Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ

ഒരു കിണറിന്റെ നിയോഗം

ലേഖ കാക്കനാട്ട്

Print Edition: 24 September 2021

ആകാശത്തിനും ഭൂമിക്കും നരച്ച കറുപ്പു നിറമായിരുന്നു. പരലോകമേതെന്ന് ഇനിയും കണ്ടെത്താന്‍ കഴിയാതെ അലയുന്ന പിതൃക്കളുടെ അതേ നിറം.

മഹാഗണപതിയേയും ഗുരുവിനേയും പരമേശ്വരനേയും മനസ്സില്‍ സ്മരിച്ച്, തറ്റുടുത്ത് നിലവിളക്ക് കൊളുത്തി തൂശനിലയില്‍ സാധനസാമഗ്രികള്‍ ഒരുക്കിവെച്ച് ബലിതര്‍പ്പണത്തിനായി തെക്കോട്ട് തിരിഞ്ഞിരുന്നപ്പോള്‍ ആരുടേയോ ഓര്‍മ്മപ്പെടുത്തല്‍ പോലെ വീണ്ടും മനസ്സില്‍ കുറിച്ചിട്ടു. ഇന്ന് 1971 ജൂലായ് 22 അതായത് ആയിരത്തി ഒരുനൂറ്റി നാല്‍പത്തിആറാം ആണ്ട് കര്‍ക്കിടകമാസം 6-ാം തീയതി, ഗുരുവാരേ പുണര്‍തം നക്ഷത്രം, അമാവാസി തിഥി, ഹര്‍ഷണനാമനിത്യയോഗവും കൂടിയ ദിവസം. കണ്ണടച്ച് ഇരുകരങ്ങളും കൂപ്പി സങ്കല്‍പ്പിച്ചു. എനിക്ക് ജന്മം നല്‍കി ഈ ഭൂമിയിലേക്ക് ഒരു പുരുഷ കേസരിയായി എന്നെ എത്തിക്കുവാന്‍ ആചാര്യനായി നിന്ന എന്റെ പിതാവിന്റെ ആത്മചൈതന്യത്തിന് വിഷ്ണു സായൂജ്യം ലഭിക്കേണ്ടതിലേക്ക് ഞാനീ ക്രിയകള്‍ ചെയ്യുന്നു.

പുലര്‍ച്ചക്കു മുന്‍പേയുള്ള ബാങ്ക് വിളിയുടെ അലകള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിയപ്പോള്‍. അരികിലായി ഒരാള്‍, കാലങ്ങളേറെ പഴക്കമുള്ള തെക്കുവശത്തെ പുളിമരച്ചോട്ടില്‍ പടിഞ്ഞാറോട്ട് തിരിഞ്ഞ് ദൈവത്തിന്റെ മുന്നില്‍ കുമ്പിട്ട് രണ്ട് റക്ക്ആത്ത് സുബഹി നിസ്‌കരിക്കാനൊരുങ്ങി. നിസ്‌കാരത്തിനു ശേഷം മരണശേഷമുള്ള നിത്യശാന്തിക്കായി വീണ്ടും പ്രാര്‍ത്ഥിച്ചപ്പോള്‍ പൂര്‍ത്തീകരിക്കാത്ത ഒരു കഥപോലെ അര നൂറ്റാണ്ടിനു മുമ്പ് ഇതേ സ്ഥലത്ത് പീടികകെട്ടി കളിച്ചിരുന്ന കൂട്ടുകാരായിരുന്ന കുഞ്ഞാലിയുടെയും കുട്ടിശങ്കരന്റെയും മുഖം മനസ്സില്‍ തെളിഞ്ഞു. കാലത്തിനുപോലും ഉള്‍ക്കൊള്ളാനാവാത്ത വലിയൊരു മാറ്റത്തോടെ അരനൂറ്റാണ്ടിനു ശേഷം അവര്‍ വീണ്ടുമൊരുമിക്കുന്നത് ഇപ്പോഴാണ്. അന്ന് സാധനങ്ങള്‍ തൂക്കി കൊടുക്കാന്‍ പീടികയില്‍ നിന്നിരുന്ന കുഞ്ഞാലി ഇന്ന് ഒരുപാട് പീടികമുറികള്‍ സ്വന്തമായുള്ള ആലിക്കുട്ടി മുതലാളിയാണ്. എന്നാല്‍ അന്നത്തെ പീടികയുടമയായിരുന്ന കുട്ടിശങ്കരന്‍ കാലമേല്‍പ്പിച്ച മുറിവുണക്കാന്‍ ഒരുപാധിയും കാണാതെ ജപവും മന്ത്രവുമായി ഇരുളടഞ്ഞ ഇല്ലത്തിന്റെ അകത്തളത്തിലും നിത്യപൂജയ്ക്ക് ഗതിയില്ലാത്ത മഹാദേവന്റെ തിരുമുമ്പില്‍ വല്ലപ്പോഴും പൂജാദികര്‍മ്മങ്ങള്‍ ചെയ്തും പുറംലോകമറിയാത്ത ശങ്കരന്‍നമ്പൂതിരി എന്ന സാധുവായ ഒരു മനുഷ്യജന്മമായി ഒതുങ്ങിക്കൂടി. പൊരുളറിയാത്ത വിരോധാഭാസങ്ങളുടെ തനിയാവര്‍ത്തനമെന്നോണം, എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ അറിയാതെ വന്നുചേരുന്ന ചില നിയോഗങ്ങള്‍.

