കേരളമാകെ കോവിഡ് ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കെ 2019 മാര്‍ച്ച് മാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറി കൂടിയായ റവന്യൂ സെക്രട്ടറി ഡോ: വേണു ഇറക്കിയ യു 3/137/2013 റവന്യൂ സര്‍ക്കാര്‍ ഉത്തരവ് ഊര്‍ധ്വന്‍ വലിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ പരിസ്ഥിതി സുസ്ഥിരതയുടെ ശവപ്പെട്ടിക്കുമേലുള്ള അവസാനത്തെ ആണിയായിരുന്നു. പരിസ്ഥിതി സംരക്ഷണം ഏറെ പ്രസക്തമായ ഈ ആസുര കാലത്ത് പ്രകൃതിക്കെതിരെ ഇങ്ങനെയൊരു ഒളിയുദ്ധം കേരളത്തിലല്ലാതെ ലോകത്തൊരിടത്തും നടന്നിട്ടില്ല. ഇപ്പോള്‍ വലിയ വിവാദമായിത്തീര്‍ന്ന മുട്ടില്‍ മരംമുറിയുടെ വേരന്വേഷിച്ചാല്‍ നാമെത്തിച്ചേരുക പ്രസ്തുത മരമാരണ ഉത്തരവിലാണ്.
കേരളത്തിലെ റവന്യൂ പട്ടയഭൂമികളില്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ റിസര്‍വ്വ് ചെയ്ത ഒന്‍പത് ഇനം മരങ്ങളില്‍ ചന്ദനം ഒഴികെയുള്ള എട്ടിനം മരങ്ങള്‍ നിരുപാധികം പട്ടയദാര്‍മാര്‍ക്ക് മുറിച്ചു മാറ്റാന്‍ ഈ ഉത്തരവ് അനുവാദം നല്‍കി. സംസ്ഥാനത്തിന്റെ കൃഷി ഭൂ വിസ്തൃതിയുടെ കാല്‍ ഭാഗം വരുന്ന 15 ലക്ഷം ഏക്കര്‍ ഭൂമിയിലെ 75 ലക്ഷം അപൂര്‍വ്വ ഇനംമരങ്ങള്‍ ഭൂ ഉടമള്‍ക്ക് തളികയില്‍ വച്ച് നല്‍കുകയായിരുന്നു പ്രസ്തുത ഉത്തരവ്. ഈ മരങ്ങള്‍ കൂട്ടത്തോടെ കശാപ്പു ചെയ്യപ്പെടുമായിരുന്നു. മരമൊന്നിന്ന് 10 ലക്ഷത്തിലധികം വിലവരുന്നവ ഈ കൂട്ടത്തിലുണ്ട്. 100 മുതല്‍ 500 വരെ വര്‍ഷം പഴക്കമുള്ള ഈ മരങ്ങള്‍ക്ക് ശരാശരി 50000 രൂപ കണക്കാക്കിയാല്‍ പോലും 37500 കോടി രൂപ വിപണി വില വരും. ഇതിന്റെ പരിസ്ഥിതി മൂല്യം (ഇക്കോ സിസ്റ്റം സര്‍വ്വീസ്) കണക്കാക്കാന്‍ പറ്റാത്തത്ര ഭീമവുമാണ്.
മരം നടല്‍ പ്രഖ്യാപനം; മരംമുറി ഫലത്തില്‍
വയനാട്ടിലെ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി തോമസ ്‌ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു.
വന്‍ പ്രചരണ കോലാഹലത്തോടെയാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ ഉത്സാഹത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ മുഖ്യ പ്രവര്‍ത്തനം മരങ്ങള്‍ വച്ചുപിടിപ്പിക്കലാണ്. പദ്ധതി നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയായിരുന്നു വയനാട് കോളണൈസേഷന്‍ സ്‌ക്കീമിലെ 1500 ലധികം വീട്ടിമരങ്ങള്‍ കോടാലിക്കിരയായതും. കഴിഞ്ഞ വര്‍ഷം മുതല്‍ ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ഓരോ വര്‍ഷവും ഒരു കോടി മരത്തൈകള്‍ വീതം അടുത്ത 10 വര്‍ഷം നടുമെന്ന് കഴിഞ്ഞ ബജറ്റില്‍ ധനകാര്യ മന്ത്രി പ്രഖ്യാപിക്കുകയും 1000 കോടി രൂപ ഇതിന്നായി നീക്കി വയ്ക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന്ന് കൂറ്റന്‍ മരങ്ങള്‍ വെട്ടിമാറ്റി എത്ര കോടി തൈകള്‍ നട്ടിട്ടെന്തു പ്രയോജനം?
