ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് 150 ഹിന്ദു കുടുംബങ്ങള്‍ പ്രദേശത്തെ മുസ്ലിങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് പലായനം ചെയ്തു എന്ന വാര്‍ത്ത അതീവ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുപിയിലെ തന്നെ കൈരാനയില്‍ സമാന സ്വഭാവമുള്ള സംഭവത്തില്‍ 250 ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്തിരുന്നു.
അതിന് ശേഷം നടന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എന്‍.എച്ച്.ആര്‍.സി) തെളിവെടുപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. മൂന്ന് ദശാബ്ദങ്ങള്‍ക്കുമുന്നെ കാശ്മീര്‍ താഴ്‌വരയില്‍ ഹിന്ദു പണ്ഡിറ്റുകള്‍ക്ക് സംഭവിച്ച ദുരവസ്ഥയോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നു കൈരാനയും മീററ്റും. ഭാരതത്തില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരല്ല എന്ന ഇസ്ലാമിസ്റ്റുകളുടെയും ലിബറല്‍- ഇടതുപക്ഷ ബുദ്ധിജീവികളുടെയും വാദങ്ങള്‍ ഖണ്ഡിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. തങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഹിന്ദുക്കളെ സൈ്വര്യപൂര്‍വ്വം ജീവിക്കാന്‍ അനുവദിക്കാത്ത ഈ പ്രവണതയെ കുറിച്ചുള്ള വിവരങ്ങള്‍ ബംഗാളില്‍ നിന്നും അസമില്‍ നിന്നും ബിഹാറില്‍നിന്നും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഭാരതത്തില്‍ ആകമാനം പലകോണുകളില്‍ നിന്ന് മുളപൊന്തുന്ന ഈ ഹിന്ദു വിരുദ്ധത സസൂക്ഷ്മം വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
മീററ്റ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘നമോ’ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭിച്ച ഒരു പരാതിയില്‍ നിന്നാണ് രാജ്യം ഞെട്ടിക്കുന്ന ഈ വാര്‍ത്ത അറിഞ്ഞത്. പ്രദേശവാസിയും ബി.ജെ.പി പ്രവര്‍ത്തകനുമായ ഭാവേഷ് മെഹ്ത്തയാണ് പ്രധാനമന്ത്രിയെ ഈ വിവരമറിയിച്ചത്. ഉടനെ തന്നെ യു.പി. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വാര്‍ത്ത പുറത്തായതിന് ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന രണ്ടു യുവാക്കള്‍ പ്രഹ്ലാദ് നഗറില്‍ വെച്ച് ആകാശത്തേക്ക് വെടിവയ്ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. മുസ്ലിങ്ങള്‍ ഭൂരിപക്ഷമായ പ്രഹ്ലാദ്‌നഗറില്‍ ഹിന്ദു സ്ത്രീകള്‍ക്ക് പകല്‍പോലും റോഡിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എന്ന് പലായനം ചെയ്തവര്‍ പറഞ്ഞു. അവരില്‍ ചിലര്‍ വസ്തുക്കള്‍ ചുളുവിലയ്ക്ക് മുസ്ലിങ്ങള്‍ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരായിരുന്നു. നാടുവിട്ട ചില ഹിന്ദുക്കളുടെ പ്രഹ്ലാദ്‌നഗറിലെ വസതിയ്ക്ക് പുറത്ത് ഇപ്പോളും ‘’വില്‍പനയ്ക്ക്’ എന്ന ബോര്‍ഡ് കാണാന്‍ കഴിയും.
കൈരാന
2016 ജൂണില്‍ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ നിന്ന് 250 ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്തിരുന്നു. പ്രദേശത്തെ എം.പി ആയിരുന്ന ബിജെപിയുടെ ഹുക്കും സിങ്ങിലൂടെയാണ് ഈ സംഭവവും ജനങ്ങള്‍ അറിഞ്ഞത്. എഴുപത് ശതമാനത്തിന് അടുത്ത് മുസ്ലിം ജനസംഖ്യയുള്ള പ്രദേശമാണ് കൈരാന. 2013 മുസാഫര്‍ നഗര്‍ കലാപങ്ങള്‍ക്ക് ശേഷം ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് മുസ്ലിം കുടിയേറ്റം വര്‍ദ്ധിച്ചിരുന്നു. കൈരാനയിലും ജനസംഖ്യാനുപാതത്തില്‍ സംഭവിച്ച ഈ വ്യതിയാനം ഹിന്ദുക്കള്‍ക്ക് തിരിച്ചടിയായി. ഹുക്കും സിങ്ങിന്റെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതായിരുന്നു എന്‍.എച്ച്.ആര്‍.സി. റിപ്പോര്‍ട്ട്.