നരച്ച താടിയില്‍ തലോടി ഓരോ ന്ന് ആലോചിച്ചു നിന്നപ്പോള്‍, തൊട്ട രികില്‍ നിന്ന് അക്ഷമയോടു കൂടിയുള്ള ഒരനുവാദം ചോദിക്കല്‍ …..

കുഞ്ഞാലി, ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ഇനി തുടങ്ങിയാലോ?.

ഓ-ശരി, ഇനി വൈകണ്ട. വിധി പ്രകാരം എല്ലാം ഭംഗിയായി പൂര്‍ത്തീ കരിക്കണം. പക്ഷേ ഇന്നലെ ഞാന്‍ പറഞ്ഞതെല്ലാം ഓര്‍മ്മ വേണം. കര്‍മ്മത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും ഞാനും ഇതില്‍ പങ്കാളിയാണല്ലോ. ഈ ജന്മത്തിന്റെ കടമയാണിതെന്ന് റബ്ബ് എന്നെ ഓര്‍മ്മിപ്പിക്കുന്നു. എന്റെ മനസ്സില്‍ പടച്ചറബ്ബ് തോന്നിപ്പിച്ച വഴിയാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

കൂട്ടുകാരന്റെ വാക്കുകള്‍ കേട്ടിട്ടും പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നുമില്ലാതെ പവിത്രം ധരിച്ച് കറുകപ്പുല്ലുകളുടെ ഇരു അഗ്രങ്ങളും കിണ്ടിയിലെ ജലത്തില്‍ മുക്കി ശുദ്ധി വരുത്തി, നാക്കിലയുടെ വടക്കുഭാഗത്ത് പച്ചരിയും എള്ളും കുതിര്‍ത്തി വച്ചതില്‍ നിന്ന് കുറച്ചെടുത്ത് ഉരുളയാക്കി ഹൃദയത്തോട് ചേര്‍ത്തുവച്ച് മരണപ്പെട്ടവരെ മനസ്സില്‍ സ്മരിച്ച് കറുകയുടെ മധ്യഭാഗത്ത് വച്ചു. പുഷ്പവും മഞ്ഞളും കിണ്ടിയില്‍ നിന്ന് ജലവുമെടുത്ത് പിണ്ഡത്തില്‍ സമര്‍പ്പിച്ച് മന്ത്രം ചൊല്ലാനൊരുങ്ങി.ആ ബ്രാഹ്മണോയേ പിതൃവംശജാതോ
മാതുസ്ഥതാവംശ ഭവാമദിയഃ
പൂര്‍ത്തീകരിക്കാതെ അറിയാതെ പകുതി വെച്ച് മുറിഞ്ഞുപോയ മന്ത്രത്തിനൊടുവില്‍ ഇടറിയ ശബ്ദം കേട്ടു.

ശങ്കൂട്ടാ അച്ഛനെന്നാ ഇല്ലത്തൂന്ന് പോയത്? ഒന്നും ഓര്‍മ്മിക്കാന്‍ പറ്റണില്ലാലോ. വല്ലാതെ വേദനിക്കണു. ഇത്തിരി വെള്ളം തരോ – ആരുമില്ലാലോ അരികില്‍.
എല്ലാം വെറും തോന്നലുകളാണെ ന്ന ധൈര്യം കൊടുത്ത് തുടര്‍ന്നും പൂവും നീരും പിണ്ഡത്തില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ ആരോ അലറിക്കരയുന്ന പോലെ.
തല പിളര്‍ന്നല്ലോ ഭഗവാനേ….. കാര്യസ്ഥനായിരുന്ന കുമാരപ്പണിക്കരുടെ അതേ ശബ്ദം. മനോനില കൈവിടാതെ ശേഷിക്കുന്ന അരിയും എള്ളും ചേര്‍ത്ത് ഉരുളയുണ്ടാക്കി പൂവും നീരും നല്‍കി നമസ്‌ക്കരിച്ച് തൊഴുതു.

പിണ്ഡാനാമുപരിപിണ്ഡശേഷം നമ: അവശേഷിക്കുന്ന ചടങ്ങുകള്‍ യഥാക്രമം നിര്‍വ്വഹിച്ച് കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത് കൈകഴുകി ശേഷിക്കുന്ന പിണ്ഡവും പൂവുമെല്ലാം വാരി ഇലയിലാക്കി നിന്നപ്പോള്‍ ആലിക്കുട്ടി പറഞ്ഞു. ഇനി എന്റെ പിന്നാലെ വരൂ. ഒരിക്കല്‍ നമ്മുടെ കാലടികള്‍ ഏറെ പതിഞ്ഞ ഒരുവഴിയില്‍ കൂടിയാണ് ഇനി യാത്ര തുടരേണ്ടതും.
നേരം പുലരുന്നതേയുള്ളൂ. പൂര്‍ണ്ണമായും വിട്ടുമാറാത്ത ഇരുട്ടില്‍ കൈയിലിരുന്ന റാന്തലിന്റെ നേരിയ വെട്ടത്തില്‍ ആലിക്കുട്ടി മുമ്പില്‍ നടന്നു. ശേഷിച്ച പിണ്ഡമടങ്ങുന്ന ഇല കൈകളില്‍ ഭദ്രമാണെന്ന് ഉറപ്പു വരുത്തി കൂട്ടുകാരനായ ശങ്കരന്‍ നമ്പൂതിരി പിന്നാലെയും.

