പ്രധാനമന്ത്രിക്ക് നന്ദി. ജീവിതത്തില്‍ ഈ ദിവസത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്’ – അന്ത്യശ്വാസം വലിക്കുന്നതിന് എതാനും മണിക്കൂര്‍ മുമ്പ് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചിട്ട അവസാനത്തെ വരികളാണിത്. സുഷമാജി മാത്രമല്ല ആ ദിവസത്തിനായി ജീവിതത്തിലുടനീളം കാത്തിരുന്നത്. ‘കൂരിരുള്‍ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതം ഒന്നാകും, അഖണ്ഡഭാരതമാതാ കീ ജയ് ഘോഷം പൊങ്ങും പുനരെങ്ങും’ എന്നീ വരികള്‍ പാടിവളര്‍ന്ന എന്റെ തലമുറയില്‍പ്പെട്ട ഏവരും കാത്തിരുന്നതാണ് ആ ദിവസം. ഒട്ടേറെ ആഗ്രഹിച്ചതെങ്കിലും ഒട്ടും പ്രതീക്ഷിച്ചതല്ല ഇത്ര പെട്ടെന്ന് ജമ്മുകാശ്മീരിന്റെ പ്രത്യേകപദവിയും അവകാശങ്ങളും ആനുകൂല്യങ്ങളും ഒരു ഞൊടിയിടയില്‍ റദ്ദാക്കപ്പെടുമെന്ന്. ഐതിഹാസികമെന്നും ചരിത്രപരമെന്നും മറ്റും ആഗോളതലത്തില്‍പ്പോലും വാഴ്ത്തപ്പെടുന്ന മുന്നൂറ്റി എഴുപതാം അനുച്ഛേദത്തിന്റെ റദ്ദാക്കല്‍ ഒരു നെഹ്രുവിയന്‍ മഹാപാതകത്തിന്റെ വളരെ വൈകി വന്ന പരിഹാരമാണ്. പല രീതിയില്‍ പലരും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആ നടപടിയെ ഇതിനകം വാഴ്ത്തിക്കഴിഞ്ഞു. സ്വര്‍ഗ്ഗീയ ശ്യാമപ്രസാദ് മുഖര്‍ജിക്ക്, അമ്പതുകളുടെ ആദ്യം കശ്മീരിലെ കൊടും അനീതിക്കെതിരെ സമരം ചെയ്ത് ജീവന്‍ ബലിയര്‍പ്പിച്ച ആ മഹാ ദേശീയനേതാവിന് ‘ടീം മോദി’ ഈ വര്‍ഷത്തെ ഗുരുപൂജാവേളയില്‍ സാദരം സമര്‍പ്പിച്ച ഗുരുദക്ഷിണ ആയിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്. ബിജെപിയിലും സംഘ്പരിവാറിലുംപെട്ടവരെ മാത്രമല്ല ഭാരതീയ പാര്‍ലമെന്ററി ചരിത്രത്തിലെ ഈ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ കോള്‍മയിര്‍ കൊള്ളിച്ചത്. ബിജെപി വിരുദ്ധചേരിയില്‍പെട്ട പല കക്ഷികളും വ്യക്തികളും നരേന്ദ്ര മോദിയെയും അമിത് ഷായെയും ആവേശത്തോടെ വാഴ്ത്തി. ജാതി, മത, കക്ഷി വ്യത്യാസങ്ങള്‍ മറന്ന്, അവര്‍ തലകുലുക്കി സമ്മതിക്കുന്നു. മോദിക്കും അമിത് ഷായ്ക്കും മാത്രമേ ഇത് സാധിക്കൂ എന്ന്.

