കേരളത്തിലെ വിവിധ മതവിഭാഗങ്ങളുടെ ജനസംഖ്യാപരമായ ഘടനയില്‍ ശ്രദ്ധേയമായ മാറ്റം സംഭവിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിനുശേഷമാണ്. മൈസൂര്‍ സുല്‍ത്താന്മാരായ ഹൈദരാലിയുടെയും ടിപ്പുവിന്റെയും മലബാറിലെ പടയോട്ടവും ആധിപത്യവും നിര്‍ബ്ബന്ധിത മതപരിവര്‍ത്തനവും ക്ഷേത്രധ്വംസനങ്ങളും മലബാറിന്റെ സാമൂഹികഘടനയെ തന്നെ മാറ്റി എഴുതി. 1766 മുതല്‍ 1792 വരെയുള്ള കാലഘട്ടത്തിലാണ് മൈസൂര്‍ സുല്‍ത്താന്മാരുടെ നേതൃത്വത്തില്‍ മലബാറില്‍ ഇസ്ലാമികവല്‍ക്കരണം നടന്നത്. എന്നാല്‍, തിരുവിതാംകൂര്‍ – കൊച്ചി ഭാഗത്ത് വ്യാപകമായി മിഷണറിമാരുടെ നേതൃത്വത്തിലാണ് ക്രിസ്തുമതത്തിലേയ്ക്ക് മതപരിവര്‍ത്തനം നടന്നത്. 1820 മുതല്‍ 1930 വരെയുള്ള കാലഘട്ടത്തില്‍ വ്യാപകമായ മതപരിവര്‍ത്തനം നടന്നു. കന്യാകുമാരി ജില്ല കൂടെ ഉള്‍പ്പെടുന്ന തെക്കന്‍ തിരുവിതാംകൂറില്‍ റിക്കാര്‍ഡ് മതപരിവര്‍ത്തനമാണ് യൂറോപ്യന്‍ മിഷണറിമാര്‍ നടത്തിയത്. തിരുവിതാംകൂറില്‍ 1820-ല്‍ 82.99 ശതമാനം ഹിന്ദുക്കളും 12.37 ശതമാനം ക്രിസ്ത്യാനികളും ഉണ്ടായിരുന്നെങ്കില്‍ 1931 ആകുമ്പോള്‍ ഹിന്ദുക്കള്‍ 61.57 ശതമാനമായി കുറഞ്ഞു. എന്നാല്‍ കിസ്ത്യാനികള്‍ 31.46 ശതമാനമായി ഉയര്‍ന്നു. മലബാറില്‍ (മലബാര്‍ ഡിസ്ട്രിക്ട്) 1951-ലെ സെന്‍സസ് പ്രകാരം മുസ്ലിം ജനസംഖ്യ 33.49 ശതമാനമായി മാറി.
2021-ലെ ഔദ്യോഗിക കണക്കുകള്‍ വന്നിട്ടില്ലെങ്കിലും കേരളത്തിലെ ജനസംഖ്യയില്‍ ഏതാണ്ട് നാല്പത്തി ഏഴ് ശതമാനം മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളാണ്. 2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 54.73 ശതമാനം ഹിന്ദുക്കളും, 26.56 ശതമാനം മുസ്ലീങ്ങളും 18.38 ശതമാനം ക്രിസ്ത്യാനികളുമാണ്. ഒന്‍പത് ജില്ലകളില്‍ മാത്രമാണ് ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് എന്നീ അഞ്ചുജില്ലകളില്‍ മതന്യൂനപക്ഷങ്ങള്‍ക്കാണ് ഭൂരിപക്ഷം. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ഹിന്ദു സമൂഹത്തിനുണ്ടായ ജനസംഖ്യാപരമായ തകര്‍ച്ച കൂടുതല്‍ പഠനവിധേയമാക്കേണ്ടതുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് തന്നെ ഏതാണ്ട് പതിനാലു ശതമാനമാണ് ഹിന്ദുക്കളില്‍ കുറവുണ്ടായത്. (പട്ടിക – ഒന്ന് കാണുക)