1964ലെ കേരള ഭൂ പതിവ് ചട്ടമനുസരിച്ച് കര്‍ഷകര്‍ക്കു റവന്യൂ-വനം ഭൂമിക്ക് പട്ടയം നല്‍കുന്ന വ്യവസ്ഥയില്‍ ചന്ദനം, ഈട്ടി, തേക്ക്, വെള്ള അകില്‍, തേമ്പാവ്, കമ്പകം, ചടച്ചി, ചന്ദനവേമ്പ്, ഇരൂള്‍ എന്നീ മരങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയും പട്ടയം ഫോറത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ വെള്ള അകിലും കമ്പകവും പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നതും വംശനാശ ഭീഷണിയുള്ളതും കഡഇച റെഡ് ഡാറ്റാ ബുക്കില്‍ രേഖപ്പെടുത്തിയവയുമാണ്. പശ്ചിമഘട്ടത്തില്‍ മാത്രം വളരുന്ന ഈട്ടിയും വംശനാശ ഭീഷണി നേരിടുന്ന രാജകീയവൃക്ഷമാണ്.
സര്‍ക്കാര്‍ റിസര്‍വ്വ് ചെയ്ത മരങ്ങള്‍ സ്വന്തമാക്കുന്നതിന് വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ഗൂഢാലോചനകളും ലോബി പ്രവര്‍ത്തനവും കഴിഞ്ഞ 40 വര്‍ഷമായി നിരന്തരം നടന്നിട്ടുണ്ടെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം പരാജയപ്പെടുകയാണ് ഉണ്ടായത്. പട്ടയം ലഭിച്ച ശേഷം വളര്‍ന്നുവന്ന മരങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കണമെന്നേ കര്‍ഷകര്‍ പോലും പരസ്യമായി ആവശ്യപ്പെട്ടിട്ടുള്ളൂ. കര്‍ഷകര്‍ക്കു വേണ്ടി വാദിക്കാറുള്ള കെ.എം.മാണി പോലും ഈ മരങ്ങള്‍ നിരുപാധികം മുറിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
ആവാസവ്യവസ്ഥയുടെ നട്ടെല്ലായ, 100 മുതല്‍ 500 വരെ വര്‍ഷം പഴക്കമുള്ള ഈ മരങ്ങള്‍ ഭൂരിഭാഗവും പശ്ചിമഘട്ട മലഞ്ചരിവുകളിലാണ് എന്നത് മര്‍മ്മപ്രധാനമാണ്. ലക്ഷക്കണക്കിന്ന് കൂറ്റന്‍ മരങ്ങള്‍ ഒറ്റയടിക്ക് കൂട്ടഹത്യക്ക് ഇരയാകുന്നത് പരിസ്ഥിതിയിലുണ്ടാക്കുന്ന പ്രത്യാഘാതം ഊഹാതീതമത്രെ! വൃക്ഷ കവചങ്ങളുടെ ഉന്മൂലനമാണ് പശ്ചിമഘട്ട മലഞ്ചരിവുകളിലുണ്ടായ മുഴുവന്‍ ദുരന്തങ്ങള്‍ക്കും (വെള്ളപ്പൊക്കം , വരള്‍ച്ച, ഉരുള്‍പൊട്ടല്‍, കാലാവസ്ഥാ വ്യതിയാനം) ഹേതുവെന്ന് വിദഗ്ദ്ധര്‍ ഏകകണ്ഠമായി പറഞ്ഞിട്ടുണ്ട്. വയനാട് പോലുള്ള മലയോര പ്രദേശങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും കാര്‍ഷികത്തകര്‍ച്ചയും മരങ്ങളുടെ കൂട്ട നാശത്തിന്റെ ബാക്കിപത്രമാണ്. 2018 ലും 2019 ലും ഉണ്ടായ പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണം മറ്റൊന്നല്ല. വയനാട്ടിലെ പൂത്തുമലയും നിലമ്പൂരിലെ കവളപ്പാറയും മരമൊഴിഞ്ഞ മലഞ്ചരിവുകളില്‍ എന്തു സംഭവിക്കുമെന്നതിന്റെ സമീപകാല സാക്ഷ്യമാണ്. മഴനിഴല്‍ പ്രദേശമായ വയനാട്ടില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടായി കാണക്കാണെ മഴ കുറഞ്ഞു കുറഞ്ഞ് ശോഷിച്ചുവരുന്നതിന്റെ കാരണം മഴ മേഘങ്ങളെ സ്വാധീനിച്ചിരുന്ന കൂറ്റന്‍ മരങ്ങള്‍ നാടുനീങ്ങിയതാണ്.
1986ലെ കേരള വൃക്ഷ സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ട് 2007ല്‍ വനേതര പ്രദേശങ്ങളില്‍ വൃക്ഷം നട്ടുപിടിപ്പിക്കല്‍ പ്രോത്സാഹനനിയമം എന്ന പേരില്‍ അതിവിചിത്രമായ ഒരു ബില്‍ കേരളനിയമസഭ പാസ്സാക്കുകയുണ്ടായി. ശരിക്കും അതൊരു വൃക്ഷമാരണ നിയമം ആയിരുന്നു. കേരളത്തിലെ മുഴുവന്‍ മരങ്ങളും മഴുവിന് ഇരയാകുമായിരുന്ന പ്രസ്തുത നിയമത്തില്‍ നിന്നും അവ രക്ഷപ്പെട്ടത് വനം വകുപ്പിന്റെ നിതാന്ത ജാഗ്രതയും ചട്ടങ്ങള്‍ കര്‍ക്കശമായി നിര്‍മ്മിക്കപ്പെട്ടതു മൂലവും മാത്രമാണ്.
