രാജ്യവിരുദ്ധവും മതഭീകരതയോട് സന്ധി ചെയ്യുന്നതുമായ നിലയിലേക്ക് ഭരണഘടനയുടെ നാലാം തൂണെന്ന് വിശേഷണമുള്ള മാധ്യമരംഗം അധഃപതിച്ച കാഴ്ച കാണണമെങ്കില്‍ കേരളത്തിലേക്ക് നോക്കണം. ഇവിടെ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മറവില്‍ സംഘടിതമായി ഇടത്-ഇസ്ലാമിസ്റ്റ് അച്ചുതണ്ട് രാജ്യത്തെ വെല്ലുവിളിക്കുകയാണ്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതിനപ്പുറം, തങ്ങളുമായി ബന്ധമില്ലാത്ത വിഷയങ്ങളിലടക്കം സ്വയം പ്രതിഷേധത്തിന്റെ ഭാഗമാവുകയും ജനതയെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയും ചെയ്യുന്ന ക്രിമിനല്‍ പ്രവര്‍ത്തനമാണ് കേരളത്തിലെ ഇടത്-ഇസ്ലാമിസ്റ്റ് മാധ്യമ സംഘം നടത്തുന്നത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറിയത് മുതല്‍ തുടങ്ങുന്നു ഈ ആസൂത്രിത നീക്കം.
പ്രധാന സംഭവങ്ങളിലെ മാധ്യമ നിലപാട്
സി എ എ വിഷയമാണ് ഇതില്‍ പ്രധാനപ്പെട്ടത്. അയല്‍പ്പക്കത്ത് മതത്തിന്റെ പേരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ ഇരകളെ ചേര്‍ത്ത് പിടിക്കാന്‍ ഭാരതം കൊണ്ടുവന്ന സി എ എ നിയമത്തിനെതിരെ തെരുവിലിറങ്ങിയ ഏക മാധ്യമ കൂട്ടായ്മ കേരള പത്രപ്രവര്‍ത്തക യൂണിയനാണ്. പ്രസ് ക്ലബ്ബുകളില്‍ രാജ്യവിരുദ്ധ – ഹിന്ദുവിരുദ്ധ മുദ്രാവാക്യങ്ങളുമായി സംഘടിച്ച അവര്‍ സ്വന്തം ചുമതല മറന്ന് തെരുവിലിറങ്ങി. കേരളത്തിലുടനീളം കേന്ദ്ര നിയമത്തിനെതിരെ പ്രസ് ക്ലബ്ബുകള്‍ പ്രമേയം പാസാക്കി. തീവ്ര നിലപാടുകാരായ വ്യക്തികളെ പങ്കെടുപ്പിച്ച് ചര്‍ച്ചകളും സെമിനാറുകളും നടത്തി. ചുക്കാന്‍ പിടിച്ചതാകട്ടെ ഇടത്-ഇസ്ലാമിസ്റ്റ് അച്ചുതണ്ടും.
ലൗജിഹാദ് വിഷയമാണ് രണ്ടാമത്തേത്. ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികളെ ആസൂത്രിതമായി പ്രണയിച്ച് മതം മാറ്റുതിനെതിരെ ഹിന്ദു-ക്രിസ്ത്യന്‍ സമുദായം ശക്തമായി രംഗത്തു വരികയുണ്ടായി. അവര്‍ക്ക് ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയും ലഭിച്ചു. എന്നാല്‍ കളി കാര്യമാകുമെന്നുറപ്പായതോടെ പത്രപ്രവര്‍ത്തക യൂണിയനിലെ പഴയ അച്ചുതണ്ട് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇരകളുടെ മാതാപിതാക്കള്‍, അവര്‍ക്കായെത്തിയ സംഘടനകള്‍, വ്യക്തികള്‍ എന്നിവരെ തുടര്‍ച്ചയായി വാര്‍ത്തകളിലൂടെ കടന്നാക്രമിച്ചു. പ്രണയ വിരോധികളെന്നും യാഥാസ്ഥിതികരെന്നും വര്‍ഗ്ഗീയവാദികളെന്നും മുദ്രകുത്തി. ഇരകളുടെ കുടുംബത്തിനൊപ്പം നിന്ന് സത്യം ലോകത്തെയറിയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രസ്‌ക്ലബ്ബുകളില്‍ ഭ്രഷ്ട് കല്‍പിക്കപ്പെട്ടു. ഈയുള്ളവനും അതിന്റെ ഇരയായി. അന്തിമഫലമോ, ആ വിഷയത്തെ കുറിച്ച് തന്നെ സമൂഹം മിണ്ടാന്‍ ഭയന്നു.
