അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെ കുറിച്ചും താലിബാന്റെ തിരിച്ചുവരവിനെക്കുറിച്ചും മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ടി.പി. ശ്രീനിവാസനുമായി ദീപു ആര്‍.ജി.നായര്‍ നടത്തിയ അഭിമുഖം
അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ-അഫ്ഗാന്‍ ബന്ധത്തില്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?
വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള ഒരു സംഭവമാണിത്. കാരണം ഇന്ത്യയും താലിബാനുമായി ആദ്യകാലം മുതല്‍ തന്നെ എതിര്‍പ്പായിരുന്നു. സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനില്‍ 1979-ല്‍ പ്രവേശിച്ചപ്പോള്‍ അതിനെ എതിര്‍ത്ത അവിടത്തെ മുജാഹിദിനുകള്‍ എന്നു പറയുന്ന പലതരത്തിലുള്ള മൗലികവാദികളുടെ എതിര്‍പ്പുണ്ടായിരുന്നു. ആ സമയത്ത് ഇന്ത്യയുടെ താല്‍പര്യങ്ങളും ആഗോളപ്രശ്‌നങ്ങളും കണക്കിലെടുത്ത് സോവിയറ്റ് യൂണിയനെ ഇന്ത്യ പിന്തുണയ്ക്കുകയാണുണ്ടായത്. അതായത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ അല്ലാതെ സോവിയറ്റ് യൂണിയന്റെ അധിനിവേശത്തെ പിന്തുണച്ച ഏക രാജ്യം ഇന്ത്യയായിരുന്നു. ആ സമയം അമേരിക്ക സോവിയറ്റ് യൂണിയനെ പുറത്താക്കാന്‍ വേണ്ടി ഈ ജിഹാദികളെ എല്ലാം കൂടി ചേര്‍ത്ത് ഒരു പ്രസ്ഥാനമുണ്ടാക്കി. അതാണ് താലിബാനായിട്ട് പിന്നീട് വന്നത്. 1979 മുതല്‍ 1992 വരെ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്ന കാലഘട്ടത്തിലെല്ലാം ഇന്ത്യ സോവിയറ്റ് യൂണിയന്റെ കൂടെയായിരുന്നു. 1992-ല്‍ നജീബുള്ളയെ അഫ്ഗാന്റെ പ്രസിഡന്റാക്കിയിട്ടാണ് സോവിയറ്റ് യൂണിയന്‍ തിരിച്ചുപോകുന്നത്. അതിനു ശേഷം നജീബുള്ളയെ പിന്‍തുണച്ചത് ഇന്ത്യയാണ്. അപ്പോഴും ഇന്ത്യ താലിബാന് എതിരായിരുന്നു. അതു കഴിഞ്ഞ് താലിബാന്‍ അധികാരത്തില്‍ വന്നപ്പോഴും ഇന്ത്യക്ക് അവരുമായി വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല. നമ്മള്‍ താലിബാനെ ഒരു തീവ്രവാദ സംഘടനയായിട്ടാണ് കണക്കാക്കിയത്. പക്ഷേ ഇന്ത്യയുമായി ഒരു ഏറ്റുമുട്ടലൊന്നും ഉണ്ടായില്ല. അതിനുശേഷം 1999-ല്‍ കാണ്ഡഹാറിലേക്ക് ഇന്ത്യയുടെ വിമാനം റാഞ്ചി. അതിനു പിന്നില്‍ താലിബാനില്‍ ഉള്‍പ്പെട്ട ആളുകളായിരുന്നു എന്നത് ഇന്ത്യക്ക് അറിയാമായിരുന്നു. ഈ സംഭവത്തോടെ ഇന്ത്യയും താലിബാനുമായിട്ടുള്ള ബന്ധം വഷളായി. 1999 ഡിസംബറില്‍ വിമാനം ഹൈജാക്ക് ചെയ്തപ്പോള്‍ 4 ഭീകരവാദികളെ ഇന്ത്യ വിട്ടയച്ചു. കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് കാണ്ഡഹാറില്‍ പോയി ഈ ഭീകരവാദികളെ ഏല്‍പ്പിച്ചിട്ടാണ് 329 പേരെ അന്ന് രക്ഷപ്പെടുത്തിയത്. അതേ ആളുകളാണ് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചത്. ഈ ആക്രമണത്തിനു ശേഷമാണ് അമേരിക്ക ഇവരെപ്പറ്റി ബോധവാന്‍മാരാകുന്നതും വാര്‍ ഓണ്‍ ടെറര്‍ എസ്റ്റാബ്ലിഷ് ചെയ്യുന്നതും. അതൊരു പ്രതികാര നടപടിയായിരുന്നു. അതോടൊപ്പം ഭീകരവാദം ഇല്ലാതാക്കുക എന്നതായിരുന്നു അമേരിക്കയുടെ ഉദ്ദേശ്യം. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താലിബാന്‍ ഗവണ്‍മെന്റിനെ അമേരിക്ക പുറത്താക്കി. പക്ഷേ അതിനു ശേഷവും അമേരിക്കയ്ക്ക് എതിരായിട്ട് താലിബാന്‍ ഗൊറില്ലാ യുദ്ധം നടത്തിക്കൊണ്ടിരുന്നു. താലിബാനെ നശിപ്പിക്കുക, എന്നിട്ട് തിരിച്ചുവരിക എന്ന ഉദ്ദേശമായിരുന്നു അമേരിക്കയ്ക്ക്. പക്ഷേ അതു നടന്നില്ല. അമേരിക്ക ബോംബു ചെയ്യുകയും താലിബാന്‍ വിയറ്റ്‌നാമിലേതു പോലെ ഗൊറില്ലാ യുദ്ധം നടത്തുകയുമാണ് ചെയ്തിരുന്നത്. അമേരിക്കയ്ക്ക് അവിടെ തുടരാനും വയ്യ തിരിച്ചുവരാനും കഴിയാത്ത സ്ഥിതിവിശേഷമായി. അങ്ങനെ അത് 20 കൊല്ലം നീണ്ടു. ഈ സമയം താലിബാന്‍ അഫ്ഗാന്റെ പ്രവിശ്യകളില്‍ വളരെ ക്രിയാത്മകമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അമേരിക്കയ്ക്ക് ഇത് മനസ്സിലായിരുന്നില്ല. പല വില്ലേജുകളിലും താലിബാന്‍ തന്നെയായിരുന്നു ന്യായാധിപന്‍മാര്‍. ജനങ്ങള്‍ പൊതുവെ അവരെ സ്വീകരിക്കുവാന്‍ തുടങ്ങി. അമേരിക്കന്‍ വിരുദ്ധ പോരാട്ടമായതുകൊണ്ട് ജനങ്ങളുടെ ഭാഗത്തു നിന്നും താലിബാന് വലിയൊരു പിന്തുണ കിട്ടി.
