ഇന്ധനവിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ദ്ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നതാണെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്നു തോന്നുന്നില്ല. ഇന്ധനവിലയില്‍ പകുതിയിലധികം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഈ സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ എന്നിവയെ ജി.എസ്.ടിയില്‍ കൊണ്ടുവരാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നത്. സപ്തംബര്‍ 17-ന് ലഖ്‌നോയില്‍ നടന്ന ജി.എസ്.ടി. കൗണ്‍സിലില്‍ കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഈ വിഷയവും ഉള്‍പ്പെടുത്തിയെങ്കിലും കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സമവായമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കൗണ്‍സിലില്‍ നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെ മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നതിനാല്‍ കേന്ദ്രവും ഇക്കാര്യത്തില്‍ നിസ്സഹായാവസ്ഥയിലാണ്. ഇന്ധനവിലയെ ഒരു ധനാഗമമാര്‍ഗ്ഗമായി കാണുന്ന സംസ്ഥാനങ്ങളുടെ സമീപനത്തില്‍ മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണ്. പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പരമാവധി നികുതിയായ 28% ഏര്‍പ്പെടുത്തിയാലും ഇപ്പോഴത്തെ വിലയുടെ പകുതിയോളം കുറയുമെന്നതിനാല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഇതുമാത്രമാണ് പോംവഴിയെന്ന സത്യം അംഗീകരിക്കാനും അതനുസരിച്ച് തീരുമാനമെടുക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.
ജി.എസ്.ടിയിലെ പ്രധാന സ്ലാബുകള്‍ 5, 12, 18, 28 എന്നിങ്ങനെയാണ്. ഇന്ധനത്തെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ നിശ്ചയിക്കപ്പെടുന്ന സ്ലാബ് അനുസരിച്ച് പകുതി വരുമാനം സംസ്ഥാനത്തിനും പകുതി കേന്ദ്രത്തിനും ലഭിക്കും. ഇന്ധനത്തിന്റെ അടിസ്ഥാനവിലയില്‍ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയും സംസ്ഥാന വില്പന നികുതിയും അഡീഷണല്‍ സെയില്‍സ് ടാക്‌സും സെസും മറ്റു ചെലവുകളും വരുമ്പോഴാണ് വില ഇപ്പോഴത്തെ നൂറു കടക്കുന്ന അവസ്ഥയിലെത്തുന്നത്. ലിറ്ററിന് 102.93 രൂപ എത്തിയ പെട്രോള്‍ വിലയില്‍ 41.10 രൂപ മാത്രമാണ് അടിസ്ഥാനവില. കേന്ദ്ര നികുതി 32.90 രൂപയും സംസ്ഥാന നികുതി 25.13 രൂപയുമാണ്. 3.80 രൂപ ഡീലര്‍ക്ക് കമ്മീഷനായും ലഭിക്കുന്നു. അതുപോലെ ലിറ്ററിന് 95.78 രൂപയുള്ള ഡീസലിന്റെ വിലയില്‍ 41.27 രൂപയാണ് അടിസ്ഥാനവില. കേന്ദ്ര നികുതി 31.80 രൂപയും സംസ്ഥാനനികുതി 20.12 രൂപയുമാണ്. ഡീലറുടെ കമ്മീഷന്‍ 2.59 രൂപയാണ്. ഇന്ധനവില ജി.എസ്.ടി പരിധിയില്‍ കൊണ്ടുവന്ന് ഉയര്‍ന്ന സ്ലാബായ 28% ആക്കാന്‍ തീരുമാനിച്ചാല്‍ പെട്രോള്‍ വില 102 രൂപയില്‍ നിന്ന് 56.40 രൂപയിലേക്കെത്തും. ഡീസലിന് 95.78 രൂപയ്ക്കു പകരം 55.41 രൂപ മതിയാകും. ഇത്തരത്തില്‍ ഒരു പരിഷ്‌ക്കരണം വരികയാണെങ്കില്‍ അത് സാമ്പത്തികരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കും. നിത്യോപയോഗ സാധനങ്ങളുടെ വില കുറയുകയും അത് സാധാരണക്കാര്‍ക്ക് വലിയ സഹായകമാകുകയും ചെയ്യും. പെട്രോള്‍, ഡീസല്‍ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇനിയും വര്‍ദ്ധിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനനുസരിച്ച് രാജ്യത്തിനകത്തെ വിലയും വര്‍ദ്ധിക്കുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് എത്രയും വേഗം ഇന്ധന വിലയെ ജി.എസ്.ടിയില്‍ കൊണ്ടുവന്നേ മതിയാകൂ.
