ജ്ഞാന ഭൂമി എന്ന ഖ്യാതി സ്വന്തമായുള്ള നാടാണ് ഭാരതം. നിരന്തരമായ ജ്ഞാനസപര്യ ഇത്രയേറെ നടത്തപ്പെട്ട രാഷ്ട്രം ഭൂമുഖത്ത് വേറെയില്ല. ലോകോത്തരമായ, ശാസ്ത്രയുക്ത ദര്‍ശനസഞ്ചയങ്ങളും കുറ്റമറ്റ ബോധന തന്ത്രങ്ങളുമാണ് ഭാരതീയ ജ്ഞാന മീമാംസയുടെ സവിശേഷത. നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന ഈ പ്രക്രിയയിലൂടെ വിജ്ഞാനത്തിന്റെ ദിവ്യപ്രകാശം വിശ്വമെങ്ങും പടര്‍ത്താനും വിദ്യാഭ്യാസത്തിന്റെ പൂര്‍ണത ആവിഷ്‌ക്കരിക്കാനും ഭാരതത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ വിധിവൈപരീത്യമെന്നു പറയട്ടെ, ഈ പാരമ്പര്യം നിലനിര്‍ത്താനും തുടര്‍ന്നുകൊണ്ടുപോകാനും ഭാരതത്തിനു കഴിഞ്ഞില്ല. നിരന്തരമായി നേരിടേണ്ടിവന്ന വൈദേശിക ആക്രമണങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും നിമിത്തം ഭാരതത്തിന്റെ സമസ്ത മേഖലകളും താളം തെറ്റി. ചെറുത്തുനില്‍പിന്റെ സമ്മര്‍ദ്ദങ്ങളും പിരിമുറുക്കങ്ങളും രാഷ്ട്രാത്മാവിന്റെ കരുത്തിന് ക്ഷതമേല്‍പിച്ചു. സ്വാഭാവികമായും ഭാരതീയ വിദ്യാഭ്യാസത്തിനും അപചയം സംഭവിച്ചു. ജ്ഞാനസമ്പാദനത്തിനായി അഭംഗുരം തുടരേണ്ടിയിരുന്ന മഥന പ്രക്രിയയ്ക്ക് തടസ്സം നേരിട്ടു. അതിന്റെ ദുരന്തങ്ങളും നാമനുഭവിച്ചു.
അവസരം വിനിയോഗിച്ചില്ല
ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്നുള്ള സ്വാതന്ത്ര്യ സമ്പാദനം നമുക്ക് ഒരു അവസരമായിരുന്നു. ഭാവിയിലേക്ക് ആധുനിക ഭാരതത്തെ നയിക്കാന്‍ കെല്പുള്ള വിദ്യാഭ്യാസനയവും പദ്ധതിയും രൂപപ്പെടുത്താനുള്ള അനുയോജ്യ അവസരം. പക്ഷെ, തടസ്സപ്പെട്ട വിദ്യാഭ്യാസ പ്രക്രിയ പുനരാരംഭിക്കാനുള്ള പരിശ്രമങ്ങള്‍ ഭരണാധികാരികളില്‍ നിന്നുണ്ടായില്ല. ഏഴു പതിറ്റാണ്ടുകളായി ദേശീയ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ലക്ഷ്യബോധമില്ലാത്ത ചര്‍ച്ചയിലായിരുന്നു നാം. ഇക്കാലയളവില്‍ പഠിച്ചിറങ്ങിയ തലമുറകള്‍ ഏതു നയത്തിന്റെ ഉല്‍പന്നങ്ങളാണ് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. അതിനര്‍ത്ഥം, വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങളുണ്ടായില്ലെന്നല്ല. ഇതിനായി നടന്ന പരിശ്രമങ്ങള്‍ തെറ്റായ ആധാരത്തിലായിരുന്നു എന്നു മാത്രം. നയരൂപീകരണത്തിനായി നിയോഗിക്കപ്പെട്ടവരുടേതായിരുന്നില്ല കുഴപ്പം. മറിച്ച്, നിയോഗിച്ചവരുടെ വീക്ഷണവൈകല്യമായിരുന്നു. ഏതു തരത്തിലുള്ള പരിണാമമാണ് അഭികാമ്യമെന്നതിനെക്കുറിച്ച് കൃത്യവും ശരിയുമായ കാഴ്ചപ്പാട് അവര്‍ക്കില്ലായിരുന്നു. ഈ പശ്ചാത്തലത്തില്‍ വേണം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കരട് വിദ്യാഭ്യാസ നയരേഖയെ വിലയിരുത്തേണ്ടത്. ചരിത്രപരമായ ദൗത്യമാണ് നിര്‍വഹിക്കപ്പെടുന്നത്, രാഷ്ട്രത്തിന്റെ സമ്മോഹന ഭാവി രൂപപ്പെടുത്താനുള്ള ദൗത്യം.