മരം – ക്വാറി – ഭൂ മാഫിയയുടെ ദീര്‍ഘകാലത്തെ യത്‌നം വിജയം കണ്ടതിനെ തുടര്‍ന്നാണ് വയനാട് കൂടാതെ തൃശ്ശൂരിലും പത്തനംതിട്ടയിലും കാസര്‍കോടും ഇനിയും അറിയപ്പെടാനിരിക്കുന്ന നിരവധി പ്രദേശങ്ങളിലും മരം കൊള്ള അരങ്ങേറിയത്. കേരള സംസ്ഥാന രൂപീകരത്തിനു ശേഷമുള്ള ഏറ്റവും ഹീനവും ദുരന്ത ജന്യവും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായ പ്രകൃതിധ്വംസനമാണ് കഴിഞ്ഞ നവംബര്‍ മുതല്‍ ഫെബ്രുവരി ആദ്യവാരം വരെ വയനാട്ടിലെ മുട്ടില്‍ വില്ലേജിലും കേരളത്തിലെ മറ്റിടങ്ങളിലും ഉണ്ടായത്. അതുണ്ടാക്കുന്ന പ്രത്യാഘാതം കൊറോണയുടെതിനെക്കാള്‍ മാരകമായിരിക്കുമെന്ന് തീര്‍ച്ച. ചോര ആരുടെയൊക്കെ കൈകളിലാണുള്ളതെന്ന് ഇനിയും പൂര്‍ണ്ണമായി അനാവരണം ചെയ്യപ്പെട്ടിട്ടില്ല.
പരിസ്ഥിതി ദുരന്തങ്ങള്‍ നിതാന്തമായി വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് കേരളം. നിനച്ചിരിക്കാത്ത സമയത്താണ് കൂനിന്മേല്‍ കുരുവെന്ന പോലെ കൊറോണയില്‍ നാം അമര്‍ന്നത്. ആവാസസ്ഥാനങ്ങളുടെ നാശം മൂലം അവിടങ്ങളില്‍ നിന്നും ബഹിഷ്‌കൃതരായ വന്യജീവികളില്‍ നിന്നാണ് സാര്‍സ്സും എബോളയും നിപ്പയും കുരങ്ങുപനിയും കൊറോണയും മനുഷ്യനിലേക്ക് സംക്രമിച്ചതെന്ന് കണ്ടെത്തിക്കഴിഞ്ഞു. നന്നെ ശോഷിച്ച, തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുന്ന ആവാസവ്യവസ്ഥകള്‍ പുനരുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനു പകരം ഉന്മൂലനം ചെയ്യുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതു പോലെ ആത്മഹത്യാപരവും മാതൃഹത്യ പോലെ നിന്ദ്യവുമാണ്.
വയനാട് എക്‌സ് സര്‍വ്വീസ്‌മെന്‍ കോളനൈസേഷന്‍ സ്‌കീമിലെ 1 ലക്ഷം ഏക്കര്‍ ഭൂമിയിലെ റിസര്‍വ്വു ചെയ്ത 50 ലക്ഷം ക്യുബിക് മീറ്റര്‍ തേക്ക്, ഈട്ടി മരങ്ങള്‍ സര്‍ക്കാര്‍ 1993 ല്‍ വെട്ടിയെടുക്കുകയുണ്ടായി. അവശേഷിക്കുന്നവ ഇപ്പോഴും മുറിച്ചു കൊണ്ടിരിക്കുകയുമാണ്. ക്യുബിക് മീറ്ററിന് ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ രൂപക്കാണ് ഈ തടികള്‍ വിറ്റതെങ്കിലും ഭൂ ഉടമകള്‍ക്ക് 4500 രൂപ വീതമാണ് നഷ്ടപരിഹാരം എന്ന നിലയില്‍ നല്‍കിയത്. ണഇട ഭൂമി സര്‍ക്കാര്‍ ഭൂമിയല്ല. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത കേരളീയരായ വിമുക്തഭടന്മാരെ പുനരധിവസിപ്പിക്കാന്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പോസ്റ്റ് വാര്‍ റോയല്‍ ഫണ്ട് ഉപയോഗിച്ച് വിദേശ സര്‍ക്കാര്‍ വില കൊടുത്ത് നിലമ്പൂര്‍ കോവിലകത്തു നിന്നും വാങ്ങിയതാണ് ഈ ഭൂമി. ഇവിടുത്തെ ദശലക്ഷക്കണക്കിന് മരങ്ങള്‍ വന്‍ ഭൂ ഉടമകള്‍ക്ക് വിട്ടുകൊടുത്ത സര്‍ക്കാര്‍ വിമുക്തഭടന്മാരുടെ ന്യായമായ മരവില പലിശ സഹിതം തിരിച്ചുനല്‍കാന്‍ ബാദ്ധ്യസ്ഥമാണ്.
കക്കി മരം കുംഭകോണം
കേരളത്തില്‍ ഏറ്റവും പഴക്കം ചെന്ന മരം കുംഭകോണം രണ്ടാം ഇ.എം.എസ് മന്ത്രിസഭയിലെ എം.കെ.കൃഷ്ണനുമായി ബന്ധപ്പെട്ടതാണ്. കക്കി മരം കുംഭകോണമെന്നാണ് അതറിയപ്പെടുന്നത്. ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ ഈ അനീതി ആവര്‍ത്തിക്കുന്നു. കേരള സംസ്ഥാനം ഇന്നു വരെ കണ്ട ഏറ്റവും വലിയ മരം വെട്ട്ഗൂഢാലോചനയാണ് മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് നടന്നത്. കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് തീര്‍ച്ചയാണ്. കൊള്ളസംഘത്തിന്റെ വന്‍ സ്വപ്‌നങ്ങളാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ വയനാട്ടില്‍ തകര്‍ന്നു വീണത്. എം.കെ സമീര്‍ എന്ന അസാമാന്യ ഇച്ഛാശക്തിയും സത്യസന്ധതയുമുള്ള റെയിഞ്ച് ഓഫീസറാണ് അത്യുന്നതര്‍ക്ക് പങ്കുള്ള ഈ മരംവെട്ട് റാക്കറ്റിന്റെ നീക്കം തകര്‍ത്തത്.
ഫെബ്രുവരി മാസം ആദ്യമാണ് വയനാട് ജില്ലയിലെ വാഴവറ്റ പ്രദേശത്ത് വീട്ടിമരങ്ങള്‍ നിയമവിരുദ്ധമായി മുറിക്കുന്ന വിവരം പ്രകൃതിസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയുന്നത്. മരം മുറിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടത് അവിശ്വസനീയമായ കാഴ്ചകളായിരുന്നു. വാഴവറ്റ കൂടാതെ ആവിലാട്ടു കുന്ന്, കരിങ്കണ്ണിക്കുന്ന് തുടങ്ങിയ പ്രദേശത്തെ സാധാരണക്കാരായ ഭൂഉടമസ്ഥരുടെ പറമ്പുകളില്‍ തലങ്ങും വിലങ്ങും കൂറ്റന്‍ വീട്ടിമരങ്ങള്‍ മുറിച്ചിട്ടിരിക്കുന്ന കാഴ്ച കണ്ട് ഞങ്ങള്‍ അമ്പരന്നു. അഞ്ഞൂറിലധികം കൊല്ലം പഴക്കമുള്ളവയടക്കമുണ്ട് മുറിച്ചിട്ടവയുടെ കൂട്ടത്തില്‍. ആദിവാസി ഗോത്ര വിഭാഗത്തില്‍ പെട്ട രവിയുടെ പറമ്പില്‍ 5 മരങ്ങള്‍ മുറിച്ചിട്ടിരുന്നു. ഏതാണ്ട് 5 ലക്ഷം രൂപ വിലവരുന്ന രവിയുടെ മരത്തിന് 20000 രൂപയാണ് വില നിശ്ചയിച്ചത്. 5000 രൂപ അഡ്വാന്‍സ് കൊടുത്താണ് മരം മുറിച്ചത്. പോടായിപ്പോയതിനാല്‍ ബാക്കി തരില്ലെന്നും പറഞ്ഞു. വാഴവറ്റയിലെ റോജി അഗസ്റ്റിന്‍ ആണ് മരം വാങ്ങിയതെന്നും രവി പറഞ്ഞു. ഈ പ്രദേശത്തെ 40 ഓളം വരുന്ന ഉടമകളില്‍ നിന്നും കോടികള്‍ വിലവരുന്ന 300 ലധികം വീട്ടികള്‍ മുറിച്ചിട്ടതായും മനസ്സിലായി.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റെയിഞ്ചില്‍പ്പെട്ട സ്ഥലങ്ങളാണിത്. റോജി അഗസ്റ്റിന്‍ അടക്കം 25 പേര്‍ വീട്ടിമരം മുറിക്കാനുള്ള പാസ്സിനായി രണ്ടു മാസം മുന്‍പ് അപേക്ഷിച്ചിരുന്നു. റിട്ടയര്‍മെന്റ് സമയമടുത്ത അന്നുണ്ടായിരുന്ന റെയിഞ്ചാപ്പീസര്‍ അപേക്ഷയില്‍ തീരുമാനമെടുത്തില്ല. ജനുവരി ആദ്യം ചുമതലയേറ്റ എ. കെ.സമീര്‍ അപേക്ഷ നിരസിച്ചു. പാസ്സ് നല്‍കുന്നതിന് വലിയ സമ്മര്‍ദ്ദം അദ്ദേഹത്തില്‍ ഉണ്ടായെങ്കിലും വഴങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല സമീര്‍.
