തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സ്മരണാര്‍ത്ഥം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വനവാസി ഊരുകളിലേക്കുള്ള സേവാഭാരതിയുടെ സഞ്ചരിക്കുന്ന ആശുപത്രിയായ ‘സുഗതം’ പദ്ധതിയുടെ ഫ്ളാഗ് ഓഫ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിച്ചു.
വനവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി സേവാഭാരതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സേവാഭാരതിക്കെതിരെ ചില ഭാഗങ്ങളില്‍ നിന്നുള്ള അനാവശ്യമായ വിമര്‍ശനങ്ങളില്‍ അസ്വസ്ഥരാകരുതെന്നും ആരംഭിച്ച ഉദാത്തമായ കാര്യങ്ങളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി ഊരുകളിലെ സന്ദര്‍ശനവേളകളില്‍ സുഗതകുമാരി പങ്കുവച്ച ആശയങ്ങളില്‍ നിന്നാണ് ‘സുഗതം’ എന്ന പദ്ധതി രൂപപ്പെട്ടത്. ഈ ആശയം സേവാഭാരതി നടപ്പിലാക്കുന്നതിലും അതിന്റെ ഭാഗമാകാന്‍ സാധിച്ചതിലും അഭിമാനമുണ്ടെന്ന് സുഗതകുമാരിയുടെ മകള്‍ ലക്ഷ്മി ദേവി പറഞ്ഞു.
പരിപാടിയില്‍ ആര്.എസ്.എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്, സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.രഞ്ജിത്ത് ഹരി, സംസ്ഥാന സമിതി അംഗം അഡ്വ.കെ.എം.രശ്മി, ഡോ.രാജ്മോഹന്‍, ഡോ.എന്‍.എന്‍.മുരളി, അഡ്വ. ഡി.അശോക് കുമാര്‍ തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷ രശ്മി ഐഷ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലകളിലെ പ്രമുഖ ആശുപത്രികളുടെ സഹകരണത്തോടെ ഊരുകളില്‍ ക്യാമ്പ് ചെയ്ത് ആരോഗ്യസേവനം നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഡോക്ടറുടെയും നഴ്സിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയും സേവനം മെഡിക്കല്‍ വാനില്‍ ഉറപ്പാക്കും. ചികിത്സയും മരുന്നും അവിടെത്തന്നെ നല്‍കും. ഗുരുതര രോഗമുള്ളവര്‍ക്കും കൂടുതല്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കും അതതു ജില്ലകളിലെ പ്രമുഖ ആശുപത്രികളില്‍ സൗജന്യ ചികിത്സയും പദ്ധതിയിലൂടെ ഉറപ്പാക്കും.