ജനാധിപത്യ ഉള്ളടക്കം
മുന്‍കാലങ്ങളില്‍ വിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷനുകളുടെ പ്രവര്‍ത്തനവും നയരൂപീകരണവും നടന്നിട്ടുണ്ടെങ്കിലും അവയിലൊന്നും ജനാഭിലാഷത്തിന്റെ പ്രതിഫലനമില്ലായിരുന്നു. അവയില്‍ അനിവാര്യമായി ഉള്‍ച്ചേരേണ്ടിയിരുന്ന ജനാധിപത്യ ഉള്ളടക്കത്തിന്റെ അഭാവം പ്രകടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയില്‍ അതു വേണ്ടുവോളമുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. രാജ്യമെങ്ങും വിദ്യാഭ്യാസ നയരേഖയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പല തലങ്ങളില്‍ നടക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങളാണ് ഇതില്‍ പങ്കാളികളാകുന്നത്.
അക്കാദമിക സംരംഭങ്ങളില്‍ ജനകീയ പങ്കാളിത്തം അനിവാര്യമാണോ എന്ന ചോദ്യമുന്നയിക്കുന്നവരുണ്ട്. ഭാരതത്തില്‍ വിദ്യ എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ബൗദ്ധിക വ്യായാമം മാത്രമായിരുന്നില്ല. മുകളില്‍ നിന്ന് താഴേത്തലം വരെയുള്ള ജനസമൂഹത്തിന്റെ കൂട്ടായ ചിന്തയുടെയും പരിശ്രമത്തിന്റെയും ഫലമായി രൂപപ്പെടുന്ന സാമൂഹ്യ പ്രക്രിയയുടെ ഭാഗമായിരുന്നു. അതിന്റെ തുടര്‍ച്ചയായി വേണം ഇപ്പോള്‍ കാണുന്ന മുന്നൊരുക്കങ്ങളെ കാണാന്‍. 2016 ലാണ് ടി.എസ്.ആര്‍.സുബ്രഹ്മണ്യം കമ്മറ്റി നിലവില്‍ വന്നത്. അതിന്റെ പോരായ്മകളില്‍ നിന്നാണ് കസ്തൂരി രംഗന്‍ കമ്മീഷന്റെ പിറവി. നീണ്ട കാലത്തെ പഠന ഗവേഷണ ഫലമായാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചതെങ്കിലും കമ്മീഷന്റെ കരട് റിപ്പോര്‍ട്ടിലും ചില കരടുകളുണ്ടെന്നു പറയേണ്ടിവരും. കാരണം, ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ കഴിഞ്ഞ എഴുപത് വര്‍ഷങ്ങളായി പിന്തുടര്‍ന്നുവന്ന കൊളോണിയല്‍ നയത്തിന്റെ ഉല്‍പന്നങ്ങളാണ്! അതിന്റെ ചില നിഴലുകളും കുറവുകളും ഈ റിപ്പോര്‍ട്ടില്‍ കണ്ടേക്കാം. എന്നാല്‍ അവ പരിഹരിക്കാനുള്ള അവസരം തുറന്നിട്ടിരിക്കുന്നു. നയരേഖയുടെ ആമുഖത്തില്‍ സൂചിപ്പിച്ചതുപോലെ ഭാരത കേന്ദ്രിത വിദ്യാഭ്യാസ വ്യവസ്ഥ ചിട്ടപ്പെടുത്താനുള്ള പാതയൊരുക്കുകയാണ് കസ്തൂരി രംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. സുസ്ഥിരവും ചലനാത്മകവും സമാനവുമായ ജ്ഞാനസമൂഹമാക്കി ഭാരതത്തെ മാറ്റിയെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് റിപ്പോര്‍ട്ടിലൂടെ വിശദമാക്കുന്നത്. അത് നിര്‍വഹിക്കപ്പെടുന്നതിനാകട്ടെ ജനാധിപത്യ പ്രക്രിയയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
അഞ്ഞൂറോളം പേജുകളുള്ള ബൃഹത് ഗ്രന്ഥം തന്നെയാണ് നയരേഖ. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും സമഗ്രമായിത്തന്നെ പഠനവിഷയമാക്കിയിട്ടുണ്ട്. ഓരോന്നിനെക്കുറിച്ചും വിശദമായ പ്രതിപാദനം സാധ്യമല്ലെങ്കിലും സുപ്രധാനമായ ചില മേഖലകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇവിടെ നടത്തുന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസം
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാലപരിധി മാറ്റം വരുത്തുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ശിശു വിദ്യാഭ്യാസം എങ്ങനെയെങ്കിലും നടക്കട്ടെ എന്ന കാഴ്ചപ്പാടിന് മാറ്റം വരികയാണ്. ശിശുവിന് മൂന്നു വയസ്സോടുകൂടിത്തന്നെ വ്യക്തിത്വ രൂപീകരണത്തിനിണങ്ങുന്ന തരത്തില്‍ ബുദ്ധി വികാസം സംഭവിക്കുന്നു. അതിനാല്‍ വിദ്യാഭ്യാസം അപ്പോള്‍ തന്നെ ആരംഭിക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. പക്ഷെ അതിനുപയുക്തമാക്കുന്ന വ്യക്തതയുള്ള പദ്ധതികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ മുന്നോട്ടു വെക്കുന്നില്ല. ഭാരതീയ ജ്ഞാന പരമ്പരയിലേക്ക് കുട്ടിയെ കൈപിടിച്ചുയര്‍ത്തേണ്ടതെങ്ങനെ എന്നതിന് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടേണ്ടതുണ്ട്. ആഴത്തിലുള്ള ചര്‍ച്ചകളിലൂടെ അതു സാധ്യമാക്കാവുന്നതേയുള്ളൂ.
അധ്യാപക വിദ്യാഭ്യാസം
അധ്യാപക വിദ്യാഭ്യാസവും ശാക്തീകരണവും ഏതൊരു വിദ്യാഭ്യാസ പദ്ധതിയുടെയും ആണിക്കല്ലാണ്. നല്ല അധ്യാപകരാണ് നല്ല വിദ്യാഭ്യാസത്തിന്റെ മുന്നുപാധി. ഇക്കാര്യത്തില്‍ നേരത്തെ ചില പരിഷ്‌ക്കരണ സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനമാണ് സിദ്ധിഖി കമ്മറ്റി റിപ്പോര്‍ട്ട്. സിദ്ധിഖി കമ്മറ്റി റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍ ഉപകരിക്കപ്പെടില്ലെന്ന് കരുതിയതു കൊണ്ടാവാം അവ പരാമര്‍ശിച്ചു കണ്ടില്ല. അധ്യാപക വിദ്യാഭ്യാസത്തിനും പരിശീലനത്തിനും നിയോഗിക്കപ്പെടുന്നവരുടെ യോഗ്യതയും മുന്‍പരിചയവും കണക്കിലെടുക്കപ്പെടേണ്ടതുണ്ട്. കരട് നയത്തില്‍ നിര്‍ദ്ദേശിക്കുന്ന സംയോജിത അധ്യാപക പരിശീലനത്തിനുള്ള ഏകാത്മക പദ്ധതി കൂടുതല്‍ വിശദമാക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു.
ഭാഷാ, സാഹിത്യ പഠനം
ഭാഷയാണ് സംസ്‌കാരത്തിന്റെ ചവിട്ടുപടി. ഭാരതത്തെ സംബന്ധിച്ച് സാംസ്‌കാരിക ഔന്നത്യം കൈവരിക്കുന്നതിന് സംസ്‌കൃതം ഏറെ പ്രാധാന്യമുള്ളതാണ്. കസ്തൂരി രംഗന്‍ കമ്മറ്റി സംസ്‌കൃതത്തിന് പ്രാമുഖ്യം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ പ്രാഥമിക തലം മുതല്‍ തന്നെ ഇതു വേണമെന്ന കാര്യത്തിന് വേണ്ടത്ര ബലം നല്‍കിയോ എന്ന് സംശയമാണ്. ആധുനിക ഭാരതത്തിലെ സാമൂഹ്യ-രാഷ്ട്രീയ മനഃസ്ഥിതിയുടെ വൈചിത്ര്യം നിമിത്തം സംസ്‌കൃത പഠനത്തിനെതിരെ ഉയരുന്ന വിമര്‍ശനം കണ്ട് പതറിക്കൂടാ. ഹിന്ദിയുടെ പേരിലുണ്ടായ കോലാഹലം ക്ഷമാപണ സമീപനം സ്വീകരിക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല.
സംസ്‌കൃതം മതത്തിന്റെ ഭാഷയല്ല. ഭാരതീയന്റെ ജീനുകളില്‍ സംസ്‌കൃതമുണ്ട്. വ്യത്യസ്ത ഭാഷകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി മൂന്നാം വയസ്സില്‍ കുട്ടി ആര്‍ജിക്കുന്നു. അതുകൊണ്ടു തന്നെ ആ പ്രായത്തില്‍ സംസ്‌കൃത പഠനവും ആരംഭിക്കാം. വിദ്യാഭ്യാസ പ്രക്രിയയെ ജ്ഞാന വ്യവസ്ഥ, ജ്ഞാനസമ്പാദനം, ജ്ഞാന പരമ്പര എന്നിങ്ങനെ ഇഴപിരിക്കാം. ഇതിന്റെ ആഴങ്ങളിലേക്ക് കുട്ടിയുടെ മനസ്സിനെ കടത്തിവിടാനുള്ള ഒന്നാന്തരം താക്കോലാണ് സംസ്‌കൃതം. ‘ഭാരതത്തെ അറിയാന്‍ ഗീത പഠിക്കണം, ഗീതയെ അറിയാന്‍ സംസ്‌കൃതം പഠിക്കണം’’ എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഇത്തരുണത്തില്‍ സ്മരിക്കേണ്ടതുണ്ട്. ഗീതയെ അറിയുക എന്ന് ഗാന്ധിജി പറഞ്ഞത് ഒരു ഗ്രന്ഥത്തെ അറിയുക എന്ന അര്‍ത്ഥത്തിലല്ല, ഭാരതത്തിന്റെ മഹത്തായ ജ്ഞാനസാഗരത്തിലേക്ക് ആഴ്ന്നിറങ്ങുക എന്ന അര്‍ത്ഥത്തിലാണ്.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ബോധന മാധ്യമം മാതൃഭാഷ തന്നെയാവണം. നോബല്‍ പ്രൈസ് നേടിയ ശാസ്ത്രജ്ഞന്‍മാരില്‍ 95.8 ശതമാനം പേരും അവരുടെ ശാസ്ത്ര പഠനം മുന്നോട്ടു കൊണ്ടുപോയത് മാതൃഭാഷയിലാണ്. ലോകത്തെ പത്ത് വികസിത രാഷ്ട്രങ്ങളെടുത്താല്‍ 9 ഉം അംഗീകരിച്ചതും സ്വീകരിച്ചതും സ്വന്തം ഭാഷ തന്നെ. അവിടങ്ങളിലെ സാമ്പത്തിക വികസന പ്രക്രിയയ്ക്ക് പശ്ചാത്തലമായതും മാതൃഭാഷയാണ്.
