സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയുള്ള ഗ്രന്ഥത്തില്‍ നിന്ന് മലബാര്‍ കലാപത്തിനു നേതൃത്വം നല്‍കിയ താലിബാന്‍ മനോഭാവമുള്ള ജിഹാദികളുടെ പേരുകള്‍ നീക്കംചെയ്യാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ശ്രമം അനിവാര്യമായ ഒരു ശുദ്ധീകരണത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികത്തിലെങ്കിലും ഇത്തരം ഒരു ശുദ്ധീകരണം നടത്താന്‍ കഴിയുന്നത് യഥാര്‍ത്ഥ സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കുന്നതിന് തുല്യമാണ്. അനേകം പേരുടെ ജീവത്യാഗത്തിലൂടെയും കഠിനയാതനകളിലൂടെയും നേടിയതാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യം. അവരുടെ കൂട്ടത്തില്‍ ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍വേണ്ടി ജിഹാദ് നടത്തിയവരും ഹിന്ദു വംശഹത്യ നടത്തിയവരും ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തിയവരും വിചാരണ നടത്തി തലകള്‍ വെട്ടി കിണറുകള്‍ മൂടിയവരും ആയിരക്കണക്കിന് സ്ത്രീകളെ പരസ്യമായി മാനഭംഗപ്പെടുത്തിയവരും ഒരുതരത്തിലും പെട്ടുകൂടാ. നിക്ഷിപ്തതാല്പര്യങ്ങളുടെ പേരില്‍ ഇത്തരം പട്ടികകളില്‍ കയറിക്കൂടിയവരെ പൂര്‍ണ്ണമായും നിഷ്‌കാസനം ചെയ്യുന്നത് ചരിത്രത്തോട് നീതിപുലര്‍ത്താന്‍ കൂടിയാണ്. ഇതിനു നേതൃത്വം കൊടുക്കുന്ന ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിനും അതിന്റെ ഗവേണിംഗ്‌ബോഡി അംഗങ്ങള്‍ക്കും മുഴുവന്‍ ദേശസ്‌നേഹികളുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയും പേരില്‍ അഭിനന്ദനം രേഖപ്പെടുത്താന്‍ ഈ അവസരം ഞങ്ങള്‍ ഉപയോഗിക്കുകയാണ്.
1969ല്‍ സ്ഥാപിച്ച ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെയും (ജെ.എന്‍.യു) 1972ല്‍ സ്ഥാപിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെയും (ഐ.സി.എച്ച്.ആര്‍) തലപ്പത്ത് നെഹ്‌റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള ദുസ്വാധീനമുപയോഗിച്ച് കയറിക്കൂടിയ കമ്മ്യൂണിസ്റ്റുകളാണ് സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ മലബാര്‍ കലാപകാരികളെയും തിരുകിക്കയറ്റിയത്. മുസ്ലിം പ്രീണനത്തിന്റെ ഭാഗമായി മാപ്പിള ലഹള ബാധിത പ്രദേശങ്ങള്‍ ചേര്‍ത്ത് മലപ്പുറം ജില്ല രൂപീകരിച്ചതിന്റെ തുടര്‍ച്ചയായിരുന്നു ഇത്. കോണ്‍ഗ്രസ്സിനുപോലും ഇതിനോട് യോജിപ്പില്ലായിരുന്നു എന്നതിന്റെ തെളിവാണ് 1973ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ആഭ്യന്തരമന്ത്രി ഉമാശങ്കര്‍ ദീക്ഷിത് പാര്‍ലമെന്റില്‍ ചെയ്ത പ്രസ്താവന. മലബാര്‍ കലാപം സ്വാതന്ത്ര്യസമരമല്ല എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. എങ്കിലും കമ്മ്യൂണിസ്റ്റ് കുതന്ത്രങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് യാതൊരു നടപടിയും സ്വീകരിച്ചില്ല.
1920ല്‍ നാഗ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ പ്രത്യേക സമ്മേളനത്തില്‍ ഗാന്ധിജി സ്വാതന്ത്ര്യസമരത്തെ ഖിലാഫത്ത് പ്രക്ഷോഭവുമായി കൂട്ടിക്കെട്ടുന്ന പ്രമേയം മുന്നോട്ടുവെച്ചപ്പോള്‍ ടാഗോറും ജിന്നയും ആനിബസന്റും ഉള്‍പ്പെടെ 804 പേര്‍ ആ പ്രമേയത്തിന് എതിരെ വോട്ടുചെയ്തിരുന്നു. ഖിലാഫത്ത് പ്രക്ഷോഭം സ്വാതന്ത്ര്യസമരായിരുന്നില്ല എന്നതിനുള്ള ഒന്നാമത്തെ തെളിവ് ഇതുതന്നെയാണ്. മാപ്പിള കലാപം സ്വാതന്ത്ര്യസമരമല്ല എന്ന ആശയം വ്യക്തമാക്കുന്ന തരത്തില്‍ ആനിബസന്റും അംബേദ്കറും ഗാന്ധിജിയും ഉള്‍പ്പെടെ ഒട്ടേറെ നേതാക്കളുടെ പ്രസ്താവനകള്‍ ലഭ്യമാണ്. അനേകം പുസ്തകങ്ങളും ചരിത്ര രേഖകളും ലഹള ബാധിതരുടെ അനുഭവസാക്ഷ്യങ്ങളും ഖിലാഫത്തിന്റെ പേരില്‍ നടന്നത് ജിഹാദായിരുന്നുവെന്നും അക്രമങ്ങള്‍ക്കു നേതൃത്വം കൊടുത്ത ആലി മുസല്യാരും വാരിയംകുന്നനുമടക്കമുള്ള നേതാക്കള്‍ താലിബാന്‍ മനോഭാവത്തോടെ പ്രവര്‍ത്തിച്ചവരായിരുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നു. ‘എ ഹിസ്റ്ററി ഓഫ് മാപ്പിള റിബല്യന്‍’ എന്ന ഗ്രന്ഥത്തില്‍ ഇ.പക്കന്‍ഹാം വാല്‍ഷ് എന്ന ജഡ്ജിയുടെ വിധിന്യായം ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകാരനായ ഹിച്ച് കോക്ക് മാപ്പിള ലഹള പൊട്ടിപ്പുറപ്പെട്ട ആഗസ്റ്റ് 20നു തന്നെ നിലമ്പൂരില്‍ വെച്ച് 17 ഹിന്ദുക്കളെ പൂക്കോട്ടൂരില്‍ നിന്നെത്തിയ നിയമവിരുദ്ധ സംഘം വെട്ടിക്കൊന്നതായും രണ്ടു ദിവസത്തിനകം 34 പേരെ മതംമാറ്റിയതായും പറയുന്നുണ്ട്. തുടക്കം തന്നെ ഇങ്ങനെയായിരുന്നെങ്കില്‍ ഇതെങ്ങിനെ സ്വാതന്ത്ര്യസമരമാകും? മാത്രമല്ല ഗാന്ധിജി മുന്നോട്ടുവെച്ച ഖാദിവേഷത്തിനുപകരം കാക്കി ഷര്‍ട്ടും ഫുള്‍ ട്രൗസറും തുര്‍ക്കി തൊപ്പിയുമായിരുന്നു ഖിലാഫത്ത് വളണ്ടിയര്‍മാരുടെ വേഷം. കോണ്‍ഗ്രസ് പതാക ക്കുപകരം തുര്‍ക്കി പതാകയാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ഭാരത് മാതാവിനും ഗാന്ധിജിക്കും ജയ് വിളിച്ചുകൊണ്ടാണ് സ്വാതന്ത്ര്യസമരം നടന്നിരുന്നതെങ്കില്‍ ഇവിടെ മുഴക്കിയത് തഖ്ബീറാണ്. അവര്‍ സ്ഥാപിച്ചതാകട്ടെ മാപ്പിള രാജ്യവും നടപ്പാക്കിയതാകട്ടെ ശരിഅത്ത് ഭരണക്രമവുമാണ്. 1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്കു ശേഷം കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ അതിനെ അനുസ്മരിക്കാറുണ്ടായിരുന്നെങ്കിലും ഒരിക്കല്‍പോലും മലബാര്‍ കലാപത്തെ അനുസ്മരിച്ചിരുന്നില്ല എന്നതില്‍ നിന്നു തന്നെ അത് സ്വാതന്ത്ര്യസമരമായിരുന്നില്ല എന്നു വ്യക്തമല്ലേ?
1972 ല്‍ സ്വാതന്ത്ര്യലബ്ധിയുടെ 25-ാം വാര്‍ഷികം പ്രമാണിച്ച് ഭാരതസര്‍ക്കാര്‍ ഇന്ത്യയിലെ മുഴുവന്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്കും താമ്രപത്രം നല്‍കി ആദരിച്ചിരുന്നു. അതിലേക്ക് 57 പേരെ മലപ്പുറം ജില്ലയില്‍ നിന്നു തിരഞ്ഞെടുത്തതില്‍ മാപ്പിളലഹളയില്‍ പങ്കെടുത്ത ഒരാള്‍ പോലുമുണ്ടായിരുന്നില്ല. അതുപോലെ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം തന്നെ അവതാരിക എഴുതി 1975ല്‍ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 632 പേജുള്ള സ്വാതന്ത്ര്യസമരസേനാനികളുടെ ഡയറക്ടറിയില്‍ ആലി മുസല്യാരും വാരിയംകുന്നനും അടക്കം 387 മാപ്പിള കലാപകാരികളും ഇല്ല എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്.
ആദ്യകാല കമ്മ്യൂണിസ്റ്റായിരുന്ന സൗമ്യേന്ദ്ര നാഥ ടാഗോറാണ് മാപ്പിള ലഹളയെ കാര്‍ഷിക കലാപമായി ചിത്രീകരിച്ചത്. ജന്മിമാര്‍ക്കെതിരെയുള്ള കലാപമായിരുന്നെങ്കില്‍ എന്തുകൊണ്ട് മുസ്ലീം ജന്മിമാര്‍ ആക്രമിക്കപ്പെട്ടില്ല? എന്തുകൊണ്ട് സമരത്തില്‍ ഹിന്ദുകുടിയാന്മാര്‍ പങ്കെടുത്തില്ല? എന്തുകൊണ്ട് മലബാറിന്റെ മറ്റുഭാഗങ്ങളില്‍ ഇതേ ജന്മിത്വ വ്യവസ്ഥ ഉണ്ടായിരുന്നിട്ടും അതിനെതിരെ പ്രക്ഷോഭമുണ്ടായില്ല? ഒരു ലക്ഷത്തോളം പട്ടിണിപ്പാവങ്ങളായ ഹിന്ദുക്കളെ ആരാണ് അഭയാര്‍ത്ഥികളാക്കിയത്? ലഹളയുടെ 25-ാം വാര്‍ഷികം വരെ ദുര്‍വ്യാഖ്യാനങ്ങളൊന്നും വിലപ്പോയിരുന്നില്ല. മാപ്പിള ലഹളയെ സംബന്ധിച്ച് 1946ല്‍ ഇ.എം.എസ്. തയ്യാറാക്കിയ ഒരു ലേഖനം ആഗസ്റ്റ് 18, 19 തീയതികളില്‍ കോഴിക്കോട്ടു ചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ സംയുക്ത യോഗം അംഗീകരിക്കുകയും അത് ഒരു പാര്‍ട്ടി പരിപാടിയായി 1946 ആഗസ്റ്റ് 19ലെ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ലഹളക്കാര്‍ക്ക് അനുകൂലമായി ഇ.എം.എസ്. എഴുതിയത് ”കോണ്‍ഗ്രസിന്റെയും ഖിലാഫത്ത് കമ്മിറ്റിയുടെയും സമരസന്ദേശം കേട്ട് ‘ചെകുത്താന്‍ ഭരണത്തെ’ എതിര്‍ക്കാന്‍ മുമ്പോട്ടു വന്ന പതിനായിരക്കണക്കിന് ധീരരായ മാപ്പിളമാരുടെ അന്നത്തെ ശൗര്യത്തെ പാര്‍ട്ടി അകം നിറഞ്ഞ അഭിമാനത്തോടെ അനുസ്മരിക്കുന്നു” എന്നാണ്. ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഇ.എം.എസ്സിനെ അറസ്റ്റ് ചെയ്യുകയും ദേശാഭിമാനി ലേഖനത്തിനെതിരെ മാതൃഭൂമി മുഖപ്രസംഗമെഴുതുകയും അതിനുവീണ്ടും ഇ.എം.എസ്. മറുപടി എഴുതുകയും ചെയ്തിരുന്നു. ഇതെല്ലാം മറന്നുകൊണ്ടാണ് ഇന്ന് കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ചേര്‍ന്ന് മുസ്ലിം പ്രീണനത്തിനു വേണ്ടി മത്സരിക്കുന്നത്.
അയോദ്ധ്യയില്‍ ചരിത്ര ഗവേഷകര്‍ നടത്തിയതിനു തുല്യമായ ഒരു പ്രവൃത്തിയാണ് ഐ.സി. എച്ച്.ആറിലെ ചരിത്രകാരന്മാര്‍ നടത്തിയിരിക്കുന്നത്. ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയതുകൊണ്ടാണല്ലോ പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെട്ടത്. അതുപോലെ ആധികാരിക രേഖകളുടെ അടിസ്ഥാനത്തിലാണ് ഐ.സി.എച്ച്. ആര്‍ നിയോഗിച്ച മൂന്നംഗ സമിതി സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്ന് മാപ്പിള കലാപത്തിനു നേതൃത്വം നല്‍കിയ 387 കലാപകാരികളുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ചരിത്രവസ്തുതകളെ വളച്ചൊടിച്ചും തമസ്‌കരിച്ചും മുസ്ലിം പ്രീണനത്തിനു മത്സരിക്കുകയാണ് ഇടത്-വലത് മുന്നണികള്‍. മദനിക്കുവേണ്ടിയും മാറാട് കലാപകാരികള്‍ക്കു വേണ്ടിയും ജോസഫ് മാഷുടെ കൈ വെട്ടിയ ഭീകരര്‍ക്കുവേണ്ടിയും ഒരേ നിലപാട് സ്വീകരിച്ച ഇവര്‍ ‘1921ലെ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല’ എന്നു പറയുന്നവരെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അവരോട് ഒന്നേ പറയാനുള്ളൂ – 1921 ലെ ഹിന്ദുവല്ല 2021 ലെ ഹിന്ദു.