അനേകം മഹാത്മാക്കള്‍ക്ക് ജന്മംനല്‍കിയ പുണ്യഭുമിയാണ് ബംഗാള്‍. സ്വാതന്ത്രസമരത്തിന്റെ ഈറ്റില്ലം. ധീരദേശാഭിമാനികളായ നിരവധി വിപ്ലവകാരികള്‍ ജീവന്‍ ബലിയര്‍പ്പിച്ച പവിത്രമായ മണ്ണ്. ബങ്കിംചന്ദ്രചാറ്റര്‍ജിയുടെയും ശരത്ചന്ദ്രചാറ്റര്‍ജിയുടെയും താരാശങ്കര്‍ബാനര്‍ജിയുടെയും ബിമല്‍മിത്രയുടെയും തൂലികത്തുമ്പില്‍നിന്നും മഹത്തായ രചനകള്‍ രൂപം കൊണ്ട ദേശം. രവീന്ദ്രനാഥടാഗോറിനെപ്പോലെയുള്ള വിശ്വമാനവ ചിന്ത ലോകത്തിന് പകര്‍ന്ന് നല്‍കിയ ദേശം. മഹാനായ നേതാജിയുടെ നാട്. ലോകത്തിന് ആത്മീയജ്ഞാനം പകര്‍ന്നു നല്‍കിയ വിവേകാനന്ദന് ജന്മം നല്‍കിയ ഭൂമി; ഇന്നുനിലക്കാത്ത ആര്‍ത്തനാദങ്ങള്‍ കൊണ്ട് കബന്ധങ്ങള്‍ നിറഞ്ഞ തെരുവുകള്‍ കൊണ്ട് ദുരന്തഭൂമിയായി മാറിക്കഴിഞ്ഞു. ഇതിനുമുമ്പ് ’74’ വര്‍ഷംമുമ്പ് 1946 ല്‍ ഇന്ത്യയുടെ വിഭജനം നടക്കുമെന്ന് ഉറപ്പായ ശേഷവും വംശഹത്യലക്ഷ്യമാക്കി പ്രഖ്യാപിച്ച ‘ഡയറക്ട് ആക്ഷന്‍ പ്ലാന്‍’ എന്ന കൂട്ടക്കൊല നടപ്പിലാക്കിയപ്പോഴും ബംഗാളില്‍ ചോരപ്പുഴ ഒഴുകി. മേല്‍പ്പറഞ്ഞ വംശഹത്യ പ്രഖ്യാപിച്ച ദിവസം തന്നെ കല്‍ക്കട്ടയില്‍ കൊലചെയ്യപ്പെട്ടത് ഏതാനും മണിക്കൂര്‍കൊണ്ട് 3500 പേര്‍ ആയിരുന്നു. പിന്നീട് അത് ബംഗാളിലെ ഗ്രാമങ്ങളിലേക്ക് വ്യാപിച്ചു. കിഴക്കന്‍ ബംഗാളില്‍ – ഇന്നത്തെ ബംഗ്ലാദേശില്‍ – ഹിന്ദുക്കള്‍ ന്യൂനപക്ഷവും മുസ്ലിംങ്ങള്‍ ഭൂരിപക്ഷവുമായിരുന്നു. അവിടെ നിന്നും കോടിക്കണക്കിനു ഹിന്ദുക്കള്‍ അഭയാര്‍ഥികള്‍ ആയി കല്‍ക്കട്ടയിലേക്ക് വന്നു. നവഖാലിയിലെ കൂട്ടക്കൊല ചരിത്രത്തില്‍ കുപ്രസിദ്ധി നേടിയതാണ്. അന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ’ ബംഗാള്‍ പ്രൊവിന്‍സ്’ ഇന്നത്തെ ബംഗ്ലാദേശ് കൂടി