പെട്രോള്‍, ഡീസല്‍, മദ്യം, ലോട്ടറി എന്നിവയാണ് കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍. 2020-21 വര്‍ഷത്തില്‍ പെട്രോളില്‍ നിന്ന് 3652.58 കോടി രൂപയും ഡീസലില്‍ നിന്ന് 3415.95 കോടി രൂപയുമാണ് നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിനു ലഭിച്ചത്. ഒരു വര്‍ഷം ശരാശരി 8000 കോടി രൂപ ഈ ഇനത്തില്‍ ലഭിക്കുന്നു. ഇത് നഷ്ടപ്പെടുത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറല്ല. ഇന്ധനവില വര്‍ദ്ധനവിന്റെ പേരില്‍ മുന്‍കാലങ്ങളില്‍ കേന്ദ്രത്തിനെതിരെ ഹര്‍ത്താലുകള്‍ അടക്കം നിരന്തരം സമരം നടത്തിയവര്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് സഹായകമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പാചകവാതകത്തെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയിട്ടും വില കുറഞ്ഞില്ലല്ലോ എന്ന മുടന്തന്‍ ന്യായമാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. പാചകവാതക വില ഗാര്‍ഹിക സിലിണ്ടറിന് ഇപ്പോള്‍ 900 രൂപയുടെ അടുത്തെത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വിലയിലെ വര്‍ദ്ധനവിനനുസരിച്ചാണ് ഇതിന്റെയും വില വര്‍ദ്ധിച്ചിരിക്കുന്നത്. മുമ്പ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിരുന്നതിനാല്‍ യഥാര്‍ത്ഥ വിലയുടെ പകുതിപോലും ഉപഭോക്താവിന് നല്‍കേണ്ടി വന്നിരുന്നില്ല. പാചക വാതകത്തെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ 5% മാത്രമാണ് നികുതി നിശ്ചയിച്ചത്. 2020 ജൂലായില്‍ പാചകവാതക വില ഘട്ടം ഘട്ടമായി കുറഞ്ഞ് 594 രൂപയില്‍ എത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി ഒഴിവാക്കിയത്. ബജറ്റില്‍ സബ്‌സിഡിത്തുക വെട്ടിക്കുറയ്ക്കുകയും ഇതിലൂടെ ലഭിക്കുന്ന അധികവരുമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. അതേസമയം കേരളസര്‍ക്കാരിനാകട്ടെ ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍ പോലും ഇന്ധന നികുതിയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
ജി.എസ്.ടി. നടപ്പാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിന് 8,000 കോടി രൂപ നഷ്ടമുണ്ടാകുമെന്നു പറയുന്നത് ജനങ്ങള്‍ക്കു നേട്ടമാണെന്നാണ് ധനകാര്യ വിദഗ്ദ്ധ മേരി ജോര്‍ജ്ജിന്റെ അഭിപ്രായം. ഈ പണം ജനങ്ങള്‍ക്ക് അധികമായി വിനിയോഗിക്കാന്‍ കിട്ടും. കേരളത്തില്‍ നികുതിപിരിവ് കാര്യക്ഷമമല്ലെന്നും നികുതിയേതര വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നും അതിനുള്ള ശ്രമമുണ്ടാകുന്നില്ലെന്നുമുള്ള അവരുടെ അഭിപ്രായവും ശ്രദ്ധേയമാണ്. ജി.എസ്.ടി. നിലവില്‍ വന്ന ശേഷം ധനകാര്യവകുപ്പില്‍ ക്രമീകരണങ്ങള്‍ വരുത്തിയും മികച്ച ഉദ്യോഗസ്ഥരെ പുതിയ ചുമതലകളില്‍ നിയോഗിച്ചും കേന്ദ്രവും മറ്റെല്ലാ സംസ്ഥാനങ്ങളും നടപടികള്‍ സ്വീകരിച്ചെങ്കിലും കേരളത്തില്‍ ഇതു സംബന്ധിച്ച ഫയല്‍ മൂന്നുവര്‍ഷമായി ഫ്രീസറിലാണ്. ജീവനക്കാരുടെ തൊഴില്‍നികുതിയാകട്ടെ 2005-നു ശേഷം പരിഷ്‌ക്കരിച്ചിട്ടേ ഇല്ല. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിക്കും ഏറ്റവും താഴേക്കിടയിലുള്ള സ്വീപ്പര്‍ക്കും ഒരേ തൊഴില്‍ നികുതിയാണ്. ഇത് പരിഷ്‌ക്കരിച്ചാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. സംസ്ഥാനത്തിന് സ്വര്‍ണ്ണത്തിന്റെ നികുതിയിനത്തില്‍ വലിയ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം വില്‍ക്കുന്നത് കേരളത്തിലാണെങ്കിലും നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് 200 കോടി രൂപ മാത്രമാണ് ലഭിക്കുന്നത്. കേരളത്തില്‍ അനധികൃത സ്വര്‍ണ്ണക്കച്ചവടവും സമാന്തര സമ്പദ്ഘടനയും പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. സ്വര്‍ണ്ണത്തില്‍ നിന്നു മാത്രം 20,000 കോടി രൂപയെങ്കിലും സംസ്ഥാന സര്‍ക്കാരിന് നികുതിയായി ലഭിക്കേണ്ടതാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണ്ണ കള്ളക്കടത്ത് തടയാനും സ്വര്‍ണ്ണത്തിന്റെ നികുതി പൂര്‍ണ്ണമായി പിരിച്ചെടുക്കാനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുകയുള്ളൂ.