നാലുകെട്ടെന്ന് പറഞ്ഞാല്‍ നാണക്കേടാകുമോ എന്നു ഭയന്ന് ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ ഒരു ഭവനം അവരുടെ പിന്നില്‍ മുഖം പൊത്തി നിന്നു. നൂറ്റാണ്ട് പഴക്കമുള്ള വിണ്ടു കീറിയ കല്‍പടവുകള്‍ ഇറങ്ങാന്‍ നാലുപാദങ്ങള്‍ കരുതലോടെ അവരുടെ ഊഴത്തിന് കാത്തു. ഇറക്കമിറങ്ങി താഴെയെത്തിയപ്പോള്‍ ആശ്വാസത്തോടെ ആലിക്കുട്ടി പറഞ്ഞു. പഴയ വയല്‍ വരമ്പിലൂടെ തന്നെ നമുക്കിനി നടക്കാം. മേലേടത്ത് വാസുദേവന്‍ നമ്പൂതിരി ചെയ്ത സുകൃതത്തിന്റെ അവശേഷിക്കുന്ന അടയാളമായി കാലം കാക്കുന്നതും ഈ പാടങ്ങളെയാകാം അല്ലേ.

അതേ കുഞ്ഞാലീ. കുറച്ചൊക്കെ അവശേഷിക്കണുണ്ട് അഷ്ടിക്കുള്ള വക. അതെങ്കിലും കണ്ട് അച്ഛന്റെ ആത്മാവ് സന്തോഷിക്കട്ടെ. എന്നാ ലും എന്താ നിന്റെ ഈ വരവിന്റെ ഉദ്ദേശം. എത്രയോ കൊല്ലങ്ങള്‍ക്ക് ശേഷം വാവുബലിയുടെ തലേന്ന് ഇല്ലത്ത് വന്ന് ഒരിക്കലെടുത്ത് ഇന്ന് നീ എന്റെയൊപ്പം… ഒന്നും എന്നോട് തെളിച്ച് പറയാതെ… എന്തൊക്കെയോ ഉള്ളില്‍ ഒളിപ്പിക്കുന്ന പോലെ…. നിനക്കറിയാലോ പണ്ടും നീ പറയുന്നതെന്തും ഞാന്‍ അനുസരിച്ചിട്ടേയുള്ളൂ…ഇനിയെങ്കിലും പറ, എങ്ങോട്ടാ ഈ യാത്ര.?

പറയാം. അതിനുമുന്‍പ് ഞാനിപ്പോഴും ഓര്‍ത്ത് പോവ്വാ. എന്ത് സന്തോഷായിരുന്നു അന്ന്. ചെറുപ്പകാലത്ത് പട്ടിണിയായിരുന്നെങ്കിലും അതിനുമുണ്ടായിരുന്നു ഒരു സുഖം. ബാപ്പയും ഉമ്മയും നാല് സഹോദരങ്ങളുമുള്ള എന്റെ പൊരയില്‍ തീ പുകഞ്ഞിരുന്നത് ആ വലിയോരു മനസ്സിന്റെ കരുണയായിരുന്നൂലോ. ഉമ്മയോട് ബാപ്പ പലപ്പോഴും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മനയ്ക്കലെ വാസുദേവന്‍ നമ്പൂതിരിക്ക് ഇക്കാണായ നിലമുള്ളപ്പോ ഇജ്ജ് എന്തിനാ ബേജാറാവണേന്ന്.

അതുപോട്ടെ, നോമ്പുതുറക്കാലമായാല്‍ പിന്നെ നീ എന്റെ പൊരേ തന്നെയായിരൂന്നൂലോ കെടപ്പും തീനിം. പത്തിരികൊതിയന്‍ എന്ന് ഉമ്മ നിന്നെ വിളിച്ച് കളിയാക്കാറുള്ളത് ഓര്‍ത്തു പോവ്വാ ഞാന്‍. ഒരിക്കല്‍ നോമ്പെടുത്ത് നട്ടുച്ചയായപ്പോഴേക്കും തളര്‍ന്നു വീഴാറായ നീ കാരയ്ക്ക കട്ട് തിന്നത് ഓര്‍ക്കണ് ണ്ടോ. എന്നിട്ട് നീ എന്നോടൊരു ചോദ്യം. ഈ സൂര്യനെന്താ ഇത്തിരി നേരത്തെ അസ്തമിച്ചാ എന്ന്.
അങ്ങനെ അങ്ങനെ എന്തൊക്കെ കഥകള്‍ അല്ലേ…?

കണ്ണുപൊത്തി വിട്ടാലും പണ്ട് നടക്കാന്‍ പ്രയാസപ്പെടാത്ത പാടവരമ്പിലൂടെ ഇനിയും മനസ്സിലാവാത്ത ജീവിത സമസ്യകള്‍ പൂരിപ്പിക്കാന്‍ പാടുപെട്ട് അവര്‍ നടന്നു.
ഓര്‍മ്മകള്‍ക്കും കറുപ്പ് നിറമാണ്. നിനച്ചിരിക്കാത്ത ജീവിതപ്പകര്‍ച്ചകള്‍ സമ്മാനിച്ച തീരാവേദനയുടെ കരിപുരണ്ട കറുപ്പ് നിറം.
ആലിക്കുട്ടി വീണ്ടും തുടര്‍ന്നു. സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞ നാട്ടില്‍ ലഹളപൊട്ടിപ്പുറപ്പെടുമെന്ന് നമ്മളാരും വിചാരിച്ചതല്ലാലോ. സംഭവിച്ചുപോയി. അതിലുപരി സംഭവിക്കേണ്ടതേ സംഭവിക്കൂ. അങ്ങനെ മാത്രം ആശ്വസിച്ച് വര്‍ഷങ്ങള്‍ തള്ളി നീക്കിയതാ ഞാന്‍.