2014-ല്‍ ഒബാമ അമേരിക്കന്‍ പ്രസിഡന്റായി അധികാരം ഏറ്റെടുത്തപ്പോള്‍ തന്നെ യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ പറ്റില്ല, അത് നിര്‍ത്തണം എന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെങ്കില്‍ കൂടുതല്‍ ഫോഴ്‌സ് വേണം. കാരണം ഈ പിന്‍വലിക്കുന്ന ഫോഴ്‌സിനെ നശിപ്പിക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് ഒബാമ ചെയ്തത് പുതിയൊരു യൂണിറ്റിനെ കൂടി അഫ്ഗാനിലേക്കയച്ചു. അന്ന് വൈസ് പ്രസിഡന്റ് ആയിരുന്ന ബൈഡന്‍ പറഞ്ഞത് പുതിയതായി ഒരു സൈനികനെ പോലും അയയ്ക്കാന്‍ പാടില്ല എന്നാണ്. പക്ഷേ ഒബാമ കൂടുതല്‍ സൈന്യത്തെ അയച്ച് പിന്‍മാറാന്‍ ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല. പിന്നെ ട്രംപ് അധികാരത്തില്‍ വന്നു. അഫ്ഗാനില്‍ വെറുതെ പണം ചിലവാക്കുന്നത് ശരിയല്ല എന്ന വളരെ കൃത്യമായ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഇലക്ഷന്‍ കഴിഞ്ഞ് സൈനിക പിന്‍മാറ്റം നടത്താമെന്നായിരുന്നു അദ്ദേഹം വിചാരിച്ചത്. പക്ഷേ ഇലക്ഷനില്‍ ട്രംപ് പരാജയപ്പെട്ടു. അതു കഴിഞ്ഞ് ബൈഡന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നു. ആദ്യം മുതല്‍ക്കു തന്നേ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ തുടരുന്നതിന് അദ്ദേഹം എതിരായിരുന്നു. അതുകൊണ്ട് സെപ്റ്റംബര്‍ 11-ന് മുന്‍പ് അമേരിക്ക പിന്‍മാറുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ അതില്‍ തെറ്റുപറ്റിയത് എന്തെന്ന് വച്ചാല്‍ എങ്ങനെ പിന്‍വാങ്ങുമെന്നതില്‍ വ്യക്തത ഇല്ലായിരുന്നു. ബൈഡന്‍ വിചാരിച്ചത് അമേരിക്ക പിന്‍വാങ്ങി കഴിയുമ്പോള്‍ അവിടത്തെ ജനങ്ങളെല്ലാം കൂടിച്ചേര്‍ന്ന് ഒരു സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ്. അതിനു വേണ്ടി ശ്രമിക്കുകയും ചെയ്തു. കുറേ ചര്‍ച്ചകളൊക്കെ നടത്തി അമേരിക്ക പിന്തുണയ്ക്കുന്ന ഗനിയുടെ സര്‍ക്കാരായിരുന്നു ഉണ്ടായിരുന്നത്. അവര്‍ക്കുവേണ്ട ജനപിന്തുണ കിട്ടുമെന്ന് പ്രതീക്ഷിച്ചു. ട്രംപിന്റെ കാലത്തു തന്നെ ഏതു തരത്തിലായിരിക്കും ഗവണ്‍മെന്റ് എന്നതിനെപ്പറ്റി എഗ്രിമെന്റ് ഒക്കെ ഉണ്ടാക്കി. പക്ഷേ അതില്‍ താലിബാന്‍ ഉള്‍പ്പെട്ടിരുന്നില്ല. എങ്കിലും അവരുടെ കുറച്ച് കണ്‍സള്‍ട്ടേഷന്‍ ഒക്കെയുണ്ടായിരുന്നു. ആ എഗ്രിമെന്റ് വച്ചിട്ടാണ് ട്രംപ് മുന്നോട്ട് പോയത്. അതുമാത്രമേ ഇപ്പോള്‍ എഗ്രിമെന്റായിട്ടുള്ളൂ. ബൈഡന്‍ സൈന്യത്തെ തിരിച്ചുവിളിച്ചപ്പോള്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് പുതിയൊരു ഗവണ്‍മെന്റിന് രൂപം കൊടുക്കുക എന്നതായിരുന്നു. താലിബാന്‍ ഉള്‍പ്പെടെ മറ്റു ഗ്രൂപ്പുകളും അമേരിക്കയെ പിന്തുണയ്ക്കുന്ന വടക്കന്‍ സംഖ്യവും ഇന്ത്യയെ പിന്തുണയ്ക്കുന്നവരും ഒക്കെ ചേര്‍ത്ത് ഒരു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ആ ശ്രമം തുടങ്ങിയപ്പോള്‍ തന്നെ അമേരിക്ക സെപ്റ്റംബറില്‍ പോകുമെന്നു പറഞ്ഞു. എന്തായാലും അമേരിക്ക സെപ്റ്റംബറില്‍ പോകുമെന്ന സ്ഥിതിക്ക് ഞങ്ങളുടെ ഭാഗത്തു നിന്ന് എന്തിന് ഒരിളവു കൊടുക്കണമെന്ന് താലിബാന്‍ ചിന്തിച്ചു. അതിനു ശേഷം വേറെ എഗ്രിമെന്റുകളൊന്നും ഉണ്ടായില്ല. ബൈഡന്‍ വിചാരിച്ചത് അമേരിക്കയ്ക്ക് വെറുതെ അങ്ങ് പോകാമെന്നാണ്. കാരണം അമേരിക്ക അഫ്ഗാന്‍ ആര്‍മിയെ ഒരുപാട് ശക്തിപ്പെടുത്തിയിരുന്നു. അഫ്ഗാന്‍ ആര്‍മി താലിബാനെതിരെ 60 ദിവസമെങ്കിലും യുദ്ധം ചെയ്യുമെന്നാണ് ബൈഡന്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും 60 മിനിട്ടു പോലും യുദ്ധം ചെയ്തില്ല. കാരണം ഒന്നാമത് രണ്ടുമാസമായി അഫ്ഗാന്‍ പട്ടാളത്തിന് ശമ്പളം കിട്ടിയിരുന്നില്ല. രണ്ടാമത് അവര്‍ക്ക് അതി നൂതനമായ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ അറിയില്ല. മൂന്നാമത് അമേരിക്കന്‍ ഫോഴ്‌സിന് പിന്തുണനല്‍കാന്‍ ആളില്ലാതായി. പ്രസിഡന്റ് ഗനി രാജ്യം വിടുകയും ഒരു നേതൃത്വം ഇല്ലാതാവുകയും ചെയ്തതോടെ ഒറ്റ ദിവസം കൊണ്ട് ഒരു യുദ്ധവും ചെയ്യാതെ താലിബാന്‍ അധികാരം ഏറ്റെടുക്കുകയാണുണ്ടായത്.
അപ്രതീക്ഷിതമായി ഉണ്ടായ പ്രശ്‌നം എന്തെന്നാല്‍ അമേരിക്കയ്ക്കു വേണ്ടി ജോലി ചെയ്ത പതിനായിരക്കണക്കിന് അഫ്ഗാന്‍കാര്‍ അവിടെയുണ്ട്. അവരെയെല്ലാം അമേരിക്കയിലേക്ക് കൊണ്ടുവരാമെന്ന ഉറപ്പ് അമേരിക്ക പാലിച്ചില്ല. അവര്‍ പിന്‍വാങ്ങുന്നതിന് മുന്‍പേ തന്നെ ഇവരെ അമേരിക്കയിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു. ആ സമയം വിമാനത്താവളങ്ങളെല്ലാം അമേരിക്കയുടെ നിയന്ത്രണത്തിലുമായിരുന്നു. പെട്ടെന്ന് ഇതെല്ലാം താലിബാന്‍ ഏറ്റെടുത്തപ്പോള്‍ അമേരിക്കയുടെ പിന്തുണക്കാരെയെല്ലാം താലിബാന്‍ കൊന്നുകളയുമെന്ന ഭയമുണ്ടായിരുന്നു. അങ്ങനെയാണ് എയര്‍പോര്‍ട്ടില്‍ ഇവരെല്ലാം കൂടുകയും സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും ചെയ്തത്. അതിപ്പോഴും മാറിയിട്ടില്ല. അവിടെയാണ് ഏറ്റവും വലിയ തെറ്റുപറ്റിയത്. ഒന്നാമത് ഒരു ഗവണ്‍മെന്റിനെ സ്ഥാപിച്ചില്ല, രണ്ടാമത് അമേരിക്കയെ പിന്തുണച്ചവരെ കൊണ്ടുപോയില്ല, മൂന്നാമത് താലിബാന് എതിരായിട്ട് ഇവര്‍ യുദ്ധവും ചെയ്തില്ല. ഇത് മൂന്നും അമേരിക്കയുടെ കണക്കുകൂട്ടലില്‍ ഉണ്ടായ വലിയ തെറ്റാണ്. ഇതിന് അമേരിക്കയെ മാത്രമേ കുറ്റം പറയാന്‍ പറ്റൂ. ഇനിയൊരു ഗവണ്‍മെന്റ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അമേരിക്ക പിന്‍വാങ്ങിയെങ്കിലും ഖത്തറില്‍ ഇപ്പോഴും ചര്‍ച്ച നടക്കുന്നുണ്ട്. ഒരാഴ്ചയില്‍ കൂടുതലായിട്ടും അഫ്ഗാനില്‍ ഗവണ്‍മെന്റ് രൂപീകൃതമായിട്ടില്ല. പഴയ പ്രസിഡന്റ് കര്‍സായുമായും അബ്ദുള്ള അബ്ദുള്ളയുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ എന്തായാലും താലിബാന്‍ ആധിപത്യത്തോടെയുള്ള ഒരു ഗവണ്‍മെന്റാണ് അഫ്ഗാനില്‍ അധികാരത്തില്‍ വരുന്നത്. അപ്പോള്‍ താലിബാന്‍ 1996-ലെ പോലെയാണോ അതോ 2021 ആകുമ്പോള്‍ കുറച്ചുകൂടെ നല്ല ആളുകളായിട്ടാണോ വരുന്നത് എന്ന് നമുക്ക് ഇപ്പോഴും അറിയില്ല. താലിബാന്‍ നല്ലതും ചീത്തയും പറയുന്നുണ്ട്. ഞങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ വേണം, ഞങ്ങള്‍ ആരെയും ആക്രമിക്കാന്‍ പോകുന്നില്ല, ഇന്ത്യന്‍ എംബസിക്ക് ഇവിടെ തുടരാം എന്നൊക്കെയാണ് പറയുന്നത്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കും; പക്ഷേ ശരിയത്ത് നിയമത്തിനുള്ളില്‍ നിന്നുകൊണ്ടായിരിക്കും എന്നാണ് അവര്‍ പറയുന്നത്. അവിടെയാണ് പ്രശ്‌നം. ഏത് ശരിയത്ത് നിയമമാണ് അവര്‍ പറയുന്നത്. അവര്‍ വ്യാഖ്യാനം ചെയ്യുന്നത് വളരെ കര്‍ക്കശമായിട്ടാണ്. ശരിയത്ത് നിയമമുള്ള പല രാജ്യങ്ങളുമുണ്ട്. അവിടെയെല്ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഒരു ഭാഗത്ത് താലിബാന്‍ പറയുന്നത് ഞങ്ങള്‍ മോഡറേറ്റായിട്ടുള്ള ഗവണ്‍മെന്റായിരിക്കും, ശരിയത്ത് നിയമമായിരിക്കും, എമിറേറ്റ് ആയിരിക്കും എന്നൊക്കെയാണ്. അവരുടെ ഉദ്ദേശ്യം പുതിയ താലിബാന്‍ വന്നു എന്ന പ്രതീതി ഉണ്ടാക്കിയിട്ട് ലോകത്തിന്റെ അംഗീകാരം നേടുക, അതിനു ശേഷം വീണ്ടും അവരുടെ പഴയ സ്വഭാവം കാണിക്കുക എന്നതാവാനാണ് സാധ്യത.
ഈ വിഷയത്തില്‍ ചൈന കടന്നുവന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രശ്‌നം. അമേരിക്കയുടെ തെറ്റായ നടപടികൊണ്ട് പാകിസ്ഥാനാണ് വിജയം കൈവന്നിരിക്കുന്നത്. താലിബാന്‍ പാകിസ്ഥാന്‍ പറയുന്നതെല്ലാം കേള്‍ക്കും. പാകിസ്ഥാന്‍ താലിബാന്‍ പറയുന്നതെല്ലാം കേള്‍ക്കും. പാകിസ്ഥാന്റെ വിജയം തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുണകരമല്ല. അതിന്റെ കൂടെ ചൈനയും പാകിസ്ഥാനും നല്ല സൗഹൃദത്തിലുമാണ്. ഇന്ത്യാ വിരുദ്ധത മാത്രം കൊണ്ടാണ് ഇസ്ലാമിക രാജ്യവും കമ്മ്യൂണിസ്റ്റ് രാജ്യവും ഒന്നിച്ചു നില്‍ക്കുന്നത്. പാകിസ്ഥാനിലെ ന്യൂക്ലിയര്‍ ബോംബ് എന്ന് പറയുന്നത് ചൈന പൊട്ടിച്ചതാണ്. അത്രമാത്രം അവര്‍ സൗഹൃദത്തിലാണ്. പാകിസ്ഥാനും ചൈനയും ഒന്നിച്ചു ചേര്‍ന്ന് ലഡാക്കില്‍ ഇന്ത്യയുമായി യുദ്ധം ഉണ്ടാകുമെന്നൊക്കെ ഇപ്പോഴും സൂചനകളുണ്ട്.
താലിബാന്‍ ഇന്ത്യയോട് ഒട്ടും സ്‌നേഹമില്ലാത്ത ഗ്രൂപ്പാണ്. ഇന്ത്യയോട് സംസാരിക്കുന്നുണ്ട്. പക്ഷേ അവര്‍ ഒരിക്കലും ഇന്ത്യയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ശ്രമിക്കുകയില്ല. താലിബാന്റെ പ്രധാന പിന്തുണക്കാര്‍ സൈന്യത്തിന്റെ കാര്യത്തില്‍ പാകിസ്ഥാനും പണത്തിന്റെ കാര്യത്തില്‍ ചൈനയുമാണ്.
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്ക് എന്താണ് ഇനി ചെയ്യാന്‍ കഴിയുക? ചൈന താലിബാനുമായി അടുക്കുകയാണ്, ചൈന-പാക്കിസ്ഥാന്‍-താലിബാന്‍ കൂട്ടുകെട്ട് ഇന്ത്യക്ക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരിക്കും. ഇന്ത്യക്ക് എങ്ങനെ ഈ ഒരു ഭീഷണിയെ മറികടക്കാം.