ശബരിമല വിഷയമായിരുന്നു മലയാള മാധ്യമങ്ങളുടെയും കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും മുഖംമൂടി പിച്ചിച്ചീന്തിയ മറ്റൊരു സംഭവം. ഭക്തജന പ്രതിഷേധം ഭയന്ന് ശബരിമല പ്രവേശത്തിന് ആക്ടിവിസ്റ്റുകള്‍ പോലും മടിച്ചപ്പോള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ വനിതാ റിപ്പോര്‍ട്ടര്‍മാരെ അവിടേക്ക് നിയോഗിച്ചു. ഭരണകൂടത്തിന്റെ ഹിന്ദുവേട്ടയ്ക്കെതിരെ പ്രതികരിച്ച ഭക്തരെ അവര്‍ വാര്‍ത്താ ബുള്ളറ്റിനുകളില്‍ അക്രമികളായി ചാപ്പകുത്തി. ഇരുമുടിക്കെട്ടുമായി പോലീസിന്റെ അടിയേറ്റ് വീണ ഭക്തരെ വാരാന്ത്യ ഹാസ്യപരിപാടികളില്‍ കണക്കറ്റ് പരിഹസിച്ചു. ആക്ടിവിസ്റ്റ് സംഘങ്ങള്‍ക്കൊപ്പം യാത്രചെയ്തും അവരുടെ നാവായി മാറിയും ഇടത്-ഇസ്ലാമിസ്റ്റ് മാധ്യമപ്രവര്‍ത്തകര്‍ എരിതീയില്‍ എണ്ണയൊഴിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയുടെ ഹിന്ദുവേട്ടയെ നവോത്ഥാന പ്രവൃത്തിയായി കണ്ട് അനുമോദിച്ചു.
രാജ്യത്തെ കര്‍ഷക സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുത്ത കാര്‍ഷിക നിയമത്തിനെതിരെയും കലാപാഹ്വാനം കേരളത്തിലെ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടായി. രാജ്യവിരുദ്ധ ഖാലിസ്ഥാനി വിഘടനവാദികള്‍ തലസ്ഥാന നഗരത്തില്‍ ആയുധങ്ങളുമായി അഴിഞ്ഞാടിയപ്പോഴും അക്രമികളെ കര്‍ഷകരെന്ന് അഭിസംബോധന ചെയ്യുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. പോലീസിനെ ആക്രമിച്ചും, പൊതുമുതല്‍ നശിപ്പിച്ചും, റിപ്പബ്ളിക് ദിനപരിപാടികള്‍ അലങ്കോലമാക്കിയും, പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയും ഖാലിസ്ഥാനികള്‍ അഴിഞ്ഞാടിയിട്ടും കേരളാ മാധ്യമങ്ങള്‍ അതിനെ കര്‍ഷക രോഷമാക്കി പൊതിഞ്ഞു സംരക്ഷിച്ചു. ഡല്‍ഹി കലാപത്തില്‍ ഇരു മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ വ്യാജ വാര്‍ത്തകള്‍ പടച്ച് നിരോധനം ഏറ്റുവാങ്ങിയ ഏഷ്യാനെറ്റും, മീഡിയാവണ്ണും അടങ്ങുന്ന സംഘമാണ് ഇവിടെയും വില്ലന്‍മാര്‍.
കാശ്മീരിന്റെ വികസനത്തിനും പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും തടസ്സമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും പാകിസ്ഥാനൊപ്പം ഒരേസമയം പ്രതിഷേധിച്ച വിഭാഗം കേരളത്തിലെ മാധ്യമങ്ങളും പത്രപ്രവര്‍ത്തക യൂണിയനുമാണ്. ഇന്ത്യാ ഗവണ്‍മെന്റിനെയും സൈന്യത്തെയും പരമാവധി അധിക്ഷേപിച്ച് നെടുങ്കന്‍ ലേഖനങ്ങളും വീഡിയോ സ്റ്റോറികളും മലയാള മാധ്യമങ്ങളില്‍ നിറഞ്ഞു. കശ്മീര്‍ വിഘടനവാദികളുടെ നാവായി ഒരുവേള മലയാള മാധ്യമങ്ങള്‍ മാറി.