പ്രദേശത്തെ ഭൂരിപക്ഷ സമുദായത്തെ (മുസ്ലിങ്ങളെ) ഭയന്നാണ് ഹിന്ദുക്കള്‍ പലായനം ചെയ്തതെന്ന് റിപ്പോര്‍ട്ട് അടിവരയിട്ട് പറയുന്നു. വീടിനു പുറത്തിറങ്ങുന്ന ഹിന്ദു സ്ത്രീകളോട് മുസ്ലിം യുവാക്കള്‍ മോശമായി പെരുമാറുകയും അവരെ ഭയപ്പെടുത്തുകയും ചെയ്തിരുന്നതായി കമ്മീഷന്‍ കണ്ടെത്തി. യു.പിയില്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന സമാജ്‌വാദി പാര്‍ട്ടി മുസ്ലിം വോട്ട് സംരക്ഷിക്കുന്നതിനായി കൈരാനയിലെ പ്രശ്‌നം ലഘൂകരിക്കാന്‍ ശ്രമിച്ചിരുന്നു. യു.പിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം കൈരാനയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിച്ചു. ഗുണ്ടാനേതാവ് മുക്കിം കാലായുടെ അനുയായികളായിരുന്നു പ്രദേശത്ത് ക്രമസമാധാനം തകര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍.അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ കൈരാനയില്‍ നിന്ന് പോലീസ് 80 ഗുണ്ടകളെ അറസ്റ്റ് ചെയ്യുകയും 6 പേരെ വെടിവെപ്പിലൂടെ വധിക്കുകയും ചെയ്തു.
മുന്‍കാലങ്ങളില്‍ കടകളും വീടുകളും ഉപേക്ഷിച്ചു നാടുവിട്ടു പോയ ഹിന്ദുക്കള്‍ കൈരാനയില്‍ ക്രമസമാധാനം പുനഃസ്ഥാപിച്ചപ്പോള്‍ തിരികെയെത്തി. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ യു.പി പോലീസ് തന്നെ എന്‍കൗണ്ടറിലൂടെ വധിക്കുമെന്നും താന്‍ ജയിലില്‍ ആണ് സുരക്ഷിതന്‍ എന്നും ഒരുകാലത്ത് കൈരാന അടക്കിവാണിരുന്ന മുക്കീം കാലാ കോടതിയ്ക്ക് മുന്നില്‍ കേണപേക്ഷിക്കുന്നത് വരെ എത്തി കാര്യങ്ങള്‍. കൈരാനയിലെ ഹിന്ദു വിരുദ്ധതയ്ക്ക് തടയിടാന്‍ മുഖ്യമന്ത്രി യോഗിക്ക് അങ്ങനെ സാധിച്ചു.
കാശ്മീര്‍
സ്വന്തം വീടും സ്വത്തുക്കളും ഉപേക്ഷിച്ച് പ്രാണരാക്ഷാര്‍ത്ഥം നാടുവിടേണ്ടിവന്നവരാണ് കാശ്മീരി പണ്ഡിറ്റുകള്‍. 1989-90 കാലഘട്ടത്തില്‍ ഇസ്ലാമിക തീവ്രവാദം കാശ്മീര്‍ താഴ്‌വരയെ വരിഞ്ഞുമുറുക്കിയപ്പോള്‍ മറ്റു വഴികളൊന്നും അവര്‍ക്കുമുന്നില്‍ ഉണ്ടായിരുന്നില്ല. ഭാരതത്തിന്റെ രാഷ്ട്രീയ നേതൃത്വം അവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടു. 1989-ല്‍ മൂന്ന് ലക്ഷം പണ്ഡിറ്റുകള്‍ ഉണ്ടായിരുന്ന കാശ്മീര്‍ താഴ്‌വരയില്‍ ഇപ്പോള്‍ ആകെ അവശേഷിക്കുന്നത് രണ്ടായിരത്തില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ്. ജമ്മുവിലേക്കും രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും അവര്‍ക്ക് പോകേണ്ടിവന്നു. എങ്കിലും കാശ്മീരിനുമേല്‍ അവര്‍ക്കുള്ള അവകാശം കൈവിടാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഭാരതത്തോട് കാശ്മീരിനെ പൂര്‍ണമായി ബന്ധിപ്പിക്കുന്നതില്‍ വിഘാതമായി നില്‍ക്കുന്ന ആര്‍ട്ടിക്കിള്‍ 35എ., 370 വകുപ്പുകള്‍ എടുത്തുകളഞ്ഞുകൊണ്ടുള്ള ബി.ജെ.പി.സര്‍ക്കാര്‍ നടപടി നേതൃത്വത്തിന്റെ ഇച്ഛാശക്തിയാണ് കാണിക്കുന്നത്. കാശ്മീരി പണ്ഡിറ്റുകളെ താഴ്‌വരയില്‍ പൂര്‍ണസുരക്ഷ നല്‍കി പുനരധിവസിപ്പിക്കും എന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി ആണ്.