അതേ കുഞ്ഞാലീ. പിന്നെ എന്തൊക്കെയാ ഇവിടെ നടന്നത്. തീവെപ്പും കൊള്ളയും കൊലയും അങ്ങനെ എന്തൊക്കെ ക്രൂരതകള്‍….! നിറവയറോടുകൂടിയ സ്ത്രീകളെ പോലും വെറുതെ വിട്ടില്ലാലോ. ഭര്‍ത്താക്കന്മാരുടെ മുന്‍പില്‍ വെച്ച് അവരെ വെട്ടിപ്പിളര്‍ന്ന് ആ ദൃശ്യം കാണാന്‍ വയ്യാതെ കണ്ണടക്കുമ്പോള്‍ കുന്തമുന കൊണ്ടുകുത്തി അവരുടെ കണ്ണ് തുറപ്പിക്കുന്ന ക്രൂരത. കേട്ടതൊന്നും സത്യമാവാതിരിക്കട്ടെ എന്ന് എത്രയോവട്ടം ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട്. സ്വന്തം പെങ്ങളും അതിനിരയായല്ലോ എന്നറിഞ്ഞപ്പോഴുള്ള എന്റെ മാനസികാവസ്ഥ നിനക്കൂഹിക്കാലോ. മാധവേട്ടന്‍ അതിനുശേഷം എത്രയോ കാലം മനോരോഗിയെപ്പോലെ ഇതിലെ അലഞ്ഞു തിരിഞ്ഞു നടന്നു. ഒരിക്കല്‍ ശാരദേടത്തീടെ ഫോട്ടോയും കയ്യില്‍ പിടിച്ച് വീട്ടില്‍ വന്ന് ഉമ്മറപ്പടിയില്‍ തലയിടിച്ച് കരഞ്ഞപ്പോള്‍ മരുമോനാണതെന്ന് മനസ്സിലാകാതെ മാനസിക വിഭ്രാന്തിയുള്ള അമ്മ ഏട്ടനെ ആട്ടിപ്പായിച്ച രംഗം … ഓര്‍ക്കാന്‍ വയ്യ ഇനി അതൊന്നും. അങ്ങനെ എത്രയെത്ര കഥകള്‍…. ആടുമാടുകളെ കൊണ്ടു വന്ന് അറുത്ത് ഇറച്ചിയാക്കും. എന്നിട്ട് ഇല്ലത്തുള്ളവരെ നിര്‍ബന്ധിച്ച് തീറ്റിക്കും. ഇറച്ചിയുടെ മണം പറ്റാത്തവര്‍ ശര്‍ദ്ദിക്കുമ്പോള്‍ അവരെ കുത്തുകയും ചവിട്ടുകയും ചെയ്യും.

ശരിയാ. ഉമ്മ പറഞ്ഞ് ഞാനും കേട്ടിട്ടുണ്ട്. മായാതെ മനസ്സില്‍ കിടക്കുന്ന നടുങ്ങുന്ന ഓര്‍മ്മകളെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച് ആലിക്കുട്ടി…. അപമാനിക്കപ്പെട്ട് കൊലപ്പെടുത്തിയ അമ്മമാരെ കെട്ടിപ്പിടിച്ച് കരയുന്ന കുഞ്ഞുങ്ങളെ ബയണറ്റ് കുത്തി കഷ്ണിച്ച് വധിച്ചിരുന്നു പോലും. തൊലിയുരിഞ്ഞ് മനുഷ്യശരീരങ്ങളെ കെട്ടിത്തൂക്കിയിരുന്നതും അന്നത്തെ ശിക്ഷാവിധിയുടെ മറ്റൊരു രൂപം.
അന്ന് ലഹളക്കാര്‍ വീട്ടിലേക്ക് കയറി വന്നതേ ഓര്‍മ്മയുള്ളൂ. ശങ്കരന്‍ നമ്പൂതിരി തുടര്‍ന്നു. കുമാരപണിക്കരേയും അച്ചനേയും അവര്‍ പിടിച്ചുകൊണ്ടു പോയി. ഒരു ഭാഗ്യം കിട്ടി പലവീടുകളും ചുട്ടെരിച്ച കൂട്ടത്തില്‍ എന്തോ കത്തിയെരിയാനുള്ള യോഗം ഇല്ലത്തിനുണ്ടായില്ല. അല്ലെങ്കിലും ഒരടയാളമെങ്കിലും ബാക്കിവെക്കാതെ പൂര്‍ണ്ണമായും ഒന്നിനെയും പ്രകൃതി പുറംതള്ളാറില്ലല്ലോ. എന്തായാലും പിടിച്ച് കൊണ്ടുപോയവരാരും തിരികെ വന്നില്ല. അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് നാളിതുവരെ എന്നോടാരും പറഞ്ഞിട്ടുമില്ല. സമനില തെറ്റിയ അമ്മപോലും എന്നില്‍ നിന്ന് എന്തൊക്കെയോ മറച്ച് വെക്കുന്നു എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.

