ഭാരതമഹാരാജ്യത്തിന്റെ ഏറ്റവും വലിയ മഹത്വം ഇത് ആര്‍ഷഭൂവാണ് എന്നതത്രെ. അതായത് ഋഷിമാരുടെ നാട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിരവധി മഹാത്മാക്കള്‍ ആവിര്‍ഭവിച്ചിട്ടുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ ഋഷിമാര്‍ നന്നേ കുറവായിരിക്കും. ഋഷി എന്നാല്‍ കടന്നു കാണുന്നവന്‍ എന്നാണര്‍ത്ഥം. ഇന്ദ്രിയങ്ങള്‍ക്കും അന്തഃകരണവൃത്തികളായ മനസ്സിനും ചിത്തത്തിനും ബുദ്ധിക്കും അഹംബോധത്തിനും അതീതമായ കൂടസ്ഥചൈതന്യത്തെ ദര്‍ശിച്ച് അതുമായി ഏകീഭൂതമാകുന്നതാണ് ഈ കടന്നു കാണല്‍. ഭാരതത്തിന്റെ ഋഷിവര്യന്‍മാര്‍ ഒക്കെതന്നെയും ഇപ്രകാരം ആത്മസായൂജ്യം നേടിയവരാണ്. പാശ്ചാത്യ ദര്‍ശനങ്ങള്‍ ബാഹ്യമായ ലോകത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കി മനസ്സിന്റേയും ബുദ്ധിയുടേയും തലത്തില്‍ വ്യാപിച്ചു നില്‍ക്കുന്നതാണ്. അതുകൊണ്ടാണ് ആര്‍ഷഭൂവിന്റെ മഹിമാവിശേഷം മനസ്സിലാക്കി പാശ്ചാത്യ ലോകത്തെ ഭൗതിക ദാര്‍ശനികന്‍മാരും മഹാമനീഷികളായ ശാസ്ത്രജ്ഞന്മാരും ഭാരതീയ ദര്‍ശനത്തിനു മുന്‍പിന്‍ കണ്ണും നട്ട് അസ്തപ്രജ്ഞരായി തീരുന്നത്.
ഭാരതത്തിന്റെ ഏറ്റവും വലിയ മഹത്വം വേദാന്തമാണ്. വേദാന്തം ഔപനിഷദമാണ്. വേദത്തിന്റെ അവസാനമാണ് വേദാന്തം. അതായത് അറിവിന്റെ അവസാനം എന്നു പറയാം. യാതൊന്നിനെ അറിഞ്ഞു കഴിഞ്ഞാല്‍ മറ്റൊന്നും തന്നെ അറിയാന്‍ ബാക്കിയില്ലാത്ത ഒന്നാണ് വേദാന്ത ദര്‍ശനം. വേദാന്തികളായ യാജ്ഞവല്‍ക്യന്‍, വസിഷ്ഠന്‍, വാല്‍മീകി, വ്യാസ ഭഗവാന്‍ തുടങ്ങി അതിമഹത്തായ ഋഷിവര്യന്മാരുടെ പാരമ്പര്യം ഭാരതത്തിലുണ്ട്. പ്രാചീന കാലത്ത് വലിയ വിദ്വത് സദസ്സുകളില്‍ വാദപ്രതിവാദത്തിന് അണിനിരന്ന് ആദ്ധ്യാത്മ ധ്യാനം പ്രസരിപ്പിച്ച നിരവധി സ്ത്രീ ജനങ്ങളെയും കാണുവാന്‍ സാധിക്കും. അക്കാലത്ത് ജാതിയോ മതമോ ചാതുര്‍വര്‍ണ്ണ്യമോ മറ്റു വിഭാഗീയ ചിന്താഗതികളോ ഭാരതത്തില്‍ ഉണ്ടായിരുന്നില്ല. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ പദവി ഉണ്ടായിരുന്നു. കുലവും ഗോത്രവും നോക്കിയല്ല അറിവുള്ളവനെയാണ് ആരാധിച്ചിരുന്നത്. മേല്‍പറഞ്ഞ ഋഷിവര്യന്മാര്‍ ഭാര്യയോടും മക്കളോടും ചേര്‍ന്ന് കുടുംബജീവിതം നയിച്ചവരാണ്. ദാമ്പത്യജീവിതം വേദാന്ത ജ്ഞാനത്തിന് തടസ്സവുമായിരുന്നില്ല.
വ്യാസപുത്രനായ ശുകബ്രഹ്മര്‍ഷിയുടെ അവതാരത്തോടു കൂടിയാണ് ബ്രഹ്മചാരികളുടെ പരമ്പര ആരംഭിക്കുന്നത് എന്നു കാണാം. ഗുരുദേവന്‍ ചിജ്ജഡ ചിന്തനത്തില്‍ പറയുന്നു.
അഖിലര്‍ക്കുമതിങ്ങനെ തന്നെ മതം
സുഖസാധ്യമിതെന്നു ശുകാദികളും
പകരുന്ന പരമ്പരായ് പലതും
ഭഗവാന്റെ മായയതോ വലുതേ
ഈ ശ്രീനാരായണഗുരു വചനം ബ്രഹ്മവിദ്യാ സമ്പ്രദായികളുടെ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ”യദഹരേവ വിരജേത് തദരഹരേവ പവ്രജേത്” -എപ്പോള്‍ വിരക്തി വരുന്നോ അപ്പോള്‍ സന്ന്യസിക്കണം എന്ന വിധി പില്‍ക്കാലത്തുണ്ടായതാണ്. അതുപോലെ ”ബ്രഹ്മചര്യാദേവ പവ്രജേത്” ബ്രഹ്മചര്യത്തില്‍ നിന്ന് തന്നെ സന്ന്യസിക്കണം. അങ്ങനെയുള്ള സന്ന്യാസിമാരുടെ അതിമഹത്തായ ഒരു പരാമ്പര്യം കൊണ്ട് ഭാരതം ലോകരാജ്യങ്ങളുടെ മുന്‍പില്‍ ആദരവോടെ തലയുയര്‍ത്തി നില്‍ക്കുന്നു. മൂന്നു സന്ന്യാസ പരമ്പരകളാണ് ഭാരതത്തില്‍ പ്രബലമായി നില്‍ക്കുന്നത് എന്നു കാണാം. ഒന്നാമത്തേത് ഭഗവാന്‍ ശ്രീബുദ്ധനില്‍ നിന്നും ആരംഭിച്ചതാണ്. ബുദ്ധന്‍ വിവാഹം കഴിച്ച് കുടുംബ ജീവിതത്തില്‍ പ്രവേശിച്ച ആളായിരുന്നുവെങ്കിലും അദ്ദേഹം എല്ലാറ്റിനേയും ഉപേക്ഷിച്ച് ഒരു മഹാസന്ന്യാസിയായി മാറുകയും വലിയൊരു സന്ന്യാസ പരമ്പരയെ സൃഷ്ടിക്കുകയും ചെയ്തു. രണ്ടാമതായി ശ്രീമദ് ശങ്കര ഭഗവത് പാദര്‍ ആരംഭിച്ച ദശനാമി പരമ്പരയാണ്. ഇന്ന് ഭാരതത്തില്‍ അറിയപ്പെടുന്ന മിക്കവാറും എല്ലാ ആശ്രമങ്ങളും ഈ ദശനാമി പരമ്പരയില്‍ പെടുന്നവയാണ്. മൂന്നാമതായി ഒരു സന്ന്യാസ പരമ്പരയെ സമ്പുഷ്ടമാക്കിയത് ശ്രീനാരായണഗുരുദേവനാണ്. ഗുരുദേവന്റെ ഉപദേശ വചസ്സുകള്‍ ശ്രദ്ധിക്കുമ്പോള്‍ ശ്രീബുദ്ധന്റേയും ശ്രീ ശങ്കരാചാര്യരുടേയും പാരമ്പര്യത്തിലെ ചില ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുകയും എന്നാല്‍ ഗുരുദേവന്റേതായി ഒരു സന്ന്യാസ സമീക്ഷയെ കൂടി ഉള്‍ക്കൊള്ളിച്ച് ഒരു പുതിയ പരമ്പര ആവിര്‍ഭവിച്ചതായും കാണാം. തല്‍ക്കാലം ഈ പരമ്പരകളുടെ വിശദീകരണം ഇവിടെ അപ്രസക്തമാകയാല്‍ വിട്ടു കളയുന്നു.