ഉദാര വിദ്യാഭ്യാസം
കസ്തൂരി രംഗന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന ഉദാര വിദ്യാഭ്യാസം (Liberal Education) എന്ന കാഴ്ചപ്പാട് ആശങ്കയോടെയാണ് പലരും വീക്ഷിക്കുന്നത്. വിമോചനത്തിനുതകുന്നതെന്തോ അതാണ് വിദ്യ (സാ വിദ്യാ യാ വിമുക്തയേ) എന്ന ഭാരതീയ സങ്കല്പവുമായി ഇണങ്ങുന്നതാണ് ഈ കാഴ്ചപ്പാട് എന്ന് തോന്നാമെങ്കിലും ഇതിന്റെ മറവില്‍ കടന്നുവരാനിടയുള്ള നവഅര്‍ബന്‍ മാവോയിസ്റ്റ് അപകടം മുന്‍കൂട്ടി കാണേണ്ടതുണ്ട്. അരാജകത്വം വിളയാടുന്ന ജെ.എന്‍.യു ക്യാമ്പസുകള്‍ മറ്റിടങ്ങളില്‍ വീണ്ടും സൃഷ്ടിക്കപ്പെട്ടു കൂടാ. അത്തരമൊരു സാധ്യതയെ ചെറുക്കാനുള്ള ജാഗ്രതയും കരുതലും കൂടിയേ തീരൂ. അതിനാവശ്യമായതെന്തും ഭാരതത്തിലുണ്ടെന്നത് വിസ്മരിക്കുന്നില്ല. രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, പൗരധര്‍മ മേഖലകളിലൊക്കെയുള്ള തനത് ദര്‍ശനങ്ങള്‍ കണ്ടെത്തി ക്രമീകരിക്കാന്‍ പദ്ധതികള്‍ വേണമെന്നു മാത്രം. അതുപോലെ ലോകത്തെ പ്രമുഖ സര്‍വകലാശാലകളുടെ ഘടകങ്ങള്‍ ഭാരതത്തിന്റെ ഭാഗമാകുന്നത് അഭികാമ്യമാണോ എന്ന സംശയവും നിലനില്ക്കുന്നുണ്ട്. ഭാരതീയ സര്‍വകലാശാലകള്‍ വിദേശങ്ങളില്‍ വിദ്യാ വെളിച്ചം പകരുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്കുള്ള സമയമായിക്കഴിഞ്ഞു.
മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്
2030 ഓടെ പ്രബല ജ്ഞാനസമൂഹമായി ഭാരതം വികസിക്കണമെന്ന ലക്ഷ്യമാണ് കസ്തൂരി രംഗന്‍ കമ്മീഷന്‍ മുന്നോട്ടു വെക്കുന്നത്. അതിനായി കലാപഠനം മുതല്‍ ബഹിരാകാശ ശാസ്ത്രം വരെയുള്ള വിഷയങ്ങള്‍ സജ്ജമാകേണ്ടതുണ്ട്. എന്നാല്‍ ഭാരതീയ ദര്‍ശന അടിത്തറയില്‍ വിഷയവസ്തുക്കള്‍ (Content) തയ്യാറായിട്ടില്ല. അതി ബൃഹത്തായ ആവശ്യകതയാണ് ഉയര്‍ന്നു വരുന്നത്. അത് നിര്‍വഹിക്കപ്പെടാനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണ്. ഇവിടെയാണ് ഒരു ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ അനിവാര്യമാകുന്നത്. വിദ്യാഭ്യാസ മേഖലയില്‍ അടിഞ്ഞുകൂടിയ ജീര്‍ണതകളും അബദ്ധങ്ങളും ഉച്ചാടനം ചെയ്യാന്‍ കെല്പുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഭാരതത്തില്‍ അശാന്തി പടര്‍ത്തുന്ന ഭീകര വിധ്വംസക സംഘങ്ങള്‍ക്കെതിരെ ദുര്‍ഗയുടെ അവതാരമെന്ന പോലെ സൈന്യം സ്വീകരിച്ച സായുധ പോരാട്ടവും സാമ്പത്തികക്കൊള്ളക്കെതിരെ ലക്ഷ്മീദേവിയുടെ പുനരാവിഷ്‌ക്കാരമായി നോട്ട് നിരോധനമെന്ന തന്ത്രത്തിലൂടെ ധനകാര്യവകുപ്പ് സ്വീകരിച്ച ധീരമായ പരിഷക്കരണ നടപടികളും സരസ്വതീ സ്വരൂപത്തില്‍ വിദ്യാഭ്യാസ മേഖലയിലും നടക്കാന്‍ പോകുന്നു. അതിനുള്ള നിമിത്തമായി മാറും കസ്തൂരി രംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.