ഉള്‍പ്പെട്ട അവിഭക്ത ബംഗാള്‍ ആയിരുന്നു. അവിടെ ഭരണം നടത്തിയിരുന്ന ക്രിഷക് സമാജ് പാര്‍ട്ടി ജിന്നയുടെ മുസ്ലിംലിഗുമായി വളരെ ബന്ധപ്പെട്ട സംഘടനയായിരുന്നു. അതിന്റെ നേതാവായ ‘ഫസലുള്‍ ഹക്ക്’ ആണ് ‘1940’ ല്‍ മുസ്ലിംലിഗിന്റെ ലാഹോര്‍ സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ പ്രമേയം അവതരിപ്പിച്ചത്. 1946ല്‍ ഫസലുള്‍ ഹക്കിന്റെ അനുചരനായ സുഹ്രാവര്‍ദി ബംഗാളിലെ പ്രധാനമന്ത്രിയായി. (അന്ന് പ്രൊവിന്‍സുകളിലെ മുഖ്യമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി എന്നായിരുന്നു പേര്). മുസ്ലിംലിഗ് പ്രഖ്യാപിച്ച കൂട്ടക്കൊല ഡയറക്റ്റ് ആക്ഷന്‍ അന്ന് ബംഗാളില്‍ നടപ്പിലാക്കിയത് ബംഗാള്‍ മുഖ്യമന്ത്രി സുഹ്രാവര്‍ദ്ദിയായിരുന്നു. എന്നാല്‍ കല്‍ക്കട്ടയില്‍ കനത്ത തിരിച്ചടി കിട്ടി. ഇതില്‍ പകമൂത്ത മുസ്ലിം ഭീകരവാദികള്‍ കിഴക്കന്‍ ബംഗാളില്‍ ഹിന്ദു ന്യൂനപക്ഷത്തെ കൂട്ടക്കൊലചെയ്യാന്‍ ആരംഭിച്ചു. ബംഗാള്‍ കുരുതിക്കളമായി മാറി. നവഖാലിയിലാണ് ഏറ്റവും വലിയ ഹിന്ദുഹത്യ നടന്നത്. ഗാന്ധിജി നവഖാലിയിലെ കൂട്ടക്കുരുതി നടന്ന, മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന, രക്തം കട്ടപിടിച്ച വഴികളിലുടെ ശാന്തിമന്ത്രവുമായി നടന്നു. തന്നെ അനുഗമിച്ച സ്ത്രീകളോട് അദ്ദേഹം പറഞ്ഞു ‘നിങ്ങള്‍ ഒരിക്കലും ബലാല്‍സംഗം ചെയ്യപ്പെടരുത്! ഒരു സ്ത്രീയുടെയും ചാരിത്ര്യം നഷ്ടപ്പെടരുത്! അതിനാല്‍ എന്റെ കൂടെ വരുന്നവര്‍ അത്തരം ഹിനസംഭവങ്ങള്‍ക്കിടവരുന്നതിനുമുമ്പ് ആത്മഹത്യ ചെയ്യണം. ചാരിത്രം ഒരിക്കലും നഷ്ടപ്പെടരുത്. അതുകൊണ്ട് പൊട്ടാസ്യം സയനൈഡ് കയ്യില്‍ കരുതിയാണ് മഹാത്മജിയുടെ കൂടെ സ്ത്രീകള്‍ ശാന്തിയാത്രയ്ക്ക് പോയത്.