ശ്രീനാരായണഗുരുദേവന്‍ ആരംഭിച്ച സന്ന്യാസി ശിഷ്യപരമ്പരയില്‍ മഠാധ്യക്ഷന്‍മാരായി ഇരുന്ന മഹാപുരുഷന്മാരില്‍ 15-ാമത്തെ അധ്യക്ഷനായിരുന്നു ഇക്കഴിഞ്ഞ ജൂലൈ മാസം 7-ാം തീയതി നിര്‍വ്വാണം പ്രാപിച്ച ബ്രഹ്മശ്രീ പ്രകാശാനന്ദസ്വാമികള്‍. ബ്രഹ്മചര്യാദേവ പവ്രജേത് എന്ന വിധിപ്രകാരം ബ്രഹ്മചാര്യാശ്രമത്തില്‍ നിന്നു തന്നെ സന്ന്യാസം വരിച്ച സന്ന്യാസിവര്യനാണ് പ്രകാശാനന്ദസ്വാമികള്‍. വിദ്വത് സന്ന്യാസം, വിവിദിഷാ സന്ന്യാസം എന്നിങ്ങനെ സന്ന്യാസം രണ്ടു വിധമുണ്ട്. സത്യത്തെ അറിഞ്ഞതിനു ശേഷം സന്ന്യസിക്കുന്നതാണ് വിദ്വത് സന്ന്യാസം. സത്യത്തെ അറിയാന്‍ വേണ്ടി സന്ന്യസിക്കുന്നതാണ് വിവിദിഷ സന്ന്യാസം. ശ്രീരാമകൃഷ്ണ പരമഹംസര്‍, ശ്രീനാരായണഗുരുദേവന്‍, ചട്ടമ്പി സ്വാമികള്‍, രമണ മഹര്‍ഷി തുടങ്ങിയവര്‍ വിദ്വത് സന്ന്യാസിമാരാണ്. സര്‍വ്വ സാധാരണയായി സന്ന്യാസത്തിലേക്ക് പ്രവേശിക്കുന്നതാണ് വിവിദിഷ സന്ന്യാസം. അങ്ങനെയുള്ള സന്ന്യാസിമാരുടെ പരമ്പരയില്‍ ആധുനിക കാലത്ത് ജീവിച്ച യതിശ്രേഷ്ഠന്മാരില്‍ മഹാനായ ഒരാചാര്യനായിരുന്നു ശ്രീനാരായണശിഷ്യ പരമ്പരയിലെ 15-ാമത് അധ്യക്ഷനായിരുന്ന ബ്രഹ്മശ്രീ പ്രകാശാനന്ദസ്വാമികള്‍.
ദുര്‍ല്ലഭം ത്രയമേവൈദത്
ദൈവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം
മഹാപുരുഷസംശ്രയം.
മനുഷ്യനായി ജനിക്കുക, മോക്ഷം ജീവിതത്തിന്റെ പരമലക്ഷ്യമായി തീരുക, മഹാപുരുഷന്മാരുടെ അനുഗ്രഹത്തിന് പാത്രീഭുതരായി ജീവിക്കുക എന്നീ മൂന്നു കാര്യങ്ങള്‍ ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.
ശ്രീനാരായണഗുരുദേവന്റെ ദിവ്യസാന്നിധ്യം അനുഭവിച്ചറിഞ്ഞ പത്തനാപുരം പിറവന്തൂര്‍ എലിക്കാട്ടൂര്‍ കളത്തരാടി ഭവനത്തിലാണ് പ്രകാശാനന്ദസ്വാമികളുടെ ജനനം. സ്വാമികളുടെ മാതാപിതാക്കള്‍ക്ക് ഗുരുദേവന്റെ ദിവ്യദര്‍ശനം ലഭിക്കുകയും ആ നിലയില്‍ അദ്ദേഹം പൂര്‍വ്വപുണ്യ സുകൃതത്താല്‍ അനുഗ്രഹീതനാവുകയും ചെയ്തു. സ്വാമികളുടെ അമ്മ വെളുമ്പിയമ്മ വ്രതാനുഷ്ഠാനങ്ങളിലും ഈശ്വര പ്രാര്‍ത്ഥനയിലും വളരെ നിഷ്ഠയോടെ ജീവിതം നയിച്ച പുണ്യവതിയായിരുന്നു. 1099 വൃശ്ചികമാസത്തില്‍ അനിഴം നക്ഷത്രത്തിലാണ് സ്വാമികളുടെ ജനനം. അമ്മയോടൊപ്പം ഏകാദശി നാളിലും മറ്റും സാധനാനുഷ്ഠാനത്തോടു കൂടി കഴിയുവാനുള്ള പൂര്‍വ്വപുണ്യസുകൃതം ആ ബാലന് – കുമാരനുണ്ടായി. രാമന്‍ വെളുമ്പിയമ്മ ദമ്പതിമാര്‍ക്കുണ്ടായ അഞ്ചുമക്കളില്‍ ഏറ്റവും ഇളയതായിരുന്നു കുമാരന്‍. പതിനഞ്ചാം വയസ്സില്‍ കെട്ടുംകെട്ടി ശബരിമല ദര്‍ശനം നടത്തുവാന്‍ കുമാരന് അവസരം ലഭിച്ചു. തുടര്‍ന്നു പല വര്‍ഷങ്ങളില്‍ മലയ്ക്ക് പോയി ഒരാത്മീയ സംസ്‌കാരം അദ്ദേഹം അന്തരാത്മാവില്‍ നിറച്ചു എന്നു പറയാം. ഭക്തിയോടൊപ്പം കുടുംബത്തിലെ ജോലികളെല്ലാം അനുഷ്ഠിക്കുന്നതില്‍ കുമാരന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. വീട്ടിലെ പുരയിടത്തില്‍ സ്വന്തമായി കൃഷിചെയ്ത് ലഭിച്ച ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തില്‍ കൊണ്ടുപോയി വില്‍ക്കുന്നതിലും ആ വഴി കുടുംബ കാര്യങ്ങള്‍ നടത്തുന്നതിലും ആ യുവാവ് അതീവ ശ്രദ്ധാലുവായിരുന്നു. ഒരു വലിയ കുടുംബത്തില്‍ ജനിച്ച് യൗവനകാലത്ത് തന്നെ കുടുംബ ഭാരം തലയിലേറ്റിയ കുമാരന് ആത്മാഭിമുഖമായ അഭിവാഞ്ചയും ആഭിമുഖ്യവും ഉണ്ടായിരുന്നു. ഈശ്വരാനുഗ്രഹത്താല്‍ ഇപ്രകാരം ധന്യമിയന്ന ഒരു കുടുംബത്തില്‍ വന്നു പിറന്ന് ജീവിതത്തിന്റെ പരമ ലക്ഷ്യമായ മോക്ഷത്തെ പ്രാപിക്കുവാന്‍ ഉള്ള മുമുക്ഷുത്വവും ആ യുവാവിനുണ്ടായി.
നേരത്തെ പറഞ്ഞ മൂന്നുകാര്യങ്ങളില്‍ ഒന്നായ മഹാപുരുഷസംസര്‍ഗ്ഗവും അദ്ദേഹത്തിന് സംലബ്ധമായി. 24-ാമത്തെ വയസ്സില്‍ അദ്ദേഹം ശിവഗിരിമഠത്തിലെത്തി. അവിടെ അഭയവും ആശ്വാസവും കുമാരന് കൈവന്നു. ഭഗവാന്‍ ശ്രീനാരായണഗുരുദേവന്റെ നേര്‍ശിഷ്യന്മാരുടെ സഹവാസവും അവരില്‍ നിന്നും ആത്മീയോപദേശവും നേടുവാന്‍ അദ്ദേഹത്തിന് അനുഗ്രഹവും ഭാഗ്യവുമുണ്ടായി. ഗുരുദേവശിഷ്യന്മാരായ ദിവ്യശ്രീ ശങ്കരാനന്ദസ്വാമികള്‍ മഠാധിപതിയും ദിവ്യശ്രീ ശ്രീനാരായണതീര്‍ത്ഥര്‍ സ്വാമികള്‍ സെക്രട്ടറിയുമായി ശ്രീനാരായണ ധര്‍മ്മസംഘമെന്ന സന്ന്യാസി സംഘം ശിവഗിരിഭരണം നയിക്കുന്ന കാലമായിരുന്നു അത്. മാത്രമല്ല ദിവ്യശ്രീ മാമ്പലം വിദ്യാനന്ദസ്വാമികള്‍, പണ്ഡിത ജഗദീശ്വരാനന്ദസ്വാമികള്‍, ഗുരുപ്രസാദ് സ്വാമികള്‍, ആത്മാനന്ദസ്വാമികള്‍, കേശവന്‍ വേദാന്തി തുടങ്ങിയ ഗുരുദേവന്റെ നേര്‍ശിഷ്യന്മാരുടെ അനുഗ്രഹവും ഉപദേശവും ആ യുവാവിന് സംലബ്ധമായി.
ശിവഗിരിമഠത്തിലെ പര്‍ണ്ണശാലയില്‍ വെച്ച് ആശ്രമത്തിലെ ബ്രഹ്മചാരികള്‍ക്കും അന്തേവാസികള്‍ക്കുമായി ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികള്‍ വിദ്യാനന്ദസ്വാമികള്‍, പണ്ഡിത ജഗദീശ്വരാനന്ദസ്വാമികള്‍, ഗീതാനന്ദസ്വാമികള്‍ തുടങ്ങിയ സന്ന്യാസിവര്യന്മാര്‍ ആധ്യാത്മിക ക്ലാസ്സുകള്‍ നയിക്കുമായിരുന്നു. കുമാരന് ആധ്യാത്മികമായ ശിക്ഷണം ലഭ്യമായത് അങ്ങിനെയാണ്. ഇപ്രകാരം മഹാപുരുഷ സംശ്രയം നേടിയ കുമാരന്‍ ഗുരുനാഥന്മാരായ സന്ന്യാസിവര്യന്മാരുടെ അനുഗ്രഹവും അനുവാദവും ആര്‍ജ്ജിച്ച് സന്ന്യാസപാരമ്പര്യമനുസരിച്ച് ഭാരതപര്യടനം നടത്തി. കന്യാകുമാരിയില്‍ നിന്നും കാല്‍നടയായി ഹിമാലയം വരെയും തുടര്‍ന്ന് നേപ്പാള്‍, ഇന്ന് പാകിസ്ഥാനായും ബംഗ്ലാദേശായും മാറിയ പ്രദേശങ്ങള്‍ തുടങ്ങി ഭാരതത്തിലെ പുണ്യധാമങ്ങളിലെല്ലാം അവധൂതനെപ്പോലെ കുമാരഭക്തന്‍ സഞ്ചരിച്ചു. ഈ സഞ്ചാരം കുമാരനില്‍ അത്ഭുതകരമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. അന്ന് ഭാരതത്തില്‍ സന്നിധാനം ചെയ്തിരുന്ന ആധ്യാത്മികാചാര്യന്മാരെയൊക്കെ കാണുവാനും അവരില്‍ നിന്നും ആത്മീയോപദേശങ്ങള്‍ നേടുവാനും സുകൃതിയായ കുമാരന് സാധിച്ചു. അത് അദ്ദേഹത്തില്‍ ചൈതന്യവും ഊര്‍ജ്ജവും പകര്‍ന്നുവെന്നു പറയാം. ഇപ്രകാരം ഏതാണ്ട് രണ്ടുവര്‍ഷക്കാലം അവധൂതവൃത്തിയെ നയിച്ച കുമാരന്‍ തികഞ്ഞ ആത്മസാധകനും ആത്മനിഷ്ഠനുമായി ശിവഗിരി മഠത്തില്‍ മടങ്ങിയെത്തി.
കുമാരന്‍ ശിവഗിരിയില്‍ എത്തുമ്പോള്‍ സന്ന്യാസി സംഘം ശ്രീനാരായണ ധര്‍മ്മസംഘവും ദിവ്യശ്രീ ശങ്കരാനന്ദസ്വാമികള്‍ മഠാധിപതിയും ശ്രീനാരായണതീര്‍ത്ഥ സ്വാമികള്‍ ധര്‍മ്മസംഘം സെക്രട്ടറിയുമായിരുന്നു. ആശ്രമസേവനവും വടക്കേ ഇന്ത്യന്‍ പര്യടനവും കഴിഞ്ഞ് അദ്ദേഹം തിരികെ എത്തുമ്പോള്‍ ധര്‍മ്മസംഘം ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രൂപം പ്രാപിച്ച് കഴിഞ്ഞിരുന്നു. മഠാധിപതിയുടെ ചുമതലകള്‍ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡില്‍ നിക്ഷിപ്തമായി. ധര്‍മ്മസംഘം ആയിരിക്കുമ്പോള്‍ മഠാധിപതി സ്വേച്ഛയാ തീരുമാനമെടുത്ത് നടപ്പിലാക്കുകയായിരുന്നു പതിവ്. ട്രസ്റ്റ് ആയി കഴിഞ്ഞപ്പോള്‍ ജനാധിപത്യ രീതിയിലായി ഭരണവ്യവസ്ഥകള്‍. സന്ന്യാസം സ്വീകരിക്കണമെന്ന് അഭിലാഷം ഉണ്ടായിരുന്ന കുമാരന് ദീക്ഷ നല്‍കുവാനുള്ള ഐകകണ്ഠമായ തീരുമാനം ധര്‍മ്മസംഘം ട്രസ്റ്റ് കൈക്കൊണ്ടു. ഇതിനകം കുമാരന്റെ ജ്യേഷ്ഠന്‍ അനുജനെ അന്വേഷിച്ച് ശിവഗിരിയില്‍ എത്തിയിരുന്നു. കുമാരന്റെ സ്‌നേഹനിധിയായ മാതാവിന് മകനെ കാണുവാനുള്ള കലശലായ ആഗ്രഹം ജ്യേഷ്ഠന്‍ അനുജനെ ധരിപ്പിച്ചു. സന്ന്യാസി സര്‍വ്വസംഗപരിത്യാഗിയാണ്. തന്റേതായി സങ്കല്‍പ്പിക്കപ്പെടുന്നതെല്ലാം ഉപേക്ഷിക്കണം. താനെന്നും തന്റേതെന്നും ഉള്ള സങ്കല്‍പ്പമാണ് മനുഷ്യജീവിതം. മുഴുവന്‍ ലൗകിക ജീവിത വികാരങ്ങളും വിചാരങ്ങളും പ്രവൃത്തികളും ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.
സന്ന്യാസം വരിച്ചു കഴിഞ്ഞാല്‍ പിന്നെയുള്ള സങ്കല്‍പ്പം ഇതാണ്:
മാതാ ച പാര്‍വ്വതീ ദേവീ
പിതാ ദേവോ മഹേശ്വര
ബാന്ധവ: ശിവ ഭക്താ ശ്ച
സ്വദേശോ ഭുവനത്രയം.
സന്ന്യാസിയുടെ മാതാവ് പാര്‍വ്വതി ദേവീയാണ്. പിതാവാകട്ടെ സാക്ഷാല്‍ മഹേശ്വരനും. ബന്ധുക്കള്‍ ശിവഭക്തന്മാരാണ്. ദേശമെന്ന് പറയുന്നത് ഭുവനത്രയവും. ഈ അവസ്ഥാ വിശേഷത്തിലേക്ക് ഉത്തമനായ സന്ന്യാസി ആനയിക്കപ്പെടുന്നു.
കുമാരന് സന്ന്യാസ ദീക്ഷ നല്‍കണമെന്ന് ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡില്‍ തീരുമാനമായപ്പോള്‍ അത് സ്വീകരിക്കുന്നതിനു മുമ്പ് ജ്യേഷ്ഠന്‍ വഴി അമ്മ അറിയിച്ച ആഗ്രഹ പ്രകാരം കുമാരന്‍ സ്വഭവനത്തില്‍ എത്തി മാതാവിനെ കണ്ടു. സമ്പൂര്‍ണ്ണമായും ശിവഗിരി മഠത്തില്‍ ഒരു ത്യാഗിയായി ചേര്‍ന്ന് ഇനിയുള്ള തന്റെ ഭാവി ജീവിതം മുഴുവന്‍ ശിവഗിരിയില്‍ തന്നെ സമര്‍പ്പിക്കുവാനുള്ള തന്റെ ഉല്‍ക്കടമായ അഭിനിവേശം മാതാവിനെ അറിയിച്ചു. മഹാഭക്തയായിരുന്ന വെളുമ്പിയമ്മ സന്തോഷപൂര്‍വ്വം സമ്മതിച്ചു. മകനെ അനുഗ്രഹിച്ച് സന്തുഷ്ടനാക്കി. തുടര്‍ന്ന് വീണ്ടും ശിവഗിരിയില്‍ ഗുരുദേവന്റെ പാദാന്തികത്തില്‍ എത്തിയ കുമാരന്‍ അന്നത്തെ ശിവഗിരി മഠാധിപതിയായിരുന്ന ദിവ്യശ്രീ ശങ്കരാനന്ദ സ്വാമികളില്‍ നിന്നും സന്ന്യാസ ദീക്ഷ സ്വീകരിച്ചു. കുമാരനില്‍ തെളിഞ്ഞു കണ്ട ഗുരുഭക്തിയും പ്രകാശം കൊണ്ട് തെളിഞ്ഞ ജീവിതചര്യയും കണ്ടുകൊണ്ടാകണം ‘പ്രകാശാനന്ദ’ എന്ന ദീക്ഷാനാമം അദ്ദേഹത്തിന് ലഭ്യമായത്. അത് വിധിയുടെ നിശ്ചയം തന്നെയാകണം. അതോടു കൂടി ശ്രീമദ് പ്രകാശാനന്ദസ്വാമികള്‍ മനസ്സാ പ്രതിജ്ഞ ചെയ്തു.
ത്വമേവ മാതാ ച പിതാ ത്വ മേവ
ത്വമേവ ബന്ധുശ്ച സഖാത്വമേവ
ത്വമേവ വിദ്യാ ദ്രവിണം ത്വമേവ
ത്വമേവ സര്‍വ്വം, മമ ദേവ ദേവ.
ശ്രീനാരായണ ശിഷ്യ പരമ്പരയിലെ ഒരു സന്ന്യാസിയുടെ മാതാവും പിതാവും സാക്ഷാല്‍ ഗുരുദേവന്‍ തന്നെ. അതുപോലെ ബന്ധുവും ഇഷ്ടജനങ്ങളും വിദ്യയും സമ്പത്തും മാത്രമല്ല സര്‍വ്വവും അല്ലയോ ഗുരുദേവ അവിടുന്ന് തന്നെയാണ് എന്ന ആത്മപ്രതിജ്ഞയാണ് സ്വീകരിക്കുന്നത്. പ്രകാശാനന്ദസ്വാമികള്‍ ബ്രഹ്മചാരിയായി ശിവഗിരിയില്‍ എത്തിയതോടെ ഈ സങ്കല്‍പ്പത്തെ സ്വീകരിച്ചു കഴിഞ്ഞിരുന്നു. സത്യദര്‍ശിയാകുന്നതിനായി വിവിദിഷാ സന്ന്യാസ സമ്പ്രദായ പാരമ്പര്യത്തില്‍ അദ്ദേഹവും നിലീനനായി.
1960 കളില്‍ പ്രകാശാനന്ദസ്വാമികള്‍ ശ്രീനാരായണ ധര്‍മ്മസംഘത്തില്‍ അംഗമായി ചേര്‍ന്നു. അന്ന് ധര്‍മ്മസംഘം ട്രസ്റ്റിന്റെ പ്രസിഡന്റ് ബ്രഹ്മശ്രീ കുമാരാനന്ദസ്വാമികളും ജനറല്‍ സെക്രട്ടറി ബ്രഹ്മശ്രീ ശ്രീനാരായണതീര്‍ത്ഥ സ്വാമികളും ആയിരുന്നു. ഗുരുദേവന്റെ അവതാരഭൂമിയായ ചെമ്പഴന്തിയിലും അവതാര കൃത്യനിര്‍വ്വഹണത്തിന് നാന്ദികുറിച്ച അരുവിപ്പുറത്തും ആ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കായി പ്രകാശാനന്ദ സ്വാമികള്‍ മികച്ച സേവനമാണ് കാഴ്ചവച്ചത്. തുടര്‍ന്ന് ഗുരുദേവന്‍ ദക്ഷിണ പളനിയാകും എന്നു വിശേഷിപ്പിച്ച കോവളത്തിനടുത്ത് മുട്ടയ്ക്കാട് കുന്നുംപാറ ക്ഷേത്രത്തിന്റേയും ശ്രീനാരായണ മഠത്തിന്റേയും ചുമതലകളില്‍ അവിടുത്തെ കാര്യദര്‍ശിയായി പ്രകാശാനന്ദസ്വാമികള്‍ നിയുക്തനായി. പ്രകൃതി രമണീയത്വം വഴിഞ്ഞൊഴുകുന്ന ആരേയും ആകര്‍ഷിക്കുന്ന ആശ്രമമാണ് ഇവിടെ ഗുരുദേവന്‍ സ്ഥാപിച്ചത്. ആശ്രമത്തിലെ പാറപ്പരപ്പില്‍ നിന്ന് നോക്കിയാല്‍ അതിവിശാലമായ കടല്‍പരപ്പ് തെളിഞ്ഞു കാണാം. സൂര്യോദയവും സൂര്യാസ്തമനവും ഇവിടെ നിന്നാല്‍ ദര്‍ശിക്കുന്നതുപോലെ മറ്റൊരിടത്തും കാണില്ല എന്നതാണനുഭവം. പ്രാത-സായം സന്ധ്യകളിലെ ഉദയാസ്തമനങ്ങള്‍ ദര്‍ശിക്കുവാനും കണ്‍കണ്ട ദൈവമായ സുബ്രഹ്മണ്യഭഗവാനേയും ശ്രീനാരായണഗുരുദേവനേയും ദര്‍ശിച്ചനുഗ്രഹം നേടാനും ധാരാളം ഭക്തജനങ്ങള്‍ ഇവിടെ തടിച്ചു കൂടാറുണ്ട്. കൊച്ചു കുട്ടി വൈദ്യര്‍ എന്ന മഹാനുഭാവന്‍ ഗുരുദേവന് ദാനം ചെയ്ത 22 ഏക്കര്‍ സ്ഥലത്താണ് ഈ പുണ്യാശ്രമം നിലകൊള്ളുന്നത്. 1960 മുതല്‍ 1995 വരെയുള്ള കാലയളവില്‍ കുന്നുംപാറ ക്ഷേത്രവും ആശ്രമവും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുവാനുള്ള അനുഗ്രഹം പ്രകാശാനന്ദ സ്വാമിയില്‍ വന്നു ചേര്‍ന്നു.
1968 ജനുവരി ഒന്നിനാണല്ലോ ശിവഗിരി മഹാസമാധി മന്ദിരത്തിലെ പ്രതിഷ്ഠാകര്‍മ്മം. ദിവ്യശ്രീ ശങ്കരാനന്ദ സ്വാമികളാണ് അത് നിര്‍വ്വഹിച്ചത്. അവിടെ പ്രതിഷ്ഠിക്കുവാനുള്ള ഗുരുദേവ വിഗ്രഹം കാശിയില്‍ നിന്നും കേരളത്തില്‍ എത്തിച്ചത് ബ്രഹ്മശ്രീ ഗീതാനന്ദ സ്വാമികളായിരുന്നു. ഒരു ഗുരുദേവ ഭക്തനായ എം.പി. മൂത്തേടത്ത് ലക്ഷോപലക്ഷം രൂപ ചെലവ് ചെയ്ത് ഗുരുദക്ഷിണയായി സമര്‍പ്പിച്ചതാണ് മഹാസമാധി മന്ദിരം. ഗുരുദേവന്റെ മാര്‍ബിള്‍ വിഗ്രഹം – കാശിയില്‍ നിന്നും കൊണ്ടുവന്നത് – ഷൊര്‍ണ്ണൂരിലെ എം.പി. മൂത്തേടത്തിന്റെ ഭവനത്തില്‍ നിന്ന് വലിയ ഘോഷയാത്രയായി ശിവഗിരിയിലേക്ക് ആനയിക്കുമ്പോള്‍ ആ രഥത്തില്‍ പ്രകാശാനന്ദസ്വാമികള്‍ ഉണ്ടായിരുന്നു. ശിവഗിരി മഹാസമാധി മന്ദിരത്തിലെ പ്രതിമ പ്രതിഷ്ഠാ മഹോത്സവത്തില്‍ പങ്കെടുത്ത സുകൃതികളായ സന്ന്യാസി വര്യന്മാരില്‍ അവസാനത്തെ കണ്ണിയാണ് പ്രകാശാനന്ദസ്വാമികളുടെ നിര്‍വ്വാണത്തോടെ ശ്രീനാരായണ പ്രസ്ഥാനത്തിന് നഷ്ടമായത്.
1970-ല്‍ സ്വാമികള്‍ ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായി അവരോധിതനായി. അന്ന് ധര്‍മ്മസംഘം പ്രസിഡന്റായിരുന്നത് ഭരണകാര്യങ്ങളില്‍ നിപുണനും സമര്‍ത്ഥനുമായിരുന്ന ബ്രഹ്മശ്രീ നിജാനന്ദസ്വാമികളായിരുന്നു. അതിനാല്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതലകള്‍ വളരെ ഭംഗിയായും കൃതകൃത്യതയോടുകൂടിയും നിര്‍വ്വഹിക്കാന്‍ സ്വാമികള്‍ക്കു സാധിച്ചു. 1972ല്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ചരിത്രഗ്രന്ഥം ഒരു റിപ്പോര്‍ട്ട് ബുക്കായി പ്രകാശനം ചെയ്തു. ഈ ഗ്രന്ഥം തയ്യാറാക്കിയത് സ്വാമികള്‍ ജനറല്‍ സെക്രട്ടറിയായുള്ള ഭരണസമിതിയുടെ മഹത്തായ ഒരു സംഭാവനയാണ്. 1975-ല്‍ പ്രകാശാനന്ദസ്വാമികളിലെ ക്ഷാത്രവീര്യം തെളിഞ്ഞു പ്രകാശിച്ച ഒരു സംഭവം അരങ്ങേറി. ശിവഗിരി മഠം കോബൗണ്ടിനുള്ളില്‍ കൂടി ഒരു റോഡ് മഠത്തിനുവെളിയിലുള്ള ശാരദാഗിരി എന്ന വനിതാസമാജത്തിന്റെ സമീപത്തു കൂടി പോകുന്നുണ്ടായിരുന്നു. ഈ റോഡിലൂടെ സാധാരണക്കാര്‍ മത്സ്യമാംസാദികള്‍ വാങ്ങിക്കൊണ്ടു പോകുന്നത് മഠത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഈ റോഡ് കെട്ടിയടക്കുവാന്‍ ധര്‍മ്മസംഘം ഭരണസമിതി തീരുമാനമെടുത്തു. എന്നാല്‍ ധര്‍മ്മസംഘത്തിന്റെ പ്രസിഡന്റായിരുന്ന നിജാനന്ദസ്വാമികള്‍ക്ക് ഈ തീരുമാനത്തോട് യോജിക്കുവാന്‍ സാധിച്ചില്ല. ധര്‍മ്മ സംഘം ഭരണസമിതിയിലെ ഒന്‍പതു അംഗങ്ങളില്‍ പ്രസിഡന്റ് മാത്രം ഒരു ഭാഗത്തും ബാക്കി അംഗങ്ങള്‍ മറുഭാഗത്തും. അന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ ഈ വഴിപ്രശ്‌നം വലിയ കോളിളക്കം സൃഷ്ടിച്ചു. പത്രാധിപര്‍ കെ.സുകുമാരന്‍, പ്രൊഫ. ബാലരാമപ്പണിക്കര്‍, എസ്. എന്‍.ഡി.പി. യോഗ നേതാക്കന്മാര്‍ തുടങ്ങി വലിയൊരു സംഘം നേതാക്കന്മാര്‍ പ്രസിഡന്റ് നിജാനന്ദസ്വാമികളുടെ പിന്നില്‍ അണിനിരന്ന് കേരളകൗമുദി തുടങ്ങിയ പത്രപംക്തികളിലായി വലിയ വാദപ്രതിവാദങ്ങള്‍ നടന്നു. ഈ സമയത്ത് ജനറല്‍ സെക്രട്ടറി പ്രകാശാനന്ദസ്വാമികള്‍ നിശ്ചയദാര്‍ഢ്യത്തോടുകൂടി നിന്നു. പ്രശ്‌നം അന്നത്തെ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെട്ടു. അന്നത്തെ ആഭ്യന്തര മന്ത്രി വേണ്ട സഹായ സഹകരണങ്ങള്‍ പ്രകാശാനന്ദ സ്വാമിക്കും മറ്റും നല്‍കി. കെട്ടിയ മതില്‍ രാത്രിയില്‍ സാമൂഹിക വിരുദ്ധര്‍ പൊളിക്കും. അവസാനം ആഭ്യന്തര മന്ത്രി കെ.കരുണാകരന്‍ പോലീസ് സംഘത്തെ അയച്ച് രാപ്പകല്‍ അവരുടെ സാന്നിദ്ധ്യത്തില്‍ മതില്‍ കെട്ടിത്തീര്‍ത്തു. പ്രസിഡന്റ് നിജാനന്ദസ്വാമി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ബ്രഹ്മശ്രീ ബ്രഹ്മാനന്ദസ്വാമികള്‍ ധര്‍മ്മ സംഘ അദ്ധ്യക്ഷനായി.
1977-78 ശ്രീനാരായണഗുരുദേവന്റെ 50-ാമത് മഹാസമാധി പ്രമാണിച്ച് അന്തര്‍ദ്ദേശീയ ശ്രീനാരായണവര്‍ഷാചരണം സംഘടിപ്പിക്കപ്പെട്ടു. അതിന്റെ പ്രസിഡന്റ് ബ്രഹ്മാനന്ദസ്വാമികളും ജനറല്‍ സെക്രട്ടറി പ്രകാശാനന്ദസ്വാമികളും ആയിരുന്നു. കേരളത്തില്‍ വ്യാപകമായും ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലും ലോകത്ത് വിവിധ ഭാഗങ്ങളിലും ആഘോഷ പരിപാടികള്‍ ഉണ്ടായിരുന്നു. ഗുരുദേവനെ കുറിച്ച് ഇന്നോളം ഉണ്ടായിട്ടുള്ള ഗ്രന്ഥങ്ങളില്‍ ഏറ്റവും മഹത്തരമെന്ന് വിശേഷിപ്പിക്കാവുന്ന ‘ശ്രീനാരായണ യുഗപ്രഭാവം’ എന്ന വിശിഷ്ട ഗ്രന്ഥം, ഗുരുദേവ കൃതികളുടെ ഗ്രാമഫോണ്‍ റെക്കാര്‍ഡ് (സംഗീതം-ദക്ഷിണാമൂര്‍ത്തി, ഗായിക-കവിയൂര്‍ രേവമ്മ), ശ്രീനാരായണാല്‍ബം, പഞ്ചദശി വ്യാഖ്യാനം തുടങ്ങി നിരവധി ഗ്രന്ഥങ്ങളും ഗുരുദേവനെക്കുറിച്ചുള്ള ലഘുലേഖകളും അച്ചടിച്ച് വ്യാപകമായി ഗുരുദേവ സന്ദേശം പ്രചരിപ്പിക്കപ്പെട്ടു. ഇക്കാര്യങ്ങളുടെ നിര്‍വ്വഹണത്തില്‍ പ്രസിഡന്റ് ബ്രഹ്മാനന്ദസ്വാമികളോടൊപ്പം പ്രകാശാനന്ദസ്വാമികളും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.
1970 മുതല്‍ 1979 വരെ പ്രകാശാനന്ദസ്വാമികള്‍ ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറിയായി സേവ ചെയ്തിരുന്നു. ഗുരുദേവന്റെ മഹാസങ്കല്‍പ്പമായ മതമഹാപാഠശാല-ബ്രഹ്മവിദ്യാലയം ആരംഭിക്കുന്നത് സ്വാമികള്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കാലയളവിലാണ്. 1970 ഡിസംബര്‍ 31-ാം തീയതി ശിവഗിരിയിലെ അവസാനത്തെ മഠാധിപതി ദിവ്യ ശ്രീ ശങ്കരാനന്ദസ്വാമികള്‍ ഉദ്ഘാടനം ചെയ്തു. 1971 ജനുവരി 28ന് നവയുഗത്തിന്റെ നവവേദം എന്ന് മഹാപണ്ഡിതന്മാര്‍ വിലയിരുത്തുന്ന ആത്മോപദേശ ശതകത്തിലെ ആദ്യ മന്ത്രം പ്രഥമ മുഖ്യാചാര്യനായ എം.എച്ച്. ശാസ്ത്രിസാറിന് മഠാധിപതി ഉപദേശിച്ച് കൊടുക്കുകയും ആചാര്യന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുകൊണ്ട് ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. തമിഴ് ബ്രാഹ്മണ വംശത്തില്‍ ജനിച്ച എം. ഹരിഹര ശാസ്ത്രികളുടെ പൂര്‍വ്വിക കുടുംബത്തെ ഒരു അത്യാപത്തില്‍ നിന്നും രക്ഷിച്ചത് ഗുരുദേവനായിരുന്നു. അതിന്റെ കൃതജ്ഞതയും ഗുരുദക്ഷിണയും എന്ന നിലയിലാണ് എം.എച്ച്. ശാസ്ത്രിസാര്‍ മുഖ്യാചാര്യനായി സേവനം ചെയ്തത്. ബ്രഹ്മവിദ്യാലയത്തിലെ ഏഴു വര്‍ഷ കോഴ്‌സില്‍ സംസ്‌കൃത കോളേജിലെ എം.എ വരെയുള്ള വിഷയങ്ങളും ഉപനിഷദ്, ഭഗവദ്ഗീത, ബ്രഹ്മസൂത്രം – പ്രസ്ഥാനത്രയം ശ്രീശങ്കരഭാഷ്യത്തോടുകൂടി, വിവേകചൂഢാമണി തുടങ്ങിയ ശ്രീ ശങ്കരകൃതികള്‍, പഞ്ചദശി തുടങ്ങിയ വേദാന്തകൃതികള്‍, ഷഡ്ദര്‍ശനങ്ങള്‍, ഹിന്ദുമതം, ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവ അടങ്ങിയതാണ് വിദ്യാലയത്തിലെ പാഠ്യപദ്ധതി. ഇന്ന് ശ്രീനാരായണ ശിഷ്യ പരമ്പരയിലുള്ള മിക്കവാറും എല്ലാ സന്ന്യാസിമാരും ഈ ബ്രഹ്മവിദ്യാലയത്തില്‍ അധ്യയനം ചെയ്ത് സന്ന്യസിച്ചവരാണ്. ഗുരുദേവന്റെ ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നായ ഈ ബ്രഹ്മവിദ്യാലയത്തിന്റെ പ്രാരംഭ ജനറല്‍ സെക്രട്ടറിയായി വിരാജിക്കുവാന്‍ പ്രകാശാനന്ദ സ്വാമികള്‍ക്ക് അവസരമുണ്ടായല്ലോ. തീര്‍ച്ചയായും അത് ഒരു ഗുരുനിയോഗം തന്നെയാണ്.
1979-ല്‍ പ്രകാശാനന്ദസ്വാമി ധര്‍മ്മസംഘത്തിന്റെ ഭരണസ്ഥാനം ഒഴിഞ്ഞ് തപോനിഷ്ഠമായ ജീവിതത്തിലേക്ക് മടങ്ങി. 1983 മുതല്‍ ഏതാണ്ട് 9 വര്‍ഷക്കാലം സ്വാമികള്‍ മഹാമൗനവ്രതത്തിലായിരുന്നു. ഒരു വ്യക്തിക്ക് ഇക്കാലത്ത് ഏതാനും മണിക്കൂറുകള്‍ പോലും സംസാരിക്കാതിരിക്കാന്‍ സാധിക്കില്ല. എന്നാല്‍ 9 വര്‍ഷക്കാലം ഒരാള്‍ തികഞ്ഞ മൗനവ്രതം അനുഷ്ഠിക്കുക എന്നത് കഠിനമായ ഒരു തപശ്ചര്യയാണ്. പ്രകാശാനന്ദസ്വാമികളുടെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ അദ്ധ്യാത്മസാധനകളില്‍ ഒന്നായിരുന്നു ഈ മൗനവ്രതാനുഷ്ഠാനം. പില്‍ക്കാലത്ത് ഭാരതത്തിനകത്തും പുറത്തും സ്വാമികള്‍ക്കു ലഭിച്ച ആദ്ധ്യാത്മികമായ ആരാധനയ്ക്ക് അടിസ്ഥാനപരമായ തത്വമായി തീര്‍ന്നത് ഈ തപശ്ചര്യ കൂടിയാണ് എന്നു പറയാം.
1990-കളില്‍ ധര്‍മ്മ സംഘത്തിന്റെ ഭരണപരമായ കാര്യങ്ങളിലും നടത്തിപ്പിലും പല പല വീഴ്ചകളും വന്നതായി പ്രകാശാനന്ദസ്വാമികള്‍ക്ക് അനുഭവപ്പെട്ടു. അതില്‍ നിന്നും മോചനം നേടി സന്ന്യാസസംഘത്തെ ധാര്‍മ്മികമായ പന്ഥാവിലേക്ക് നയിക്കണമെന്ന് സ്വാമികള്‍ ആഗ്രഹിക്കുകയും അതിനായി ആത്മപ്രതിജ്ഞ ചെയ്യുകയും ഉണ്ടായി. ആയിടയ്ക്ക് രൂപീകൃതമായ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡില്‍ പ്രകാശാനന്ദസ്വാമിയും അംഗമായി. അക്കാലത്ത് കുഴഞ്ഞുമറിഞ്ഞ ശിവഗിരി പ്രശ്‌നങ്ങള്‍ ഇവിടെ എഴുതുവാന്‍ തുനിയുന്നില്ല. പ്രസിഡന്റായിരുന്ന ശാശ്വതീകാനന്ദസ്വാമികള്‍ ശിവഗിരി സംരക്ഷണാര്‍ത്ഥം അബ്ദുള്‍ നാസര്‍ മദനിയെയും മറ്റും ശിവഗിരിയില്‍ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചതും ശാശ്വതീകാനന്ദ സ്വാമികള്‍ ഭരണത്തില്‍ നിന്നും വിട്ടൊഴിയാന്‍ തയ്യാറാകാതിരുന്നതും ശിവഗിരിയില്‍ പോലീസിന്റെ അനിവാര്യത പോലും സൃഷ്ടിക്കപ്പെട്ടതും സുവിദിതമാകയാല്‍ ഇവിടെ കുറിക്കുന്നില്ല. ശിവഗിരിമഠത്തെ ഗുരുവിന്റെ പാതയില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ പ്രകാശാനന്ദ സ്വാമികള്‍ ഒരു സമരമുറ തന്നെ സ്വീകരിച്ചു. അവസാനം സുപ്രീം കോടതിയുടെ വിധി പ്രസ്താവനയെത്തുടര്‍ന്ന് ശിവഗിരിയില്‍ പുതിയ തിരഞ്ഞെടുപ്പു നടക്കുകയും 1995ല്‍ പ്രകാശാനന്ദസ്വാമികള്‍ പ്രസിഡന്റായി അവരോധിതനാകുകയും ചെയ്തു. ശ്രീമദ് അമേയാനന്ദ സ്വാമികളായിരുന്നു ജനറല്‍ സെക്രട്ടറി. ശ്രീമദ് അമൃതാനന്ദസ്വാമികള്‍ ഖജാന്‍ജിയും. എന്നാല്‍ ഈ ഭരണസമിതിക്കു തുടരാനായില്ല. 1997ല്‍ നായനാര്‍ ഗവണ്‍മെന്റ് ശിവഗിരി മഠവും അനുബന്ധസ്ഥാപനങ്ങളും ഏറ്റെടുത്ത് മഠത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാക്കി.
പ്രകാശാനന്ദസ്വാമികള്‍ ഈ അനീതിയ്‌ക്കെതിരെ പ്രതികരിക്കുകയും കേരളമൊട്ടാകെ പദയാത്രയും രഥയാത്രയും നടത്തി പ്രതിഷേധിക്കുകയുമുണ്ടായി. ഈ സമയത്ത് സ്വാമിയുടെ വീര്യവും ധാര്‍മ്മികരോഷവും ഒന്നു കാണേണ്ടതുതന്നെയായിരുന്നു. അനീതിയ്‌ക്കെതിരായി അണിചേരുവാന്‍ സ്വാമികള്‍ ആഹ്വാനം ചെയ്തു. പ്രൊഫ. എം.കെ.സാനു, ഡോ.ടി.രവീന്ദ്രന്‍, തോട്ടം രാജശേഖരന്‍ തുടങ്ങി ഒരുസംഘം ഗുരുഭക്തര്‍ ശിവഗിരി സമന്വയവേദി എന്ന പേരില്‍ മുന്നോട്ടു വന്നു. കുമ്മനം രാജശേഖരന്‍, വിശ്വന്‍പാപ്പ എന്നു വിളിയ്ക്കപ്പെടുന്ന വിശ്വനാഥന്‍ തുടങ്ങി മറ്റൊരു സംഘം സംഘപ്രവര്‍ത്തകരും കഞ്ഞയന്നൂര്‍ എസ്.എന്‍.ഡിപി യൂണിയനിലെ പി.പി. രാജന്‍ ക്യാപ്റ്റനായും അഡ്വ.പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ സഹകാരികളായുമുള്ള സംഘവും പ്രകാശാനന്ദ സ്വാമികളോടൊപ്പം ചേര്‍ന്നു. മേല്‍പറഞ്ഞ ആയിരങ്ങള്‍ ഗുരുധര്‍മ്മം പരിപാലിക്കുവാനായി നാടെങ്ങും സഞ്ചരിച്ചു പ്രസംഗിച്ചും പത്രപംക്തികളില്‍ ലേഖനങ്ങള്‍ എഴുതിയും ലഘുലേഖകള്‍ അച്ചടിച്ചു പ്രസാധനം ചെയ്തും ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചു. പ്രകാശാനന്ദസ്വാമികള്‍ സെക്രട്ടറിയേറ്റു പടിക്കല്‍ 31 ദിവസം ഉപവാസമനുഷ്ഠിച്ചു. മഹാത്മാഗാന്ധിക്കുപോലും 21 ദിവസത്തെ ഉപവാസമെടുക്കാനേ സാധിച്ചിട്ടുള്ളൂ. അപ്പോള്‍ ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ശാരീരിക അസ്വസ്ഥകള്‍ ഒന്നുമില്ലാതെയുള്ള സ്വാമികളുടെ മുപ്പത്തിയൊന്നു ദിവസത്തെ ഉപവാസം ഒരു ചരിത്രസംഭവമാണ്. അവസാനം പ്രകാശാനന്ദസ്വാമികളുടെ വ്രതാനുഷ്ഠാനവും തപസ്സും ഫലം കണ്ടു.
ധര്‍മ്മത്തിനേ വിജയം ഉണ്ടാകൂ എന്ന് തെളിയിക്കപ്പെട്ടു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി നടന്ന കേസുകളില്‍ പ്രകാശാനന്ദസ്വാമിക്ക് അനുകൂലമായി ധര്‍മ്മാനുസാരിയായ വിധി ഉണ്ടായി. അതുപ്രകാരം നടന്ന തിരഞ്ഞെടുപ്പില്‍ ബ്രഹ്മശ്രീ പ്രകാശാനന്ദസ്വാമികള്‍ പ്രസിഡന്റായ ഭരണസമിതി ശിവഗിരിയിലുണ്ടായി. തുടര്‍ന്ന് 2016 വരെ 10 വര്‍ഷക്കാലവും 1995-97 വരെയുള്ള രണ്ടുവര്‍ഷക്കാലവും 1995-97 വരെയുള്ള രണ്ടു വര്‍ഷവും കൂടി കൂടുമ്പോള്‍ ഏതാണ്ട് 12 വര്‍ഷക്കാലം ധര്‍മ്മസംഘത്തിന്റെ അധ്യക്ഷനായി പ്രശോഭിതനാകുവാന്‍ സ്വാമികള്‍ക്കു സാധിച്ചു. ഈ കാലയളവില്‍ നിരവധി മഹാമഹങ്ങള്‍ നടത്തുന്നതിന് നേതൃത്വപരമായ സംഭാവനകള്‍ ചെയ്യുവാന്‍ സ്വാമികള്‍ക്ക് സാധിച്ചു. 2007-08 വര്‍ഷത്തില്‍ ശിവഗിരി തീര്‍ത്ഥാടന പ്ലാറ്റിനം ജൂബിലിയാഘോഷം, 2011-12 വര്‍ഷങ്ങളില്‍ ശാരദാപ്രതിഷ്ഠയുടെ ശതാബ്ദിയാഘോഷം, 2014ല്‍ ദൈവദശകത്തിന്റെ രചനാ ശതാബ്ദിയാഘോഷം എന്നീ പരിപാടികളില്‍ അധ്യക്ഷനായിരുന്നുകൊണ്ട് നേതൃത്വപരമായ കാര്യങ്ങള്‍ നിര്‍വ്വഹിച്ചു. ഒരു വര്‍ഷം നീണ്ടുനിന്ന ഈ ഓരോ പരിപാടികളുടേയും സംഘാടക സെക്രട്ടറിയായി സേവനം ചെയ്യുവാന്‍ ഗുരുദേവ കാരുണ്യത്താല്‍ ഇതെഴുതുന്ന സച്ചിദാനന്ദ സ്വാമിക്കാണ് നിയോഗം ഉണ്ടായത്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു മഹാസംഭവമാണല്ലോ ആലുവയില്‍ നടന്ന സര്‍വ്വമതമഹാസമ്മേളനം. അതിന്റെ ചുവടു പിടിച്ചുകൊണ്ട് തീര്‍ത്ഥാടന പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 2007 ഡിസംബര്‍ മാസം 7,8 തീയതികളില്‍ ദല്‍ഹിയിലെ വിജ്ഞാന്‍ഭവന്‍ ഹാളില്‍ വച്ച് നടന്ന ലോകമത പാര്‍ലമെന്റ് ഗുരുദേവ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു മഹാസംഭവമായി മാറി. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ഗുരുധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഏറ്റവും മഹനീയമായ പരിപാടി എന്ന് വിലയിരുത്തപ്പെടുന്ന ഈ മതമഹാ പാര്‍ലമെന്റിന്റെ അധ്യക്ഷന്‍ പ്രകാശാനന്ദസ്വാമിയും സെക്രട്ടറി സച്ചിദാനന്ദസ്വാമിയും ജോ.സെക്രട്ടറി ഗുരുപ്രസാദ് സ്വാമിയും കമ്മറ്റി ചെയര്‍മാന്‍ ദല്‍ഹി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സിലര്‍ സി. മാണിജേക്കബും ആയിരുന്നു.