സിദ്ദിഖ് കാപ്പന്‍ എന്ന മലയാളി പോപ്പുലര്‍ ഫ്രണ്ട് ഭീകരനെ തീവ്രവാദ കേസില്‍ അറസ്റ്റ് ചെയ്ത വിഷയത്തിലാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ തനിനിറം കൂടുതല്‍ വ്യക്തമായത്. അഴിമുഖം ഓണ്‍ലൈന്‍ ലേഖകനെന്ന പേരില്‍ ഡല്‍ഹിയില്‍ തങ്ങി ഭീകരസംഘടനകള്‍ക്കായി ആശയപ്രചരണവും സാമ്പത്തികം സംഘടിപ്പിക്കലുമായിരുന്നു കാപ്പന്റെ പണിയെന്ന് യു പി ഭീകരവിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. എന്നിട്ടും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കാപ്പന് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജിയുമായെത്തി.
കേന്ദ്ര സര്‍ക്കാരിനും യോഗി ആദിത്യനാഥ് സര്‍ക്കാരിനുമെതിരെ പ്രമേയം പാസാക്കുകയും കരിദിനം ആചരിക്കുകയും ചെയ്തു.
ഭീകരവാദക്കേസ് പ്രതിക്ക് വേണ്ടി പരസ്യ നിലപാടെടുത്തതിലൂടെ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മുഖംമൂടിയാണ് അഴിഞ്ഞു വീണത്. അതേസമയം ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ അംഗത്വമോ, പ്രസ് ക്ലബ്ബുകളില്‍ പ്രവേശനമോ ഇല്ലെന്നിരിക്കെ സിദ്ദിഖ് കാപ്പന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി എന്ന ചുമതലയില്‍ വരെയെത്തിയത് എങ്ങനെയെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, രാഷ്ട്രീയം, ഫണ്ടിംഗ്
2014 മുതല്‍ രാജ്യത്തൊട്ടാകെ കൂണ് മുളയ്ക്കും പോലെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പെരുകിയത്. കേരളത്തിലും ഈ കാലത്ത് എണ്ണിയാലൊടുങ്ങാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തലപൊക്കി. അഴിമുഖം, ന്യൂസ്റപ്റ്റ്, ഡൂള്‍ ന്യൂസ്, സൗത്ത്ലൈവ്, ട്രൂ കോപ്പി തിങ്ക്, ദ ക്യൂ, ദ ജേര്‍ണലിസ്റ്റ് തുടങ്ങി ഇടത് -ഇസ്ലാമിസ്റ്റ് അജണ്ട പേറുന്ന മാധ്യമങ്ങളായിരുന്നു 90 ശതമാനവും. എന്നാല്‍ ഇവര്‍ക്കൊപ്പം തുടങ്ങിയ വലതുപക്ഷ മാധ്യമങ്ങള്‍ ശമ്പളം നല്‍കാന്‍ പോലും കെല്‍പ്പില്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്നു എന്നിടത്താണ് ‘ഫണ്ടിംഗ്’ എന്ന വിഷയം ഉയര്‍ന്നു വരുന്നത്. കേരളത്തിലുള്‍പ്പെടെ രാജ്യമൊട്ടാകെ ഇടത് – ഇസ്ലാമിസ്റ്റ് അനുകൂല മാധ്യമങ്ങള്‍ക്ക് ഫണ്ടിംഗ് നടക്കുന്നത് ഒരു കേന്ദ്രത്തില്‍ നിന്നുമാണ്. ഇന്‍ഡിപെന്‍ഡന്റ് ആന്റ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍(ഐപിഎസ്എംഎഫ്) എന്ന ബെംഗളുരു ആസ്ഥാനമായ എന്‍ജിഒ ആണ് ഇടത് – ഇസ്ലാമിക ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഫണ്ടിംഗ് കേന്ദ്രം. കേരളത്തില്‍ ഡൂള്‍ ന്യൂസ്, ഏഷ്യാവില്‍, അഴിമുഖം, ലൈവ് ലോ തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രധാന സ്പോണ്‍സര്‍ ഇവരാണ്. ദേശീയ തലത്തില്‍ ദ വയര്‍, കാരവന്‍ ന്യൂസ് മിനിറ്റ് തുടങ്ങി വിഘടനവാദ ആശയമുയര്‍ത്തുന്ന കശ്മീരി-വടക്കുകിഴക്കന്‍ ഓണ്‍ലൈന്‍ സംരഭങ്ങള്‍ക്ക് വരെ ഇവര്‍ ഫണ്ട് ചെയ്യുന്നു എന്നറിയുമ്പോള്‍ ലക്ഷ്യം വ്യക്തം. കേരളത്തില്‍ മാവോയിസ്റ്റ് സംഘടനകളും സുരക്ഷിത താവളമെന്ന നിലയില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തനം മറയാക്കുന്നുണ്ട്. അഭിലാഷ് പടച്ചേരിയെന്ന ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെ മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയും, സംസ്ഥാന എ ടിഎസും ചോദ്യം ചെയ്തത് അടുത്തിടെയാണ്.