സമീര്‍ പാസ്സ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പുറംലോകം വീട്ടിമരക്കള്ളവെട്ട് അറിയുന്നത്. സമീര്‍ പോലും നിനക്കാത്ത , കേരള സംസ്ഥാനം രൂപംകൊണ്ട ശേഷം ഉണ്ടായ ഏറ്റവും ആസൂത്രിതവും സുസംഘടിതവുമായ, സുദീര്‍ഘ ഗൂഢാലോചനയാണ് തുടര്‍ന്ന് അനാവരണം ചെയ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ നാല്‍പ്പതിനായിരം കോടി രൂപയുടെ സ്വത്ത് ഒരു മാഫിയ സംഘം കൊള്ളയടിക്കുമായിരുന്നതാണ് തടയപ്പെട്ടത്.
കേരളത്തെ മരുഭൂമിയാക്കാനും പശ്ചിമഘട്ട മലഞ്ചരിവുകളില്‍ വന്‍ പരിസ്ഥിതിദുരന്തമുണ്ടാക്കാനും ഇടവരുത്തുമായിരുന്ന ഈ ഉത്തരവിനു പിന്നില്‍ വയനാട്ടുകാരനായ റോജി അഗസ്ത്യന്റെ യുംഅയാളുടെ അനിയന്‍ ആന്റ്റോ അഗസ്ത്യന്റെയും നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെയുള്ള മരം ലോബിയാണ് ചരടുവലിച്ചത്. പ്രതിപക്ഷമോ മാധ്യമങ്ങളോ കമാന്ന് മിണ്ടിയില്ല. നമ്മുടെ മിക്ക പരിസ്ഥിതി പ്രവര്‍ത്തകരും പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെട്ടിട്ടും അനങ്ങിയില്ല. അപൂര്‍വ്വം ചിലര്‍ മാത്രമാണ് പ്രതികരിച്ചത്. വന്‍ സാമ്പത്തിക തിരിമറി ഈ ഉത്തരവിനു പിന്നില്‍ വ്യക്തമായിരുന്നു.
തൃശ്ശൂരിലെ ‘ഒണ്‍ എര്‍ത്ത് ഒണ്‍ലൈഫ്’ എന്ന സംഘടനയുടെ ടോണി തോമസ്സ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പ്രസ്തുത ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു. അതിനെ തുടര്‍ന്നാണ് റവന്യൂ സെക്രട്ടറി ജയതിലകിനെ സ്വാധീനിച്ച് 2020 ഒക്‌ടോബര്‍ 17 ന് പുതിയ ഉത്തരവിറക്കിയത്.
ഏറെ വിചിത്രവും മുന്‍പ് കേട്ടുകേള്‍വിയില്ലാത്തതുമായ ഒരുത്തരവായിരുന്നു അത്. പട്ടയം ലഭിച്ച ശേഷം മുളച്ചു വന്നതും വച്ചുപിടിപ്പിച്ചതുമായ മരങ്ങള്‍ക്കൊപ്പം മരവിലയടച്ച റിസര്‍വ്വ് ചെയ്ത മരങ്ങളും മുറിക്കാമെന്നു വ്യക്തമാക്കുന്ന ഉത്തരവില്‍ മരം മുറിക്കാന്‍ തടസ്സം നില്‍ക്കുന്നവരെ ശിക്ഷിക്കുമെന്ന താക്കീതും ഉണ്ട്. ഒരു സര്‍ക്കാര്‍ ഉത്തരവില്‍ ഇത്തരം ഭീഷണി മുന്‍പ് കേട്ടുകേള്‍വിയില്ലാത്തതാണ്. മരവില അടച്ച ഒരൊറ്റ മരവും റിസര്‍വ്വ് ചെയ്തിട്ടില്ലെന്ന് അറിയാത്തയാളല്ല റവന്യു സെക്രട്ടറി. ഉത്തരവിനെ അവ്യക്തവും സങ്കീര്‍ണ്ണവുമാക്കിയത് മരം കൊള്ളക്ക് അരങ്ങൊരുക്കാനാണെന്ന് തീര്‍ച്ചയാണ്. മര റാക്കറ്റിന് ഉന്നതഉദ്യോഗസ്ഥരില്‍ ഉള്ള സ്വാധീനവും മരം മുറിക്കാന്‍ അവര്‍ക്കുള്ള അത്യുത്സാഹവും ഈ ഉത്തരവില്‍ പ്രകടമാണ്. ഈ ഉത്തരവിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് കേരള ഹൈക്കോടതി ജൂണ്‍ 9 നു വാക്കാല്‍ അഭിപ്രായപ്പെടുകയുണ്ടായി.
2020 ഒക്ടോബര്‍ 23ന്ന് പുറത്തു വന്ന ഈ ഉത്തരവ് ദുര്‍വ്യാഖ്യാനിച്ചാണ് വയനാട്, തൃശ്ശൂര്‍, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ റവന്യൂ – വനം ഉദ്യോഗസ്ഥരുടെ ലോഭമില്ലാത്ത സഹകരണത്തോടെ വന്‍ മരംമുറി അരങ്ങേറിയത്. കഷ്ടിച്ച് രണ്ട് മാസം കൊണ്ടാണ് 100 കോടിയില്‍ അധിക വിലവരുന്ന ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചുകടത്തിയത്.
വയനാട്ടില്‍ നടന്നതിനെക്കാള്‍ വലിയ മരംകൊള്ളയാണ് ഈ ഉത്തരവ് മറയാക്കി സംസ്ഥാനത്തുടനീളം നടന്നത്. തൃശ്ശൂരില്‍ 510 മരങ്ങള്‍ക്കാണ് പാസ്സ് നല്‍കിയത്. എറണാകുളത്തും ഇടുക്കിയിലും 600 വീതം മരങ്ങള്‍ക്ക് പാസ്സ് നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ മുറിച്ചത് 150 മരങ്ങളാണ്. കാസര്‍കോടും മരംമുറി നടന്നിട്ടുണ്ട്. ഇതുവരെ വന്ന കണക്കനുസരിച്ച് 2500 വീട്ടിമരങ്ങളെങ്കിലും കോടാലിക്കിരയായി. ഇത്രയും വ്യാപകവും ഭയാനകവുമായ മരംമുറിക്ക് കാരണമായ നിയമവിരുദ്ധമായ ഒരു ഉത്തരവ് ഇറക്കാന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി മാത്രം ധൈര്യപ്പെടില്ല. അത്യുന്നതമായ രാഷ്ട്രീയ പിന്‍ബലമില്ലാതെ അത് അസംഭവ്യമാണ്. അതിനിയും പൊതുസമൂഹത്തിനു മുന്‍പാകെ വെളിപ്പെട്ടിട്ടില്ല.
മരം റാക്കറ്റിന്റെ മുഖ്യ സൂത്രധാരനായ റോജി അഗസ്റ്റിനും സഹോദരന്‍ ആന്റ്റോ അഗസ്റ്റിനും വയനാട് ആകെ വെളുപ്പിക്കാനുള്ള സര്‍വ്വ സന്നാഹങ്ങളും കടുകിട തെറ്റാത്ത ആസൂത്രണത്തിലൂടെ പൂര്‍ത്തീകരിച്ചു കഴിഞ്ഞിരുന്നു. അയാള്‍ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും നിലവിലില്ലാത്ത മര ഡെപ്പോയ്ക്ക് പ്രോപ്പര്‍ട്ടി മര്‍ക്ക് റജിസ്‌ട്രേഷന്‍ സമ്പാദിച്ചു. മരങ്ങള്‍ കടത്തിക്കൊണ്ടുപോകാനുള്ള ഫോറം 4 ഉം സമ്പാദിച്ചു. മിന്നല്‍ വേഗത്തിലാണ് അവയൊക്കെ തരപ്പെടുത്തിയത്.
സര്‍ക്കാരില്‍ നിക്ഷിപ്തമായ അനേകായിരം കോടി രൂപ വിലവരുന്ന തേക്ക്, വീട്ടി, ചന്ദനം എന്നീ മരങ്ങളുടെ സംരക്ഷണച്ചുമതല വില്ലേജ് ആപ്പീസര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെയുള്ളവര്‍ക്കും റവന്യൂ പ്രിന്‍സിപ്പിള്‍ സെക്രട്ടറിക്കുമുണ്ട്. കലക്ടറാണ് അവയുടെ കസ്റ്റോഡിയന്‍. റവന്യൂ വകുപ്പ് എന്‍.ഒ.സി. നല്‍കിയാല്‍ മാത്രമെ സ്വകാര്യ ഭൂമിയിലെ മരങ്ങള്‍ക്ക് വനം വകുപ്പ് ട്രാന്‍സിറ്റ് പാസ്സ് നല്‍കുകയുള്ളൂ. മരം മുറിക്കുന്നതിന് മുന്‍പ് കട്ടിംഗ് പെര്‍മിഷന്‍ എടുക്കേണ്ടതുണ്ട്.
