അറുപത് വയസ്സ് പിന്നിട്ടിരിക്കുന്നു. ഇല്ല, ഇല്ല, സഞ്ചരിച്ചെത്തിയ ആെക ദൂരമാണ് 60. പൂന്താനം പറഞ്ഞപോലെ അതില്‍ത്തന്നെ ഉണ്ണിയായ് കുറെ, പിന്നെ തന്നത്താനറിയാതെ….. അങ്ങനെ കുറെ വര്‍ഷങ്ങള്‍ താണ്ടി. ആദ്ധ്യാത്മികതയുടെ നിറവെളിച്ചത്തിലേക്ക് നടന്നടുക്കുവാന്‍ ശ്രമം തുടങ്ങിയിട്ട് അധികവര്‍ഷമായില്ല. പ്രകാശപൂരിതവും തേജോമയവുമായ ആയിരം സൂര്യഗോളത്തിന്റെ പ്രഭ ചൊരിയുന്ന ആദ്ധ്യാത്മികത എന്ന മുക്തിമാര്‍ഗ്ഗത്തിന്റെ ചെറുകിരണങ്ങള്‍ വൈകിയാണ് തന്നില്‍ പതിച്ചത്. ഏറിയാല്‍ പത്തോ, പതിനഞ്ചോ വര്‍ഷങ്ങള്‍. അടിവരയിട്ട് സമര്‍പ്പിക്കാന്‍ തീയതി ഒാര്‍മ്മ വച്ചില്ല. മണ്‍മറഞ്ഞ ഇന്നെലകളില്‍ എവിടെയോ വെച്ച് സ്വീകരിച്ച അറിവിന്റെ ഓര്‍മ്മയ്ക്ക് പ്രപഞ്ചം സാക്ഷി. ഉള്‍ക്കരുത്തിന്റെ ദീപപ്രഭയാല്‍ ഇരുട്ടിന് മേല്‍ കാളിയമര്‍ദ്ദനം. വഴിതെറ്റിയോടിയ ജീവിതപന്ഥാവില്‍ പാഥേയം ഒരുക്കിവെച്ച് ആരോ വഴിവിളക്കായ് അറിവിന്റെ ഈശ്വരാംശത്തെ ആ നേരിയ വെളിച്ചത്തില്‍ ആവര്‍ത്തിച്ച് വായിക്കാന്‍ ശ്രമിച്ചെങ്കിലും തിരിച്ചറിയാതെ പിന്നിട്ട ജന്മജന്മാന്തരങ്ങളിലെ കൂരിരുട്ട് അതികഠിനമായിരുന്നു. സഞ്ചരിച്ചെത്തിയ ഈ സന്ധ്യാവേളയിലും ഒരു മണ്‍ചിരാതിന്റെ വെട്ടമേ ആത്മബോധത്തിന്റെ തിരിച്ചറിവിനായ് കൂട്ടിനുള്ളു.
മയക്കത്തിലാണോ അതോ ഉറക്കത്തിലോ? അനങ്ങാന്‍ കഴിയുന്നില്ലല്ലോ. അറിവിന്റെ നിഴല്‍പോലെ മങ്ങിയ വെളിച്ചം മാത്രം. അടുത്താരോ ഇരുന്നുറങ്ങുന്നു. അവ്യക്തമായ ഒരു കാഴ്ച. വിളിക്കാന്‍ കഴിയുന്നില്ല. തൊട്ടുവിളിക്കാവുന്ന ദൂരം. പക്ഷേ കൈകള്‍ ചലിക്കുന്നില്ല. ചുണ്ട് ഒന്ന് അനക്കാന്‍ ശ്രമിച്ചു. അത് ശ്രദ്ധിച്ചാവാം അടുത്തിരുന്ന ആള്‍ എണീറ്റു.
”എന്താ എന്ത് വേണം. പറഞ്ഞോളൂ. എണിക്കണോ? വെള്ളം വേണോ?”