ന്യൂസ് ഡെസ്‌കുകളും മാനേജ്‌മെന്റുകളും പക്ഷം പിടിക്കുന്നു
ന്യൂസ് ഡെസ്‌കുകളില്‍ ബ്യൂറോകളില്‍ നിന്നുമെത്തുന്ന വാര്‍ത്തകള്‍ തടഞ്ഞുവെക്കുന്ന പ്രവണത അടുത്ത കാലത്തായി വര്‍ദ്ധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന വാര്‍ത്തകള്‍, സംസ്ഥാന സര്‍ക്കാരിനെതിരായ അന്വേഷണങ്ങള്‍, തീവ്ര മതസംഘടനകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ഓണ്‍ എയര്‍ പോകുന്നില്ലെന്ന സ്ഥിതി ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളിലുമുണ്ട്. ബംഗാള്‍ ഹിന്ദു കൂട്ടക്കൊല, കേരളത്തിലെ കൊവിഡ് മരണ നിരക്ക്, ഇസ്രായേലിലേക്കുള്ള ഹമാസ് ആക്രമണം തുടങ്ങിയവയെല്ലാം തമസ്‌കരിക്കപ്പെടുന്നവയില്‍ മുന്‍പന്തിയിലാണ്. അതേസമയം കൊറോണയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ വീഴ്ച വരെ പ്രധാനമന്ത്രിക്ക് മുകളില്‍ ചാരാന്‍ ഇവര്‍ കൈയ്‌മെയ് മറന്ന് പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് ആശ്ചര്യകരം.
രാഷ്ട്രീയ എതിരാളികളായി ഇടത് – ഇസ്ലാമിസ്റ്റ് മാധ്യമപ്രവര്‍ത്തകര്‍ സംഘപരിവാര്‍ സംഘടനകളെ പരിഗണിക്കുന്നതിന്റെ ഉദാഹരണമാണ് പി.ആര്‍.പ്രവീണയെന്ന ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകയിലൂടെ അടുത്തിടെ കേരളം കണ്ടത്. സംഘപരിവാര്‍ സംഘടനകളുടെ ജനാധിപത്യപരമായ ബഹിഷ്‌കരണ പ്രതിഷേധത്തെ പോലും മര്‍ക്കടമുഷ്ടി കൊണ്ട് നേരിടാനാണ് കേരള പത്രപ്രവര്‍ത്തക യൂണിയനും കേരള ടെലിവിഷന്‍ ഫെഡറേഷനും ശ്രമിച്ചത്. മാധ്യമപ്രവര്‍ത്തകരെ നായ്ക്കളെ പോലെ ആട്ടിപ്പായിച്ച പിണറായി വിജയന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും ഇടത് മുന്നണി നേതാവും മാതൃഭൂമി ഉടമയുമായ എം.വി.ശ്രേയാംസ്‌കുമാറും ബി ജെ പിയെ ജനാധിപത്യ മര്യാദ പഠിപ്പിക്കാനിറങ്ങി. ബി ജെ പിയെ സര്‍വ്വ മാധ്യമങ്ങളും ബഹിഷ്‌കരിക്കണമെന്ന് അന്തിചര്‍ച്ചകളില്‍ അവതാരകരും പുലര്‍കാല പരിപാടികളില്‍ മാധ്യമ മുതലാളിമാരും ആക്രോശിച്ചു. രാജ്യവിരുദ്ധതയും ഇടത് – ഇസ്ലാമിസ്റ്റ് അജണ്ടയും കേവലം മാധ്യമ പ്രവര്‍ത്തകരില്‍ ഒതുങ്ങുന്നതല്ല, നേരെ മറിച്ച് മാനേജ്മെന്റുകളും ആ വഴിക്ക് തന്നെ നീങ്ങുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്.