അതുപോലെ സ്വാമിജി പ്രസിഡന്റായി ഇരിക്കവെ നിരവധി വിശിഷ്ട വ്യക്തികള്‍ ശിവഗിരിയില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്തു. മാതാ അമൃതാനന്ദമയി, ശ്രീശ്രീ രവിശങ്കര്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, സ്വാമി അഗ്നിവേശ്, ശ്രീ.എം, എല്‍.കെ.അദ്വാനി, സോണിയാഗാന്ധി, അബ്ദുള്‍ കലാം, ദലൈലാമ, ലാലുപ്രസാദ് യാദവ്, മായാവതി, രാംവിലാസ് പാസ്വാന്‍, അമിത് ഷാ, ഡോ.പി.സി. അലക്‌സാണ്ടര്‍ തുടങ്ങി നിരവധി വ്യക്തികള്‍ ശിവഗിരിയില്‍ നടന്ന പരിപാടികളെ സമ്പുഷ്ടമാക്കി. വര്‍ക്കല റെയില്‍വേ സ്റ്റേഷന്റെ പേര് വര്‍ക്കല ശിവഗിരി എന്ന് ലാലുപ്രസാദ് യാദവ് പ്രഖ്യാപനം ചെയ്തു. ശിവഗിരിയിലും ശാഖാസ്ഥാപനങ്ങളിലും നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടന്നു. അതെല്ലാം സ്ഥലപരിമിതിമൂലം ഇവിടെ കുറിക്കുന്നില്ല. 2007 സപ്തംബര്‍ 23ന് നടന്ന യതിപൂജയില്‍ നൂറ് കണക്കിന് സന്ന്യാസിമാര്‍ പങ്കെടുത്തിരുന്നു. അതുപോലെ ദൈവദശക ശതാബ്ദിയാഘോഷ വേളയില്‍ പത്ത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പേപ്പറില്‍ രചന നിര്‍വ്വഹിച്ചതും (ബാബു റാമിന്റെ സംഭാവന) രചനാശതാബ്ദിയുടെ സമാപനവേളയില്‍ 2014 ഡിസംബര്‍ 30ന് വൈകുന്നേരം 6.30 മുതല്‍ 6.40 വരെ ചാനലുകളുടെ സഹായത്തോടെ ലോകമെമ്പാടുമുള്ള ഗുരുഭക്തന്മാര്‍ ഈ ലേഖകന്‍ ചൊല്ലിക്കൊടുത്ത ദൈവദശകം ഏറ്റ് ചൊല്ലിയതും ചരിത്ര സംഭവങ്ങളായി മാറി.
കേരളത്തിലെ സന്ന്യാസിമാരുടെ കൂട്ടായ്മയെ സ്വാമികള്‍ വലുതായി കണ്ടിരുന്നു. മുഴുവന്‍ സന്ന്യാസിമാരുടേയും കൂട്ടായ്മയുടേയും രക്ഷാധികാരിയായിരുന്നു അദ്ദേഹം. അതുപോലെ മാതാ അമൃതാനന്ദമയി മഠത്തിനെതിരായി ചില ഛിദ്രശക്തികള്‍ പ്രവര്‍ത്തിച്ചപ്പോള്‍ കൊച്ചിയില്‍ നടന്ന സന്ന്യാസിമാരുടെ പ്രതിഷേധ സമ്മേളനത്തില്‍ സ്വാമി പങ്കെടുത്ത് സംസാരിച്ചതും ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. തപസ്സിലൂടെ സ്വാമികള്‍ ആര്‍ജ്ജിച്ച ചൈതന്യവിശേഷവും ശക്തിയും കൊണ്ട് ഏത് വിധ പ്രതിരോധത്തെയും അതിവര്‍ത്തിക്കുവാന്‍ പ്രകാശാനന്ദസ്വാമിക്ക് സാധിച്ചിരുന്നു. അതുപോലെ ശിവഗിരി ദര്‍ശിക്കുവാനെത്തുന്ന ആയിരക്കണക്കിനാളുകള്‍ക്ക് സ്വാമിയുടെ കയ്യില്‍ നിന്നും ഒരു നുള്ള് പ്രസാദം സ്വീകരിക്കുന്നത് നിര്‍വൃതി ജനകമായിരുന്നു.
ഈ ലേഖകന്‍ 1992-ല്‍ ആരംഭിച്ച ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞത്തിന് പ്രകാശാനന്ദസ്വാമികള്‍ കലവറയില്ലാത്ത പിന്‍തുണ നല്‍കി. സ്വാമികള്‍ നിരവധി ധ്യാനവേദികളില്‍ പങ്കെടുത്ത് ഭക്തജനങ്ങളെ അനുഗ്രഹിച്ചിരുന്നു. ഒരു വേള ധ്യാനത്തില്‍ (മാരൂര്‍ ധ്യാനം – അടൂര്‍) നാലു ദിവസവും പങ്കെടുത്തതിനുശേഷം ”ശിവഗിരി തീര്‍ത്ഥാടനത്തിന് സച്ചിദാനന്ദസ്വാമിയുടെ മൂന്നു ദിവസത്തെ ധ്യാനം മതിയാകും” എന്ന് പ്രകാശാനന്ദസ്വാമികള്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ വികാരഭരിതനായി സംസാരിച്ചതും ഈ ലേഖകന്‍ ഓര്‍ക്കുകയാണ്.
സ്വാമികള്‍ വലിയ പ്രഭാഷകനോ ഗ്രന്ഥകാരനോ സംഘാടകനോ ആയിരുന്നില്ല. എന്നാല്‍ അടിയുറച്ച ഗുരുഭക്തികൊണ്ടും ധ്യാനാത്മകമായ ജീവിതചര്യകൊണ്ടും തപോനിഷ്ഠമായ ചര്യകള്‍കൊണ്ടും ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. വളരെ ചിന്തിച്ച് പറയുകയും പറയുന്നതുപോലെ പ്രവര്‍ത്തിക്കുകയും തീരുമാനം കൈക്കൊണ്ട കാര്യങ്ങളില്‍ ഏതു പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ഉറച്ചു നില്‍ക്കുകയും ചെയ്യുന്നത് സ്വാമികളുടെ സ്വഭാവവിശേഷങ്ങള്‍ ആയിരുന്നു. ‘മനസ്സേകം വചസ്സേകം കര്‍മ്മണ്യേകം മഹാത്മനാ’ മഹത്തുക്കളുടെ വാക്കും വിചാരവും പ്രവൃത്തിയും ഒന്നായിരിക്കും. അതായിരുന്നു പ്രകാശാനന്ദസ്വാമികള്‍. ശ്രീനാരായണദര്‍ശനത്തെ ഭാരതീയമായ പശ്ചാത്തലത്തില്‍ കാണുകയും അതനുസരിച്ച് ജീവിതം നയിക്കുകയും ചെയ്ത യതിശ്രേഷ്ഠനായിരുന്നു പ്രകാശാനന്ദസ്വാമികള്‍. ശിവഗിരി മഠത്തിന്റെ ചരിത്രത്തില്‍ മങ്ങാതെ മറയാതെ പല നാഴികക്കല്ലുകളും സ്വാമികള്‍ സൃഷ്ടിച്ചു. അത് ആ ജീവിതത്തെ ശ്രീനാരായണപ്രസ്ഥാനത്തിന്റെയും ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്റേയും ചരിത്രത്തോട് തുന്നിച്ചേര്‍ക്കപ്പെടുകയുമായിരുന്നു.
97-ാം വയസ്സിലും സ്വാമികള്‍ ഊര്‍ജ്ജസ്വലനായിരുന്നു. സര്‍വ്വസാധാരണമായ രോഗങ്ങളൊന്നും അദ്ദേഹത്തെ സ്പര്‍ശിച്ചില്ല. 2021 ജൂലായ് മാസം 7-ാം തീയതി രാവിലെ പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് പ്രഭാത ഭക്ഷണം ആഹരിച്ചതിനു ശേഷം സ്വാമികള്‍ വിശ്രമം കൈകൊണ്ടു. 8.30നുശേഷം ശ്വാസതടസ്സം ഉണ്ടാകുന്നതായി സ്വാമികള്‍ വെളിപ്പെടുത്തി. ശിവഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും രണ്ടുവര്‍ഷമായി ആശുപത്രിയില്‍ തന്നെ വിശ്രമിച്ചിരുന്ന സ്വാമികളെ അപ്പോഴും വന്ന് പരിശോധിച്ചു. സ്വാമികളുടെ നാഡിമിടിപ്പ് കുറഞ്ഞു വരുന്നതായി അനുഭവപ്പെട്ടു. ഒന്‍പതു മണിയോടെ ബ്രഹ്മശ്രീ പ്രകാശാനന്ദസ്വാമികള്‍ ബ്രഹ്മലീനനായി. ലോകം മുഴുവന്‍ ആ മഹാത്മാവിന്റെ സ്മരണയ്ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും മന്ത്രിമാരും സാംസ്‌കാരിക നായകന്മാരും സ്വാമികളുടെ പരമ നിര്‍വ്വാണത്തില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചു.
ഓം ശാന്തി ശാന്തി ശാന്തി.
( ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറിയാണ് ലേഖകന്‍)