ഞാനിപ്പോള്‍ കവിടങ്ങാനത്തേക്കുള്ള ഒരു യാത്രയിലാണ്. സുഹൃത്ത് വെള്ളിങ്കിരിയാണ് എന്നോട് ഈ സ്ഥലത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത്. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് കവിടങ്ങാനമാണ്. ഏകദേശം നാല് വര്‍ഷം മുമ്പായിരുന്നു അത്.
നീയൊന്ന് കവിടങ്ങാനത്തേക്ക് വന്നുനോക്ക് വെള്ളിങ്കിരി അവസാനമായി കണ്ടപ്പോള്‍ എന്നോട് പറഞ്ഞു. കറുപ്പുടുക്കാത്ത റോഡുകളില്‍ പച്ചപ്പുല്ലുകള്‍ കാല്‍മെത്ത തീര്‍ക്കുന്നു, പുല്ലുകളില്‍ വിരിഞ്ഞ മഞ്ഞുകണങ്ങള്‍ കാല്‍വിരലുകളിലേക്ക് അരിച്ചുകയറുമ്പോള്‍ തലയുടെ ഉച്ചിയിലേക്ക് വരെ തണുപ്പിന്റെ സ്പര്‍ശനം നുഴഞ്ഞ് കയറും, പുളിമരങ്ങളുടെ ഇടയിലെ പുല്‍മെത്തയിലൂടെ എത്ര നടന്നാലും ക്ഷീണം തോന്നില്ല–അവന്റെ കവിടങ്ങാനം വിശേഷങ്ങള്‍ അങ്ങനെ നീണ്ടുപോയി. എരുമകളും പശുക്കളും ആടുകളും കോഴികളും മനുഷ്യരോടൊപ്പം സസുഖം വാഴുന്ന നാട്, കടകളോ സര്‍ക്കാര്‍ ഓഫീസുകളോ ഒന്നും തന്നെ കവിടങ്ങാനത്ത് ഇല്ലത്രേ. അത്യാവശ്യം കുറച്ച് വീടുകളും താമസക്കാരും മാത്രം.
മേട്ടുപ്പാളയത്തെ ഫോറസ്ട്രി കോളേജില്‍ വെച്ചാണ് ഞാന്‍ വെള്ളിങ്കിരിയെ ആദ്യമായി പരിചയപ്പെടുന്നത്. കാലില്‍ ചെരിപ്പിടാത്ത, മുണ്ടും ഷര്‍ട്ടും മാത്രം ധരിക്കുന്ന വെള്ളിങ്കിരി പക്ഷെ, മനസ്സുകൊണ്ട് തികഞ്ഞ മനുഷ്യനാണെന്ന് ആദ്യത്തെ ദിവസം തന്നെ എനിക്ക് ബോധ്യമായി. ഒരു ജോലി ആഗ്രഹിച്ചല്ല ഫോറസ്ട്രി പഠിക്കാനെത്തിയതെന്നും ശാസ്ത്രീയമായി കാടുകളെയും ജീവജാലങ്ങളേയും സംരക്ഷിക്കേണ്ടതെങ്ങിനെ എന്നു പഠിക്കലാണ് തന്റെ ലക്ഷ്യമെന്നും അയാള്‍ പറഞ്ഞപ്പോള്‍ ആള് വട്ടനാണോ എന്നാണ് സംശയിച്ചത്. കാമ്പസിന് പുറത്ത് ഒരു കടയോട് ചേര്‍ന്ന ചെറിയ മുറിയിലായിരുന്നു വെള്ളിങ്കിരിയുടെ താമസം. നിലത്തുവിരിച്ച പായയിലാണ് കിടപ്പ്. പഠിക്കാന്‍ ഒരു ചെറിയ മേശയും കസേരയും. രാവിലെ സ്റ്റൗവില്‍ സ്വയം പാചകം ചെയ്യുന്ന കഞ്ഞി മാത്രമാണ് ഭക്ഷണം. ഉപ്പിട്ട പച്ചരിക്കഞ്ഞി മൂന്നുനേരവും കഴിക്കും. തൊട്ടുകൂട്ടാന്‍ പലപ്പോഴും പച്ചമുളകും ഉള്ളിയും മാത്രം. പുതുക്കോട്ട ജില്ലയിലെ ചിന്നവീരമംഗലമാണ് നാട്. സ്വന്തമായി ഭൂമിയില്ലാത്ത കാര്‍ഷിക കുടുംബമാണെന്നാണ് വെള്ളിങ്കിരി പറഞ്ഞത്. ക്ലാസില്‍ എന്റെ തൊട്ടടുത്തായിട്ടാണ് വെള്ളിങ്കിരി ഇരിക്കാറുള്ളത്. ക്ലാസുകളില്‍ തികഞ്ഞ ശ്രദ്ധയോടെ ചെവികൂര്‍പ്പിക്കുന്ന വെള്ളിങ്കിരിക്ക് നോട്ടെഴുതുന്ന ശീലമേ ഉണ്ടായിരുന്നില്ല. തമിഴ്‌നാട്ടുകാരായ സഹപാഠികള്‍ അവഗണിച്ച വെള്ളിങ്കിരിയുമായി ഞാന്‍ അടുത്തു. പലപ്പോഴും എന്നോട് മാത്രമാണ് അവന്‍ മനസ്സു തുറന്നത്.
ഇവിടെ പഠിപ്പിക്കുന്നതൊന്നുമല്ല യഥാര്‍ത്ഥ പ്രകൃതി പാഠമെന്ന നിലപാടിലായിരുന്നു അവന്‍. ഫോറസ്ട്രി മേഖലയില്‍ ഉന്നത ഉദ്യോഗം നേടാനും ഐ എഫ് എസ് തുടങ്ങിയ സിവില്‍ സര്‍വീസ് തസ്തികകള്‍ മുന്നില്‍ കണ്ടും ഇവിടെ നടത്തുന്ന പഠനം കാടിന്റെ സംരക്ഷണത്തിനല്ലെന്നാണ് വെള്ളിങ്കിരിയുടെ നിലപാട്. അധ്യാപകരുമായും സഹപാഠികളുമായും വെള്ളിങ്കിരി അക്കാദമിക് നിലപാടിന്റെ പേരില്‍ പലപ്പോഴും കലഹിച്ചു. കോളേജില്‍ ചേര്‍ന്ന് ആദ്യത്തെ സെമസ്റ്ററില്‍ വെള്ളിങ്കിരി തന്നെയാണ് പഠനത്തില്‍ മികച്ചു നിന്നത്. പക്ഷെ, മൂന്നാമത്തെ സെമസ്റ്റര്‍ തീര്‍ന്ന ദിവസം വെള്ളിങ്കിരി പതിവില്ലാതെ എന്നെ തിരക്കി ഹോസ്റ്റലിലെത്തി. കയ്യില്‍ ഒരു കോറത്തുണിയുടെ സഞ്ചിമാത്രം. നാട്ടിലേക്ക് പോകുകയാണെന്നും വന്നിട്ട് കാണാമെന്നും മാത്രം പറഞ്ഞു. എന്നാല്‍ പിന്നീട് വെള്ളിങ്കിരി കോളേജിലേക്ക് വന്നില്ല. ഫോറസ്ട്രിയില്‍ എം എസ് സി കോഴ്‌സ് പൂര്‍ത്തിയാക്കി ഞാന്‍ മേട്ടുപ്പാളയം വിടുമ്പോഴേക്കും വെള്ളിങ്കിരിയെ പൂര്‍ണമായും മറന്നുകഴിഞ്ഞിരുന്നു.
ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ സയന്റിസ്റ്റായിരിക്കെയാണ് നാല് വര്‍ഷം മുമ്പ് വെള്ളിങ്കിരിയെ വീണ്ടും കണ്ടത്. ജന്‍മനാട്ടിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു മരം റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റുന്നത് സംരക്ഷിക്കാനുള്ള സഹായാഭ്യര്‍ത്ഥനയുമായാണ് വരവ്. അക്കാദമിക് കാര്യങ്ങളെ പുച്ഛിച്ച് പഠനം ഇടക്ക് നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ സ്വയം കാര്യങ്ങള്‍ തിരിച്ചറിയാമായിരുന്നില്ലേ എന്ന എന്റെ ചോദ്യത്തെ ശാസ്ത്രത്തിന്റെ നേട്ടം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന വാദവുമായാണ് വെള്ളിങ്കിരി നേരിട്ടത്. മരം അതുപോലെ സുരക്ഷിതമായി മാറ്റി നട്ടുതരാമെന്ന എന്റെ വാഗ്ദാനത്തെ കൈകൂപ്പി സ്വീകരിച്ചാണ് അയാളന്ന് പോയത്. പോകുന്നതിന് മുമ്പേ ഒരു ചായക്ക് ക്ഷണിച്ചപ്പോള്‍ സ്‌നേഹപൂര്‍വ്വം നിരസിച്ച വെള്ളിങ്കിരി താനിപ്പോള്‍ കവിടങ്ങാനം എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ താമസിക്കുകയാണെന്നും ഒരിക്കല്‍ നിര്‍ബന്ധമായും വരണമെന്നും, വന്നാല്‍ തിരിച്ചുപോകാന്‍ കഴിയാത്ത വിധത്തില്‍ സന്ദര്‍ശകരെ വശീകരിക്കുന്ന സുന്ദരിയാണ് കവിടങ്ങാനമെന്നും പറഞ്ഞു. ഏതായാലും കവിടങ്ങാനത്തേക്കുള്ള വഴിയും മേല്‍വിലാസവും ഞാന്‍ ഡയറിയില്‍ കുറിച്ചിട്ടു. പിന്നീട് വെള്ളിങ്കിരിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. നാലു വര്‍ഷം കഴിഞ്ഞ് ഒരു ദുര്‍ഗാഷ്ടമി അവധിയില്‍ പഴയ പത്രക്കടലാസുകളും പുസ്തകങ്ങളും പൊടിതട്ടിയെടുക്കുന്നതിനിടയിലാണ് ഡയറിയില്‍ വെള്ളിങ്കിരിയുടെ വിലാസം കണ്ടത്. ഇനി മൂന്ന് ദിവസം അവധി ബാക്കികിടപ്പുണ്ട്. കുട്ടികളും ഭാര്യയുമൊക്കെ പൂജാ അവധിക്ക് നാട്ടിലേക്ക് പോയിരിക്കുകയുമാണ്. എന്തുകൊണ്ട് കവിടങ്ങാനത്ത് പോയിക്കൂടാ– മനസ്സ് ചോദ്യമെറിഞ്ഞു. പൊതുവെ വിരസമായ ഈ അവധിദിനങ്ങള്‍ അങ്ങനെ കവിടങ്ങാനത്ത് ചെലവഴിക്കാന്‍ തീരുമാനിച്ചു. യാത്രയില്‍ അധികം ലഗേജുകള്‍ കരുതുന്ന പതിവ് എനിക്കില്ല. രണ്ട് ജോഡി ഡ്രസുകള്‍ മാത്രം കരുതി.