മുകളിലെ പട്ടിക (ഒന്ന്) സൂചിപ്പിക്കുന്നത് ഒരു നൂറ്റാണ്ട് കൊണ്ട് കേരളത്തില്‍ ഹിന്ദു സമൂഹം 13.78 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോള്‍ മുസ്ലിങ്ങള്‍ 9.06 ശതമാനം കൂടി. ക്രിസ്ത്യന്‍ ജനസംഖ്യ 4.48 ശതമാനം വളര്‍ന്നു. മറ്റൊരു വസ്തുത ക്രിസ്ത്യാനികള്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ വളര്‍ച്ച നേടിയപ്പോള്‍ മുസ്ലിങ്ങള്‍ ഈ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണ് വന്‍ വളര്‍ച്ച കാണിക്കുന്നത്. 1971ലെ സെന്‍സസ് വരെ കേരളത്തിലെ ന്യൂനപക്ഷങ്ങളില്‍ ക്രിസ്ത്യാനികളായിരുന്നു മുന്നില്‍- 21.2 ശതമാനം. എന്നാല്‍ 1981ലെ സെന്‍സസ് കണക്കുകള്‍ വന്നപ്പോള്‍ മുസ്ലിങ്ങള്‍ 21.3 ശതമാനമായി ഉയര്‍ന്ന് ഒന്നാമതായി. ക്രിസ്ത്യാനികള്‍ 20.6 ശതമാനം കൊണ്ട് രണ്ടാം സ്ഥാനത്തായി. തുടര്‍ന്നുള്ള നാലു സെന്‍സസ് കഴിയുമ്പോള്‍ മുസ്ലിങ്ങള്‍ 26.56 ശതമാനമായി ഉയര്‍ന്നു. ക്രിസ്ത്യന്‍ ജനസംഖ്യ 18.38 ശതമാനത്തിലേയ്ക്ക് കുറഞ്ഞു. കഴിഞ്ഞ നാലു സെന്‍സസ് കാലഘട്ടത്തില്‍ മുസ്ലിങ്ങള്‍ 7.51 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഹിന്ദുക്കളില്‍ 4.68 ശതമാനവും ക്രിസ്ത്യാനികളില്‍ 2.72 ശതമാനവും കുറവുണ്ടായി. ജനസംഖ്യാനിയന്ത്രണത്തോടുള്ള സമീപനം കൊണ്ടാണ് ഈ വ്യത്യാസം വിവിധ മതവിഭാഗങ്ങളില്‍ കാണിക്കുന്നത്. ഇവിടെ എടുത്തു പറയേണ്ടത് 1941ന് മുമ്പ് ഉള്ള കാലഘട്ടത്തില്‍ മതപരിവര്‍ത്തനം ഹിന്ദുവിന്റെ ശോഷണത്തിനുകാരണമായെങ്കില്‍ 1971-ന് ശേഷമുള്ള സെന്‍സസിലെ ഹിന്ദുവിന്റെ ശോഷണം ജനസംഖ്യാ നിയന്ത്രണം കൊണ്ടാണ്.
മുകളില്‍ സൂചിപ്പിച്ചതുപോലെ കേരളത്തിലെ ന്യൂനപക്ഷവിഭാഗങ്ങളില്‍ ജനസംഖ്യാ നിയന്ത്രണത്തിലെ സമീപനം കൊണ്ടാണ് വളര്‍ച്ചയും തളര്‍ച്ചയും കാണിക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2018 മുതല്‍ നവജാത ശിശുക്കളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മുസ്ലിംവിഭാഗങ്ങളാണ്. 2018ലെ കേരളത്തിലെ ജനത കണക്കുപ്രകാരം 43.80 ശതമാനം മുസ്ലിങ്ങളും 41.61 ശതമാനം ഹിന്ദുക്കളും 14.31 ശതമാനം ക്രിസ്ത്യാനികളും എന്നതാണ് നവജാതശിശുക്കളിലെ മതാടിസ്ഥാനത്തിലുള്ള അനുപാതം. അതായത് 2011ലെ സെന്‍സസ് പ്രകാരം 26.56 ശതമാനം വരുന്ന മുസ്ലിങ്ങളില്‍ 2018ല്‍ 43.80% കുട്ടികള്‍ പിറന്നപ്പോള്‍ 54.72 ശതമാനം വരുന്ന ഹിന്ദുക്കളില്‍ 41.61 ശതമാനവും 18.38 ശതമാനം വരുന്ന ക്രിസ്ത്യാനികളില്‍ 14.31 ശതമാനവും ആണ് നവജാതശിശുക്കള്‍. എന്നാല്‍ പതിനൊന്നുവര്‍ഷം മുമ്പ് 2007ലെ നവജാത ശിശുക്കളുടെ കണക്കുനോക്കിയാല്‍ ഹിന്ദുക്കള്‍ 45.58 ശതമാനവും മുസ്ലിങ്ങള്‍ 33.71 ശതമാനവും ക്രിസ്ത്യാനികള്‍ 18.02 ശതമാനവുമാണ്. 