ഒരിക്കല്‍ പൂജ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ സങ്കടം സഹിക്കാനാവാതെ മഹാദേവന്റെ തിരുമുന്നില്‍ തലതല്ലി കരഞ്ഞ് ഞാന്‍ പറഞ്ഞു. തൊണ്ണൂറ് വയസ്സായ അമ്മയോടും എന്നോടും എന്തിനാണീ പരീക്ഷണം. കല്ലില്‍ കൊത്തിയ ഉടല്‍പോലെയാണോ ഭഗവാനേ നിന്റെ മനസ്സും. പറയാന്‍ പാടില്ലാത്തതാണ് എന്നറിയാം… എന്നിട്ടും ഞാന്‍ പറഞ്ഞുപോയി.

അച്ഛനെ കാണാതായി ഒരാണ്ട് തികഞ്ഞപ്പോള്‍ മനസ്സിനിത്തിരി സമാധാനത്തിന് വേണ്ടി മരിച്ചെന്ന സങ്കല്‍പ്പത്തില്‍ ബലിയിട്ട് തുടങ്ങിയതാ ഞാന്‍. ആണ്ടില്‍ ഒരിക്കല്‍ എങ്കിലും ഒരുരുള അച്ഛന് നല്‍കാലോ. നിനക്കറിയോ ഇന്നത്തെ ദിവസത്തിന് വേറൊരു പ്രത്യേകത കൂടിയുണ്ട്. അച്ഛന്റെ ജന്മ നക്ഷത്രമാ ഇന്ന്, പുണര്‍തം. ശ്രീരാമന്റെ നക്ഷത്രം.

‘ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്ന കാലത്തിങ്കല്‍, അച്യുതന്‍ അയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍’… എന്നു പുരാണം. ഗ്രഹങ്ങള്‍ ഉച്ചരാശിയില്‍ നില്‍ക്കുമ്പോഴാണ് ജനനം എന്ന് പറഞ്ഞിട്ടെന്താ, ആത്മസംഘര്‍ഷവും സുഖാനുഭവങ്ങള്‍ കുറഞ്ഞും ത്യാഗങ്ങള്‍ അനുഷ്ഠിക്കേണ്ടതായും അനുഭവ ഫലം.

ഇരുട്ട് മാറി, നേരം പുലര്‍ന്ന് തുടങ്ങി. കെടാറായ റാന്തല്‍ വിളക്കിന്റെ തിരിതാഴ്ത്തി തന്റേതായ ജീവിത ദര്‍ശനത്തിന് തിരികൊളുത്തുന്ന വിധം ആലിക്കുട്ടി പറഞ്ഞു. പലപ്പോഴും ജീവിതത്തിന്റെ മുമ്പില്‍ തോറ്റു കൊടുക്കേണ്ടിവരുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പലതും ഉള്‍ക്കൊള്ളേണ്ടി വരും… നമുക്ക് എന്ത് ചെയ്യാന്‍ പറ്റും. മനുഷ്യരായി പോയില്ലേ.

വയല്‍ വരമ്പുകള്‍ പിന്നിട്ട് ഒരിടവഴിയിലേക്ക് കയറിയപ്പോള്‍ നിനച്ചിരിക്കാതെ പെയ്ത മഴയില്‍ അവരാകെ നനഞ്ഞു തുടങ്ങിയിരുന്നു. ഇലയോടെ എടുത്ത പിണ്ഡം കരുതലോടെ കയ്യില്‍ പിടിച്ച് നടന്ന് നടന്ന് അവരങ്ങനെ ഒരു മൊട്ടക്കുന്നിന്റെ അരികിലെത്തി.

നീ ഓര്‍ക്കുന്നുണ്ടോ. പണ്ട് നമ്മള്‍ കുട്ടിയും കോലും കളിച്ചിരുന്ന തേവര്‍കുന്നാണ് ഇത്. ഇടക്കിടെ ആരും കാണാതെ നമ്മള്‍ ഇവിടെ വരും. അന്നൊക്കെ യക്ഷികളെ ഭയന്ന് ആരും വരാതിരുന്ന ഒരു സ്ഥലമായിരുന്നു ഇത്. അതുകണ്ടോ?. എല്ലാത്തിനും മൂകസാക്ഷി എന്നോ ണം ആ കരിമ്പന ഇപ്പോഴും ഓലവിടര്‍ത്തി നില്‍ക്കുന്നുണ്ടവിടെ. കുന്നിന്‍ ചെരിവിലേക്ക് നടന്ന് കാടുമൂടിക്കിടക്കുന്ന ഒരു കിണറിന് സമീപമെത്തിയപ്പോള്‍ ആലിക്കുട്ടി കൂട്ടുകാരനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു, എത്തേണ്ടിടത്ത് നമ്മള്‍ എത്തിക്കഴിഞ്ഞു. എങ്ങോട്ടാണീ യാത്ര എന്ന നിന്റെ ചോദ്യത്തിന് ഒരുകാലത്ത് ഒരിക്കലും നീരുറവ വറ്റാതിരുന്ന ഈ കിണര്‍ തന്നെയാണ് ഉത്തരം. അതാണല്ലോ പിന്നീട് കുരുതിക്കളമായി മാറിയത്. തിരുത്തി എഴുതാന്‍ കഴിയാത്ത ചരിത്രത്തിന്റെ തലവര എന്നപോലെ.