തിരുച്ചിറപ്പള്ളിയിലേക്കുള്ള യാത്രക്കിടയില്‍ വെള്ളിങ്കിരി പറഞ്ഞ കവിടങ്ങാനം വിശേഷങ്ങള്‍ മാത്രമായിരുന്നു മനസ്സില്‍. വളരെ നാളുകള്‍ക്ക് ശേഷം ഔദ്യോഗികമായ കാര്യങ്ങളൊക്കെ മറന്ന് ഞാന്‍ കവിടങ്ങാനം കാഴ്ച്ചകള്‍ സ്വപ്‌നം കണ്ട് പതുക്കെ മയങ്ങി. ഏതാണ്ട് പുലര്‍ച്ചയോടെയാണ് തിരുച്ചിറപ്പള്ളി നഗരത്തിലെത്തിയത്. തമിഴ്‌നാട്ടിലെ മൂന്നാമത്തെ വലിയ നഗരമായ തിരുച്ചിയിലെ പ്രശസ്തമായ റോക്ക് ടെമ്പിള്‍ നഗരഹൃദയത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നു. ബസ്റ്റാന്റിലെ വിശ്രമമുറിയില്‍ നിന്ന് മുഖം കഴുകി അടുത്ത കടയില്‍ നിന്നും കടുപ്പത്തിലൊരു ചായയും കുടിച്ച് നേരെ പുതുക്കോട്ടയിലേക്കുള്ള ബസില്‍ കയറി. പെട്ടെന്നു തന്നെ കവിടങ്ങാനത്ത് എത്തണമെന്ന ചിന്ത മാത്രമേ അപ്പോള്‍ മനസ്സിലുണ്ടായിരുന്നുള്ളൂ. തിരുച്ചിയില്‍ നിന്നും പുതുക്കോട്ടയിലേക്ക് ഏതാണ്ട് ഒരു മണിക്കൂര്‍ മാത്രമേയുള്ളൂവെന്ന് കണ്ടക്ടര്‍ പറഞ്ഞു. നഗരത്തിലെ വലിയ കെട്ടിടങ്ങളുടെ ബഹളങ്ങളില്‍ നിന്നും ബസ് ഗ്രാമങ്ങളിലൂടെയും ചെറുപട്ടണങ്ങളിലൂടെയും പുതുക്കോട്ടയിലേക്ക് അതിദ്രുതം പാഞ്ഞുകൊണ്ടിരുന്നു. പുലര്‍ച്ചെ ആറിന് തന്നെ ബസ് പുതുക്കോട്ടയിലെത്തി. തമിഴ്‌നാട്ടിലെ പലഭാഗത്തും സഞ്ചരിച്ചിട്ടുണ്ടെങ്കിലും പുതുക്കോട്ടയില്‍ ഞാന്‍ ആദ്യമായാണ്. പുരാതന തമിഴ്‌നഗരമായ പുതുക്കോട്ടയുടെ വായിച്ചറിഞ്ഞ പഴയ പ്രൗഢി ഏതാണ്ട് അതുപോലെ തന്നെ നിലനിര്‍ത്തപ്പെട്ടിട്ടുണ്ട്. ബസ്റ്റാന്റിലെ എന്‍ക്വയറി കൗണ്ടറില്‍ ഇരിക്കുന്നത് വലിയ കപ്പടാമീശയുള്ള ഒരു തടിയനാണ്. വായില്‍ മുറുക്കാന്‍ കുത്തിനിറച്ച അയാള്‍ക്ക് മുന്നില്‍ മൂന്നുനാലുപേര്‍ അന്വേഷണ വിവരം തേടി നില്‍ക്കുന്നുണ്ട്. കവിടങ്ങാനത്തേക്കുള്ള ബസിന്റെ വിവരം തിരക്കിയപ്പോള്‍ അയാള്‍ സംശയദൃഷ്ടിയോടെ എന്നെ നോക്കി. കവിടങ്ങാനമോ, അറിയില്ലല്ലോ എന്നായിരുന്നു തുടര്‍ന്നുള്ള മറുപടി. ഞാന്‍ വല്ലാത്ത ആശങ്കയിലായി, വെള്ളിങ്കിരി എഴുതി തന്ന മേല്‍വിലാസം കുറിച്ച കടലാസ് പേഴ്‌സില്‍ നിന്നെടുത്ത് അയാള്‍ക്ക് നേരെ നീട്ടി. അറിയില്ലെന്നു തന്നെയായിരുന്നു മറുപടി. പോലീസ് സഹായ കേന്ദ്രത്തിലേക്കും ബസ്റ്റാന്റിലെ കടകളിലേക്കും യാത്രക്കാരിലേക്കും എന്റെ അന്വേഷണങ്ങള്‍ നീണ്ടുവെങ്കിലും ആര്‍ക്കും കവിടങ്ങാനത്തേക്കുറിച്ച് ഒന്നുമറിയില്ലെന്ന് മറുപടി.
ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ വെള്ളിങ്കിരിയുടെ നാടായ ചിന്നവീരമംഗലത്തേക്ക് പോകാന്‍ തീരുമാനിച്ചു. അവിടെ എവിടേയോ ആയിരിക്കാം ഈ കവിടങ്ങാനം. പുതുക്കോട്ടയില്‍ നിന്നും ഒരു മണിക്കൂറിലേറെ യാത്രചെയ്യണം ചിന്നവീരമംഗലത്തേക്ക്. ബസ് തനി തമിഴ്‌നാടന്‍ ഗ്രാമങ്ങളിലുടെ അധികം വേഗതയില്ലാതെ സഞ്ചരിക്കുകയാണ്. കണ്ണെത്താദൂരത്തോളം കൃഷിഭൂമിയാണ്, നെല്ലും ചോളവും റോഡിനിരുവശവും പച്ചപ്പട്ടുവിരിച്ചിരിക്കുന്നു. മനസ്സില്‍ വീണ്ടും കവിടങ്ങാനത്തെ കാഴ്ച്ചകളുടെ സ്വപ്‌നലോകം വിരിഞ്ഞുതുടങ്ങി. ഏഴരയോടെ ചിന്നവീരമംഗലം ഗ്രാമത്തില്‍ ഞാന്‍ ബസിറങ്ങി. ആദ്യം കണ്ട ചെറിയ ചായക്കടയിലേക്ക് തന്നെ കയറി. ഒരു ചായ ഓര്‍ഡര്‍ ചെയ്തശേഷം അടുത്തുനിന്ന് എന്നെ നോക്കിക്കൊണ്ടിരുന്ന വയോധികനോട് വെള്ളിങ്കിരിയെക്കുറിച്ച് തിരക്കി. ഏത് വെള്ളിങ്കിരിയെയാണ് കാണേണ്ടത്-ഇവിടെ വെള്ളിങ്കിരിമാര്‍ ഒരുപാടുണ്ടെന്നായിരുന്നു മറുപടി. അപ്പോഴാണ് വെള്ളിങ്കിരിയെക്കുറിച്ച് എനിക്കുള്ള അറിവ് പേരിനപ്പുറത്തേക്ക് നീണ്ടിട്ടില്ല എന്ന സത്യം ഞാന്‍ തിരിച്ചറിയുന്നത്. ഫോറസ്ട്രി കോളേജില്‍ പഠിച്ച വെള്ളിങ്കിരിയെന്ന് പറഞ്ഞപ്പോള്‍ ഫോറസ്ട്രി കോളേജെന്താണെന്നുപോലും ആര്‍ക്കുമറിയില്ല. നാട്ടുകാരില്‍ പലരും പരസ്പരം വെള്ളിങ്കിരിയെ അന്വേഷിച്ചുകൊണ്ടിരുന്നു. പതിനാറ് വെള്ളിങ്കിരിമാര്‍ ഇതിനിടയില്‍ സ്ഥലത്ത് ഹാജരായി. അവരിലാരും ഞാന്‍ അന്വേഷിക്കുന്ന വെള്ളിങ്കിരി ആയിരുന്നില്ലെന്ന് മാത്രം. മനസ്സ് ആകെ അസ്വസ്ഥമാകുകയാണ്, രാത്രിമുഴുവന്‍ ബസില്‍ യാത്രചെയ്തതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഒന്ന് കുളിക്കണം, അല്‍പനേരം കിടക്കണം. പക്ഷെ, വെള്ളിങ്കിരിയെ കണ്ടെത്താതെ എന്തുചെയ്യും. ഇവിടെ എവിടെയെങ്കിലും കവിടങ്ങാനം എന്ന സ്ഥലമുണ്ടോ എന്നായി എന്റെ അടുത്ത അന്വേഷണം. പക്ഷെ, എന്നെ ഞെട്ടിച്ചുകൊണ്ട് അതിനും ഉത്തരം ലഭിച്ചു. അവര്‍ക്കാര്‍ക്കും കവിടങ്ങാനത്തേക്കുറിച്ചറിയില്ല. ഞാന്‍ വിയര്‍ത്തു കുളിച്ചു നില്‍ക്കുകയാണ്, വെള്ളിങ്കിരി എന്തിനാണ് ഇല്ലാക്കഥകള്‍ പറഞ്ഞ് എന്നെ പറ്റിച്ചതെന്ന് എത്രയാലോചിച്ചിട്ടും മനസ്സിലായില്ല. വിശ്രമിക്കാന്‍ ഒരു മുറികിട്ടാന്‍ അരന്താങ്ങിയിലേക്ക് പോകണമെന്ന് നാട്ടുകാര്‍ പറഞ്ഞതുപ്രകാരം അടുത്ത ബസില്‍ അരന്താങ്ങിയിലെത്തി. താലൂക്ക് ആസ്ഥാനമായ അരന്താങ്ങി സാമാന്യം ഭേദപ്പെട്ട ഒരു നഗരമാണ്. അവിടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് കുളിയും പ്രാഥമിക കര്‍മ്മങ്ങളും തീര്‍ത്തതിന് ശേഷം കുറച്ചുനേരം കിടന്നുറങ്ങി. രാത്രിയില്‍ തിരികെ തിരുച്ചിയിലേക്ക് പോകാമെന്ന് തീരുമാനിച്ചെങ്കിലും