(തൃശ്ശൂരില്‍ നടന്ന വിദ്യാഭ്യാസ ശില്പശാലയിലെ ഉദ്ഘാടനപ്രസംഗത്തിന്റെ സംഗ്രഹം. തയ്യാറാക്കിയത് സി.സദാനന്ദന്‍ മാസ്റ്റര്‍)
സാര്‍ത്ഥകമായ വിദ്യാഭ്യാസ ശില്പശാല
ശില്പശാലയിലെ സദസ്സ്
ദേശീയ വിദ്യാഭ്യാസ നയരേഖയെ സംബന്ധിച്ച് ദേശീയ അധ്യാപക പരിഷത്ത് ഭാരതീയ വിചാര കേന്ദ്രവുമായി ചേര്‍ന്ന് തൃശ്ശൂരില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല അര്‍ത്ഥപൂര്‍ണമായി. രേഖയെക്കുറിച്ച് സത്യസന്ധവും യുക്തിസഹവുമായ അന്വേഷണവും വിലയിരുത്തലുമാണ് ശില്പശാലയില്‍ നടന്നത്. പ്രജ്ഞാ പ്രവാഹ് ദേശീയ സയോജകന്‍ ജെ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെക്കുറിച്ച് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഖജാന്‍ജിയും റിട്ട. ഡയറ്റ് പ്രിന്‍സിപ്പാളുമായഎം. വേണുഗോപാല്‍, വിദ്യാഭ്യാസ വികസന സമിതി ക്ഷേത്രീയ സംയോജകനും ദേശീയ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗവുമായ എ. വിനോദ്, ഭാരതീയ വിചാര കേന്ദ്രം തൃശ്ശൂര്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ.സുനില്‍കുമാര്‍, കാലടി സംസ്‌കൃത സര്‍വകലാശാല വ്യാകരണ വിഭാഗം മേധാവി പ്രൊഫ.എം.വി.നടേശന്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. എന്‍.ടി.യു. സംസ്ഥാന പ്രസിഡന്റ് സി.സദാനന്ദന്‍ മാസ്റ്റര്‍, വൈ. പ്രസിഡന്റുമാരായ കെ.എസ്.ജയചന്ദ്രന്‍, വി.ഉണ്ണികൃഷ്ണന്‍, എം.ശിവദാസ്, ജന.സെക്രട്ടറി ടി.അനൂപ് കുമാര്‍, ഖജാന്‍ജി സി.വി.രാജീവന്‍, കാര്യാലയ കാര്യദര്‍ശി സി.മനോജ് കുമാര്‍, എ.ബി.ആര്‍.എസ്.എം ദേശീയ സെക്രട്ടറി പി.എസ്.ഗോപകുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ കെ.സ്മിത, ജില്ലാ പ്രസിഡന്റ് പി.ശ്രീദേവി, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എം. ആര്‍. ബിജോയ്, ഭാരതീയ വിചാര കേന്ദ്രം മേഖലാ കാര്യദര്‍ശി ഷാജിവരവൂര്‍, ജില്ലാ പ്രസിഡന്റ് സി.എന്‍.മുരളീധരന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.