Wednesday, March 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

കുങ്കുമ പാടങ്ങളിൽ വന്ദേമാതരം മുഴങ്ങുമ്പോൾ

ശരത് എടത്തിൽ

Print Edition: 16 August 2019

ആഗസ്റ്റ് അഞ്ചാം തീയതി ഭാരതത്തിന്റെ രാഷ്ട്രപതി പുറത്തിറക്കിയ ഉത്തരവ് അറുതിവരുത്തിയത് ഏഴു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയവും ദേശീയവുമായ ആശയക്കുഴപ്പങ്ങള്‍ക്കുമാത്രമല്ല ഭാരതത്തിലെ പൗരന്മാരെ രണ്ടായി വിഭജിക്കുകയും ദേശീയതക്കും ദേശസുരക്ഷക്കും വിഘാതമാവുന്ന തരത്തില്‍ ഭരണഘടനയിലെ ചില വകുപ്പുകളെ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന ശൈലിക്ക് കൂടിയാണ്. ഇതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാരും പാകിസ്ഥാനും ഒഴികെ നിരവധി കോണ്‍ഗ്രസ് എം.പി മാരും കാശ്മീര്‍ രാജകുമാരന്‍ കരണ്‍സിംഗും അടക്കമുള്ളവര്‍ ഇതിനെ സ്വാഗതം ചെയ്തത്. കക്ഷിരാഷ്ട്രീയത്തിനതീതമായി ജ്യോതിരാദിത്യ സിന്ധ്യയും മുലായം സിംഗും കേജ്‌രിവാളും കാശ്മീരി അഭയാര്‍ത്ഥികളും കാശ്മീര്‍ജനതയും ഇതിനെ സ്വാഗതം ചെയ്തു. കാശ്മീരിനെ ഭാരതത്തോട് ചേര്‍ത്തുനിര്‍ത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് ഒരു തര്‍ക്കവുമില്ല. എന്നാല്‍ മഞ്ഞുരുക്കാനും മലയിളക്കാനുംവേണ്ട ഇച്ഛാശക്തി ഇതുവരെ ആരും പ്രകടിപ്പിച്ചില്ലെന്നുമാത്രം. മോദി സര്‍ക്കാര്‍ രാജ്യതാത്പര്യം മുന്‍നിര്‍ത്തി അത് ചെയ്തു. കാരണം കാശ്മീരിന്റെ അഖണ്ഡത വെറും ഒന്നരക്കോടി ജനസംഖ്യ മാത്രം വരുന്ന കാശ്മീരിന്റെ ആവശ്യമല്ല. അതിന്റെ തെക്കു ഭാഗത്ത് ജീവിക്കുന്ന 125 കോടി ജനങ്ങളുടെ കൂടി സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ്. അവരുടെ ജീവനും സ്വത്തിനും വില കല്‍പ്പിക്കുന്ന ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ മോദിസര്‍ക്കാര്‍ തങ്ങളുടെ കടമയാണ് നിര്‍വഹിച്ചത്. എഴുപതു വര്‍ഷത്തെ തലവേദന രണ്ടു ഖണ്ഡികയുള്ള ഒരുത്തരവുകൊണ്ട് ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി മോദി സര്‍ക്കാര്‍ കാണിച്ചു. അഞ്ചാം തീയതി രാജ്യസഭയില്‍ 125-61 എന്ന നിലയിലും ആറാം തിയ്യതി ലോക്‌സഭയില്‍ 370-70 എന്ന നിലയിലും പാസ്സാക്കപ്പെട്ട ജമ്മുകാശ്മീര്‍ പുനഃക്രമീകരണ നിയമം ഒമ്പതാം തിയ്യതി രാഷ്ട്രപതി ഒപ്പുവെച്ചു.

താത്കാലിക പദവിയുടെ ലഘുചരിത്രം
ഭാരതഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരം കാശ്മീര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രത്യേകപദവിയും ആനുകൂല്യങ്ങളും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയെന്നാണ് ഇപ്പോള്‍ നടക്കുന്ന വ്യാപകപ്രചരണം. ഈ രണ്ടു വാദങ്ങളും ശരിയല്ല. ഒന്നാമതായി, ഭരണഘടന കാശ്മീരിന് പ്രത്യേക പദവി (Special Provisions) നല്‍കിയിട്ടില്ല. 370-ാം വകുപ്പു കാശ്മീരിന് നല്‍കിയത് താത്കാലിക സൗകര്യങ്ങള്‍ (Temporary Provisions) മാത്രമാണ്. ഭരണഘടന പ്രത്യേകസൗകര്യങ്ങള്‍ നല്‍കിയിരിക്കുന്നത് കാശ്മീര്‍ ഒഴികെയുള്ള പന്ത്രണ്ട് സംസ്ഥാനങ്ങള്‍ക്കാണ്. 1950 ലെ യഥാര്‍ത്ഥ ഭരണഘടന കാശ്മീരിന് നല്‍കിയ സൗകര്യം പരിമിതവും താത്കാലികവുമായിരുന്നു. ഭാരതത്തിന്റെ ഭരണഘടനാ നിര്‍മ്മാണസമിതിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാവുന്നതിന് പത്തു ദിവസം മുന്‍പാണ് 370-ാം വകുപ്പു ഭരണഘടനയില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഷെയ്ക്ക് അബ്ദുള്ളയും അദ്ദേഹത്തിന്റെ മൂന്നു സഹപ്രവര്‍ത്തകരും നെഹ്രുവിനെ സ്വാധീനിച്ചു കാശ്മീരി മുസ്ലീങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യവുമായി പൊരുത്തപ്പെടാനോ അതംഗീകരിക്കാനോ ഡോ.അംബേദ്കര്‍ തയ്യാറായിരുന്നില്ല. ആ ചര്‍ച്ചയില്‍ നിന്നും അദ്ദേഹം മനോവേദനയോടെ ഇറങ്ങിപ്പോവുകയായിരുന്നു.