പക്ഷേ മിണ്ടാന്‍ കഴിഞ്ഞില്ല. നിഴല്‍ ചിത്രങ്ങളില്‍ അല്പം വ്യക്തത വന്നു. ഒരു പെണ്‍കുട്ടിയാണ്.
”ഒന്ന് നേരെയിരിക്കാന്‍ കഴിഞ്ഞെങ്കില്‍”
അല്പാല്പമായി പറഞ്ഞു. കേള്‍ക്കേണ്ട താമസം പെണ്‍കുട്ടി കട്ടിലിന്റെ അടുത്തെത്തി. ഒരു സ്വിച്ചില്‍ അമര്‍ത്തി അരയ്ക്ക് മുകള്‍ഭാഗം മുതല്‍ കട്ടില്‍ അല്പാല്പമായി ഉയര്‍ന്നു. നടുനിവര്‍ന്നപ്പോള്‍ അല്പം ആശ്വാസം കിട്ടി.
”അല്പം വെള്ളം കിട്ടിയാല്‍ നന്നായിരുന്നു.”
മേശപ്പുറത്തെ ഫ്‌ളാസ്‌ക്കില്‍ നിന്നും ഗ്ലാസ്സില്‍ വെള്ളം എടുത്ത് തന്നു. തിളപ്പിച്ച് ആറിച്ചതാണെന്ന് തോന്നുന്നു. എന്നാലും ചൂട് ഉണ്ട്. വെള്ളം കുടിച്ചപ്പോള്‍ കണ്ഠനാളം മുതല്‍ മൂലാധാരം വരെ അതിന്റെ പാച്ചില്‍ തിരിച്ചറിഞ്ഞു. വരണ്ടുണങ്ങിയ ഭൂമിയിലേക്ക് ആദ്യ മഴച്ചാറ്റല്‍ പോലെ.
”ഞാന്‍ എവിടെയാണ് കുട്ടി?”
അല്പാല്പമായി ശബ്ദം പുറത്തേക്ക് വരുന്നതായി അനുഭവപ്പെട്ടു.
അറിവിന്റെ ആദ്യാക്ഷരം കുറിച്ച കുഞ്ഞിനെപ്പോലെ തപ്പിതടഞ്ഞ് ചോദിച്ചു.
”സ്വാമിക്ക് എന്നെ മനസ്സിലായോ?”
മറുചോദ്യമാണ് വന്നത്. എനിക്ക് എന്നെത്തന്നെ മനസ്സിലാക്കാന്‍ കഴിയുന്നില്ല. പിന്നെയല്ലേ നിന്നെ എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല. തന്റെ നിശ്ശബ്ദതയുടെ അര്‍ത്ഥം ഗ്രഹിച്ച് അവള്‍ തുടര്‍ന്നു:
”ഞാന്‍ മാളുവാണ് സ്വാമി. സ്വാമിയുടെ കുഞ്ഞുമാളു”.
ആകാശനീലിമയില്‍ അനന്തകോടി നക്ഷത്രങ്ങള്‍, പേരുകളില്‍ ഒതുങ്ങാത്തവ. ഒരു പേരിലൂടെ ലോകാര്‍ത്ഥ ഗുണിതഫലങ്ങളുടെ പൊരുളറിയാന്‍ ശ്രമിക്കുന്ന മനുഷ്യര്‍. ആദ്ധ്യാത്മികതയുടെ പടവുകളിലൂടെ അറിവിന്റെ ഹിമാലയം ചൂടി ആത്മസാക്ഷാത്കാരത്തിനും മോക്ഷപ്രാപ്തിക്കുമായി അലയുന്ന സിദ്ധന്മാര്‍ പോലും പേരിന്റെ പൊരുള്‍ തേടുന്നു.
നശ്വരമായ ദേഹത്തിനെ അനശ്വരമായി നിലനിര്‍ത്തുന്ന നാമം. രാമനും, കൃഷ്ണനും, ബുദ്ധനും, മനുഷ്യമനസ്സില്‍ പേരിലൂടെ ആകാരം നേടുന്നു.
”ഞാന്‍ എവിടെയാണ്?” ചോദ്യമാവര്‍ത്തിച്ചു.
