കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ബംഗാളിലുണ്ടായ എല്ലാ അക്രമങ്ങളിലും കേസെടുക്കാനും അക്രമങ്ങള്‍ക്ക് വിധേയരായവര്‍ക്ക് സൗജന്യ ചികിത്സയും റേഷനും ഉറപ്പുവരുത്താനും കല്‍ക്കത്ത ഹൈക്കോടതി ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതോടെ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഗുണ്ടാരാജാണ് നടപ്പാക്കുന്നതെന്ന ആരോപണം ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. മെയ് 2-ന് തിരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം തൃണമൂല്‍ ഗുണ്ടകള്‍ ഹിന്ദുക്കള്‍ക്കുനേരെ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്. നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് അസമിലേക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തു. സ്ഥിതിഗതികള്‍ അതീവ ഗുരുതരമായിട്ടും, സ്ഥിതി വിലയിരുത്താനായി എത്തിയ കേന്ദ്രസംഘം എത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ അനുവാദത്തോടെയാണ് അക്രമങ്ങള്‍ അരങ്ങേറിയതെന്ന് ഗവര്‍ണറും ആരോപിച്ചിരുന്നു. ലഹളകളെ തുടര്‍ന്ന് ദുരിതമനുഭവിച്ച ജനങ്ങളോട് യാതൊരു കാരുണ്യവും കാണിക്കാതിരുന്ന മമതാ ബാനര്‍ജി അക്രമങ്ങള്‍ നടന്നത് തിരഞ്ഞെടുപ്പു കമ്മീഷന് ചുമതലയുണ്ടായിരുന്ന സമയത്താണെന്നും സംസ്ഥാന സര്‍ക്കാരിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നുമുള്ള നിലപാടാണ് എടുത്തത്.
തൃണമൂല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി വിഷയത്തില്‍ സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും ചൂണ്ടിക്കാട്ടി. അക്രമങ്ങള്‍ സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണം. സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിക്കുന്നതിനും മറ്റുമായി കമ്മീഷന് എല്ലാ സഹായങ്ങളും നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. കമ്മീഷന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ കോടതിയലക്ഷ്യ നിയമപ്രകാരം കേസെടുക്കുമെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളിലും നടപടി കൈക്കൊള്ളാന്‍ പോലീസിനും നിര്‍ദ്ദേശം നല്‍കി. അക്രമത്തിന് ഇരയാക്കപ്പെട്ടവരില്‍ നിന്ന് മൊഴിയെടുക്കണം. വോട്ടെണ്ണലിന് പിന്നാലെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബി.ജെ.പി. നേതാവ് അഭിജിത് സര്‍ക്കാരിന്റെ പോസ്റ്റ്‌മോര്‍ട്ടം വീണ്ടും നടത്താനും കോടതി നിര്‍ദ്ദേശിച്ചു.
ജൂണ്‍ 30-നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അതിന്റെ ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ലൈംഗിക പീഡനം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയതായി കമ്മീഷന്‍ കണ്ടെത്തി. നിരവധി പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പലരെയും ലൈംഗികപീഡനത്തിന് ഇരയാക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികള്‍ പോലും ഇവരുടെ ക്രൂരതയ്ക്ക് വിധേയരായി. ഭയംമൂലം അയല്‍ സംസ്ഥാനങ്ങളിലേക്കു പോയ ആയിരക്കണക്കിന് ആളുകള്‍ക്ക് തിരിച്ചുവരാനുള്ള യാതൊരു സാഹചര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടുകളും വിവിധ പോലീസ് കണ്‍ട്രോള്‍ റൂമുകളുടെ റിപ്പോര്‍ട്ടുകളും സീല്‍ ചെയ്ത കവറില്‍ സൂക്ഷിക്കാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഘത്തിന് സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ട സൗത്ത് കൊല്‍ക്കത്ത ഡപ്യൂട്ടി കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും കോടതി നല്‍കിയിട്ടുണ്ട്.
മുന്‍ ചീഫ് ജസ്റ്റിസ് കോഹ്ലി ചെയര്‍മാനായ സ്വതന്ത്ര അന്വേഷണ കമ്മീഷനും തെളിവെടുപ്പു നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. മലയാളിയായ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സി.വി. ആനന്ദബോസിന്റെ നേതൃത്വത്തിലാണ് പഠനസംഘം ബംഗാള്‍ സന്ദര്‍ശിച്ചത്. ബംഗാളില്‍ അതിക്രമങ്ങള്‍ ധാരാളമായി ഉണ്ടായെന്നും ബലാത്സംഗം, കൊലപാതകം, കൂട്ടക്കവര്‍ച്ച, തീവെപ്പ്, ബോംബേറ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ നടന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. സ്വതന്ത്ര അന്വേഷണ സംഘം ബംഗാള്‍ സന്ദര്‍ശിക്കുന്നതിനെ മമതാ സര്‍ക്കാര്‍ രേഖാമൂലം നിരോധിച്ചിരുന്നു. എന്നാല്‍ ഭരണഘടനാനുസൃതമായ സഞ്ചാര സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ട് സംഘം സന്ദര്‍ശനം നടത്തി. അക്രമങ്ങള്‍ നടന്ന സ്ഥലങ്ങളും അക്രമത്തിന് ഇരയായവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികളും അവര്‍ സന്ദര്‍ശിച്ചിരുന്നു. ബംഗ്ലാദേശുമായുള്ള അതിര്‍ത്തി മേഖലയില്‍ ആണ് കൂടുതല്‍ അക്രമ സംഭവങ്ങള്‍ നടന്നത് എന്നതിനാല്‍ അവ എന്‍.ഐ.എ അന്വേഷിക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കേന്ദ്രം നിര്‍ദ്ദേശിക്കുന്ന ശക്തമായ നടപടികള്‍ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ബംഗാളിലുടനീളം അക്രമങ്ങള്‍ നടന്നുവെന്ന് രണ്ട് കമ്മീഷനുകള്‍ കണ്ടെത്തുകയും നടപടികള്‍ സ്വീകരിക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്. മൂന്നു ദശാബ്ദത്തിലധികം സി.പി.എം. നേതൃത്വത്തില്‍ ബംഗാളില്‍ നടന്ന ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങളാണ് ഒരു മാറ്റം ആഗ്രഹിച്ച് മമതയുടെ തൃണമൂലിന് അധികാരം നല്‍കിയത്. എന്നാല്‍ സി.പി.എമ്മിന്റെ അതേ ശൈലിയാണ് അവരും പിന്തുടരുന്നത്. തൃണമൂല്‍ ഗുണ്ടകളില്‍ നിന്ന് രക്ഷതേടി ഒട്ടേറെ സി.പി.എമ്മുകാര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സംസ്ഥാനമാണ് ബംഗാള്‍. ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇവരില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ ശക്തമായ ജനകീയ പ്രതിരോധം ഉണ്ടാകേണ്ടതുണ്ട്. ഫെഡറല്‍ അന്തസ്സത്തയ്ക്കു നിരക്കാത്ത നിലയിലാണ് മമതാ സര്‍ക്കാര്‍ സംസ്ഥാന ഭരണം മുന്നോട്ടു കൊണ്ടുപോകുന്നതെങ്കില്‍ ഭരണഘടനാനുസൃതമായി ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാറും തയ്യാറാകണം. കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച്, സംസ്ഥാനത്തെ ഒരു പരമാധികാര രാജ്യമായി കണക്കാക്കി പ്രവര്‍ത്തിക്കുന്നവരെ നിലയ്ക്കുനിര്‍ത്താനുള്ള അധികാരവും അവകാശവും കേന്ദ്ര സര്‍ക്കാരിനുണ്ട് എന്ന കാര്യം സംസ്ഥാന സര്‍ക്കാരും മനസ്സിലാക്കണം. എന്തു വിലകൊടുത്തും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും തൃണമൂലിന്റെ ഗുണ്ടാരാജ് അവസാനിപ്പിക്കുകയും വേണം.