എത്രയേറെ വിവേചനപരമായിരുന്നു ജമ്മു-കാശ്മീര്‍ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി അനുഭവിച്ചു വന്ന ഭരണഘടനയുടെ 370, 35-എ എന്നീ അനുച്ഛേദങ്ങള്‍ എന്നത് പലര്‍ക്കും പിടികിട്ടിയത് ഇപ്പോള്‍ മാത്രമാണ്. പ്രത്യേക പദവി നഷ്ടപ്പെടുന്നതോടെ ജമ്മു-കാശ്മീരിന് ഭാരത ദേശീയപതാകയ്ക്ക് പുറമെ സ്വന്തം പതാക പാറിക്കാനുള്ള അവകാശം ഇല്ലാതെയായി. സമാന്തരമായി ഉണ്ടായിരുന്ന പ്രത്യേകഭരണഘടനയ്ക്കും പ്രസക്തിയില്ലാതായി. ഭാരതത്തിന്റെ ഭരണഘടന പ്രകാരമുള്ള അധികാരങ്ങളും ദേശീയനയപരിപാടികളും നടപ്പിലാക്കുന്നതിന് ജമ്മു-കാശ്മീര്‍ നിയമസഭയുടെ മുന്‍കൂട്ടിയുള്ള അനുവാദം വേണ്ട എന്നായി. പ്രത്യേകമായി ഏര്‍പ്പെടുത്തിയിരുന്ന രണ്‍ബീര്‍ നിയമസംഹിതയുടെ സ്ഥാനത്ത് ഇന്ത്യന്‍പീനല്‍ കോഡിന് സാധുത കൈവന്നു. കാശ്മീരികള്‍ അല്ലാത്തവര്‍ക്കും കാശ്മീരിന് പുറത്തുള്ള ഭാരതീയര്‍ക്കും അവിടെ സ്വത്തവകാശമായി. പുറത്തുള്ളവര്‍ക്ക് മറ്റേതൊരു സംസ്ഥാനത്തിലും എന്ന പോലെ സര്‍ക്കാര്‍ തൊഴിലിനും അവകാശമായി. ഇന്നലെവരെ അനുവദിക്കപ്പെടാത്ത നൂറ്റിയാറ് കേന്ദ്രനിയമങ്ങള്‍ ജമ്മു-കാശ്മീരിലും പ്രാബല്യത്തിലായി. മതന്യൂനപക്ഷങ്ങള്‍ സംവരണത്തിനര്‍ഹരായി. വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നു. ഇരട്ട പൗരത്വം ഇല്ലാതെയായി. സാമ്പത്തിക അടിയന്തിരാവസ്ഥാ പ്രഖ്യാപനം ഉണ്ടായാല്‍ അതിനി ജമ്മു-കാശ്മീരിനും ബാധകം. ആറ് വര്‍ഷമായിരുന്നു നിയമസഭയുടെ കാലാവധി. ഇനി ഇതര സംസ്ഥാനങ്ങളിലെ പോലെ അത് അഞ്ചു വര്‍ഷമായി. ഏറെ പ്രധാനം ജമ്മു-കാശ്മീരിന് പൂര്‍ണസംസ്ഥാന പദവിയും നഷ്ടമായി എന്നതാണ്. രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ പുതിയതായി പിറക്കുകയായി. പൂര്‍ണ്ണസംസ്ഥാന പദവി ഇല്ലാത്തതും നിയമസഭയുള്ളതുമായ ജമ്മു-കാശ്മീരും നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമായ ലഡാക്കും ജമ്മു-കശ്മീര്‍ എന്ന സംസ്ഥാനം ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ രണ്ടായി എന്നതാണ്.