ഓരോദിവസവും ആയിരക്കണക്കിന് കൂട്ടക്കൊലകള്‍ നടന്നു. ആദ്യം ഈ കൂട്ടക്കൊലകളെ പ്രോത്സാഹിപ്പിച്ച ‘സുഹ്രാവര്‍ദ്ദിക്ക്’ മനഃപരിവര്‍ത്തനം ഉണ്ടായി. കല്‍ക്കട്ടയില്‍ ഗാന്ധിജി പാവപ്പെട്ട നെയ്ത്തുകാരനായ ഒരു മുസ്ലിമിന്റെകുടിലില്‍ ആണ് കഴിഞ്ഞിരുന്നത്. ബംഗാളിലെ പ്രധാനമന്ത്രിയായ ‘സുഹ്രാവര്‍ദ്ദി’ ഗാന്ധിജിയെ കാണാന്‍ വന്നു. അദ്ദേഹം ഗാന്ധിജിയോട് പറഞ്ഞു ‘ഞാനും ബാപ്പുവിന്റെ കൂടെ പദയാത്രക്ക് വരുന്നു! താങ്കള്‍ എന്നെ അനുവദിക്കണം’ അപ്പോള്‍ ഗാന്ധിജി പറഞ്ഞു ‘സുഹ്രാവര്‍ദ്ദി’ താങ്കള്‍ ചെറുപ്പമാണ്! താങ്കളുടെ ജീവന്‍ താങ്കള്‍ക്ക് വിലപ്പെട്ടതാണ്! അതിനാല്‍ എന്റെ കൂടെ വരുന്നതിനു മുമ്പ് താങ്കളുടെ മാതാപിതാക്കളുടെ അനുവാദം വാങ്ങണം.’ അന്ന് ഇടക്കാലമന്ത്രിസഭയിലെ പ്രധാനമന്ത്രി നെഹ്രു പറഞ്ഞത് ഇതാണ് ‘ഇന്ത്യയുടെ ശരീരത്തില്‍ മുറിവേറ്റിരിക്കുന്നു, ആ മുറിവുകളില്‍ ചിലതില്‍ മരുന്ന്പുരട്ടികൊണ്ട് മഹാത്മാവ് നടക്കുന്നു’. ബംഗാളിലെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ‘ഡോ. റാംമനോഹര്‍ ലോഹ്യ’ അവിടത്തെ ഗുരുതരമായ സ്ഥിതിയെപ്പറ്റി നെഹ്രുവിനോട് പറഞ്ഞപ്പോള്‍ നെഹ്രു പറഞ്ഞു: ‘കിഴക്കന്‍ ബംഗാള്‍ ചെളിനിറഞ്ഞ കുളങ്ങളുടെ നാടാണ്, ഇന്ത്യക്ക് ആ സ്ഥലംകൊണ്ട് എന്ത് പ്രയോജനം. അത് പോകട്ടെ’ എന്നാണ്. അവസാനം കിഴക്കന്‍ ബംഗാള്‍ കിഴക്കന്‍ പാക്കിസ്ഥാനും, 1971ല്‍ ബംഗ്ലാദേശുമായി മാറി.
1946ല്‍ തന്നെ പടിഞ്ഞാറന്‍ ബംഗാളും, കിഴക്കന്‍ ബംഗാളും അസ്സാമും ചേര്‍ന്ന് ഒരു ഏകികൃത ബംഗാള്‍ വേണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചിരുന്നു. ബംഗാളില്‍ കഴിഞ്ഞ പത്ത് വര്‍ഷം ഭീകരഭരണം നടത്തിയ ഫാസിസ്റ്റ് ആയ മമതാ ബാനര്‍ജി ഇപ്പോള്‍ പരസ്യമായി പറയുന്നില്ലെങ്കിലും അവരുടെ മനസ്സിലിരുപ്പ് അതാണ്. മമതാ ബാനര്‍ജി തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞു – ഇനി ഇവിടത്തെ പ്രതിപക്ഷത്തെ ഏകോപിപ്പിച്ചു മോദിഭരണത്തിന് എതിരായി ഒരു സംയുക്ത പ്രതിപക്ഷ ഐക്യനിര ഉണ്ടാക്കി മോദിയെ പുറംതള്ളുകയാണ് ലക്ഷ്യമെന്ന്. എന്നാല്‍ കേന്ദ്രത്തിലെ പ്രധാനമന്ത്രി പദം