2011ല്‍ നവജാതശിശുക്കളില്‍ 44.37 ശതമാനം 38.21 ശതമാനം 16.90 ശതമാനം എന്ന നിലയിലാണ് ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ അനുപാതം. ഇത് സൂചിപ്പിക്കുന്നത് കഴിഞ്ഞ പതിനൊന്നു വര്‍ഷം കൊണ്ട് നവജാത ശിശുക്കളുടെ മതപരമായ കണക്കുനോക്കുമ്പോള്‍ മുസ്ലിങ്ങളില്‍ 10.71 ശതമാനം വളര്‍ച്ച കാണാം. ഹിന്ദുക്കളില്‍ 3.97 ശതമാനം കുറവും ക്രിസ്ത്യാനികളില്‍ 2.59 ശതമാനം കുറവുമാണ് കാണുന്നത്. ജനസംഖ്യാപരമായ ഈ അസന്തുലനം കേരളത്തില്‍ ഇതുവരെ ചര്‍ച്ചാവിഷയമായിട്ടില്ല. 2011-ലെ സെന്‍സസ് കണക്കുകള്‍ സൂചിപ്പിക്കുന്നത് 2001 നുശേഷമുള്ള ഒരുദശകം കൊണ്ട് മുസ്ലിം ജനസംഖ്യാവളര്‍ച്ച 12.84 ശതമാനമാണ്. ഹിന്ദുക്കളില്‍ ഇത് 2.23 ശതമാനവും ക്രിസ്ത്യാനികളില്‍ 1.38 ശതമാനവുമാണ് ഈ കാലഘട്ടത്തിലെ വളര്‍ച്ചാനിരക്ക്. 2021ലെ കണക്കുകള്‍ വരുമ്പോള്‍ വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള വളര്‍ച്ചാനിരക്കില്‍ വലിയ വ്യതിയാനം കാണാന്‍ കഴിയും. മലപ്പുറം ഉള്‍പ്പെടുന്ന മലബാര്‍ ജില്ലകളിലെ വളര്‍ച്ച ഏറെ വലുതായിരിക്കും. നിയമസഭാമണ്ഡലങ്ങള്‍ പുനര്‍വിഭജനം നടക്കുമ്പോള്‍ ജനസംഖ്യയിലെ ഈ വളര്‍ച്ച ഏറെ സ്വാധീനിക്കും. കഴിഞ്ഞ മണ്ഡല പുനഃസംഘടനയിലും തെക്കന്‍ ഭാഗത്ത് സീറ്റുകള്‍ കുറയുകയും മലബാറില്‍ കൂടുകയും ഉണ്ടായി. ഇത് സൂചിപ്പിക്കുന്നത് ജനസംഖ്യയില്‍ ഉണ്ടാവുന്ന വ്യതിയാനം രാഷ്ട്രീയമായും ഏറെ സ്വാധീനിക്കപ്പെട്ടു എന്നതാണ്.
മലബാറിലെ മതവിഭാഗങ്ങളിലെ ജനസംഖ്യാപരമായ അസന്തുലനം
ഇന്ത്യയിലെ മറ്റു പ്രവിശ്യകളില്‍ നിന്നു വിഭിന്നമായി കേരളത്തില്‍ ഇസ്ലാംമതം വ്യാപിക്കുന്നത് അധികാരത്തിന്റെ തണലിലായിരുന്നില്ല. പശ്ചിമേഷ്യയുമായി മലബാറിനുണ്ടായിരുന്ന വ്യാപാരബന്ധം കൊണ്ട് ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്‍ കേരളത്തില്‍ അതിന് വേരോട്ടമുണ്ടായി. വിവിധ നാട്ടുരാജ്യങ്ങള്‍ വിശേഷിച്ച് കോഴിക്കോട്ടെ സാമൂതിരി രാജാക്കന്മാര്‍ ഇസ്ലാം മതപ്രചരണത്തിന് ഏറെ സഹായങ്ങള്‍ ചെയ്തു. സ്വാഭാവികമായും മലബാറിലെ മുസ്ലിങ്ങളും ഹിന്ദുക്കളും ഏറെ സൗഹാര്‍ദ്ദപരമായാണ് ജീവിച്ചിരുന്നത്. സാമൂതിരി രാജാക്കന്മാരുടെ കീഴില്‍ ഉയര്‍ന്ന പല ഉദ്യോഗങ്ങളിലും മുസ്ലിങ്ങള്‍ നിയമിതരായി. മാപ്പിള മുസ്ലിങ്ങള്‍ എന്ന് അറിയപ്പെട്ട ഈ ജനവിഭാഗം തനതായ ഒരു മലബാര്‍ ജീവിതശൈലിയും കെട്ടിപ്പടുത്തു. മൈസൂര്‍ സുല്‍ത്താന്മാരുടെ പടയോട്ട കാലത്താണ് ആദ്യമായി മലബാറിന്റെ മതസൗഹാര്‍ദ്ദം തകരുന്നത്. അതായത് ഒരായിരം വര്‍ഷത്തെ ഹിന്ദു-മുസ്ലിം മൈത്രി ടിപ്പുസുല്‍ത്താന്‍ തകര്‍ത്തെറിഞ്ഞു. 1766 മുതല്‍ 1921 വരെയുള്ള കാലഘട്ടത്തില്‍ മലബാറിലുണ്ടായ മതപരമായ ആക്രമണവും ലഹളകളും ഹിന്ദു സമൂഹത്തിന്റെ നിലനില്പിനെ തന്നെ ബാധിച്ചു. ‘മലബാര്‍ കലാപം’ എഴുതിയ കെ.