”സ്വാമി ഇത് എന്റെ ഹോസ്പിറ്റലാണ്. കഴിഞ്ഞ ഒരാഴ്ചയായി സ്വാമി ഇവിടെ എന്റെ കൂടെയാണ്.”
ദിനരാത്രങ്ങള്‍ കൊഴിഞ്ഞതറിഞ്ഞില്ല. മറവിയുടെ മൂടുപടം മാറിവരുന്നു.
മഹാക്ഷേത്രസന്നിധിയിലെ ഉത്സവമഹാമഹം. ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയിലെ നാലാം ദിവസം. ഭഗവദ്ഗീതയിലൂടെ ഒരു സഞ്ചാരം. മാനവജാതിയില്‍ ജനിച്ച എല്ലാം മനുഷ്യര്‍ക്കും അത് പണ്ഡിതനായാലും പാമരനായാലും യഥേഷ്ടം പാനം ചെയ്യാവുന്ന അമൃതകുംഭം, എത്രകോരിയാലും ഉറവ വറ്റാത്ത തെളിനീര്‍ പ്രവാഹം. എത്ര പറഞ്ഞാലും എ്രതയെഴുതിയാലും എത്ര വായിച്ചാലും മതിവരാത്ത മഹാത്ഭുതം. അനുബന്ധമായി ഗുരുഗീത, ശ്രീരാമഗീത, അഷ്ടാവക്രഗീത, അവധൂതഗീത, അനുഗീത തുടങ്ങി ഗീതാപഞ്ചകത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി എത്രനേരം സംസാരിച്ചു എന്ന് ഓര്‍മ്മയില്ല. ഇടയ്ക്ക് എപ്പഴോ തലചുറ്റല്‍ അനുഭവപ്പെട്ടു. തന്നെ ആരൊക്കെയോ ചേര്‍ന്ന് പിടിക്കുന്ന അവ്യക്തമായ ഓര്‍മ്മ. പ്രഭാഷണം പൂര്‍ത്തിയായോ ഓര്‍മ്മയില്ല. ഞാന്‍ എവിടെയാണെന്ന ചോദ്യം ആവര്‍ത്തിച്ചു.
പുഞ്ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
”ക്ഷേത്രസന്നിധിയിലെ പ്രഭാഷണത്തിനിടയ്ക്ക് സ്വാമിക്ക് ബോധക്കേട് ഉണ്ടായി. സേവാഭാരതി പ്രവര്‍ത്തകരാണ് ഇവിടെ എത്തിച്ചത്. ഇപ്പോള്‍ ഒന്നുമില്ല. സ്വാമിജി പൂര്‍ണ്ണ ആരോഗ്യവാനാണ്.”
അവള്‍ വീണ്ടും പുഞ്ചിരിച്ചു. ആദ്യാനുഭവം എന്നെ ഭയപ്പെടുത്തിയോ, ആശങ്കപ്പെടുത്തിയോ, ഇല്ല. പക്ഷേ കഴിഞ്ഞ ഒരാഴ്ച എന്താണ് സംഭവിച്ചത്. ഒന്നും അറിഞ്ഞില്ല. എന്തായാലും ദേഹത്തെ വെടിഞ്ഞ് ദേഹി എങ്ങും പോയില്ല. പുറത്ത് ആരുടെയൊക്കെയോ കാല്‍പെരുമാറ്റം, കതക് മെല്ലെ തുറന്നു. പരിചിത മുഖങ്ങളിലെ ആശ്വാസം എന്റെ അസുഖത്തിന്റെ ആഴവും, പൂര്‍ണ്ണതയിലേക്കുള്ള തിരിച്ച് വരവും വ്യക്തമാക്കുന്നതായിരുന്നു.
”സ്വാമിജി ഉണര്‍ന്നിട്ടേയുള്ളൂ. അധികം സംസാരിപ്പിക്കരുത്. രണ്ട് ദിവസത്തിനകം വാര്‍ഡിലേക്ക് മാറ്റാം. പെട്ടെന്ന് റിക്കവറി ആകുന്നുണ്ട്. വല്ലാത്ത ആത്മധൈര്യമാണ് സ്വാമിക്ക്. അതുകൊണ്ട് ഭയപ്പെടാനൊന്നുമില്ല.”
വന്നവരോട് അവള്‍ പറയുന്നത് കേട്ട് വെറുതെ കിടന്നു. എന്ത് ആത്മധൈര്യം. ജീവന്‍ മുക്തി തേടുന്നവര്‍ക്ക് ഇഹത്തില്‍ ദേഹത്തോട് എന്ത് ആസക്തി. ഇത് പ്രകൃതിയുടെ നിയതിയാണ്. ഇവിടെ എന്ത് ഭയം. എന്ത് ആത്മധൈര്യം, മോഹവലയത്തില്‍പ്പെട്ട് ഉഴലുന്ന ജീവാത്മാക്കള്‍ക്ക് ജനി മരണങ്ങള്‍ക്ക് ഇടയിലൂടെ യാത്ര ചെയ്താലെ മോക്ഷമാര്‍ഗ്ഗം തെളിയൂ എന്ന് ആചാര്യമതം. മസ്തിഷ്‌ക മഹാസഭയ്ക്ക് മനനം ചെയ്ത് ഉറപ്പിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് ചോദ്യമാവര്‍ത്തിച്ചു.
”കുഞ്ഞേ, നീ ആരാണ്?”
”സ്വാമിക്ക് നേത്യാരമ്മയെ ഓര്‍മ്മയുണ്ടോ?”
”സ്വാമിയുടെ കുടുംബക്ഷേത്രത്തിലെ കഴകം നേത്യാരമ്മയുടെ മൂത്തമകളാണ്. ഞാന്‍ മാളവിക സ്വാമിയുടെ കുഞ്ഞുമാളു.”
ഓര്‍മ്മയുടെ കളിച്ചെപ്പില്‍ ഒരു തിരിനാളം. കുടുംബക്ഷേത്രത്തിന്റെ പുനരുദ്ധാരണവും പ്രവര്‍ത്തനവുമായി
നടന്നകാലം. സപ്താഹത്തിന്റെ കൊടി ഇറങ്ങുമ്പോഴാണ് നേത്യാരമ്മയെ ശ്രദ്ധയില്‍പ്പെട്ടത്, മെലിഞ്ഞുണങ്ങി അകാലനര ബാധിച്ച ഒരു രൂപം, സപ്താഹങ്ങളില്‍ ക്ഷേത്ര കുശിനിക്കാരി ആയി സഹായത്തിന് എത്തിയിരുന്നു. കുടുംബബുദ്ധിമുട്ടുകള്‍ അറിയിച്ചപ്പോള്‍ കഴകമായി തുടരാന്‍ പറഞ്ഞു. നാമമാത്രമായ തുകയാണ് നല്‍കിയിരുന്നതെങ്കിലും അവര്‍ക്കതൊരു ആശ്വാസമായിരുന്നു. പിന്നീട് ഇടയ്ക്ക് എപ്പോഴൊ തിരുമേനി പറഞ്ഞപ്പോഴാണ് അവര്‍ ക്ഷേത്രത്തില്‍ വരാതായ കാര്യം അറിഞ്ഞത്. ”ഒന്ന് അന്വേഷിക്കണം”- തിരുമേനി ഓര്‍മ്മിപ്പിച്ചു. തിരക്കി ചെല്ലുമ്പോള്‍ ഓര്‍ത്തില്ല, കാഴ്ച ഇത്ര ദയനീയമാകുമെന്ന്. എന്നോ ഭര്‍ത്താവ് നഷ്ടപ്പെട്ട ആ സ്ത്രീക്ക് രണ്ട് പെണ്‍മക്കളാണ്. ഷീറ്റിട്ട അടച്ചുറപ്പില്ലാത്ത ഒറ്റമുറികെട്ടിടവും അതിനോട് ചേര്‍ന്ന് ചാക്ക്മറ സൃഷ്ടിച്ച് കുളിമുറിയും ടാര്‍പോളിന്‍ കെട്ടിയ അടുക്കളയും. ദാരിദ്ര്യത്തിന്റെ നേര്‍കാഴ്ചയായിരുന്നു. മുറ്റത്ത് കാല്‍പെരുമാറ്റം കേട്ടപ്പോള്‍ അകത്ത് പഴം ചാക്കില്‍ കിടന്ന രൂപം മെല്ലെ ചലിച്ചു.
