പൊതുമുതല്‍ കൊള്ളയടിക്കുന്നതിനെയാണ് നാം അഴിമതി എന്നു പറയുന്നതെങ്കില്‍ മുട്ടില്‍ മരംമുറി ലക്ഷണമൊത്ത അഴിമതിയാണെന്ന് പറയേണ്ടി വരും. അഴിമതികള്‍ക്ക് പേരുകേട്ട ഒന്നാം വിജയന്‍ സര്‍ക്കാര്‍ അവരുടെ ഭരണ കാലാവധിയുടെ അവസാന നാളുകളില്‍ നടത്തിയ ഒരു തീവെട്ടികൊള്ളയുടെ ഭീഷണചിത്രം ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജനാധിപത്യമെന്നാല്‍ തങ്ങളെ കൊള്ളയടിക്കാനുള്ള സംഘത്തെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണോ എന്ന് ആശങ്കിച്ചുപോകും പുറത്തു വരുന്ന വാര്‍ത്തകള്‍ കേട്ടാല്‍. കേരളം കോവിഡ് എന്ന മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരുന്നപ്പോള്‍ ഒട്ടും ജനശ്രദ്ധ ഉണ്ടാവില്ലെന്നുറപ്പു വരുത്തി റവന്യു സെക്രട്ടറി ഡോ.വേണു ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലാണ് കോടികള്‍ വിലമതിക്കുന്ന വനവൃക്ഷങ്ങള്‍ മുറിച്ചു കടത്തിയിരിക്കുന്നത്. വകുപ്പ് മന്ത്രിമാരും മുഖ്യമന്ത്രിയും അറിയാതെ എന്തായാലും റവന്യു സെക്രട്ടറിക്ക് തന്നിഷ്ട പ്രകാരം ഉത്തരവിറക്കാനാവില്ലല്ലോ?
കേരളത്തിന്റെ റവന്യു പട്ടയഭൂമിയിലുള്ള ഒമ്പതിനം മരങ്ങള്‍ ഭൂമി ഉടമസ്ഥര്‍ക്ക് മുറിക്കാനധികാരമില്ല. അത് സര്‍ക്കാര്‍സ്വത്തായാണ് കണക്കാക്കപ്പെടുന്നത്. പട്ടയ ഭൂമികള്‍ ഒരു കാലത്ത് വനമോ വനത്തിന്റെ പരിസരമോ ആയിരുന്നതിനാലാണ് അവിടെ വന്‍മരങ്ങള്‍ കാണപ്പെടുന്നത്. അതായത് വനം കൈയേറ്റത്തിന്റെ ശേഷിക്കുന്ന അടയാളങ്ങളാണ് ഈ വന്‍മരങ്ങള്‍. കൈയേറ്റക്കാര്‍ അടിക്കാടുകള്‍ വെട്ടിച്ചുട്ട് കൃഷിയിറക്കിയാണല്ലോ വനഭൂമി കൃഷിഭൂമിയാക്കുന്നത്. ഇങ്ങനെ കൈയേറുന്ന ഭൂമിക്ക് മാറി മാറി വന്ന സര്‍ക്കാറുകള്‍ പട്ടയം നല്‍കി കൈയേറ്റത്തിന് നിയമസാധുത നല്‍കുന്നു. അപ്പോഴും പട്ടയ ഭൂമിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വനവൃക്ഷങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ സമ്മതിച്ചിരുന്നില്ല. ഇത്തരം മരങ്ങള്‍ മുറിച്ചുമാറ്റിയാലുള്ള പരിസ്ഥിതിദുരന്തങ്ങളെക്കുറിച്ച് അറിയുന്നതിനാലാണത്.