മാധവന്‍ നായരുടെ വാക്കുകളില്‍ പറഞ്ഞാല്‍, ”ഇങ്ങനെ രണ്ടു സമുദായങ്ങളും കേരള മാതാവിന്റെ രണ്ടു കണ്ണുകളെപ്പോലെ ഐക്യത്തിലും വിശ്വാസത്തിലും വര്‍ത്തിച്ചിരുന്ന കാലത്താണ് ടിപ്പുവിന്റെ ആക്രമണങ്ങള്‍ മലബാറിനെ ഒന്നു മേല്‍കീഴായി മറിച്ചത്. ടിപ്പുവിന്റെ ‘ചേലക്കലാപ’മാണ് മലബാറില്‍ മാപ്പിളലഹളയുടെ വിത്ത് ഒന്നാമതായി നട്ടത്. കേരളത്തിലെ ഹിന്ദുക്കള്‍ ‘കലാപ’ കാലത്ത് അനുഭവിച്ചതു പോലെയുള്ള സങ്കടങ്ങള്‍ മുമ്പ് അനുഭവിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. എത്രയോ ആയിരം ഹിന്ദുക്കളെ അക്കാലത്ത് നിര്‍ബന്ധമായി മുഹമ്മദീയ മതത്തില്‍ ചേര്‍ത്തിട്ടുണ്ട്. അവരില്‍ വളരെപേര്‍ ‘ചേല’ പൊളിച്ച് തിരികെ ഹിന്ദു മതത്തിലേക്കു തന്നെ വന്നിട്ടുണ്ടെങ്കിലും അധികം പേരും മുഹമ്മദീയരായി തന്നെ ഇരിക്കുകയാണ് ചെയ്തിട്ടുള്ളത്.” (കെ.മാധവന്‍നായര്‍ ‘മലബാര്‍ കലാപം’, മാതൃഭൂമി ബുക്‌സ് (2012) പേജ് 28-29)
മലബാറിലെ മതബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ മാപ്പിള കലാപങ്ങളെ ഒഴിവാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. ലക്ഷക്കണക്കിന് ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തിയ ടിപ്പുസുല്‍ത്താന്റെ പരാജയത്തോടെ മലബാര്‍ ബ്രിട്ടീഷ് അധീനതയിലായി. എന്നിരുന്നാലും ഹിന്ദു-മുസ്ലിം ബന്ധങ്ങളില്‍ വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. 1792-ല്‍ മലബാര്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ വന്നതിനുശേഷം ഏതാണ്ട് അമ്പതില്‍പ്പരം ഹിന്ദുവിരുദ്ധ കലാപങ്ങള്‍ 1921-ലെ മാപ്പിള ലഹളയ്ക്ക് മുമ്പ് നടന്നു. (കെ.മാധവന്‍ നായര്‍ ‘മലബാര്‍ കലാപം’ – പേജ് 31) 1921ലെ കലാപത്തെ തുടര്‍ന്ന് ഹിന്ദു-മുസ്ലിം ബന്ധങ്ങളില്‍ മാത്രമല്ല തകര്‍ച്ച സംഭവിച്ചത്. മറിച്ച് മലബാറിന്റെ ജനസംഖ്യാപരമായ സന്തുലനവും അട്ടിമറിക്കപ്പെട്ടു. ടിപ്പുവിന്റെ പടയോട്ടക്കാലത്താണ് മലബാറില്‍ നിന്ന് ഹിന്ദുക്കള്‍ പലായനം ആരംഭിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കണ്ണൂരിലെ ആലിരാജയാണ് ഹൈദരാലിയെ മലബാറിലേയ്ക്ക് ക്ഷണിക്കുന്നത്. തുടര്‍ന്ന് ചിറക്കല്‍, കോലത്തുനാട്, കോട്ടയം, കടത്തനാട്, കോഴിക്കോട്, വള്ളുവനാട്, കുറുമ്പനാട്, പരപ്പനാട്, ബാലുശ്ശേരി, പാലക്കാട് തുടങ്ങിയ നാട്ടുരാജ്യങ്ങളെ മൈസൂര്‍ സുല്‍ത്താന്മാര്‍ കീഴടക്കി. കൊച്ചിരാജ്യം മൈസൂരിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചു കീഴടങ്ങി. ഈ കാലഘട്ടത്തില്‍ പല നാട്ടുരാജാക്കന്മാരും തിരുവിതാംകൂറിലേയ്ക്ക് പലായനം ചെയ്തു. വ്യാപകമായ ക്ഷേത്രധ്വംസനങ്ങളും നിര്‍ബ്ബന്ധിത മതപരിവര്‍ത്തനവും 1792-ല്‍ ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ പരാജയപ്പെടുത്തിയ കാലം വരെ തുടര്‍ന്നു. ആയിരക്കണക്കിന് നായര്‍ സമുദായത്തില്‍പെട്ടവരും ലക്ഷക്കണക്കിന് പിന്നാക്കവിഭാഗങ്ങളും മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇന്നത്തെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ടിപ്പുവിന്റെ പടയോട്ടകാലഘട്ടത്തില്‍ വ്യാപകമായ മതപരിവര്‍ത്തനം നടന്നു. കൂടാതെ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കിലും ലക്ഷദ്വീപിലും വമ്പിച്ച മതപരിവര്‍ത്തനം നടന്നു. ഏതാണ്ട് എണ്ണായിരത്തോളം ക്ഷേത്രങ്ങളാണ് മൈസൂര്‍ സുല്‍ത്താന്മാര്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തത്. ആദ്യത്തെ സെന്‍സസ് രാജ്യത്ത് ആരംഭിക്കുന്നത് 1881-ലാണ്. അതുകൊണ്ട് തന്നെ അതിനുമുമ്പു നടന്ന മതപരിവര്‍ത്തനത്തിന്റെയോ, മതവിഭാഗങ്ങളുടെയോ എണ്ണം സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ല. ലഭ്യമായ കണക്കുകള്‍ പ്രകാരം 1871-ല്‍ മലബാറില്‍, അതായത് ഇന്നത്തെ പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് മുസ്ലിങ്ങള്‍ 25.72 ശതമാനമായിരുന്നു. ഇതേ കാലയളവില്‍ ഹിന്ദുക്കള്‍ 72.43 ശതമാനവും ക്രിസ്ത്യാനികള്‍ 1.43 ശതമാനവുമായിരുന്നു. എന്നാല്‍ 1951ലെ സെന്‍സസ് പ്രകാരം മലബാറില്‍ ഹിന്ദുക്കള്‍ 63.25 ശതമാനമായി കുറഞ്ഞു. ക്രിസ്ത്യാനികള്‍ 3.24 ശതമാനമായി ഉയര്‍ന്നു. മുസ്ലിങ്ങള്‍ 33.49 ശതമാനമായി വര്‍ദ്ധിച്ചു. 2011ലെ സെന്‍സസ് പ്രകാരം മലപ്പുറം ജില്ലയില്‍ മുസ്ലിങ്ങള്‍ 70.24 ശതമാനവും കോഴിക്കോട് 39.24 ശതമാനവും കാസര്‍കോട് 37.24 ശതമാനവുമാണ്. കണ്ണൂര്‍ ജില്ലയില്‍ 29.43 ശതമാനം, വയനാട് 28.65 ശതമാനം, പാലക്കാട് 28.93 ശതമാനം എന്ന തരത്തിലാണ് മുസ്ലിം ജനവിഭാഗങ്ങള്‍ അധിവസിക്കുന്നത്.
മുകളില്‍ സൂചിപ്പിച്ചതുപോലെ ടിപ്പുവിന്റെ പടയോട്ടവും 1921ലും അതിനുമുമ്പുമായി നടന്ന അമ്പതില്‍പ്പരം മാപ്പിളകലാപങ്ങളും മലബാറിലെ ഹിന്ദുസമൂഹത്തെ ക്ഷയിപ്പിച്ചു. അതുകൊണ്ട് തന്നെ ഇന്ന് മലപ്പുറം ജില്ലയിലെ വളരെയധികം വില്ലേജുകളിലും ടൗണുകളിലും മുസ്ലിംജനത 85 ശതമാനത്തിലും കൂടുതലാണ്. മാപ്പിളകലാപത്തിന്റെ ശക്തികേന്ദ്രമായ ഏറനാട് താലൂക്കിലാണ് ഹിന്ദുക്കള്‍ ഏറെ പരിവര്‍ത്തനം ചെയ്യപ്പെട്ടതും പില്‍ക്കാലത്ത് പലായനം ചെയ്തതും. മുന്നാക്കവിഭാഗത്തില്‍പ്പെട്ടവരായിരുന്നു പലായനം ചെയ്തവരില്‍ ഭൂരിഭാഗവും. പലായനം ചെയ്യാത്തവരാണ് മതപരിവര്‍ത്തനത്തിന് വിധേയമായത്.