”ആരാ അത്?”
”ഞാനാ, കോയിക്കല്‍ നിന്ന്, ഞാന്‍ പറഞ്ഞു,” ശബ്ദം തിരിച്ചറിഞ്ഞ് അവര്‍ ചോദിച്ചു.
”തമ്പുരാനാണോ?” ചോദ്യം കേട്ടപ്പോള്‍ ആളെ മനസിലായി.
”കാണുന്നില്ലല്ലോ ക്ഷേത്രത്തിലേക്ക് ഒന്ന് അന്വേഷിക്കാന്‍ വന്നതാ.”
”ഞാനും കുഞ്ഞിനെ ഒന്ന് കാണണമെന്ന് കരുതി ഇരുന്നതാ.” കാലിളകിയ ഒരു കസേരയുമായി ഒരു പെണ്‍കുട്ടിവന്നു. ”മൂത്തമകളാ”- നേത്യാരമ്മ തുടര്‍ന്നു.
”കുഞ്ഞേ എനിക്ക് ആമവാദം എന്ന അസുഖമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൈകാലുകള്‍ നിവര്‍ക്കാന്‍ പറ്റുന്നില്ല. അതികഠിനമായ വേദനയും. പുറംപോക്കിലെ ഈ ചായ്പ് മാത്രമാണ് സ്വന്തം. ഒരു ആക്‌സിഡന്റില്‍ എന്റെ ഭര്‍ത്താവ് മരിക്കുമ്പോള്‍ ഈ രണ്ട് പെണ്‍കുഞ്ഞുങ്ങളെ എനിക്ക് തന്നിട്ടാണ് പോയത്. ഇതുവരെ നോക്കി, ഇനി എനിക്കാവുമെന്ന് തോന്നുന്നില്ല.” അവരുടെ ശബ്ദം ഇടറുന്നത് ഞാനറിഞ്ഞു. കുഴിഞ്ഞ് താണ ആ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ പൊടിഞ്ഞോ? കരിന്തിരി കത്തുന്ന കല്‍വിളക്കിന് എത്രനേരം വെളിച്ചമേകാന്‍ കഴിയും.
ആദ്ധ്യാത്മികതയുടെ തിരിച്ചറിവിലേക്ക് മനസ് മാറുന്ന കാലം. രാഷ്ട്രചിന്തയില്‍ സമാജവിളക്കായി എരിഞ്ഞടങ്ങാന്‍ സമര്‍പ്പിത ചിന്താധാരയില്‍ പ്രവര്‍ത്തിക്കുന്ന ചില സുഹൃത്ത്ബന്ധങ്ങളും മാനവസേവയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബാലികസദനങ്ങളും ഓര്‍മ്മയില്‍ വന്നു. എങ്കിലും ഞാന്‍ മിണ്ടിയില്ല. എന്റെ മൗനം നേത്യാരമ്മയെ അസ്വസ്ഥമാക്കി.
