ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടികളായ നിങ്ങള്‍ അത് ക്ഷമയോടെ കേട്ടുകൊണ്ടിരിക്കുന്നു. ചിലര്‍ ഇടക്കിടെ ചിരിക്കുന്നുമുണ്ട്. എത്ര അനായാസമായിട്ടാണ് താങ്കള്‍ സംസാരിക്കുന്നത് എന്ന് ഒരു വിദ്യാര്‍ത്ഥി അത്ഭുതത്തോടെ ചോദിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ മറ്റുള്ളവര്‍ വിചാരിക്കും മാതിരിയുള്ള സ്വാതന്ത്ര്യം ഒരു പ്രഭാഷകന് ഇല്ല. സ്വാതന്ത്ര്യം എന്ന പദം നാം സ്ഥിരമായി ഉപയോഗിക്കാറുണ്ടെങ്കിലും ഏതു സ്വാതന്ത്ര്യത്തിനും പരിധിയും പരിമിതിയും ഉണ്ടെന്ന് ഓര്‍ക്കുക. എന്തും പറയാനുള്ള സ്വാതന്ത്ര്യം പ്രഭാഷകനില്ല.
റെയില്‍ പാളത്തിലൂടെയല്ലാതെ ഒരു തീവണ്ടിക്ക് ഓടാന്‍ കഴിയില്ല. അഥവാ ഓടിയാല്‍ അതിനെ തീവണ്ടിയപകടം എന്നാണ് പറയുക. വിമാനം ആകാശത്തിലൂടെ സ്വതന്ത്രമായിട്ടാണ് പറക്കുന്നത് എന്ന് നമുക്ക് തോന്നുമെങ്കിലും വ്യക്തമായ ഒരു പാതയിലൂടെയാണ് അത് നീങ്ങുന്നത്. സമുദ്രത്തിന്റെ വിരിമാറിലൂടെ നിയന്ത്രണമില്ലാതെ ഒരു കപ്പലും നീങ്ങാറില്ല. അതിനും അതിന്റേതായ പാതയുണ്ട്.
ഒരു പക്ഷി പറക്കുന്നതും മീന്‍ വെള്ളത്തില്‍ നീന്തുന്നതും സ്വയം നിര്‍മ്മിച്ച ഒരു പാതയിലൂടെയാണ്. സിനിമയിലെ കാമുകീ കാമുകന്മാര്‍ നിയന്ത്രണമില്ലാതെ ഉദ്യാനത്തിലൂടെ ഓടുന്നതായി നമുക്ക് തോന്നും. എവിടെ നിന്ന് തുടങ്ങണമെന്നും അത് എവിടെ അവസാനിപ്പിക്കണമെന്നും സംവിധായകന്‍ പറഞ്ഞുകൊടുക്കും. വീട്ടില്‍ ഇരുന്ന് സംസാരിക്കുമ്പോഴും ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണ് എന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം. മഹാനായ ഒരു പ്രഭാഷകന്‍ പറഞ്ഞത് സ്റ്റേജില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം അസ്വതന്ത്രനാണ് എന്നാണ്. ശരീരത്തിനും മനസ്സിനും ചിന്തയ്ക്കുമെല്ലാം നിയന്ത്രണം അത്യാവശ്യമാണ്. അതേസമയം അനായാസമായി നമുക്ക് സംസാരിക്കാന്‍ കഴിയണം. ഏതുപാട്ടിനും ഒരു താളമുണ്ട് എന്ന് ഓര്‍ക്കുക. ഏതു നൃത്തത്തിനും ഉണ്ട് ഒരു പരിമിതി.