ഭരണമുന്നണിയായ എന്‍.ഡി.എയെ നയിക്കുന്ന ബിജെപി രൂപം കൊണ്ടï നാള്‍ മുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യമാണ് ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കണമെന്നത്. ബിജെപിയുടെ പൂര്‍വാവതാരമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനേതാവ് ശ്യാമപ്രസാദ് മുഖര്‍ജി ഈ ആവശ്യമുയര്‍ത്തി കാശ്മീരില്‍ നിരോധനാജ്ഞ ലംഘിച്ചു നിരാഹാരമനുഷ്ഠിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടതും, 1953 ജൂണ്‍ 23ന് ശ്രീനഗര്‍ ജയിലില്‍ കഴിയവേ ദുരൂഹസാഹചര്യത്തില്‍ അന്തരിച്ചതും. ബിജെപിയുടെയും എന്‍ഡിഎയുടെയും പ്രകടനപത്രികകളില്‍ പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നാണ് 370, 35-എ അനുച്ഛേദങ്ങള്‍ റദ്ദാക്കുക എന്നത്. ഏറ്റവും അനുകൂലമായ രാഷ്ട്രീയസാഹചര്യത്തില്‍ ആ വാഗ്ദാനം നിറവേറ്റുകയായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ കൂടിയായ ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു-കാശ്മീര്‍ പുനഃസംഘടനാ ബില്‍ ആഗസ്റ്റ് അഞ്ചിന് രാജ്യസഭയിലും അടുത്ത ദിവസം ലോക് സഭയിലും അവതരിപ്പിക്കുക വഴി. അത്യന്തം ആസൂത്രിതമായിരുന്നു നടപടിക്രമം. അഭിനവചാണക്യന്‍ എന്ന് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുകയായിരുന്നു ചില ദേശീയമാധ്യമങ്ങള്‍ രണ്ടാം സര്‍ദാര്‍ പട്ടേല്‍ എന്ന് വിശേഷിപ്പിച്ച അമിത് ഷാ. കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ നേരിടാന്‍ ‘ഈ തടി പോരാ’ എന്ന് ഇടക്കാലത്ത് വിളിച്ചുപറഞ്ഞ പിണറായി വിജയനെപ്പോലും ഞെട്ടിപ്പിച്ചിട്ടുണ്ടാവും ആ തടി കൊണ്ട് അമിത് ഷാ ജമ്മു-കാശ്മീര്‍ അനായാസം കൈകാര്യം ചെയ്ത രീതി. എത്ര കൃത്യതയോടെ ആയിരുന്നു ഓരോ ചുവടും. അന്ന് രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിര്‍ണായക ഉത്തരവില്‍ ഒപ്പ് വയ്ക്കുന്നു. അതിനു മുമ്പ് മന്ത്രിസഭയുടെയും സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ ഉപസമിതിയുടേയും യോഗം ചേരുന്നു. അല്പസമയത്തിനുള്ളില്‍ അമിത് ഷാ രാജ്യസഭയില്‍ ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തുന്നു. മാറി മാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കഴിഞ്ഞ എഴുപത് കൊല്ലങ്ങളായി ന്യൂനപക്ഷപ്രീണനത്തിനായുള്ള നെഹ്രുവിയന്‍ മണ്ടത്തരത്തിലൂടെ ജമ്മു കാശ്മീരിനെയും ഭാരതത്തെയും തകര്‍ത്തു കൊണ്ടിരുന്നതിന്റെ കണക്കുകള്‍ അദ്ദേഹം ഒന്നൊന്നായി എണ്ണിയെണ്ണിപ്പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അസ്തപ്രജ്ഞരായി. പ്രതിപക്ഷനിരയില്‍ വിള്ളലുകള്‍ ഉണ്ടായി. അപ്രതീക്ഷിതമായ ഇടങ്ങളില്‍ നിന്ന് ബില്ലിന് പിന്തുണ കിട്ടുമെന്ന് ഉറപ്പായി. ബിജെഡി, ബിഎസ്പി, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നീ കക്ഷികള്‍ എന്‍ഡിഎ ഘടകകഷികള്‍ക്കൊപ്പം ബില്ലിന് അനുകൂലമായി അണിനിരന്നു. ഇറങ്ങിപ്പോയ തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി , എന്‍സിപി എന്നീ കക്ഷികള്‍ ഫലത്തില്‍ ഭരണപക്ഷത്തെ സഹായിക്കുകയായിരുന്നു. അറുപത്താറ് അംഗങ്ങള്‍ ലോക്‌സഭയില്‍ അനുച്ഛേദം 370 റദ്ദാക്കുന്ന ബില്ലിനെ എതിര്‍ത്തപ്പോള്‍ മുന്നൂറ്റി അറുപത്താറ് പേരാണ് അനുകൂലിച്ചത്. അനുച്ഛേദം 35-എയെ എഴുപത് പേരാണ് എതിര്‍ത്തത്.
പ്രധാന പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സില്‍ ബില്‍ ഉണ്ടാക്കിയ അസ്വസ്ഥത ചില്ലറയല്ല. പാര്‍ട്ടിയില്‍ ഒരു വിഭാഗം ബില്ലിന് അനുകൂലമാകും എന്ന് ബോധ്യമായപ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്യാനായി ‘വിപ്പ്’ നല്‍കണമെന്ന് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടതോടെ ചീഫ് വിപ്പ് പദവി രാജി വെച്ച് കൊണ്ടാണ് ഭുവനേശ്വര്‍ കാളിത പ്രതികരിച്ചത്. ബില്ലിനെ അനുകൂലിക്കുന്നവരില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്സിനുള്ളിലും ഇതര പ്രതിപക്ഷ പാര്‍ട്ടികളിലും അനുകൂലമായ അനുരണങ്ങള്‍ സൃഷ്ടിച്ചതോടെ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയെന്നത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയല്ല മറിച്ച് ഒരു ദേശീയ വികാരത്തിന്റെ ആവിഷ്‌കാരമാണ് എന്നത് വ്യക്തമായി.
ഒരു ഘട്ടത്തില്‍ ജവാഹര്‍ലാല്‍ നെഹ്‌റു തന്നെ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുമെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുകയുണ്ടായി എന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ എസ്.ഗുരുമൂര്‍ത്തി വെളിപ്പെടുത്തുന്നു. അമ്പത്താറു വര്‍ഷം മുമ്പ്, 1963 ഡിസംബര്‍ 27 ന് ആയിരുന്നത്രെ പാലിക്കപ്പെടാതെ പോയ ആ പ്രഖ്യാപനം. നെഹ്രുവിന്റെ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി ആയിരുന്ന ഗുല്‍സാരിലാല്‍ നന്ദയാവട്ടെ ഒരു പടി കൂടി കടന്ന്, പരിചേ്ഛദം 370 അപ്രസക്തമായെന്നും അത് പത്തു മാസത്തിനുള്ളിലോ പത്തു ദിവസത്തിനുള്ളിലോ അതുമല്ല ഒരു ദിവസം കൊണ്ടോ റദ്ദാക്കാവുന്നതേ ഉള്ളൂ എന്നാണ് അന്ന് പ്രസ്താവിച്ചത്, ഗുരുമൂര്‍ത്തി പറയുന്നു. സര്‍ദാര്‍ വല്ലഭഭായി പട്ടേലിനെ അവഹേളിച്ച് കൊണ്ടാണ് പണ്ഡിറ്റ് നെഹ്‌റു കാശ്മീരിന് പ്രത്യേക പദവി അനുവദിച്ചത്. വാസ്തവത്തില്‍ താത്കാലികമായിരുന്നു മുന്നൂറ്റിഎഴുപതാം വകുപ്പ്. എപ്പോള്‍ അനാവശ്യമെന്നോ, അപ്രസക്തമെന്നോ തോന്നുന്നുവോ അപ്പോള്‍ രാഷ്ട്രപതിക്ക് റദ്ദാക്കാവുന്നതേയുള്ളൂ അത്. പക്ഷെ നെഹ്രുവിന്റെ കാലത്തും അതിനു ശേഷവും വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് ഏറ്റവും അനുയോജ്യമായി കാശ്മീരിന്റെ പ്രത്യേക പദവിയെ കണ്ടു. രാഷ്ട്രത്തിന്റെ അഖണ്ഡതയോ സുരക്ഷയോ കാശ്മീരിന്റെ വികസനമോ ഒന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് പരിഗണനാ വിഷയം ആയിരുന്നില്ല. അധികാരത്തിനായിരുന്നു മുന്‍ഗണന. കാശ്മീരിന്റേയോ രാജ്യത്തിന്റെയോ ചിലവില്‍ അത് നിലനിര്‍ത്തുന്നതില്‍ അവര്‍ക്കു കുറ്റബോധമുണ്ടായിരുന്നില്ല. അങ്ങനെ കാലക്രമേണ ഇല്ലാതാവുമെന്ന് കരുതിയ അനുച്ഛേദം ശക്തിയാര്‍ജിച്ചു കൊണ്ടേയിരുന്നു. ഇല്ലാത്ത പ്രാധാന്യവും പരിപാവനതയുമൊക്കെ കോണ്‍ഗ്രസ് നേതൃത്വം അതിന് ചാര്‍ത്തിക്കൊടുത്തു. പണ്ട് ഭസ്മാസുരന് പരമശിവന്‍ നല്‍കിയ വരം പോലെ ആയി ഭാരതത്തെ സംബന്ധിച്ചിടത്തോളം കാശ്മീരിന് അനുവദിച്ച പ്രത്യേക പദവി. ശത്രുരാജ്യമായ പാകിസ്ഥാന്‍ കാശ്മീര്‍ വെച്ച് ഭാരതത്തോട് വിലപേശാമെന്ന് വ്യാമോഹിച്ചു. ഭീകരപ്രവര്‍ത്തനത്തിന്റെയും വിഘടനവാദത്തിന്റെയും ഈറ്റില്ലമായി ഭൂമിയിലെ ഈ സ്വര്‍ഗ്ഗം മാറി. പ്രഖ്യാപിച്ചതിന് ശേഷവും നടപ്പിലാക്കാന്‍ നെഹ്‌റു പണ്ട് മിനക്കെടാത്തതു ആത്മാര്‍ത്ഥതയില്ലായ്മ കൊണ്ടോ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ രാഷ്ട്രീയകാപട്യം കൊണ്ടോ അതുമല്ല ഇച്ഛാശക്തി ഇല്ലാഞ്ഞിട്ടോ എന്നുറപ്പില്ല. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാഞ്ഞിട്ടാണ് എന്നാണ് ഗുരുമൂര്‍ത്തിയുടെ വാദം. പക്ഷെ കപടമതേതരത്വത്തിന്റെ മകുടോദാഹരണാമായി മാത്രമേ കശ്മീരിന്റെ കാര്യത്തില്‍ നെഹ്‌റു കളിച്ച കള്ളക്കളിയെ കാണാനാവൂ എന്നതാണ് ഈ ലേഖകന്റെ എളിയ അഭിപ്രായം.
ജമ്മു-കാശ്മീര്‍ അനുഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഗവര്‍ണറായിരുന്ന ജഗ്‌മോഹന്‍ രചിച്ച പുസ്തകത്തിന് ഫ്രോസണ്‍ ടര്‍ബുലന്‍സ് എന്നാണ് അദ്ദേഹം പേരിട്ടത്. ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ട ആ പുസ്തകം മലയാളത്തിലേക്ക് ഈ ലേഖകന്‍ മൂന്നര പതിറ്റാണ്ട് മുമ്പ് മൊഴിമാറ്റം ചെയ്തപ്പോള്‍ അതിനു ‘കാശ്മീരത്തില്‍ ഉറഞ്ഞ പ്രക്ഷുബ്ധത’ എന്നാണ് തലക്കെട്ട് നല്‍കിയത്. ഇന്ന് കാശ്മീരില്‍ മഞ്ഞുരുകുകയാണ്, സംഘര്‍ഷത്തിനും അയവു വരുകയാണ്. വിഭാഗീയതയേയും വിഘടനവാദത്തെയും വികസനത്തിന്റെ വിത്തുപാകി നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി നമോവാകം…. ഭാരതത്തെ സ്‌നേഹിക്കുന്നവരുടെയാകെ.