കിഴക്കു നിന്നും പടിഞ്ഞാറേക്ക് ചരിഞ്ഞുകിടക്കുന്ന കേരളം മഴയില്‍ ഒലിച്ച് അറബിക്കടലില്‍ ചെന്നു ചേരാത്തത് വന്‍മരങ്ങള്‍ അവയുടെ വേരുപടലങ്ങള്‍ കൊണ്ട് മണ്ണിനെ ചേര്‍ത്തുപിടിക്കുന്നതുകൊണ്ടാണ്. എന്നാല്‍ വ്യാപകമായ മരം മുറിയും കാടുകൈയേറ്റവും കൊണ്ട് കേരളം ഇന്നൊരു പരിസ്ഥിതിദുരന്തത്തിന്റെ വക്കിലാണ്. മലയിടിച്ചിലും ഉരുള്‍പൊട്ടലും മറ്റ് പ്രകൃതി ദുര ന്തങ്ങളുംകൊണ്ട് കേരളം നാശഗര്‍ത്തത്തിലേക്ക് പ്രതിനിമിഷം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു എന്ന് മാധവഗാഡ്ഗില്‍ തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയെങ്കിലും അതൊന്നും ശ്രവിക്കാവുന്ന അവസ്ഥയിലല്ല മലയാളി എന്നതാണ് സത്യം. കേരളത്തിന്റെ റവന്യു പട്ടയഭൂമിയില്‍ നിന്നും ചന്ദനമൊഴികെ ഈട്ടി, തേക്ക്, വെള്ളകില്‍, തേമ്പാവ്, കമ്പകം, ചടച്ചി, ചന്ദനവേമ്പ്, ഇരൂള്‍ തുടങ്ങിയ വനവൃക്ഷങ്ങള്‍ വെട്ടിമാറ്റാം എന്ന ഉത്തരവിന്റെ മറവില്‍ കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടിക്കടത്തിക്കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ നേതാക്കന്മാരും ഉന്നത ഉദ്യോഗസ്ഥ വൃന്ദവും ചേര്‍ന്നു നടത്തിയ ഈ തീവെട്ടിക്കൊള്ളയില്‍ നഷ്ടമായ പൊതുമുതലിന്റെ വില കണക്കാക്കാനാവില്ല. വെട്ടിക്കടത്തിയ മരത്തിന്റെ വിലയേക്കാള്‍ എത്രയൊ ഉയരെയാണ് അതിന്റെ പാരിസ്ഥിതിക മൂല്യം. കഴിഞ്ഞ നവംബറില്‍ ആരംഭിച്ച മരം മുറി ഈ വര്‍ഷം ഫെബ്രുവരി വരെ നിര്‍ബാധം തുടര്‍ന്നു. വയനാട് മേപ്പാടി റേഞ്ചില്‍ നടന്ന അനധികൃതമായ മരം മുറി ശ്രദ്ധയില്‍ പെട്ട റേഞ്ച് ഓഫീസര്‍ സമീര്‍ എന്ന ഉദ്യോഗസ്ഥന്റെ ധീരമായ നിലപാട് ഒന്നുകൊണ്ടു മാത്രമാണ് ഈ വന്‍ കൊള്ള പിടിക്കപ്പെട്ടത്. സത്യസന്ധനായ സമീറിനെതിരെ വ്യാജ അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടാക്കുന്ന തിരക്കിലാണ് അധികൃതര്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. സത്യസന്ധരായ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജോലിക്കു മാത്രമല്ല ജീവനും സ്വത്തിനും വരെ ഭീഷണി ഉണ്ടെന്നാണ് മനസ്സിലാകുന്നത്.