”കുഞ്ഞെ രണ്ട് വഴിയുണ്ട് എന്റെ മുന്നില്‍. ഒന്ന് ഒരല്പം വിഷം മൂന്ന് പേര്‍ക്കും തുല്യമായി. ഇല്ലെങ്കില്‍ ഈ കുട്ടികളെ കാശിനായി ദുരുപയോഗപ്പെടുത്തുക. രണ്ടും ഒരമ്മ എന്ന നിലയില്‍ സഹിക്കാന്‍ പറ്റുന്നതല്ല. പക്ഷേ വേറെ വഴിയില്ല തമ്പുരാനേ”, അവരൊന്ന് പൊട്ടിക്കരഞ്ഞു. അല്പസമയത്തിനുശേഷം നിശബ്ദത ആ നിമിഷങ്ങളെ വിഴുങ്ങി. പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍. കൗമാരം പിന്നിടാത്ത പ്രായം. തെരുവിലേക്ക് വലിച്ചെറിയപ്പെട്ടാല്‍? മനസ്സ് മരവിച്ച നിമിഷങ്ങള്‍. ശരിയാണ് ഇന്നും ആ മുഹൂര്‍ത്തം മനസില്‍ പതിഞ്ഞ് നില്‍ക്കുന്നു. ഒരു ലക്ഷ്യബോധവും അവിടെ നിന്ന് ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്നില്ല. മരവിച്ച മനസ്സുമായി തിരികെ പോരുമ്പോള്‍ മനുഷ്യന്റെ നിസ്സഹായതയെ കുറിച്ച് ചിന്തിച്ചു. എന്ത് ചെയ്യണം ഒരു രൂപവും ഇല്ല. പക്ഷെ എന്തെങ്കിലും ചെയ്‌തേ പറ്റു. ആഴ്ചകള്‍ക്ക് ശേഷം നേത്യാരമ്മയുടെ മരണവിവരം കൂടി അറിഞ്ഞപ്പോള്‍ കൂടുതല്‍ തളര്‍ന്നു. ഇന്നലെവരെ കരിന്തിരി കത്തിയ അമ്മയെന്ന ദീപപ്രപഞ്ചവും അവര്‍ക്ക് നഷ്ടമായി. ആര്‍ത്തട്ടഹസിക്കുന്ന ദുശാസനന്മാരുടെ നടുവില്‍ പാഞ്ചാലിമാര്‍ക്ക് ആര് ആണ് തുണ. മനസ്സിലോര്‍ത്തു ഭഗവാന്‍ കൃഷ്ണന്‍ തന്നെ. ഭഗവാനെ മനസ്സിലോര്‍ത്തപ്പോഴാണ് അമ്പാടി ബാലികാ സദനത്തിന്റെ ചിന്ത വന്നത്. ചെറുപുഞ്ചിരിയോടെ ഒരു ഓടക്കുഴലുമായി ലോകം മുഴുവനും തന്റെ മായാലീലയാല്‍ അമ്പാടിയാക്കിയ കൃഷ്ണനെ ആദര്‍ശപുരുഷനായി കരുതി അനാഥമാക്കപ്പെടുന്ന പെണ്‍കുഞ്ഞുങ്ങളെ സനാഥരാക്കി ജീവിതദര്‍ശനം നല്‍കുന്നതും മാതൃകാപരമായി പ്രവര്‍ത്തിക്കുന്നതുമായ ബാലികാസദനം. നിസ്വാര്‍ത്ഥപ്രവര്‍ത്തനത്തിന്റെ കേദാരം, മുഖ്യകാര്യദര്‍ശി ബാലേട്ടനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. സന്തോഷത്തോടെ ഇരുകൈകളും നീട്ടി ആ കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ ബാലികാസദനം തയ്യാറായി. പെണ്‍കുട്ടികള്‍ ആയതിനാല്‍ പഠിത്തവും വിവാഹങ്ങളും മറ്റ് ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാന്‍ മടിച്ച് ബന്ധുക്കള്‍ പോലും ഈ കുട്ടികള്‍ക്ക് നേരെ കണ്ണടച്ചിരുന്നു.