റോജി അഗസ്റ്റിന്‍ വീട്ടിമരങ്ങള്‍ വാങ്ങിയ പട്ടയദാര്‍മാര്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ എന്‍.ഒ.സി നല്‍കിയിട്ടുണ്ട്. ലൊക്കേഷന്‍ സ്‌കെച്ച്, കൈവശ സര്‍ട്ടിഫിക്കറ്റ്, ആധാരത്തിന്റെ പകര്‍പ്പ് തുടങ്ങിയ സകലവിധ രേഖകളും നല്‍കിയിട്ടുണ്ട്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ ശുപാര്‍ശയും പരിശോധനാ റിപ്പോര്‍ട്ടും ഉണ്ട്. അവര്‍ പെര്‍മിറ്റിനും പാസ്സിനുമുള്ള അപേക്ഷ നല്‍കുകയും വീട്ടിമരങ്ങള്‍ മുറിച്ച് ചെത്തിമിനുക്കി കടത്തിക്കൊണ്ടുപോകാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയും ചെയ്തു. അതിനിടെ പെരുമ്പാവൂരിലെ മലബാര്‍ ടിമ്പര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സുമായി പതിനായിരം ക്യൂബിക്ക് മീറ്റര്‍ വീട്ടിത്തടി നല്‍കാനുള്ള കരാര്‍ റോജി ഒപ്പിടുകയും ഒന്നര കോടി രൂപ അഡ്വാന്‍സായി മീനങ്ങാടി ഫെഡറല്‍ ബാങ്ക് അക്കൌണ്ടിലൂടെ കൈപ്പറ്റുകയു ചെയ്തിരുന്നു. ഇത്രയും മരത്തിന്ന് ചുരുങ്ങിയത് 500 കോടി രൂപ വില വരും.
മേപ്പാടി റെയിഞ്ചാപ്പീസര്‍ പാസ്സ് നിഷേധിച്ചതിനെ തുടര്‍ന്ന് മരംമുറി അനധികൃതമാണെന്ന വിവരം പ്രകൃതിസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയുകയും പത്രക്കുറിപ്പിലൂടെയും പിന്നീട് പത്രസമ്മേളനം നടത്തിയും വിവരം ബാഹ്യലോകത്തെ അറിയിക്കുകയും ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. ഫെബ്രുവരി 2 ന് നടന്ന പത്ര സമ്മേളനത്തെ തുടര്‍ന്ന് മരംകൊള്ള വിവാദമായപ്പോള്‍ സര്‍ക്കാര്‍ 2020 നവംബര്‍ 27 ലെ ഉത്തരവ് മൂന്നാം തീയതി തന്നെ റദ്ദാക്കിയെങ്കിലും കേരളത്തിലുടനീളം വലിയ രീതിയില്‍ മരംകൊള്ള പൂര്‍ത്തീകരിച്ചു കഴിഞ്ഞിരുന്നു. വയനാട് പ്രകൃതിസംരക്ഷണ സമിതിയുടെയും മാധ്യമ പ്രവര്‍ത്തകരുടെയും നിതാന്ത ജാഗ്രത കൊണ്ടു മാത്രമാണ് ബാക്കി മരങ്ങള്‍ രക്ഷപ്പെട്ടതും മുറിച്ചവ കടത്തിക്കൊണ്ടു പോകാതിരുന്നതും.
പത്രങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് അഞ്ചാം തീയതി രാത്രി തന്നെ പെരുമ്പാവൂരിലേക്ക് കടത്തിയ 50 ലക്ഷം രൂപ വിലവരുന്ന ഈട്ടിത്തടി പെരുമ്പാവൂരില്‍ നിന്നും റെയിഞ്ചാപ്പീസര്‍ സമീറും സംഘവും 8 ന് പിടിച്ചെടുത്ത് കണ്ടുകെട്ടി. റെയിഞ്ച് ഓഫീസര്‍ സമീറിനെതിരെ പ്രതികാര ദാഹം ആളി കത്തിയതിനെ തുടര്‍ന്ന് മര മാഫിയ അയാള്‍ക്കെതിരെ കള്ളക്കേസ്സെടുക്കാന്‍ വൃഥാ ശ്രമിച്ചുനോക്കി. ഗുണ്ടായിസവും പ്രയോഗിച്ചു. ബ്ലാക്ക്‌മെയിലിംഗ് പറ്റുമോ എന്നും നോക്കി. ഉന്നതരായ ചില വനം വകുപ്പ് ഉദ്യോഗസ്ഥരും റോജി അഗസ്റ്റിനു വേണ്ടി സമീറിനെ ദ്രോഹിക്കാന്‍ തയ്യാറായത് വനം വകപ്പിലും അയാള്‍ക്കുള്ള സ്വാധീനത്തിന്റെ തെളിവാണ്. കോഴിക്കോട്ടെ ചില ചാനല്‍ മേധാവികളും ഇതില്‍ പങ്കാളികളാണ്.