ഒരിക്കലെങ്കിലും കിട്ടില്ലെന്ന് അവര്‍ക്ക് അറിയാം. മറ്റൊന്ന് മമതാ ബാനര്‍ജിയെപ്പോലെ ഏകാധിപത്യ മനോഭാവവും ആദര്‍ശശുദ്ധി ഇല്ലാത്തതുമായ ഒരു നേതാവിനെ പ്രതിപക്ഷത്തുള്ള എത്രപേര്‍ അംഗീകരിക്കും? അതിനാല്‍ വെടക്കാക്കി തനിക്കാക്കല്‍ തന്ത്രം, അതാണ് ഇപ്പോള്‍ പയറ്റുന്നത്. അതിന്റെസൂചനകള്‍ മുമ്പ്തന്നെ പുറത്തുവന്നിരുന്നു. കേന്ദ്രം പ്രഖ്യാപിക്കുന്ന സഹായങ്ങള്‍ ബംഗാളിലെ ജനങ്ങള്‍ക്ക് എത്തിക്കാന്‍ താല്‍പര്യം കാട്ടിയില്ല. കേന്ദ്രത്തിനെ നിരന്തരം കുറ്റം പറയുന്നത് പതിവാക്കി. ബംഗാളില്‍ അനധികൃതമായി കടന്നുകയറിയവരെ സംരക്ഷിക്കുമെന്ന് ഉറപ്പുകൊടുത്തു. അതിര്‍ത്തികടന്ന് എത്തിയ ബംഗ്ലാദേശികള്‍ക്ക് റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് ഇവയെല്ലാം അനധികൃതമായി ഉണ്ടാക്കി അവരുടെ പേരുകള്‍ വോട്ടെഴ്‌സ് ലിസ്റ്റില്‍ ചേര്‍ക്കുന്ന നടപടികള്‍ തകൃതിയായി നടന്നു. ഭരണപരമായിട്ടുള്ള എല്ലാ സഹായവും ഇത്തരം വ്യാജ കുടിയേറ്റക്കാര്‍ക്ക് കിട്ടി. തനിക്ക് ആശ്രയിക്കാവുന്ന ഒരു വലിയ വോട്ട്ബാങ്ക് ഉണ്ടാക്കിയെടുക്കാന്‍ മമതാ ബാനര്‍ജിക്ക് സാധിച്ചു. ഈ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന് വിഴ്ച്ചകള്‍ പറ്റിയോ എന്ന് നോക്കണം. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ 294 സീറ്റുകളില്‍ ബിജെപിക്ക് ലഭിച്ച 75 സീറ്റുകള്‍ക്ക് പുറമേ ത്രിണമൂലിന് കിട്ടിയ ഭുരിപക്ഷത്തില്‍ 90 സീറ്റില്‍ അവര്‍ ജയിച്ചത് വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ്. അതൊരു നിര്‍ഭാഗ്യമായിരുന്നു ബിജെപിയെ സംബന്ധിച്ച്.
ഇനി തിരഞ്ഞെടുപ്പിന് ശേഷമുള്ള ഭീകരാവസ്ഥ എന്താണ്? ബിജെപി ജയിച്ച നിയോജകമണ്ഡലങ്ങളില്‍ പുറമേനിന്നും എത്തിയ ഗുണ്ടകള്‍ ആക്രമിക്കുന്നു. വീടുകള്‍ കത്തിക്കുന്നു, ആളുകളെ കൊല്ലുന്നു. സ്ത്രീകളെ മാനഭംഗം ചെയ്യുന്നു. വളര്‍ത്തുമൃഗങ്ങള്‍ പോലും കൊല്ലപ്പെടുന്നു. ആളുകള്‍ ആയിരക്കണക്കിന് മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നു. ഇത് വിഭജനകാലത്തെ ഡയറക്ട് ആക്ഷന്‍ എന്ന പൈശാചിക വംശഹത്യയുടെ പിന്തുടര്‍ച്ചയല്ലേ?