ഇന്ത്യക്ക് മുന്നില്‍ രണ്ടു മാര്‍ഗ്ഗങ്ങളാണുള്ളത്. ഒന്ന് 1996-ലേതു പോലെ താലിബാനെ അംഗീകരിക്കാതിരിക്കുക. കാശ്മീരില്‍ ഏതെങ്കിലും തരത്തിലുള്ള ഉപദ്രവം കാണിച്ചാല്‍ നമ്മള്‍ അതിനെ പ്രതിരോധിക്കാനായി തയ്യാറെടുക്കുക. രണ്ടാമത്തേത് താലിബാനുമായി സംസാരിച്ച് ഒരു വര്‍ക്കിംഗ് റിലേഷന്‍ഷിപ്പ് ഉണ്ടാക്കുക. പക്ഷേ അതിന് ചൈനയും പാക്കിസ്ഥാനും അനുവദിക്കുമോ എന്നതാണ് പ്രശ്‌നം. ജമ്മു കാശ്മീരില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അഫ്ഗാനില്‍ ഗവണ്‍മെന്റ് നിലവില്‍ വന്നുകഴിഞ്ഞാല്‍ ഭീകരവാദികള്‍ക്ക് ഒന്നും ചെയ്യാനുണ്ടാവില്ല. അങ്ങനെയാവുമ്പോള്‍ ഈ ഭീകരവാദികളെ ജമ്മു കാശ്മീരിലേക്ക് തിരിച്ചുവിടും. അതുമാത്രമല്ല ചൈന ലഡാക്കില്‍ കൂടുതല്‍ അക്രമാസക്തമായി പെരുമാറും. കാരണം അവര്‍ക്കിപ്പോള്‍ കൂടുതല്‍ ശക്തി വന്നു. ഇപ്പോഴും ലഡാക്കിലെ തര്‍ക്കപ്രദേശങ്ങളില്‍ എല്ലായിടത്തു നിന്നും ചൈനീസ് സേന പിന്‍മാറിയിട്ടില്ല. ഇത് നിഷ്ഫലമാക്കാന്‍ വേണ്ടി ഇന്ത്യക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നാണ് നോക്കേണ്ടത്. റഷ്യയും ഇറാനും നമുക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അവര്‍ ഇന്ത്യക്കൊപ്പമില്ല. നമ്മുടെ വിദേശകാര്യമന്ത്രി ഇറാനില്‍ പോയി, മോസ്‌കോയില്‍ പോയി. താഷ്‌കന്റില്‍ പോയി. അന്നദ്ദേഹം പറഞ്ഞത്, 1990-ല്‍ സോവിയറ്റ് യൂണിയനും ഇന്ത്യയും ഇറാനും ചേര്‍ന്ന് താലിബാനെ എതിര്‍ക്കാനുള്ള ഒരു പദ്ധതിയുണ്ടായിരുന്നു. പക്ഷേ അവര്‍ അതിന് മറുപടിയൊന്നും പറഞ്ഞില്ല. നിലവില്‍ ഇന്ത്യയെ പിന്തുണയ്ക്കാന്‍ ആരുമില്ല. അമേരിക്കയും പോയി. ഇന്ത്യ ഒറ്റയ്ക്ക് ഇതിനെ നേരിടേണ്ടി വരും. നമ്മുടെ പ്രധാനമന്ത്രി പറഞ്ഞല്ലോ തീവ്രവാദ സംഘടനകള്‍ ഒരിക്കലും സ്ഥിരമായിരിക്കില്ല എന്ന്. തീവ്രവാദത്തിന് എതിരെ നമ്മള്‍ ചെയ്യുക ഒരു തുറന്ന യുദ്ധമല്ല. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ താലിബാന്‍ നമ്മളെ ദ്രോഹിക്കാതിരിക്കുക. ഇന്ത്യക്ക് താലിബാന്റെ ഭാഗത്തു നിന്നും ഒന്നും ആവശ്യമില്ല. ശരിക്കും നോക്കിയാല്‍ താലിബാന്‍ അവരുടെ കാര്യവും ഇന്ത്യ ഇന്ത്യയുടെ കാര്യവും നോക്കുകയാണെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ അവര്‍ നമ്മുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ തുടങ്ങിയാല്‍ പ്രശ്‌നമാകും.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (OIC) ഭാഗത്തു നിന്നും താലിബാന്‍ ഭരണകൂടത്തിന് പിന്തുണ പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായിട്ടും. 1996-ല്‍ താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ അവരെ അംഗീകരിച്ചത് സൗദി അറേബ്യ, യു.എ.ഇ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളായിരുന്നു. അതുപോലെ ഇപ്പോള്‍ റഷ്യ, ചൈന, ഇറാന്‍ ഒക്കെ താലിബാനെ പിന്തുണയ്ക്കുകയാണെങ്കില്‍ കൂടുതല്‍ മുസ്ലീം രാജ്യങ്ങള്‍ അവരെ അംഗീകരിക്കുന്നതിന് മുന്നോട്ടുവരും.
ഷിയാ ഭൂരിപക്ഷരാജ്യമായ ഇറാനുമായി താലിബാന്റെ ബന്ധം സുഗമമാകുവാന്‍ സാധ്യതയുണ്ടോ?
അതായിരുന്നു ഇന്ത്യക്ക് ഉണ്ടായിരുന്ന ഏകപ്രതീക്ഷ. കാരണം വടക്കന്‍ സഖ്യത്തില്‍ ഷിയാകളാണ് കൂടുതല്‍. അതുകൊണ്ട് അവരുടെ താല്പര്യത്തിന് വേണ്ടി ഇറാന്‍ താലിബാനുമായി പെട്ടെന്ന് സഹകരിക്കില്ല എന്നാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അങ്ങനെയല്ല. അവര്‍ അത് ഒരു പ്രശ്‌നമായി കണക്കാക്കുന്നില്ലായെന്നാണ്.
താലിബാന്‍ നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയ്ക്ക് എന്താണ് ചെയ്യാന്‍ കഴിയുക?
ഐക്യരാഷ്ട്രസഭയ്ക്ക് ഇതിനെ വിമര്‍ശിക്കാമെന്നല്ലാതെ അഫ്ഗാനില്‍ നേരിട്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. അതിന് സെക്യൂരിറ്റി കൗണ്‍സിലിന്റെ അനുവാദം വേണം. അങ്ങനെയാവുമ്പോള്‍ റഷ്യയും ചൈനയും അതിനെ വീറ്റോ ചെയ്യും. അതുകൊണ്ട് യു.എന്നിന് മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് താലിബാനോട് ആവശ്യപ്പെടാമെന്നല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല.