1921ലെ മലബാര്‍ കലാപത്തെ തുടര്‍ന്ന് മലബാറിന്റെ വിശേഷിച്ച് മലപ്പുറം ജില്ലയിലെ സാമൂഹിക-രാഷ്ട്രീയബന്ധങ്ങളില്‍ പ്രകടമായ മാറ്റം ഉണ്ടായി. മതപരമായി ഏറെ സംഘടിക്കപ്പെട്ടതും ശാക്തീകരിച്ചതും കൊണ്ടാവാം ജനസംഖ്യ നിയന്ത്രണങ്ങള്‍ മറ്റുജില്ലകളില്‍ ഉള്ളതുപോലെ ജനകീയമായില്ല. മലപ്പുറം ജില്ലാ രൂപീകരണത്തിനുശേഷം നടന്ന 1971-ലെ സെന്‍സസില്‍ ജില്ലയിലെ ആകെ ജനസംഖ്യ 18,56,357 ആയിരുന്നു. 2001-ല്‍ അത് 36,25,471 ആയി ഉയര്‍ന്നു. അതായത് മുപ്പത് വര്‍ഷങ്ങള്‍കൊണ്ട് മലപ്പുറത്തെ ജനസംഖ്യ ഇരട്ടിയായി. കുടിയേറ്റം ഒന്നും ഇല്ലാതെ ഈ തരത്തില്‍ ജനസംഖ്യ ഇരട്ടിച്ചത് ഒരുറിക്കാര്‍ഡ് ആണ്. 2011-ല്‍ അത് 41,12,920 ആയി വീണ്ടും ഉയര്‍ന്നു. 2018-ലെ ഇടക്കാല കണക്കുകള്‍ പ്രകാരം മലപ്പുറം ജില്ലയിലെ ജനസംഖ്യ 44,94,998 ആണ്. 2001-2011 സെന്‍സസ് കാലഘട്ടത്തില്‍ മലപ്പുറം ജില്ലയിലെ ജനസംഖ്യാ വര്‍ദ്ധനവ് 13.39 ശതമാനമായിരുന്നു. സെന്‍സസ് പ്രകാരം ആറുവയസ്സിനുതാഴെയുള്ള കുട്ടികള്‍ ഏറ്റവും കൂടുതലുള്ള ജില്ലയും മലപ്പുറമാണ്. സംസ്ഥാനത്ത് ആറുവയസ്സിനു താഴെയുള്ള കുട്ടികള്‍ 2011ലെ കണക്കുപ്രകാരം 34,72,955 ആണ്. മലപ്പുറം ജില്ലയില്‍ ആണ് കൂടുതല്‍ കുട്ടികള്‍. 5,74,041 അതായ്ത് 16.52 ശതമാനം.
പത്ത് വര്‍ഷം കൊണ്ട് (2001-2011) മലപ്പുറം ജില്ലയില്‍ ഉണ്ടായ ജനസംഖ്യാവര്‍ദ്ധനവും മറ്റു ജില്ലകളിലെ വര്‍ദ്ധനവും താരതമ്യം ചെയ്യുമ്പോള്‍ വമ്പിച്ച ജനസംഖ്യാവിസ്‌ഫോടനമാണ് മലപ്പുറത്ത് കാണുന്നത്. (പട്ടിക, രണ്ട് കാണുക)
പട്ടിക (രണ്ട്) സൂചിപ്പിക്കുന്നത് മലപ്പുറം ജില്ലയിലെ ജനസംഖ്യാവര്‍ദ്ധനവ് സംസ്ഥാന ശരാശരിയുടെ ഇരട്ടിയില്‍ അധികമാണ്. ഉദാഹരണമായി 1981-91 സെന്‍സസ് കാലഘട്ടത്തില്‍ സംസ്ഥാനത്തെ ജനസംഖ്യാ വളര്‍ച്ചനിരക്ക് 14.32 ശതമാനമായിരുന്നപ്പോള്‍ മലപ്പുറത്ത് അത് 28.87 ശതമാനമാണ്. 1991-2001 കാലഘട്ടത്തില്‍ സംസ്ഥാന വളര്‍ച്ചാനിരക്ക് 9.42 ശതമാനവും മലപ്പുറത്തിന്റേത് 17.09 ശതമാനവുമായിരുന്നു. 2001-2011 കാലയളവില്‍ സംസ്ഥാന ജനസംഖ്യാവളര്‍ച്ചയുടെ ഏതാണ്ട് മൂന്നിരട്ടിയാണ് മലപ്പുറത്ത് കാണുന്നത്. 4.91% സംസ്ഥാന വളര്‍ച്ചയുണ്ടായപ്പോള്‍ മലപ്പുറത്തെ ജനസംഖ്യാവളര്‍ച്ച 13. 45 ശതമാനമാണ്. ഏറ്റവും ശ്രദ്ധയമായത് കേരളത്തിലെ ഏറ്റവും വലിയ നഗരങ്ങള്‍ ഉള്‍പ്പെട്ട തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ മുപ്പത് വര്‍ഷം കൊണ്ട് (1991-2011) യഥാക്രമം 4.24 ലക്ഷം, 4.62 ലക്ഷം എന്ന ക്രമത്തില്‍ ജനസംഖ്യാവളര്‍ച്ച കാണിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ ഈ കാലയളവില്‍ ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവ് 10.14 ലക്ഷമാണ്.