ഒരിക്കല്‍ കുട്ടിയുംകോലും കളിച്ചപ്പോള്‍കോലുകൊണ്ട് നിന്റെ നെറ്റി വല്ലാതെമുറിഞ്ഞിരുന്നു. ചോര നിക്കാതെ വന്നപ്പം ദാ, കണ്ടോ ഈ കിണറ്റിലെ വെള്ളം കോരി ചോര തുടച്ചാ നമ്മള്‍ വീട്ടില്‍ എത്തിയത്. ആരും ഒന്നും അറിഞ്ഞില്ല. ഒരു മുറിപ്പാട് പോലും ആരും കണ്ടില്ല.

മറുചോദ്യം ഒന്നുമില്ലാതെ ഇത്രയും ദൂരം അനുസരണയോടെ തന്നോടൊപ്പം വന്ന കൂട്ടുകാരന്റെ തോളില്‍ കൈ ഇട്ടുകൊണ്ട് ആലിക്കുട്ടി പറഞ്ഞു. ഇനി ഞാന്‍ പറയുന്നത് ധൈര്യത്തോടെയും സമചിത്തതയോടെയും നീ കേള്‍ക്കണം. അന്ന് ലഹള നടന്നിരുന്ന സമയത്ത് ബ്രിട്ടീഷ് പട്ടാളക്കാരെ സഹായിച്ചെന്നോ മറ്റെന്തൊക്കയോ കുറ്റം ചുമത്തി കുറെപേരെ ഈ കിണറ്റിന്‍ കരയിലേക്ക് കൊണ്ടുവന്ന് ഓരോരുത്തരെയായി തലവെട്ടി കിണറ്റിലേക്ക് തള്ളിയിട്ടു. ചിലര്‍ക്കൊക്കെ ജീവനുണ്ടായിരുന്നു. പക്ഷേ അരഞ്ഞാണുകള്‍ ഇല്ലാതിരുന്ന ചെങ്കല്‍ പാറയില്‍ വെട്ടിക്കുഴിച്ച കിണറ്റില്‍ നിന്ന് രക്ഷപ്പെടുക എന്നത് അസാധ്യമായിരുന്നു. കൂട്ടക്കൊലയുടെ മൂന്നാം ദിവസവും കിണറ്റില്‍ നിന്ന് കൂട്ടക്കരച്ചില്‍ കേള്‍ക്കാമായിരുന്നു വത്രേ. നിറകണ്ണുകളോടെ ആലിക്കുട്ടി കുഞ്ഞാലിയെ നോക്കി.

ഇനി നീ വിശ്വസിക്കണം. വിശ്വസിച്ചേ പറ്റൂ. നീ വിചാരിക്കണപോലെ ഒരു ബന്ധുവിനെ കാണാനാണെന്ന് നിന്നോട് പറഞ്ഞ് അന്ന് ഇവിടെ നിന്നു പോയത് എന്നേക്കുമായുള്ള ഒരു നാടുവിടല്‍ ആയിരുന്നു. ബാപ്പക്കും ഈ ക്രൂരകൃത്യത്തില്‍ പങ്കുണ്ടെന്ന് പലരും അറിഞ്ഞു തുടങ്ങിയപ്പോഴുള്ള ഒളിച്ചോട്ടം. അതായിരുന്നു വാസ്തവം. ഒരാളെയും ഒരുവാക്ക് കൊണ്ടുപോലും വേദനിപ്പിക്കാത്ത ബാപ്പ എങ്ങനെയാണ് ആരാച്ചാരായി മാറിയതെന്നത് അന്നും ഇന്നും എന്റെ ഉള്ള് പൊള്ളിക്കുന്ന ഒരു ചോദ്യം. കിണറ്റിലേക്ക് തല വെട്ടിയിട്ടവരുടെ കൂട്ടത്തില്‍ വാസുദേവന്‍ നമ്പൂതിരിയും കുമാരപ്പണിക്കരും ഉണ്ടായിരുന്നു. കിണറ്റില്‍ ഉണ്ടായിരുന്ന തലയോടുകളില്‍ ഒന്നുമാത്രം ഈര്‍ച്ചവാള്‍ കൊണ്ട് രണ്ട് തുല്യഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. കുമാരപ്പണിക്കരുടെ വിധി അതായിരുന്നു എന്നൊക്കെ പറഞ്ഞ് വേണമെങ്കില്‍ ആശ്വസിക്കാം. ബാപ്പ എന്തിനാ മൃഗീയമായ ആ ക്രൂരത ചെയ്തതെന്ന് ഇപ്പോഴും എനിക്കറിയില്ല. ഈ ദുനിയാവ് ഉള്ളിടത്തോളം കാലം അതിനുത്തരുമുണ്ടാവില്ല.

ജീവിച്ചിരുന്നപ്പോള്‍ പിറന്ന മണ്ണിന്റെ വെറുപ്പ് ആവോളം സമ്പാദി ച്ചുകൂട്ടി ഒടുവില്‍ കുറ്റാരോപിതനായി ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയുണ്ടയേറ്റ് ജീവന്‍ വെടിഞ്ഞ് ഈ ഭൂമുഖ ത്തു നിന്ന് ഇല്ലാതായതിനു ശേഷ വും ബാപ്പയെക്കുറിച്ചുള്ള നാട്ടുകാരുടെ മുറുമുറുപ്പ് തുടര്‍ന്നു. കുന്നത്ത് അഹമ്മദ് ഹാജിക്ക് ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ?

