സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്ന ശമ്പള കമ്മീഷന്റെ ശുപാര്‍ശ സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ആശങ്കക്ക് ഇടയാക്കിയിരിക്കുകയാണല്ലോ. ഇടയ്ക്കിടെ മാധ്യമങ്ങളുടെ റേറ്റിംഗ് കൂട്ടുന്ന ഒരു വിഷയമാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍. ഇക്കാര്യം സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായാണ് ശമ്പള കമ്മീഷനുകള്‍ നിര്‍ദ്ദേശിക്കാറുള്ളത്. അതേസമയം ഉദ്യോഗാര്‍ത്ഥികളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്നതുകൊണ്ട് യുവജന സംഘടനകളെല്ലാം പെന്‍ഷന്‍ പ്രായം കൂട്ടുന്നതിന് എതിരാണ്. എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുമ്പോള്‍ പെന്‍ഷന്‍ പ്രായം കൂട്ടില്ല എന്നു സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതോടെ വിവാദങ്ങള്‍ തല്‍ക്കാലത്തേക്ക് അവസാനിക്കുകയും ചെയ്യും. ഇത്തരം വിവാദങ്ങള്‍ക്കിടയില്‍ ഐക്യമുന്നണി സര്‍ക്കാര്‍ തന്ത്രപൂര്‍വ്വം 2013-ല്‍ പെന്‍ഷന്‍പ്രായം 55ല്‍ നിന്ന് 56 ആക്കി. ഏപ്രില്‍ 1-നു ശേഷം ജനനത്തീയതി വരുന്ന ജീവനക്കാര്‍ സാമ്പത്തിക വര്‍ഷാവസാനം വിരമിച്ചാല്‍ മതി എന്ന തീരുമാനമെടുത്തത് പെന്‍ഷന്‍ പ്രായം ഏകീകരിക്കുന്നു എന്ന പേരിലാണ്. ജൂലായ് 1-നു ശേഷം വിരമിക്കേണ്ട അദ്ധ്യാപകര്‍ അദ്ധ്യയനവര്‍ഷത്തിന്റെ ഒടുവില്‍ വിരമിച്ചാല്‍ മതി എന്ന തീരുമാനം നേരത്തെ ഉണ്ടായിരുന്നു. തന്ത്രപരമായ ഈ പെന്‍ഷന്‍ പ്രായം കൂട്ടലിനു പിന്നിലെ ചതി തിരിച്ചറിയാനോ ഫലപ്രദമായി തടയാനോ യുവജനസംഘടനകള്‍ക്കു കഴിഞ്ഞതുമില്ല. ഇങ്ങനെ 55ല്‍ നിന്ന് 56ല്‍ എത്തിച്ച പെന്‍ഷന്‍ പ്രായത്തെ 57 ആക്കാനും അതിലൂടെ 4000 കോടി രൂപ ലാഭിക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ ഇടത് മുന്നണി സര്‍ക്കാര്‍ നടത്തുന്നത്.
11-ാം ശമ്പള കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ടിലാണ് ജീവനക്കാര്‍ക്ക് സ്വാഗതാഹര്‍വും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദോഷകരവുമായ ഈ ശുപാര്‍ശ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പെന്‍ഷന്‍ പ്രായം 60 ഉം അതിനടുത്തുമൊക്കെ ആയ സ്ഥിതിക്ക് കേരളത്തിലും പെന്‍ഷന്‍പ്രായം കൂട്ടണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരുന്നുണ്ട്. സര്‍വ്വീസില്‍ പ്രവേശിക്കാന്‍ വൈകുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കുറയുമെന്ന ഒരു കാരണമാണ് അവര്‍ ചൂണ്ടിക്കാണിക്കാറുള്ളത്. അതേസമയം 10-ാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയതിലൂടെ പെന്‍ഷന്‍ പ്രായം ഫലത്തില്‍ 60 ആയിരിക്കുകയാണ്. പക്ഷെ പുതിയതായി സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്കേ ഇത് ബാധകമാകുന്നുള്ളൂ. ഈ പദ്ധതിക്കും ജീവനക്കാര്‍ എതിരാണ്. നിലവിലുള്ള പെന്‍ഷന്‍ വ്യവസ്ഥയെ അട്ടിമറിച്ചു എന്നതാണ് പ്രധാന ആരോപണം. 2013 ഏപ്രിലിലാണ് സംസ്ഥാനത്ത് പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്. പദ്ധതി പ്രകാരം അടിസ്ഥാന വേതനത്തിന്റെയും ക്ഷാമബത്തയുടെയും പത്ത് ശതമാനം ജീവനക്കാരനും തുല്യതുക സര്‍ക്കാരും നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. വിരമിക്കുമ്പോള്‍ ഓരോരുത്തരുടെയും പെന്‍ഷന്‍ ഫണ്ടിലുള്ള മൊത്തം തുകയ്ക്ക് അനുസൃതമായാണ് മാസം തോറും പെന്‍ഷന്‍ ലഭിക്കുക. ഈ തുക രണ്ട് ലക്ഷത്തില്‍ കുറവാണെങ്കില്‍ ജീവനക്കാരന് ആവശ്യമെങ്കില്‍ ഒറ്റത്തവണയായി കൈപ്പറ്റാം. പിന്നീട് ഒരു ആനുകൂല്യവും ലഭിക്കുകയില്ല. നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പി.എസ്.സി. വഴി ജോലിക്കു കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളില്‍ ഇരുപതിനായിരം പേരുടെ അവസരമാണ് നഷ്ടപ്പെടുത്തുന്നത് എന്നതിനാല്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് അവരെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് കേവലം ഒരു വര്‍ഷത്തെ പെന്‍ഷന്‍ ആനുകൂല്യമായ നാലായിരം കോടി രൂപ കിട്ടിയതുകൊണ്ട് അത്രയും കുറച്ചു തുക കടം വാങ്ങിയാല്‍ മതി എന്ന ഗുണമേ ഉണ്ടാകാനുള്ളൂ. നാലായിരമല്ല നാല്പതിനായിരം കോടി കിട്ടിയാലും പരിഹരിക്കാന്‍ കഴിയാത്ത കടബാദ്ധ്യതയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. കഴിഞ്ഞവര്‍ഷം മാത്രം മുപ്പത്തിയെട്ടായിരം കോടി രൂപയാണ് സര്‍ക്കാര്‍ വിവിധ ഏജന്‍സികളില്‍ നിന്ന് കടമെടുത്തിട്ടുള്ളത്. സംസ്ഥാനത്തിന്റെ മൊത്തം പൊതുകടം 2014-15നും 2018-19നും ഇടയില്‍ എഴുപത് ശതമാനത്തിലധികമാണ് വര്‍ദ്ധിച്ചത്. കടവും പലിശയും കൂടി ഈ കാലയളവില്‍ 1,41,947 കോടിയില്‍ നിന്ന് 2,41,615 കോടിയായാണ് വര്‍ദ്ധിച്ചത്. നിയമസഭയില്‍ അവതരിപ്പിച്ച സി.എ.ജി. റിപ്പോര്‍ട്ട് പ്രകാരം ആളോഹരി കടം 42,499 രൂപയില്‍ നിന്ന് 66,561 രൂപയായാണ് വര്‍ദ്ധിച്ചത്. സംസ്ഥാനത്തിന്റെ കടബാദ്ധ്യത കുറയ്ക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ യാതൊരു പദ്ധതിയുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കടം വാങ്ങുന്ന തുകയില്‍ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനുമായാണ് ചെലവഴിക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ‘കിഫ്ബി’ എന്ന പേരില്‍ പ്രത്യേക സംവിധാനം ആരംഭിച്ചെങ്കിലും അതിന്റെ പ്രവര്‍ത്തനം എവിടെയുമെത്തിയിട്ടില്ല. മുന്‍ സര്‍ക്കാരിലെ ധനകാര്യമന്ത്രി ഇടയ്ക്കിടെ കിഫ്ബി എന്നു പറയാറുണ്ടായിരുന്നെങ്കിലും ഇടതുസര്‍ക്കാരിന്റെ തുടര്‍ഭരണത്തില്‍ അതും തഴഞ്ഞമട്ടാണ്. കടം എടുക്കാനുള്ള പരിധി ഉയര്‍ത്തിക്കൊടുത്തും മറ്റാനുകൂല്യങ്ങള്‍ നല്‍കിയും കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നതുകൊണ്ടു മാത്രമാണ് സംസ്ഥാനത്തിനു പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത്. നിലവിലുള്ള തൊഴിലില്ലായ്മയ്ക്കു പുറമെ 14 ലക്ഷം പ്രവാസികള്‍ക്ക് കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്ത് തിരിച്ചു വരേണ്ടിവന്നതും പരിഗണിക്കപ്പെടേണ്ട ഒരു പ്രശ്‌നം തന്നെയാണ്. ഇവര്‍ വിദേശത്തു ജോലി ചെയ്ത് സംസ്ഥാനത്തേയ്ക്ക് പണമയക്കുന്നതു നിലച്ചുവെന്നു മാത്രമല്ല അവരില്‍ ജോലി നഷ്ടപ്പെടാത്തവര്‍ക്കു തിരിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയുണ്ട്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്.
ശമ്പള കമ്മീഷന്റെ മറ്റൊരു പ്രധാന ശുപാര്‍ശ എയ്ഡഡ് കോളേജുകളിലും സ്‌കൂളുകളിലും നിയമനത്തിന് മാനേജ്‌മെന്റ്, സര്‍ക്കാര്‍, സര്‍വകലാശാല എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സമിതി രൂപീകരിക്കണമെന്നുള്ളതാണ്. ഒഴിവ് ഏറ്റവും പ്രചാരമുള്ള രണ്ട് മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം. അഭിമുഖത്തിന്റെ വീഡിയോയും ഓഡിയോയും പകര്‍ത്തണം. നിയമനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാനും പരാതികള്‍ പരിശോധിക്കാനും നിയമനിര്‍മ്മാണത്തിലൂടെ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്നും പരാതി ശരിയെന്നു കണ്ടെത്തിയാല്‍ നിയമനം റദ്ദാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരളത്തിലധികവും എന്നതിനാല്‍ ഈ ശുപാര്‍ശയില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുമെന്നു തോന്നുന്നില്ല. സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നുവരുന്ന വിദ്യാഭ്യാസരംഗത്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാനേജ്‌മെന്റ് ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങുകയും സര്‍ക്കാര്‍ അവര്‍ക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കേണ്ടിവരികയും ചെയ്യുന്ന അനാശാസ്യ സമ്പ്രദായം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് വമ്പിച്ച ഒരു ധനാഗമമാര്‍ഗ്ഗമാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ബിരുദ-ബിരുദാനന്തര പഠനത്തിനുപോലും ലക്ഷങ്ങള്‍ കോഴ വാങ്ങുന്ന സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. ഈ സാഹചര്യത്തില്‍ ശമ്പള കമ്മീഷന്റെ ശുപാര്‍ശ സ്വീകരിച്ച് സ്വകാര്യമേഖലയിലെ നിയമനങ്ങള്‍ സുതാര്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്.