റഷ്യയ്ക്ക് അഫ്ഗാനിസ്ഥാനിലുള്ള താല്‍പര്യം എന്താണ്?
അമേരിക്കയെ പരാജയപ്പെടുത്താനുള്ള താല്പര്യമേ റഷ്യയ്ക്ക് കാണൂ. അതുകൊണ്ട് ഇപ്പോള്‍ ഇന്ത്യയോടും റഷ്യ കുറച്ച് അകന്നു നില്‍ക്കുകയാണ്. എന്നാലും റഷ്യയുമായിട്ടുള്ള ഇന്ത്യയുടെ ബന്ധം ശക്തമാണ്. നമ്മുടെ ആയുധ ഇറക്കുമതിയുടെ 70% വും റഷ്യയില്‍ നിന്നാണ്. വ്‌ളാഡിവര്‍ സ്റ്റോക്കിലും കിഴക്കന്‍ റഷ്യയിലുമൊക്കെ ഇന്ത്യ വലുതായിട്ട് ഇടപെട്ടിട്ടുണ്ട്. അതുകൊണ്ട് റഷ്യയ്ക്ക് ഇന്ത്യയോട് താല്പര്യം ഉണ്ട്. അതേ സമയം അമേരിക്കയ്ക്ക് എന്ത് നഷ്ടം വന്നാലും അത് ഒരു ലാഭമായിട്ടാണ് അവര്‍ കണക്കാക്കുന്നത്. ഇന്ത്യയെ അമേരിക്കയില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് റഷ്യ ശ്രമിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റുമായി സംസാരിച്ചപ്പോഴും ഇന്ത്യ എത്രമാത്രം അമേരിക്കയോട് ആശ്രയപ്പെട്ടിരിക്കുന്നു എന്നതാണ് ചര്‍ച്ചയായത്. ആ ആശ്രയത്വം കൂടിയാല്‍ റഷ്യയ്ക്ക് ഉപദ്രവമായിട്ടു വരും. അതുകൊണ്ട് റഷ്യയുമായിട്ടും അമേരിക്കയുമായിട്ടും ഒരു ബാലന്‍സ് ഉണ്ടാക്കണമെന്നായിരിക്കാം റഷ്യ ആവശ്യപ്പെടുക.
താലിബാന്‍ അഫ്ഗാന്റെ ഭരണം ഏറ്റെടുക്കുമ്പോള്‍ ഭരണപരിചയം ഒരു വലിയ ചോദ്യചിഹ്നമല്ലേ?
താലിബാന് ഭരണപരിചയം ഇല്ല എന്ന് പറയാന്‍ കഴിയില്ല. കഴിഞ്ഞ 20 കൊല്ലവും അഫ്ഗാനിലെ പല പ്രവിശ്യകളിലും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. താലിബാന്റെ പ്രസ്താവനകള്‍ തന്നെ വളരെ പക്വമാണ്. 31-ാം തീയതി അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുമെന്ന് ആദ്യം പറഞ്ഞത് താലിബാനല്ല അമേരിക്ക തന്നെയാണ്. അതിനുശേഷമാണ് 31-ന് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പോകണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടത്. അവര്‍ ഒരു ന്യായമായിട്ടുളള നിലപാടെടുക്കുന്നു. പക്ഷേ എല്ലാവരുടെയും സംശയം ഈ നിലപാട് താലിബാന് അംഗീകാരം കിട്ടാന്‍ വേണ്ടിയിട്ടാണോ എന്നതാണ്. അതിനു ശേഷം അധികാരം മുഴുവനായി കൈയ്യില്‍ കിട്ടുകയും ചൈനയുടെയും പാകിസ്ഥാന്റെയും ശക്തമായ പിന്തുണ കൂടി അവര്‍ക്കു കിട്ടിക്കഴിയുമ്പോള്‍ അവരുടെ ശക്തി ഉപയോഗിച്ച് മേഖലയില്‍ പ്രത്യേകിച്ച് ഇന്ത്യക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും.
പാശ്ചാത്യ രാജ്യങ്ങളുടെ ഭാഗത്തു നിന്നും വീണ്ടുമൊരു സൈനിക ഇടപെടലിനുള്ള വിദൂരസാധ്യതയെങ്കിലും അവശേഷിക്കുന്നുണ്ടോ?
ഒരു സാധ്യതയുമില്ല. ജി-7 രാജ്യങ്ങള്‍ തന്നെ അഫ്ഗാനെ എങ്ങനെ സഹായിക്കണമെന്നാണ് ചര്‍ച്ച ചെയ്തത്. ഇനി ഈ 31-ാം തീയതി താലിബാന്‍ അമേരിക്കന്‍ പട്ടാളത്തെ ആക്രമിക്കുകയാണെങ്കില്‍ അമേരിക്ക തീര്‍ച്ചയായിട്ടും അഫ്ഗാനിസ്ഥാനില്‍ തിരിച്ചു വരും. ഒരു സംശയവുമില്ല. പക്ഷേ അമേരിക്ക പറയുന്നത് തങ്ങള്‍ 31-ന് തന്നെ പിന്‍മാറുമെന്നാണ്. ഇനിയൊരു അഭിപ്രായ വ്യത്യാസമുള്ളത് അഫ്ഗാന്‍കാരെ എന്തുചെയ്യുമെന്നുള്ളതാണ്. അഫ്ഗാന്‍ കാരെ കൊണ്ടുപോകാന്‍ പാടില്ല എന്നാണ് താലിബാന്‍ പറയുന്നത്. അഫ്ഗാന്റെ വികസനത്തിന് കഴിവും വിദ്യാഭ്യാസവുമുള്ളവരുടെ സഹായം വേണം. അതുകൊണ്ട് അഫ്ഗാന്‍ പൗരന്മാരെ കൊണ്ടുപോകരുതെന്നാണ് താലിബാന്‍ പറയുന്നത്. അതില്‍ ഇന്ത്യക്കും പ്രശ്‌നമുണ്ട്. ഇന്ത്യ ധാരാളം അഫ്ഗാന്‍ പൗരന്മാര്‍ക്ക് വിസ കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ച് ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കും. അത് ഒരു പക്ഷേ താലിബാന്‍ അനുവദിച്ചില്ല എന്നു വരും.