റവന്യൂ വകുപ്പും ജില്ലാ കലക്ടറും ഇപ്പോഴും വൃത്തി കെട്ട കളികള്‍ തുടരുകയാണ്. ഒരു വില്ലേജ് ഓഫീസറെ സസ്‌പെന്റ് ചെയ്ത് രക്ഷപ്പെടാനും റോജി അഗസ്റ്റിനെ രക്ഷിക്കാനുമാണ് ജില്ലാ കലക്ടര്‍ ശ്രമിച്ചത്. അയാള്‍ക്കെതിരെ വനവാസികളെ വഞ്ചിച്ചതിന് ട്രൈബല്‍ അട്രോസിറ്റീസ് ആക്ടനുസരിച്ചോ, പൊതുമുതല്‍ മോഷ്ടിച്ചതിനുള്ള ക്രിമിനല്‍ കേസ്സൊ പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി. പി.പി ആക്ട് അനുസരിച്ചോ കേസ്സെടുക്കാന്‍ ആദ്യം തയ്യാറായില്ല. പൊലീസില്‍ കേസ്സ് നല്‍കിയത് സംഭവം നടന്ന് നാല് മാസം കഴിഞ്ഞ് ജൂണ്‍ 8 നു ആണ്. മുറിച്ചിട്ട സര്‍ക്കാര്‍ മരങ്ങള്‍ വനം വകുപ്പാണ് കണ്ടു കെട്ടിയത്. ഉത്തരവാദികള്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. റോജി അഗസ്റ്റിന്‍ വ്യാജരേഖകള്‍ നല്‍കി സമ്പാദിച്ച പ്രോപ്പര്‍ട്ടിമാര്‍ക്കു റജിസ്‌ട്രേഷന്‍ പോലും വനംവകുപ്പു ഇതുവരെ റദ്ദാക്കിയിട്ടില്ല. മരംമുറിക്ക് കേസ്സെടുത്ത് നാലു മാസമായിട്ടും റോജി സഹോദരങ്ങള്‍ കലക്ട്രേറ്റിലും സെക്രട്ടറിയറ്റിലും സൈ്വര്യ വിഹാരം നടത്തിക്കൊണ്ടിരിക്കുന്നു.
ദേശാന്തര കീര്‍ത്തിയുള്ള വയനാടന്‍ വീട്ടി
സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള വിവിധ ബാങ്കു തട്ടിപ്പുകള്‍, വാഹന ഇന്‍ഷൂറന്‍സ് തട്ടിപ്പ് തുടങ്ങിയ കുപ്രസിദ്ധ തട്ടിപ്പുകള്‍ വിനോദവും ജീവിതചര്യയുമാക്കിയവരും ഒന്നിലധികം മാധ്യമങ്ങളില്‍ ഡയറക്ടര്‍മാരും മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളും ഭരണ പ്രതിപക്ഷ ഉന്നതരുടെ ഉറ്റ തോഴരുമായ റോജി സഹോദരങ്ങള്‍ വയനാട്ടിലെ റവന്യു ഉദ്യോഗസ്ഥരെ ഒന്നടങ്കം സ്വാധീനിച്ചു കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തും വേണ്ടത്ര പിന്‍തുണ ഇയാള്‍ക്കുണ്ടായിരുന്നു. വയനാട്ടിലെ പട്ടയഭൂമികളില്‍ സര്‍ക്കാര്‍ റിസര്‍വ്വ് ചെയ്ത കൂറ്റന്‍ വീട്ടിമരങ്ങളിലാണ് ഇവരുടെ കഴുകന്‍ കണ്ണുകള്‍ ചുറ്റിക്കറങ്ങിയത്. വീട്ടിമരങ്ങള്‍ പശ്ചിമഘട്ട മലനിരകളിലെ ഉള്ളൂ. അതിന്റെ വന്‍ശേഖരമുണ്ടായിരുന്നത് വയനാട്ടിലാണ്. വയനാടന്‍ വീട്ടിത്തടികള്‍ക്ക് ദേശാന്തര കീര്‍ത്തിയുണ്ട്. യൂറോപ്പിലാകെ വയനാടന്‍ വീട്ടിയുടെ പെരുമയുണ്ട്. 500 മുതല്‍ 1000ത്തിലധികം വരെ വര്‍ഷം പഴക്കമുള്ള വീട്ടികള്‍ വയനാട്ടിലുണ്ട്. അവയില്‍ ഭൂരിഭാഗവും വിവിധ കാലങ്ങളില്‍ അന്യം നിന്നുപോയി എന്നത് മറ്റൊരു ദുരന്തം.
വയനാട്ടിലെ മരംകൊള്ളയുടെ അന്വേഷണം വനം – റവന്യൂ വകുപ്പുകള്‍ നടത്തിയതു കൊണ്ട് ഒരു പ്രയോജനവുമില്ല. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പോലീസിലെ ഉന്നത ഉേദ്യാഗസ്ഥരുടെ സംയുക്ത സംഘം അന്വേഷിച്ചാലേ മുഖ്യമന്ത്രിയുടെയും വനം മന്ത്രിയുടെയും ഓഫീസും സീനിയറായ ഐ.എ.എസ്, ഐ.എഫ്. എസ് ഉദ്യോഗസ്ഥരും, ഇനിയും വെളിപ്പെടാത്ത ഉന്നത രാഷട്രീയ നേതാക്കളും ഉള്‍പ്പെടുന്ന, സംസ്ഥാനത്തിന്റെ അമൂല്യ സമ്പത്ത് കൊള്ളയടിക്കാന്‍ നടത്തിയ രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട മരംകൊള്ള അഴിമതി അനാവരണം ചെയ്യപ്പെടുകയുള്ളൂ.