ഒരു വിഭാഗം റവന്യു ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും സര്‍ക്കാരിലെ ഉന്നതന്മാരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2020 മാര്‍ച്ച് 11 ന് റവന്യു സെക്രട്ടറി ഇറക്കിയ ഉത്തരവ് തികഞ്ഞ അവ്യക്തതകള്‍ ഉള്ളതായിരുന്നു. ഈ അവ്യക്തത മരം കൊള്ളക്കാര്‍ക്ക് വേണ്ടി ബോധപൂര്‍വ്വം വരുത്തിയതാണെന്നുവേണം അനുമാനിക്കാന്‍. ഉദ്യോഗസ്ഥരുടെ അറിവുംഒത്താശയും മാത്രമല്ല പങ്കാളിത്തവും ഈ മരം കൊള്ളയ്ക്ക് പിന്നിലുണ്ടെന്നത് പകല്‍ പോലെ വ്യക്തമാണ്. ഉത്തരവിന്റെ മറവില്‍ വയനാട്ടിലെ മുട്ടില്‍ മാത്രമല്ല മരം മുറി നടന്നിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ മച്ചാട്ടുനിന്നും പത്തനംതിട്ട, കാസര്‍കോട്, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ നിന്നും കോടികളുടെ സംരക്ഷിത മരങ്ങളാണ് മുറിച്ചു കടത്തിയിരിക്കുന്നത്. മരം മുറിച്ച മാഫിയ സംഘത്തലവന്‍ മുഖ്യമന്ത്രിയോടും വനംമന്ത്രിയോടും ഒക്കെ ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്ന തോടെ മരക്കച്ചവടക്കാര്‍ സാധാരണക്കാരല്ല എന്ന് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. പട്ടയ ഭൂമിയുടെ ഉടമസ്ഥര്‍ പലര്‍ക്കും തുച്ഛമായ വില നല്‍കിയാണ് കച്ചവടക്കാര്‍ മരം മുറിച്ചിരിക്കുന്നത്. അമ്പത്തിനാല് ലക്ഷം രൂപയ്ക്ക് വിറ്റു പോയ തേക്കുമരത്തിന് സ്ഥലമുടമയ്ക്ക് ലഭിച്ചത് മൂന്നു ലക്ഷമാണ് എന്നറിയുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാകുക. വനവാസികളാണ് ഏറെ വഞ്ചിക്കപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നാല്‍പ്പതിനായിരം കോടിയോളം രൂപ വിലമതിക്കുന്ന വനവൃക്ഷങ്ങളാണ് അധികൃതരുടെ ഒത്താശയോടെ കൊള്ളയടിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ മൂന്നു റേഞ്ചുകളില്‍ നിന്നു മാത്രം അഞ്ചുകോടി രൂപ വില വരുന്ന തേക്കും ഈട്ടിയും വെട്ടിക്കടത്തി എന്നാണ് അറിയാന്‍ കഴിയുന്നത്. വനം വകുപ്പിലെ ഉന്നതന്മാര്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്തതിന്റെ വിവരങ്ങള്‍ പ്രതികളുടെ മൊബൈല്‍ഫോണ്‍ സംഭാഷണത്തില്‍ നിന്നു തന്നെ വ്യക്തമാണ്. നിലവില്‍ കേസിന്റെ ഗതി ആശാവഹമാണെന്ന് പറയാന്‍ വയ്യ. പട്ടയ ഭൂമിയിലെ മരം കൊള്ളയില്‍ ഭൂ ഉടമകള്‍ക്കെതിരെ മാത്രം കേസ്സെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെയും മരവ്യാപാരികളെയും രാഷ്ട്രീയ നേതാക്കളെയും രക്ഷിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നുവേണം മനസ്സിലാക്കാന്‍. നിലവില്‍ വനം, റവന്യു വകുപ്പുകളും പോലീസും ചേര്‍ന്നു നടത്തുന്ന അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. നിഷ്പക്ഷ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരുകയും പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിക്കുകയും ചെയ്യണമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ തന്നെ കേസ് അന്വേഷിക്കേണ്ടതുണ്ട്. പരിസ്ഥിതി ദുരന്തത്തിന്റെ വക്കില്‍ നില്‍ക്കുന്ന കേരളം പോലൊരു സംസ്ഥാനത്തിലെ ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്ന നടപടിയായിരുന്നു അനധികൃത മരംമുറി എന്നു മാത്രം പറയട്ടെ.