1989 സപ്തംബര്‍ 14ന് ബിജെപി നേതാവായിരുന്ന പണ്ഡിറ്റ് ടിക്കലാല്‍ ടാപ്‌ലു സ്വവസതിയില്‍ വെച്ച് മുസ്ലിം തീവ്രവാദികളാല്‍ കൊലചെയ്യപ്പെടുകയായിരുന്നു. അതിനുശേഷം കാശ്മീരിന്റെ പല കോണിലും കൊലപാതക പരമ്പരകള്‍ അരങ്ങേറി. കാശ്മീര്‍ വിട്ടു പോവുക, ഇസ്ലാം മതം സ്വീകരിക്കുക, കൊലപാതകത്തിന് വിധേയരാകുക, ഈ മൂന്ന് ഉപാധികളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ ആണ് തീവ്രവാദികള്‍ ഹിന്ദുക്കളോട് ആവശ്യപ്പെട്ടത്. കാശ്മീരില്‍ അരങ്ങേറിയ ഈ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുണ്ടായിരുന്നു. 1990ന് ശേഷം കാശ്മീര്‍ താഴ്‌വരയില്‍ 1341 ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടു എന്ന് പാനുന്‍ കാശ്മീര്‍ എന്ന സംഘടനയുടെ കണക്കുകള്‍ കാണിക്കുന്നു. സ്ത്രീകളെ കൊലചെയ്യുന്നതിന് മുന്‍പ് അതിക്രൂരമായി ബലാത്സംഗം ചെയ്യുന്ന സംഭവങ്ങള്‍ വരെ കാശ്മീരില്‍ സംഭവിച്ചിട്ടുണ്ട്. പണ്ഡിറ്റുകള്‍ ഉപേക്ഷിച്ചുപോയ വീടുകള്‍, അവരുടെ സ്വത്തുക്കള്‍ എല്ലാം തന്നെ താഴ്‌വരയിലുള്ളവര്‍ പങ്കിട്ടെടുത്തു. ജമ്മുവിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കാശ്മീരി ഹിന്ദുക്കള്‍ക്ക് കഴിയേണ്ടി വന്നിട്ട് വര്‍ഷങ്ങളായി. സ്വന്തം രാജ്യത്ത് മേല്‍വിലാസം നഷ്ടപ്പെട്ട അവസ്ഥ ഇനി മറ്റൊരു ജനതയ്ക്ക് സംഭവിച്ചുകൂടാ.
കാശ്മീര്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്. ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ആഗോളതലത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ നാം തിരിച്ചറിയണം. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി വന്ന കുടിയേറ്റക്കാര്‍ ബംഗാളിലെയും അസമിലെയും തദ്ദേശവാസികളായ ഹിന്ദുക്കള്‍ക്ക് കുടത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ദേശീയ പൗരത്വ റെജിസ്‌ട്രേഷന്‍ (എന്‍.ആര്‍.സി) ദേശീയ തലത്തില്‍ വ്യാപിപ്പിക്കുകയും പൗരത്വ ഭേദഗതി ബില്‍ നിയമമാവുകയും ചെയ്താല്‍ ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ സാധിക്കും. മുസ്ലിം വോട്ടുബാങ്കില്‍ കണ്ണും നട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്. തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്.
കൈരാനയിലേതുപോലെ മീററ്റിലും ശക്തമായ നിലപാട് മുഖമന്ത്രി യോഗി സ്വീകരിച്ചാല്‍ ഇപ്പോഴുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. ഇതുപോലെ ഉള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ ദേശവിരുദ്ധ ശക്തികള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ഉരുക്കുമുഷ്ടിയോടെ അതിനെ നേരിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.