പക്ഷെ ഇതൊന്നും എന്നെ തളര്‍ത്തിയില്ല. വാശിയായിരുന്നു ഉള്ളില്‍. ജീവിക്കേണ്ടതുപോലെ ജീവിക്കണമെന്ന വാശി. അങ്ങനെ ഞാന്‍ വളര്‍ന്നു. നിന്റെ പഴയ കുഞ്ഞാലി ഇപ്പോ ഒരുപാട് ആസ്തിയുള്ള വല്യ പ്രമാണിയാണ്. ഒത്തിരി പേര്‍ക്ക് തണലാകാന്‍ കഴിഞ്ഞു, എന്നത് തന്നെയാ എന്റെ സന്തോഷ വും സമാധാനവും. പക്ഷെ നീയെ ന്നും ഒരു നീറ്റലായിരുന്നു ഉള്ളില്‍. വാക്കുകള്‍ കൊണ്ടുപോലും നിനക്കൊരു തണലാകാന്‍ കഴിഞ്ഞില്ലല്ലോ. അതുമാത്രമായിരുന്നു എന്നും എന്റെ ദുഃഖം. അറിഞ്ഞ കാര്യങ്ങളെല്ലാം തുറന്ന് പറയാന്‍ നിന്നെ വന്നു കാ ണാന്‍ പോലും പലപ്പോഴും ധൈര്യമുണ്ടായില്ല എന്നതായിരുന്നു സത്യം.
ഇനി എനിക്കൊന്നും മറച്ചു വെക്കാനില്ല.

വര്‍ഷങ്ങളായുള്ള നിസ്സംഗതയുടെ കരുവാളിപ്പുകള്‍ ശേഷിച്ച കൂട്ടുകാരനെ നോക്കി ആലിക്കുട്ടി വീണ്ടും തൂടര്‍ന്നു. പിതൃതര്‍പ്പണം നടത്താന്‍ ജലം വേണമെന്ന് പറയുന്നത് എന്തു കൊണ്ടാണെന്ന് എന്നേക്കാള്‍ അറിയാലോ നിനക്ക്. ഭൂമിക്ക് മുകളിലുള്ള ഭുവര്‍ ലോകമാണ് പിതൃക്കളുടെ ലോകം. ശരിയല്ലേ. പിതൃക്കള്‍ക്ക് ജലത്തിലൂടെയേ ഭക്ഷണം കഴിക്കാനാകൂ എന്നാ സങ്കല്‍പ്പം. അതുകൊണ്ട് തന്നെ ഈ പിണ്ഡം സമര്‍പ്പിക്കുന്നതിനും പിതൃതുല്യരായവരുടെ കബന്ധങ്ങള്‍ ഇപ്പോഴും മുറവിളികൂട്ടുന്ന ഈ കിണര്‍ തന്നെയാണ് ഉചിതമെന്ന് എനിക്കു തോന്നി.

പലപ്പോഴും നിന്നോടു പറയാതെ ഞാന്‍ മറച്ചു വെച്ച കാര്യങ്ങളോര്‍ക്കുമ്പോഴുള്ള മനോവേദനക്കൊടുവില്‍ നടത്തിയ ഇസ്തിഖാറഃ.നമസ്‌ക്കാരത്തിന്റെ ഫലമായി ഒരിക്കല്‍ എനിക്കുണ്ടായ ഒരുള്‍വിളി.
പാദം മുതല്‍ ശിരസ്സുവരെ അരിച്ചു കയറുന്ന തണുപ്പിനിടയില്‍ പദം മുറിഞ്ഞെന്നവണ്ണം ശങ്കരന്‍ നമ്പൂതിരി ഇടയ്ക്കു കയറി പറഞ്ഞു. കുഞ്ഞാലി… നീ പറയുന്നതെന്തും ഞാന്‍ വിശ്വസിക്കാം… എന്തും…! പക്ഷേ ഈ പറയുന്നതൊന്നും ഉള്‍ക്കൊള്ളാന്‍ എനിക്കാവുന്നില്ല. പൂര്‍ത്തീകരിക്കാത്ത കര്‍മ്മത്തിനൊടുവില്‍ ഇത്രദൂരം നടന്ന് ഒരു കിണറ്റില്‍ പിണ്ഡം നിക്ഷേപിക്കാന്‍ പറയുക… ഇതുകൊണ്ടൊക്കെ എന്താ പ്രയോജനം. ആചാരനിഷിദ്ധമായ ഒരു കാര്യമെന്നല്ലാതെ….

കൂട്ടുകാരനെ മുറുകെപ്പിടിച്ച് കുഞ്ഞാലി തുടര്‍ന്നു.

മനഃശാന്തി കിട്ടുന്ന എന്തും ആചരിക്കുന്നതു കൊണ്ട് അതൊരുകാലത്തും അനര്‍ത്ഥമാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇനിയുള്ള ജീവിതകാലം ഇത്തിരി മനസ്സമാധാനത്തിന് ഇതേ ഒരുവഴിയുള്ളൂ എന്ന തോന്നല്‍. പിന്നെ, ഇതൊരു വെറും കിണറല്ല അതിനകത്ത് നിന്ന് ഇപ്പോഴും എനിക്ക് കേള്‍ക്കാം. അവസാനമായി ഒരുതുള്ളി ദാഹജലം കൊതിച്ച്….. അതുപോലും കിട്ടാതെ ജീവന്‍ വെടിഞ്ഞ ഹതഭാഗ്യരായ കുറെ ജന്മങ്ങളുടെ മുറവിളി. വിശ്വാ സം ആരുടേതെങ്കിലുമാകട്ടേ. പിതൃക്കള്‍ക്കായി നീക്കിവെച്ച ഈ ദിവസമെങ്കിലും തങ്ങള്‍ക്ക് ആരെങ്കിലുമുണ്ടെന്ന് അവര്‍ ആശ്വസിക്കട്ടേ.

നമുക്കാരെയും തെറ്റുപറയേണ്ട. മരിച്ചു പോയ ആരേയും. നമ്മുടെ ശരികള്‍ എല്ലായ്‌പ്പോഴും മറ്റുള്ളവരുടെ ശരികളായിക്കൊള്ളണമെന്നില്ല. മറ്റുള്ളവരുടെ തെറ്റെന്ന് നമുക്ക് തോന്നുന്ന പലതും തെറ്റാവണമെന്നുമില്ല. ഒരു മതഗ്രന്ഥത്തിന്റെയും പുറംചട്ടയില്‍ കലാപത്തിന്റെ മുദ്രകള്‍ ആലേഖനം ചെയ്തിട്ടില്ല. അതിന്റെ അകത്താളുകള്‍ മറിക്കുമ്പോള്‍ നാം തൊട്ടറിയേണ്ടത് ഇഹപരലോകജീവിതത്തിന്റെ സ്പന്ദനമാണ്. പറഞ്ഞിട്ടെന്താ. മനുഷ്യന്മാരുടെ ഉള്ളില്‍ എപ്പോഴാ സാത്താന്‍ കേറിക്കൂടൂന്നേന്ന് ആര്‍ക്കും അറിയില്ലാലോ.

ഇനിയും ഉള്‍ക്കൊണ്ടേ പറ്റൂ. അവരെല്ലാം പോയിട്ട് അരനൂറ്റാണ്ടു കാലമായി. ഇനി ഈ സംഭവം നടന്നിട്ട് ഒരു നൂറ്റാണ്ട് തികയുമ്പോള്‍ ഞാനും നീയും ഈ ഭൂമുഖത്തുണ്ടാവില്ല. നമ്മളുടെ വാര്‍ദ്ധക്യത്തിനും ഇനി അധികകാലമില്ല. ആത്മാക്കളെ അവയുടെ മരണവേളയില്‍ അള്ളാഹു പൂര്‍ണ്ണമായും ഏറ്റെടുക്കുന്നു എന്നതാണ് തത്ത്വം. എന്നാലും ജീവിച്ചിരിക്കുന്നോര്‍ക്ക് മനസ്സമാധാനം വേണ്ടേ….?
ഇനി സമര്‍പ്പിച്ചോളൂ…. ഒന്നേ വിചാരിക്കേണ്ടൂ. ജീവിച്ചിരിക്കുന്നവരില്‍ പലരും പൂര്‍വ്വികരായി ചെയ്ത പുണ്യകര്‍മ്മങ്ങളുടെ പ്രതിച്ഛായകള്‍ ആവണമെന്നില്ല. അവര്‍ ചിലപ്പോള്‍ ഒടുങ്ങാത്ത കണ്ണുനീരിന്റേയും ആത്മസംഘര്‍ഷങ്ങളുടേയും പ്രതിരൂപങ്ങളുമാകാം.

നെഞ്ചോടു ചേര്‍ത്തുപിടിച്ച പിണ്ഡം താങ്ങിയ വിരലുകള്‍ പൊള്ളുന്നുണ്ടായിരുന്നു. മരവിച്ച ചുണ്ടുകള്‍ കൊണ്ട് അപ്പോഴും അറിയാതെ മൂന്നുവട്ടം ഉരുവിട്ടു.

ഓം നമോ നാരായണായ.

ഒരിക്കല്‍ മനുഷ്യാസ്ഥികള്‍ നിറഞ്ഞ കിണറ്റിലേക്ക് എള്ളും പൂവും പിണ്ഡവും ചിതറി വീണപ്പോള്‍ ആലിക്കുട്ടിയാണ് ആ കാഴ്ച കണ്ടത്. പെരുന്നാള്‍ പിറവിപോലെ മാനത്ത് എന്തോ ഒന്ന് ഒരിക്കല്‍ കൂടി സൂക്ഷിച്ച് നോക്കി.

രണ്ടായി പിളര്‍ന്ന് അത് കിണറ്റിലേക്ക് തന്നെ വീണു.
വിശ്വാസം വരാതെ കൂട്ടുകാരന്റെ കൈകളില്‍ മുറുകെപ്പിടിച്ച ശങ്കരന്‍നമ്പൂതിരിയും വേറിട്ട ആ കാഴ്ച കണ്ടു.
ഒരു പൂര്‍ണ്ണ ചന്ദ്രബിംബമായി ജലോപരിതലത്തില്‍ അതങ്ങനെ, തെളിഞ്ഞ് തെളിഞ്ഞ് …..!

Share1TweetSendShare

Related Posts

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗുരീഷ് മൂഴിപ്പാടം

പാപനാശിനി

വര: ഗിരീഷ്‌ മൂഴിപ്പാടം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

താളം

ഒരു വൈറല്‍ ആത്മഹത്യ

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies