തിരുവനന്തപുരം: ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം, പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം രാജ്യമൊട്ടാകെ ആഘോഷിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും 75 ആഴ്ച നീണ്ടു നില്ക്കുന്ന ‘ആസാദി കാ മഹോത്സവ്’ ആരംഭിച്ചു. പരിപാടിയുടെ ഉത്ഘാടനം തിരുവിതാംകൂര്‍ രാജ കുടുംബാംഗവും ആംഗലേയസാഹിത്യകാരിയുമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ലോകപ്രശസ്ത കലാകാരനായ ശ്രീനിവാസലുവിന്റെ ലോഹപാളിയിലുള്ള കലാസൃഷ്ടി പുനരുദ്ധരിച്ചതിന്റെ ഉദ്ഘാടനവും നടന്നു.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗതകാല പ്രൗഢി വെളിവാക്കുന്ന സമഗ്രമായ ഡോക്യൂമെന്റ്ററിയുടെ പ്രകാശനം, ഡി.ജി.പി ലോകനാഥ് ബെഹ്റയ്ക്ക് നല്‍കിക്കൊണ്ട് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. കെ ജയകുമാര്‍ നിര്‍വഹിച്ചു. കൂടാതെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ‘സ്മാരകഗ്രന്ഥ’ത്തിന്റെ പ്രകാശനം, ലോഗോ, പെയിന്റിംഗ്, ഫോട്ടോഗ്രാഫി ചിത്ര പ്രദര്‍ശനം എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരിയായ സജിത ആര് ശങ്കര്‍ നിര്‍വഹിച്ചു.
75 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന വിവിധ ശ്രേണികളില്‍ ഒട്ടേറെ പരിപാടികള്‍ ‘ആസാദി കാ മഹോത്സാവ്’വിന്റെ ഭാഗമായി ശ്രീചിത്രയില്‍ ഒരുക്കിയിട്ടുണ്ട്. സെമിനാറുകള്‍, യോഗ, ദണ്ഡി യാത്രയെ സ്മരിക്കുന്ന വാക്കത്തോണ്‍, മ്യൂസിക് നൈറ്റ് എന്നിവ തുടര്‍ ആഴ്ചകളില്‍ ഉണ്ടാകുമെന്നു ശ്രീചിത്രയിലെ ‘ആസാദി കാ മഹോത്സാവ്’ പരിപാടിയുടെ മുഖ്യ സംഘാടക പ്രൊഫ. ആശാലത അറിയിച്ചു. ശ്രീചിത്രയുടെ ടെക്നോളജി വിഭാഗമായ പൂജപ്പുര ബിഎംടി വിങ്, പബ്ലിക് ഹെല്‍ത്ത് വിഭാഗമായ എഎംസി എന്നിവ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.