നിയമാനുസരണമായി രണ്ട് പെണ്‍കുഞ്ഞുങ്ങളേയും ബാലികാസദനത്തിന്റെ സുരക്ഷിത കരങ്ങളിലെത്തിച്ചപ്പോഴാണ് മനസ്സ് ശാന്തമായത്, ആദ്ധ്യാത്മികതയിലും സ്വരാഷ്ട്ര ചിന്തയിലും മനമുറപ്പിച്ച് ഭാരതത്തെ കണ്ടെത്താനുള്ള നീണ്ടയാത്രയില്‍ ഒരിക്കല്‍പോലും പിന്നീട് അവരെ കാണാന്‍ ശ്രമിച്ചിട്ടില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ അവരെ പഠിപ്പിക്കുമ്പോഴും അവരു മറിഞ്ഞില്ല അന്നദാതാവിനെ. തന്നെ തന്നെ തിരിച്ചറിയാനുള്ള യാത്രയില്‍ ആരോ ചാര്‍ത്തി തന്ന പദവിയായിരുന്നു സ്വാമി എന്നത്. പഠിത്തവും ക്ഷേമവും അന്വേഷിച്ച് ആദ്യനാളില്‍ ബാലികാ സദനത്തിലേക്ക് അയച്ച കത്തുകളില്‍ അവളെന്റെ കുട്ടിമാളുവും ഞാന്‍ അവള്‍ക്ക് സ്വാമിയുമായി. പിന്നീട് ഇടമുറിയാതുള്ള യാത്രകളില്‍ എന്റെ മേല്‍വിലാസം നഷ്ടമായി.
ബാലികാസദനത്തിന്റെ അക്കൗണ്ട് നമ്പര്‍ മാത്രം മാറിയില്ല.
”സ്വാമി എനിക്കയച്ച കത്തുകള്‍ ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നുണ്ട്”- മാളുവിന്റെ ശബ്ദം കേട്ടാണ് ചിന്തയില്‍ നിന്ന് ഉണര്‍ന്നത്.
”ആത്മനൊമ്പരങ്ങള്‍ വേട്ടയാടുമ്പോള്‍ സ്വാമിയുടെ കത്തുകള്‍ ജീവാമൃതം പോലെ എന്നെ നയിച്ചു. പി.ഡി.സി കഴിഞ്ഞപ്പോള്‍ മെഡിസിന് കിട്ടി. പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഹോസ്റ്റലിലേക്ക് മാറാന്‍ ബാലികാസദനത്തില്‍ നിന്ന് നിര്‍ദ്ദേശമുണ്ടായി, ഇടയ്ക്കുള്ള സന്ദര്‍ശനത്തില്‍ സ്വാമിയുടെ കത്തുകള്‍ കിട്ടിയെങ്കിലും അതില്‍ മേല്‍വിലാസം ഇല്ലാതിരുന്നത് കൊണ്ട് മറുപടി അയക്കാന്‍ കഴിഞ്ഞില്ല”- അവള്‍ തന്റെ നിസ്സഹായാവസ്ഥ സൂചിപ്പിച്ചു.
ഇടയ്‌ക്കെപ്പഴോ ബാലികാസദനത്തിലെ ബാലേട്ടനില്‍ നിന്ന് തന്നെ കുറിച്ച് അവള്‍ മനസ്സിലാക്കിയതായി അറിഞ്ഞു.
യഥാര്‍ത്ഥത്തില്‍ മറുപടിക്ക് വേണ്ടി ആര്‍ക്കും കത്തയച്ചിട്ടില്ല, ആത്മവിശ്വാസം പകരാന്‍ ചില അടിക്കുറിപ്പുകള്‍ മാത്രം. ഒറ്റപ്പെട്ട് പോയി എന്ന് അവര്‍ക്ക് തോന്നാതിരിക്കാന്‍ മാത്രം ചിലത് കുത്തിക്കുറിച്ചു. പിടിച്ചു നില്‍ക്കാനായപ്പോള്‍ പിടിവള്ളി മുറിച്ചു മാറ്റി. എം.ബി.ബി.എസും എം.ഡിയും കൂടി കഴിഞ്ഞപ്പോള്‍ കൂടെ പഠിച്ച ഒരു സുഹൃത്തിന്റെ ആലോചന വന്നു. ബാലികാസദനത്തിലെ കാര്യകര്‍ത്താക്കള്‍ ഇടപെട്ട് അവിടെ വെച്ച് തന്നെ വിവാഹവും നടത്തി തന്നു. ഞങ്ങള്‍ രണ്ടാളും കൂടി ആണ് ഈ ഹോസ്പിറ്റല്‍ നടത്തുന്നത്.
വഴി തെറ്റിപോകുമായിരുന്ന കൊച്ചുജീവിതത്തെ ആദ്ധ്യാത്മികതയുടെ തിരിച്ചറിവില്‍ ഈശ്വരസന്നിധിയില്‍ എത്തിച്ചപ്പോള്‍ ആയിരങ്ങള്‍ക്ക് തണലേകുന്ന മഹാവൃക്ഷമായി വളര്‍ന്നു. ആതുരസേവനവും, മാനവസേവയും മാധവസേവയായി കാണുന്ന ഈ മഹാപ്രസ്ഥാനത്തിന്റെ തലപ്പത്ത് നേത്യാരമ്മയുടെ കുട്ടിമാളു. മഹാപ്രപഞ്ചത്തിന്റെ മാര്‍ഗ്ഗദര്‍ശനം മാനവിക മനസ്സിന്റെ മതിലുകള്‍ക്കപ്പുറമാണ്.
”ഇളയവള്‍…..?”
”അവള്‍ എന്നേക്കാള്‍ മിടുക്കിയാണ്. അവളും എം.ബി.ബി.എസ് കഴിഞ്ഞു. ഹയര്‍ സ്റ്റഡീസിന് വെളിയില്‍ അയച്ചിരിക്കുകയാണ് സ്വാമീ”. കുടുംബക്ഷേത്രത്തിലെ സപ്താഹവേളയില്‍ നേത്യാരമ്മയുടെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പു തുള്ളികള്‍ ഭഗവല്‍ സന്നിധിയിലെ തൃപ്പാദങ്ങളെ ഈറനണിയിച്ചതാവാം. വിയര്‍പ്പ് നാറുന്ന സതീര്‍ത്ഥ്യനെ വാരിപ്പുണര്‍ന്ന മായകണ്ണന്റെ മായാവിലാസങ്ങള്‍ മനനം ചെയ്യാന്‍ മായയാല്‍ മൂടിയ മനുഷ്യമനസ്സിന് ആകുമോ. സംസാരസാഗരത്തിന്റെ ആരവത്തിലേക്ക് ഇറങ്ങാന്‍ വീണ്ടും മനസ്സ് തുടിച്ചു. ലക്ഷ്യം തേടുന്ന മനസ്സിനെ മാര്‍ഗ്ഗം തടസ്സപ്പെടുത്തരുതല്ലോ. രണ്ട് ദിവസം കൂടി വേണ്ടിവന്നു ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും നേര്‍രേഖയില്‍ എത്താന്‍. ബില്ലിന്റെ കാര്യം ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു. ഭര്‍ത്താവിനോടൊപ്പം കാലില്‍ നമസ്‌കരിച്ചപ്പോള്‍ അടര്‍ന്നുവീണ രണ്ടുതുള്ളി കണ്ണുനീര്‍ അവളുടെ ജീവിതത്തില്‍ എന്റെ അദൃശ്യസാന്നിദ്ധ്യത്തിന്റെ തിരിച്ചറിവായിരുന്നു എന്ന് ഞാന്‍ വായിച്ചു.
നിശബ്ദമായി ഞാന്‍ പടിയിറങ്ങുമ്പോള്‍ മനസ്സിലോര്‍ത്തു. മനുഷ്യസ്‌നേഹത്തിന്റെ ഉറവറ്റാത്ത ചില മഹാപ്രസ്ഥാനങ്ങള്‍ നിസ്വാര്‍ത്ഥ സേവനത്തിനായ് സമാജത്തിലേക്ക് കണ്ണുനട്ടിരിക്കുമ്പോള്‍, കുട്ടിമാളുവിനെപ്പോലെ അനാഥമാക്കപ്പെടുന്ന ആയിരം ജന്മങ്ങള്‍ക്ക് തണലേകാനും അവര്‍ക്ക് നേര്‍വഴികാട്ടാനും ഉതകുന്നു എന്ന തിരിച്ചറിവ് മടക്കയാത്രയില്‍ തനിക്ക് മനഃശാന്തി നല്‍കുന്നുണ്ടായിരുന്നു..