1950 ലെ യഥാര്‍ത്ഥഭരണഘടനയില്‍ വെറും 3 ഭാഗങ്ങളും 10 ഖണ്ഡികകളും ഉള്ള 370-ാം വകുപ്പു പ്രകാരം കാശ്മീരിന് പറയത്തക്ക അവകാശങ്ങളൊന്നും ഇല്ലായിരുന്നു. സര്‍വപ്രധാനമായ ആനുകൂല്യം കാശ്മീര്‍ 238 വകുപ്പിന്റെ പരിധിയില്‍ പെടില്ല എന്നതായിരുന്നു {370(1)-(a)}.- ഭരണഘടനയുടെ ഏഴാം പട്ടികയിലുള്ള കേന്ദ്രനിയന്ത്രണത്തിലും സംയുക്തനിയന്ത്രണത്തിലുമുള്ള നിയമനിര്‍മ്മാണ പട്ടിക പ്രകാരം (union list and concurrent list) ഇന്ത്യന്‍ പാര്‍ലമെന്റ് നടത്തുന്ന നിയമനിര്‍മ്മാണത്തില്‍ കാശ്മീരിന് നിര്‍ബന്ധമില്ലെന്നും സംസ്ഥാനത്തിന്റെ സമ്മതത്തോടെ മാത്രമേ ഇന്ത്യന്‍ പാര്‍ലമെന്റിനു നിയമനിര്‍മ്മാണം സാധ്യമാവുകയുള്ളൂ എന്നുമായിരുന്നു രണ്ടാമത്തെ ആനുകൂല്യം {370(1)(b)} ഈ താത്കാലിക ആനുകൂല്യങ്ങള്‍ എടുത്തുകളയാന്‍ ഇന്ത്യന്‍ പ്രസിഡന്റിന് അധികാരം ഉണ്ടെങ്കിലും അതും കാശ്മീര്‍ സംസ്ഥാനത്തെ ഭരണഘടനാ സമിതിയുടെ (Constituent Assembly) സമ്മതത്തോടെ മാത്രമേ സാധിക്കുകയുള്ളൂ എന്നതായിരുന്നു 1950 ല്‍ കാശ്മീരിനു നല്‍കപ്പെട്ട മൂന്നാമത്തെ ആനുകൂല്യം {370(3)}.

370-ാം വകുപ്പു കാശ്മീരിനു നല്‍കിയ ഈ സൗകര്യങ്ങള്‍ പരിമിതമാണെന്നു മനസ്സിലാക്കിയ ഷെയ്ക്ക് അബ്ദുള്ള 1951-ല്‍ വിമത സ്വരമുയര്‍ത്തിക്കൊണ്ട് ജമ്മു-കാശ്മീര്‍ ഭരണഘടനാ നിര്‍മ്മാണസമിതി രൂപീകരിച്ചു. ഗത്യന്തരമില്ലാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്‌റു കാശ്മീര്‍ പ്രധാനമന്ത്രി (വസീര്‍ – ഇ- അസം) ഷെയ്ക്ക് അബ്ദുള്ളയുമായി 1952 ല്‍ ഡല്‍ഹി ഉടമ്പടി ഒപ്പുവെച്ചു. കാശ്മീരിന് പ്രത്യേക പതാക അനുവദിച്ചതും രാഷ്ട്രപതി ഭരണത്തില്‍ നിന്നും അടിയന്തരാവസ്ഥയില്‍ നിന്നും കാശ്മീരിനെ ഒഴിവാക്കിയതും ഈ ഉടമ്പടിയിലൂടെയാണ്. ഇതിനെ ഭരണഘടനാപരമായി സാധൂകരിക്കാന്‍ 1954 ല്‍ ഡോ. ബി. രാജേന്ദ്രപ്രസാദ് കാശ്മീരിന് വേണ്ടിയുള്ള രണ്ടാമത്തെ രാഷ്ട്രപതി ഉത്തരവ് പ്രഖ്യാപിച്ചു. ഇതാണ് ഭരണഘടനയുടെ 35എ. അതുപ്രകാരം കാശ്മീരിലെ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശവും വസ്തു അവകാശവും ഇരട്ട പൗരത്വവും അനുവദിക്കപ്പെട്ടു. സ്ഥിരതാമസക്കാരുടെ നിര്‍വ്വചനം സംസ്ഥാന ഭരണഘടനപ്രകാരമായിരിക്കും. ഇതിന്റെ ആനുകൂല്യത്തിലും അവകാശബോധത്തിലും 1957 ജനുവരി 26 ന് കാശ്മീരിന്റെ സംസ്ഥാനഭരണഘടന നിലവില്‍ വന്നു. സ്വന്തം നിലനില്‍പ്പിനു വേണ്ടി ഭാരതത്തിന്റെ രാഷ്ട്രപതിയെ അംഗീകരിക്കുകയും ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായി പാര്‍ലമെന്റിനെ പാര്‍ശ്വവല്‍ ക്കരിക്കുകയും ചെയ്യുന്ന നിലപാടാണ് കാശ്മീര്‍ ഭരണഘടനാനിര്‍മ്മാണ സമിതി കൈക്കൊണ്ടത്. യഥാര്‍ത്ഥത്തില്‍ പാകിസ്ഥാന്‍ സഹായത്തോടെയുള്ള ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ കാശ്മീരിന് ഭാരതത്തിന്റെ സഹായം ആവശ്യമായിരുന്നു. കാശ്മീര്‍ ഭാരതത്തോട് ചേര്‍ന്നു നില്‍ക്കുകയെന്നതു രണ്ടു കൂട്ടരുടെയും ആവശ്യമായിരുന്നുവെന്ന് സാരം. ദല്‍ഹി ഉടമ്പടി മുതല്‍ 35എ വരെ ക്രമേണയായി ഓരോ പ്രത്യേക ആനുകൂല്യങ്ങള്‍ അബ്ദുള്ള തന്ത്രത്തില്‍ സ്ഥാപിച്ചെടുത്തെന്നു മാത്രം.

370 പിന്‍വലിച്ചത് കോണ്‍ഗ്രസ്
ഭരണഘടയുടെ 306, 370, 35എ വകുപ്പുകള്‍ പ്രകാരം പല സമയങ്ങളിലായി കാശ്മീര്‍ അനുഭവിച്ചു കൊണ്ടിരുന്ന ചില ആനുകൂല്യങ്ങള്‍ അവിടുത്തെ ഭരണസ്ഥിരതയേയും സാമാന്യവികസനത്തേയും, ദേശസുരക്ഷയേയും ബാധിച്ചിരുന്നുവെന്ന് നെഹ്രുവിന് അറിയാമായിരുന്നെങ്കിലും അദ്ദേഹം മനഃപൂര്‍വം കണ്ണടയ്ക്കുകയായിരുന്നു. 1954 ലെ രാഷ്ട്രപതി ഉത്തരവും 1956-ലെ സംസ്ഥാന ഭരണഘടനയും വിഘടന സ്വഭാവത്തില്‍ കാശ്മീരിനെ കൂടുതല്‍ കരുത്തരാക്കി. താത്കാലികമായി നല്‍കപ്പെട്ട സൗകര്യങ്ങള്‍ അവകാശമാണെന്ന തരത്തിലായിരുന്നു കാശ്മീര്‍ മുന്നോട്ടുപോയത്. അപകടം മനസ്സിലാക്കിയ കോണ്‍ഗ്രസ് ഭരണഘടന കാശ്മീരിന് നല്‍കിയ സൗകര്യങ്ങള്‍ ഓരോ തവണയായി അവസരത്തിനൊത്ത് പിന്‍വലിച്ചു.

പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തോടെ 1956 നവംബര്‍ 1ന് ഭരണഘടനയിലെ 238, 306 എന്നീ വകുപ്പുകള്‍ നെഹ്‌റു തന്നെ ഇല്ലാതാക്കി. അതോടുകൂടി കാശ്മീരിന് യഥാര്‍ത്ഥ ഭരണഘടന നല്‍കിയ ആദ്യത്തെ സൗകര്യം ഇല്ലാതായി. നെഹ്രുവിന്റെ മരണത്തോടെ 1964 സെപ്റ്റംബര്‍ 11 ന് ലോകസഭയില്‍ കാശ്മീരിന്റെ പദവികള്‍ എടുത്തു മാറ്റണമെന്ന് പ്രകാശ് വീര്‍ ശാസ്ത്രി സ്വകാര്യബില്‍ അവതരിപ്പിച്ചു. കെ.ഹനുമന്തയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ ഒന്നടങ്കം ബില്ലിനെ പിന്തുണച്ചു. തുടര്‍ന്ന് 1964 ല്‍ രാഷ്ട്രപതി ഉത്തരവ് പ്രകാരം കാശ്മീരിനെ രാഷ്ട്രപതിഭരണത്തിന്റെ പരിധിയില്‍പ്പെടുത്തി (356 വകുപ്പ്). അതുവരെ 356 വകുപ്പ് കാശ്മീരിന് ബാധകമല്ലായിരുന്നു. കാശ്മീരിന്റെ രണ്ടാമത്തെ സുപ്രധാന ആനുകൂല്യവും (35എ പ്രകാരം) നെഹ്‌റുവില്ലാത്ത കോണ്‍ഗ്രസ് തന്നെ എടുത്തു കളഞ്ഞു. തൊട്ടടുത്ത വര്‍ഷം 1965-ല്‍ മറ്റൊരു രാഷ്ട്രപതി ഉത്തരവ് പ്രകാരം കാശ്മീരിലെ പ്രസിഡന്റ് (സദര്‍-ഇ-റിയാസത്), പ്രധാനമന്ത്രി (വസീര്‍-ഇ-അസം) പദവികള്‍ കോണ്‍ഗ്രസ് നിര്‍ത്തലാക്കി. തൊട്ടടുത്ത വര്‍ഷം, 1966 മുതല്‍ 1972 വരെയുള്ള സമയത്ത് ആകെയുള്ള 395ല്‍ 260 വകുപ്പുകളും യൂണിയന്‍ ലിസ്റ്റിലെ 97ല്‍ 94 നിയമങ്ങളും കാശ്മീരിന് ബാധകമായി. കോണ്‍ഗ്രസ്സാണ് ഇക്കാര്യങ്ങളും നടപ്പിലാക്കിയത്. 356-ാം വകുപ്പ് ബാധകമല്ലാതിരുന്ന കാശ്മീരില്‍ നാളിതുവരെ എട്ടര വര്‍ഷം രാഷ്ട്രപതി ഭരണം നടന്നു, അതില്‍ ഏഴു വര്‍ഷവും കേന്ദ്രഭരണം കോണ്‍ഗ്രസ്സിനായിരുന്നു.
ചുരുക്കത്തില്‍ 370, 35എ നല്‍കിയ ആനുകൂല്യങ്ങളില്‍ പലതും അവയുടെ അപകടം മനസ്സിലാക്കിയ കോണ്‍ഗ്രസ് തന്നെ എടുത്തുകളഞ്ഞിരുന്നു.

35എ നഗ്‌നമായ ഭരണഘടനാലംഘനം


ലോകത്തിനു തന്നെ മാതൃകയാവുന്ന തരത്തില്‍ പൗരധര്‍മ്മത്തിന്റെ തലങ്ങും വിലങ്ങും സഞ്ചരിച്ചും മുക്കും മൂലയും അരിച്ചുപെറുക്കിയും നിര്‍മ്മിച്ച നമ്മുടെ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് തന്നെ നേര്‍ വിപരീതമായിരുന്നു കാശ്മീരിനു നല്‍കപ്പെട്ട ആനുകൂല്യങ്ങള്‍.
1. ഭാരതഭരണഘടനയുടെ അടിസ്ഥാനമായ ഏകപൗരത്വം (വകുപ്പ് 5) കാശ്മീര്‍ ഭരണഘടന ലംഘിക്കുന്നു. കാശ്മീര്‍ പൗരന്റെ പൗരത്വവും അവകാശവും കാശ്മീര്‍ ഭരണഘടനയാണ് നിര്‍വ്വചിച്ചിരിക്കുന്നത്.
2. ഭാരത ഭരണഘടനയില്‍ പാകിസ്ഥാന്‍ എന്ന് പേരെടുത്ത് പരാമര്‍ശിക്കുന്ന ഏക സ്ഥലം വകുപ്പ് 7 ലാണ്. 1947 മാര്‍ച്ച് 1നു ശേഷം പാകിസ്ഥാനിലേക്ക് പോയവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാവില്ല എന്ന നിബന്ധന നിലനില്‍ക്കെ കാശ്മീര്‍ ഭരണഘടന അവര്‍ക്ക് പൗരത്വം നല്‍കുന്നു (ആഗസ്റ്റ് 4 തീയതി വരെ ഇതു നല്‍കാമായിരുന്നു).
3. ആകെയുള്ള 395 വകുപ്പുകളില്‍ കഷ്ടിച്ച് നൂറോളം വകുപ്പുകള്‍ മാത്രമേ കാശ്മീരിന് ബാധകമാവുന്നുള്ളൂ.
4. പാര്‍ലമെന്റ് ഒരു ഭരണഘടനാ ഭേദഗതി പാസാക്കിയാല്‍ അത് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ മാത്രമേ കാശ്മീരില്‍ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ.
5. ഭാരത ഭരണഘടനയിലെ സംസ്ഥാനം എന്ന നിര്‍വചനത്തില്‍ കാശ്മീര്‍ ഉള്‍പ്പെടില്ല.
6. പട്ടികജാതി – പട്ടിക വര്‍ഗ്ഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കാശ്മീര്‍ പാലിക്കുന്നില്ല.
7. കാശ്മീരിന്റെ പേരും അതിര്‍ത്തിയും മാറ്റാന്‍ സംസ്ഥാനത്തിന്റെ സമ്മതം ആവശ്യമാണ്.
8. കാശ്മീരിന് സ്വന്തമായി പതാക അനുവദിച്ചു.
9. കാശ്മീര്‍ ഭരണഘടന ഇല്ലാതാക്കാന്‍ രാഷ്ട്രപതിക്ക് സംസ്ഥാനത്തിന്റെ അനുവാദം വേണം.
ചുരുക്കത്തില്‍ ഭരണഘടന അനുവദിച്ച സൗകര്യങ്ങള്‍ അവര്‍ക്ക് പതിച്ചു നല്‍കുന്നതോടൊപ്പം തന്നെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ ലംഘിക്കുക കൂടി ചെയ്യുന്നതായിരുന്നു 1954 ലെ രാഷ്ട്രപതിയുടെ ഉത്തരവ്. ഇപ്പോഴും സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച കേസ് നിലനില്‍ക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ അംബേദ്കര്‍ നല്‍കിയ പരിമിതവും താത്കാലികവുമായിരുന്ന സൗകര്യങ്ങളെ ഉദാരവും സ്ഥിരവും ആക്കുന്നതും അതേസമയം തന്നെ ഭരണഘടനയുടെ മൂല്യങ്ങളെ പണയം വെക്കുന്നതുമായിരുന്നു നെഹ്‌റു കാശ്മീരിന് നല്‍കിയ സൗകര്യങ്ങള്‍.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമുള്ള കാശ്മീര്‍
1989 മുതലാണ് കാശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങളും കലാപങ്ങളും തീവ്രമാകുന്നത്. നാലു ലക്ഷത്തോളം കാശ്മീരി പണ്ഡിറ്റുകള്‍ നാടുവിട്ടോടി (കാശ്മീര്‍ ഭരണഘടന പ്രകാരം പത്തു വര്‍ഷം കഴിയുന്നതോടു കൂടി അവരുടെ പൗരത്വവും നഷ്ടമാകും). ഇതിനുശേഷം തുടര്‍ച്ചയായി ആറര വര്‍ഷം രാഷ്ട്രപതി ഭരണത്തിലായിരുന്നു കാശ്മീര്‍. പിന്നെ ആറു വര്‍ഷം കാശ്മീരില്‍ ഭരണസ്ഥിരത ഉണ്ടായി. ഈ കാലഘട്ടത്തില്‍ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് കേന്ദ്രത്തിലെ വാജ്‌പേയി സര്‍ക്കാറുമായി സഖ്യത്തില്‍ ആയിരുന്നു. പിന്നീട് കാര്‍ഗില്‍ യുദ്ധത്തിനു ശേഷം 2000 ജൂണ്‍ 26 നു കാശ്മീര്‍ നിയമസഭ സ്വയംഭരണത്തിന് വേണ്ടിയുള്ള ചരിത്രപരമായ പ്രമേയം പാസാക്കി. ഒരുവശത്ത് ശക്തമായ തീവ്രവാദി ആക്രമങ്ങള്‍ നടക്കുന്ന സമയത്ത് തന്നെയായിരുന്നു ഈ അണിയറ നീക്കവും. ആറു മാസങ്ങള്‍ക്കുള്ളില്‍ ആയിരത്തോളം ആളുകള്‍ കാശ്മീരില്‍ കൊല്ലപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്കായി അയച്ചു കൊടുത്ത പ്രസ്തുത പ്രമേയം വഴി കാശ്മീര്‍ നിയമസഭ ഭാരതത്തോട് ആവശ്യപ്പെട്ടത് ഇവയായിരുന്നു:

  • കാശ്മീരിന്റെ താത്കാലിക പദവി സ്ഥിരമാക്കുക
  • 356-ാം വകുപ്പിന്റെ പരിധിയില്‍ നിന്നും കാശ്മീരിനു വിടുതല്‍ നല്‍കുക
  • കാശ്മീരിലേക്കുള്ള കേന്ദ്ര സര്‍വീസ്- IAS/IPS മുതലായവ ഒഴിവാക്കുക
  • കേന്ദ്ര ഇലക്ഷന്‍ കമ്മീഷന് കാശ്മീരില്‍ അധികാരം ഇല്ലാതാക്കുക
  • സദര്‍ – ഇ റിയാസത് പുനഃ സ്ഥാപിക്കുക
  • കാശ്മീര്‍ പൗരന്മാര്‍ക്ക് കാശ്മീര്‍ ഹൈക്കോടതിയുടെ വിധി അന്തിമമാക്കുക.
  • കാശ്മീരിനുമേലുള്ള രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അധികാരങ്ങള്‍ വെട്ടിക്കുറക്കുക.

ഈ ആവശ്യങ്ങള്‍ ലഭിച്ചു രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ വാജ്‌പേയി സര്‍ക്കാര്‍ ഇവയെ നിരാകരിച്ചു. 1953 മുതല്‍ തങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന അനുകൂല്യങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമം ഇതോടെ പാഴായി. ഇത് നിരാകരിക്കപ്പെട്ടതോടെ വീണ്ടും അക്രമങ്ങള്‍ അരങ്ങേറി. നാലു തവണയായി നടന്ന അക്രമങ്ങളില്‍ വീണ്ടും ആയിരത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. അക്രമംകൊണ്ടും പ്രമേയംകൊണ്ടും കാശ്മീരിനെ സ്വതന്ത്രമാക്കാനുള്ള തീവ്രവാദ- പാക് ശ്രമങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ ശക്തമായി ചെറുത്തു തോല്പിച്ചു.

തുടര്‍ന്ന് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ വിഘടനവാദികളുടെയും ഇടതു ചിന്തകന്മാരുടെയും ആവശ്യത്തിനു വഴങ്ങി 2010-ല്‍ പത്രപ്രവര്‍ത്തകനായ ദിലീപ് പഡഗാവന്‍കറുടെ നേതൃത്വത്തില്‍ മൂന്നംഗ മധ്യസ്ഥ സംഘത്തെ കാശ്മീരിലെക്കയച്ചു. അവിടുത്തെ 22 ജില്ലകളിലായി 600 ല്‍ പരം കൂടിക്കാഴ്ചകള്‍ നടത്തിയ ഈ സമിതിയുടെ റിപ്പോര്‍ട്ട് രാജ്യതാത്പര്യത്തിന് വിരുദ്ധമായിരുന്നു. ആനുകൂല്യങ്ങള്‍ സ്ഥിരപ്പെടുത്താനും സൈനികനിയമം പിന്‍വലിക്കാനും ആയിരുന്നു മുഖ്യശുപാര്‍ശകള്‍. പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായി. ഈ സമയത്തും നാഷണല്‍ കോണ്‍ഫറന്‍സ് ആയിരുന്നു ഭരണത്തില്‍. തുടര്‍ന്ന് കേന്ദ്രത്തിലും കാശ്മീരിലും ബി.ജെ.പി സഖ്യകക്ഷി അധികാരത്തില്‍ വന്നതോടെ സ്ഥിതിഗതികള്‍ മാറി.

മോദി സര്‍ക്കാര്‍ നീക്കം ഭരണഘടനാ ലംഘനമോ?
രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സമയത്ത് കാശ്മീരിലെ സാഹചര്യം അത്യന്തം ഭീഷണമായിരുന്നു. അമ്പതു വര്‍ഷംകൊണ്ട് കാശ്മീരിനെ ഭാരതത്തോട് ചേര്‍ക്കാന്‍ മാറിമാറി വന്ന എല്ലാ സര്‍ക്കാരുകളും ശ്രമിച്ചിട്ടുണ്ട്. നെഹ്രുവിന്റെ മരണശേഷം 2010 വരെ കോണ്‍ഗ്രസ്സും അതിനുവേണ്ടി ചില സംഭാവനകള്‍ ചെയ്തിട്ടുണ്ട് (പട്ടികയിലെ കോളം-എ 3). എന്നാല്‍ 2000 ലെ കാശ്മീര്‍ സ്വയംഭരണാവകാശ പ്രമേയവും (പട്ടികയിലെ കോളം-ബി 5), 2010 ലെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടും (പട്ടികയിലെ കോളം-ബി 6, സി 6, ഡി 6). കാശ്മീരിനെ 1954 ലേക്ക് തിരികെ കൊണ്ടു പോകാന്‍ ആവശ്യപ്പെടുന്നതായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിസര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. കാശ്മീരില്‍ ഭരണത്തില്‍ പങ്കുചേര്‍ന്നും മറ്റും ബി.ജെ.പി പ്രശ്‌നപരിഹാരത്തിനുള്ള പല വഴികള്‍ തേടി. ഇതിനിടയില്‍ അരുണ്‍ ജെയ്റ്റ്‌ലി, എന്‍.എന്‍. വോറ എന്നിവര്‍ പല തരത്തിലുള്ള ചര്‍ച്ചകളും സമാധാന ശ്രമങ്ങളും നടത്തിയിരുന്നു. ഹുറിയത്ത് നേതാക്കള്‍ എല്‍.കെ.അദ്വാനിയെ വന്നു കണ്ടിരുന്നു. എങ്കിലും കാശ്മീര്‍ താഴ്‌വര ശാന്തമായില്ല. യു.പി.എയുടെ പത്തു വര്‍ഷത്തെ ഭരണം ഒരവസരമായി കാണാന്‍ വിഘടനവാദികള്‍ക്ക് സാധിക്കുന്ന സാഹചര്യമായിരുന്നു ഇവിടെ നിലനിന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശ്രീനഗര്‍ യാത്രയ്ക്കിടെ കാശ്മീരിന്റെ വികാരം മാനിക്കുന്നുവെന്നു അനുഭാവപൂര്‍ണ്ണം പറയുക കൂടി ചെയ്തതോടെ വിഘടനവാദം ശക്തമായി. എങ്കിലും കാശ്മീര്‍ വിട്ടുകൊടുക്കില്ല എന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട മാത്രമല്ല ആദര്‍ശപരമായ നിലപാട് കൂടിയാണ്. കാരണം ഭാരതത്തിന്റെ ആദ്യത്തെ വ്യവസായ മന്ത്രി ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുള്‍പ്പെടെ അര ലക്ഷത്തോളം പേരുടെ ജീവനാണ് കാശ്മീരില്‍ പൊലിഞ്ഞത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇത് അര ലക്ഷം കാശ്മീരികളല്ല, ഭാരതീയരാണ്.

ഭരണഘടന കാശ്മീരിന് നല്‍കിയ താത്കാലിക പദവി പകുതിയോളം കോണ്‍ഗ്രസ് എടുത്തുമാറ്റിയതായി നമ്മള്‍ കണ്ടു. ശേഷിക്കുന്ന പകുതിയാവട്ടെ തികച്ചും ഭാരത ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണെന്നും നമുക്കറിയാം. ഈ പശ്ചാത്തലത്തില്‍ ഭരണഘടന അനുശാസിക്കുന്ന മാര്‍ഗ്ഗത്തില്‍, ഭാരതത്തിന്റെ ഭരണഘടനയുടെ അന്തസ് ഉയര്‍ത്തുന്ന രീതിയിലാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഒരു രാജ്യത്ത് രണ്ടു ഭരണഘടന ഉണ്ടെന്നത് തന്നെ ഡോ.അംബേദ്കര്‍ അടക്കമുള്ള വ്യക്തികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. രണ്ടു ഭരണഘടനയും രണ്ടു പൗരത്വവും രണ്ടു പതാകയും ഇല്ലാതാക്കുക വഴി ഭാരതത്തിന്റെ ഐക്യത്തെ ഊട്ടിയുറപ്പിക്കാനാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഈ നീക്കമാവട്ടെ തീര്‍ത്തും ഭരണഘടനാപരമാണ്.

ദേശസുരക്ഷയും, വികസനവും മുന്‍നിര്‍ത്തി കാശ്മീരിനെ രണ്ടു പ്രദേശങ്ങള്‍ ആക്കുക എന്നതായിരുന്നു മോദി സര്‍ക്കാരിന്റെ വികസന അജണ്ട. എന്നാല്‍ ഭാരതപരമാധികാര റിപ്ലബ്ലിക്കിന്റെ പാര്‍ലിമെന്റിന് അതിന്റെ പ്രവിശ്യാസംസ്ഥാനമായ കാശ്മീരിനെ സ്പര്‍ശിക്കാന്‍ സാധ്യമല്ല. രാഷ്ട്രപതിക്ക് മാത്രമേ സാധ്യമാവൂ, അതും കാശ്മീരിന്റെ അനുവാദമുണ്ടെങ്കില്‍ മാത്രം. പതിറ്റാണ്ടുകളായി മുരടിച്ചുപോയ വികസനവും വികസിച്ചുവന്ന രാജ്യവിരുദ്ധ വികാരവും ഇല്ലായ്മ ചെയ്യാന്‍ കാശ്മീരിനെ രണ്ടു പ്രവിശ്യകളാക്കിക്കൊണ്ടുള്ള ഭരണം നടപ്പാക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല.

മോദി സര്‍ക്കാര്‍ ഇപ്പോഴും ഭരണഘടനയിലെ 370 വകുപ്പ് എടുത്തു കളഞ്ഞിട്ടില്ല. കാശ്മീരില്‍ ഒരു ഭരണഘടനാഭേദഗതി കൊണ്ടു വരണമെങ്കില്‍ രാഷ്ട്രപതി ഉത്തരവ് നിര്‍ബ്ബന്ധമാണ്. കാശ്മീരിന് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയത് 1954 ലെ രാഷ്ട്രപതി ഉത്തരവാണ് (35എ). മോദി സര്‍ക്കാര്‍ ആ രാഷ്ട്രപതി ഉത്തരവിനെ മറ്റൊരു രാഷ്ട്രപതി ഉത്തരവിലൂടെ റദ്ദാക്കി. ഈ ഉത്തരവ് പ്രകാരം 370-ാം വകുപ്പില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. 367-ാം വകുപ്പില്‍ പുതിയ ഖണ്ഡിക (4) എഴുതി ചേര്‍ത്തു. അതുപ്രകാരം ഭാരതഭരണഘടനയില്‍ കാശ്മീരിനെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങളില്‍ സദര്‍ – ഇ റിയാസത് പ്രയോഗം വരുന്നത് ഗവര്‍ണര്‍ ആണെന്നും, 370 (3) ലെ സംസ്ഥാന ഭരണഘടനാസമിതി എന്നത് അതെ വകുപ്പില്‍ രണ്ടാം ഭാഗത്ത് പറയുന്ന 370(2) സംസ്ഥാന നിയമസഭ ആണെന്നും രാഷ്ട്രപതി ഉത്തരവ് വ്യക്തമാക്കുന്നു.

ഈ ഉത്തരവ് പ്രകാരം ദേശസുരക്ഷക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ഭാരതത്തിന്റെ പാര്‍ലമെന്റിനു കാശ്മീര്‍ സംസ്ഥാനത്തെ ഭരണസൗകര്യര്‍ത്ഥം രണ്ടായി വിഭജിക്കാനുള്ള സമ്മതം ഗവര്‍ണര്‍ക്ക് നല്‍കാനാവും. മേല്‍പ്പറഞ്ഞ ഉത്തരവ് അനുസരിച്ച് ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കാനുള്ള ബില്ലാണ് പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. ചുരുക്കത്തില്‍ ഭരണഘടനയില്‍ 370 വകുപ്പ് ഇപ്പോഴും ഉണ്ട്, പക്ഷെ ആ ആനുകൂല്യങ്ങള്‍ അനുഭവിക്കാനുള്ള സംസ്ഥാനമായ ജമ്മു-കാശ്മീര്‍ ഇല്ലെന്നു മാത്രം. പുതുച്ചേരിയോടൊപ്പം ഭരണഘടനയുടെ 239എ വകുപ്പു പ്രകാരമായിരിക്കും പുതിയ കാശ്മീര്‍ പ്രവര്‍ത്തിക്കുക. നിയമസഭയില്‍ 107-114 അംഗങ്ങള്‍ ഉണ്ടാവും. ലേ, കാര്‍ഗില്‍ ജില്ലകള്‍ ഒഴികെയുള്ള ജില്ലകള്‍ കാശ്മീരിലായിരിക്കും. പോലീസ് നിയമങ്ങള്‍, ക്രമസമാധാന നിയമങ്ങള്‍ ഒഴികെ ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റിലുള്ള എല്ലാ നിയമങ്ങളും കാശ്മീരിന് നിര്‍മ്മിക്കാം. ക്രമസമാധാനം സംബന്ധിച്ച നിയമനിര്‍മ്മാണം പാര്‍ലമെന്റിന്റെ ചുമതലയായിരിക്കും.

നാഗാലാന്‍ഡും കാശ്മീരും
ഭാരതത്തിന്റെ ഭരണഘടനയുടെ അന്തസ്സാര തത്വങ്ങള്‍ (Basic Structure Doctrines) പാര്‍ലമെന്റിനു പോലും തിരുത്താന്‍ സാധിക്കില്ല (കേശവാനന്ദ ഭാരതി കേസിലെ സുപ്രീം കോടതി വിധി, 1973). ഫെഡറലിസം ഇത്തരത്തില്‍ ആരാലും തിരുത്തപ്പെടാനാവാത്ത ഒരു അടിസ്ഥാനതത്വമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ ഭരണഘടനാനുസൃതമായ എല്ലാ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാനും അനുവദിക്കാനും പാര്‍ലമെന്റിന് ബാധ്യതയുണ്ട്. ഇതു പ്രകാരം ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമല്ല. ഭരണഘടനയുടെ ഭാഗം XXI ല്‍ 371 വകുപ്പു മുതല്‍ 371 ജെ വകുപ്പു വരെ പന്ത്രണ്ട് സംസ്ഥാനങ്ങള്‍ക്ക് കൂടി ഭരണഘടന പ്രത്യേകസൗകര്യങ്ങള്‍ (Special Provisions) നല്‍കുന്നുണ്ട്. ഇവയുടെയെല്ലാം അടിസ്ഥാനം താഴെ പറയുന്നതില്‍ ഏതെങ്കിലുമൊന്നാണ്.

1. കേന്ദ്രഭരണപ്രദേശത്തെ സംസ്ഥാനമാക്കുമ്പോള്‍ വികസനദൃഷ്ടിയില്‍ നല്‍കിയ ആനുകൂല്യങ്ങള്‍ (മണിപ്പൂര്‍, അരുണാചല്‍, ഗോവ, സിക്കിം).
2. സംസ്ഥാനത്തെ ചില മേഖലകളെ സംരക്ഷിക്കാന്‍ നല്‍കിയവ (കര്‍ണ്ണാടക,തെലങ്കാന , ആന്ധ്ര).
3. സംസ്ഥാനത്തെ ചില പിന്നാക്കമേഖലകള്‍ വികസിപ്പിക്കാന്‍ അനുവദിച്ചത് (കര്‍ണ്ണാടക, മേഘാലയ).
4. ചില വികസന സമിതികള്‍ സ്ഥാപിക്കാന്‍ വേണ്ടി (മഹാരാഷ്ട്ര, അസം).
ഈ ദൃഷ്ടിയിലല്ലാതെയുള്ള ചില ആനുകൂല്യങ്ങള്‍ ഭരണഘടന നല്‍കുന്നത് നാഗാലാന്‍ഡിനും മിസോറാമിനുമാണ്. എന്നാല്‍ ഇവയുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും ഭാരതത്തിന്റെ രാഷ്ട്രപതിയെയാണ് അവരുടെ സര്‍വ്വാധികാരിയും രക്ഷാധികാരിയുമായി കാണുന്നത്. ഈ സംസ്ഥാനങ്ങളൊന്നും സ്വന്തമായി ഭരണഘടനയും ഉണ്ടാക്കിയിട്ടില്ല. ഈ വ്യവസ്ഥകളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പാര്‍ലമെന്റിനും രാഷ്ട്രപതിക്കും നിരുപാധിക അവകാശവുമുണ്ട്. എന്നാല്‍ കാശ്മീരിന്റെ ആനുകൂല്യം ഇവയ്ക്കും അതീതമായിരുന്നു. നല്‍കപ്പെട്ട ആനുകൂല്യങ്ങളില്‍ മാറ്റം വരുത്താന്‍ പോലും രാഷ്ട്രപതിക്ക് സ്വതന്ത്ര അധികാരം ഉണ്ടായിരുന്നില്ല.

നാഗാലാന്‍ഡിനെയും മിസോറാമിനെയും സംബന്ധിക്കുന്ന (യഥാക്രമം 371എ, 371ജി) വകുപ്പുകളുടെ ആദ്യഭാഗം പൂര്‍ണ്ണമായും ഒന്നു തന്നെയാണ്. അതാതു സംസ്ഥാനങ്ങളിലെ മതപരവും സാമൂഹികവുമായ പാരമ്പര്യത്തെയും രീതികളെയും സംബന്ധിക്കുന്ന നിയമം ഉണ്ടാക്കുമ്പോള്‍ പാര്‍ലമെന്റ് അതാതു സംസ്ഥാനങ്ങളോട് സംവദിക്കണം എന്ന നിബന്ധനയാണ് പ്രധാ നം. വസ്തുവിന്റെ കൈമാറ്റവും ഉടമസ്ഥാവകാശവും സംബന്ധിച്ച നിയമനിര്‍മ്മാണവും സംസ്ഥാനത്തിന്റെ സമവായത്തോടെ ആയിരിക്കണം. ഈ നിബന്ധനകള്‍ ഒഴികെ കാശ്മീര്‍ അനുഭവിച്ചതു പോലുള്ള ആനുകൂല്യങ്ങളോ കാശ്മീര്‍ നിയമസഭ ഉന്നയിച്ചതുപോലുള്ള സ്വയംഭരണ വാദങ്ങളോ പ്രസ്തുത സംസ്ഥാന നിയമസഭകള്‍ ഉന്നയിക്കുന്നില്ല (വിഘടനവാദികള്‍ ഉന്നയിക്കുന്നുണ്ടാവാം). ഈ ദൃഷ്ടിയിലുള്ള ആനുകൂല്യങ്ങള്‍ അര്‍ഹതയുണ്ടെങ്കില്‍ കാശ്മീരിന് ഇനിയും ലഭിക്കുവാനും നമ്മുടെ ഭരണഘടന തടസ്സമല്ല. അതിനുപകരം സ്വന്തമായി പൗരത്വവും പതാകയും ഭരണഘടനയും നിലനിര്‍ത്തി മുന്നോട്ടു പോകുന്നത് ഭരണഘടനാവിരുദ്ധം തന്നെയാണ്. ഈ സമയത്ത് നാഗാലാന്‍ഡും കാശ്മീരും തമ്മില്‍ താരതമ്യം ചെയ്ത് ആശയക്കുഴപ്പം ഉണ്ടാക്കുന്നത് എന്നത്തേയും പോലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ്.

പുതിയ കേന്ദ്രഭരണപ്രദേശങ്ങളുടെ ഭാവി
കാശ്മീര്‍ മാനവ വികാസ സൂചികയിലും (Human Development Index)) ശിശു മരണ നിരക്കിലും ദേശീയ ശരാശരിയെ കടത്തിവെട്ടിയിരിക്കുന്നു. അതുകൊണ്ട് അവിടെയിനി മോദിയുടെ വികസനം വേണ്ട എന്നാണു ഇടതുപക്ഷത്തിന്റെയും ‘ദി ഹിന്ദു’ പത്രത്തിന്റെയും വാദം. ഹിന്ദുപത്രം ഒരു പടികൂടി കടന്ന് ഈ വിഭജനം ട്രംപിന്റെ പദ്ധതിയാണെന്ന് എഴുതാനും മടി കാണിച്ചില്ല. ഇതു രണ്ടും വാസ്തവ വിരുദ്ധമാണെന്ന് ആര്‍ക്കും മനസ്സിലാവുമല്ലോ.
ഭാരതത്തിന്റെ ആളോഹരി വരുമാനപ്പട്ടികയില്‍ കാശ്മീരിന്റെ സ്ഥാനം താഴെ നിന്ന് പത്താമതാണ്. കാശ്മീരിന്റെ താഴെയുള്ള ഒമ്പത് സംസ്ഥാനങ്ങളില്‍ ആറെണ്ണവും വലിയ സംസ്ഥാനങ്ങളാണ്. അവരില്‍ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനത്തിന് കാശ്മീരിന്റെ ഇരട്ടി ജനസംഖ്യയുണ്ട്. എന്തിന് കാശ്മീരിന്റെ നൂറിരട്ടി ജനസംഖ്യയുള്ള ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് കാശ്മീരിന്റെ സ്ഥാനം. മൊത്തം വരുമാനത്തിന്റെ കാര്യത്തില്‍ ഈ സംസ്ഥാനങ്ങളൊക്കെ കാശ്മീരിനും മേലെയാണ്. ആദ്യത്തെ ഇരുപതു സ്ഥാനങ്ങളില്‍ കാശ്മീര്‍ ഇല്ല. കാശ്മീരിന്റെ തൊഴിലില്ലായ്മ നിരക്ക് ഗ്രാമീണ മേഖലയില്‍ വളരെ കുറവും നഗര മേഖലയില്‍ വളരെ കൂടുതലുമാണ്. ശരാശരി എടുക്കുമ്പോള്‍ ഇത് തൃപ്തികരമാണെന്ന് പറയാന്‍ ഹിന്ദു പത്രത്തിന് സാധിക്കും, എന്നാല്‍ ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാരിനു ഇത് സാധ്യമല്ല. ക്രൈം നിരക്കില്‍ പത്താം സ്ഥാനത്തും അടിസ്ഥാന സൗകര്യ നിര്‍മ്മാണത്തില്‍ 24-ാം സ്ഥാനത്തുമാണ് കാശ്മീര്‍ എന്ന കാര്യവും മറച്ചുവെച്ചുകൊണ്ടാണ് ഹിന്ദു പത്രം കാശ്മീരിന് വികസനം ആവശ്യമില്ലെന്നു പറയുന്നത്. വാണിജ്യ വ്യവസായ സാധ്യതാ പട്ടികയില്‍ കാശ്മീരിന്റെ സ്ഥാനം 22 ആണ്.

കാശ്മീര്‍ ദില്ലി മാതൃകയില്‍ മന്ത്രിസഭയുള്ള കേന്ദ്രഭരണ പ്രദേശമാവുകയാണ്. 1.2 കോടിയാണ് ജനസംഖ്യ. ലഡാക്ക് വെറും രണ്ടേ മുക്കാല്‍ ലക്ഷം മാത്രം ജനസംഖ്യയുള്ള കേന്ദ്രഭരണപ്രദേശവും. ഈ വിഭജനത്തില്‍ ഏറ്റവും കൂടുതല്‍ ദുഃഖിക്കുന്നത് പാകിസ്ഥാനും ചൈനയുമാണ്. ലഡാക്കില്‍ ഭാരതസര്‍ക്കാരിന്റെ ശ്രദ്ധ കൂടുതല്‍ പതിയുന്നതോടെ ചൈനയാണ് പരുങ്ങുന്നത്. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം ഈ വിഭജനത്തോടെ നിലയ്ക്കും. പാക് അധിനിവേശ കാശ്മീരും പാകിസ്ഥാനും തീര്‍ത്തും പ്രതിരോധത്തിലായി. അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ഡ് തീവ്രവാദികള്‍ക്ക് മുന്നില്‍ ഇനി പഴയ വഴികള്‍ പലതും അടയും.

ദേശസുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം കാശ്മീരിലെയും ലഡാക്കിലെയും ജനതയുടെ വികസനവും തങ്ങളുടെ ബാധ്യതയാണെന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ടു. കാശ്മീരിലെ ആദ്യത്തെ സ്റ്റാര്‍ട്ട് അപ് സംരംഭം ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. വിഭജനത്തിന്റെ തൊട്ടു പിന്നാലെ കാശ്മീരില്‍ വന്‍ നിക്ഷേപ പദ്ധതിയുമായി അമൂലും എത്തിക്കഴിഞ്ഞു. കഴിഞ്ഞ പതിനാറു വര്‍ഷമായി ഭാരതത്തിന്റെ ഒരു ശതമാനം മാത്രം ജനസംഖ്യയുള്ള കാശ്മീരിന് 10% തുകയാണ് കേന്ദ്രഫണ്ടില്‍ നിന്നും നല്‍കുന്നത്. കൂടുതല്‍ കേന്ദ്രവിഹിതവും നിക്ഷേപങ്ങളും കാശ്മീരിനെ തേടിയെത്തും. കാശ്മീരില്‍ ആകെയുള്ള 12 സര്‍വകലാശാലകളില്‍ 7 എണ്ണം 2004 നു ശേഷം സ്ഥാപിച്ചതാണ്. ആകെ നാലു മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് ഉള്ളത്. ഐ.ഐ.ടികള്‍ ഉള്‍പ്പെടെ ദേശീയ നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും തൊഴില്‍ സംരംഭങ്ങളും വരുംനാളുകളില്‍ വ്യാപകമായി തുറക്കപ്പെടും. ഭാരതത്തിന്റെ വികസനധാരയിലേക്ക് ജമ്മു-കാശ്മീരിലെ പൊതുജനങ്ങള്‍ക്കുള്ള വാതായനങ്ങള്‍ തുറക്കപ്പെട്ടുകഴിഞ്ഞു. അര ലക്ഷത്തോളം ആളുകളുടെ ജീവനപഹരിക്കപ്പെട്ട ഒരു പ്രദേശം അവിടുത്തെ ഭരണാധികാരികളുടെ നേരിട്ടുള്ള ശ്രദ്ധയില്‍ സമാധാനത്തിലേക്കും വികസനത്തിലേക്കും നടന്നുകയറുന്നതിന് സാക്ഷികളാവുന്നതോടെ വരുന്ന തലമുറയ്ക്ക് ചരിത്രത്തിന്റെ ഈ ദുര്‍ദിനങ്ങളെ തിരശീലയ്ക്ക് പിന്നിലാക്കാന്‍ സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. അതെ, കുങ്കുമ പാടങ്ങളില്‍ ഇനി വന്ദേമാതരം മുഴങ്ങാന്‍ പോകുന്നു!

Tags: കോണ്‍ഗ്രസ്370 വകുപ്പ്ഭരണഘടന35 Aമോദിബി.ജെ.പിരാഷ്ട്രപതികാശ്മീര്‍
Share49TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഗോത്രജനതയ്ക്ക് മരണം വിധിച്ചവര്‍….!

ഭക്ഷണം ഔഷധമാണ് ഔഷധം ഭക്ഷണമാക്കരുത്‌

മതം വിളമ്പി ജാതി കൂട്ടിക്കുഴച്ചുണ്ണുന്നവര്‍

ഉല്പന്നമാകുന്ന നമ്മള്‍

അഞ്ചുതെങ്ങ് ആറ്റിങ്ങല്‍ കലാപങ്ങളുടെ രാഷ്ട്രീയം

ആഖ്യാനയുദ്ധത്തിന്റെ പാശ്ചാത്യപര്‍വ്വങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies