തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 5 ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അങ്കണ തുളസി പദ്ധതി നടപ്പാക്കാന്‍ ബാലഗോകുലം സംസ്ഥാന സമിതി തീരുമാനിച്ചു. കുട്ടികള്‍ വീടുകളില്‍ തുളസിത്തറ ഉണ്ടാക്കി തുളസി നടുന്ന പരിപാടിയാണ് ഇത്.
മുറ്റത്തൊരു തുളസിത്തറ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. ആരോഗ്യത്തിനും ആരാധനയ്ക്കും ആവശ്യമായ തുളസിച്ചെടി വ്യാപകമായി നട്ടുപിടിപ്പിക്കണം. അതിനു വേണ്ടിയാണ് അങ്കണ തുളസി പദ്ധതി. ഈ വര്‍ഷവും ശ്രീകൃഷ്ണ ജയന്തി വീടുകളില്‍ത്തന്നെ ആഘോഷിക്കേണ്ടിവരും. അഷ്ടമി രോഹിണി ദിനത്തില്‍ മുറ്റത്തെ തുളസി കൊണ്ടു തന്നെ മാലകെട്ടി കണ്ണനു ചാര്‍ത്താന്‍ സാധിക്കണമെന്നതാണ് ലക്ഷ്യം.
ബാലഗോകുലം ജില്ലാ വാര്‍ഷിക സമ്മേളനങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ബാലമിത്രം ഉപരി കാര്യകര്‍ത്താക്കളെ പങ്കെടുപ്പിച്ച് നടത്താനും സംസ്ഥാന നിര്‍വ്വാഹക സമിതി തീരുമാനിച്ചു. ജൂലൈ 10, 11 തീയതികളില്‍ ഓണ്‍ലൈനായി താലൂക്ക് ഉപരി കാര്യകര്‍ത്താക്കള്‍ പങ്കെടുക്കുന്ന സംസ്ഥാന വാര്‍ഷിക സമ്മേളനവും നടക്കും.