ടീച്ചര്‍ തലേദിവസം പഠിപ്പിച്ച പാഠഭാഗം ഒരോരുത്തരെക്കൊണ്ടും വായിപ്പിക്കുമ്പോഴും കണ്ണന്റെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി. കുറച്ചുദിവസം കഴിഞ്ഞാല്‍ കറുമ്പിയുടെ പാലുകൊണ്ട് മോരും തൈരും ഉണ്ടാക്കുമെന്ന് അമ്മ പറഞ്ഞതാണ് അവന്‍ ഓര്‍ത്തത്.
കറുമ്പിയുടെ കുട്ടിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ എത്രയും പെട്ടെന്ന് നാലുമണി ആയാല്‍ മതിയെന്ന് അവന്‍ ആഗ്രഹിച്ചു.
സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതും തട്ടൂടിയില്‍ സ്ലേറ്റും പുസ്തകവും വച്ച് വേഗം കറുമ്പിയുടെ അടുത്തേ ക്കാണ് കണ്ണന്‍ പോയത്. അച്ഛന്‍ പഴംകുമ്പളയ്ങ്ങ രണ്ടായി മുറിച്ച് തേങ്ങ ചിരകുന്നതുപോലെ ചിരകിക്കൊണ്ട് വരാന്തയിലിരി ക്കുന്നത് അവന്‍ ശ്രദ്ധിച്ചു. അച്ഛന്‍ കറുമ്പിക്ക് ചില മരുന്ന് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.
കറുമ്പിയുടെ കുട്ടി അപ്പോഴും പാലുകുടിച്ചുകൊണ്ട് നില്‍ക്കുന്ന താണ് കണ്ണന്‍ കണ്ടത്. മകളെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്നതു പോലെ കറുമ്പി കുട്ടിയെ നക്കിക്കൊണ്ടു നില്‍ക്കുന്നത് അല്പസമയം നോക്കിനിന്നു. എപ്പോഴും പാലുകുടിക്കണമെന്ന ചിന്ത മാത്രമാണ് കുട്ടിക്ക് ഉള്ളതെന്ന് അവന് തോന്നി. കറുമ്പിക്ക് കണ്ണന്‍ കളിയിലില്‍ കിടന്ന കുറച്ച് പുല്ല്, പുല്ലുകൂട്ടിലേയ്ക്ക് ഇട്ടുകൊടുത്തു.
”കണ്ണാ കറുമ്പിക്ക് പുല്ല് കൊടു ക്കല്ലേ. രണ്ടുമൂന്നു ദിവസത്തേക്ക് പുല്ല് കൊടുക്കാന്‍ പാടില്ല.” അച്ഛന്‍ വിളിച്ചു പറഞ്ഞു.
പ്രസവിച്ചു കഴിഞ്ഞാല്‍ മനുഷ്യര്‍ക്കെന്നപോലെ വളര്‍ത്തുമൃഗങ്ങള്‍ക്കും പ്രസവ രക്ഷയ്ക്കായി മരുന്നുകള്‍ കൊടുക്കുമെന്ന് അച്ഛന്‍ പറഞ്ഞത് കണ്ണന്‍ ഓര്‍ത്തു. ഇട്ടുകൊടുത്ത പുല്ല് തിരിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും വേണ്ട കണ്ണാ, എന്നു പറയുന്നതുപോലെ കറുമ്പി തലയിളക്കി. അച്ഛന്‍ കണ്ടാല്‍ ചീത്ത പറയും എന്നുറപ്പാണ്. അച്ഛന്‍ കാണുന്നതിനുമുമ്പ് കറുമ്പി വേഗത്തില്‍ പുല്ലു തിന്നുന്നതു പോലെ കണ്ണന് തോന്നി.
”കണ്ണാ..” അമ്മ അടുക്കളയില്‍നിന്ന് നീട്ടിവിളിച്ചു.
അവന്‍ കളപ്പുരയില്‍നിന്നും അടുക്കളയിലേയ്‌ക്കോടി. കണ്ണനെ ത്തുമ്പോഴേയ്ക്കും ചേച്ചി ചക്ക കഴിച്ച് പാത്രം കാലിയാക്കി കൈ കഴുകി കഴിഞ്ഞിരുന്നു.
”ചക്ക വേവിച്ചതും ചമ്മന്തിയും കണ്ണനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്ര നേരമായി.” അടുക്കളയി ലേയ്ക്കു കയറിയപ്പോള്‍ അമ്മ പറഞ്ഞു.
ചക്കയോ, ചീനിയോ സ്‌കൂള്‍ വിട്ടുവന്നാല്‍ കഴിക്കാനുണ്ടാവും. തേങ്ങയും പച്ചമുളകും ചെറിയ ഉള്ളിയും മഞ്ഞളും ഒക്കെ ചേര്‍ത്ത് വേവിച്ച് ഉടച്ചെടുത്ത ചക്ക ചമ്മന്തി കൂട്ടി കഴിക്കാന്‍ നല്ല രുചിയാണ്. ചമ്മന്തി ഇല്ലെങ്കില്‍ ആറേഴുതുള്ളി വെളിച്ചെണ്ണ വേവിച്ച് ഉടച്ച ചക്കയിലേക്ക് അമ്മ ഇറ്റിച്ചു തരും. പ്ലേറ്റില്‍ വിളമ്പിവച്ച ചക്കയുമെടുത്ത് കണ്ണന്‍ അടുക്കളയ്ക്ക് പുറത്തേക്കിറങ്ങി.
”നിന്റെ പ്ലേറ്റ്, നീ തന്നെ കഴുകണം.” വൈകി വന്നതിലുള്ള ദേഷ്യത്തോടെ ചേച്ചി പറഞ്ഞു. കണ്ണന്റെ പ്ലേറ്റ് സാധാരണ ചേച്ചിയാണ് കഴുകുന്നത്.
”അമ്മേ കണ്ണന്‍ കൈ കഴുകാതെ…” ചേച്ചി വിളിച്ചു പറഞ്ഞു.
കൈ കഴുകാതെ ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് അറിയാ മെങ്കിലും കൈ കഴുകുന്ന കാര്യം കണ്ണന്‍ മറന്നുപോയി. അത് അമ്മയെ അറിയിച്ചതിന് ചേച്ചിയോടുള്ള ദേഷ്യം അവന്‍ ഗോഷ്ടി കാണിച്ച് പ്രകടിപ്പിച്ചു. കലത്തിലെ വെള്ളത്തില്‍ കയ്യിട്ട് കൈ കഴുകിയപ്പോഴാണ് അങ്ങനെ കഴുകരുതെന്ന് അമ്മ പറഞ്ഞിട്ടുള്ള കാര്യം അവന്‍ ഓര്‍ത്തത്. പശുക്കുട്ടിയുടെ അടുത്തേയ്ക്കു പോകാനുള്ള തിടുക്കത്തില്‍ ചക്ക വേവിച്ചത് ചമ്മന്തികൂട്ടി വേഗത്തില്‍ കഴിച്ച് കണ്ണന്‍ കളപ്പുരയിലേയ്‌ക്കോ ടി. കണ്ണന്‍ കൊടുത്ത പുല്ല് അപ്പോഴേയ്ക്കും കറുമ്പി തിന്നു കഴിഞ്ഞിരുന്നു. അത് തിന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പം കറുമ്പിക്ക് ഉണ്ടാവുമോ എന്ന് കണ്ണന്‍ ഭയന്നു.
(തുടരും)