സ്വന്തം ജീവന്‍ രക്ഷിക്കാന്‍ പ്രതിരോധിക്കാന്‍ ആര്‍ക്കും സ്വാതന്ത്രമുണ്ട്. ഒരിക്കല്‍ ഗാന്ധിജിയോട് സ്ത്രീകള്‍ ചോദിച്ചു ഞങ്ങള്‍ നടന്നുപോകുമ്പോള്‍ അക്രമിക്കപ്പെട്ടാല്‍ എന്ത് ചെയ്യണം? അപ്പോഴും അഹിംസ സിദ്ധാന്തം മുറുകെ പിടിക്കണമോ?. ഗാന്ധിജി നല്‍കിയ മറുപടി ഇപ്രകാരം ആയിരുന്നു ‘നിങ്ങള്‍ അക്രമിക്കപ്പെട്ടാല്‍ കയ്യിലുള്ള എന്ത് ആയുധംകൊണ്ടും നേരിടുക. ഇനി നിങ്ങള്‍ നിരായുധര്‍ ആണെങ്കില്‍ പല്ലും നഖവും ഉപയോഗിച്ച് പോരാടുക.’ ഹിംസ ആവശ്യമെങ്കില്‍ വേണം.
മറ്റൊരു പ്രധാനകാര്യം ബംഗാളിലെ കേന്ദ്രത്തിന്റെ പ്രതിപുരുഷന്‍ ആയ ഗവര്‍ണ്ണര്‍ ചിഫ്‌സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും വന്ന് കാണാന്‍ ആവശ്യപ്പെട്ടിട്ട് പോയില്ല. തികഞ്ഞ ധിക്കാരവും, കൃത്യവിലോപവും ആയിപ്പോയി. പിന്നിട് വന്ന് കണ്ടിട്ടും റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. ഭരണഘടനാപരമായ കര്‍ശനമായ ശിക്ഷാനടപടികള്‍ ഗവര്‍ണ്ണര്‍ കൈക്കൊള്ളണം.
ബംഗാളിലെ മൂന്നാമത്തെ പ്രതിപക്ഷമായിരുന്ന സിപിഎം, കോണ്‍ഗ്രസ്സ്, മുസ്ലിം സഖ്യം തകര്‍ന്നടിഞ്ഞു, വെറും വട്ടപ്പൂജ്യമായിമാറി. 34 വര്‍ഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭരിച്ച സിപിഎം എന്ന സാര്‍വ്വദേശിയ പാര്‍ട്ടിക്ക് വന്ന അധഃപതനം. ‘വിണ്ടലത്തെന്നോ വിളങ്ങിയ താരമേ കുണ്ടില്‍ പതിച്ചു നീ കഷ്ടമോര്‍ത്താല്‍’ എന്ന അവസ്ഥയിലായി.
മലയാളത്തിലെ ഭൂരിപക്ഷം ദിനപത്രങ്ങളും, വാരികകളും മാസികകളും ഭൂരിഭാഗം ചാനലുകളും ബംഗാളിലെ അക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലും ആരെയെങ്കിലും ഒരു കൊതുക് കടിച്ചാല്‍ ഇവര്‍ അണ്ഡകടാഹം വിറപ്പിച്ചു തുള്ളിചാടി ‘ഫാഷിസം’ വരുന്നെന്ന് വിളിച്ചു കൂവും. മുമ്പ് ലോകസഭയില്‍ ഉത്തര്‍പ്രദേശില്‍ നിന്നും വന്ന ദളിതനായ ഒരു പാര്‍ലമെന്റ് അംഗത്തിന്റെവയറ്റില്‍ ചവുട്ടി പുരോഗമന ഫാസിസ്റ്റു സ്വഭാവം തെളിയിച്ച മമതാ ബാനര്‍ജിയെന്ന നക്രതുണ്ടിയായിരിക്കും ഇവര്‍ക്ക് ജനാധിപത്യത്തിന്റെ വിളക്കുകാണിക്കുന്നവര്‍.
Comments