കോഴിക്കോട് : ഉജ്ജയിനിയിലെ മഹര്‍ഷി പാണിനി സംസ്‌കൃത-വൈദിക സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലാറായി മലയാളിയായ ഡോ.സി.ജി.വിജയകുമാറിനെ നിയമിച്ചു.
നാഗ്പൂരിലെ കവികുല ഗുരുസര്‍വ്വകലാശാലയില്‍ റജിസ്ട്രാറായി അഞ്ച് വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വൈസ് ചാന്‍സലറായി നിയമനം ലഭിച്ചത്. കേരളത്തില്‍ സംസ്‌കൃത പഠനം മന്ദഗതിയിലായ കാലത്തായിരുന്നു വിജയകുമാര്‍ സംസ്‌കൃത പ്രചരണ രംഗത്തേയ്ക്ക് അരയും തലയും മുറുക്കി കടന്നു വന്നത്. വര്‍ദ്ധിച്ച എതിര്‍പ്പിനെ അതിജീവിച്ച് കേരളത്തില്‍ വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന് കൃത്യമായ ഒരു മേല്‍വിലാസം നേടിക്കൊടുത്തതില്‍ ഇദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. നിലവില്‍ സംസ്‌കൃത ഭാരതിയുടെ വിദര്‍ഭ പ്രാന്തത്തിന്റെ മുഖ്യ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചു വരികയാണ്.
തൃപ്പൂണിത്തുറ ചെറൂളില്‍ ഗോപാലകൃഷ്ണന്‍ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായാണ് ജനനം. നിലവില്‍ പറവൂര്‍ ഏഴിക്കര ഇന്ദീവരത്തിലാണ് താമസം. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ നിന്നും വ്യാകരണത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ശേഷം പി.എച്ച്.ഡിയും നേടി. കൊടുങ്ങല്ലൂര്‍ വിദ്വത് പീഠം, സുകിതീന്ദ്ര ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലുശ്ശേരി ആദര്‍ശ സംസ്‌കൃത വിദ്യാപീഠം എന്നിവിടങ്ങളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമൃതഭാരതി വിദ്യാപീഠത്തിന്റെ ആരംഭകാല പ്രവര്‍ത്തകനായിരുന്നു. ഡോ.ജി.ഗംഗാധരന്‍ നായരാണ് ഇദ്ദേഹത്തെ സംസ്‌കൃത സംഘടനാ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. വ്യാകരണ ശാസ്ത്രത്തില്‍ കേരളത്തിന്റെ സംഭാവനകള്‍, സംസ്‌കൃതവാഗ്വിലാസം, രാമവര്‍മ കാവ്യം (ഇംഗ്ലീഷ് പരിഭാഷ) തുടങ്ങി നിരവധി സംസ്‌കൃത ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
സംസ്‌കൃതത്തില്‍ തെരുവ് നാടകങ്ങള്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. യു.എസില്‍ നിന്നുള്ള സംസ്‌കൃതി ഭാരതി അവാര്‍ഡ്, ദോഹയില്‍ നിന്നുള്ള ഗാന്ധാര എവന്‍സ് അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മഹാരാജാസ് കോളേജിലെ സംസ്‌കൃതം അസോസിയേറ്റ് പ്രൊഫസര്‍ വി.രമാദേവിയാണ് ഭാര്യ. വിദ്യാര്‍ത്ഥിനിയായ അപര്‍ണമേനോന്‍ മകളാണ്.