20 വര്‍ഷം നീണ്ട അമേരിക്കന്‍ സൈനിക നടപടികള്‍ക്കു ശേഷവും അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാന്റെ കൈയ്യില്‍ ചെന്നെത്തുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയുടെ പ്രതിച്ഛായക്ക് ഏറ്റ മങ്ങലായാണോ അഫ്ഗാന്‍ സൈനിക നടപടി അവശേഷിക്കുന്നത്?
അമേരിക്കയ്ക്കുള്ളില്‍ ബൈഡനെ എതിര്‍ക്കുന്നവര്‍ പറയുന്നത് ബൈഡന്‍ ആലോചിക്കാതെ ചെയ്ത വലിയ തെറ്റെന്നാണ്. അമേരിക്ക ഇപ്പോഴും സൂപ്പര്‍ പവര്‍ തന്നെയാണ്. ഇതൊക്കെ അങ്ങ് മാറിപ്പോവും. അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമൊന്നുമല്ല. നഷ്ടം വരാന്‍ പോകുന്നത് ഇന്ത്യയ്ക്കാണ്.
മൂന്നു ലക്ഷത്തോളം വരുന്ന അഫ്ഗാന്‍ സായുധസേനയ്ക്ക് താലിബാനെ പ്രതിരോധിക്കാന്‍ വേണ്ട ശക്തിയില്ലാത്തതാണോ? അതോ സൈന്യത്തിലും രാഷ്ട്രീയത്തിലും താലിബാന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവരുടെ ഇടപെടലാണോ അഫ്ഗാന്‍ സൈന്യത്തെ ദുര്‍ബലമാക്കിയത്?
അഫ്ഗാന്റെ സൈന്യത്തില്‍ മാത്രമല്ല ജനങ്ങള്‍ക്കിടയിലും താലിബാന് പിന്തുണയുണ്ട്. അഫ്ഗാന്‍ പട്ടാളം താലിബാനെതിരെ യുദ്ധം ചെയ്യുമെന്ന് പ്രതീക്ഷിച്ചതല്ലാതെ അതിനുവേണ്ടിയിട്ടുള്ള നടപടികളൊന്നും എടുത്തില്ല. രണ്ടുമാസമായി പട്ടാളത്തിന് ശമ്പളം നല്‍കുന്നില്ല. പിന്നെ ദേശീയതയുടെ പ്രശ്‌നം അഫ്ഗാനിലുണ്ട്. ഇവര്‍ കൊളോണിയലിസത്തിന് എതിരായി പ്രവര്‍ത്തിച്ചവരാണ് എന്നു പറയുമ്പോള്‍ താലിബാന് ഒരു വിശ്വാസ്യത ജനങ്ങള്‍ക്കിടയില്‍ ഉണ്ടായി. താലിബാന്‍ അഫ്ഗാനില്‍ അടിച്ചമര്‍ത്തല്‍ കുറയ്ക്കുകയും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുകയും ഇന്ത്യ നടത്തിയ അടിസ്ഥാനസൗകര്യ വികസനങ്ങളും മൂന്ന് ബില്യണ്‍ ഡോളര്‍ മുടക്കി പണിത പാര്‍ലമെന്റ് മന്ദിരവും സംരക്ഷിക്കുകയാണെങ്കില്‍ അവര്‍ക്ക് കുറേകൂടി സ്വീകാര്യത ലഭിക്കും. ആദ്യം ഇന്ത്യ നിര്‍മ്മിച്ച ഡാം അവര്‍ ബോംബ് ചെയ്തതായിരുന്നു. ഇപ്പോള്‍ അത് സംരക്ഷിക്കുമെന്ന് പറയുന്നു. പക്ഷേ അവരെ വിശ്വസിക്കാന്‍ പറ്റില്ല.
താലിബാന്‍ കാബുളില്‍ പ്രവേശിച്ച ഉടന്‍ തന്നെ ഇന്ത്യ നയതന്ത്രപ്രതിനിധിയെയും മറ്റ് ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചത് വിമര്‍ശനത്തിന് കാരണമായി. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നല്‍കേണ്ടവരെ എന്തുകൊണ്ടായിരിക്കാം കേന്ദ്രസര്‍ക്കാര്‍ ആദ്യം മടക്കിക്കൊണ്ടുവന്നത്?
