സപ്തംബര്‍ 25 തുവ്വൂര്‍ദിനം
മാപ്പിള കലാപത്തിന്റെ നൂറാം വര്‍ഷത്തില്‍ അതിനെ വെള്ളപൂശാനുള്ള പരിശ്രമങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നടക്കം പലഭാഗങ്ങളില്‍ നിന്നും ആരംഭിച്ചിരിക്കുകയാണല്ലോ. 1921ലെ സമാനതകളില്ലാത്ത ഹിന്ദുവംശഹത്യയെ ജന്മി-കുടിയാന്‍ സംഘര്‍ഷമായും സ്വാതന്ത്ര്യസമരമായും നിറഭേദം വരുത്തിയ ഇടതുപാര്‍ട്ടികളുടെ പിന്തുണയും കൂടിയാവുമ്പോള്‍ ആഘോഷങ്ങളില്‍ നല്ലൊരു ”കുടമാറ്റവും വെടിക്കെട്ടും” പ്രതീക്ഷിക്കാം. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ പതിനെട്ടാം കോണ്‍ഗ്രസ് മലപ്പുറത്തു നടന്നപ്പോള്‍ സമ്മേളന നഗരിയുടെ രണ്ടു കവാടങ്ങളില്‍ ഒന്ന് ഹിന്ദുവംശഹത്യക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിലും മറ്റൊന്ന് വര്‍ഗ്ഗീയ ലഹളക്ക് തിരൂരങ്ങാടി പള്ളിയിലിരുന്ന് ആഹ്വാനം നല്‍കിയ ആലി മുസ്ലിയാരുടെ പേരിലുമായിരുന്നു.
മലബാര്‍ കലാപം ഇ.എം.എസ്സിന്റെ ഭരണകാലത്ത് സ്വാതന്ത്ര്യ സമരമായും ജന്മി-കുടിയാന്‍ കലഹമായും വ്യാഖ്യാനിക്കപ്പെട്ടു. ഹിന്ദുവംശഹത്യയില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷനും താമ്രപത്രവും നല്‍കി ആദരിച്ചു. നിലമ്പൂര്‍ കോവിലകവും നമ്പൂതിരി ഇല്ലങ്ങളും കൊള്ളയടിക്കപ്പെട്ടപ്പോള്‍, ഇതൊരു സ്വാതന്ത്ര്യസമരമെന്നു കണ്ട ഇ.എം.എസ് ആത്മരക്ഷാര്‍ത്ഥം കുടുംബസമേതം നാടുവിട്ട് ഇരിങ്ങാലക്കുടയിലെ ബന്ധുഗൃഹത്തില്‍ വന്ന് അവിടെ മാസങ്ങളോളം താമസിച്ചതെന്തിനെന്ന ചോദ്യം അവശേഷിക്കുന്നു. ചരിത്രസത്യങ്ങളെ വളച്ചൊടിച്ച് വികൃതമാക്കിയാലും അനുഭവമനസ്സുകളെ മാറ്റിമറിക്കാനാവുമോ? എത്രയെത്ര കുടുംബങ്ങളില്‍ അച്ഛനില്ലാതായി, മക്കളില്ലാതായി, എത്രയെത്ര സഹോദരിമാര്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടു! കേവലം ഒരു പോത്തുവണ്ടിക്കാരനും നിരക്ഷരനും, മതഭ്രാന്തനുമായ വാരിയംകുന്നന്‍ തിരൂരങ്ങാടി കേന്ദ്രീകരിച്ച് സ്വതന്ത്രമലയാള രാജ്യം സ്ഥാപിച്ച് അതിന്റെ, ഭരണാധിപനായി എന്ന് വിശ്വസിക്കുവാന്‍ ഇടതു ചിന്താഗതിക്കാര്‍ക്കു മാത്രമേ സാധിക്കൂ. സ്വാതന്ത്ര്യസമരവും ഖിലാഫത്തു പ്രസ്ഥാനവും ഒരു നിമിത്തം മാത്രമായിരുന്നു. ”അന്ധമായ മതഭ്രാന്തും മറ്റുമതക്കാരോടുള്ള അസഹിഷ്ണുതയും” കുറ്റം ചെയ്യാന്‍ വാസനയുള്ള ഇവര്‍ മതഭ്രാന്തന്മാരായ പുരോഹിതന്മാരുടെ ഉപദേശം കേട്ട് അന്യമതസ്ഥരെ കൊല്ലുന്നത് പുണ്യമെന്ന് തെറ്റിദ്ധരിച്ചു. ദാരിദ്ര്യവും മതഭ്രാന്തും സ്വര്‍ഗ്ഗസുഖത്തിലുള്ള അന്ധവിശ്വാസവും മരിക്കുവാന്‍ അവരെ സന്നദ്ധരാക്കിത്തീര്‍ത്തു. മാര്‍ഗ്ഗത്തില്‍ കൂടിയ ഹിന്ദു മാര്‍ഗ്ഗം പൊളിച്ചു എന്നു കേട്ടാല്‍ മതത്തിന് അപമാനം നേരിട്ടതായി കണക്കാക്കി അതിനു പരിഹാരം കാണാതെ ഇരിക്കുന്നവന്‍ ഇസ്ലാമല്ല എന്നവര്‍ വിശ്വസിച്ചു. അന്യമതസ്ഥരെ കൊല്ലുന്നത് സ്വര്‍ഗ്ഗപ്രാപ്തിക്ക് എളുപ്പമായ ഒരു മാര്‍ഗ്ഗമാണെന്ന് അവര്‍ പഠിച്ചു വച്ചിട്ടുണ്ട്” (മലബാര്‍ കലാപം – കെ.മാധവന്‍ നായര്‍ – പേജ് 19-20).
1921 ആഗസ്റ്റ് 21 മുതലാണ് തുടര്‍ച്ചയായ ആക്രമണങ്ങള്‍ അരങ്ങേറിയത്. പട്ടാളക്കാരുടെ അഭാവം ലഹളക്കാര്‍ സര്‍ക്കാരിന്റെ ദൗര്‍ബല്യമായി കണക്കാക്കി. പൂക്കോട്ടൂര്‍ മാപ്പിളമാര്‍, മേലാല്‍ ഹിന്ദു എന്നും ഇസ്ലാം എന്നും രണ്ടുമതങ്ങള്‍ വേണ്ട ഒന്നുമതി എന്നു തീരുമാനിച്ചു. പൂക്കോട്ടൂരില്‍ എഴുപത്തഞ്ചോളം പേരെ മതം മാറ്റി. മുപ്പതോളം പേര്‍ പ്രധാനപ്പെട്ട നായര്‍ തറവാട്ടിലെ അംഗങ്ങളായിരുന്നു. കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മുവ്വായിരത്തോളം മാപ്പിളമാര്‍ ഒത്തുകൂടി. ഹിന്ദുക്കളെ കിട്ടാവുന്നിടത്തോളം മുഹമ്മദീയരാക്കി. കോഴിക്കോട്ടു നിന്നെത്തിയ പട്ടാളത്തിന്റെ മെഷീന്‍ ഗണ്ണിനു മുന്നില്‍ നാനൂറോളം പേര്‍ മരിച്ചു വീണു. കര്‍ഷക സമരമെന്ന് ഇടതു അനുയായികള്‍ വ്യാഖ്യാനിക്കുന്ന ലഹളയുടെ നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വീട് മഞ്ചേരിയില്‍ പാണ്ടിക്കാടിനടുത്ത് നെല്ലിക്കുന്ന് എന്ന സ്ഥലത്താണ്. ആലി മുസ്ലിയാരും കുഞ്ഞഹമ്മദു ഹാജിയും അയല്‍വാസികളാണ്. മുമ്പും ഹാജിയുടെ കുടുംബക്കാര്‍ ലഹളക്കാരും കൊള്ളക്കാരുമായിരുന്നു. അതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ അവരെ സൗദിയിലേക്ക് നാടുകടത്തിയിരുന്നു. തിരിച്ചു വന്നതിനുശേഷം ഒരു പോത്തുവണ്ടിക്കാരനായിട്ടാണ് ഇയാള്‍ കാലക്ഷേപം നടത്തിയിരുന്നത്.
വാരിയംകുന്നന്‍, ചെമ്പ്രശ്ശേരി തങ്ങള്‍, കാരാടന്‍ മൊയ്തീന്‍കുട്ടിഹാജി, കൊന്നാറ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊലകളും മതം മാറ്റലുകളും നിര്‍ബാധം തുടര്‍ന്നു. അക്രമങ്ങളില്‍ ഏറ്റവും ഹീനമായത് തുവ്വൂരില്‍ നടന്നതായിരുന്നു. സപ്തംബര്‍ ഇരുപത്തിനാലാം തീയതി തുവ്വൂരിലെ നൂറോളം വീടുകള്‍ മാപ്പിളമാര്‍ വളഞ്ഞു. രാത്രി ആപദ് ശങ്കയില്ലാതെ വീട്ടില്‍ കിടന്നുറങ്ങിയിരുന്നവരുടെ നൂറോളം വീടുകള്‍ അഗ്നിക്കിരയാക്കി. പുരുഷന്മാരുടെ കൈകാലുകള്‍ ബന്ധിച്ച് പാങ്ങോട്ട് കുന്നിന്റെ ചരിവിലെ പാറക്കരികെ കൊണ്ടുപോയി വിചാരണ ചെയ്ത് ഗളച്ഛേദം ചെയ്യുവാന്‍ വിധിക്കുകയായിരുന്നു. വാരിയംകുന്നനും ചെമ്പ്രശ്ശേരി തങ്ങളുമാണ് വിചാരണ ചെയ്ത് വിധി നടപ്പാക്കിയത്. വിധിച്ച വരെ അപ്പോള്‍ തന്നെ പാറയുടെ സമീപത്തുള്ള കിണറ്റിന്‍ കരയില്‍ വച്ച് തലവെട്ടി കിണറ്റിലിട്ടു. മുപ്പത്തിനാലു ഹിന്ദുക്കളും രണ്ടു മുസല്‍മാന്മാരും വധിക്കപ്പെട്ടു. അക്കൂട്ടത്തില്‍ മൂന്നു എമ്പ്രാന്തിരിമാരുമുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഏറനാട്ടിലെ അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന കെ.മാധവന്‍ നായര്‍ ആ കിണര്‍ പരിശോധിച്ചതായി പറയുന്നു. ഇരുപതു തലകള്‍ വരെ എണ്ണിയതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. കൊല ചെയ്യപ്പെട്ടവരുടെ കുടുംബങ്ങള്‍ അതോടെ അനാഥമായി. ഈ ഘോരകൃത്യത്തിനുശേഷം ഏറനാട്ടിലെ ഹിന്ദുക്കള്‍ അരക്ഷിതരായി പല ദിക്കുകളിലേക്ക് പലായനം ചെയ്തു. ഉടുതുണിക്കു മറുതുണിയില്ലാതെ, ആരോരും തുണയില്ലാതെ, കാട്ടിലൊളിച്ചും പട്ടിണികിടന്നും എവിടേക്കെന്നില്ലാതെ രക്ഷപ്പെട്ടു. ഇതും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണുപോല്‍!
കോഴിക്കോടിന്റെ കിഴക്കന്‍ ഭാഗങ്ങളിലുള്ള ഹിന്ദുക്കള്‍ ഏങ്ങോട്ടെന്നില്ലാതെ ഓടാന്‍ തുടങ്ങിയിരുന്നു. പുതൂരംശത്തില്‍ അമ്പതോളം ഹിന്ദുക്കളെ കൈകെട്ടി നിര്‍ത്തി ‘ദീനില്‍ വിശ്വസിക്കാനൊരുക്കമില്ലാത്ത’ വരെ വെട്ടി കിണറ്റിലിട്ടു. ഇരുപത്തിരണ്ടുപേരെയാണ് വധിച്ചത്. കൊണ്ടോട്ടിക്ക് നേരിട്ട ആപത്തും ചെറുതല്ലായിരുന്നു. കുപ്രസിദ്ധ ലഹളത്തലവന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏറനാടിന്റെ കിഴക്കന്‍ ഭാഗങ്ങളിലാണ് ‘അധീശത്വം’ കൈയാളിയിരുന്നത്. ”കൊണ്ടോട്ടി പിടിച്ചടക്കി കൊണ്ടോട്ടി തങ്ങളെ ശിക്ഷിച്ച് കോഴിക്കോട്ടേക്ക് മാര്‍ച്ചു ചെയ്ത് കളക്ടറെയും പട്ടാളത്തെയും തോല്പിച്ച് കോഴിക്കോടു നഗരം കീഴടക്കി മലബാറിലെ ചക്രവര്‍ത്തിയായി വാഴുവാന്‍ താന്‍ യോഗ്യനാണെന്ന്” ഹാജി തീര്‍ച്ചപ്പെടുത്തിയിരുന്നതായി മാധവന്‍ നായര്‍ രേഖപ്പെടുത്തുന്നു. ആലവട്ടവും വെണ്‍ചാമരവും പച്ചക്കുടയും പിടിച്ച് സൈന്യസമേതം ആ കൃശഗാത്രന്‍ കൊണ്ടോട്ടിയിലെത്തി. ”ഹാജിയാരുടെ അംഗരക്ഷകനായി ഒരു പടുകൂറ്റന്‍ കിഴക്കന്‍ മാപ്പിളയുമുണ്ടായിരുന്നു. കൊണ്ടോട്ടി തങ്ങളെ കാണാന്‍ വീടിന്റെ മുകളിലേയ്ക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ ആളെകൂട്ടാന്‍ ഒരു മൊല്ല നകാരമടിച്ചു; തത്സമയം തങ്ങളുടെ ഭവനത്തിന്റെ മുകളില്‍ നിന്ന് വെടി ഉതിര്‍ത്തു. അംഗരക്ഷകന്‍ കരീമല്ലന്‍ മൃതശരീരനായി നിലത്തുവീണു. ഇതോടെ ഹാജിയാര്‍ സൈന്യസമേതം വീണുരുണ്ട് രക്ഷപ്പെട്ടോടി. ഇതാണ് ഇടതു ചിന്തകരുടെ കുപ്പായമണിഞ്ഞു നടക്കുന്ന രാഷ്ട്രീയ കോമാളികള്‍ വാഴ്ത്തിപ്പാടിയ ‘മലയാളത്തിന്റെ ചെഗുവേര സ്ഥാപിച്ച മലയാള സാമ്രാജ്യം’. വേറെ ചിലര്‍ക്ക് വാരിയംകുന്നനും ചെമ്പ്രശ്ശേരി തങ്ങളും യഥാര്‍ത്ഥ ഗാന്ധി ആരാധകരാണ്. ഗാന്ധിജിയെ സ്വീകരിക്കാന്‍ ഇവര്‍ മാധവന്‍ നായര്‍ക്കൊപ്പം കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്രെ. ഇവരെ വെള്ളപൂശാന്‍ ഇത്രയേറെ പാടുപെടേണ്ടതുണ്ടോ? മലബാര്‍ കലാപത്തെ വര്‍ഗ്ഗീയ ലഹളയും ഹിന്ദുവംശഹത്യയുമാക്കിയത് സംഘപരിവാര്‍ സൃഷ്ടിയാണത്രെ ചിലര്‍ക്ക്! ഏതോ മുജ്ജന്മ സുകൃതം കൊണ്ടാവാം ഇവരുടെയൊക്കെ ഇടയിലേക്ക് കലാപം എത്താതിരുന്നതും അവരുടെയൊക്കെ പൂര്‍വ്വജര്‍ക്ക് ജീവനും കൊണ്ടോടാന്‍ ഇടവരാതിരുന്നതും. ലഹളകളില്‍ ജീവാപായം വന്ന, മാനഭംഗത്തിനിരയാവേണ്ടിവന്ന എത്രയോ പേരുടെ അനന്തരാവകാശികള്‍ ഇന്നും അവിടങ്ങളില്‍ അവശേഷിക്കുന്നു. അക്കഥ പറയാന്‍ അവര്‍ക്കാണവകാശം.