വിവിധ മതവിഭാഗങ്ങളുടെ വളര്‍ച്ചയില്‍ കാണുന്ന വ്യത്യാസം യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടോ എന്ന് ചോദ്യം ഉയര്‍ത്തുന്നുണ്ടാവും. ഒരു മതേതര ജനാധിപത്യവ്യവസ്ഥയില്‍ മതവിഭാഗങ്ങളുടെ കൂടുതലും കുറവും അവഗണിക്കാവുന്നതല്ലേ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകാം. സ്വാഭാവികമായും ജനസംഖ്യാപരമായ വളര്‍ച്ചയുടെ രാഷ്ട്രീയം ചര്‍ച്ചചെയ്യേണ്ടിവരുന്നത് 1921-ലെ മാപ്പിളകാലപത്തിനുശേഷമുള്ള മലബാറിലെ ഇസ്ലാമിക രാഷ്ട്രീയം കൊണ്ടു മാത്രമാണ്. ഭാരതത്തിന്റെ വിഭജനത്തിന് നായകത്വം നല്‍കിയ മുസ്ലിംലീഗിന് ഇന്ന് രാഷ്ട്രീയമായി അടിസ്ഥാനമുള്ള ഏക സംസ്ഥാനം കേരളം മാത്രമാണ്. മലപ്പുറം ജില്ലയില്‍ നിന്ന് രണ്ട് ലോകസഭാ അംഗങ്ങളെ അയക്കുന്നത് മുസ്ലിംലീഗാണ്. (തമിഴ്‌നാട്ടില്‍ ഡിഎംകെ സംഖ്യകക്ഷിയായി ലീഗ് ജയിച്ചിട്ടുണ്ട്). ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ വസിക്കുന്ന ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യത്തിന്റെ വിഭജനത്തിനുശേഷം മുസ്ലിംലീഗിന്റെ പേരില്‍ ഒരംഗവും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. എന്നാല്‍ കേരളത്തില്‍ മുസ്ലിംലീഗ് നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയാണ്. 2021-ല്‍ മാപ്പിള കലാപത്തിന്റെ നൂറാംവാര്‍ഷികം ആഘോഷിക്കാന്‍ ഇസ്ലാമിക സംഘടനകള്‍ തയ്യാറെടുക്കുന്നതും, അന്ന് ഇരകളാക്കപ്പെട്ട ഹിന്ദുസമൂഹം കേവലം കാഴ്ചക്കാരായി നിലകൊള്ളുന്നതും കൂട്ടിവായിക്കണം. ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും വീടുകള്‍ കൊള്ളയടിക്കപ്പെടുകയും അനേകായിരങ്ങളെ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയമാക്കിയതും അവഗണിച്ച് വേട്ടക്കാര്‍ തന്നെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നത് അനീതിയാണ്. മുസ്ലിം സമൂഹത്തിന് മൃഗീയ ഭൂരിപക്ഷമുള്ള ഒരു ജില്ലയില്‍ മാപ്പിളലഹളയുടെ നേതാക്കള്‍ വാഴ്ത്തപ്പെടുന്നതും അവര്‍ക്ക് സ്മാരകങ്ങള്‍ ഉയരുന്നതും മതസൗഹാര്‍ദ്ദത്തിന് സഹായകമാകുമോ എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം. ആയിരക്കണക്കിന് ഹിന്ദുക്കളെ നിര്‍ബ്ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയ, ക്ഷേത്രധ്വംസനവും ഹിന്ദുകൂട്ടക്കൊലയും നടത്തിയ വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ല്യാരുമൊക്കെ വാഴ്ത്തപ്പെടുന്നത് മഹാകവി കുമാരനാശാന്റെ ‘ദുരവസ്ഥ’യില്‍ വിവരിക്കുന്ന നിസ്സഹായരായ മലബാറിലെ ഹിന്ദു സമൂഹം ജനസംഖ്യാപരമായി തകര്‍ന്നത് കൊണ്ടല്ലേ എന്ന് ചോദിക്കുന്നവര്‍ ഉണ്ടാകും.