വിമര്‍ശനങ്ങള്‍ എന്തായാലും വരും. ഇന്ത്യ അവരെ തിരിച്ചുകൊണ്ടുവരാതിരിക്കുകയും താലിബാന്‍ ആക്രമണത്തില്‍ എംബസി ജീവനക്കാര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു എങ്കില്‍ ഇതിലും വലിയ വിമര്‍ശനങ്ങള്‍ ഉണ്ടാകുമായിരുന്നില്ലേ? കാണ്ഡഹാറിലേക്ക് ഇന്ത്യയുടെ വിമാനം തന്നെ ഹൈജാക്ക് ചെയ്തുകൊണ്ടുപോയപ്പോള്‍ നാല് ഭീകരരെ വിട്ടയച്ചിട്ടാണ് 329 വിമാനയാത്രക്കാരെ രക്ഷപ്പെടുത്തിയത്. അത് എന്തിനാണ് ചെയ്തത്? 329 പേര്‍ മരിച്ചോട്ടെ എന്ന് പറയുന്നവരുമുണ്ട്. ഗവണ്‍മെന്റിന് എപ്പോഴും ജഡ്ജ്‌മെന്റ് എടുക്കണം. താലിബാന് ലക്ഷ്യം വയ്ക്കാന്‍ പറ്റിയത് ഇന്ത്യന്‍ എംബസിയാണ്. റഷ്യ, ചൈന, പാകിസ്ഥാന്‍, ഇറാന്‍ ഇത്രയും രാജ്യങ്ങള്‍ അഫ്ഗാനില്‍ നിന്നും പോയിട്ടില്ല. അപ്പോള്‍ ഇത്രയും രാജ്യങ്ങളാണ് താലിബാനോട് അടുപ്പമുള്ളവര്‍ എന്ന് കാണിക്കണം. ഇന്ത്യ കൂടെ പോകാതിരുന്നുവെങ്കില്‍ നമ്മളും ആ ഗ്രൂപ്പില്‍ ഉണ്ടാകുമായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് വലിയ അപകടമാണ്.
പി.ഒ.കെയുമായിട്ടാണ് അഫ്ഗാന്‍ നിലവില്‍ അതിര്‍ത്തി പങ്കിടുന്നത്. ആ സ്ഥിതിക്ക് അതിര്‍ത്തി വഴി ഇന്ത്യയ്ക്ക് ഉണ്ടാകാവുന്ന ഭീഷണി എന്തായിരിക്കും?
പി.ഒ.കെ വഴി ഇന്ത്യയ്ക്ക് എതിരെ നീക്കങ്ങള്‍ നടത്താം. ഇന്ത്യയെ അഫ്ഗാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താത്തത് ഇന്ത്യയ്ക്ക് അഫ്ഗാനുമായി അതിര്‍ത്തി ഇല്ല എന്നു പറഞ്ഞാണ്. പക്ഷേ ഇന്ത്യയ്ക്ക് അതിര്‍ത്തി ഉണ്ട്. പി.ഒ.കെയും ഇന്ത്യയുടെ ഭാഗമാണ്. ഞാന്‍ യു.എന്നില്‍ ഉണ്ടായിരുന്ന കാലം മുതല്‍ അഫ്ഗാന്‍ വിഷയത്തെപ്പറ്റി ഐക്യരാഷ്ട്രസഭയില്‍ ചര്‍ച്ച നടക്കുകയാണ്. അപ്പോഴൊന്നും ഇന്ത്യയെ ഐക്യരാഷ്ട്ര സഭ പോലും ഒരു മീറ്റിംഗിനും ക്ഷണിച്ചിരുന്നില്ല. ഞങ്ങള്‍ വീണ്ടും വീണ്ടും പറയുമായിരുന്നു. ഞങ്ങള്‍ക്കാണ് ഇതിലേറ്റവും കൂടുതല്‍ താല്പര്യമുള്ളതെന്ന്. അപ്പോള്‍ പാക്കിസ്ഥാന്‍ എതിര്‍ക്കും, ഇന്ത്യ അഫ്ഗാന്റെ അയല്‍രാജ്യമല്ല എന്ന്. പാക്കിസ്ഥാന്റെ വാദം യു.എന്‍ അംഗീകരിക്കുകയും ചെയ്തു.
പി.ഒ.കെ തിരിച്ചുപിടിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമോ?
ഞാന്‍ പ്രതീക്ഷിക്കുന്നില്ല. കാരണം നമ്മള്‍ ഇത് കമ്മിറ്റ് ചെയ്തു പോയതാണ്. 1948 മുതല്‍ ഇന്ത്യ പറയുന്നത് എല്‍.ഒ.സി നമുക്ക് സ്വീകാര്യമാണെന്നാണ്. പാക്കിസ്ഥാന് അത് സ്വീകാര്യമല്ലായിരുന്നു. അവര്‍ പറയുന്നത് എല്‍.ഒ.സിയും വേണം കാശ്മീരും വേണം എന്നാണ്. അപ്പോള്‍ നമ്മുടെ ശ്രദ്ധ എല്‍.ഒ.സിയില്‍ വരണം. അന്താരാഷ്ട്ര അതിര്‍ത്തിയായിട്ട് എല്‍.ഒ.സിയെ അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാണ്. പി.ഒ.കെ തിരിച്ചുപിടിക്കാനുള്ള നീക്കം വലിയൊരു ആണവ യുദ്ധത്തിലോട്ട് മാറും. ബംഗ്ലാദേശ് യുദ്ധം പോലെയല്ല ഇത്. അതുകൊണ്ട് നമ്മുടെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അത്തരമൊരു ശ്രമം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മള്‍ അത് പറയുന്നത് എല്‍.ഒ.സി പാക്കിസ്ഥാനെ കൊണ്ട് അംഗീകരിപ്പിക്കാന്‍ വേണ്ടിയാണ്. ഒരുപക്ഷേ പാക്കിസ്ഥാന്‍ പറയുകയാണ് ‘ഞങ്ങള്‍ക്ക് ജമ്മുകാശ്മീര്‍ വേണ്ട എല്‍.ഒ.സി തന്നാല്‍ മതി, പി.ഒ.കെ ഞങ്ങള്‍ കൈവശം വയ്ക്കാം കാശ്മീര്‍ നിങ്ങളും എടുത്തോളൂ’ എന്ന്. അപ്പോള്‍ സമാധാനമായി കഴിഞ്ഞു. പക്ഷേ പാകിസ്ഥാന്‍ അത് സമ്മതിക്കാത്തത് അവര്‍ക്ക് കാശ്മീര്‍ വേണം എന്നുള്ളതു കൊണ്ടാണ്.