര്‍ലമെന്റംഗം അതീവ ഹീനമായി അധിക്ഷേപിച്ചതു പോലെ നമ്മളും ചെയ്യണോ?
ആരാ ഈ മാധവ് ഗാഡ്ഗില്‍? എഴുപത്തേഴുകാരനായ ഈ ജ്ഞാനവൃദ്ധന്‍ ദീര്‍ഘകാലം ബംഗളൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയസിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം മേധാവിയായിരുന്നു; പശ്ചിമഘട്ടത്തെക്കുറിച്ചുള്ള പരിസ്ഥിതി വിദഗ്ദ്ധ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു; വിശ്രുതമായ ശാന്തിസ്വരൂപ് ഭട്‌നഗര്‍ പുരസ്‌കാരവും പത്മശ്രീ, പദ്മഭൂഷണ്‍ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ആഗോളതലത്തില്‍ തന്നെ പരിസ്ഥിതി ശാസ്ത്രത്തിന്റെ ഏറ്റവും ആധികാരിക വക്താക്കളില്‍ ഒരാളാണ് ഗാഡ്ഗില്‍.
പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ കൃഷി പാടില്ലെന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഘട്ടംഘട്ടമായി ഇല്ലാതാക്കണമെന്നും പുതിയ നിര്‍മ്മാണങ്ങള്‍ അനുവദിക്കരുതെന്നും പൊതുഭൂമി സ്വകാര്യാവശ്യങ്ങള്‍ക്കുവേണ്ടി മാറ്റരുതെന്നും അനധികൃത ഖനനം തടയണമെന്നുമൊക്കെയാണ് ഒരു പ്രവാചകന്റെ സ്വരത്തില്‍ ഗാഡ്ഗില്‍ ഉപദേശിച്ചത്. ഒരു പുതിയ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനമാകേണ്ട, അവശ്യമായ തിരിച്ചറിവുകളാണ് ഇവയെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? അവയെ അവഗണിച്ച് പ്രകൃത്യനുകൂലമായി കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമം സാധ്യമാണോ?
മഹാപ്രളയം നമ്മെ ആവര്‍ത്തിച്ചു പഠിപ്പിച്ച പാഠങ്ങള്‍ വിലയേറിയവയാണ്. പ്രളയവും വന്‍തോതിലുള്ള ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും സൃഷ്ടിച്ച പെരുമഴയ്ക്കു കാരണം കാലാവസ്ഥാവ്യതിയാനമാണ്. അതിന്റെ മൂലകാരണമാകട്ടെ വിപുലമായ പരിസ്ഥിതി നശീകരണവും. അണക്കെട്ടുകള്‍ പെട്ടെന്നു നിറഞ്ഞതിന്റെ കാരണങ്ങളിലൊന്ന് അവയുടെ സമീപമേഖലകളിലുണ്ടായ അസംഖ്യം ഉരുള്‍പൊട്ടലുകളാണ്. ഇതൊക്കെ പഠിപ്പിക്കുന്ന പാഠം ഒന്നേയുള്ളൂ- ജനതാല്പര്യമെന്നും വികസനമെന്നുമൊക്കെ പറഞ്ഞ് നാനാമുഖമായ പരിസ്ഥിതിധ്വംസനം തുടര്‍ന്നാല്‍ സാര്‍വത്രികമായ, അപരിഹാര്യമായ വിനാശം തന്നെയാകും ഫലം. ഗാഡ്ഗിലിന്റെ പ്രശസ്തമായ പശ്ചിമഘട്ട പരിസ്ഥിതി പഠന റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി അമ്പരിപ്പിക്കുന്നതാണ്. അതില്‍ ധാരാളം വെള്ളം ചേര്‍ത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സമ്പാദിച്ചു. സങ്കുചിതമായ, സ്വാര്‍ത്ഥാധിഷ്ഠിതമായ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് അതും വിഘാതമായേക്കുമെന്നും ഭയന്ന്, കുറേക്കൂടി വെള്ളം ചേര്‍ത്ത് ഉമ്മന്‍.വി.ഉമ്മന്‍ റിപ്പോര്‍ട്ട് സൃഷ്ടിച്ചു.
ഇത് വെറുതെ അങ്ങ് എഴുതുന്നതല്ല. 13 വില്ലേജുകളിലെ 13,056 ചതുരശ്ര കി.മീറ്ററാണ് കസ്തൂരി രംഗന്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഇത് 9,999 ചതുരശ്ര കി.മീറ്ററായി കുറച്ചു. അതില്‍ തന്നെയുള്ള വനേതര പ്രദേശങ്ങള്‍ ഒഴിവാക്കി, വീണ്ടും 9,107 ച.കി. മീറ്ററായി കുറച്ചു. ഇതും പോരാഞ്ഞ് പരിസ്ഥിതിലോലമേഖലയെ 8,683 ച. കി. മീറ്ററായി കുറയ്ക്കാന്‍ കേന്ദ്ര പരിസ്ഥിതി വകുപ്പിനെ സമീപിച്ചു. കേരളം നേരിട്ട അതി ഭീകരമായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പക്ഷെ, ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉണര്‍ന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആകെ തകരുന്നത് കണ്ട ട്രൈബ്യൂണല്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് എ.കെ. ഗോയല്‍, കസ്തൂരി രംഗന്‍ ശുപാര്‍ശചെയ്ത പരിസ്ഥിതിലോല മേഖലകളില്‍ യാതൊരു മാറ്റവും വരുത്താന്‍ പാടില്ലെന്നു കര്‍ശനമായി ഉത്തരവിട്ടു. ഇതുവരെ ഒരു ഭരണകൂടവും നേരിട്ടിട്ടില്ലാത്ത ഗുരുതരമായ ഒരു വെല്ലുവിളിയാണ് ഇന്ന് കേരള സര്‍ക്കാരിന്റെ മുമ്പില്‍ ഒരു മഹാസത്വത്തെപ്പോലെ ഉയര്‍ന്നിരിക്കുന്നത്. അതു നേരിടാനുള്ള ധാര്‍മ്മിക ധൈര്യവും ആത്മാര്‍ത്ഥതയും ഇച്ഛാശക്തിയും ഭരണ സംവിധാനത്തിനുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഈ നാടിന്റെയും നാട്ടുകാരുടെയും ഭാവി. അതിരപ്പള്ളിയില്‍ കഴുകന്‍കണ്ണുമായി ഏറെ നാളായി കാത്തുനില്‍ക്കുന്ന, ഇടുക്കിയില്‍ ഒരു അണക്കെട്ടു കൂടിയായാല്‍ എന്താ, അണക്കെട്ടുകളില്ലാത്ത അച്ചന്‍കോവിലാറ്റിലും മണിമലയാറ്റിലും ഓരോ അണക്കെട്ട് നിര്‍മ്മിച്ചാല്‍ എന്താ എന്നൊക്കെ വിദഗ്ദ്ധ ഉപദേശം നല്‍കുന്ന ഉപദേഷ്ടാക്കളോട് ‘വേണ്ട’ എന്നു പറയാനുള്ള വിവേകം സര്‍ക്കാരിനുണ്ടോ? ക്വാറി മാഫിയായുടെയും റിസോര്‍ട്ട് മാഫിയായുടെയും പ്ലാന്റേഷന്‍ മാഫിയായുടെയും മുമ്പില്‍ ഇനിയെങ്കിലും തന്റേടത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ സര്‍ക്കാരിനു കഴിയുമോ? അനിയന്ത്രിതമായ പാറപൊട്ടിക്കലും കുന്നിടിക്കലും വനനശീകരണവും ഇനിയും കേരളീയര്‍ കണ്‍മുമ്പില്‍ തന്നെകാണേണ്ടിവരുമോ? ടൂറിസത്തിന്റെ പേരില്‍ ഏറെക്കാലമായി മൂന്നാറില്‍ നടന്നുവരുന്നതുപോലെ ജൈവവൈവിദ്ധ്യമേഖല ആകെ തകര്‍ക്കുന്ന പ്രകൃതി ധ്വംസനം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുമോ? (ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മൂന്നാറില്‍ ഇന്നുള്ള 5,000 മുറികള്‍ ധാരാളം മതിയെന്നും ടൂറിസത്തിന്റെ പേരില്‍ പുതിയ റിസോര്‍ട്ടുകള്‍ അനുവദിക്കേണ്ടെന്നുമുള്ള നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശ അട്ടത്തുവെച്ചതാരാണ്?). മഴവെള്ള സംഭരണികളായ നീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും നികത്തുന്നതിനെതിരെ ഇനിയെങ്കിലും കര്‍ക്കശ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമോ? വീണ്ടും കടുത്ത വരള്‍ച്ചയും ഉഷ്ണവും വരാനുള്ള ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഭാരതപ്പുഴയിലും പെരിയാറിലും പമ്പയിലും ജലനിരപ്പു താഴ്ന്നതിനെത്തുടര്‍ന്ന് പച്ചപ്പു നശിച്ച്, വിണ്ടുകീറിയ കട്ടച്ചെളി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വൈകാതെ വന്നെത്തുന്ന വരള്‍ച്ചയെ താങ്ങാന്‍ നമുക്കു കഴിയുമോ?
സ്വന്തം എം.എല്‍.എമാരും എം.പിമാരും പാര്‍ട്ടിയിലെ ഉന്നതരും പുലര്‍ത്തുന്ന മൂഢവിശ്വാസങ്ങള്‍ക്കും ഉയര്‍ത്തുന്ന പ്രാകൃത വാദങ്ങള്‍ക്കും അവയ്ക്കു പുറകിലുള്ള നിര്‍ലജ്ജമായ സ്വാര്‍ത്ഥതയ്ക്കും അധാര്‍മ്മികതയ്ക്കും കടിഞ്ഞാണിടാന്‍ സര്‍ക്കാരിനു കഴിയുമോ? സത്യസന്ധരും നീതിനിഷ്ഠരുമായ ഉദ്യോഗസ്ഥരെ പരസ്യമായി തേജോവധം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുമോ? വിനയത്തോടെ പറയട്ടെ, കേരളത്തിന്റെ ഭാവി ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിലാണ് നിലകൊള്ളുന്നത്. ഒരിക്കല്‍ കൂടി പ്രകൃതി നമ്മുടെ സ്വാര്‍ത്ഥതയും അഹന്തയും വിവേക ശൂന്യതയും പൊറുത്തുവെന്നു വരില്ല.