വെള്ളിങ്കിരി ചെയ്ത ചതിയുടെ കാരണമറിയാതെ തീര്‍ത്തും നിരാശനായിരുന്നു ഞാന്‍. രണ്ട് മണിക്കൂര്‍ നേരത്തെ ഉറക്കമുണര്‍ന്നപ്പോള്‍ മനസ്സ് അല്‍പം ശാന്തമായിരുന്നു. വെള്ളിങ്കിരി പറഞ്ഞു പറ്റിച്ചുവെങ്കിലും ഇനിയും ബാക്കിയുള്ള രണ്ട് ദിവസത്തെ ലീവ് കൂടി ഇവിടെ കഴിയാമെന്ന് തീരുമാനിച്ചു. വീണ്ടുമൊരു കുളി കൂടിക്കഴിഞ്ഞ് റൂമില്‍ നിന്ന് പുറത്തിറങ്ങി അരന്താങ്ങി നഗരത്തിലൂടെ പതുക്കെ നടന്നു. പെട്ടെന്നാണ് റോഡരികിലെ ഒരു ടീസ്റ്റാളിന് മുന്നില്‍ നില്‍ക്കുന്നയാളെ ഞാന്‍ ശ്രദ്ധിച്ചത്. ആയാള്‍ സാമാന്യം താടി വളര്‍ത്തിയിട്ടുണ്ട്. ഇയാള്‍ക്ക് വെള്ളിങ്കിരിയുടെ മുഖച്ഛായയില്ലേ-അയാള്‍ അലസനായി എവിടെയോ നോക്കി നില്‍ക്കുകയാണ്, അടുത്തെത്തിയിട്ടും എന്നെ ശ്രദ്ധിച്ചതേയില്ല. കാലില്‍ ചെരിപ്പിടാതെ നില്‍ക്കുന്ന അയാള്‍ വെള്ളിങ്കിരി തന്നെയെന്ന് ഉറപ്പിച്ചു. പേരുചൊല്ലി വിളിച്ചപ്പോള്‍ അയാള്‍ എനിക്കുനേരെ മുഖമുയര്‍ത്തി. ആ കണ്ണുകളില്‍ തീരെ പരിചിതഭാവം ദൃശ്യമായില്ല. വെള്ളിങ്കിരി എന്നെ മനസ്സിലായില്ലേ എന്ന ചോദ്യത്തിന് അയാള്‍ തലയാട്ടിയതോടെ എന്റെ സംശയങ്ങള്‍ നീങ്ങി. കവിടങ്ങാനത്തേക്ക് വന്നതാണെന്ന് പറഞ്ഞപ്പോള്‍ വെള്ളിങ്കിരി തിരിച്ചു ചോദിച്ചത് ഏത് കവിടങ്ങാനം എന്നായിരുന്നു.
ഇതോടെ ഞാന്‍ വീണ്ടും സംശയത്തിലായി ഇത് വെള്ളിങ്കിരി തന്നെയാണോ–പെട്ടെന്ന് എന്നെ അവഗണിച്ച് അയാള്‍ ഫുട്പാത്തിലൂടെ വേഗത്തില്‍ നടന്നുതുടങ്ങി. ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം ഞാനയാളെ പിന്തുടരാന്‍ തുടങ്ങി. വെള്ളിങ്കിരിയുടെ ചെരിപ്പിടാത്ത കാലുകള്‍ക്കൊപ്പമെത്താന്‍ ഷൂസിട്ട എന്റെ കാലുകള്‍ ഏറെ ബുദ്ധിമുട്ടി. ഏതാണ്ട് അരമണിക്കൂറോളം നടന്നശേഷം അയാള്‍ പെട്ടെന്നു നിന്നു. കിതച്ചുകൊണ്ട് ഞാന്‍ അടുത്തെത്തി. വെള്ളിങ്കിരി അക്ഷോഭ്യനായി എന്നോട് ചോദിച്ചു-നിങ്ങളെന്തിനാണ് എന്നെയിങ്ങനെ പിന്തുടരുന്നത്– വെള്ളിങ്കിരി, നിങ്ങളെ കണ്ട് കവിടങ്ങാനത്ത് ഒരു ദിവസം ചെലവഴിക്കാനെത്തിയതാണെന്ന എന്റെ മറുപടിക്ക് നനഞ്ഞ ചിരിയോടെ വെള്ളിങ്കിരി പറഞ്ഞു– കവിടങ്ങാനം എന്നൊരു സ്ഥലമില്ല സുഹൃത്തേ, അങ്ങനെയൊരു സ്ഥലം ഞാനും തേടിക്കൊണ്ടിരിക്കയാണ്. ഈ തിരച്ചിലും അതിനുവേണ്ടിയാണെന്നു പറഞ്ഞുകൊണ്ട് വെള്ളിങ്കിരി റോഡരികിലൂടെ താഴെയിറങ്ങി നീണ്ടുകിടക്കുന്ന കുറ്റിക്കാടുകളിലേക്ക് ഒറ്റക്ക് പറന്നുപോയി.