മലബാറിലെ ജനസംഖ്യാവിസ്‌ഫോടനം രാഷ്ട്രീയമായ ചില മാനങ്ങളും കൈവരിച്ചിരിക്കുന്നു. മലബാറിലെ ആറു ജില്ലകള്‍ ചേര്‍ത്ത്, ഒരുപുതിയ മലബാര്‍ സംസ്ഥാനം വേണം എന്ന ആശയം ശക്തമായി വരികയാണ്. ഈ മേഖലയില്‍ മുസ്ലിം ജനസംഖ്യ ഏതാണ്ട് നാലപ്തു ശതമാനത്തിലേയ്ക്ക് അടുക്കുകയാണ്. അതില്‍ തന്നെ ഒരു ജില്ലയില്‍ മുസ്ലിം ജനവിഭാഗങ്ങള്‍ 70 ശതമാനത്തിന് മുകളിലാണ്. ഈ പശ്ചാത്തലത്തില്‍ പ്രത്യേക സംസ്ഥാനം എന്ന ആവശ്യം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാന്‍ തടസ്സമില്ല. കൂടാതെ വമ്പിച്ച ജനസംഖ്യാവിസ്‌ഫോടനം നടന്ന മലപ്പുറം ജില്ല രണ്ടായി വിഭജിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ശക്തമായിരിക്കുന്നു. മുകളില്‍ സൂചിപ്പിച്ചതുപോലെ മുപ്പതുവര്‍ഷം കൊണ്ട് (1971-2001) ജനസംഖ്യാ വിസ്‌ഫോടനം കൊണ്ട് ജനസംഖ്യ ഇരട്ടിച്ച ജില്ല എന്ന പ്രത്യേകതയും മലപ്പുറത്തിനുണ്ട്. സ്വാഭാവികമായും മലപ്പുറത്തെ വിഭജിക്കണം എന്ന ആവശ്യം കൂടുതല്‍ ശക്തിപ്പെടാനാണ് സാദ്ധ്യത. മറ്റൊന്ന്, 2011ല്‍ അസംബ്ലി നിയോജകമണ്ഡലങ്ങളുടെ പുനഃസംഘടന നടന്നപ്പോള്‍ മലപ്പുറം ജില്ലയില്‍ മൂന്ന് നിയോജക മണ്ഡലങ്ങള്‍ കൂടുതലായി ലഭിച്ചതും തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ കുറഞ്ഞതും ജനസംഖ്യാ വളര്‍ച്ചയിലുണ്ടായ അസന്തുലനം കൊണ്ടാണ്. മലപ്പുറത്ത് 2011-ല്‍ പതിമൂന്നു നിയമസഭാ നിയോജകമണ്ഡലങ്ങള്‍ പതിനാറായി വര്‍ദ്ധിച്ചിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്.
ചുരുക്കത്തില്‍ ജനസംഖ്യാവിസ്‌ഫോടനം വിവിധ മതവിഭാഗങ്ങളില്‍ വ്യത്യസ്തമായിരിക്കുന്നത് രാഷ്ട്രീയമായും സാമൂഹികമായും ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കും. സംസ്ഥാനം സ്വീകരിക്കുന്ന ജനസംഖ്യാനയം എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമാക്കണം. മതപരമായ ശാഠ്യങ്ങള്‍ മതേതര ജനാധിപത്യ സമൂഹത്തില്‍ അനുവദിക്കപ്പെടുന്നത് ശരിയല്ല. 2011ലെ സെന്‍സസ് പ്രകാരം ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ജനസംഖ്യാവര്‍ദ്ധനയില്‍ മൈനസ് മൂന്നുശതമാനം വരെ പോയതും മലപ്പുറത്ത് അത് പ്ലസ് 13.45 ശതമാനം വളര്‍ന്നതും മതപരമായ മുന്‍വിധികൊണ്ട് സംസ്ഥാനത്തിന്റെ ജനസംഖ്യാ നിയന്ത്രണനയങ്ങളെ സ്വീകരിക്കാത്തതുകൊണ്ടാണ്. ഇത് ഇനിയും ആവര്‍ത്തിക്കപ്പെടുന്നത് ശരിയല്ല.
2018നുശേഷം നവജാതശിശുക്കളില്‍ മുസ്ലിം ന്യൂനപക്ഷവിഭാഗം ഒന്നാം സ്ഥാനം കൈവരിച്ചത് ഇവിടെ കൂട്ടിവായിക്കണം. കേരളത്തില്‍ സെന്‍സസിന്റെ ആരംഭം മുതല്‍ ഹിന്ദുക്കള്‍ പിന്നോട്ടാണ് പോകുന്നത്. 1971 സെന്‍സസ് മുതല്‍ ക്രിസ്ത്യന്‍ ജനസംഖ്യയും താഴോട്ട് പോകുന്നതാണ് കാണുന്നത്. എന്നാല്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ മുസ്ലിംവിഭാഗം ഏതാണ്ട് പത്തുശതമാനം വര്‍ദ്ധനവ് കഴിഞ്ഞ അഞ്ചുപതിറ്റാണ്ട് കൊണ്ട് നേടിയിരിക്കുന്നു. വിവിധ മതവിഭാഗങ്ങളുടെ വളര്‍ച്ചയിലെ ഈ അസന്തുലനം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. കൂടാതെ ശക്തമായതും സാര്‍വ്വത്രികവുമായ ജനസംഖ്യാനയവും നിയന്ത്രണസംവിധാനങ്ങളും വിവേചനം കൂടാതെ നടപ്പാക്കുന്നതിനുള്ള വ്യവസ്ഥയും രൂപപ്പെടുത്തണം. മലപ്പുറം ജില്ലാവിഭജനം എന്ന ആവശ്യവും മലബാര്‍ സ്റ്റേറ്റ് എന്ന ആവശ്യവും ഒരുപ്രത്യേക മതവിഭാഗത്തിന്റെ മാത്രം വളര്‍ച്ചയും ജനസംഖ്യാനയവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടണം.